23/04/2026

അരികിലായ് : ഭാഗം 10

രചന – കാർത്തിക ശ്രീ

ആദ്യ ദിവസം ആയതുകൊണ്ട് ക്ലാസ്സ്‌ എടുത്തില്ല… ക്ലാസ്സിലുള്ളവരെ തനു പരിചയപ്പെടുമ്പോൾ ഋതു തന്റെ സീറ്റിൽ തന്നെ ഇരുന്നു….അവളെ അറിയാവുന്നത് കൊണ്ട് തനു നിർബന്ധിച്ചതും ഇല്ല…

അറിയാത്തവർക്ക് അവൾ അഹങ്കാരിയാകുമായിരിക്കും.. താൻ കൂടെ ഉള്ളടുത്തോളം അവൾക്ക് ഞാൻ ഉണ്ട്…മറ്റൊന്നും അവളെ ബാധിക്കില്ല….ഞാൻ അതിന് സമ്മതിക്കുകയുമില്ല…മനസ്സിൽ വിചാരിച്ചു തനു തന്റെ പ്രവർത്തി തുടർന്നു…

ഉച്ചക്ക് ശേഷം കോളേജ് മുഴുവൻ ഒന്ന് കറങ്ങി…

“എന്റെ പഴയ കോളേജിനേക്കാൾ ഒരുപാട് വലുതാണ് ഈ കോളേജ്… പിന്നെ വായിനോക്കാൻ അടിപൊളി ചേട്ടൻമാരും ഉണ്ടിവിടെ…നീ എന്ത് പറയുന്നു..”

“ഞാൻ എന്ത് പറയാൻ… ചേർന്ന ബന്ധം മാത്രമേ ഞാനും എന്റെ പഴയ കോളേജും തമ്മിലുള്ളു… ഇങ്ങനൊക്കെയോ എക്സാം എഴുതിയ എന്നോട് തന്നെ ചോദിക്കണം… ”

“റെഗുലർ കോളേജിൽ അറ്റെൻഡൻസ് ഇല്ലാതെ നീ എങ്ങനെ എക്സാം എഴുതി???”

“വീട്ടുകാരുടെ പവർ… അത്ര തന്നെ…”

കൂടുതൽ പറഞ്ഞാൽ അവൾ പഴയ കാര്യങ്ങളിലേക്ക് പോകും എന്നതുകൊണ്ട് ആ സംസാരം അവിടെ അവസാനിപ്പിച്ചു തനു…

“ഋതു നമുക്ക് ലൈബ്രറി പോയാലോ??? ഇടയ്ക്ക് ഉറക്കം വരുമ്പോൾ എനിക്ക് പോകാനുള്ളതാ… ഇപ്പോൾ പോയി ഒന്ന് കണ്ടിട്ട് വരാം..”

“എന്റെ തനു നീ എന്തൊക്കെയാ പറയുന്നേ?? എനിക്ക് ബുക്ക്‌ എടുക്കണം… നീ വാ..”

നേരെ ലൈബ്രറിയിൽ കയറി രണ്ടുപേരും…

“എന്റെ ഋതു നീ ബുക്ക്‌ നോക്കാൻ തുടങ്ങിട്ട് അരമണിക്കൂർ ആയല്ലോ… എനിക്ക് ബോറടിച്ചു..ഇപ്പോഴെങ്ങാനും കിട്ടുമോ???”

“നോക്കുവാടി… കുറച്ചു നേരം കൂടെ… ”

“എന്നാ ഒരു കാര്യം ചെയ്യാം ഞാൻ പുറത്ത് കാത്തിരിക്കാം… നീ അങ്ങോട്ട് വന്നാൽ മതി ”

“മ്മ്.. അവിടെ ഉണ്ടാകണേ..”

“ഉണ്ടാകും… നോക്കിട്ട് വന്നാൽ മതി…”

കുറച്ചു സമയത്തിന് ശേഷം ബുക്ക്‌ എടുത്ത് പുറത്തിറങ്ങിയ ഋതു തനുവിനെ കണ്ടില്ല… ചുറ്റും തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം…

അവൾ തനുവിനെ കാത്ത് പുറത്തുള്ള ആ ബെഞ്ചിലിരുന്നു…

“ഹായ്… താൻ എന്താ ഇവിടെ ഇരിക്കുന്നത്??? എല്ലാരും പോയിതുടങ്ങിയല്ലോ..”

“ഞാ… ൻ… എ.. ന്റെ ഫ്രണ്ടിനെ കാത്തി..രിക്കുകയാണ്..”

“താൻ ഇങ്ങനെ പേടിക്കേണ്ട…ഒറ്റക്ക് ഇരിക്കുന്നത് കണ്ട് വന്നതാ.. ”

അവന്റെ സംസാരത്തിൽ അവളിലുണ്ടായ പേടി മാറി തുടങ്ങിയിരുന്നു… എന്തുകൊണ്ടോ അവൻ പറയുന്നത് ശ്രദ്ധിക്കത്തിരിക്കാനായില്ല അവൾക്ക്..സംസാരിക്കാതിരിക്കാനും…

“അവൾ ഇവിടെ ഉണ്ടാകുമെന്നു പറഞ്ഞിരുന്നു.. കാണുന്നില്ല… അതാ..”

“എങ്കിൽ ഒറ്റയ്ക്കിരിക്കണ്ട.. വിരോധമില്ലെങ്കിൽ ഞാൻ കമ്പനി തരാം..”

“അതു വേണ്ടാ.. ”

“എടോ പുതിയ ആളായതുകൊണ്ട് ഫസ്റ്റ് ഇയർ ആണെന്ന് വിചാരിച്ചു റാഗ് ചെയ്യുട്ടോ ചിലപ്പോ..”

“എങ്ങനെ അറിയാം ഞാൻ ഫസ്റ്റ് ഇയർ അല്ലെന്നു??”

“അതൊക്കെ അറിയാം.. രാവിലെ കണ്ടിരുന്നു രണ്ടുപേരെയും.. പിന്നെ എന്റെ പേര് റെസ്റ്റിൻ മാത്യു.. ഫൈനൽ ഇയർ ബികോം ആണ്..”

അവൻ പരിചയപ്പെടാൻ നീട്ടിയ കൈയിലേക്ക് ഒന്ന് നോക്കി ഋതു… ഒന്ന് ആലോചിച്ച ശേഷം തിരികെ കൈ കൊടുത്തു..

“ഋതു… സെക്കന്റ്ഇയർ ബികോം..”

“ഓ അപ്പോൾ നമ്മൾ ഒരേ ഡിപ്പാർട്മെന്റാണല്ലോ..”

അതിനൊന്നു ചിരിച്ചു ഋതു..

ഇതു കണ്ടാണ് തനു വരുന്നത്… അവൾക്ക് അത്ഭുതം തോന്നി.. ആരോടും അധികം അടുക്കാത്ത ഋതു അറിയാത്തൊരാളോട് സംസാരിക്കുന്നു… ചിരിക്കുന്നു..

“ഋതു…”

“തനു നീ എവിടെ പോയതാ?? ”

“ഞാൻ ഓഫീസിൽ പോയതാ..”

“ഹായ് തനു… ഞാൻ റെസ്റ്റിൻ… ഋതു ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടു വന്നതാ… എന്നാ ഓക്കേ പിന്നെ കാണാം ബൈ..”

ഒന്ന് ചിരിച്ചു അവൻ നടന്നപ്പോൾ തനു ഋതുവിന്റെ കൈയിൽ പിടിച്ചു നടന്നു.. അതിനെക്കുറിച്ച് ഒന്നും ചോദിക്കാൻ തനുവിനു തോന്നിയില്ല… അവൾ തന്നെ പറയട്ടെ എന്ന് കരുതി…

“അല്ല നീ എന്തിനാ ഓഫീസിൽ പോയേ??”

“എന്റെ ഋതു.. പപ്പയുടെ ഫ്രണ്ട് ആണ് നമ്മുടെ പ്രിൻസിപ്പാൾ.. കാണാൻ പോയതാ… ”

പിന്നീട് എന്തൊക്കെയോ സംസാരിച്ചു അവർ ഹോസ്റ്റലിലേക്ക് നടന്നു…

🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶

ദിവസങ്ങൾ പിന്നെയും കടന്നുപോയി… ഇടയ്ക്ക് റെസ്റ്റിനെ കാണുമ്പോൾ രണ്ടുപേരും ഒന്ന് ചിരിക്കും… ചിലപ്പോൾ കുറച്ചു നേരം സംസാരിക്കും … യാതൊരു പേടിയുമില്ലാതെ അവനോട് സംസാരിക്കുന്ന ഋതുവിനെ കാണുമ്പോൾ തനുവിന് അതിശയം തോന്നാറുണ്ട്…

പാർട്ട്‌ ടൈം ജോലിക്കുള്ള ഋതുവിനെയും തനുവിന്റെയും അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒന്നും സെറ്റ് ആയില്ല.. ചിലപ്പോൾ ജോലി സമയം പ്രശ്നം… ചിലപ്പോൾ ജോലിയുടെ സ്ഥലം പ്രശ്നം അങ്ങനെ നീണ്ടു പോയി..

ഒരു ഞായറാഴ്ച ഹോസ്റ്റിൽ വെറുതെ ഇരിക്കുമ്പോഴാണ് പപ്പയുടെ കോൾ..

“പപ്പാ… എന്താ ഈ സമയം??”

“വെറുതെ വിളിച്ചതാണ്… ഋതു എവിടെ??”

“ഇവിടുണ്ടല്ലോ.. എന്തുപറ്റി??”

“ഫോൺ സ്പീക്കറിൽ ഇട്ടേ.. മോളോട് ഒരു കാര്യം പറയാനുണ്ട്..”

“ആ പപ്പാ.. ഋതുവാണ്…”

“മോളോട് ചോദിക്കാതെ ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്… അതു കേൾക്കുമ്പോൾ സമ്മതം പറഞ്ഞേക്കണം..”

“എന്ത് തീരുമാനം പപ്പാ??? ”

“ഇപ്പോൾ മോൾ പാർട്ട്‌ ടൈം ആയുള്ള ജോലി നോക്കണ്ട… കോളേജിൽ പല കുട്ടികളും സ്പോൺസരുടെ സഹായത്തോടെ പഠിക്കുന്നുണ്ട്… ഞാൻ തോമസോടു പറഞ്ഞിരുന്നു മോളുടെ കാര്യം..”

“എന്നിട്ട്???”

“മോളുടെ പ്ലസ്ടു മാർക്ക്‌ കണ്ട് ഒരാൾ മോളുടെ പഠനചിലവ് ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ട്..”

“പപ്പാ.. അതു വേണോ… ജോലിക്ക് പോയി പഠിക്കാല്ലോ..”

“പപ്പ പറയുന്നത് മോൾ കേൾക്കണം.. ഒന്നുകിൽ പപ്പ തന്നെ മോളേ പഠിപ്പിക്കും… അല്ലെങ്കിൽ സ്പോൺസരുടെ ചിലവിൽ പഠിക്കാം..”

പപ്പയോടു പറഞ്ഞാലും തീരുമാനം മാറില്ലയെന്ന് മനസിലായതും സ്പോൺസരുടെ ചിലവിൽ പഠിക്കാം എന്ന് ഋതു സമ്മതിച്ചു…

പിറ്റേ ദിവസം തന്നെ അതിനയുള്ളതൊക്കെ ശരിയാക്കി.. ബാങ്ക് അക്കൗണ്ട് നമ്പറും കൂടി പ്രിൻസിപ്പാലിനെ ഏൽപ്പിച്ചു…

🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶

ദിവസങ്ങൾ കൊഴിഞ്ഞുപോകുമ്പോൾ ഋതുവും തനുവും റിച്ചുവുമായി നല്ല കൂട്ടായി…എന്തും തുറന്നുപറയാവുന്ന ഒരു സഹോദരനായി ഋതുവിന് റിച്ചു മാറി..

ഗ്രൗണ്ടിനടുത്തുള്ള ഇരിപ്പിടത്തിൽ ഇരുന്നു സംസാരിക്കുകയായിരുന്നു ഋതുവും റിച്ചുവും..

“വിക്കി എവിടെ റിച്ചു?? കുറച്ചു ദിവസമായല്ലോ കണ്ടിട്ട്..”

“അവൻ വീട്ടിൽ പോയി..
അടുത്തയാഴ്ച വരും ”

“മ്മ്”

“ഋതു.. ഞാൻ ഒരു കാര്യം പറയട്ടെ നിന്നോട്…”

“എന്താ പറ… ”

“അതേ.. എനിക്ക് ഒരാളോട് പ്രണയം തോന്നുന്നു… വല്ലാതെ…”

“പോയി പറ തനുവിനോട്..”

“ഹെ.. നിനക്ക് എങ്ങനെ മനസിലായി…”

“നിന്റെ നോട്ടം.. അവൾ അടുത്തുള്ളപ്പോൾ നിനക്കുള്ള സന്തോഷം എല്ലാം… പിന്നെ അവൾക്കും നിന്നെ ഇഷ്ടമാണ്.. പറഞ്ഞിട്ടില്ല… പക്ഷേ എനിക്കറിയാം..”

“നീ ആണെടി ശരിക്കും അനിയത്തി…”

“എന്നും കൂടെ ഉണ്ടാകണം… ഒരിക്കലും അവളെ ഒറ്റയ്ക്കാക്കരുത്.. ആ വാക്ക് എനിക്ക് നീ തരണം..”

“എന്നും നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാകും… ഒരിക്കലും അവളെ ഒന്നിനുവേണ്ടിയും വിട്ടുകൊടുക്കില്ല… എന്റെ അവസാന ശ്വാസംവരെ അവൾ ഈ കൈകളിൽ സുരക്ഷിതയായിരിക്കും..”

“മതി… അവൾ ലൈബ്രറിയിൽ ഉണ്ട്… പോയി വാ…”

റിച്ചു ലൈബ്രറിയിൽ കയറിയപ്പോൾ കണ്ടു ഏതോ ബുക്ക്‌ മലർത്തി വെച്ച് അതിനിരുവശവും കൈ കുത്തി തല താഴ്ത്തി ഇരിക്കുന്ന തനുവിനെ..

“തനു.. ആ ബുക്ക്‌ എടുത്ത സ്ഥലത്ത് വെച്ചിട്ട് വന്നേ… ഒരു കാര്യം പറയാനുണ്ട്…”

ഒന്നു ചിരിച്ചിട്ട് ബുക്ക്‌ വെക്കാൻ പോയ തനുവിന്റെ പിറകെ റിച്ചു നടന്നു… രണ്ടു ഷെൽഫിനിടയിൽ ആയതിനാൽ അവരെ മറ്റാരും
കാണില്ലായിരുന്നു..

“നീ എന്തിനാ എന്റെ പുറകെ വന്നേ.. അല്ല നിനക്ക് എന്താ പറയാനുള്ളത്???”

“അതേ അധികം അഭിനയിക്കേണ്ട… എനിക്ക് എന്താണ് പറയാനുള്ളത് എന്ന് നിനക്ക് അറിയില്ലേ …”

അതിനവൾ തല താഴ്ത്തി നിന്നു.. റിച്ചു തന്റെ കൈയാൽ അവളുടെ മുഖം അവന് നേരെ പിടിച്ചു..

“എപ്പോൾ തുടങ്ങി എന്നോ എങ്ങനെ തുടങ്ങി എന്നോ ഒന്നും എനിക്ക് അറിയില്ല…എന്നും നീ കൂടെ വേണം എന്നൊരു തോന്നൽ… സമ്മതമാണോ എന്റെ പെണ്ണായി പാലക്കൽ വീട്ടിലേക്ക് വരാൻ… ”

കേൾക്കാൻ ഒത്തിരി കൊതിച്ചവാക്കുകൾ പെട്ടെന്ന് കേട്ടപ്പോൾ അവൾക്ക് ഒന്നും പറയാൻ കഴിയാത്ത അവസ്ഥ.. അതു മനസിലാക്കിയതുപോലെ റിച്ചു തനുവിന്റെ ഒരു കൈ അവന്റെ കൈകളിൽ പൊതിഞ്ഞു പിടിച്ചു..

“എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന്.. പക്ഷേ എനിക്ക് അതു നിന്നിൽ നിന്നു തന്നെ കേൾക്കണം തനു…”

റിച്ചുവിന്റെ കൈയുടെ മുകളിൽ അവൾ തന്റെ മറു കൈ വെച്ചു…

“ഇഷ്ടമാണെനിക്ക് നിന്നെ…ജീവനാണ്.. നിന്റെ പെണ്ണായി കൂടെ ജീവിക്കാൻ എനിക്ക് സമ്മതമാണ്…”

പറഞ്ഞു കഴിയുമ്പോൾ രണ്ടുപേർക്കും നിറഞ്ഞ ചിരി സ്ഥാനം പിടിച്ചിരുന്നു… അതേ ചിരിയോടെ റിച്ചു തനുവിന്റെ നെറ്റിയിൽ അവന്റെ ആദ്യ ചുംബനം നൽകി.. കണ്ണുകൾ അടച്ചു അവൾ അതേറ്റുവാങ്ങി…

“ലവ് യു താനൂട്ടി.❤️”

തുടരും…