രചന – കാർത്തിക ശ്രീ
ഇതേ സമയം അവൻ ബാംഗ്ലൂരിലേക്കുള്ള യാത്രക്കായി എയർപോർട്ടിൽ എത്തി ചെക്ക് ഇൻ ചെയ്ത് ഫ്ലൈറ്റ് ടേക്ക്ഓഫിനായി കാത്തിരിക്കുകയായിരുന്നു…
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ചെറുതായി കേൾക്കുന്ന പക്ഷികളുടെ ശബ്ദവും കണ്ണിലേക്കു പതിഞ്ഞ സൂര്യപ്രകാശവുമാണ് ഋതുവിനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്… വല്ലാത്തൊരു ശാന്തത തോന്നി അവൾക്ക്… ഇന്നലെ വന്നതു മുതൽ ഈ നിമിഷം വരെ തന്നെ പിന്തുടരുന്ന പഴയ ഓർമ്മകൾ മനസിലേക്ക് കടന്നുവന്നിട്ടില്ല എന്നത് ഒരു അത്ഭുതത്തോടെയാണ് അവൾ ഓർത്തത്… സമയം വൈകാതെ കുളിച്ചു വന്നു… മൂടിപ്പുതച്ചുറങ്ങുന്ന തനുവിനെ തട്ടി വിളിച്ചു..
“അഞ്ചുമിനിറ്റ് ഋതു…”
“ഡി.. മരുമോളുടെ ഇത്തരം സ്വഭാവം ഇപ്പോഴേ കാണിച്ചു അവരെ വെറുപ്പിക്കണോ???”
“അയ്യോ… വേണ്ട… ഞാൻ എഴുന്നേറ്റു… കുളിച്ചു വേഗം വരാം..”
“ഞാൻ താഴെ ഉണ്ടാകും…”
“ഓക്കേ മുത്തേ..”
ഋതു അടുക്കളയിൽ എത്തുമ്പോഴേക്കും ലിസ ചായയുടെ ഒരുക്കത്തിലായിരുന്നു…
“ഗുഡ് മോർണിംഗ് മമ്മ .”
“ഗുഡ് മോർണിംഗ്.. മോളേ എഴുന്നേറ്റോ?? ദാ ഈ ചായ കുടിക്ക് ”
“മമ്മ കുടിച്ചോ??? ”
“എനിക്ക് എഴുന്നേറ്റാൽ ഒരു ചായ നിർബന്ധമാണ്… ഇല്ലാതെ ദിവസം ശരിയാകില്ല..”
“മമ്മ ഞാൻ സഹായിക്കാം ??”
“അത്ര പണിയൊന്നും ഇല്ല മോളേ.. സഹായിക്കാൻ രമയുണ്ട്… കുറച്ചു കഴിയുമ്പോൾ വരും.. രാവിലെ ചായ ഞാൻ തന്നെ ഉണ്ടാക്കും.. മോൾ ഈ ചായ പപ്പക്ക് കൊടുത്തിട്ട് വാ..
പുറത്ത് പേപ്പർ വായിക്കുന്നുണ്ട്…അവിടെ കൊടുത്താൽ മതി..”
“ശരി മമ്മ… ”
ചായയും എടുത്ത് പുറത്തേക്ക് നടക്കുമ്പോൾ മാളൂട്ടിയെ വിളിക്കാൻ കൂടി ഏൽപ്പിച്ചു..
പപ്പയ്ക്ക് ചായയും കൊടുത്ത്.. മാളൂട്ടിയുടെ റൂമിൽ കയറുമ്പോൾ കക്ഷി മൂടി പുതച്ചുറങ്ങുവാണ്.. രാവിലെ എഴുനേൽക്കുന്ന ശീലത്തിൽ തനുനെയും ഇവളെയും ഒറ്റ കയറിൽ കെട്ടാം…
“മാളൂട്ടി… എഴുന്നേൽക്ക്.. ”
“മമ്മ പത്തുമിനിറ്റ്..”
“മമ്മയല്ല മോളേ.. ചേച്ചിയാണ്.. എഴുന്നേൽക്ക്.. നമുക്ക് പുറത്ത് പോകണ്ടേ..”
പുറത്ത് പോകേണ്ട കാര്യം കേട്ടപ്പോഴേ മാളൂട്ടി എഴുന്നേറ്റ് ഋതുവിന് ഒരു ഉമ്മയും കൊടുത്ത് ബാത്‌റൂമിലേക്ക് പോയി..
അറിയാതെ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഇവർക്കൊക്കെ തന്നോടുള്ള സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്.. തന്റെ സ്വന്തമായവർ തന്നോട് കാണിച്ചത് ആലോചിച്ചപ്പോൾ വേദനയും.. ഈ സ്നേഹമൊക്കെ നഷ്ടപ്പെടുമോ എന്ന പേടിയും… കൂടുതൽ ചിന്തിക്കാതെ തലയൊന്നു കുടഞ്ഞുകൊണ്ട് അവൾ റൂമിലേക്ക് നടന്നു..
എല്ലാരും എഴുന്നേറ്റ് ചായ കുടിച്ച് പുറത്തുപോകാൻ റെഡിയായി… പപ്പയെയും മമ്മയേയും നിർബന്ധിച്ചെങ്കിലും വരുന്നില്ല എന്ന് പറഞ്ഞു.. കുട്ടികൾ അടിച്ചുപൊളിച്ചു വാ എന്നാണ് അവരുടെ പക്ഷം…അങ്ങനെ റിച്ചുവിന്റെ ഇഷ്ടവാഹനമായ ഥാറിൽ അവർ ടൗണിലേക്ക് പുറപ്പെട്ടു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ബാംഗ്ലൂരിൽ എത്തി അവൻ നേരെ പോയത് ഫ്ലാറ്റിലേക്കാണ്.. രാവിലെയുള്ള മീറ്റിങ്ങിനു റെഡി ആകുമ്പോഴാണ് ഫോൺ കോൾ വന്നത്… പരസ്പരം സംസാരിച്ചു കോൾ കട്ടാക്കുമ്പോൾ അവന്റെ മുഖത്ത് സന്തോഷവും ചുണ്ടിൽ നിറഞ്ഞ ചിരിയുമായിരുന്നു… മീറ്റിംഗ് അറ്റൻഡ് ചെയ്ത് എഗ്രിമെന്റ് സൈൻ ചെയ്യുമ്പോഴും ഇതുവരെ ഇല്ലാത്ത ഒരു തിടുക്കം അവനെ പൊതിഞ്ഞിരുന്നു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അഞ്ചുപേരും നേരെ പോയത് മാളിലേക്കാണ്… പപ്പയ്ക്കും മമ്മയ്ക്കുമുള്ള ഗിഫ്റ്റ് വാങ്ങുക എന്നതാണ് പ്രധാന അജണ്ട…
റിച്ചുവും തനുവും പപ്പയ്ക്കുള്ള മുണ്ടും ജുബ്ബയും മമ്മയ്ക്കുള്ള സാരിയും ഗിഫ്റ്റായി വാങ്ങി..
വിക്കിയും മാളൂട്ടിയും പപ്പയ്ക്കും മമ്മയ്ക്കുമായി രണ്ട് സ്വർണ്ണമോതിരങ്ങളാണ് വാങ്ങിയത്… ഒന്നിൽ L എന്നും മറ്റേതിൽ M എന്നും എഴുതീട്ടുണ്ട്…
ഋതുവിന് മൊത്തം കൺഫ്യൂഷൻ ആയി… മറ്റുള്ളവർ വാങ്ങിയപ്പോൾ താൻ എന്ത് വാങ്ങും എന്നായി ചിന്ത… അവസാനം അവൾ ഒരു കേക്കിന് ഓർഡർ കൊടുത്തു.. പിന്നേ കുറച്ചു സാധനങ്ങളും വാങ്ങി..
എല്ലാർക്കും ഡ്രസ്സ് എടുത്ത് ടൗണിൽ ഒന്ന് കറങ്ങി അവർ വീട്ടിലേക്ക് തിരിച്ചു…
ഉച്ചയോടെ അവർ തിരിച്ചു വീട്ടിലെത്തി… മുറ്റത്തു പരിചയമില്ലാത്ത കാർ കണ്ട് തനുവും ഋതുവും പരസ്പ്പരം നോക്കി… പതിവില്ലാതെ തന്റെ ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… മറ്റ് മൂന്നുപേരുടെയും മുഖം സന്തോഷത്താൽ വിടർന്നു… അവർ വേഗം വീട്ടിനുള്ളിലേക്ക് ഓടി കയറിയപ്പോൾ കാര്യങ്ങൾ ഒന്നും മനസിലാക്കാതെ ഋതുവും തനുവും അവർക്ക് പിറകിലായി നടന്നു…
“വല്യേട്ടാ… ”
അവരുടെ വിളിയിൽ മാത്യുവിനോട് സംസാരിക്കുന്നവൻ തിരിഞ്ഞു നിന്നു… ഒന്ന് ചിരിച്ചുകൊണ്ട് അവർക്കായി കൈകൾ വിടർത്തി… മാളൂട്ടിയും റിച്ചുവും അവന്റെ കൈക്കുള്ളിൽ ഒതുങ്ങിയപ്പോൾ വിക്കി ഒന്ന് ചിരിച്ചു അവന്റെ സൈഡിൽ നിന്നു…
“വല്യേട്ടൻ വരുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോ..”
“എന്റെ റിച്ചു.. ഞാൻ എപ്പോഴാടാ പറഞ്ഞിട്ട് വന്നിട്ടുള്ളത്??”
“എന്നാലും… പറയായിരുന്നു..”
“അങ്ങനെ പറഞ്ഞാൽ നിന്റെയും മാളൂട്ടിയുടെയും ഈ സന്തോഷം കാണാൻ പറ്റുമോ?? ഇല്ലല്ലോ ”
“വിക്കി സുഖമല്ലേടാ??”
“സുഖം വല്യേട്ടാ..”
ഈ സംസാരമൊക്കെ കേട്ട് നിൽക്കുകയാണ് ഋതുവും തനുവും.. രണ്ടുപേർക്കും ആളെ മനസ്സിലായി.. റിച്ചു പറഞ്ഞു അറിയാം.. കാണുന്നത് ആദ്യമായാണ്…
ചെരിഞ്ഞു നിൽക്കുന്നതിനാൽ അവന്റെ മുഖം കാണാൻ ഋതുവിന് കഴിയുന്നുണ്ടായിരുന്നില്ല ..അതിന് ആദ്യമായി അവൾക്ക് എന്തോ സങ്കടം തോന്നി…
“ഋതു.. തനു.. ഇതാണ് ഞങ്ങളുടെ വല്യേട്ടൻ.. പിഎം ഗ്രൂപ്പിന്റെ സാരഥി.. കൂടാതെ ഈ വർഷത്തെ എന്റർപ്രണർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ദി മോസ്റ്റ് ഹാൻഡ്‌സം മാൻ വൺ ആൻഡ് ഒൺലി “ലിസ്റ്റിൻ മാത്യു പാലക്കൽ “.. ഞങ്ങളുടെ വല്യേട്ടൻ.. പപ്പയുടെയും മമ്മയുടെയും ലിനുട്ടൻ… കക്ഷി ഇങ്ങനൊന്നും അല്ലാട്ടോ ഗൗരവക്കാരനാണ്… ”
“മതി റിച്ചു ഇനി ഞാൻ താങ്ങില്ല… എന്തായാലും ഞാൻ ഇവരെയൊന്ന് പരിചയപ്പെടട്ടെ…”
“താനിയ ഡേവിഡ്.. എന്റെ കുഞ്ഞുമോന്റെ പെണ്ണ് അല്ലെ.. ” നിറഞ്ഞ ചിരിയോടെ അതേ എന്ന് തലയനക്കി തനു.
“ഋതു… കുഞ്ഞുമോന്റെ അനിയത്തികുട്ടി..”
അതിനൊന്നും ചിരിച്ചു അവൾ…
“എന്തായാലും ഇവിടെ ഉണ്ടല്ലോ.. വിശദമായി പിന്നെ പരിചയപ്പെടാം..”
ഇതൊക്കെ പറഞ്ഞു അവൻ അവന്റെ റൂമിലേക്ക് പോകുമ്പോൾ ഋതു തന്റെ ഓർമയിൽ തിരയുകയായിരുന്നു ആ മുഖം….എന്നും മനസ്സിലെത്തുന്ന കാപ്പി കണ്ണുകൾ അവൾ അവനിൽ തേടി എന്തിനെന്നറിയാതെ.. പക്ഷേ നിരാശയായിരുന്നു ഫലം..
റിച്ചു വന്നു ഋതുവിന്റെ തലക്ക് കൊട്ടി..
“എന്താടി?? സ്വപ്ന ലോകത്താണോ?? ”
“ഞാനോ എന്ത് സ്വപ്നം റിച്ചു ?? ”
“ജീവിതം നീണ്ടു നിവർന്നു കിടക്കുകയല്ലേ മോളേ ഋതു… എന്തൊക്കെ സ്വപ്നം കാണാൻ കിടക്കുന്നു..”
“നിനക്ക് വട്ടാണ്.. ഞാൻ ഇതൊക്കെ റൂമിൽ വെക്കട്ടെ… എന്നിട്ട് നമുക്ക് പറമ്പിൽ പോയാലോ??”
“ഇപ്പോൾ തന്നെ വേണോ?? അല്ലെങ്കിൽ എന്റെ ഋതുവിന്റെ അഭിപ്രായം പോലെ നമ്മൾ ഇപ്പോൾ തന്നെ പറമ്പിലേക്കിറങ്ങുന്നു…”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
റൂമിലെത്തിയ ലിനു വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു… ആദ്യമായി തന്റെ പ്രണയത്തെ നേരിട്ട് കണ്ട സന്തോഷം എങ്ങനെ പ്രകടിപ്പിക്കും എന്നറിയാതെ… മുന്നിലെ കണ്ണാടിയുടെ സഹായത്താൽ അവൻ കണ്ണിലെ ലെൻസ് എടുത്ത് മാറ്റി…
അറിയാം പെണ്ണേ ഇപ്പോൾ നീ എന്റെ കണ്ണുകൾ കണ്ടാൽ നിനക്ക് ഒരിക്കലും അത് താങ്ങാൻ കഴിയില്ല എന്ന്… അതു നിനക്ക് വേദനയെ നൽകൂ എന്ന്… എനിക്ക് നിന്റെ മുന്നിലേക്ക് ഞാനായി വരാൻ ഒരു സമയമുണ്ട്…ഒരുപാട് അനുഭവിച്ച നിന്റെ മനസിലേക്ക് പ്രണയം കടന്നുവരാനുള്ള സമയം… അതിനായി ഞാൻ കാത്തിരുന്നോളാം..നീ എന്റെ പെണ്ണാണ്… നീ എന്നെ അംഗീകരിക്കുന്ന നിമിഷം എന്റെ മിന്നു നിന്റെ കഴുത്തിൽ വീണിരിക്കും … അതിന് മുന്നേ ചെയ്തു തീർക്കാൻ ഒരുപാടുണ്ട്… ചിലതൊക്കെ അറിയാനും…
നീ എന്നെ മനസിലാക്കുന്നതുവരെ എന്നെ സ്നേഹിക്കുന്നതുവരെ നമുക്ക് ഈ അപരിചിതരായുള്ള കളിയങ്ങു തുടങ്ങാം
തുടരും..

by