രചന : ശ്രീകാർത്തിക
ഋതുവിന്റെ അടുത്തെത്തുന്നതിനു മുന്നേ അവനെ റിച്ചുവും ജിത്തുവും പിടിച്ചിരുന്നു…”നീ തീർത്തും നിസ്സഹായനാണ് ചേതൻ… ചെയ്തുകൂട്ടിയ അറിഞ്ഞതും ലോകം അറിയാത്തതുമായ ഒരുപാട് തെറ്റുകൾക്ക് നീ ശിക്ഷ അനുഭവിച്ചേ മതിയാകു…”
അപ്പോഴും അവനിൽ പുച്ഛം തന്നെ…”നീ എന്നെ എന്ത് ചെയ്യും ലിസ്റ്റിൻ മാത്യു പാലക്കൽ??? ഒന്നും ചെയ്യാൻ കഴിയില്ല നിനക്കു.. പക്ഷെ എനിക്ക് കഴിയും അവളെ നിന്നിൽ നിന്നു പിരിക്കാൻ.. കാരണം ജന്മം കൊണ്ട് അവൾ എന്റെ സഹോദരിയാണ്..””സഹോദരി.. ആ വാക്കിന്റെ അർത്ഥം അറിയുമോ നിനക്കു??? പിന്നെ നിനക്കെന്നല്ല ഒരാൾക്കും അവളെ എന്നിൽ നിന്ന് പിരിക്കാൻ കഴിയില്ല… ഒരുപാട് ദൂരത്തു നിന്നും എന്നിലേക്ക് കടന്നുവന്നവളാണ്.. ഒരുപാട് അനുഭവിച്ചവളാണ്.. ഇനി ഒരിക്കലും അവളെ വേദനിപ്പിക്കാൻ ഒരാളെയും ഞാൻ അനുവദിക്കില്ല…”
“സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി ഋതുവിനോടും ഈ പാവം പെണ്ണിനോടും ചെയ്തതിനു നീ അനുഭവിച്ചേ മതിയാകു… എല്ലാം തകർന്നിട്ടും നീ ഈ കാണിക്കുന്ന പകയുണ്ടല്ലോ അത് നിനക്കു വിനാശമേ വരുത്തു..”- റിച്ചു”അപ്പോൾ ചേതൻ മാധവ് എന്നാ നിന്നോട് എനിക്ക് പറയാനുള്ളത് ഇവിടെ നിന്നും ഇറങ്ങാനാണ്… ” “എന്ത് ധൈര്യത്തിൽ ആണെടി എന്റെ വീട്ടിൽ നിന്നും നീ എന്നോട് ഇറങ്ങാൻ പറയുന്നത്?? ദാ ഇവരെയൊക്കെ കണ്ടിട്ടാണോ??”
“അതേടോ അവരെ കണ്ടിട്ട് തന്നെയാണ്.. മരണത്തിന്റെ വക്കിൽ നിന്നും എന്നെ കൈപിടിച്ചു ഇവിടെ എത്തിച്ചത് ഇവർ തന്നെയാണ്.. ഇന്ന് ഈ ഋതു നിന്റെ മുന്നിൽ ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഇവർ തന്ന ധൈര്യം തന്നെയാണ്… ”
“പറയാനുള്ളത് പറഞ്ഞു കഴിഞ്ഞില്ലേ എല്ലാവർക്കും ഇവിടെ നിന്നും ഇറങ്ങാം.. ചേതൻ തോൽക്കില്ല.. ഇവളുടെ മരണം അതാണ് ചേതന്റെ ലക്ഷ്യം..”
“എല്ലാം കൈയിൽ നിന്നും പോയി.. പരാജയമായി ഇവിടെ നിൽക്കുമ്പോഴും അഹങ്കാരത്തിനു ഒരു കുറവുമില്ല..”- വിക്കി”ഇറങ്ങേണ്ടത് നീയാണ് ചേതൻ മാധവ്… ഈ കാണുന്ന വീടും നിന്റെ എല്ലാ സ്വത്തുക്കളും ഇപ്പോൾ ഋതുവിന്റെ പേരിലാണ്.. അതായത് എന്റെ ഭാര്യയുടെ പേരിൽ…””നോ… പറഞ്ഞു പറഞ്ഞ് എന്തും പറയാം എന്നായോ?? ”
“ഇതാ നോക്ക്.. നീ എല്ലാ സ്വത്തുക്കളും ഋതുവിന്റെ പേരിലേക്ക് മാറ്റുന്നതിനു സമ്മതം അറിയിച്ചുകൊണ്ട് ഒപ്പിട്ടത്… പിന്നെ ഇത് അതിന്റെ രേഖ..”
(തിരുവന്തപുരത്ത് ചേതൻ സൈൻ ചെയ്ത എഗ്രിമെന്റിൽ ഈ പേപ്പേഴ്സ് ലിനു വെച്ചിരുന്നു)
ലിനു നീട്ടിയ പേപ്പർ വാങ്ങി നോക്കുമ്പോൾ തല കറങ്ങുന്നതുപോലെ തോന്നി ചേതനു… എല്ലാം അവസാനിച്ചിരിക്കുന്നു. താൻ ഒന്നും ഇല്ലാത്തവനായി മാറിയിരിക്കുന്നു…”നീ എന്നെ ചതിക്കുവായിരുന്നല്ലേ?? ഞാൻ അറിയാതെ എന്റെ ഒപ്പ് വാങ്ങിട്ട്..””അതേടാ.. ചതി തന്നെ.. ഈ നിൽക്കുന്നവരോടെ നീ ചെയ്തത് വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല.. നീ ഇനിയും അനുഭവിക്കും..” -ലിനു
“ഇതാ ഈ ചേതനെ കാണാൻ ആണ് ഞാൻ കാത്തിരുന്നത്… എല്ലാം തകർന്ന ഒന്നും ഇല്ലാത്തവനായുള്ള നിൽപ്പ്..
ഒരിക്കൽ നിന്നോട് ഞാൻ പറഞ്ഞിരുന്നു ചേതാ.. നീ നേടിയ പണവും പ്രശസ്തിയും നിനക്കില്ലാതാകുന്ന ഒരു നിമിഷം ഉണ്ടാകുമെന്ന്… അമ്മ മരിച്ച നിന്റെ കുഞ്ഞനുജത്തിയെ അമ്മയുടെയും അച്ഛന്റെയും സഹോദരന്റെയും സ്നേഹം നൽകി വളർത്തേണ്ടതിനു പകരം സ്വന്തം കൂടപ്പിറപ്പിനെ ശത്രുവായി കണ്ടു നീ… പറ്റാവുന്നതുപോലെ ദ്രോഹിച്ചു… പിന്നെ ഒരാളും ഒരു കൂടപ്പിറപ്പിനോട് ചെയ്യാൻ പാടില്ലാത്തതു സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി നീ ചെയ്യാൻ ശ്രമിച്ചു.. അതിൽ നിന്നും രക്ഷപ്പെടുത്തിയ എന്നോട് ഒരു മനുഷ്യ ജീവിയെന്ന പരിഗണനപോലും നൽകാതെ പിച്ചി ചീന്തിയില്ലേ… ” പറയുമ്പോൾ ദേവയുടെ ശബ്ദം പലപ്പോഴും ഇടറി.. ലിനു അവളെ ചേർത്തു പിടിച്ചു…
“ദാ നീ കണ്ടോ എനിക്ക് കിട്ടിയ സഹോദരൻമാരെ… കർമം കൊണ്ട് എന്റെ കൂടപ്പിറപ്പുകളായവർ.. അതിന് എനിക്ക് നിന്നോട് നന്ദി ഉണ്ട് ചേതാ.. നീ കാരണമാണ് ഇവരെ എനിക്ക് കിട്ടിയത്.. കണ്ടാ അന്ന് മുതൽ ഇന്ന് വരെ എന്റെ കൂടെ എന്റെ ഓരോ കാര്യത്തിനും ഇവർ കൂടെയുണ്ട്.. പിന്നെ ഋതു ചേച്ചിയെ കൂടാതെ ഒരു ചേച്ചിയും.. ഇനിയെങ്കിലും ചെയ്തുപോയ തെറ്റുകളിൽ പശ്ചാത്തപിക്കാൻ നോക്ക്.. വരുന്ന ജന്മത്തിലെങ്കിലും നല്ലൊരു മനുഷ്യനാകാൻ പ്രാർത്ഥിക്ക്..””നിന്റെ ഈ തലതാഴ്ത്തൽ അതിൽ എനിക്ക് കുറ്റബോധത്തിന്റെ ഒരു തരിപൊലും കാണാൻ കഴിയുന്നില്ല ചേതാ… എന്നെ അപകടപ്പെടുത്തിയത് നീ ആണെന്ന് അറിഞ്ഞപ്പോൾ മനസ്സിൽ കുറിച്ചിട്ടതാണ് ഈ ഒരു കൂടി കാഴ്ച.. നീ ഒരിക്കലും നന്നാകാൻ പോകില്ലെന്ന് എനിക്കറിയാം…” -തനു
“ചേതനു ഈ വീട്ടിൽ നിന്നും ഇറങ്ങാം.. നീ എനിക്ക് തന്ന വേദനകൾക്ക് ഞാൻ കണ്ടെത്തിയ പരിഹാരമല്ല ഇത്… ഒരിക്കലെങ്കിലും ശത്രു അല്ലാതെ അനിയത്തിയായി കണ്ടിരുന്നെങ്കിൽ??? പണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്റെ ഏട്ടൻ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ എന്ന്.. ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചിരുന്നെങ്കിൽ എന്ന്.. പക്ഷെ അതൊക്കെ എന്റെ പാഴ് കനവുകൾ ആയിരുന്നു… “ഋതുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അപ്പോഴേക്കും റിച്ചുവും വിക്കിയും അവൾക്ക് ഇരുവശത്തും നിന്നും അവളെ ചേർത്തു പിടിച്ചിരുന്നു..ഒരുകണക്കിന് നീ എനിക്ക് തന്ന ഭാഗ്യമാണ് ഇവർ.. ആരുമില്ലാതിരുന്ന ഋതുവിന് എല്ലാമായവർ… എന്റെ സുഹൃത്ത്.. സഹോദരൻ.. ഒക്കെയാണ് ഈ രണ്ടുപേർ.. കൂടെ കൂടിയതിൽ പിന്നെ ഒറ്റയ്ക്കാക്കിട്ടില്ല… വേദനിപ്പിച്ചിട്ടില്ല..
പിന്നെ നീ ഒരു ആക്‌സിഡന്റ്കൊണ്ട് ഇല്ലാതാക്കാൻ നോക്കിയില്ലേ.. അവൾ എന്റെ എല്ലാം ആണ്.. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയവൾ..”അവൾ പിന്നീട് നടന്നത് ലിനുവിന്റെ അടുത്തേക്കാണ്…”ചേതാ.. ഈ ഋതുവിന്റെ ജീവനും ജീവിതത്തിനും അവകാശമുള്ള ഒരേ ഒരാൾ എന്റെ ഇച്ഛൻ…” അവന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് ചേതൻ കൈമുഷ്ടി ചുരുട്ടിപിടിച്ചു…അതെ ദേഷ്യത്തോടെ ആ വീടിന്റെ പടി അവൻ ഇറങ്ങി…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഒരു വർഷത്തിന് ശേഷം…പാലക്കൽ വീട്ടിൽ തങ്ങളുടെ റൂമിലെ ബാൽക്കണിയിൽ നിൽക്കുകയാണ് ഋതു… താഴെ ആൾക്കാരുടെ ബഹളങ്ങൾ കേൾക്കാം.. അതിൽ ശ്രദ്ധ കൊടുക്കാതെ വേറെന്തോ ചിന്തയിലാണവൾ..
ഈ ഒരു വർഷത്തിനിടയിൽ പല മാറ്റങ്ങളും ഉണ്ടായി… വിക്കിയുടെയും മാളൂട്ടിയുടെയും എൻഗേജ്മെന്റ് കഴിഞ്ഞു.. നിവേദ് PM കമ്പനിയിൽ ജോലിക്ക് കയറി… ഋതു അവളുടെ നൃത്തവുമായി മുന്നോട്ട് പോയി. ഇന്നവൾ അറിയപ്പെടുന്ന ഒരു നർത്തകി ആണ്.. മായദേവിയുടെ പ്രിയ ശിഷ്യ…
പിന്നെ ദേവയുടെ കല്യണം കഴിഞ്ഞു.. ആദ്യമൊന്നും ഒരു വിവാഹത്തിന് സമ്മതിച്ചില്ല അവൾ.. പിന്നീട് അവളുടെ ഏട്ടൻമാരുടെ നിർബന്ധത്തിൽ നിവേദിനെ വിവാഹം കഴിച്ചു… നിവേദിന് ദേവയുടെ കാര്യങ്ങൾ എല്ലാം അറിയാം.. അത് അവനൊരു പ്രശ്നമായിരുന്നില്ല… ഇന്നവൾ അവന്റെ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു.. അല്ലെങ്കിലും കാലം മയ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ..ഇതിനിടയിൽ രാഘവനെ കാണാൻ ഋതു പോയി… തന്റെ തെറ്റിന് ഒരുപാട് മാപ്പ് പറഞ്ഞു അയാൾ.. ആ വീടിന്റെയും പറമ്പിന്റെയും ആധാരം അവളുടെ കൈയിൽ ഏൽപ്പിക്കാൻ ശ്രമിച്ചു .. ഋതു പക്ഷെ അത് വാങ്ങിയില്ല… എന്തുകൊണ്ടും അത് അവകാശപ്പെട്ടത് ദേവയ്ക്കാണെന്ന് പറഞ്ഞു അവളെ ഏൽപ്പിച്ചു അത്..
പിന്നെ ചേതൻ… അന്ന് ഇറങ്ങിയ അവന് താൻ ചെയ്ത തെറ്റുകളിൽ ഒരിക്കലും കുറ്റബോധമൊ പശ്ചാത്താപമോ തോന്നിയില്ല.. എല്ലാം നഷ്ടപ്പെട്ടിട്ടും അവനിൽ പക മാത്രമായിരുന്നു ഋതുവിനോട്… ഒരിക്കൽ പോലും തന്റെ അമ്മ തനിക്ക് സമ്മാനിച്ച അമ്മയുടെ ജീവനാണ് അവൾ എന്ന് തിരിച്ചറിഞ്ഞില്ല…കഴുത്തിൽ ഉണ്ടായിരുന്ന ചെയിൻ വിറ്റുകിട്ടിയ പൈസ കൊണ്ട് അവൻ ജീവിക്കാൻ തുടങ്ങി.. മദ്യപാനം ശീലമാക്കി.. ഒരു ദിവസം കുടിച്ചു ബോധമില്ലാതെ റോഡിലൂടെ നടന്ന അവനെ ഒരു ലോറി ഇടിച്ചു തെറുപ്പിച്ചു…
ചെയ്ത തെറ്റുകളുടെ ഫലമോ അതനുഭവിച്ചവരുടെ കണ്ണീരോടെ മരണത്തെക്കാൾ വലിയ ശിക്ഷ അവന് കിട്ടി… കിടന്ന കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്തവിധം അവൻ തളർന്നു… കൂട്ടിനാളില്ലാത്ത കൈയിൽ പണമില്ലാത്ത അവനെ അവിടെയും സംരക്ഷിക്കാൻ എത്തിയത് ഋതു തന്നെയാണ്…
ഹോസ്പിറ്റലിൽ ഒരു മുറി എടുത്ത് അവനെ നോക്കാൻ ഒരു ഹോംനേഴ്സിനെ ഏർപ്പാടാക്കി…ഒരിക്കൽ പോലും അവനെ കാണനോ സംസാരിക്കാനോ അവൾ ശ്രമിച്ചില്ല… പക്ഷെ ചേതൻ അറിഞ്ഞിരുന്നു അവളാണ് തനിക്കുവേണ്ടതെല്ലാം ചെയ്യുന്നതെന്ന്…
അന്നാദ്യമായി അവളോട് ചെയ്തതോർത്തു അവന്റെ കണ്ണുകൾ നിറഞ്ഞു.. ചേതൻ എന്ന ഞാൻ വലിയൊരു തെറ്റായിരുന്നു എന്ന് അവന് തോന്നിയ നിമിഷം…. ഇങ്ങനെ കിടക്കുന്നതിന് പകരം ഒന്ന് മരിച്ചിരുന്നെങ്കിൽ എന്നവൻ ആഗ്രഹിക്കാൻ തുടങ്ങി ആ നിമിഷം.. ചിലർ അങ്ങനെയാണ്… ഒരിക്കലും തെറ്റുകൾ സമ്മതിക്കാതെ ഞാൻ ചെയ്യുന്നതാണ് ശരിയെന്നു വിചാരിക്കുന്നവർ.. കൈയിൽ ഒന്നും ഇല്ലാതായാലും അഹങ്കാരം കാണിക്കുന്നവർ… അവസാനം തിരിച്ചറിവ് വരുമ്പോഴേക്കും ജീവിതം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടാകും തിരിച്ചു എത്തിപ്പിടിക്കാൻ കഴിയാത്ത വിധം …
തുടരും…
അടുത്ത പാർട്ടോടു കൂടി അരികിലായ് അവസാനിക്കുട്ടോ
🦋SRee

by