17/04/2026

അന്നൊരിക്കൽ : ഭാഗം 07

രചന – അഞ്ജു തങ്കച്ചൻ

അവളുടെ മുമ്പിൽ നിൽക്കുമ്പോൾ അന്ന് താൻ വല്ലാതെ വിറച്ചിരുന്നു.
എത്ര ധൈര്യശാലിയായ ആൺകുട്ടിയാണെങ്കിലും പ്രണയിക്കുന്ന പെണ്ണിന്റെ മുൻപിൽ ഇഷ്ട്ടം പറയാൻ ചെല്ലുമ്പോൾ ഒന്ന് വിറയ്ക്കും.
അത് പേടി കൊണ്ടൊന്നും അല്ല, മറ്റെന്തോ പേരറിയാത്ത ഒരു വികാരമാണത്…

തന്റെ പകപ്പും, ആ നിൽപ്പും കണ്ടപ്പോൾ അവൾ പറഞ്ഞു..

ഗിരിയേട്ടൻ ഒന്നും പറയണ്ട, എനിക്കറിയാം ഈ മനസ്സ്.
എനിക്കറിയാവുന്നത് പോലെ ആർക്കാണ് ഗിരിയേട്ടനെ അറിയുക?

അവൾ എന്റെ കണ്ണുകളിൽ നോക്കി അത് പറയുമ്പോൾ അന്ന് സന്തോഷം കൊണ്ടു താൻ തുള്ളിച്ചാടുകയായിരുന്നു.

പിന്നീടങ്ങോട്ട് ഞങ്ങളുടെ ലോകമായിരുന്നു…
എത്ര പകർന്നിട്ടും കൊടുത്തു തീർക്കാത്ത അത്രയും പ്രണയമായിരുന്നില്ലേ തങ്ങൾക്കിടയിൽ.

അവൾക്ക് ഞാനെന്നാൽ ജീവനായിരുന്നു.
എനിക്കവളും.

അവിടുത്തെ ഓരോ പുൽക്കൊടിക്കു പോലുമറിയാം ഞങ്ങളുടെ പ്രണയത്തിന്റെ ആഴം.

ഒരിക്കൽ മാത്രം ഞാനവളുടെ ചൊടിയിണകളിൽ ചുംബിച്ചിട്ടുണ്ട്. അന്ന് ആ മുഖമാകെ നാണത്താൽ ചുവന്നു തുടുത്ത് പോയിരുന്നു.

ഒരു ജോലി നേടിയിട്ട് അവളെ സ്വന്തമാക്കണമെന്നായിരുന്നു തന്റെഅന്നത്തെ ഏറ്റവും വലിയ ആശ.

അന്ന് താൻ പിജി അവസാന വർഷമാണ്. അവൾ ഡിഗ്രിയും..

അന്ന് വീട്ടിൽ ചെന്നപ്പോൾ തണുത്തുവിറങ്ങലിച്ചു കിടക്കുന്ന അച്ഛനെയാണ് കണ്ടത്..
പലതരം അസുഖങ്ങളാൽ അച്ഛൻ വലഞ്ഞിരുന്ന കാലമാണ്.

അല്ലെങ്കിലും അമ്മ പോയതിൽ പിന്നെ അച്ഛൻ ഒന്ന് ചിരിക്കുന്നത് പോലും താൻ കണ്ടിട്ടില്ല.

എന്നും അച്ഛന് ഓരോ വേദനകളാണ്..

അന്ന് അച്ഛൻ കട്ടിലിൽ നിന്നും താഴെ വീണ് ബോധമില്ലാതെ കിടക്കുകയാണ്. അന്ന് ദൈവാനുഗ്രഹം ഒന്ന് കൊണ്ടു മാത്രമാണ് അച്ഛനെ ഞങ്ങൾക്ക് തിരികെ കിട്ടിയത്.

എങ്കിലും അച്ഛൻ തീർത്തും അവശൻ ആയിരുന്നു.
കടുത്ത ശ്വാസം മുട്ടും, കൂടെ ചുമയും. അസ്ഥിക്ക് തേയ്മാനവും.. അങ്ങനെ ഓരോ അസുഖങ്ങളാൽ അച്ഛൻ കഷ്ടപ്പെട്ടിരുന്നു.

അച്ഛനെ കാണിക്കാത്ത ആശുപത്രികൾ ഇല്ല.

ജീവിച്ച് മടുത്തെന്ന് അച്ഛൻ ചിലപ്പോൾ പറയും.

മൂത്ത സഹോദരൻ രവി ആയിടക്ക് വിവാഹിതനായി ഭാര്യയോടൊപ്പം വിദേശത്തേക്ക് പോയി.അല്ലെങ്കിലും സ്വന്തം കാര്യം നോക്കാൻ രവിയേട്ടൻ മിടുക്കനായിരുന്നു പണ്ടും.

തൊട്ട് താഴെയുള്ള ഹരി ചേട്ടനാണ് ഇപ്പോൾ കൃഷിയും, അച്ഛന്റെ തടിമില്ലും നോക്കി നടത്തുന്നത്.

ഹരിഏട്ടൻ ഒരു ഒരു സാധുവാണ്. പക്ഷെ ഭയങ്കര പിശുക്കനുമാണ് ആള്.

ഏറ്റവും ഇളയവൻ ആയതുകൊണ്ടാകും അച്ചന് എന്നോട് കുറച്ച് സ്നേഹം കൂടുതൽ ഉണ്ട്. എന്ന് വച്ച് മറ്റ് മക്കളോട് സ്നേഹമില്ല എന്നല്ല, എന്നോട് കുറേ നേരം സംസാരിച്ച്‌ ഇരിക്കും. കൂടുതലും പഴയ കാര്യങ്ങൾ ഒക്കെയാണ് പറയുന്നത്.

അച്ചന് അധികം പ്രായമൊന്നും ഇല്ലെങ്കിലും, അച്ഛനിപ്പോൾ തീരെ അവശനാണ്‌.

അതുകൊണ്ട് കോളേജിൽ പോകും മുൻപും, പോയിട്ട് വരുമ്പോഴും ഒക്കെ കൂടുതൽ സമയം അച്ഛനോടൊപ്പം ചിലവഴിക്കും.

അച്ഛൻ പണ്ടെന്നെ കിണറ്റിൻ കരയിൽ നിർത്തി കുളിപ്പിക്കുന്നത് പോലെ ഇപ്പോൾ അച്ഛനെ ഞാനും കുളിപ്പിക്കും. എന്റെ കൈ പിടിച്ച് അച്ഛൻ മുറ്റത്തൂടെ നടക്കും.

ഒരു ദിവസം മൂത്ത ചേട്ടൻ വിദേശത്ത് നിന്നും വന്നപ്പോൾ അച്ഛൻ പറഞ്ഞു. ഞാൻ ജീവിച്ചിരിക്കുമ്പോൾ സ്ഥലമൊക്കെ വീതം വയ്ക്കണം അല്ലെങ്കിൽ എന്റെ കാലശേഷം എന്റെ മക്കൾ സ്വത്തിനു വേണ്ടി വഴക്കിടും എന്ന്.
ഏട്ടന്മാർക്ക് രണ്ടാൾക്കും അത് സമ്മതമായിരുന്നു.

ആകെ നാലേക്കർ സ്ഥലവും വീടും, പിന്നെ അച്ഛന്റെ തടിമില്ലുമാണ് ഉള്ളത്. പിന്നെ ഒരു കിലോമീറ്റർ അപ്പുറത്ത് ടൗണിനോട് ചേർന്ന് കിടക്കുന്ന എഴുപത് സെന്റ് സ്ഥലവുമുണ്ട്.

രവിയേട്ടൻ വിദേശത്ത് ആയത് കൊണ്ട് വീടോ മറ്റോ ഏട്ടന് വേണ്ട.
അതുകൊണ്ട് ഒന്നരയേക്കർ സ്ഥലം എഴുതി കൊടുത്തു.

ഗിരിയേട്ടന് ഒരേക്കർ സ്ഥലവും, തടിമില്ലും എഴുതി കൊടുത്തു.

പിന്നെയുള്ള ഒന്നരയേക്കർ സ്ഥലവും വീടും അച്ഛന്.അച്ഛന്റെ കാലശേഷം അച്ഛനെ നോക്കുന്ന ആൾക്കാണ് അതിന്റെ അവകാശം.

ടൗണിലെ എഴുപത് സെന്റ് സ്ഥലം അച്ഛൻ എനിക്കാണ് തന്നത്.
മറ്റുള്ളവർക്ക് കൊടുത്തതിനേക്കാൾ വിലയുള്ള സ്ഥലമാണ് ടൗണിലെ എഴുപത് സെന്റ് സ്ഥലത്തിന്.
അതുകൊണ്ടാകും രവിയേട്ടന്റെ മുഖംഅൽപ്പം വാടിയിരുന്നു.
പിന്നെ അച്ഛനെ ധിക്കരിക്കാൻ വയ്യാത്തതുകൊണ്ടാകും ഒന്നും പറഞ്ഞില്ല.

രവിയേട്ടൻ പറഞ്ഞു, സ്ഥലത്തിന് ആവശ്യമില്ല അതുകൊണ്ട് സ്ഥലം വിറ്റ് കാശ് ആക്കാനാണ്
തീരുമാനമെന്ന്.

സ്ഥലം പുറത്ത് ആർക്കും കൊടുക്കണ്ട എന്നും പറഞ്ഞ് ഹരിയേട്ടൻ രവിയേട്ടന് പണം കൊടുത്ത് ആ സ്ഥലം കൂടെ ഹരിയേട്ടൻ വാങ്ങിച്ചു.

അച്ഛൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

അന്ന് രാത്രിയിൽ അച്ഛൻ ഒരുപാട് എന്നോട് സംസാരിച്ചു.
എന്താടാ ഗിരികുട്ടാ നിനക്ക് സ്ഥലത്തിനോടും കാശിനോടും ഒന്നും ആർത്തിയില്ലേ എന്നും ചോദിച്ച് എന്റെ തലയിൽ തട്ടി..

എനിക്കും വേണം.. വളരെ വിലപിടിപ്പുള്ള ഒരു മുതൽ.

എന്താണത്?

എന്തായിരിക്കും??

എന്റെ ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന കാശാണോ?? ഇനി അതും കൂടെ പങ്കുവയ്ക്കേണ്ടി വരുമോ അച്ഛൻ ഉറക്കെ പൊട്ടിച്ചിരിച്ചു.

അല്ല…. എനിക്കെന്റെ ഈ അച്ഛനെ മതി. അച്ഛന്റെ മടിയിൽ തല ചേർത്ത് കുറേ നേരം അങ്ങനെ ഇരുന്നപ്പോൾ അച്ഛൻ പതിയെ തന്റെ തലയിൽ തഴുകി പറയുന്നുണ്ടായിരുന്നു, ഇവനൊരു പൊട്ടനാ…

അതെ ഞാനൊരു പൊട്ടനായിരുന്നു സ്നേഹിക്കാൻ മാത്രം അറിയുന്ന, സ്നേഹത്തിനു വേണ്ടി മരിക്കാൻ പോലും തയ്യാറാകുന്ന ഒരു പൊട്ടൻ.

അമ്മയുടെ കുറേ ആഭരണങ്ങൾ ഉണ്ട്. അത് മറ്റാർക്കും കൊടുക്കാതെ ഞാൻ മാറ്റി വച്ചിരിക്കുന്നത് എന്തിനാണ് എന്നറിയാമോ? അച്ഛൻ ചോദിച്ചു.

എന്തിനാ…?

അത് നിനക്കൊരു മകൾ പിറക്കുമ്പോൾ അവൾക്ക് കൊടുക്കണം.നാല്പത് പവനോളം വരുന്ന അമ്മയുടെ ആഭരണങ്ങളുടെ അവകാശി നിന്റെ മകൾ ആയിരിക്കണം.

അച്ഛന് ആയിടക്ക് അൽപ്പം അസുഖമൊക്കെ കുറഞ്ഞ സമയമാണ്.
പിജി കഴിഞ്ഞപ്പോൾ എറണാകുളത്ത് ജോലി ശരിയായി.

അച്ഛനെ വിട്ടിട്ട് എങ്ങോട്ടും പോകുന്നില്ല, ഇവിടെ എവിടേലും ജോലി കിട്ടുമോന്നു നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ അച്ഛൻ വല്ലാതെ ദേഷ്യപ്പെട്ടു.

കിട്ടിയ ജോലി കളയരുത്. ഒരു പെണ്ണ് നിന്നെ കാത്തിരിപ്പില്ലേ അവളെ പെട്ടന്ന് താലി കെട്ടി കൂടെ കൂട്ടിക്കോ… എന്ന് പറഞ്ഞപ്പോൾ അതിശയം തോന്നി. അച്ഛന് തന്റെ പ്രണയം അറിയാം എന്നത് തനിക്കപ്പോഴാണ് മനസിലായത്.

പിറ്റേന്ന് താൻ ജോലിക്കായി പോയി.
രണ്ട് കൊല്ലം കഴിഞ്ഞാൽ മിനികുട്ടിയുടെ പഠിത്തം കഴിയും പിന്നെ ആ കഴുത്തിൽ ഒരു താലി ചാർത്തി അവളെ സ്വന്തമാക്കണം.
ഏട്ടന്മാർ ഒരുപക്ഷെ ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കില്ല. കാൽ കാശിനു ഗതിയില്ലാത്ത കൂട്ടർ ആണെന്ന് പറഞ്ഞ് അവരെ ഏട്ടന്മാർക്ക് ഇഷ്ട്ടമല്ല.

എങ്കിലും അച്ഛൻ സമ്മതിക്കും. അച്ഛന് സൗമിനിയെ ഇഷ്ട്ടമാണ്.

ലീവിന് വരുമ്പോൾ അച്ഛന് വലിയ സന്തോഷമാണ്. ഹരിയേട്ടൻഅച്ഛനെ നന്നായി നോക്കും. അച്ചന് വേറെ വിഷമങ്ങൾ ഒന്നും ഇല്ല. ഇടക്കൊക്കെ ലീവിന് ചെല്ലുമ്പോൾ അച്ഛൻ ഹരിയേട്ടന്റെ കൈ പിടിച്ച് നടക്കുന്നത് കാണാം.
തന്നെ കാണുമ്പോൾ പിന്നെ തന്റെ കൈപിടിച്ചാണ് നടത്തം.

തിരിച്ചു പോകുന്നത് വരെ അച്ചനോടൊപ്പം സമയം ചിലവഴിക്കും. ഉച്ചക്ക് അച്ഛനൊന്നു മയങ്ങുന്ന നേരത്താണ് താൻ മിനിക്കുട്ടിയെ പോയി കാണുന്നത്.
ലീവ് കഴിഞ്ഞ് താൻ പോകുമ്പോൾ അച്ഛന്റെ മുഖം വാടും.

ഒരു തിങ്കളാഴ്ചയാണ് വീട്ടിൽ നിന്നും കാൾ വന്നു അച്ഛന് കൂടുതലാണ് നീ വേഗം വരണമെന്ന് പറഞ്ഞ് ഹരിയേട്ടനാണ് വിളിച്ചത്..

രാത്രിയോട് കൂടി വീട്ടിൽ എത്തിയപ്പോൾ കണ്ടു അച്ഛൻ വല്ലാത്ത അവശതയിലാണ്

പെട്ടന്നാണ് സുഖമില്ലാതായത്. ഉച്ചക്ക് കൂടെ ജോലിക്കാരുടെ സഹായത്തോടെ മുറ്റത്തു കൂടെ ഒക്കെ നടന്നതാണ്. ഹരിയേട്ടൻ പറഞ്ഞു.

അച്ഛന്റെ അരികിൽ ഇരുന്ന് അച്ഛാ… എന്ന് വിളിച്ചപ്പോൾ അച്ഛൻ പതിയെ കണ്ണ് തുറന്നു.

എന്നെ നോക്കി ഗിരിക്കുട്ടാ എന്ന് വിളിച്ചു.

ഹരി… നീയിവനെ നോക്കിക്കോണം എന്ന് ഏട്ടനോട് അച്ഛൻ പറഞ്ഞു.

ഞങ്ങളുടെ രണ്ടാളുടെയും കൈകളിൽ അച്ഛൻ ഉമ്മ വച്ചു.
രവിയെ കാണാൻ കൊതിയുണ്ട് പക്ഷെ അവൻ ഓടി വരാൻ പറ്റുന്ന ദൂരത്തിൽ അല്ലല്ലോ എന്ന് പറഞ്ഞു.

തന്റെ ഈ കൈകളിൽ മുറുകെ പിടിച്ച് അവസാനമായി തന്റെ കണ്ണുകളിലേക്ക് നോക്കി, എന്നെന്നേക്കുമായി അച്ഛൻ കണ്ണുകളടച്ചു.

തനിക്ക് ആ വിയോഗം ഉൾക്കൊള്ളാൻ ആയില്ല.
ചടങ്ങുകൾ എല്ലാം കഴിഞ്ഞ്
ദിവസങ്ങൾ കഴിഞ്ഞിട്ടും,ആ വീട്ടിൽ അച്ഛന്റെ മുറിയിൽ അച്ഛനുപയോഗിച്ച ഓരോന്നും എടുത്ത് നോക്കി അച്ഛനാ കട്ടിലിൽ കിടപ്പുണ്ടെന്നു വെറുതെ കരുതി അങ്ങനെ ഇരിക്കും…

അപ്പോഴൊക്കെ ഒരു സ്വാന്തനമായി സൗമിനി കൂടെ ഉണ്ടായിരുന്നു..

ഏട്ടൻ തടിമില്ലിലേക്ക് പോയി കഴിയുമ്പോൾ അവൾ വരും.
ആ മടിയിൽ കിടന്ന് എത്ര കണ്ണീർ വാർത്തിരിക്കുന്നു താൻ.

അവളുടെ വിരലുകൾ അമ്മയുടെ വിരലുകൾ പോലെയാണ്, അവൾ തഴുകുമ്പോൾ എത്ര സങ്കടങ്ങളാണ് അലിഞ്ഞു പോയത്.

എനിക്കവളെ വേണമായിരുന്നു. അച്ഛനുമമ്മയും നഷ്ട്ടപ്പെട്ട, ഒറ്റപ്പെടലിൽ ഉരുകിയ എനിക്ക് അവളെ വേണമായിരുന്നു.

സ്നേഹത്തോടെ ശാസിക്കുന്ന അമ്മയായി,
ഇടയ്ക്കു വഴക്ക് പറയുന്ന അച്ഛനായി, ഒരു സുഹൃത്തായി, കാമുകിയായി, എന്റെ എല്ലാമായി അവൾ കൂടെ ഉണ്ടായിരുന്നു.

പിന്നീട് ഏട്ടന്റെ നിർബന്ധത്താൽ താൻ വീണ്ടും ജോലിക്ക് പോയി.

ഒരു ദിവസം ലീവിന് വന്നപ്പോൾ, അവൾ പറഞ്ഞു അമ്മയുടെ സഹോദരന്റെ മകനുമായുള്ള വിവാഹത്തിന് അമ്മ നിർബന്ധിക്കുന്നു എന്ന്.
നമ്മുടെ കാര്യം പറയാൻ മേലാരുന്നോ എന്ന് ചോദിച്ചപ്പോൾ, സമ്പന്ന കുടുംബമായി ഗിരിയുടെ വീട്ടുകാർ എനിക്കൊരു വേലക്കാരിയുടെ സ്ഥാനം പോലും തരില്ല അതുകൊണ്ട് അത് വേണ്ട എന്ന് അമ്മ പറഞ്ഞത്രേ

അന്നാണ് അവൾ കരയുന്നത് ആദ്യമായി കണ്ടത്.
ഗിരിയേട്ടാ…. പിടിച്ച് നിൽക്കാൻ കഴിയാതെ വന്നാൽ ഞാൻ പിന്നെ ഉണ്ടാവില്ല എന്ന് പറയുമ്പോൾ അവൾ ആകെ ഇടറിപ്പോയിരുന്നു.

അന്ന് ഹരിയേട്ടനോട് പറഞ്ഞു. സൗമിനിയുമായുള്ള അടുപ്പത്തെക്കുറിച്ച്.

ഏട്ടൻ അന്ന് ദേഷ്യപ്പെട്ടു, പിന്നെ ഒടുവിൽ പറഞ്ഞു നിന്റെ ഇഷ്ട്ടം നടക്കട്ടെ എന്ന്.

രാത്രിയിൽ പതിവില്ലാതെ ഹരിയേട്ടൻ മുറിയിൽ വന്നു.

ഏട്ടന്റെ മുഖത്ത് വല്ലാത്ത വിഷമം നിറഞ്ഞ് നിന്നിരുന്നു.
എന്താ ഏട്ടാ..?

അത് പിന്നെ..ഹരിമോനെ…

എന്താഏട്ടാ…??

മോനേ… ഹരിയേട്ടന് തടിമില്ലിൽ നിന്നും വലിയ
വരുമാനം ഒന്നുമില്ല. ഒന്നുരണ്ടു പദ്ധതികൾ മനസ്സിൽ ഉണ്ട്. മോനാ ടൗണിനടുത്തുള്ള സ്ഥലം തരുകയാണെങ്കിൽ. ഈ വീടും ഒന്നരയേക്കറും മോനങ്ങു തരാം. എന്തായാലും അച്ഛനെ നോക്കിയത് ഞാനായത് കൊണ്ട് വീടും സ്ഥലവും എനിക്കാണല്ലോ,അത് മോനങ്ങുതരാം.

അല്ല ഏട്ടൻ നിർബന്ധിക്കുവൊന്നും അല്ല. മോന് സമ്മതമാണെങ്കിൽ മാത്രം.

എനിക്കെന്ത് സമ്മതക്കുറവ്. ഏട്ടാ ആ സ്ഥലത്തിന് നല്ല വിലയുള്ളതല്ലേ കുറച്ച് മേൽപ്പണം കൂടെ കിട്ടിയാൽ കൊള്ളാമായിരുന്നു.എനിക്കീ വീടും സ്ഥലവും മതി, ഇവിടല്ലേ നമ്മുടെ അച്ഛനും അമ്മയും
ഉറങ്ങുന്നത്.

മേൽപ്പണം എത്രയാ മോൻ ഉദ്ദേശിക്കുന്നത്?

ഒരു ഏഴ് എട്ട് ലക്ഷം രൂപ എങ്കിലും…

അതിനെന്താ… നാളെത്തന്നെ ഒരുലക്ഷം അഡ്വാൻസ് തരാം. ബാക്കി അടുത്ത ദിവസം തന്നെ തരാം.

ശരി…

പിറ്റേന്ന് തന്നെ ഏട്ടൻ അഡ്വാൻസ് തുക തന്നു.
ഏട്ടൻ പറഞ്ഞ ദിവസം എന്റെ പ്രോപ്പർട്ടി ഏട്ടന് ഞാൻ എഴുതികൊടുത്തു.

അത് എന്റെ തോൽവിയുടെ തുടക്കമായിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

@@@@@@@@

തുടരും.