രചന – കൽക്കി
“അമ്മൂട്ടി…അങ്ങ് ചെന്നു അവർക്ക് കുറച്ച് പുല്ലെടുത്തു നിരത്തി ഇട്ടുകൊടുത്തേ…. ഒരു ദിവസം ഇത്തിരി നേരത്തെ ഇറക്കി കെട്ടിയാൽ പിറ്റേ ദിവസം അതെ നേരവുമ്പോ കരച്ചിൽ തുടങ്ങും….. ഇവറ്റൊള് എന്താ ക്ലോക്കും ആയിട്ടാണോ നടക്കണേ…..” “അമ്മു…… നിന്നോടാ പറഞ്ഞെ കേക്കണില്ലേ നീയ്…… ഒരു പണിം എടുക്കില്ല….. എടി അമ്മു……. എവിടെപ്പോയി കിടക്കുവാണോ എന്തോ…..” “എത്രപേരോള്ള വീടാ ഇതാ…. എല്ലാം എവടെ പോയോ എന്തോ……” പിറുപിറുത്തോണ്ട് സുഭദ്രമ്മ അടുക്കളയിൽ നിന്ന് മുറ്റത്തേക് ഇറങ്ങി…… “ഈ പിള്ളേരൊക്കെ എവിടെയാണോ എന്തോ….. അഗ്നി……… അമ്മു……..” “ശിഖനേം കാണാനില്ലാലോ….. ആ പെണ്ണിനേം കുട്ടി ഇവര് എവിടെപോയതാ…. ഒരു വിവരോം ഇല്ലാതായി……വന്നു വന്നു ഒന്നിന്ന് ഒരു ബോധം ഇല്ലാതായല്ലോ കൃഷ്ണാ……” ………………… “ദാ വരുന്നു മക്കളെ……. വിശപ്പായോ നിങ്ങൾക്….. ഇപ്പൊ പുല്ലിട്ട് തരാട്ടോ…..” അതും പറഞ് വീടിനോട് ചേർന്ന് കെട്ടിയിട്ടുള്ള ചെറിയ ഒരു കൂട്ടിലേക് സുഭദ്രമ്മ കയറി……
“ഇതെന്താപ്പോ കഥ…….. കൂട് ഈ കോലത്തിൽ ആക്കിയ ഞങ്ങൾ കുറച് കഷ്ടപ്പെടുലോ എന്റെ കുറുമ്പികളെ…..” കൂട്ടിലെ അലമ്പിന്റെ ഇടയിൽ നിക്കണ രണ്ട് ആടുകളോടാണ് അമ്മയുടെ ഈ സംസാരം ഒക്കെ…… “എന്താ എന്റെ പിങ്കി നിന്റെ കുറുമ്പി ഇങ്ങട് വരാറായോ…… ഒരു കരച്ചിലൊക്കെ……. “പയ്യെ ഒരു ആടിന്റെ വീർത്ത വയറിൽ തടവികൊണ്ട് അടുത്തേക് ചേർന്ന് നിന്നു….. “അപ്പോ താമസിയാണ്ട് വരുവല്ലേ….. എന്നാ ഇനി ഇവിടെ നിക്കണ്ട പുറത്തേക് ആക്കാം…… വായോ….. ‘സുഭദ്രമ്മ ഒരാളുടെ കേട്ട് അഴിച് പുറത്തേക് നടന്നു…. അരികിലെ മരത്തിലായി തണലു നോക്കി കെട്ടി. അകത്തേക്കു നടന്ന് മറ്റേ ആടിനേം കൂടെ കൊണ്ടുവന്നു ആദ്യത്തെതിനരികിലായി കെട്ടി. അരികിൽ ഇരുന്ന ചാക്ക് നിവർത്തി പുല്ലു എടുത്തു രണ്ട് പേർക്കും ആയി നിരത്തി ഇട്ടുകൊടുത്തു. “ഇവിടെ നിക്കുട്ടോ….. അമ്മ പണി ഒക്കെ തീർത്തിട്ട് ഓടി വരാട്ടോ….. ആഹ് പിള്ളേര് ഒന്ന് വന്നോട്ടോ….. “പിങ്കിയുടെ തലയിലായി ഒന്ന് തലോടി വീടിനു അരികിൽ ആയുള്ള പൈപ്പിന്നിടുത്തേക് നടന്നു.
കൈ കഴുകി തിരിഞ്ഞതും പുറത്തെ വഴിയിൽ നിന്നും കേറുന്ന മൂന്നു പേരെയും ആണ് കണ്ടത്. അമ്മൂട്ടീടെ കൈയിൽ നിറയെ ചാമ്പക്കയുണ്ട്….. അമ്മയെ കണ്ടതും അമ്മുവും ശിഖയും ഒന്ന് പരുങ്ങി അഗ്നിയെ നോക്കി…. അവളാണേ ഇപ്പോ കേൾക്കാം എന്നാ ഭാവത്തിൽ അവര് നോക്കി പേടിപ്പിക്കുന്നു. “വന്നോ മൂന്നെണ്ണോം…… ഈ മഴയതാണോ ശിഖനേം കൊണ്ട് ഇറങ്ങി നടക്കുന്നത്…… എന്താ മക്കളെ ഇങ്ങനെ ശ്രദ്ധിക്കണ്ടേ……” “എന്റെ അമ്മേ…… ഞാൻ ഇല്ലേ കൂടെ എന്തിനാ ഇങ്ങനെ പേടിക്കണേ…..” അമ്മൂട്ടി കൈയിൽ ഇരുന്ന ചാമ്പക്ക മുഴുവൻ തിണ്ണയിൽ വെച്ച് സുഭദ്രമ്മയുടെ കവിളിൽ പിടിച് കൊഞ്ചിച്ചോണ്ട് ചോദിച്ചു….. “അങ്ങ് മാറിക്കെ പെണ്ണെ നീ….കിന്നാരിക്കാൻ വന്നോളും…. നി ഉള്ളതാ എന്റെ ഏറ്റവും വല്യ സമാധാനക്കേട്…… “സുഭദ്രമ്മ കവിളിൽ ഇരുന്ന അമ്മൂട്ടീടെ കൈ തട്ടി മാറ്റി അവളെ ഒന്ന് ഉരുട്ടി നോക്കി കൊണ്ട് പറഞ്ഞു…… “ഹോ….. അപമാനം…… ഹെയ്യ് സ്ത്രീയെ……… ഒന്നൂല്ലേൽ ഞാൻ നിങ്ങടെ മോളല്ലേ…….”
“ഒന്ന് പോ പെണ്ണെ……” “ഹാ ഞാൻ പോവാ…..ദേ അമ്മേടെ ശിഖമോള് കൊതി പറഞ് കൊണ്ടോയതാ എന്നെ….. അങ്ങോട്ട് ചോയിക്ക്…… ഞാൻ പോണു എനിക്ക് വിശക്കണ്…..ഹുമം……” അതും പറഞ്ഞു മുഖം കോട്ടി വെട്ടി തിരിഞ്ഞ് നേരത്തെ വെച്ചിരുന്ന ചാമ്പക്കേം എടുത്തോണ്ട് അകത്തേക്കു നടന്നു അമ്മൂട്ടി. “അമ്മൂട്ടീ അവിടെ വെക്കെടി അത്…… എനിക്ക് തിന്നാനാടി അത്.” ശിഖ അമ്മൂട്ടിയെ നോക്കി വിളിച്ചു പറഞ്ഞതും പെട്ടെന്നു കൈയിൽ കേറി അഗ്നി പിടിച്ചു….. എന്താന്നുള്ള രീതിയിൽ ശിഖ നോക്കിയതും അഗ്നി മുഖം അമ്മയുടെ നേരെ നീട്ടി….. അവിടെ രണ്ടുപേരേം നോക്കി ദേഷ്യത്തിൽ നിൽക്കുവാന് സുഭദ്ര. “മഴ പെയ്ത് മുറ്റം മുഴുവൻ തെന്നി കിടക്കുവാന്ന് അറിയാഞ്ഞിട്ടാണോ ശിഖേ നി ആ പെണ്ണിന്റെ കൂടെ കാള കാലിക്കാൻ ഇറങ്ങിത്….. സൂക്ഷിക്കണ്ട സമയല്ലേ ഇത്…… എന്തേലും പറ്റിപ്പോയ…….” ദേഷ്യത്തിൽ തുടങ്ങിയ വാക്കുകൾ അവസാനം ആയപോഴേക്കും ഇടറിയിരുന്നു…… അത് മനസിലായതു രണ്ടുപേരും വന്നു അമ്മയുടെ അടുക്കലേക് ചേർന്ന് നിന്നു………
“ഇനി ആവർത്തിക്കില്ല അമ്മേ ഇങ്ങനെ….. സൂക്ഷിച്ചാ പോയത്. ഇത്രടം വരെ അല്ലെ ഉള്ളു…. അഗ്നി ഉണ്ടായിരിന്നു എന്നെ കൈയിൽ പിടിച്ചോണ്ട്…… പേടിക്കണ്ടട്ടോ…. ഒന്നും വരില്ല……”ശിഖ പറഞ്ഞതും തലയുയർത്തി നോക്കി…രണ്ടു പേരുടേം മുഖം വാടിട്ടുണ്ട്…… “സാര്യല്ല ഇനി ശ്രദ്ധിച്ച മതിട്ടോ…….അകത്തേക്കു ചെല്ല് രണ്ടാളും…അഗ്നി….വല്യേച്ചിടെ കൂടെ തന്നെ കാണണം….. ഒറ്റക്ക് ആക്കരുത്…..” “ഹ്…. ഹ്….. മ്…….. ഹ്…….” കൈ വെച്ച് ആംഗ്യം കാണിച്ച് അമ്മ പേടിക്കണ്ട ഞാൻ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു അഗ്നി അപ്പോഴേക്കും ശിഖനേം കൊണ്ട് അകത്തേക്ക് നടന്നിരുന്നു….. അത് കണ്ടു സുഭദ്രമ്മ ആടിനരികിലേക്കും. 🌸🌸🌸🌸🌸🌸 ആട്ടിൻ കുഞ്ഞിനരികിൽ അതിനെ തൊട്ടും തലോടിയും നടക്കുവാണ് അമ്മൂട്ടി…….അടുത്തായി തന്നെ അഗ്നിയും ഉണ്ട്… “കുഞ്ഞേച്ചി ഇവന് ഞാൻ പേര് ഇടട്ടെ…..” അത് കേട്ടതും ചെയ്തുകൊണ്ടിരുന്ന പണി പാതിയിൽ നിർത്തി അഗ്നി ഒന്ന് തിരിഞ്ഞു നിന്നു……എന്നിട് രണ്ട് പുരികവും ഉയർത്തി എന്ത് എന്നുള്ള അർത്ഥത്തിൽ നിന്നു…….
“ശരത് എന്നിട്ടാലോ…… 🤩” എന്ത്….. എന്നുള്ള തരത്തിൽ അഗ്നി അവളെ മിഴിച്ചൊന്നു നോക്കി……. “കില്ലാടി പേരല്ലേ കുഞ്ഞേച്ചി….. എനിക്കപ്പഴെ അറിയാരുന്നു……..” അതുകൂടെ കേട്ടതും ഞാൻ പയ്യെ ഇടുപ്പിൽ തിരുകിയിരുന്ന ധാവണി തുമ്പൊന്ന് അഴിച്ചിട്ടു അമ്മൂട്ടിടെ മുന്നിൽ ചെന്ന് നിന്നു. “ഹ്മ്മ് എന്താ……” അവൾ പുരികം ഒന്ന് തുള്ളിച്ചോണ്ട് ചോദിച്ചു…… “ഹ്മ്മ്…… ഹ്…….. ഹ്ഹ………. ഹ്ഹ്ഹ്……..” “അപമാനിച്ചു മതിയായെങ്കിൽ നിർത്തിക്കൂടെ……. ഓഹ് ഇത്ര കഷ്ടപ്പെട്ട് ആണേൽ പിങ്കിന്നും പപ്പിന്നും അവരെ വിളിക്കണ്ട….. ഒരു വെറൈറ്റി ആയിക്കോട്ടെന്ന് ഓർത്തപ്പോ കുടുംബത്തോടെ പുച്ഛം…… വീട്ടിൽ വിലയില്ല പിന്നല്ലേ നാട്ടിൽ വില……. ഹ്മ്മ് ഞാൻ പോണ്………”അഗ്നിയെ നോക്കി ഒരു ലോഡ് പുച്ഛം കാണിച്ചു മുഖം വെട്ടിച്ചു അമ്മൂട്ടി തിരിഞ്ഞു. ഈ പെണ്ണിന്റെ ഒരു കാര്യം എന്ന് മനസ്സിൽ ഓർത്ത് ഞാൻ ചിരിച്ചോണ്ട് തിരിഞ്ഞു…. “അതെ……”പുറകിന്ന് അമ്മൂട്ടിടെ വിളികേട്ടതും തല പയ്യനെ ചെരിച്ചു നോക്കി. “ഞാൻ പറഞ്ഞെന്നു കരുതി പേരെങ്ങാനും മാറ്റിയാൽ ഉണ്ടല്ലോ….. ഇവള് പിങ്കി അവള് പപ്പി ദോ ലിവൻ ശരത്…… “കുഞ്ഞിതിനേം ചൂണ്ടി കാണിച്ചു അമ്മൂട്ടി പറഞ്ഞു നിർത്തി.
ശരി എന്നർത്ഥത്തിൽ തലയാട്ടി കാണിച്ചതും പെണ്ണ് ഓടി അകത്തേക്ക് പോയി……. ഞാൻ പയ്യെ കുഞ്ഞി ചെക്കനെ ഒരു തുണി കൂട്ടി കയ്യിലെടുത്തു പിങ്കിയുടെ അകിടിലേക്ക് ചുണ്ട് മുട്ടിച്ചു കൊടുത്തു…..അവൻ പയ്യെ പാല് ചെറുതായി നുണഞ്ഞിറങ്ങാൻ തുടങ്ങി. കുറച് നേരം കഴിഞ്ഞപ്പോഴേക് മതിയായി തലവെട്ടിച്ചതും ഞാൻ പയ്യെ ചെക്കനെ നേരത്തെ കിടത്തിയ സ്ഥലത്തേക്ക് പയ്യെ കിടത്തി. “ഹ്മ്മ്….. ഹ്ഹ…….. ഹാ……. ഹ്മ്മ്മ്മ്മ്മ്…….”” ( കുഞ്ഞൻ ഇവിടെ കിടന്നോട്ടോ….. ഇത്തിരി കഴിഞ്ഞു ഞാൻ വരാമേ….. അതുവരെ അമ്മൂട്ടിനെ പറഞ്ഞു വിടാം. ഓടിനടക്കാറൊന്നും ആയില്ലാട്ടോ….) തല വഴി ഒന്ന് തലോടി അവിടെ നിന്നും എഴുനേറ്റ് അഗ്നി വീടിനകത്തേക്ക് നടന്നു. 🌸🌸🌸🌸🌸🌸 “അഗ്നി…… ഒന്നിങ്ങട് വന്നേ…….” ഇത്തിരി നേരം കഴിഞ്ഞതും അഗ്നി അടുക്കളയിലേക് കയറി വന്നു…. സുഭദ്രമ്മയുടെ അടുത്ത് ചെന്ന് തോളിൽ പിടിച്ചതും അമ്മ അവളുടെ നേരെ തിരിഞ്ഞു…..
“ഹ്മ്മ്….. ഹ്…..” (എന്തിനാ അമ്മേ വിളിച്ചത് ) “നിനക്ക് അറിയാവുന്നത് തന്നെയാ….. നന്ദിനിടെ കാര്യം അറിയാലോ….. അവളെന്തേലും പറഞ്ഞുന്നു കരുതി മനസ് വിഷമിപ്പിക്കരുത്….. ചെറുപ്പം തൊട്ടേ അങ്ങിനെ തന്ന്യാ…..” “ഹ്മ്മ്….. ഹൈ…..ഹ്മ്മ്മ്മ്……. ഹ്മ്മ്……”” ( അമ്മ വിഷമിക്കണ്ട…… എനിക്ക് അറിയാലോ…… എന്തിനാ പിന്നേം ഇങ്ങനെ പറയണേ……. എന്റെ സുഭദ്രമ്മ സങ്കടപെടാതെ അങ്ങ് ചിരിച്ചേ…..) അഗ്നി ഒന്ന് വയറിലായി ഇക്കിളി ആക്കിയതും സുഭദ്രമ്മ ചിരിച്ചോണ്ട് അവളുടെ കൈ തട്ടിമാറ്റി. “അമ്മേ……..” പുറത്തുനിന്നു ശിഖയുടെ ശബ്ദം കേട്ടതും രണ്ടാളും അങ്ങോട്ടേക്ക് തിരിഞ്ഞു…… “അമ്മേ…..അപ്പച്ചിയും അനന്തേട്ടനും വന്നിട്ടുണ്ട്….. “അമ്മൂട്ടി പെട്ടെന്നു അകത്തേക്കു വന്നു പറഞ്ഞു. “ആഹാ ഇത്രപെട്ടെന്നിങ്ങട് എത്തിയോ……” അനന്തേട്ടന്റെ പേര് കേട്ടതെ ഞാൻ ഒന്ന് പുറകിലേക്ക് വലിഞ്ഞു….. അമ്മ പുറത്തേക്ക് നടന്നതും അമ്മൂട്ടി എന്റെ അടുത്തേക്ക് വന്നു…. “എന്താണ് നന്ദേട്ടനെ കാണാൻ അഗ്നി കുട്ടി ചെല്ലണില്ലേ……. എന്താണ് ഒരു പരുങ്ങിക്കളി….” അത് കേട്ടതും ഞാൻ പയ്യെ അവളുടെ കയ്യിൽ തട്ടി പുറത്തേക്ക് ദൃതിയിൽ നടന്നു…… ഉമ്മറത്തു ചെന്നപ്പഴേ കണ്ടു കസേരയിൽ ഇരിക്കുന്ന അപ്പച്ചിയും മുറ്റത്തുനിന്നും അകത്തേക്കു കേറുന്ന നന്ദേട്ടനെയും. ( തുടരും)

by