27/04/2026

അഗ്നിമിത്ര: ഭാഗം 24

രചന – കൽക്കി

“കുഞ്ഞേച്ചി….. എത്ര ദിവസായി എന്റെ കുഞ്ഞേച്ചിനെ കണ്ടിട്ട്….. എന്തിനാ ഇങ്ങട് വന്നേ…. ഞാൻ അങ്ങ് വരില്ലാരുന്നോ…. അല്ല ഇതെന്താ കണ്ണേട്ടൻ കൂടെ…. ഗായത്രി ചേച്ചി വന്നില്ലേ……”

സ്കൂളിന്റെ മുന്നിൽ അഗ്നിയെയും ഗൗതമനെയും കണ്ടപ്പഴേ ഓടി വന്നതാണ് അമ്മൂട്ടി.

അവളുടെ ചോദ്യങ്ങൾ കേട്ടതും അഗ്നി പകച്ചു ഗൗതമനെ നോക്കി. അവനാണെങ്കിലോ ചുണ്ടുക്കൂട്ടി പിടിച് ചിരിയോടു ചിരി.

ഹഹമ്മ്മ്… മ്മ്ഹന്ന്.. മ്മ്മ്മ്മ്ഹ്ഹ്…

( കുറച്ച് വെള്ളം എടുക്കട്ടെ )

ചോദിച്ചതും അഗ്നി പൊട്ടി ചിരിച്ചു. കണ്ടയുടനെ ഗൗതമനും തുടങ്ങി. അമ്മൂട്ടി ഇതെന്ത് തേങ്ങയാ എന്നുള്ള രീതിയിൽ രണ്ടാളേം മാറി മാറി നോക്കി.

“കുഞ്ഞേച്ചി….” നിർത്താൻ ഭാവം ഇല്ലാന്ന് കണ്ടതും അമ്മൂട്ടി കലിപ്പായി.

“നിങ്ങളെന്തിനാ ഇങ്ങനെ നിന്ന് ചിരിക്കണേ… മനുഷ്യനെ വടിയാക്കുന്നോ….”

“എന്റെ കുഞ്ഞേ…. നീയൊന്ന് ശ്വാസം വിട്ട് ചോദിക്ക് ഓരോന്ന്…. ഇങ്ങനെ പറഞ്ഞാ നീ വടി ആകും താമസിയാതെ……”

“ഓഹ് അതാരുന്നല്ലേ….” അമ്മൂട്ടി പയ്യെ ചിരിച്ചോണ്ട് അഗ്നിയുടെ നേർക്ക് നോക്കിയതും അവൾ ആണെന്ന രീതിയിൽ തലയാട്ടി.

“കണ്ണേട്ടൻ അമ്മൂട്ടിയോട് കുറച്ച് കാര്യങ്ങളൊക്കെ പറയാം… എല്ലാം കേൾക്കുവോ….”

അവൾ അവരെ നോക്കി സംശയത്തോടെ തലയാട്ടി.

🍁🍁🍁🍁🍁🍁🍁🍁

“ചേച്ചി…. ഇവിടെങ്ങാനാ നമ്മൾ നിക്കുന്നത്… വീട്ടിൽ പോകാരുന്നു നമുക്ക്.
ഗായത്രി ചേച്ചിടെ വീട് എന്നല്ലാതെ ഇവിടൊള്ളോരോട് വേറെന്ത് പരിചയാ നമുക്കുള്ളേ….”

ഗൗതമൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടും അമ്മൂട്ടിയ്ക്കു ഒരു താല്പര്യകേടായിരുന്നു. വീട്ടിൽ എത്തി അഗ്നിയെ ഒറ്റക്ക് കിട്ടിയപ്പോഴാണ് അവളത് തുറന്ന് പറഞ്ഞതും.

“കണ്ണേട്ടൻ പറഞ്ഞത് അയാൾ ഹോസ്പിറ്റലിൽ ആണെന്ന് അല്ലെ….അപ്പോ നമുക്ക് ഇനി പേടിക്കേണ്ട കാര്യോണ്ടോ.”

“ഉണ്ട് മോളെ…. ” മറുപടി പറഞ്ഞത് മുറിയിലേക്ക് കയറി വന്ന ഗൗതമൻ ആയിരുന്നു.

അവനെ കണ്ടതും രണ്ട്പേരുടെയും നോട്ടം അവനിലേക്കായി.

“ജഗൻ മാത്രേ ഹോസ്പിറ്റലിൽ ആയിട്ടുള്ളു… അവനോട് താല്പര്യമുള്ള സുഹൃത്തുക്കൾ പുറത്ത് ഉണ്ടാകാം. അങ്ങനെയുള്ളപ്പോൾ നിങ്ങൾ അവിടെ ഒറ്റക്ക് നിൽക്കുന്നത് നല്ലതാകുമോ…”

അമ്മൂട്ടിയുടെ നേർക്ക് നോക്കിയാണ് അവൻ സംസാരിച്ചത്. മറുപടി ഒന്നും ഉണ്ടാകാതെ ഇരുന്നപ്പോൾ അവൻ വീണ്ടും തുടർന്നു.

“അതുകൊണ്ടാ ഏട്ടൻ പറഞ്ഞത് ഇവിടെ നിൽക്കുന്നതാണ് നിങ്ങൾക്ക് സുരക്ഷിതം എന്ന്… ഏട്ടനെ വിശ്വസില്ലേ മോൾക്ക്….”

“അയ്യോ ഏട്ടാ… അങ്ങനെയൊന്നും പറയല്ലേ…. സ്വന്തം കുടുംബത്തിൽ ഉള്ളവര് കൂടെ നിന്ന് ചതിച്ചതാ ഞങ്ങളെ… ബന്ധത്തിൽ ഒന്നും ഒരു കാര്യോം ഇല്ലെന്ന് അന്ന് മനസിലായതാ ഞങ്ങൾക്ക് അല്ലെ കുഞ്ഞേച്ചി….”

ചിരിയോടെ അഗ്നിയുടെ നേർക്ക് തിരിഞ്ഞതും മിഴി നിറഞ്ഞു നിൽക്കുന്ന അഗ്നിയെയാണ് അമ്മൂട്ടി കണ്ടത്.

“ദാ അപ്പോഴേക്കും കണ്ണ് നിറച്ചു… ഇതാ ഞാൻ ഇങ്ങനെ ബുദ്ധിപരമായി ഒന്നും സംസാരിക്കാത്തത്. സില്ലി ഗേൾ.”

കേട്ടതും അഗ്നിയൊന്നു പാളി ഗൗതമനെ നോക്കി. അവനും അവളെ നോക്കി തന്നെയാണ് നിൽക്കുന്നത്.

ഹ്ഹ്മ്മ്‌മ്മ്മ്.

(കുരുത്തംകെട്ടത്) കണ്ണ് തുടച്ചോണ്ട് അഗ്നി പറഞ്ഞു.

“എന്നാ ഞാൻ പോയേക്കുവാ…മോൾ ഫ്രഷ് ആയി താഴേക്ക് വാ… എന്തെങ്കിലും കഴിക്കണ്ടേ…”

അവരോടായി പറഞ്ഞ് ഗൗതമൻ പുറത്തേക്ക് നടന്നു.

🍁🍁🍁🍁🍁🍁

“അമ്മ എന്താ ഇവരുടെ കാര്യത്തിൽ ഒരു കാര്യവും പറയാത്തത്… ഞാൻ പറഞ്ഞതിൽ കഴമ്പില്ലെന്ന് ഉണ്ടോ….

ഇവിടെ എത്രയായെന്ന് വെച്ചാ എല്ലാരുടെ നിക്കുന്നത്… ഇന്നിപ്പോ ഒരാളുടെ വന്നേക്കുന്നു…””

വസുന്ധരയുടെ വാക്കുകൾ കേട്ട് ഒന്നും സംസാരിക്കാതെ ഇരിക്കുകയാണ് മുത്തശ്ശി. അവരുടെ മൗനം ശ്രദ്ധിച്ചുകൊണ്ട് തന്നെ അവൾ ബാക്കി തുടർന്നു.

“ആരാ എന്താ എങ്ങനെയുള്ളവരാ എന്നൊക്കെ എങ്ങനെയാ നമുക്ക് അറിയാ… മാളൂട്ടിയെ പഠിപ്പിക്കണ ആളാണ് എന്നല്ലാതെ എന്ത് ബന്ധമാ നമുക്ക് അവരായിട്ട് ഉള്ളത്…. കണ്ണൻ ഇത് എന്ത് കണ്ടിട്ടാണോ ആണോ…. സ്ഥിര ബുദ്ധിയില്ലാതായോ…..

“വസുന്ധരെ….. വാക്കിനു പരിധി വേണം… എന്റെ കുട്ടികളെ കുറിച് മുഷിപ്പ് പറയരുത്…”

“അത്‌ അമ്മേ… ക്ഷമിക്കണം… അവന്റെ ഇത്തരത്തിൽ ഉള്ള പ്രവർത്തിയോട് പൊരുത്തപ്പെടാൻ ആകുന്നില്ല… അമ്മ ഒന്ന് സംസാരിക്കണം… ദേവേട്ടനും ഗൗരിയേച്ചിയും ഇതിൽ എതിരു പറയില്ല, അതോണ്ട് അവരോട് പറഞ്ഞിട്ട് കാര്യല്ല…വാസുവേട്ടൻ ആണേൽ പ്രേത്യേകിച് അഭിപ്രായങ്ങൾ ഒന്നുമില്ലാതാനും….പക്ഷെ നിക്ക് ഇത് ശരിയായി തോന്നണില്ല.”

“ഹ്ഹ്മ്മ്‌… നോക്കാം… ഞാൻ സംസാരിക്കാം അവനോട്….”

ഒന്ന് ഇരുത്തിമൂളിക്കൊണ്ട് മുത്തശ്ശി തിരിഞ്ഞു… പറയാൻ ഉള്ളത് പറഞ്ഞു എന്ന സംതൃപ്തിയോടെ വസുന്ധര മുറി വിട്ട് ഇറങ്ങി.

🍁🍁🍁🍁🍁🍁🍁

വസുന്ധരയുടെ സംസാരത്തിനു ഫലമെന്നോണം ഗൗതമനോട് സംസാരിക്കാനായി അവനെ മുറിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് മുത്തശ്ശി.

“മുത്തശ്ശിയ്ക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട് എന്തേ ഒന്നും മിണ്ടാതെ…. എന്തേലും കാര്യോള്ള കാര്യം ആണോ…”

“ഹ്മ്മ്മ്…. “അവര് മറുപടിയെന്നോണം ഒന്ന് മൂളി. സംശയത്താൽ മുത്തശ്ശിയെ നോക്കികൊണ്ട് തന്നെ ഇരിക്കുവാണ് ഗൗതമനും.

“അഗ്നിമിത്രയുടെ കാര്യത്തിൽ എന്താ നിന്റെ ഉദ്ദേശം… കാലാകാലം അവരെ ഇവിടെ താമസിപ്പിക്കാം എന്ന് നിനക്ക് വല്ല ഉദ്ദേശവും ഉണ്ടോ…”

“മുത്തശ്ശി എന്താ പറഞ്ഞു വരണേ….”

“എത്ര കാലമെന്ന് വെച്ച അവര് ഇവിടെ… നാട്ടുകാര് എന്ത് വിചാരിക്കും… അച്ഛനും അമ്മയും ഇല്ല, ഉള്ളത് രണ്ട് പെൺകുട്ടിയോളും ഒരു പൊടികൊച്ചും.

മനസിലാവണില്ലേ കണ്ണന്…..”

“ഇല്ല മനസിലാവണില്ല….. ഈ നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യം എന്താ ഏതാനൊന്നും തീരെ മനസിലാവണില്ല…”
ചെറുതായി ശബ്ദം ഉയർത്തി മുഷിപ്പോടെയാണ് അവനത് പറഞ്ഞത്.

“മുത്തശ്ശിയ്ക് എന്നെ വിശ്വാസം ഇല്ലേ…”

“വിശ്വാസത്തിന്റെ കാര്യമല്ല കുട്ടി…. അവരെ കുറിച് നമുക്ക് എന്തറിയാം…. ഏത് തരക്കാര് ആണെന്ന് വല്ല നിച്ഛയവും ഉണ്ടോ നിനക്ക്.”

“എല്ലാം അറിയാം…. ഒരു സഹായം വേണ്ട സമയത്ത് കൂടെ നിൽക്കാതെ ഉപേക്ഷിച്ചു കളയാൻ എനിക്ക് ആവില്ല അവരെ…. മുത്തശ്ശി ഒരു കാര്യം ഉറപ്പിച്ചോളൂ വിശ്വസിക്കാൻ കഴിയുന്നൊരു തന്നെയാ അവരും….. എല്ലാർക്കുമുള്ള സംശയത്തിന് ഉത്തരം ഞാൻ തരും സമയം ആകുമ്പോ…. അതുവരെ അവര് ഇവിടെ തന്നെയുണ്ടാകും.”

വല്ലാത്തനിശ്ചയധാർട്യത്തോടെ അത്രെയും പറഞ്ഞ് മറുപടി കാക്കാതെ എഴുനേറ്റ് പോകുന്ന ഗൗതമനെ അമ്പരപ്പോടെ മുത്തശ്ശി നോക്കി.

🍁🍁🍁🍁🍁🍁

“കുഞ്ഞേച്ചിക്ക് അമ്മൂട്ടിയെ ഒത്തിരി ഇഷ്ടാണോ…..”

അവളുടെ ചോദ്യം കേട്ടതും അഗ്നി ചെറിയൊരു പരിഭവത്തോടെ അവളിലേക്ക് തിരിഞ്ഞു.

“പറ കുഞ്ഞേച്ചി….”

മറുപടി പറയാതെ അഗ്നി കൈ വിലങ്ങനെ എടുത്ത് നെഞ്ചോട്‌ ചേർത് കണ്ണ് ഇറുക്കെ പൂട്ടി.

കണ്ടതും അമ്മൂട്ടി ഭംഗിയായി ഒന്ന് ചിരിച്ചു.

“അമ്മൂട്ടിയെ വിട്ട് കുഞ്ഞേച്ചി പോകുവോ…”

അവളുടെ ചോദ്യം കേട്ടതും അഗ്നി അമ്പരപ്പോടെ അവളെയൊന്ന് ഉറ്റുനോക്കി.

ഹ്ഹ്മ്മ്‌… മ്മ്ഹമ്മ…

( എവിടെ പോകാൻ )

“കുഞ്ഞേച്ചിയ്ക്ക് ഈ ലോകത്ത് ചിലപ്പോ ആരെങ്കിലും കാണുലെ അന്വേക്ഷിച്ചു വരാൻ ആയിട്ട്…. ഒരിക്കൽ അങ്ങനെ വന്നാ എന്നെ വിട്ടിട്ട് പോവോ….”

കണ്ണ് നിറച്ചോണ്ടുള്ള അവളുടെ ചോദ്യം കേട്ടതും അഗ്നിയ്ക്ക് ഉള്ളിൽ സ്നേഹമാണ് മുന്നിട്ടു നിന്നത്.

ഹ്ഹ്മ്മ്‌… മ്മ്ഹമ്മ.. മ്മ്ഹ്ഹ്…

( കുഞ്ഞേച്ചി ഈ ഭൂമിയിൽ ഇത്ര നാളും ജീവിച്ചത് നന്ദഗോപന്റേം സുഭദ്രയുടെയും മകളായാണ്… ഇത്ര നാളും എന്നേ വേണ്ടാത്തവര് ഇനി എവിടുന്ന് വരാനാ മോളെ….)

“അപ്പോ എന്നെ വിട്ട് പോകുലേ”

ഹ്ഹ്മ്മ്‌.. മ്മ്ഹ്ഹ്… മ്മ്ഹ്ഹ്…

(ഹാ ഇനിയിപ്പോ അങ്ങനെയാരേലും വന്നാ തന്നെ അമ്മൂട്ടിയെ വിട്ടിട്ട് ഞാൻ അങ്ങനെ പോകുന്ന് തോന്നണുണ്ടോ….

നീ മാത്രം മതി കുഞ്ഞേച്ചിക്ക്…..)

തോളിലേക്ക് ചാഞ്ഞ അമ്മൂട്ടിയെ ചേർത്ത് പിടിച്ചു അഗ്നി പയ്യെ തലോടി.

അവരു കാണാതെ അവരുടെ സംസാരം ശ്രവിച് തൊട്ട് പുറകിൽ ഗൗതമനും ഉണ്ടായിരുന്നു വാവച്ചിയെ കൈലെടുത്തുകൊണ്ട്. അത്ഭുതമായിരുന്നു അവനുള്ളിൽ.

അപ്പോൾ മണിക്കുട്ടിക്ക് അറിയാമായിരുന്നോ അവൾ അവരുടെ മകൾ അല്ലെന്ന കാര്യം… അങ്ങനെയെങ്കിൽ ആരാ അവളുടെ യഥാർത്ഥ അച്ഛനും അമ്മയും എന്ന് അവൾക് അറിയാമായിരിക്കുമോ… പക്ഷെ അവളുടെ സംസാരം കേട്ടിട്ട് അറിവുള്ളതായി തോന്നുന്നും ഇല്ല….

എന്ത് തന്നെയായാലും ഈ ഒരു അറിവ് അവൾക്കുള്ളത് എന്ത് കൊണ്ടും നന്നായിയെന്ന് അവനു തോന്നി.

ഒരുപക്ഷെ അവൾക്കു മുന്നിൽ എന്നെങ്കിലും സത്യങ്ങൾ വെളിവായാൽ അത്‌ ഉൾകൊള്ളാൻ അവൾക്കാകും.

കുറച്ച് നേരം ആലോചിച് നിന്ന ശേഷം ഗൗതമൻ മുന്നിലേക്ക് നടന്നു വന്നു.

“ഓയ്…… ചേച്ചിയും അനിയത്തികുട്ടിയും എന്താ പരുപാടി……”

അവൻ സംസാരിച്ചുകൊണ്ട് അടുത്തേക്ക് വന്നതും രണ്ടുപേരും പയ്യെ എഴുനേറ്റു.

“അമ്മൂട്ടിയെ അമ്മ വിളിക്കുന്നു…. അത്‌ പറയാനാ ഞാൻ വന്നത്……”

“ആണോ എന്നാ ഞാൻ പോയിട്ട് വരാം… അല്ല ഈ വേതാളത്തിന് തോളത്തുന് ഇറങ്ങാറായില്ലെ…. ഇവന് എന്നെ കണ്ണിനു പിടിക്കണില്ലേ ആവോ…കൊമ്പത്താ ചെക്കൻ ഏത് നേരവും.”

അമ്മൂട്ടി വന്നത് മുതൽ അവളെ കാര്യം ആയിട്ട് മൈൻഡ് ഒന്നും ചെയ്യുന്നില്ല വാവാച്ചി… അതിനു ചവിട്ടി തുള്ളി പോയപോക്കിൽ പറഞ്ഞതാണ് കക്ഷി.

അവളുടെ പോക്ക് കണ്ടു ചിരിച്ചോണ്ട് തിരിഞ്ഞ അഗ്നി കണ്ടത് തന്നെ നോക്കി നിൽക്കുന്ന ഗൗതമനെയാണ്. മുഖത്തു ഉണ്ടായ ചിരി അത്പോലെ തന്നെ പിൻവാങ്ങി.

ഒരുനിമിഷം വെള്ളം ഇറക്കി അവൾ ചുറ്റിനും ഓടിച്ചു. അപ്പോൾ അവളുടെ മനസ്സിൽ തെളിഞ്ഞത് ഇന്നലെ അവനെ അങ്ങോട്ട്‌ കെട്ടിപിടിച്ച കാര്യമാണ്.

എന്തിനാണെന്ന് ഒന്നും അറിയില്ല…. ഒറ്റപെട്ടു നിന്നപ്പോ കൂടെയുണ്ടെന്ന് ഉള്ള ധൈര്യത്തിൽ ചേർന്ന് നിന്ന് പോയതാണ്.

പലവിധ ചിന്തകളാൽ ഉഴറി നിൽക്കുന്ന അഗ്നിയെ നോക്കികൊണ്ട് ഉറങ്ങുന്ന വാവച്ചിയെ മടിയിൽ കിടത്തി ഒരു കൈ താടിയ്ക്ക് കുത്തി ഇരിപ്പിടത്തിലായി അവൻ ഇരുന്നു, ഒരു ചിരിയോടെ.

ആലോചനയ്ക്ക് ശേഷം തല ഉയർത്തി നോക്കിയതും ഗൗതമനെ കാണാഞ്ഞു അവൾ ചുറ്റിനും നോക്കി.

മറുവശത്തെ അവളെ തന്നെ നോക്കി താടിയ്ക് കുത്തി ഇരിക്കുന്ന അവനെ കണ്ടതും പൊടുന്നനെ അവൾക്ക് ചിരി വന്നു.

“എന്താ ടീച്ചറെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നുണ്ടോ…….”

അവന്റെ ചോദ്യം കേട്ടതും കണ്ണുകൾ പുറത്തേക്ക് മിഴിഞ്ഞ് ഒരുനിമിഷം അവൾ നിന്നു.

അടക്കിപിടിച്ച ഗൗതമന്റെ ചിരി കേട്ടാണ് അവൾ ആദ്യത്തെ പകപ്പിൽ നിന്ന് മാറിയത്. ഒന്നും മിണ്ടാതെ വെപ്രാളംത്തോടെ തിരിഞ്ഞു നടക്കുമ്പോൾ പുറകിൽ നിന്ന് ആദ്യത്തെ ചിരി മാറി പൊട്ടിച്ചിരി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു, അവളിലും വിരിഞ്ഞു അത്രയും മനോഹരമായി മറ്റൊരു പുഞ്ചിരി.

( തുടരും )