രചന – കൽക്കി
ദേ അടിമേടികുട്ടോ അഗ്നി…… പറഞ്ഞാലും കേൾക്കില്ല, ആ തല ഒന്ന് താഴ്ത്തിക്കെ…..”
പയ്യെ ഒന്ന് തല താഴ്ത്തി കൊടുത്തതും
അമ്മ ഒന്ന് ചെറുതായി കൈക്ക് തട്ടി നിറുകിൽ രാസ്‌നദി പൊടി ഇട്ടു ഒന്ന് തിരുമ്മി….
“ചെല്ല് വെള്ളം എടുത്ത് വെച്ചിട്ടുണ്ട്….. പനി ആക്കാൻ കാക്കണ്ട….. ആവി ചെല്ലുമ്പോ ആശ്വാസം കിട്ടും.”
മറുത്ത് പറഞ്ഞാലും സമ്മതിക്കില്ല എന്ന് അറിയാവുന്നോണ്ട് ഒന്ന് ചിരിച് തലയാട്ടി കാണിച്ച് ആ കവിളിലൊന്ന് മുത്തികൊണ്ട് അകത്തേക്കു നടന്നു.
ആവി പിടിച്ചു കഴിഞ്ഞു തലപൊന്തിച്ചതും അടുത്ത് ഒരു ഗ്ലാസ് അടച്ചു വെച്ചിരിക്കുന്നത് കണ്ടു.
ഒരു ചിരിയോടെ മൂടി തുറന്നതും ആവി മുകളിലേക് പൊന്തി. പയ്യെ ഗ്ലാസ് കയ്യിലെടുത്തു മൂക്കിലേക് അടുപ്പിച്ചു… തുളസി, ഏലക്ക, ചുക്ക്,പനികൂർക്ക അതിനും പുറമെ നല്ല അസ്സൽ കാപ്പിപ്പൊടിയുടെ ഗന്ധവും ചേർന്ന് മൂക്കിലേക് ഇരച്ചെത്തി…. പണ്ട് മുതലേ ഉള്ള ശീലമാണ് കാപ്പിയായാലും ചായ ആയാലും കുടിക്കുന്നതിനു മുന്നേ മൂക്കിലെക് ചേർത്ത് വെച്ച് ഒന്ന് മണക്കുന്നത്…..
ഒരു ഇറക്ക് കുടിച്ചോണ്ട് പയ്യെ തിണ്ണയിലേക് നടന്ന് അരമതിലിൽ കേറി ഭിത്തിയിൽ ചാരി ഇരുന്നു….. മഴ അപ്പോഴും പെയ്ത് തോർന്നിട്ടില്ല….പയ്യെ കൈനീട്ടി കുറച്ച് വെള്ളം കൈയിലേക് വീഴ്ത്തി തട്ടികളഞ്ഞു…..
“അഗ്നി……. നിന്നോട് പറഞ്ഞ അനുസരികിലാന്ന് അറിയാം…. എന്നാലും ഇപ്പഴ്ത്തെ തുമ്മലൊന്ന് മാറിയിട്ട് മതി അടുത്തത്…..”
അതും കേട്ടതും പയ്യെ കൈ പിൻവലിച്ചു അമ്മയെ ഒന്ന് പിണക്കത്തോടെ നോക്കി. അമ്മയവിടെ തന്നെ നോക്കി വാതിലിനോട് ചേർന്ന് നിൽക്കുന്നു.
“എന്റെ അമ്മ ആരോടാ ഈ പറയണേ…. മഴ കൊള്ളുന്നത് ഒഴിച്ച് മറ്റെന്തും അമ്മ പറഞ്ഞോ അമ്മേടെ അഗ്നികുട്ടി റെഡി.
അല്ലെ കുഞ്ഞേച്ചി…..”
ഒരു ചിരിയോടെ അകത്തെ റൂമിൽ നിന്നും അമ്മൂട്ടി അതും പറഞ്ഞ് എന്റെ അടുത്ത് വന്നിരുന്നു. നേരെ നോക്കിയതും അത് ശെരി വെക്കുന്ന പോലെ അമ്മയും തലയാട്ടി…..
രണ്ട് പേരേം നോക്കി ഒന്ന് പുഞ്ചിരിച്ചു കാപ്പി മൊത്തിക്കൊണ്ട് പയ്യെ മഴയിലേക് തന്നെ ശ്രെദ്ധ തിരിച്ചു….
കൈയിൽ ഒരു തോണ്ടൽ അറിഞ്ഞു തല ചെരിച്ചു നോക്കിയതും കണ്ടത് ചിരിച്ചോണ്ട് തന്നെ നോക്കി ഇരിക്കുന്ന അമ്മൂട്ടിയെ ആണ്….
അതിന്റെ അർത്ഥം മനസിലായപോലെ കൈയിലെ ഗ്ലാസ് ഒന്ന് നീട്ടി…. അത് കണ്ട് നിറഞ്ഞ സന്തോഷത്തോടെ അവള് അത് വാങ്ങി കുടിച് തുടങ്ങി.
“അതെ അപ്പൊ എനിക്കില്ലേ കാപ്പി ഒന്നും….”അകത്തു നിന്നും അതും പറഞ് വല്യേച്ചിയും ഇറങ്ങി വന്നു. വീർത്ത വയറിൽ ഒരു കൈ വെച്ച് നടുവിൽ മറ്റേ കൈ താങ്ങിയും ആണ് നിൽപ്പ്.
“അയ്യടാ വല്യേച്ചിക്ക് കാപ്പി വേണേൽ അകത്തു ചെന്ന് ഇട്ട് കുടിച്ചോ…… ഇതെന്റെ കുഞ്ഞേച്ചി ഈ അമ്മൂട്ടിക് മാത്രായിട്ട് തന്നതാ……”
“അല്ലെ കുഞ്ഞേച്ചി…….”എന്റെ നേരെ നോക്കി അമ്മൂട്ടി ചോദിച്ചതും കണ്ണൊന്നു ഉരുട്ടി പെണ്ണിന്റെ തലയിലായി ഒന്ന് കിഴുക്കി.
“സ്സ്സ്സ്സ്സ്സ്…….”വേദനിച്ചെന്ന പോലെ പെണ്ണൊന്ന് എരിവ് വലിച്ചതും ഞാൻ ഒന്നുടെ കണ്ണുരുട്ടി അവിടുന്ന് പയ്യെ എണീറ്റ് വല്യേച്ചിടെ അടുത്തേക്ക് ചെന്നു.
വല്യേച്ചിടെ കൈയിൽ പിടിച് കസേരയിൽ പയ്യെ ഇരുത്തി. എന്നിട് പയ്യെ മുട്ടിൽ ഇരുന്ന് ആ വീർത്ത വയറിലേക് മുഖം ചേർത്തു. ചിറ്റേടെ സാമിപ്യം അറിഞ്ഞപോലെ എന്റെ വാവൂട്ടി പയ്യെ അകത്തുനിന്ന് ഒന്ന് കുതിച്ചു.
കൈയെടുത്ത വയറിലേക് ചേർത്തു തലോടി അവിടെ ചുണ്ട് ചേർത്തു. മുഖം ഉയർത്തി വല്യേച്ചിയെ നോക്കിയപ്പോ കണ്ടത് ഒഴുകാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ ആണ്. എന്തുകൊണ്ടാണെന് മനസിലായത് കൊണ്ട് തന്നെ പയ്യെ എണീറ്റു കണ്ണുതുടച്ചു ആ നെറ്റിയിലും ഒന്ന് ചുണ്ട് ചേർത്തു.
“അപ്പൊ എനിക്കില്ല…….”പുറകിൽ നിന്നും അമ്മൂട്ടിടെ കുശുമ്പ് നിറഞ്ഞ ശബ്ദം കേട്ടതും ചിരിയോടെ തിരിഞ്ഞു.
നോക്കിയപ്പോ മുഖം വീർപ്പിച്ചു വെച്ചിരിക്കുന്നു.
“അയ്യടി കൊറച്ചു മുൻപ് ഇച്ചിരി കാപ്പി ഞാൻ ചോദിച്ചപോൾ എന്തൊരു ഗമ ആരുന്നു പെണ്ണിന്. ഇതേ എനിക്ക് മാത്രോള്ള സ്പെഷ്യൽ ഉമ്മയാ. നിനക്കില്ല…….”
വല്യേച്ചി പറഞ്ഞതും വീർപ്പിച്ച വെച്ച അമ്മൂട്ടീടെ കവിള് ഒന്നുകൂടി വീർത്തു. അത് കണ്ടു വല്യേച്ചി പൊട്ടിച്ചിരിച്ചപ്പോ അമ്മൂട്ടി എന്നെ നോക്കി മുഖം ചുളുക്കി. ഞാൻ ഒരു ചിരിയോടെ അവളെ കൈയാട്ടി അടുത്തേക് വിളിച്ചു കവിളൊരു ഉമ്മ കൊടുത്തു.
“കണ്ടോ എന്റെ കുഞ്ഞേച്ചി പാവാ……”എന്നെ കെട്ടിപിടിച്ചോണ്ട് അമ്മൂട്ടി വല്യേച്ചിനെ നോക്കിപേടിപ്പിച്ചു പറഞ്ഞു.
അത് കണ്ടു വല്യേച്ചി ഒന്ന് കണ്ണ് ചിമ്മി കാണിച്ചതു കണ്ടുകൊണ്ട് അവളെ വല്യേച്ചിടെ അടുത്തു പിടിച്ചിരുത്തി വയറിൽ കൈ വെപ്പിച്ചു.
“ദേ വാവൂട്ടി അനങ്ങണു. പെട്ടെന്ന് വായോ കുഞ്ഞാ എന്നിട് വേണം നമുക്ക് നിന്റെ അമ്മയെ ഒന്ന് ശെരിയാക്കാൻ.”
ചുണ്ടുകോട്ടികൊണ്ട് വല്യേച്ചിനെ നോക്കി അമ്മൂട്ടി പറഞ്ഞതും തിരിച് അവിടുന്നും ഒരു കണ്ണുരുട്ടല് കിട്ടി…..
പണ്ടേ ഇവര് രണ്ടുപേരും ഇങ്ങനെ ആണ്….. എപ്പഴും ഒന്നും രണ്ടും പറഞ്ഞോണ്ട് ഇരിക്കും….. എന്നാലോ രണ്ടുപേർക്കും തമ്മിൽ കാണാതെ ഇരിക്കാനും വയ്യ. പയ്യെ വല്യേച്ചി എന്നെയും അടുത്തേക്ക് ചേർത്തു വെച്ചു.
ഇതുകണ്ടു കണ്ണ് നിറഞ്ഞ് അമ്മ പയ്യെ അകത്തേക്കു നീങ്ങി.
🌸🌸🌸🌸🌸🌸
“എന്തിനാ ഗോപേട്ടാ ഞങ്ങളെ വിട്ടു പോയത്…. ഞാനുടെ ഇല്ലാണ്ട് ആയാൽ നമ്മുടെ മക്കള് ഒറ്റക്കായി പൊകുലേ….. എന്നും രാത്രി കണ്ണടക്കാൻ നേരത്തു മനസ്സിൽ ഒരാധിയാ, നേരം വെളുക്കുമ്പോ ജീവനുണ്ടാവൊന്ന് ഓർത്ത്. ജീവിക്കാൻ ഉള്ള കൊതികൊണ്ട് അല്ല….. നമ്മടെ മക്കള് ഒറ്റക്കായി പോകരുത് ഒരിക്കലും…. ആകെ ഉള്ള ഒരാശ്വാസം നന്ദിനി ഒരു വിളിപ്പാടകലെ ഉള്ളതാ…… മനസ് കൊണ്ട് ഏട്ടനും കൂടെ കാണണം ഇവരുടെ കൂടെ….
കുറച്ച് ദിവസായിട് വല്ലാത്തൊരു അസ്വസ്ഥത മനസിന്………. “കണ്ണടച്ചു ഒരു നിമിഷം നിന്നു.
തോളിൽ ഒരു സ്പർശനം അറിഞ്ഞു തിരിഞ്ഞു നോക്കിയപ്പോ കണ്ടത് കണ്ണ് നിറച്ചോണ്ട് നിൽക്കുന്ന അഗ്നിയെ ആണ്.
കൈ എടുത്ത് വിഷമിക്കണ്ടന്ന് ഉള്ള രീതിയിൽ ആംഗ്യം കാണിച്ച് അവൾ എന്റെ കണ്ണ് തുടച് തന്നു.
എന്റെ കണ്ണ് നിറഞ്ഞാൽ മക്കൾക്ക് ആർക്കും സഹിക്കില്ല അതോണ്ട് തന്നെ പെട്ടെന്ന് മുഖം സാരിതുമ്പാൽ ഒന്ന് തുടച്ചു അഗ്നിയുടെ നേരെ നോക്കി ചിരിച്ചു.
“ഒന്നുല്ലടാ പൊന്നെ….. അമ്മയ്ക്ക് അച്ഛനെ പെട്ടെന്നു ഓർമ വന്നു അത്രേ ഉള്ളൂട്ടോ…… “ഞാൻ അഗ്നിയുടെ കണ്ണുനീര് തുടച്ചോണ്ട് പറഞ്ഞു.
“മക്കള് ചെന്നു അടുപ്പിലെ കറി എന്തായിന്ന് ഒന്ന് നോക്കിക്കെ… അമ്മൂട്ടി ഇപ്പോ വരും വിശക്കണെന്നും പറഞ്ഞു…. “അമ്മ ചിരിച്ചോണ്ട് പറഞ്ഞു.
അഗ്നി ഒന്ന് ചിരിച് തലയാട്ടി കാണിച്ചു റൂമിന്റെ പുറത്തേക് നടന്നു.
“ഹാ അഗ്നി……. നന്ദിനി വരും കേട്ടോ രാവിലെ എന്നെ വിളിച്ചപ്പോ പറഞ്ഞിരുന്നു അവൾ. അനന്തൻ വന്നിട്ടുണ്ട് ചിലപ്പോ രണ്ടാളുടെ ആകും വരണത്. നി കുറച്ച് മോര് കാച്ചി വെച്ചോളൂ.. അനന്തന് ഊണിനു കൊടുക്കാം….”
അനന്തന്റെ പേര് കേട്ടപ്പഴേ ചുവന്ന പെണ്ണിന്റെ മുഖം നോക്കി ചിരിയോടെ പറഞ്ഞു.
അത് കേട്ടതും ചിരിച്ചോണ്ട് പെണ്ണ് പുറത്തേക്ക് നടന്നു.
നന്ദഗോപാനും സുഭദ്രക്കും 3 പെണ്മക്കൾ ആണുള്ളത്… മൂത്തവൾ അഗ്നിശിഖ, ശിഖയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആയി….6 മാസം മുന്നേയുണ്ടായ ആക്‌സിഡന്റിൽ ആകാശ് മരിച്ചു… അന്ന് ശിഖ 3 മാസം ഗർഭിണിയായിരുന്നു….. ആകാശിന്റെ താല്പര്യം മുൻനിർത്തിയുള്ള വിവാഹം ആയിരുന്നതിനാൽ അവരുടെ ബന്ധത്തിന് ആ വീട്ടുകാർക്ക് ആദ്യമേ താല്പര്യം ഇല്ലായിരുന്നു. ആകാശിന്റെ മരണശേഷം വയറ്റിൽ ഉള്ള കുഞ്ഞിനെ പോലും പരിഗണിക്കാതെ ശിഖയെ ആ വീട്ടുകാർ ഇറക്കിവിട്ടു. അങ്ങനെ ശിഖയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോന്നു.
രണ്ടാമത്തെ ആൾ അഗ്നിമിത്ര. എല്ലാവരുടെയും അഗ്നി…… അഗ്നി കോളേജിൽ പഠിക്കുമ്പോഴാണ് നന്ദഗോപന്റെ മരണം…… ജന്മനാ സംസാരശേഷി നഷ്ടമായവൾ…… നൃത്തതെ ജീവന് തുല്യം ഉപസിക്കുന്നവൾ…. നന്ദഗോപന്റെ സഹോദരിയാണ് നന്ദിനി……ഒരേഒരു മകൻ അനന്തകൃഷ്ണൻ……ടൗണിൽ ഒരു സൂപ്പർമാർകെറ്റ് സ്വന്തമായി നടത്തുന്നു. അഗ്നിയുടെയും അനന്തന്റെയും വിവാഹം ചെറുപ്പത്തിലേ പറഞ്ഞു വെച്ചിരിക്കുന്നതാണ്. എല്ലാവർക്കും അനന്തൻ ആയവൻ അഗ്നിയുടെ നന്ദൻ ആണ്. 1 മാസം ആയി ആള് വീട്ടിൽ ഇല്ല എന്തോ ആവശ്യമായി ബന്ധപെട്ടു പുറത്തായിരുന്നു.
ഇളയ ആളാണ് ആഗ്നേയ…. എല്ലാവരുടെയും അമ്മൂട്ടി….. ആ വീട്ടിലെ കിലുക്കം പെട്ടി ആണവൾ……ഇപ്പോ 10ആം ക്ലാസ്സിൽ പഠിക്കുന്നു….. എപ്പഴും കലപില സംസാരിച്ചു ഓരോരുത്തരുടെയും പുറകെ കൂടുന്നതാണ് ആളുടെ പ്രധാന ഹോബി.
(തുടരും)

by