രചന – കൽക്കി
“ഗൗരിയേച്ചിയ്ക് എന്താ പറ്റിയെ…. ആഹ് കൊച്ചിനെ നോക്കിക്കോളാം എന്ന് ആർക്കേലും വാക്ക് പറഞ്ഞു ഏല്പിച്ചിട്ടുണ്ടോ…..
ലീവ് എടുത്ത് വന്ന് ഇരിക്കണു…. അതും ആരോരും ഇല്ലാത്ത കൊറേ എണ്ണത്തിന് വേണ്ടി…..””
“വസു….. സൂക്ഷിച് സംസാരിക്കണം…സ്വന്തം അച്ഛനും അമ്മയും നഷ്ടപെട്ടത് ആഹ് കുട്ടികളുടെ കുറ്റം കൊണ്ടാണോ…. കൂടപ്പിറന്നവൾ പ്രസവകിടക്കിയയിൽ വെച്ച് മരണപെട്ടത് അവര് കാരണാണോ….”
നിർത്താൻ ഭാവം ഇല്ല എന്നുകണ്ടപ്പോൾ ഗൗരി രൂക്ഷമായി അവളെ നോക്കികൊണ്ട് തുടർന്നു.
“നാളെ എന്റെ മാളൂട്ടിക്കും ഇതുപോലൊരു അവസ്ഥവരുവാണേൽ ഇങ്ങനെ തന്നെ ആയിരിക്കുവോ വസൂന്റെ പ്രതികരണം….”
“ഗൗരിയേച്ചി…..അവളെ പോലെയാണോ നമുക്ക് അവര്….”
“അതെ അങ്ങനെ തന്നെയാണ്…. അവരും ആരുടെയോ മക്കളു തന്നെയാ…..” അത് നീ എന്ന് മനസിലാക്കും ”
“മാളു നമ്മുടെ കുട്ടിയല്ലേ ചേച്ചി…. ഞാൻ അവളോട്….. അങ്ങനൊന്നും പറയല്ലേ…..” അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“വിഷമിക്കാൻ പറഞ്ഞതല്ല വസു…. മാളൂനെ പോലെയുള്ള മക്കളാ അതും…. ഈ പ്രായത്തിൽ ഒറ്റപ്പെട്ടുപോയവർ…. ആഹ് കുഞ്ഞിനെ നീ കണ്ടില്ലേ….. എന്റെ മാളു തന്നെയാ അഗ്നിമോളും അമ്മൂട്ടിയും എനിക്ക്….. ഇനി എങ്കിലും നീ അത് മനസിലാക്കണം….”
ഒന്നും മിണ്ടാതെ നിൽക്കുന്ന വസുന്ധരയെ തന്റെ നേർക്ക് തിരിച്ചു നിർത്തി ഗൗരി നോക്കി.
“അവര് വന്നപ്പോൾ തൊട്ടുള്ള നിന്റെ ഇഷ്ടക്കേട് എനിക്ക് മനസിലായതാ… പക്ഷെ ഇനി അത് വേണ്ടാ വസു….. നന്മയുള്ള കുട്ടിയോളാ അവര്….. ഒരാപത്തിൽ സഹായിച്ചാൽ അതിന്റെ നന്മ നമ്മുടെ പിൻതലമുറയ്ക്കുണ്ടാകും….”
ഗൗരിയ്ക് വസുന്ധര സ്വന്തം അനിയത്തി തന്നെയാണ്. പലപ്പോഴും അവരോടുള്ള ഒരനിഷ്ടം മനസ്സിലാക്കിയിരുന്നു താൻ. അത് അവർക്കും സങ്കടായി തുടങ്ങിയപ്പോൾ തന്നെ തീരുമാനിച്ചതാണ് ഇങ്ങനെ ഒരു പറച്ചിൽ. ഇതിപ്പോ ഇങ്ങനെ കഴിഞ്ഞതോർത്തു ഒരു സമാധാനം.
വസു പാവാ.ആർക്കും ദ്രോഹോന്നും ചിന്തിക്കില്ല, പെട്ടെന്നു അംഗീകരിക്കാൻ പറ്റികാണില്ല.
ഓർത്തുകൊണ്ട് വസുന്ധരയെ ഒന്നുടെ നോക്കികൊണ്ട് ഗൗരി അടുക്കളയിൽ നിന്ന് പുറത്തേക്ക് നടക്കാൻ തിരിഞ്ഞു.
പക്ഷെ വാതില്പടിയിലായി നിൽക്കുന്ന അഗ്നിയെ കണ്ടൊന്ന് സംഭ്രമിച്ചു അവൾ. പറഞ്ഞതൊക്കെ കേട്ടിട്ടുണ്ടാകും എന്ന് ഗൗരിയ്ക് അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ മനസിലായി.
ഗൗരീ തന്നെ ശ്രദ്ധിക്കുന്നത് കണ്ടതും അഗ്നി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. അവൾ പയ്യെ മുഖമൊന്നു അമർത്തി തുടച്ചു മുന്നോട്ടെക് നടന്നു വന്നു.
അനങ്ങാതെ നിൽക്കുന്ന ഗൗരിയെ നോക്കികൊണ്ടാണ് വസുന്ധര തിരിഞ്ഞത്. തങ്ങളുടെ അടുകലേക്ക് വരുന്ന അഗ്നിയെ കണ്ടതും അവരും ഒന്ന് വല്ലാതായി.
വസു ഗൗരിയുടെ നേർക്ക് ഒന്ന് നോക്കി.
അഗ്നി നേരെ നടന്ന് വസുന്ധരയുടെ മുന്നിലായി നിന്നു.
ഹഹ…. മ്മ്ഹ്ഹ്…. മ്മ്മ്ഹ… മ്മ്ഹ്ഹ്.
(എന്നോട് ക്ഷമിക്കണം…. ഞങ്ങളുടനെ പൊക്കോളാം…..ഞങ്ങളുടെ പേരിൽ നിങ്ങൾ ആരും തമ്മിൽ ഒരു മുഷിച്ചിൽ ഉണ്ടാകരുത്.)
മുന്നിൽ വന്ന് തലകുമ്പിട്ടു പറയുന്നവളെ വസുവൊന്ന് നോക്കി. ഇത്ര നാളായിട്ടും അവളോട് ഒരു അടുപ്പത്തിനും ശ്രമിച്ചിരുന്നില്ല. അത്കൊണ്ടാകാം അഗ്നി പറയുന്നത് എന്താണെന്ന് അവർക്ക് മനസിലാകുന്നുണ്ടായിരുന്നില്ല…
വസു നിസ്സഹായതയോടെ ഗൗരിയെ നോക്കി.
“അവരുടെ പേരിൽ നമ്മള് വിഷമിക്കരുത് ഉടനെ പൊക്കോളാന്ന പറയണേ….”
ഗൗരി പറഞ്ഞതും വസുന്ധര അഗ്നിയുടെ നേർക് നോക്കി, അവളുടെ മുഖം പിടിച്ചുയർത്തി.
അവളുടെ സങ്കടം കൊണ്ട് വിങ്ങിയ മുഖം കണ്ടപ്പോൾ പറഞ്ഞുപോയാ കാര്യങ്ങൾ ഓർത്ത് അവര്ക് സ്വയം കുറ്റബോധം തോന്നി.
“എനിക്ക്…. ഞാൻ….. എന്റെ ബുദ്ധിയില്ലായ്മ ആണെന്ന് കരുതണം മോൾ…. ഗൗരിയേച്ചിയുടെ അത്ര പഠിപ്പൊ വിവരോ ഒന്നുല എനിക്ക്….. എന്തൊക്കെയോ ചിന്തിച് കൂട്ടി പോയി…. മക്കള് ഇവിടെ നിന്നോ…. നിക്ക് ഒരു കുഴപ്പോം ഇല്ലായ്‌ട്ടോ…. എന്റെ പേരിൽ അങ്ങനൊരു കണ്ണീരൂടെ നിങ്ങൾക്കുണ്ടായാൽ അത് വലിയൊരു തെറ്റായി പോകും….
എന്നോട് ക്ഷമിക്കണം……”
അത്രയും പറഞ്ഞു വസുന്ധര പെട്ടെന്നു പുറത്തേക്ക് നടന്നു. അഗ്നി സങ്കടത്തോടെ ഗൗരിയെ നോക്കി.
“മോള് വിഷമിക്കണ്ടട്ടോ….. അവളൊരു പാവാ….. ചെറിയെന്തൊരു നീരസം ഉണ്ടായിരുന്നു അവൾക്….. അതുകൊണ്ടാ ഇങ്ങനൊക്കെ…. പറഞ്ഞത് മനസിലാവുന്നുണ്ടോ……”
അഗ്നി നിഷേധാർത്ഥത്തിൽ തല കുലുക്കി.
ഹ്മ്മ്…. മ്മ്…. മ്മ്മ്ഹ….. മ്മ്ഹ്ഹ്…..
(ഞങ്ങളു തിരിച് പോയ്കോളാം അമ്മേ…… ഇവിടെ എല്ലാർക്കും ബുദ്ധിമുട്ടാ…..)
ഗൗരിയുടെ കൈയിൽ കൈകോർത്തു അവൾ പറഞ്ഞു.
“അങ്ങനങ്ങു പോകാൻ ആണോ എന്റെ കണ്ണൻ നിങ്ങളെ ഇവിടെ കൊണ്ടുവന്നെ….. ഒരു കുഴപ്പവും ഇല്ല….. വസു ഇനി നിങ്ങളോട് പിണക്കൊന്നും കാണിക്കില്ല….. അമ്മയല്ലേ പറയണേ….. അമ്മേനെ വിശ്വസില്ലേ മോൾക്ക്…..”
ഹ്ഹ്മ്മ്…..മ്മ്മ്മ്
(വിശ്വാസാ )
അഗ്നി പറയുന്നത് കേട്ടതും ഗൗരി അവളെ ചേർത് പിടിച്ചു പുറത്തേക്ക് നടത്തി.
ഹ്ഹ്മ്….ഹഹമ്മ്മ്…. ഹ്ഹ്മ്മ്….. മ്മ്മ്മ്ഹ…..
(ഞാൻ വാവച്ചിയെ കൊണ്ടുപൊക്കോട്ടെ അമ്മേ കൂടെ )
അഗ്നി പയ്യെ ഗൗരിയോടെ ചോദിച്ചത് കേട്ടതും ഗൗരവഭാവത്തിൽ അവളെ അവർ നോക്കി.
“അമ്മേനെ വിശ്വാസാന്ന് പറഞ്ഞിട്ട് വാവച്ചിയെ നിർത്തിട്ടു പോകാൻ മാത്രം വിശ്വാസം തോന്നുന്നില്ലേ നിനക്ക്…..”
മറുപടിയൊന്നും പറയാതെ അവൾ മുഖം തിരിച്ചു.
“അമ്മ നോക്കിക്കോളാം എന്റെ കുട്ടികുറുമ്പനെ….. വസു പറഞ്ഞത് ഓർത്തിട്ട ഈ പറഞ്ഞെന്ന് എനിക്ക് മനസിലായി….. ഇനി അത് മനസ്സിൽ വെക്കേണ്ട…..”
ഹ്ഹ്മ്… മ്മ്
(അമ്മേ ഞാൻ )
“ഒന്നും പറയണ്ട…… നീ ക്ലാസ്സിൽ പൊക്കോ…..പോയത് വേഗം ഇങ്ങു തിരിച് വന്ന മതി…”
തൃപ്തി വരാതെയുള്ള അഗ്നിയുടെ തലയാട്ടൽ കണ്ട് ഗൗരി ചിരിയോടെ അവളെ പറഞ്ഞ് വിട്ടു.
🍁🍁🍁🍁🍁🍁
ഇതെന്താ ഈ കിടക്കുന്നെ…..
അഗ്നി ഓർത്തുകൊണ്ട് അത് കൈയിൽ എടുത്ത് തിരിച് നോക്കി.
പഴയൊരു ഫോട്ടോ ആണ്….. കാലപ്പഴക്കം എടുത്ത് കാണിക്കുന്നുണ്ട്.
നിഹാരത്തിൽ നിന്ന് തിരിച് വന്ന് ഒന്ന് ഫ്രഷ് ആയി മുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അഗ്നി മുത്തശ്ശിയുടെ മുറിയുടെ വാതിക്കൽ ആയി എന്തോ കിടക്കുന്നത് കണ്ടത്.
അടഞ്ഞു കിടക്കുന്ന വാതിൽ ഒന്ന് തള്ളി തുറക്കാൻ കൈ ആഞ്ഞപ്പോഴേക്കും മുറിയിൽ നിന്ന് വാവച്ചിയുടെ കരച്ചിൽ അവൾ കേട്ടു.
ഉറക്കത്തിൽ നിന്ന് എഴുനേറ്റുള്ള കരച്ചിൽ ആണ്. അഗ്നി ദൃതിയിൽ തിരിഞ്ഞ് മുകളിലേക്ക് നടന്നു.
🍁🍁🍁🍁🍁🍁
“ചേച്ചി………”ഗായത്രിയുടെ നീട്ടിയുള്ള വിളി കേട്ട് അഗ്നി ചിരിച്ചുകൊണ്ട് വാതിക്കലേക്ക് നോക്കി.
ആളെ കാണാഞ്ഞിട് തിരക്കി വന്നതാ ഞാൻ.
ഹ്ഹ്മ്മ്…. മ്മ്ഹ…. മ്മ്ഹ്ഹ്…..
(ഞാൻ താഴേക്ക് വന്നതാ…. അപ്പോഴേക്കും ഇവൻ എണീറ്റ് ഒറ്റ കരച്ചിൽ…..)
“ആണോടാ കുറുമ്പാ…. നീ കരഞ്ഞോ…..” അവൾ വാവച്ചിയുടെ കാലിന്റെ അടിയിൽ ഇക്കിളി ആക്കി ചോദിച്ചു.
ഉറക്കത്തിന്റെ ആലസ്യത്തിൽ ആയത്കൊണ്ട് അവൻ ചെറുതായി ചിണുങ്ങി കൊണ്ട് കാൽ ഇളക്കി മാറ്റി.
ഹ്ഹ…. മ്മ്മ്ഹ… മ്മ്ഹ്ഹ്…
(കരച്ചിൽ ഒന്ന് അടങ്ങിട് വരാന്നു കരുതിയ ഇവിടെ തന്നെ നിന്നത്.)
അഗ്നി ചിരിയോടെ പറഞ്ഞു നിർത്തിയപ്പോഴാണ് ബെഡിൽ ആയി കിടക്കുന്ന ഫോട്ടോ ഗായത്രിയുടെ ശ്രദ്ധയിൽ പെട്ടത്.
“അഗ്നിയേച്ചി… ഇതെവിടുന്ന് കിട്ടീതാ….”
അതിശയത്തോടെയും അതിലുപരി സംശയത്തോടെയും ആണ് അവളുടെ ചോദ്യം.
ഹ്ഹ്മ്മ്….. മ്മ്ഹത്തെ… എംഎംഎംഹ്ഹ്…
(താഴേക്ക് ഇറങ്ങിപ്പോ മുത്തശ്ശിയുടെ റൂമിനു മുന്നിലായി കിടക്കുന്നത് കണ്ടതാ അപ്പൊ…..)
“മുത്തശ്ശിയുടെ റൂമിന്റെ മുന്നിലോ….”
അവളെ പറഞ്ഞ് തീർക്കാൻ അനുവദിക്കാതെ ഗായത്രി ചാടി എഴുനേറ്റ് ചോദിച്ചു.
ഹ്ഹ്മ്മ്….
അഗ്നി അതേയെന്ന് തലകുലുക്കി..
ഹ്ഹ്മ്മ്… ഹ്ഹ്മ്മ്
(എന്താ….. ഇതാരാ…)
ഫോട്ടോയിലുള്ള ആളുടെ രൂപം ശ്രദ്ധിച്ചുകൊണ്ട് അഗ്നി ചോദിച്ചു.
പകുതിയോളം ഭാഗം ഫോട്ടോയിൽ ഉണ്ട്…. മുഖത്ത് വലിയൊരു വട്ടപൊട്ടും ചന്ദനകുറിയും…. അവൾ ഗായത്രിയുടെ കൈയിൽ നിന്ന് ഫോട്ടോ വാങ്ങി അത് തന്നെ നോക്കി നിന്നു.
‘ഇത്….ഞങ്ങടെ അപ്പച്ചിയാ…..”
അവളുടെ വാക്കുകേട്ട് അഗ്നി മുഖമുയർത്തി.
ഹ്ഹ്മ്…. മ്മ്ഹ്ഹ്…..
(ഞാൻ കണ്ടില്ലലോ ഇതുവരെ ആയിട്ട് ഇവിടല്ലേ താമസം.)
അഗ്നി ചോദിച്ചു.
“അപ്പച്ചി മരിച്ചു പോയി കുഞ്ഞേച്ചി… എനിക്ക് കൂടുതൽ ഒന്നും അറിയില്ല…. ഇവിടാരും അങ്ങനെ സംസാരിക്കാറൊന്നും ഇല്ല….. അമ്മ പറഞ്ഞു കുറച്ചൊക്കെയേ എനിക്കറിയൂ…. ഞാൻ ജനിക്കാണെന്നും മുന്നെയാ…..
ചേച്ചി ഇവിടെ നിക്കുട്ടോ ഞാൻ ഇപ്പോ വരാവേ…..എങ്ങും പോകല്ലേ…..”
ഗായത്രി അതും പറഞ്ഞു പുറത്തേക്ക് ഓടി.
എന്തോ ആഹ് ഫോട്ടോ അവളുടെ മനസ്സിൽ ഒരു കരടായി കൂടിയിരുന്നു അപ്പോഴേക്കും. തന്റെ സ്വന്തം അമ്മയാണ് അത് എന്ന് തിരിച്ചറിയാൻ പോലും ആകാതെ ആഹ് രൂപം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
കുറച്ചു കഴിഞ്ഞതും കിതച്ചുകൊണ്ട് ഗായത്രി ഓടി വന്നു.
അവളുടെ വരവ് കണ്ട് അഗ്നിയൊന്ന് ഞെട്ടി.
ഹ്ഹ്മ്മ്…. മ്മ്ഹ്ഹ്….
(എന്തിനാ നീ ഓടണെ ഇങ്ങനെ….)
“അത് ഞാൻ ഒരു കൂട്ടം എടുക്കാൻ പോയതല്ലേ…..”
“ഇത് കണ്ടോ….” ഗായത്രി കയ്യിൽ കൊറേ ഫ്രെയിം ചെയ്യാത്ത തരത്തിലുള്ള കുറച്ച് ഫോട്ടോ പൊക്കി അവളെ കാണിച്ചു.
“ഇത് അപ്പച്ചിടെ ഒക്കെ ഫോട്ടോയാ…. അച്ഛാ ഇടക് എടുത്ത് കരയണ കാണാം. ഒരൂസം ഞാൻ ചോദിപ്പോ എന്നെ വഴക് പറഞ്ഞു ഓടിച്ചു… ഇന്നാ നോക്കിയേ….”
ഗായത്രി ചുറ്റിനും നോക്കികൊണ്ട് ഒരെണ്ണം അവൾക് നേരെ നീട്ടി.
വാവച്ചിയെ മറു തോളിലേക് എടുത്തു കിടത്തിയിട് അത് വാങ്ങി അവൾ നോക്കി.
നേരത്തെ കണ്ട ഒരു സ്ത്രീയും കൂടെ ഒരു പുരുഷനും.
“പാർവതിയമ്മയും മാധചച്ഛനും…. അങ്ങനെയാ കണ്ണേട്ടൻ ഒക്കെ പറഞ്ഞു കേട്ടിരിക്കണേ….” അവൾ അടുത്ത ഫോട്ടോ നീട്ടികൊണ്ട് പറഞ്ഞു.
ദെ ഇത് നോക്കിയേ എല്ലാരും ഉണ്ട്…
അഗ്നി സാകൂതം അത് വാങ്ങി നോക്കി….
ശരിയാണ് എല്ലാവരും ഉണ്ട്….. ദേവച്ഛനും ഗൗരിയമ്മേം ഒക്കെ….
“ദെ ഇത് നോക്കിയേ….”
ഗായത്രി നീട്ടിയ അടുത്ത ഫോട്ടോ കണ്ടതും കാലിൽ നിന്ന് മുകളിലേക്ക് ഒരു പെരുപ്പ് കേറുന്നത് അഗ്നി തിരിച്ചറിഞ്ഞു. കൈയിൽ ഇരുന്ന് ആലില പോലെ വിറയ്ക്കുന്ന ഫോട്ടോ താഴെ വീഴാതെ അവൾ മുറുക്കി പിടിച്ചു.
അല്ലെ ഇത്….. അതെ…. തന്റെ മുഖമാണ് ഈ കുട്ടിയ്ക്ക്….
അഗ്നിയ്ക്കു തലകറങ്ങുന്നത് പോലെ തോന്നി.
രണ്ട് പേരുടെ ഇടയിൽ നിൽക്കുന്ന പെൺകുട്ടിക്ക് തന്റെ അതെ മുഖം… കുഞ്ഞിലേ താൻ എങ്ങനെയായിരുന്നോ അതുപോലെ തന്നെ…..
ഒരാശ്രയതിനെന്നവണ്ണം വാവാച്ചിയെ അവൾ ഇരുകൈകൊണ്ടും മുറുക്കെ പിടിച്ചു…..
“ഇതാ മണിക്കുട്ടി….. പാർവതിയമ്മേടേം മാധച്ഛന്റെ മോളാ…. ആള് കുഞ്ഞിലേ മരിച്ചെന്നു തോന്നുന്നു…..”
അഗ്നിക്കുണ്ഠതിലേക്ക് എണ്ണ പകർന്നെന്ന പോൽ ഉള്ളിൽ തീയൊന്നാളി…
കാലുകൾക്ക് തളർച്ച അനുഭവപ്പെട്ട് എന്ന് തോന്നിയതും നേരെ കട്ടിലിലേക്ക് അമർന്നു.
കണ്ണിൽ ആഹ് ചിത്രം നിറഞ്ഞു നിൽക്കുകയാണ്.
“ദെ ഇത് കണ്ണേട്ടനും അച്ചുവേട്ടനുമാ കൂടെ……”
അടുത്ത ഫോട്ടോ അപ്പോഴേക്കും ഗായത്രി നീട്ടിയിരുന്നു.
2 ആൺകുട്ടികൾക്കു നടുവിലായി നിൽക്കുന്ന പെൺകുട്ടി. ഒരാൾ അവളെ തോളിലൂടെ ചേർത് പിടിച്ചിട്ടുണ്ട്. മറ്റേയാളുടെ കുഞ്ഞ് ബനിയനിൽ കൈകോർത്താണ് പെൺകുട്ടി നിൽക്കുന്നത്…
കൈകൾ വീണ്ടും ദുർബലം ആയതുപോലെ….. മുൻപ് കണ്ട അതെ മുഖം……. തന്റെ തന്നെ മുഖം….
കണ്ണുകൾ ഒന്ന് ചിമ്മിയടച്ചു ഒന്നുകൂടി അവൾ ഉറപ്പിച്ചു കാണുന്നത് സത്യം തന്നെയാണോ എന്ന്….
ഹ്ഹ്മ്മ്…. മ്മ്ഹ്ഹ്… മ്മ്ഹ്ഹ്..
(നീ ഇവനെ ഒന്ന് പിടിച്ചേ…. എനിക്കൊരു തലവേദന പോലെ…) അഗ്നി മുഖം കുനിച്ചു പയ്യെ പറഞ്ഞു.
കേട്ടതും കൈയിൽ ഇരുന്ന ഫോട്ടോ ഒക്കെ ബെഡിലേക്ക് ഇട്ടുകൊണ്ട് വാവച്ചിയെ അവൾ കൈലേക്ക് എടുത്തു.
“വെള്ളം വല്ലോം വേണോ ചേച്ചി…. വന്നിട്ട് ഒന്നും കഴിച്ചില്ലലോ…. ഞാൻ എടുത്തിട്ട് വരാം…”
ചെറിയ ആകുലതയോടെ ചോദിച്ചതും അഗ്നി വേണ്ടെന്ന് രീതിയിൽ തലയാട്ടി.
ഹ്ഹ്മ്… മ്മ്ഹ്ഹ്…
(ഒന്ന് കിടന്നാൽ മതി…. മാറിക്കോളും…)
“എന്നാ ചേച്ചി കിടന്നോ… ഞാൻ ഇവനെ താഴേക്ക് കൊണ്ടുപോക്കോളാം…. അതിനും മുന്പേ ഇതൊക്കെ എടുത്തിടത് തന്നെ വെക്കട്ടെ…. ഇല്ലേൽ എന്റെ കാര്യം പോക്കാ….”
ഫോട്ടോയെല്ലാം കൈയിൽ കൂട്ടിയെടുത് അവൾ പുറത്തേക്ക് നടന്നു.
ഗായത്രി പുറത്തേക്ക് പോയതും അഗ്നി ഓടിച്ചെന്നു വാതിൽ ചാരി അലമാരയുടെ നേരെ നടന്നു.
അതിൽ ബാഗിൽ ആയി ഇരുന്ന ഒരു ഫോട്ടോ ഫ്രെയിം തപ്പിയെടുത്തു.
അത് ഒരു കൈയിൽ ഉയർത്തി പിടിച് മറുകൈയിൽ ഗായത്രി കാണാതെ എടുത്ത് മാറ്റിയ ഒരു ഫോട്ടോയും പിടിച് രണ്ടും മാറി മാറി നോക്കി.
കണ്ടതും അറിഞ്ഞതും ഒന്നുമല്ല യഥാർദ്യം എന്ന് ആരോ ഉള്ളിൽ നിന്ന് പറയുംപോലെ….
രണ്ട് ഫോട്ടോയിലും ഒരുപോലെയുള്ള മുഖത്തേക്ക് അഗ്നി ഉറ്റുനോക്കി.
( തുടരും )

by