The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൽക്കി
ഇവിടുന്ന് പോണം എത്രയും വേഗം… ദേവച്ചന്റെയും അമ്മയുടെയും മുഖത്തെ നിസ്സാഹായാവസ്ഥ എനിക്കു മനസിലാവുന്നുണ്ട്… ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല, ഇഷ്ടമാണോ തനിക്….. ഇല്ലെങ്കിൽ പിന്നെ എന്തിനാ എന്റെ കണ്ണ് നിറഞ്ഞത്….. സാരിതുമ്പിൽ വിരലുകൾ കൊരുത് ചുഴറ്റി അഗ്നി. ഒരു ദീർഘനിശ്വാസം എടുത്ത് പുറത്തേക്ക് ഇറങ്ങിയതും ആര്യനും ഗൗതമനും കോണിപടി കയറിവരുന്നു. പരസ്പരം കണ്ടതും ഒരു ചിരി സമ്മാനിച് അഗ്നിയുടെ അരികിലേക്ക് നടന്നു. എന്തോ അവന്റെ നേർക്ക് നോക്കരുതെന്ന് ബുദ്ധി പറയുന്നപോലെ, ബദ്ധപ്പെട്ട് മിഴികൾ അയച് പുറത്തേക്ക് നോക്കിയതും അവരരികിലേക്ക് എത്തിയിരുന്നു. “എന്താണ് മുഖത്ത് ഒരു വിമ്മിഷ്ടം പോലെ….. ” ആര്യന്റേതാണ് ചോദ്യം. അഗ്നി പ്രയാസപ്പെട്ടകൊണ്ട് ഒന്ന് ചിരിച്ചു. “ഞാൻ…ഞാൻ ചായ എടുക്കാം…. വന്നതല്ലേ ഉള്ളൂ….” പറഞ്ഞുകൊണ്ട് അവരെ മറികടന്നു അവൾ നടന്നു. “വല്ലാത്ത ക്ഷീണം ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം കണ്ണാ…..”
“ഹ്ഹ്മ്മ്….” അലസമായി ഒന്ന് മൂളിക്കൊണ്ട് അഗ്നിയുടെ ദിശയിലേക്ക് നോക്കി അവൻ. ഉള്ളിലെ പിടിവലിയിൽ ബുദ്ധിയെക്കാൾ ഒരുപടി മുന്നിൽ ഹൃദയം തന്നെയായിരുന്നു. അതിനു തെളിവെന്നോണം അഗ്നി ചെറുതായി തലയൊന്ന് ചെരിച്ചു പുറകിലേക്ക് നോക്കി. തന്റെ നേർക്ക് നോട്ടം ഇട്ട് നിൽക്കുന്ന അവനെ കണ്ടതും പ്രതീക്ഷിച്ചിട്ടുകൂടി അത് അവളിലെ ഹൃദയമിടിപ്പ് കൂട്ടി. അറിയാഞ്ഞിട്ടല്ല പെണ്ണേ നിന്റെ ഉള്ള്…. ആഹ് ഗോളമണികളുടെ പിടപ്പും നിലതെറ്റി ഇടിക്കുന്ന ഹൃദയവും ദേവയ്ക്ക് അല്ലാതെ ആർക്കാ മനസിലാവാ….. അറിയാതെ പാറി വീണിരുന്ന കണ്ണുകളെ ഇന്ന് അറിഞ്ഞോണ്ട് നീ തെന്നിയകറ്റുന്നു, എന്ത്കാര്യമാണെലും ഒറ്റയ്ക്ക് നിന്നെ നീറാൻ വിട്ടുകൊടുക്കുന്ന് തോന്നുന്നുണ്ടോ… കണ്ണിലെ അവളുടെ അവസാന കാഴ്ചയും ഒപ്പിയെടുത്ത് നെഞ്ചിലേക്ക് ചേർത്ത് വെച്ചു ഗൗതമൻ.
“ഓഹ് എന്തൊരു വിശപ്പ് ഇന്ന്…. എന്നാന്നു വെച്ചാ ഇങ്ങെടുത്തോ…” ആര്യൻ ചാടി തുള്ളിക്കൊണ്ട് ഡൈനിങ് ടേബിളിലെ കസേരയിലേക്ക് ഇരുന്നു. “ഇന്ന് മാത്രോ…..” പുറകിലൂടെ വന്ന് ഗൗതമൻ പറഞ്ഞതും ചുറ്റുമുള്ളവരും ചിരിച്ചു. ആര്യൻ ആകട്ടെ ഇതൊക്കെ എന്ത് എന്നുള്ള ലൈൻ ആണ്. ഗൗതമന്റെ കണ്ണുകൾ അടുക്കള വാതിലേക്ക് നീണ്ടതും കണ്ടു ഒരു പാത്രവുമായി നടന്നു വരുന്നവളെ. “ഇവിടുത്തെ വാനരപ്പടയൊക്കെ എന്തിയെ…..” ആര്യന്റെ ചോദ്യം കേട്ടതും വസുന്ധര ചിരിച്ചു. “അവരൊക്കെ കൂട്ടിൽ കേറി നേരത്തെ, ഇന്ന് ഭയങ്കര വിശപ്പാരുന്നത്രെ….” “എന്താടാ എവിടെ ആയിരുന്നു രണ്ടെണ്ണത്തിന്റെ കറക്കം..” കസേരയിൽ ഇരുന്ന് വാസുദേവൻ ചോദിച്ചു. ആര്യൻ അയാളെ നോക്കി നോക്കി ഇളിച്ചതും, അയാൾ ഗൗരവത്തിൽ അവനെയൊന്ന് നോക്കി. അത് കണ്ടതും ഗൗതമൻ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു.
പാത്രം ടേബിളിൽ വെക്കുന്നതിനിടക്ക് അഗ്നി ഗൗതമനെ നോക്കി. അവന്റെ കുഞ്ഞി കണ്ണുകൾ വെള്ളാരംകണ്ണുകൾ പോലെ തിളങ്ങി നിൽക്കുന്നു. മുടിയിഴകൾ വെള്ളത്തിൽ കുതിർന്ന കിടക്കുകയാണ്, അത് ഇടക്ക് വിരലുകൾ ഉപയോഗിച് ചീകി ഒതുക്കുന്നും ഉണ്ട്. അതിനുംഅപ്പുറം ടി ഷർട്ടിന്റെ പുറത്തായി നെഞ്ചിൽ വീണുകിടക്കുന്ന ആ മാലയാണ്. ലോക്കറ്റിലേക്ക് നോക്കവേ ഒരു ചെറു ചിരി അവളിൽ ഉണ്ടായി. എന്തോ പറഞ്ഞു ചിരിച് ഗൗതമൻ തിരിഞ്ഞതും കാണുന്നത് തന്റെ നേർക് നോക്കി നിൽക്കുന്ന അഗ്നിയെയാണ്. അതിനേക്കാൾ കൂടുതൽ അവനെ അത്ഭുതപെടുത്തിയത് ആഹ് ചുണ്ടിലെ ചിരിയാണ്. നേരത്തെ കണ്ട ഒരു അസ്വസ്ഥതയും ഇപ്പോൾ ആ മുഖത്ത് കാണുന്നില്ല. “അതെ ആ ചോറിങ്ങു വിളമ്പുവോ, എന്റെ കൊടല് കരിയണു….” പെട്ടെന്നുള്ള ആര്യന്റെ ശബ്ദം കേട്ട് അവളുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു. അവളൊന്ന് ചുറ്റിലും നോക്കിയതും ബാക്കിയുള്ളവർ മറ്റെന്തൊക്കെയോ ചർച്ചകളിൽ ആണ്,
എന്നാൽ ഗൗതമന്റെ മുഖത്ത് മാത്രം ആ പതിവ് ചിരിയും. ഒരു കണ്ണിറുക്കി താടിയൊന്നു തടവി അവൻ ചിരിച്ചതും ഒരു ചിരി അവളിലും മൊട്ടിട്ടു. പക്ഷെ വിടരുന്നതിനു മുന്നേ അവൾ അവനിൽ നിന്നും നോട്ടം മാറ്റി. ആര്യന്റെ നേർക്ക് കൈയിൽ ഇരുന്ന പാത്രം നീട്ടിവെച്ചു കൊണ്ട് കസേരയിൽ അഗ്നി ഇരുന്നു. പുറകെ ഓരോരുത്തരായി വന്ന് അവിടം നിറഞ്ഞു. “എന്താണ് എന്റെ അമ്മയുടെ മുഖത്ത് ഒരു കനം….” മഹാദേവന്റെ അടുത്തായിരിക്കുന്ന ഗൗരിയെ നോക്കി ഗൗതമൻ ചോദിച്ചു. ഗൗരിയുടെ കണ്ണുകൾ പൊടുന്നനെ അഗ്നിയിലേക്കും ദേവനിലേക്കും മാറി മാറി വീണു. മഹാദേവന്റെ മുഖത്തും പതിവില്ലാത്ത ഭാവം. “ചേച്ചിയ്ക്ക് തലവേദനയാത്രെ…. ഞങ്ങൾ വന്നപ്പഴേ മുഖം കണ്ട് ഇതാ തന്നെയാ ചോദിച്ചത്, അല്ലെ വാസുവേട്ടാ….” വസുന്ധര വാസുദേവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. “കൂടുതൽ വയ്യായ്ക തോന്നുണ്ടോ ഗൗരി…. “മുത്തശ്ശി ചോദിച്ചു. “ഇല്ല അമ്മേ…. ഒന്നുറങ്ങിയ മാറുന്നതെ ഉള്ളൂ…” ഹ്മ്മ്… മുത്തശ്ശി ഒന്ന് മൂളിക്കൊണ്ട് ഗൗതമനെ നോക്കി. അവന്റെ നോട്ടം ഗൗരിയിൽ ആണ്. “കണ്ണനോട് ഒരു കാര്യം പറയാൻ ഉണ്ട് മുത്തശ്ശിയ്ക്..” അവരത് പറഞ്ഞതും ചിലർ ആകാംഷയോടെ തലയുയർത്തി.
അഗ്നി കണ്ണുകൾ ഇറുക്കെ ഒന്ന് പൂട്ടി. “നമ്മുടെ മുകുന്ദനും കുടുംബവും ഇന്ന് വന്നിരുന്നു, അവർക്ക് ഒരു താല്പര്യം…. മുത്തശ്ശി പറഞ്ഞു തുടങ്ങിയതും അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു. നിത്യമോളെ നിനക്ക് വേണ്ടി ആലോചിച്ചാലൊന്ന്, ഞങ്ങൾക്കും……” “വാട്ട്…..” “സ്റ്റോപ്പ്……” രണ്ട് അലർച്ചകൾ ഒരുപോലെ അവിടെ പൊന്തി. എല്ലാവരും പകപ്പോടെ എണീറ്റുനിൽക്കുന്ന ഗൗതമനെയും ആര്യനെയും മാറി മാറി നോക്കി. “എന്താ കുട്ടികളെ….” രണ്ടുപേരും പരസ്പരം ഒന്നും പറയാനില്ലാതെ നോക്കി ഉമിനീരിറക്കി കസേരയിലേക്ക് ഇരുന്നു. “അത്… പെട്ടെന്ന് കേട്ടപ്പോ..ൾ..” ഗാതമൻ വിക്കിവിക്കി അന്താളിച്ചിരിക്കുന്ന എല്ലാവരെയും നോക്കി പറഞ്ഞു. “അല്ലാ നീ എന്തിനാ അതിനു കിടന്ന് ചാടിത്….. “വസുന്ധര ആര്യനെ നോക്കി ചോദിച്ചു. “അത് പിന്നെ ഇവന് മാത്രം കെട്ടിയാൽ മതിയോ എനിക്കും വേണ്ടേ ഒരു ജീവിതം…. “ഗൗതമനെ നോക്കി ഒന്ന് ഇളിച്ചുകൊണ്ട് ആര്യൻ പറഞ്ഞു. ഹ്ഹ്മ്മ്…. മുത്തശ്ശിയൊന്നു ഗൗരവത്തോടെ മൂളി ഗൗതമനു നേരെ തിരിഞ്ഞു.
“നിത്യമോള് നല്ല കുട്ടിയാ കണ്ണന് നല്ലോണം ചേരും…. ” വസുന്ധര അവനെ നോക്കി പറഞ്ഞു. “അത് മുത്തശ്ശി…. അവൻ പറഞ്ഞു തുടങ്ങുന്നതിനിടയിൽ ഒന്ന് ഇടംകണ്ണിട്ട് അഗ്നിയെ നോക്കി. ഇറുക്കിയടച്ച മിഴിയിണകളിൽ ഒരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങുന്നത് അവൻ കണ്ടു. ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ ഗൗതമൻ വീണ്ടും മുത്തശ്ശിയുടെ നേർക്ക് തിരിഞ്ഞു. നമുക്ക് ആലോചിക്കാം….. ” അവൻ പറഞ്ഞു തീർത്തതും ഞെട്ടലോടെ മഹാദേവനും ഗൗരിയും അവനെ നോക്കി. രണ്ടുപേരെയും നോക്കി ഒന്ന് കണ്ണുചിമ്മി കാണിച്ചു അവൻ, അത് കണ്ടതെ ഒരു ആശ്വാസത്തോടെ അവർ പരസ്പരം നോക്കി. ആര്യന്റെ നേർക്ക് തിരിഞ്ഞതും അവൻ കണ്ണ് നീട്ടി അഗ്നിയെ നോക്കാൻ എന്നപോലെ കാട്ടി. അവൻ പയ്യെ തലയാട്ടി ചിരിച്ചുകൊണ്ട് അവളുടെ നേരെ മുഖം മാറ്റി. മറ്റാരും ശ്രദ്ധിക്കാത്തവണ്ണം കവിളിലൂടെ ഒഴുകിയ കണ്ണുനീര് തുടച്ചുമാറ്റുകയാണ് അവൾ.
കസേരയിൽ നിന്ന് അവൾ പയ്യെ പാത്രം എടുത്ത് എഴുനേറ്റു. അവളിലെ വിഷമം മനസിലാക്കിയെന്നോണം ഗൗരിയും മഹാദേവനും അഗ്നിയെ നോക്കി. അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച് അവൾ ഗൗതമനെ ഒന്ന് പാളി നോക്കി. എന്നാൽ അവൻ ആര്യനോട് എന്തോ കാര്യം പറഞ്ഞ് ചിരിക്കുകയാണ്. കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങിയതും ദൃതിയിൽ വെട്ടി തിരിഞ്ഞ് അവൾ അടുക്കളയിലേക്ക് നടന്നു. അവൾ നീങ്ങിയതും ഗൗതമൻ തലയുയർത്തി. മണിക്കുട്ടി….. ആർദ്രമായി അവൻ മനസ്സിൽ പറഞ്ഞു. എന്നോടുള്ള സ്നേഹം അല്ലെ പെണ്ണെ ഇപ്പോ കണ്ണ് നിറയാൻ കാരണം…. ഇതായിരുന്നോ മണിക്കുട്ടി നിന്റെ നെഞ്ച് നീറ്റിയത്. എന്റെ ഒരു കുഞ്ഞ് ശിക്ഷയാണ് ഇത് , എന്തിനെന്നോ…. ദേവയ്ക്ക് മണിക്കുട്ടിയോടുള്ള സ്നേഹം ഇതുവരെ നീ മനസിലാക്കാത്തത്കൊണ്ട്. അങ്ങനെ മനസിലാക്കിയിരുനെങ്കിൽ ഇതിന്റെ പേരിൽ നീ ഒരിക്കലും കണ്ണ് നിറക്കത്തില്ലാരുന്നു. വന്നപ്പോ തൊട്ട് മുഖം കയറ്റി പിടിച്ചല്ലേ നടന്നത്, കുറുമ്പോടെ അതോർത്തു അവനൊന്ന് ചിരിച്ചു. നിന്റെ കണ്ണുനീര് എന്നെ പൊള്ളിക്കുന്നുണ്ട് പെണ്ണെ, പക്ഷെ നീ അറിയണം നിന്റെ ഉള്ളിലെ എന്നോടുള്ള ഇഷ്ടം…… ഉള്ളാലെ മൊഴിഞ്ഞതും കണ്ണുകൾ വീണ്ടും പായാൻ തുടങ്ങിയിരുന്നു മണിക്കുട്ടിയ്ക് വേണ്ടി. ( തുടരും )