രചന – കൽക്കി
ആരുടെയോ ശബ്ദം കേട്ടാണ് അഗ്നി ഉണർന്നത്, കണ്ണ് ഒന്ന് തിരുമ്മി തുറന്ന് അവൾ പയ്യെ തല പൊക്കി.
“ഇതൊക്കെ എപ്പോ….”
മുന്നിൽ കണ്ണും തള്ളി നിൽക്കുന്ന ആര്യനെ കണ്ടതും അവളാകെ ഒന്ന് ചുറ്റിനും നോക്കി. പെട്ടെന്നു ഞെട്ടിയപോലെ ആര്യനെയും.
അവനപ്പോഴും മിഴിച്ചു നിൽപ്പുണ്ട്.
തല കുനിച്ചു ഗൗതമനെ നോക്കിയതും അവൻ അവളുടെ വയറിൽ മുഖം പൂഴ്ത്തി നല്ല ഉറക്കത്തിൽ തന്നെയാണ്.
അഗ്നി ചമ്മിയപോലെ തല ഉയർത്തി. അവളുടെ ഭാവം കണ്ടതും അവനു ചിരിപ്പൊട്ടി.
“അത്…ഇന്നലെ, തലവേദന ആന്നു പറഞ്ഞപ്പോ…. ഇവിടെ… കിടന്ന്….”
‘മതി…. മതി…..ഇത്രടം വരെ ആയല്ലേ കാര്യങ്ങളൊക്കെ….”
അവളെ നോക്കി പറഞ്ഞോണ്ട് ഗൗതമനെ നോക്കി അവനൊന്നു നെടുവീർപ്പിട്ടു.
“എടാ കണ്ണാ….. എഴുനേറ്റെ അങ്ങോട്ട്…..”
അവനെ ഒന്നാകെ ഒന്ന് കുലുക്കിയതും ഗൗതമൻ പയ്യെ മലർന്ന് കിടന്ന് കണ്ണ് തുറന്നു.
തലയ്ക്കു മുന്നിൽ ആയി ആര്യന്റെ മുഖം കണ്ടതും അവനൊന്നു നെറ്റി ചുളിച്ചു.
“എണീക്കണില്ലേ…. നീ എണീറ്റിട്ടു വേണം ഈ പെണ്ണിന് പോകാൻ ആയിട്ട്….”
അഗ്നിയെ ചൂണ്ടി ആര്യൻ പറഞ്ഞതും ഗൗതമൻ തലയൊന്ന് ചെരിച്ചു. അഗ്നിയെ കണ്ടപ്പോഴാണ് താനിപ്പോഴും അവളുടെ മടിയിലാണെന്ന് അവനു ഓർമ വന്നത്.
ദൃതിയിൽ ചാടി എഴുനേറ്റു രണ്ട് പേരെയും മാറി മാറി നോക്കി. അപ്പോഴേക്കും അവന്റൊപ്പം അഗ്നിയും എഴുനേറ്റിരുന്നു.
“ഞാൻ ഫ്രഷ് ആയിട്ട് വരാം….”ഗൗതമൻ അതും പറഞ്ഞു മുന്നിലേക്ക് നീങ്ങിയതും ആര്യൻ ചാടി അവന്റെ കൈയിൽ പിടിച്ചു.
“അങ്ങനങ്ങു പോയാലോ……. കണ്ണടച്ചു പാല് കുടിച്ചാ ഈ പൂച്ചേനെ ആരും കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ…..”
ആര്യൻ അതും പറഞ്ഞു അഗ്നിയ്ക്ക് നേരെ തിരിഞ്ഞു.
“നീ പൊക്കോ ഇവനോട് എനിക്ക് ഒന്ന് സംസാരിക്കണം….”
അത് കേട്ടതും അഗ്നി ചിരിയോടെ തലയാട്ടി ഗൗതമനെ നോക്കി തിരിഞ്ഞു നടന്നു.
“എടാ കള്ള കണ്ണാ…..”
അവൻ ഗൗതമനെ നോക്കി വിളിച്ചതും അവൻ അതറിയാതെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.
“കണ്ണാ…..” അവൻ പയ്യെ അവന്റെ ചുമലിലായി ഒന്ന് പിടിച്ചു.
“ഏഹ്ഹ്…. “പെട്ടെന്നു ഞെട്ടിയപോലെ അവൻ ആര്യനെ നോക്കി.
“എന്താടാ ഒരു വല്ലായ്മ പോലെ….”
ഗൗതമൻ മറുപടിയൊന്നും പറയാതെ വെറുതെ അവനെയൊന്ന് നോക്കി.
“കണ്ണാ….. എന്താടാ…..” അവന്റെ രണ്ട് ചുമലിലും പിടിച്ചു തന്റെ നേർക്ക് തിരിച്ചു അവൻ ചോദിച്ചതും ഗൗതമൻ ആര്യന്റെ തോളിലേക്ക് തലപൂഴ്ത്തി…
“കണ്ണാ…..” ആര്യൻ ഒരു പതർച്ചയോടെ അവനെ ദേഹത്തു നിന്ന് അടർത്തി മാറ്റി.
കലങ്ങി നിൽക്കുന്ന അവന്റെ കണ്ണ് കണ്ടതും ആര്യനൊന്ന് പിടച്ചിലോടെ അവനെ നോക്കി.
“എ…ന്താടാ…. കണ്ണാ…..”
കണ്ണുകൾ ഇറുകെ പൂട്ടി, ഇടം കൈകൊണ്ട് അവനൊന്നു മുഖമുഴിഞ്ഞു.
“ഗൗതമാ……” ശാസനയോടുള്ള ആഹ് വിളി കേട്ടതും തളർച്ചയോടെ ഗൗതമൻ ചാരുപടിയിലേക്ക് ഇരുന്നു.
“ഒരുപാട് പറയാൻ ഉണ്ട് ആര്യാ…. നെഞ്ചില് കിടന്ന് പുകയുവാ ഓരോന്നും…. ഇനിയും പിടിച്ചു നിൽക്കാൻ ആവില്ല എനിക്ക്….”
ഒന്ന് നിർത്തി അവൻ ആര്യനെ നോക്കി.
“ഇവിടെ വെച് അല്ല….. പുറത്ത് വെച്ച്…..”
അത്രയും പറഞ്ഞു ഗൗതമൻ നടന്നു. ഇത്രയേറെ ഗൗതമനെ തളർത്തുന്നത് എന്തെന്നറിയാതെ ആര്യനും അവനെ നോക്കി നിന്നു.
🍁🍁🍁🍁🍁🍁
ദിവസങ്ങൾക്ക് ശേഷം……
“ക…ണ്ണാ….. ”
എങ്ങലടിച്ചോണ്ടുള്ള ഗൗരിയുടെ സ്വരം ഫോണിലൂടെ മറുപുറം എത്തിയതും ഗൗതമന്റെ കാല് ശക്തമായി ബ്രേക്കിൽ അമർന്നു.
“കണ്ണാ…… മോ…ളെ……”
നെഞ്ചിലൂടെ മിന്നൽപിണർ ഇറങ്ങിയപോലെ അവനൊന്ന് ഉലഞ്ഞു.
“മണി….കുട്ടീ……”
“സ്കൂളിൽ നിന്ന് ഇറങ്ങുന്ന വഴി ആ…രോ ബലമായി കാറിൽ കയറ്റിയെന്ന്….. അമ്മൂട്ടി….യുണ്ടായിരുന്നു കൂടെ, പിടിവലി നട…ന്നതിന്റെ ഇടയിൽ അവൾ തെറിച്ചു വീണു നെറ്റി പൊ…ട്ടി.”
“എല്ലാരും പേടിച് ഇരിക്കുവാ….. ദേവേട്ടൻ പോലീസിനെ അറിയിച്ചിട്ടുണ്ട്. ആര്യനും ഉണ്ട്…. നീ എത്രയും വേഗം വര…ണം.”
“അമ്മ ഫോൺ വെച്ചോ ഞാൻ ദേ വരുവാ…..”
ഒരു നിമിഷം കൊണ്ട് അവന്റെ ഞരുമ്പുകൾ ഉയർന്നു പൊങ്ങി. കണ്ണുകൾ ചെഞ്ചായം പൂശി.
കയ്യിലിരുന്ന ഫോൺ എടുത്ത് ഡയല് ചെയ്ത് ഇടംതോളിൽ എടുത്ത് ചെവിയിലേക്ക് ചേർത്ത് വെച്ചു, ഒപ്പം കാർ സ്റ്റാർട്ട് ചെയ്ത് തിരിച്ചു.
“ഹൈവേ കഴിഞ്ഞുള്ള ഏരിയ ആണ് ലൊക്കേഷൻ കാണിക്കുന്നത്. ”
കാൾ അറ്റൻഡ് ആയതും ആര്യന്റെ ശബ്ദം വന്നു.
“നമ്മൾ മാർക്ക് ചെയ്ത മൂന്ന് ഇടങ്ങൾ ആണ് അവിടെയുള്ളത്. ബാക്കി നിനക്ക് അറിയാലോ….”
ഗൗതമന്റെ കണ്ണുകൾ പറയുന്നതിനോടൊപ്പം കുറുകി വന്നു.
“പത്തു മിനിറ്റ് ഞാൻ അവിടെ ഉണ്ടാകും.”
പറഞ്ഞതും ഫോൺ എടുത്ത് അവൻ ഡാഷ്ബോര്ഡിലേക്ക് എറിഞ്ഞു.
🍁🍁🍁🍁🍁🍁
മുഖത്തേക്ക് വീശിയടിച്ച തണുപ്പൻ കാറ്റിൽ മുഖമൊന്നു കുളിർന്നതും ഗൗതമൻ പയ്യെ തലയൊന്ന് ഉയർത്തി.
തലേദിവസത്തെ ഉറക്കമില്ലായ്മയും ക്ഷീണവും അവനെ നന്നേ തളർത്തിയിരുന്നു. കാലുകുത്തി എഴുനേറ്റ് നിന്നതും തലയിൽ ആകെ ഒരു മരപ്പ് പോലെ.
ഒരു നിമിഷം കാത്ത് നിന്ന് അവൻ മുന്നോട്ട് നടന്നു. മുന്നിലെ കസേരയിൽ ആര്യൻ നല്ല ഉറക്കത്തിൽ ആണ്. ഇടത് വശം തിരിഞ്ഞ് ഡോറിൽ കൂടി അകത്തേക്ക് നോക്കിയപ്പോൾ കണ്ടു തന്റെ ജീവനെ. നെഞ്ചിലേക്ക് കൈ ചേർത്തപ്പോൾ പോക്കറ്റിൽ എന്തോ ഒന്ന് തടഞ്ഞതും അവൻ പയ്യെ അത് കൈയിലേക്ക് എടുത്തു.
നീണ്ട മാല കൈയിൽ തൂങ്ങിയാടുമ്പോൾ അവന്റെ കണ്ണ് പിന്നെയും നിറഞ്ഞു.
തന്റെ മണിക്കുട്ടിയുടെ ശബ്ദം കാതിലേക്ക് എത്തിയപോലെ…
🍁”ഇതെന്തിനാ എനിക്കിപ്പോ…..”
സ്വന്തം കഴുത്തിൽ നിന്ന് മാല ഊരി അഗ്നിയുടെ കഴുത്തിലേക്ക് ഇട്ടുകൊടുക്കവേ ആണ് അഗ്നിയത് ചോദിച്ചത്.
“പറ…. ഇതെന്തിനാ എനിക്ക്…..”
“ഒന്ന് അടങ്ങി ഇരിക്കുന്നു പെണ്ണെ…. കുണുകുണേ മിണ്ടികൊണ്ടിരിക്കും എപ്പഴും…”
ഒരു പുരികം പൊക്കി അവളെ നോക്കി അവനൊന്നു ചെറഞ്ഞു.
അത് കണ്ടതും അഗ്നി മുഖം കോട്ടി ഒരു വശത്തേക്ക് തല ചെരിച്ചു.
ഗൗതമൻ ഒരു ചിരിയോടെ അവളുടെ തോളിലൂടെ രണ്ട് കൈയും ചേർത്തിട്ട് അവനിലേക് അടുപ്പിച്ചു.
ഒന്നും മിണ്ടാതെ അതെ നിൽപ്പിൽ അവൻ തുടർന്നു.
“അതേ…..”
കുറച്ചു കഴിഞ്ഞതും അഗ്നിയുടെ നീട്ടിയുള്ള വിളി കേട്ട് മീശകടിച് അവളുടെ നേരെ തിരിഞ്ഞ് അവൻ കണ്ണുയർത്തി എന്താന്ന് ചോദിച്ചു.
“ഇത് അവിടെ കിടക്കണത് കാണാനാ ഭംഗി….”
പതിഞ്ഞ ശബ്ദത്തിൽ എവിടെയോ നോക്കി മറ്റാരോടോ പറയുന്നപോലെ കേട്ടതും അവനു ചിരി വന്നൂ. അത് അടക്കി പിടിച് ഒന്നും അറിയാത്ത ഭാവത്തിൽ അവൻ അവളെ നോക്കി ചോദിച്ചു.
“എവിടെ കിടക്കണത്…..”
അവന്റെ ചോദ്യം കേട്ടതും അഗ്നി ഉമിനീരിറക്കി.
അറിയാണ്ട് പറയുവോം ചെയ്തു ഇനി ഇപ്പൊ എന്താന്നാ പറയാ…. അവന്റെ നേരെ മുഖം തിരിച്ചതും ഉത്തരം പ്രതീക്ഷിച്ചു നിക്കുന്ന പോലെ നിക്കുന്നു. എന്നാലോ ചുണ്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പോലൊരു ചിരിയും.
എന്താ പറഞ്ഞെന്ന് ഒക്കെ മനസിലായി എന്നിട്ടും എന്നെ കളിയാക്കുവാ….പരിഭവത്തോടെ അവന്റെ നേർക് മിഴി നട്ട് കൊണ്ട് മടിയോടെ അവൾ അവന്റെ നെഞ്ചിലേക് വിരൽ കുത്തി നിർത്തി.
“ഇ…വി…. ഇവിടേ……” ഒരു പതർച്ചയോടെ പറഞ്ഞ് കണ്ണുകൾ പിടച്ചിലോടെ തെന്നി മാറ്റി.
“ഹ…ഹ…..ഹ്ഹ……..”
ഉറക്കെ ചിരിച്ചുകൊണ്ട് അവൻ അവളുടെ മുഖം നേരെ പിടിച്ചു നിർത്തി.
“എന്തിനാ എന്നെ ഇങ്ങനെ കളിയാക്കണേ…. “മുഖം ചുളിച്ചുകൊണ്ട് അവളുടെ ചോദ്യമെത്തിയതും പ്രണയത്തെക്കാളേറെ തന്റെ പിന്നാലെ വഴക്കിട്ടും കളി പറഞ്ഞും പിണങ്ങിയും നടക്കാറുള്ള കുഞ്ഞു മണിക്കുട്ടിയെ ആണ് ഓർമ വന്നത്.
അവന്റെ മുഖത്തെ തെളിഞ്ഞ ചിരി കണ്ടതും മനസിലുണ്ടായിരുന്ന ഒരു കുഞ്ഞി പരിഭവവും അലിഞ്ഞില്ലാതാക്കികൊണ്ട് അവന്റെ ടീഷർട്ടിന്റെ രണ്ട് കൈകളിലും കൊരുത്തുപിടിച്ചു അവളും ചിരിച്ചു.
“ഓർമ്മയൊക്കെ അടിച്ചു പോയെങ്കിലും ഇതൊന്നും വിട്ടില്ല പെണ്ണ്…..”
അവൾ ചുറ്റി പിടിച്ച കൈകൾ നോക്കി അവനൊന്നു ചിരിച്ചു.
സംശയത്തോടുള്ള നോട്ടം കണ്ടതും കൈ എത്തിച് ഫോൺ എടുത്ത് ഒരു ഫോൾഡർ തുറന്ന് അവളുടെ നേരെ നീട്ടി.
അതിലേക് മുഖം നീക്കിയപ്പോൾ അവളിലും ഉണ്ടായി ഒരു ചിരി.
പഴയ ദേവയുടെ കുഞ്ഞു ഷർട്ടിന്റെ കൈയിൽ കൊരുത് പിടിച്ചു കളി പറയുന്ന ഒരു കുറുമ്പിയെ.
പൊടുന്നനെ അവളുടെ മുഖം മാറിയത് കണ്ട് അവൻ ഒന്ന് കൂടി അവളെ ചേർത്ത് പിടിച്ചു അവളുടെ തോളിലേക്ക് താടി മുട്ടിച്ചു പിടിച്ചു.
“എനിക്കറിയാം എന്താ ഇപ്പോ ഈ മനസിലെന്ന്…”
“എനിക്ക് ഇതൊന്നും ഓർമയില്ലലോ….” പറഞ്ഞപ്പോഴേക്കും ഇടറിപോയിരുന്നു ആഹ് സ്വരം.
“ഓർമ്മകൾ അല്ല പെണ്ണെ സ്നേഹത്തിന്റെ അളവുകോൽ. കഴിഞ്ഞു പോയ കാലങ്ങളിൽ നിന്നിടം ശൂന്യമായിരുന്നു എനിക്ക്…. എന്നാലിന്ന് പൂർണതയേകാൻ കൂട്ടിനു നീ വന്നു. നീയുള്ളിടം ഇന്നെനിക്ക് സ്വർഗവുമാണ്…. നിന്നുള്ളിലെ പോയ് മറഞ്ഞ ഓർമകൾക്ക് നിറം ചാർത്താൻ ഞാനും ഉണ്ടാകും എന്നും എപ്പോഴും….”
പയ്യെ തല ഉയർത്തി അഗ്നിയെ നോക്കിയതും ഒരു ചെറിയ മിഴി നീര് അവിടെ ഉരുതിരിഞ്ഞിരുന്നു.
“അത് പോരെ…..”
മൃദുലമായി അവൻ ചോദിച്ചതും അഗ്നി പയ്യെ തലയനക്കി.
കവിളിനെ നനച്ചിറക്കിയ കണ്ണുനീർ കയ്യാൽ അടർത്തി മാറ്റി ഗൗതമൻ അഗ്നിയെ നെഞ്ചിലേക്ക് ചേർത്തു🍁🍁
അവളിലെ ചൂട് ഇപ്പഴും നെഞ്ചിൽ ഉള്ളപോലെ…..ഗൗതമന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി.
ദേവയെ വിട്ട് എന്റെ മണിക്കുട്ടിക്ക് എങ്ങും പോകാൻ കഴിയില്ല. വിട്ട് കൊടുക്കില്ല എന്റെ പെണ്ണിനെ മരണത്തിനു പോലും…..
പതിയെ ഓർമ്മകൾ പിന്നിലേക്ക് നടന്നു.
( തുടരും )

by