23/04/2026

എന്റെ പെണ്ണ് : ഭാഗം 13

രചന – നന്ദിത ദാസ്

വീട്ടിൽ എത്തിയപാടെ ഞാൻ ഉണ്ണിയേട്ടന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ടു റൂമിലേക്ക്‌ കയറി വാതിൽ അടച്ചു… “എന്തോന്നായിരുന്നു കുറച്ചു മുൻപ് ഇളകി ചിരിക്കുന്നു… കുലുങ്ങി ചിരിക്കുന്നു… വാ പൊത്തി ചിരിക്കുന്നു… ഹോ… ഏട്ടൻ ആണ് പോലും ഏട്ടൻ… ” പരിഭവം നടിച്ചുകൊണ്ട് രണ്ടു കൈയും പിണച്ചു കെട്ടി അവൾ തിരിഞ്ഞു നിന്നു… “അത് പിന്നെ അപ്പച്ചിയുടെ സംസാരം കേട്ടാൽ ആർക്കാ ഇന്ദൂട്ടി ചിരി വരാത്തത്… പോരാത്തതിന് നിന്റെ മുഖത്തു നവ രസങ്ങൾ മാറി മറിയുവല്ലായിരുന്നോ… ” ഞാൻ സ്നേഹത്തോടെ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി… ചിണുങ്ങി കൊണ്ട് അവൾ എന്റെ കൈ തട്ടി മാറ്റി… പണ്ടേ അവൾ അങ്ങനെ ആണ് പിണക്കം നടിച്ചു കുറേ നേരം നമ്മളെ ഇട്ടു വട്ടം കറക്കും…

ഞാനും കുറച്ചു ജാഡ ഇട്ടു നിന്നാൽ പുള്ളിക്കാരി തനിയെ ഇങ്ങു വന്നു കൂടിക്കോളും… ഞാൻ ഒരു നമ്പർ ഇട്ടു നോക്കി “ഓഹോ അപ്പോൾ അങ്ങനെ ആണല്ലോ അല്ലേ… ശരി ഞാൻ ഇപ്പോൾ തന്നെ വീട്ടിലോട്ടു തിരിച്ചു പോവാ… നീ അവിടെ പിണങ്ങി നിന്നോളു.. ” “അയ്യടാ അങ്ങനെ അങ്ങ് പോകാൻ വരട്ടെ… പെണ്ണുകാണലിന്റെ ഫുൾ ഡീറ്റെയിൽസ് പറഞ്ഞിട്ട് പോയാൽ മതി മോനേ… ” ഞാൻ പറഞ്ഞില്ലേ ഇത്രേ ഉള്ളു എന്റെ ഇന്ദു… വെറും ശുദ്ധയാ കേട്ടോ… “മ്മ് അതൊക്കെ പറയാം… അതിനു മുൻപ് എനിക്കൊരു സത്യം അറിയണം… ” “ഉണ്ണിയേട്ടനോട് ഞാൻ ഇതുവരെ കള്ളം പറഞ്ഞിട്ടില്ലലോ… ചോദിക്കു… ” “അളിയൻ എന്തിനാ നിന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് ആരും കാണാത്ത ഒഴിഞ്ഞ കോണിലേക്കു പോയത്… കിസ്സിങ് ആയിരുന്നോ രണ്ടാളുടെയും പ്ലാൻ… ”

“ഹയ്യ… അതിനു ഈ ഇന്ദു ഒന്നൂടി ജനിക്കണം മോനേ… കെട്ടു കഴിയാതെ നോ കിസ്സിങ്… ആ കോന്തന് അങ്ങനെ പല ആഗ്രഹങ്ങളും കാണും ബട്ട്‌ ഈ ഇന്ദു ഫുള്ളി കൺട്രോൾഡ് ആണ് കേട്ടോ മോനേ ദിനേശാ…. ” “ഹഹഹ… അത് പിന്നെ നീ എന്റെ അല്ലേ പെങ്ങൾ” പെട്ടെന്ന് ഇന്ദു വിരലിന്റെ നഖം കടിച്ചുകൊണ്ട് എന്നെ ഒന്ന് പാളി നോക്കി… ഒരു കള്ള നോട്ടം… “എന്താണാവോ ഈ കാക്കനോട്ടം ?? ” “അത്… അത് പിന്നെ ഉണ്ണിയേട്ടാ… ഫസ്റ്റ് ഹഗ്ഗിങ് കഴിഞ്ഞു… ” ഞാൻ ഞെട്ടലോടെ അവളെ ഒന്ന് നോക്കി… “ആഹ് സത്യമാ… ആ നശിച്ച അട്ട… അതെന്റെ കാലിൽ കൂടി കയറിയപ്പോൾ വേറെ ഒന്നും ചിന്തിക്കാൻ പറ്റിയില്ല… പറ്റിപ്പോയി… ” “എന്നിട്ട്… ” “എന്നിട്ടെന്താ… ഞാൻ കെട്ടിപ്പിടിച്ചു നിൽക്കുവല്ലേ.. അപ്പോൾ എവിടെ നിന്നോ പട പടാന്നു ന്നു സൗണ്ട് കേൾക്കുന്നു… നോക്കിയപ്പോൾ ഞാൻ എന്റെ ചെവി വിഷ്ണുവേട്ടന്റെ നെഞ്ചോടു ചേർത്ത് വെച്ചിരിക്കുവാണ്… അവിടെ നിന്നും ആണ് ആ സൗണ്ട് വരുന്നത്… ഞാൻ പതിയെ മുഖം ഉയർത്തി നോക്കി ആള് അന്തപ്പനായി നിൽക്കുന്നു… ”

“അന്തപ്പനോ? ” “ഓഹ്ഹ് എന്റെ ഉണ്ണിയേട്ടാ ആള് അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നുണ്ടായിരുന്നു എന്ന്… ” “ഹിഹിഹി… അടിപൊളി… അപ്പോൾ അളിയന്റെ കിളി പോയി അല്ലേ… ” “കൊള്ളാം… അങ്ങേർക്കു ഉണ്ടായിരുന്ന കിളി എല്ലാം എവിടാണ്ടൊക്കെ പറന്നു പോയി.. നമ്മൾ ഇങ്ങോട്ട് തിരിച്ചു വരുന്നത് വരെ പോയ കിളി ഒന്നും തിരിച്ചു വന്നില്ലെന്നാണ് തോന്നുന്നത്… ഉണ്ണിയേട്ടനും കണ്ടതല്ലേ ആള് എന്തോ കണ്ട പെരുച്ചാഴിയെപ്പോലെ നിന്നത്… ” “ശ്ശോ… സീൻ മിസ്സായി പോയല്ലോ എന്റെ പൊന്നു… പാവം അളിയൻ… കുറ്റം പറയാൻ പറ്റില്ല… ഒട്ടും പ്രതീക്ഷിക്കാതെ നീ പുള്ളിയെ കെട്ടിപ്പിടിച്ചപ്പോൾ റിലേ പോയതാ ഹിഹിഹി… ” “ഓഹ്… ഞാൻ ചമ്മി നാറി ഉണ്ണിയേട്ടാ… പോരാത്തതിന് വീണയും ഉണ്ടായിരുന്നു… അവൾ ഇനി അത് ആരോടൊക്കെ പറയുമോ ആവോ… എന്തായാലും ശരീരക്ലേശം… മാനഹാനി… ഇത് രണ്ടും കൊണ്ട് ഇന്നത്തെ ദിവസം നല്ല അസ്സലായി അങ്ങ് പോയിക്കിട്ടി… ”

“വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ മോളെ… ഇപ്പോൾ കാലുവേദന ഉണ്ടോ… ” “ചെറിയ വേദന ഉണ്ട് ഏട്ടാ… വിഷ്ണുവേട്ടൻ നടു തല്ലി ആണ് വീണതെന്ന് തോന്നുന്നു… ആള് ഇടക്കിടക്ക് ബാക്ക് തപ്പി പിടിക്കുന്നുണ്ടായിരുന്നു… പാവം.. ” “മ്മ് കുറച്ചു കഴിഞ്ഞു എന്തായാലും നമുക്കൊന്നു വിളിക്കാം… നാളെ നേരക്കുറിപ്പടി മാറുവല്ലേ ആള് ഉഷാറായി ഇങ്ങു എത്തിക്കോളും… ” “ആഹ് വരട്ടെ… നാളെ വിഷ്ണുവേട്ടനോട് കുറേ സംസാരിക്കണം… പ്രധാനമായി ജോലിക്കാര്യം… ഉള്ളിൽ ഇപ്പോളും അതോർക്കുമ്പോൾ മാത്രമാണ് ഒരു നീറ്റൽ… ” “അത് വേണ്ട മോളെ ഒരു പക്ഷേ നീ പറയുന്നതിനോട് അളിയന് യോജിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ അതൊരു കരടായി കിടക്കും… ” “എല്ലാം അറിയാം.. എന്നാലും…. ആഹ് അതൊക്കെ പോട്ടെ ഇനി ഉണ്ണിയേട്ടൻ പറ എന്താ മായയുടെ റൂമിൽ നടന്നത്… ” “ഞാൻ നേരെ കൂളായിട്ട് അവളുടെ റൂമിൽ ചെന്നു… ആ മുഖം കണ്ടപ്പോൾ തന്നെ നല്ല ആശ്വാസം തോന്നി… പിന്നീട് ഉരുളയ്ക്ക് ഉപ്പേരി പോലെ ചോദ്യങ്ങളും ഉത്തരങ്ങളും… രണ്ടാളും വിട്ടു കൊടുക്കാൻ തയ്യാറായില്ല…

ഒടുവിൽ അവൾ സെന്റി സീൻ ആക്കി… എല്ലാ പെൺകുട്ടികളെപോലെയും കുടുംബത്തെ അതിലേക്കു വലിച്ചിട്ടു… അതിലും ഞാൻ ജയിച്ചു…” “ഒന്നോർത്തു നോക്കിയേ ഉണ്ണിയേട്ടാ ആരും ഇല്ലാത്ത നമ്മൾക്ക് ഒരുപാട് ബന്ധങ്ങൾ കിട്ടിയത് പോലെയായി ഇല്ലേ? ” “ഞാനും അത് തന്നെയാണ് ചിന്തിച്ചത് ഇന്ദുട്ടി… ബന്ധങ്ങളെ കൈ വിട്ടു പോകാതെ ചേർത്ത് പിടിക്കണം… അവസാനം വരെ… ” “പക്ഷെ എനിക്കൊരു പരിഭവം ഉണ്ട് ഉണ്ണിയേട്ടാ… ” “ഇനിയും പരിഭവമോ? പറ കേൾക്കട്ടെ” “എന്നെ ആദ്യമായി ഏട്ടത്തി എന്ന് വിളിച്ചത് മായ അല്ലേ… അവള് ഏട്ടന്റെ ഭാര്യ ആയാൽ ആ വിളി മാറുമല്ലോ… പോരാത്തതിന് ഞാൻ ഏട്ടത്തി എന്ന് വിളിക്കുകേയും വേണം… ” “ഹമ്പടി കുശുമ്പി പാറു… ഒരു കാര്യം ചെയ്യൂ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഏട്ടത്തിന്നു അങ്ങ് വിളിച്ചോളൂ… പ്രശ്നം തീർന്നില്ലേ… ” “ഹഹ.. അത് കൊള്ളാം… നാളെ നേരക്കുറിപ്പടി മാറുമ്പോൾ അവിടുന്ന് എല്ലാരും വരുമായിരിക്കും ഇല്ലേ ഉണ്ണിയേട്ടാ… ”

“ആഹ് അത്യാവശ്യം വേണ്ടപ്പെട്ടവർ വരുമെന്നാണ് പറഞ്ഞത്… സദ്യ നമുക്ക് തന്നെ റെഡി ആക്കാവുന്നതേ ഉള്ളു.. അപ്പോൾ നാളെ എങ്ങനെ നമ്മൾ പൊളിക്കുവല്ലേ മുത്തേ… ” “പിന്നെ അല്ലാതെ… പൊളിച്ചടക്കി കൈയിൽ കൊടുക്കണം… ” “ആഹ് പിന്നെ… മായ പറയുവാ… പെങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഈ അങ്ങളെയെ അവൾക്കു ഒരുപാട് ഇഷ്ടം ആയിരുന്നു എന്ന്… ” “സത്യം !!!!… അപ്പോൾ ചങ്കരനൊത്ത ചക്കി തന്നെ… പെണ്ണ് കൊള്ളാലോ… എന്നിട്ടാണോ എന്റെ തങ്കം പോലെയുള്ള ഏട്ടനെ ചോദ്യങ്ങൾ കൊണ്ട് പന്താടിയത്… ഹും നാളെ ഇങ്ങു വരട്ടെ… കൈയോടെ ഞാൻ പിടിച്ചോളാം… ” “മ്മ് മ്മ്… നിങ്ങൾ നാത്തൂന്മാരായി നിങ്ങളുടെ പാടായി… ഞാൻ ഒന്നിലും ഇടപെടുന്നില്ല പോരേ… ” “ഹിഹിഹി… ചുമ്മാ പറഞ്ഞതല്ലേ… അവൾ വെറും മായ അല്ല നമ്മുടെ മഹാലക്ഷ്മി അല്ലേ… ” “ഞാൻ എന്നാൽ നാളത്തെ കാര്യങ്ങൾ എങ്ങനെ ആണെന്ന് എല്ലാരോടും ഒന്ന് ആലോചിക്കട്ടെ… നീ ഒന്ന് ഫ്രഷ് ആയി വാ.. ”

“ശരി ഉണ്ണിയേട്ടാ… ” ഉണ്ണിയേട്ടൻ മുറി വിട്ട പോയ ശേഷം ഞാൻ നേരെ കൃഷ്ണൻകുട്ടിയുടെ അടുത്തേക്ക് നിന്നു… “ചിരിച്ചോണ്ട് ഇങ്ങനെ നിന്നാൽ മതിയോ… ഇനി കുറച്ചു ദിവസമേ ഉള്ളു എന്റെയും ഭഗവാന്റെയും ഇവിടുത്തെ വാസം… ഞാൻ ഒറ്റയ്ക്ക് പോകുമെന്ന് കള്ളകൃഷ്ണൻ വിചാരിക്കണ്ടാട്ടൊ… കൂടെ കൊണ്ടോയിരിക്കും ഈ ഇന്ദു… ” സമ്മത ഭാവത്തിൽ കണ്ണൻ എന്നെ ഒന്ന് നോക്കി… ചെറു ചിരിയോടെ കണ്ണടച്ചു… ഫ്രഷ് ആയി വന്നിട്ട് വിഷ്ണുവേട്ടനെ വിളിച്ചു… ഭാഗ്യം എന്തായാലും ആളുടെ കിളിയൊക്കെ തിരികെ കൂട്ടിൽ കയറിയിട്ടുണ്ട്… എന്നെ എന്തെങ്കിലും കുറ്റം പറയുമോ എന്നൊരു സംശയം ഉണ്ടായിരുന്നു… പക്ഷേ ആള് പഴയകാര്യമൊന്നും ഓർമിപ്പിച്ചില്ല… മായയുടെയും ഉണ്ണിയേട്ടന്റെയും കാര്യങ്ങൾ ആണ് കൂടുതലും സംസാരിച്ചത്…

ആള് ഒരുപാട് സന്തോഷത്തിൽ ആയിരുന്നു… എന്റെ ഉണ്ണിയേട്ടന് എന്നോട് സ്നേഹം ഉള്ളത് പോലെ വിഷ്ണുവേട്ടനും മായയോടും അനിയത്തിമാരോടും കറ തീർന്ന സ്നേഹം തന്നെയാണെന്ന് ആളുടെ സംസാരത്തിൽ നിന്നും എനിക്കു മനസ്സിലായി… ഒരുപാട് നേരം എന്തൊക്കെയോ സംസാരിച്ചു… ഉണ്ണിയേട്ടനെക്കുറിച്ചു പറയുമ്പോൾ ഞാൻ വല്ലാതെ വാചാല ആയി പോകുന്നുണ്ടായിരുന്നു… ഏട്ടൻ തന്നെയാണ് അത് പറഞ്ഞത് ആങ്ങളയെക്കുറിച്ച് പറയുമ്പോൾ വല്ലാതെ വാചാല ആകുന്നുണ്ടല്ലോ എന്ന്… സംസാരിച്ചു സംസാരിച്ചു എപ്പോളോ രണ്ടാളും ഉറങ്ങി പോയി… രാവിലെ വീട്ടിൽ നല്ല തിരക്കായിരുന്നു… അമ്മയും അമ്മായിയും അയലത്തെ ശാന്ത ചേച്ചിയും ചേർന്നു സദ്യ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു… അച്ഛനും അമ്മാവനും ഉണ്ണിയേട്ടനും ഓരോ അത്യാവശ്യങ്ങൾക്ക് ഓടി നടന്നുകൊണ്ടേ ഇരുന്നു… ഏകദേശം ഒരു പതിനൊന്നു മണി കഴിഞ്ഞപ്പോളെക്കും ചെക്കൻ വീട്ടിൽ നിന്നും എല്ലാവരും എത്തി…

മായയും അനിയത്തിമാരും ഏട്ടന്റെ അച്ഛനും അമ്മയും അമ്മാവനും പെങ്ങളും എല്ലാം കൂടി വിരലിൽ എണ്ണാവുന്ന കുറച്ചുപേർ മാത്രം… വിഷ്ണുവേട്ടനെ കണ്ടില്ല… എന്റെ നോട്ടം കണ്ടു വീണ പറഞ്ഞു… “ഏട്ടത്തി… പേടിക്കണ്ട കേട്ടോ ആള് ഉണ്ണിയേട്ടന്റെ കൂടെ ഉണ്ട്.. ” ഞാൻ ചെറു ചിരിയോടെ അവളെ നോക്കി… പിന്നെ എല്ലാരും കൂടി എന്നെ ഒരുക്കുന്ന തിരക്കിലായിരുന്നു… ആകെ ഒരു ബഹളവും ഒച്ചയും.. പൊട്ടിച്ചിരികളും… ആദ്യമായി ആണ് അങ്ങനെ ഒരു അനുഭവം… ഒരുപാട് സന്തോഷം തോന്നി… കണ്ണുകൾ നിറഞ്ഞു… പെട്ടെന്നാണ് ഉണ്ണിയേട്ടൻ റൂമിലേക്ക്‌ വന്നത്… മായയെ കണ്ടതും ആളിന്റെ കണ്ണിൽ വല്ലാത്തൊരു തിളക്കം… ഞാൻ അവളെ നോക്കി… അവിടെയും അങ്ങനെ തന്നെ…. കണ്ണുകൾ കൊണ്ട് രണ്ടാളും എന്തൊക്കെയോ കൈ മാറുന്നത് പോലെ… ഞാൻ ചെറുതായി ഒന്ന് ചുമച്ചു… “റെഡി ആയെങ്കിൽ പെട്ടെന്ന് താഴോട്ട് വാ കേട്ടോ… ” അത്രയും പറഞ്ഞു ഏട്ടൻ പുറത്തേക്ക് പോയി…

മെറൂൺ കളർ ഫാൻസി സാരീ ആയിരുന്നു എന്റെ വേഷം… അതിനു മാച്ച് ആയ ജുവലറിയും ധരിച്ചിരുന്നു… മുടി പുറകിലേക്കു മെടഞ്ഞിട്ടു അതിൽ കുറേ അധികം മുല്ലപൂവും ചൂടി… “വൗ… ഇപ്പോൾ ഏട്ടത്തിയെ കണ്ടാൽ സിനിമ നടികളും മാറി പോകും… അത്രക്ക് ഭംഗി ഉണ്ട്… ” സ്നേഹ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് കൂടി തിരിഞ്ഞു കണ്ണാടിയിലേക്കു നോക്കി… സ്വയം ഒന്ന് വില ഇരുത്തി… ആഹ് കൊള്ളാം… തരക്കേടില്ല… “എങ്കിൽ നമുക്ക് താഴേക്കു പോകാം.. ” “മ്മ് ” സ്റ്റെപ് ഇറങ്ങി താഴോട്ട് ചെല്ലുമ്പോൾ എന്റെ നോട്ടം പതിഞ്ഞത് കുസൃതിച്ചിരിയോടെ എന്നെ തന്നെ നോക്കി ഇരിക്കുന്ന വിഷ്ണുവേട്ടനിൽ ആയിരുന്നു… കണ്ണുകൾ പരസ്പരം കോർത്തതും ചുറ്റുമുള്ളതെല്ലാം മറന്നു ഞാൻ അവിടെ പ്രതിമകണക്കെ നിന്നു പോയി… (തുടരും )