17/04/2026

നീർത്തിളക്കം : ഭാഗം 10

രചന – ഷംസിയ ഫൈസൽ

 

പുലര്‍ച്ചെ കോഴി കൂവിയതും ശാലിനി കണ്ണ് തുറന്ന് ഫോണെടുത്ത് സമയം നോക്കി.,
എണീക്കണമെന്ന് കരുതിയെങ്കിലും മടി കാരണം പുതപ്പെടുത്ത് മൂടി പുതച്ച് വീണ്ടും തിരിഞ്ഞ് കിടന്നുറങ്ങി

”ചേച്ചി എണീറ്റെ.,
എന്ത് ഉറക്കായിത്.,
ഈ ഡോക്ടര്‍ക്ക് തീരെ ചിട്ടയില്ലട്ടോ..,,

ശില്പ അവളെ തട്ടി വിളിച്ചു

”ഇന്ന് വീട്ടില്‍ വന്ന പ്രമാണിച്ച് ഫൂള്‍ ഡേയാണ്..,
നീ പൊക്കോ ഞാന്‍ വന്നേക്കാം.,,

ശാലിനി എണീറ്റ് ബാത്ത് റൂമില്‍ കയറിയിറങ്ങി ബ്രഷുമായി പുറത്തേക്കിറങ്ങി

മുറ്റത്തിറങ്ങി കാഴ്ച്ചകള്‍ കണ്ട് ബ്രഷ് ചെയ്ത് കൊണ്ട് നടക്കുന്നതിന്‍റെ സുഖം വേറെ തന്നെയാണ്,

ബ്രഷും കൊണ്ട് വീടിന് ചുറ്റും നടക്കുമ്പോയാണ് തിണ്ണയില്‍ പത്രം വായിച്ച് ചായ കുടിച്ചോണ്ടിരിക്കുന്ന അച്ഛനെ കണ്ടത്

”ആരിത് കള്ളുകുടിയന്‍ സാറോ..,
ഇന്ന് കെട്ടിറങ്ങി നേരത്തെ എണീറ്റോ..,,

ശാലിനി വായും മുഖവും കഴുകി അച്ഛന്‍റെ അടുത്തിരുന്നു

”പോടി കളിയാക്കാതെ.,
ഞാന്‍ പതുക്കെ കള്ള്കുടി മാറ്റാന്‍ പോകാണ്.,
അല്ലേലും ഈ കള്ളൊന്നും ശരീരത്തിന് നല്ലതല്ലെന്നെ.,,

അച്ഛന്‍ ശാലിനിയെ കണ്ട് പത്രം മാറ്റിവെച്ചു

”ഇത് നമ്മള്‍ കുറേ കേട്ടിട്ടുണ്ട്.,
ഒന്ന് പോ അച്ഛാ നടക്കാത്ത കാര്യം തള്ളി വിടാതെ.,,

അവളച്ഛനെ പുച്ഛിച്ചു

”സത്യാ കുഞ്ഞെ,,
എന്‍റെ മക്കളൊക്കെ ഡോക്ടറും എഞ്ചിനിയറുമൊക്കെയാകുമ്പോ ഞാന്‍ കുടിക്കുന്നതും വലിക്കുന്നതും മോശല്ലെ.,,

”ഇതിപ്പൊ അച്ഛനെ ഞങ്ങള്‍ പിടിച്ച് വെച്ച് കുടിപ്പിച്ച പോലെയുണ്ടല്ലോ..,,

അവളച്ഛനെ നോക്കി കണ്ണുരുട്ടി

”ഇനി സത്യായിട്ടും നിങ്ങളെ ലീവ് കഴിയുന്നത് വരെ കുടിക്കില്ല.
സത്യം.,,

അച്ഛന്‍ അവളെ തലയില്‍ തൊട്ട് സത്യം വെച്ചു

”അതൊക്കെ പോട്ടെ.,
അച്ഛന്‍ ഇവിടെ ഒറ്റക്ക് നില്‍ക്കാതെ ഞങ്ങളെ കൂടെ കൊച്ചിയിലേക്ക് വാ.
നമുക്കവിടെ അടിച്ച് പൊളിക്കാം,,

”ഞാനില്ല മോളെ.,
ഇവിടെത്തെ പ്രകൃതി ഭംഗിയും ശുദ്ധവായു ഒന്നും നഗരത്തില്‍ കിട്ടില്ല.,
അച്ഛനിവിടേയാ ഇഷ്ടം.,
മക്കള് നിര്‍ബന്ധിക്കരുത്.,,

അച്ഛന്‍ മകളെ തലയില്‍ തലോടി

”ഒറ്റക്കിവിടെ ആയാ കള്ള് കുടി അതിന്‍റെ മുറക്ക് ഒരു തടസ്സവും ഇല്ലാതെ നടക്കുമെല്ലോ..,,
ഞാന്‍ മിണ്ടത്തില്ല.,,

ശാലിനി എണീറ്റ് പോകുന്നതും നോക്കി അച്ഛന്‍ ചിരിച്ചു

കള്ള് കുടിയുടെ പേരില്‍ ഉണ്ടാകുന്ന വഴക്ക് പതിവാണ്.,
അതയാള്‍ കാര്യമാക്കാറുമില്ല

എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിച്ച് ശാലിനി വീണ്ടും പുറത്തേക്കിറങ്ങി

നാട്ടില്‍ വന്നാല്‍ പിന്നെ വെറുതെ ഇരിക്കാറേയില്ല.,
എങ്ങോട്ടേലും പോയികൊണ്ടിരിക്കും

”ആ..ഹ ഞങ്ങളെ ഡോക്ടറൂട്ടി വന്നോ.,
സുഖാണോ മോളെ.,,

അടുത്ത വീട്ടിലെ ഇത്ത അവളെ കണ്ടതും ചോദിച്ചു

”ഇന്നലെ രാത്രി വന്നു ഇത്താ.,
സുഖായിട്ട് പോണ്.,
എന്തൊക്കെ അവിടെ വിശേഷം.,,

അവള്‍ തിരിച്ച് വിശേഷം തിരക്കി

”അല്‍ഹംദുലില്ലാഹ് നല്ല വിശേഷാണ്‌,
മ്മ്ളെ അമ്മായിന്‍റെ പേരകുട്ടീടെ കല്ല്യാണണ്ട് മലപ്പൊറത്ത് അങ്ങോട്ട് പോകാന്‍ നില്‍ക്കാണ്.,
മോള് നാട് ചുറ്റാന്‍ ഇറങ്ങിയതാവുംലെ.,,

”അതേ ഇത്താ എല്ലാവരിം കണ്ടിട്ട് കുറേയായി.,
നിങ്ങള് കല്ല്യാണത്തിന് പോയി വരി.,,

ശാലിനി ഇത്തയോട് പറഞ്ഞ് നവനീതിന്‍റെ പൂട്ടി കിടക്കുന്ന വീടിന്‍റെ മുറ്റത്തേക്ക് കയറിയതും ഒരു കാറ്റവളെ തഴുകി തലോടി പോയി

അവള്‍ നേരെ അവന്‍റെ അച്ഛന്‍റേയും അമ്മയുടേയും അസ്ഥി തറയുടെ അടുത്തേക്ക് പോയി

ഇല വീണ് കാണാന്‍ പറ്റാത്ത വിധത്തിലായിരുന്നത്

കരിയിലയെല്ലാം മാറ്റി അവളവിടെ മുട്ട് കുത്തിയിരുന്നു

”ഞാന്‍ നവിയെ കണ്ടിരുന്നു
പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ട് നിങ്ങളെ മോന്‍.,
പക്ഷെ പേടിക്കേണ്ട കേട്ടോ നിങ്ങള്‍ക്ക് സന്തോഷിക്കാം നിങ്ങള്‍ക്ക് അഭിമാനിക്കുന്ന ഉയരത്തില്‍ അവന്‍ എത്തിയിട്ടുണ്ട്.,,
അവനെ കണ്ടത്‌ മുതല്‍ എന്തോ പഴയ പ്രണയം പൊടിതട്ടി ഉണര്‍ന്നിട്ടുണ്ട്.,
ഞാന്‍ എന്ത് ചെയ്തിട്ടാണേലും അത് നേടിയെടുക്കാന്‍ തീരുമാനിച്ചു.,
കുറച്ച്ക്കാലത്തേക്കാണേലും സ്വന്തമായി കാണാലോ.,
നിങ്ങളും ഞങ്ങളൊരുമിക്കാനാണ് ആഗ്രഹിച്ചതെന്നറിയാം.,
നിങ്ങളെ അനുഗ്രഹം വേണമെനിക്ക്.,,

ശാലിനി രണ്ട് അസ്ഥി തറകള്‍ക്ക് മേലെ കൈ വെച്ചോണ്ട് വിശേഷം പറഞ്ഞോണ്ടിരുന്നു

അവിടെ വീശിയടിക്കുന്ന കാറ്റിലെല്ലാം അവരുടെ സാന്നിധ്യമുണ്ടെന്നവള്‍ക്ക് തോന്നി

ശാലിനി വീടൊന്ന് നോക്കി ആകെ പൊടിപിടിച്ച് മാറാല കെട്ടി പ്രേതാലയം പോലെ ആയിട്ടുണ്ട്

ആദ്യമൊക്ക ഞാനും അമ്മയും ഇടക്ക് വൃത്തിയാക്കിയിടുമായിരുന്നു

പിന്നെ പിന്നെ ഞങ്ങളുടേതായ തിരക്കുകളിലേക്ക് നീങ്ങിയപ്പോ അതിനൊന്നും സമയമില്ലാതായി

ഇന്നെന്തായാലും ഇവിടെ വൃത്തിയാക്കണം.,

അവള്‍ വേഗം വീട്ടിലേക്ക് നടന്നു

”’അമ്മാ…,,അമ്മാ…,,

”എന്തിനാ വിളിച്ച് കൂവുന്നെ.,
നിന്‍റെ ഊര് തെണ്ടലൊക്കെ കഴിഞ്ഞ് എത്തിയോ..,,

അമ്മ കൈയ്യില്‍ പറ്റിയ വെള്ളം തോളില്‍ കിടന്ന തോര്‍ത്തില്‍ തുടച്ച് മാക്സി എളിയില്‍ കുത്തി മുറ്റത്തേക്ക് വന്നു

”’അമ്മാ..,,നവിയുടെ വീടിന്‍റെ കീ ഒന്ന് താ.,?
അവിടെ വൃത്തിയാക്കാനാ.,,

”’അവിടെ വൃത്തിയാക്കാന്‍ നിന്നെ കൊണ്ട് ഒറ്റക്ക് കുട്ട്യാ കൂടോ.,
എനിക്കാണേല് ഇവിടെ തന്നെ ഒത്തിരി പണി കിടപ്പുണ്ട്.,
ആരേലും വിളിച്ച് വൃത്തിയാക്കിച്ചാല്‍ പോരെ.,,

അമ്മ അവളോട് ചോദിച്ചു

”ഞാനൊന്ന് വൃത്തിയാക്കാന്‍ പറ്റോന്ന് നോക്കട്ടെ.,
ശില്‌പയേയും കൂട്ടിക്കോളാം.,
അമ്മ കീ താ..,,

അമ്മ കീയെടുക്കാന്‍ അകത്തേക്ക് പോയി

അല്‍പ നേരം കഴിഞ്ഞ് ശില്‌പ കീയുമായി വന്നു

”പോകാം.,,

രണ്ട് പേരും നവനീതിന്‍റെ വീട്ടിലേക്ക് നടന്നു

”എന്താണ് കള്ള കാമുകിക്ക് ഭാവി ഭര്‍ത്താവിന്‍റെ വീടൊക്കെ വൃത്തിയാക്കാന്‍ തോന്നിയെ.,,

ശില്‌പ കള്ളചിരിയോടെ ചോദിച്ചു

”വീടങ്ങനെ കിടക്കുന്നത് കണ്ടപ്പോ സഹിച്ചില്ല.,
എത്ര കളിച്ച് നടന്ന ഒാര്‍മകളാണ് ആ വീട്ടില്‍.,
കേട്ടിട്ടില്ലെ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണ് ഓര്‍മകള്‍.,
മനസ്സിനെ മത്ത് പിടിപ്പിക്കുന്ന മധുരമുള്ള ഒാര്‍മകള്‍.,,

”മധുരമുള്ളതല്ല പ്രണയം നിറഞ്ഞ ഒാര്‍മകള്‍..,,

ശില്‌പ തിരുത്തിയതും ശാലിനി കപട ദേഷ്യത്തോടെ അവളെ കൈയ്യിടച്ചു

രണ്ട് പേരും മണിക്കൂറോളം പണിപെട്ട് വീടെല്ലാം തൂത്ത് തുടച്ച് വൃത്തിയാക്കി

”ഇനി ഈ മുറ്റം കൂടെ തൂക്കാലെ.,,

”ചേച്ചിക്ക് വട്ടാണോ?,
ഞാന്‍ ക്ഷീണിച്ച് വീഴാറായി.,
വേണേല് ഒറ്റക്ക് ചെയ്തോ..,,

ശില്‌പ പോയതും ശാലിനി ചൂലെടുത്ത് മുറ്റമടിച്ച് പുല്ലെല്ലാം പറിച്ച് വൃത്തിയാക്കി

ഇപ്പോ കണ്ടാല്‍ താമസമില്ലാത്ത വീടാണെന്ന് ആരും പറയില്ല.,
അങ്ങനെ വൃത്തിയാക്കിയിട്ടുണ്ട്.,,

ശാലിനി ആത്മസംതൃപിയോടെ വീട്ടിലേക്ക് പോയി കീ അമ്മയെ ഏല്‍പിച്ച് സോപ്പും തോര്‍ത്തുമെടുത്ത് കായലിലേക്ക് പോയി

നന്നായൊന്ന് മുങ്ങി നിവര്‍ന്നപ്പോയേക്കും ക്ഷീണമൊക്കെ പമ്പകടന്നിരുന്നു

അലക്കാനുള്ളതെല്ലാം അലക്കി വീട്ടിലേക്ക് പോയി ഡ്രസ്സ് മാറി ഒന്ന് കിടന്നു

”ശാലൂ…,,എണീറ്റെ മണി മൂന്നായി.,
രാവിലെ കഴിച്ചതാ പിന്നെ വല്ലതും കഴിച്ചോ നീ..,,
എണീക്കെടി പെണ്ണേ..,,

അമ്മ അവളെ പിടിച്ചെണീപ്പിച്ചു

അവള്‍ ഉറക്കചടവോടെ എണീറ്റ് മുഖം കഴുകി കിച്ചണില്‍ പോയി ഭക്ഷണം കഴിച്ച് പുറത്തെ തിണ്ണയില്‍ വന്നിരുന്നു

എന്നിട്ട് നവിയുടെ വീട്ടിലേക്ക് പാളിനോക്കി

പണ്ട് എത്രതവണ കൊതിയോടെ പാളിനോക്കിയതാ അങ്ങോട്ട്.,
നവിയുടെ അമ്മയോടും അച്ഛനോടുമുള്ള കളിയും ചിരിയും എത്രവട്ടം ഒളിഞ്ഞ് നോക്കിയിട്ടുണ്ട്.
ഇപ്പോ അവിടെ ശൂന്യമായിരിക്കുന്നു.,,

മുറ്റത്തേക്കിറങ്ങി ചെടികള്‍ക്കെല്ലാം വെള്ളം നനച്ച് പേരമരത്തിന് ചുവട്ടില്‍ വന്ന് നിന്നു

പഴുത്ത് നില്‍ക്കുന്ന പേരക്ക കൂട്ടങ്ങള്‍ കണ്ടതും അവളെ വായില്‍ വെള്ളമൂറി

കൈ കൊണ്ട് പറിക്കാന്‍ കിട്ടില്ലെന്ന സത്യം അവളില്‍ നിരാശയുണ്ടാക്കി

നവിയുണ്ടെങ്കില്‍ കയറി പറിച്ച് തന്നേനെ

തനിക്ക് വേണ്ടി എത്ര ഉറുമ്പ് കടി ഏറ്റുവാങ്ങിയിട്ടുണ്ടവന്‍

അവളെ ചൊടിയില്‍ ഒരു പുഞ്ചിരി വിടര്‍ന്നു

ചുറ്റും നോക്കിയതും മാവില്‍ ചാരി വച്ചൊരു തോട്ടികണ്ടതും അവളതെടുത്ത് പേരക്ക പറിച്ചു

നിലത്ത് വീണ വലിയ പഴുത്ത പേരക്ക എടുത്ത് കഴുകി വായില്‍ വെച്ച് കടിച്ചു

”ചേച്ചി ദേ നവനീതേട്ടന്‍ വിളിക്കുന്നു.,,

ശില്‌പ ഫോണ്‍ കൊണ്ട് തന്നതും ശാലിനിയുടെ കൈയ്യൊന്ന് വിറച്ചു

*(തുടരം..)