രചന – രോഹിണി ആമി
ഒന്ന് അവന്റെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കണം അച്ചോ…….ആകെ ഒരു ഏനക്കേടാ……..കാലിൽ തടി വീണതിന്റെ വേദനയാണെങ്കിൽ മാറുന്നില്ല……. ആകെ ഒരു സമാധാനക്കേടാ അവരുടെ ജീവിതത്തിൽ…….. റോയിയുടെ അമ്മച്ചി അച്ചനോട് പരാതി പറഞ്ഞു…… അതിന് അവന്റെ ഭാര്യ വലിയ കുഴപ്പക്കാരിയല്ല എന്നാണല്ലോ ഞാൻ കേട്ടത്……… കുഴപ്പമൊന്നുമില്ലച്ചോ……. അതൊരു മിണ്ടാപ്രാണിയാ……. റോയി രണ്ടാമത് ഒരു കല്യാണത്തിന് തയ്യാറായപ്പോൾ ഞാൻ തന്നെയാ കുറച്ച് അകന്ന ബന്ധത്തിലുള്ള ഈ കൊച്ചിനെ അവനുവേണ്ടി തേടിയത്…… മിണ്ടാൻ വയ്യാത്തോണ്ട് നിന്നുപോയതാ ആ പാവം കൊച്ച്……….. അവർക്ക് എങ്ങനെയും അതിന്റെ കല്യാണം ഒന്ന് നടന്നു കണ്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ…… റോയി ആണേൽ സമ്മതിക്കുകയും ചെയ്തപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല…….
മരുമകൾ മിണ്ടാപ്രാണി ആയതുകൊണ്ട് റോയിയുടെ അമ്മച്ചിക്ക് എളുപ്പമായി അല്ലേ……. അച്ഛൻ തമാശയായി പറഞ്ഞത് അവർക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും അത് ശ്രദ്ധിക്കാതെ പറഞ്ഞു……. ഒരു ഭൂലോക രംഭയെ അവന്റെ ഇഷ്ടത്തിന് കൊണ്ടുവന്നിട്ട് എന്തായി അച്ചോ…… അതിലും ഭേദം ഈ പെണ്ണ് തന്നെയാണ്…… ഒരു പാവമാ…….. കാലിനു വേദന ആയതിനാൽറോയി ഇപ്പോൾ പണിക്ക് പോകുന്നില്ല…… അവർ തന്നെ റോയിക്ക് ഒരു കട ഇട്ടു കൊടുത്തു….. പക്ഷേ അതും അങ്ങോട്ട് മെച്ചപ്പെടുന്നില്ല……. കല്യാണം കഴിഞ്ഞിട്ട് കുറച്ച് ആയില്ലേ……. ഇതുവരെ കുഞ്ഞുങ്ങളുമായിട്ടില്ല…….. ഒരെണ്ണം വയറ്റിൽ ആയതാ പക്ഷേ പിടിച്ചില്ല…….. അമ്മച്ചി നിരാശയോടെ പറഞ്ഞു…… അച്ഛൻ അവരെ ഒന്നു നോക്കിയിട്ട് ക്രൂശിത രൂപത്തിലേക്ക് നോക്കി……
കർത്താവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുന്നത് പോലെ അച്ചന് തോന്നി…… അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല…….. ചില മറുപടികൾ കാലത്തിന് അവകാശപ്പെട്ടതാണ്…… കാലം തെളിയിച്ചു കൊള്ളും…….. അവനോട് ഇവിടെ വരെ വരാൻ പറയ്…… ഞാൻ പ്രാർത്ഥിക്കാം……… അച്ഛൻ പറഞ്ഞു……. ഒരു ആശ്വാസത്തോടെ റോയിയുടെ അമ്മച്ചി പള്ളിയിൽ നിന്നിറങ്ങി നടന്നു……. വീട്ടിൽ ചെന്നപ്പോൾ എല്ലാ പണിയും ലിസി ഒതുക്കിയിരുന്നു……… ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല…. എല്ലാം നോക്കിയും കണ്ടും ചെയ്തുകൊള്ളും….. ഇങ്ങനെയൊരാൾ വീട്ടിൽ ഉണ്ടെന്ന് പോലും ആർക്കും തോന്നില്ല….. ആകെ ഒരു നിശബ്ദതയാണ് വീട്ടിൽ…. ജാൻസിയും റിൻസിയും വരുമ്പോൾ മാത്രമാ കുറച്ചു ശബ്ദം ഉണ്ടാവുന്നത്….. കുഞ്ഞുങ്ങളുടെ കലപില ശബ്ദം കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും…… പണിയെല്ലാം ഒതുക്കി ലിസി അമ്മച്ചിക്കരികിൽ പോയിരിക്കും…….
രണ്ടാളും മുഖാമുഖം നോക്കിയിരിക്കും എന്നല്ലാതെ വേറെന്ത് ചെയ്യാൻ……. ഡെയ്സിയുമായി നിയമപരമായി പിരിഞ്ഞപ്പോൾ ആദ്യത്തെ ഒരു വാശിക്ക് കെട്ടിയതാണ് ലിസിയെ റോയി……… ആവശ്യത്തിന് കാശുണ്ട് കാണാനും തരക്കേടില്ല……. പിന്നെ ഒരു കുഴപ്പം മിണ്ടാൻ പറ്റില്ല എന്നുള്ളതാണ്….. റോയിയുടെയും രണ്ടാംകെട്ട് ആണല്ലോ……അതുകൊണ്ട് ഇതൊരു വലിയ കുറവായി തോന്നിയില്ല…… പക്ഷേ ഇന്നിപ്പോൾ ഈ വീട് ആകെ മൂകമാണ്…… റോയ് കടയിൽ നിന്നു വന്നാലും കഴിച്ചിട്ട് ഉടനെ കയറി കിടക്കും……. രാവിലെ എഴുന്നേറ്റ് പോകും……. മൂന്നാളും മൂന്നു ഭാഗത്തായി ഒതുങ്ങിക്കൂടുകയാണ് പതിവ് ….. റോയി വന്നപ്പോൾ അമ്മച്ചി പറഞ്ഞു പള്ളിയിൽ പോയ കാര്യവും അച്ഛൻ അന്വേഷിച്ച കാര്യവും ഒക്കെ…….. മറുപടി ഒന്നും പറഞ്ഞില്ല……. ലിസിയോടായി പറഞ്ഞു നാളെ കുർബാനയ്ക്ക് പോകാം എന്ന്….. ചെറിയൊരു സന്തോഷത്തോടെ തലകുലുക്കി സമ്മതം അറിയിച്ചു ലിസി……… അവളുമായി അങ്ങനെ ഒരിടത്തും പോകാറില്ല………. ഇന്നിപ്പോൾ ഒരുമിച്ച് പോകാമെന്നു പറഞ്ഞതിന്റെ സന്തോഷമാ…….ലിസി അടുത്തുവന്നു കിടക്കുന്നത് അറിഞ്ഞു റോയി തിരിഞ്ഞു കിടന്നു……
ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന കല്യാണ ഫോട്ടോയിലേക്ക് നോക്കി…… ആദ്യം അവിടെയുണ്ടായിരുന്നത് തന്റെയും ഡെയ്സിയുടെയും വിവാഹഫോട്ടോ ആയിരുന്നു…….. അന്നത്തെ ദേഷ്യത്തിന് അവളുടെ എല്ലാ സാധനങ്ങളും കല്യാണ ഫോട്ടോകളും എടുത്തു കത്തിച്ചുകളഞ്ഞു…… പേരിന് പോലുമൊന്ന് കാണാനില്ല …… ദേഷ്യം ആണെങ്കിലും ഒരു ദിവസം പോലുമില്ല അവളെ ഒന്ന് ഓർക്കാത്തതായി…….. സത്യം പറഞ്ഞാൽ ലിസിയിൽ താൻ തേടുന്നതും ഡെയ്സിയെ തന്നെയാണ്……. അവൾക്കും അതറിയാം……. സംസാരിക്കാൻ കഴിയാത്തതുകൊണ്ട് വഴക്ക് ഉണ്ടാവാറില്ല എന്ന് മാത്രം……. ശിവയെ പലവട്ടം വഴിയിൽവെച്ച് കണ്ടെങ്കിലും ഇതേവരെ ഡെയ്സിയെ ഒന്ന് കാണാൻ സാധിച്ചിട്ടില്ല…… കോടതിയുടെ പരിസരത്ത് വെച്ചാണ് അവസാനമായി കണ്ടത്….. ഒന്നു നോക്കാൻ പോലും തന്റെ വാശി തന്നെ അനുവദിച്ചില്ല….. കൈയ്യിൽ ആ ജാരസന്തതിയും ഉണ്ടായിരുന്നു…..
അതിന്റെ കരച്ചിൽ മാത്രം ഒന്നു കേട്ടു…… കേൾക്കാൻ ഇഷ്ടമില്ലാഞ്ഞത് കൊണ്ട് നോക്കാൻ കൂടി പോയില്ല…… ഡെയ്സിയുടെ കുടുംബമായിട്ട് വരെ അകന്നു……. അതിന് കാരണം അന്നയാണ്…. ഡെയ്സിയുമായി പിരിഞ്ഞ് അധിക നാൾ കഴിയും മുന്നേ അപ്പച്ചൻ വന്നിരുന്നു വീട്ടിൽ …… മൂത്തമകൾ ചെയ്ത പാപത്തിനു പരിഹാരമായി അന്നയെ കെട്ടിക്കൂടെ എന്നു ചോദിച്ചു ….. അന്നയോട് തനിക്ക് തീരെ താല്പര്യം തോന്നിയിരുന്നില്ല…… ആ സ്വഭാവവും തനിക്ക് ഇഷ്ടമില്ലായിരുന്നു…….. അമ്മച്ചിക്ക് നൂറുവട്ടം സമ്മതമായിരുന്നു…… അത്രയ്ക്കും സോപ്പിട്ട് പതപ്പിച്ചിരുന്നു അവൾ അമ്മച്ചിയെ……. മില്ലിൽ പോയപ്പോൾ അവിടെ നിന്നും കളിയാക്കൽ വേറെ……. രണ്ടാമത്തെ പെണ്ണിനെ കെട്ടാൻ മൂത്തതിനെ മനപ്പൂർവ്വം ഒഴിവാക്കിയതാണ്…. ഇനി അതിനെയും ഇഷ്ടമായില്ലെങ്കിൽ മൂന്നാമതും ഒരെണ്ണമുണ്ടല്ലോ എന്ന്…….. അപ്പച്ചനെ വീട്ടിൽ ചെന്ന് കണ്ട് അന്നയെ കെട്ടാൻ താൽപര്യമില്ലെന്ന് തീർത്തുപറഞ്ഞു……
ഡെയ്സിയുമായി പിരിഞ്ഞെങ്കിലും അന്ന ഇന്നും അനിയത്തിയുടെ സ്ഥാനത്തു തന്നെയാണ്…. റിൻസിയെപോലെ തന്നെയാണ് എന്ന് പറഞ്ഞു……. അവളുടെ ദേഷ്യത്തിലുള്ള നോട്ടം അവഗണിച്ചു….. അവളുടെ സ്വഭാവം ശരിക്ക് അറിയാവുന്നതുകൊണ്ടും അന്ന് ഡെയ്സിയോടുള്ള വാശിയുടെ പുറത്തും ലിസ്സിയുടെ ആലോചന കണ്ണടച്ചു സമ്മതിച്ചുകൊടുത്തു…… ഇല്ലെങ്കിൽ തന്നെ കെട്ടാൻ അന്ന എന്തും ചെയ്യും…… പേടിക്കേണ്ടതിനെ പേടിച്ചല്ലേ പറ്റൂ…… എന്ത് വൃത്തികെട്ട കളിയും കളിക്കാൻ മടിക്കില്ല അവൾ……. അത്രയ്ക്ക് വിഷമുണ്ട് അവൾക്കുള്ളിൽ…….. അതിനുശേഷം കുറച്ചുദിവസത്തേക്ക് യാതൊരു ശല്യവും ഉണ്ടായിരുന്നില്ല അന്നയെക്കൊണ്ട്…… തന്നെ കാണിക്കാൻ ആണെന്ന് തോന്നുന്നു രണ്ടുമൂന്നു പ്രാവശ്യം ഏതോ ഒരുത്തന്റെ ബൈക്കിൽ തന്റെ മുന്നിലൂടെ പോകുന്നത് കണ്ടു…….
കൂടുതൽ അന്വേഷിക്കാൻ ഒന്നും പോയില്ല….. തനിക്ക് അതിന്റെ ആവശ്യവുമില്ല……. അന്നയുടെ ആലോചന തള്ളിക്കളഞ്ഞതിനുശേഷം അപ്പച്ചനും തന്നോട് അടുപ്പത്തിന് വന്നിട്ടില്ല…… വഴിയിൽ വെച്ച് എങ്ങാനും കണ്ടാൽ ഒന്ന് ചിരിക്കും അത്രതന്നെ…… അന്ന കാര്യമായിട്ട് എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു….. എന്തായാലും സാരമില്ല…. ആ കുടുംബത്തിൽ ഉള്ളവരെല്ലാം ഇപ്പോൾ തനിക്ക് അന്യരാണ്…. ഒരുപാട് നേരം മുട്ടുകുത്തി നിൽക്കാൻ തനിക്ക് ആവില്ല…… എഴുന്നേറ്റ് ബെഞ്ചിൽ ഇരുന്നു……. ഉറക്കം വരുന്നതുപോലെ തോന്നിയപ്പോഴാണ് കണ്ണുകൾ ലിസിയുടെ അടുത്തുനിന്ന് കൊഞ്ചുന്ന കുഞ്ഞിലേക്ക് നീണ്ടത്…….. രണ്ടാളും ആംഗ്യം കാണിച്ച് എന്തൊക്കെയോ പറയുന്നുണ്ട്…… ലിസിയുടെ ചുണ്ടിൽ തൊട്ടുനോക്കുന്നുണ്ട്……
ലിസിയുടെ മുഖം അത്രയും സന്തോഷത്തോടെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല….. ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ ഉള്ള ആഗ്രഹം അവളിൽ കണ്ടു….. അതിനു പറ്റാത്തതിന്റെ വിഷമവും.. ലിസി ഇടയ്ക്കിടെ തന്നെ നോക്കുന്നത് കൊണ്ട് ആ കുഞ്ഞും തന്നെ നോക്കുന്നുണ്ട്……. ചിരിക്കുന്നുണ്ട്….. ചിരിയിലൂടെ പയ്യെപ്പയ്യെ തന്നോടുമടുത്തു തുടങ്ങി….. അടുത്തേക്ക് മെല്ലെ വന്നു…. കയ്യിൽ തൊട്ടു….. പിന്നെ നുള്ളി നോവിച്ചു …. കയ്യിൽ വിരൽകൊണ്ട് ചുരണ്ടുന്നവളെ കണ്ണുരുട്ടി കാണിച്ചു റോയി…… എളിയിൽ രണ്ടുകൈയും കൊടുത്തു തിരിച്ചു കണ്ണുരുട്ടി കാണിച്ചു….. പിന്നെ കൈകൊട്ടി ചിരിച്ചു……. അവളുടെ കുണുങ്ങിക്കുണുങ്ങിയുള്ള പോക്ക് കണ്ടപ്പോൾ അറിയാതെ തന്നെ ചിരി വന്നു പോയി റോയിക്ക് ……… പന്ത് ഉരുണ്ടു പോകും പോലെ……. തിരിച്ച് നടന്നു പോകുന്ന പോക്കിൽ രണ്ടുവശത്തും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരെ തോണ്ടാനും മറന്നില്ല കുഞ്ഞിക്കുറുമ്പി…… കുർബാന കഴിഞ്ഞപ്പോൾ പിന്നെ ആ കുഞ്ഞിനെ ഒന്ന് കണ്ടതുമില്ല….. കാണാൻ മനസ്സ് ആഗ്രഹിച്ചെങ്കിലും…… കണ്ണുകൾ തേടി തേടി മടുത്തത് പോലെ വിശ്രമത്തിലായി…….
പിറ്റേന്ന് പള്ളിയിൽ വരുന്നോ എന്ന് ലിസി അവളുടെ ഭാഷയിൽ ചോദിച്ചപ്പോൾ ആദ്യം ഇല്ലെന്ന് മറുപടി പറഞ്ഞു…….ഇന്നലെ കണ്ട കുഞ്ഞിന്റെ കളിയും ചിരിയും ഓർത്തപ്പോൾ അയാളും പെട്ടെന്ന് തയ്യാറായി വന്നു…… വീണ്ടും കാണാൻ സാധിച്ചാലോ……. അമ്മച്ചിക്കും ലിസിക്കുമൊപ്പം പള്ളിയിലേക്ക് പോകാൻ തന്നെ ഒരിക്കലും തോന്നാത്ത ഒരു ഉത്സാഹമായിരുന്നു….. ജീവിതം വല്ലാതെ മടുത്തു തുടങ്ങിയതിന്റെ തുടക്കമാണ് ഇത് ……. ആർക്കോ വേണ്ടി കഷ്ടപ്പെടുന്നു….. ചിലവാക്കാൻ മക്കൾ ഒന്നും ഇല്ലല്ലോ എന്ന പല്ലവിയും പറഞ്ഞ് പെങ്ങന്മാർ വന്നു വാങ്ങി പോകുന്നു……. ഏറെക്കുറെ ഡെയ്സിയുടെ സ്വഭാവമാണ് ലിസിക്കും……കൊടുത്താണ് ശീലം….. പൂഴ്ത്തിവെപ്പ് അറിയില്ല…….ചിലപ്പോൾ കുഞ്ഞ് ഇല്ലാത്തതുകൊണ്ട് തന്നെയാവും…… സ്വാർത്ഥ ആവാറില്ല…. പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോഴും കണ്ണു മുഴുവൻ തിരക്കിനിടയിൽ ആ കുറുമ്പിയെ തേടുകയായിരുന്നു……
നിരാശയോടെ മുഖം കുനിച്ചു ഇരുന്നപ്പോഴാണ് ആരോ താടിയിൽ തോണ്ടുന്നതുപോലെ തോന്നിയത്….. കണ്ണുതുറന്നു നോക്കിയപ്പോൾ കുട്ടികുറുമ്പി വിരൽ വച്ച് താടിയിലെ മറുകു ശ്രദ്ധയോടെ ചുരണ്ടുകയാണ്……. ഇടയ്ക്കിടെ വിരൽ എടുത്ത് നോക്കുന്നുണ്ട്…… കയ്യിൽ വന്നോ എന്നറിയാൻ……… അവൾക്കും ഉണ്ട് അതുപോലെ ഒരു മറുക്….. കൺമഷി കൊണ്ട് കുത്തിയത് പോലെ ….. അതിൽ തൊടാൻ റോയി കൈപൊക്കിയതും അവൾ ഓടിക്കളഞ്ഞു….. ചിരിയോടെ റോയി താടിയിൽ തടവി….. നിങ്ങളുടെ ഈ മറുകാണ് നിങ്ങളുടെ ഭംഗി റോയിച്ചാ….. എനിക്കിത് കാണാൻ ഒത്തിരി ഇഷ്ടവാ…….ഡെയ്സി എപ്പോഴും പറയുമായിരുന്നു…….. ഡെയ്സി തന്നെ ഉണർത്തുന്നത് ഈ മറുകിൽ വിരൽവെച്ചു ചുരണ്ടിയാണ്……. പിന്നെയും എഴുന്നേറ്റില്ലെങ്കിൽ അതിൽ നുള്ളും……. അപ്പോഴും എണീറ്റില്ലെങ്കിൽ പിന്നെ ഒരു കടിയാണ്…… വേദന എടുത്തത് പോലെ റോയിയുടെ മുഖമൊന്നു ചുളിഞ്ഞു…….. അച്ഛന്റെ അടുത്തേക്ക് സംസാരിക്കാൻ ചെന്നപ്പോൾ ആ കുറുമ്പി അവളുടെ അമ്മയുടെ കയ്യിൽ ഇരുന്ന് അച്ചനോട് സംസാരിക്കുകയായിരുന്നു…..
അവർ സംസാരിക്കട്ടെ എന്ന് കരുതി പിന്നിൽ തന്നെ നിന്നു റോയി…… അച്ഛന്റെ കയ്യിലിരിക്കുന്ന കൊന്ത എടുക്കാൻ നോക്കുകയാണ് അവൾ…….അച്ഛൻ കണ്ണുരുട്ടുമ്പോൾ കുറുമ്പോടെ കൈകെട്ടി അടങ്ങിയിരിക്കും…… തിരിഞ്ഞിരുന്നു റോയിയെ കുഞ്ഞു ചുണ്ടു കൊണ്ട് കോക്രി കാണിക്കുകയാണ് അവൾ…… റോയിയും ലിസിയും അമ്മച്ചിയും ചിരിയോടെ അത് കണ്ടു നിൽക്കുകയാണ്……. അവൾ ലിസിക്ക് നേരെ ഒരു കൈ നീട്ടി പിടിച്ചു……. ഒരു ഉമ്മ കൊടുത്തു ലിസി……. റോയിയുടെ നേരെ നീട്ടിയപ്പോൾ അയാളാ കൈപിടിച്ചു….. പഞ്ഞി പോലെയുള്ള കുഞ്ഞിക്കൈ……. കുഞ്ഞിന്റെ അമ്മയുടെ തലയിൽ കൈ വെച്ച് പ്രാർത്ഥിക്കുന്ന അച്ഛൻ ഇതെല്ലാം ഒരു ചിരിയോടെ നോക്കി നിന്നു…….. അവരുടെ ഊഴം കഴിഞ്ഞപ്പോൾ അവൾ കുഞ്ഞിനെയുംകൊണ്ട് നീങ്ങി…. അവൾ കൈവീശി കാണിക്കുന്നുണ്ട് കൂടെ ചിരിയും……… കണ്ണു പറിക്കാതെ ആ കുഞ്ഞിനെ തന്നെ നോക്കി നിൽക്കുന്ന റോയിയോട് അച്ചൻ ചോദിച്ചു…….
നിനക്ക് ആ കുഞ്ഞിനെ അങ്ങ് പിടിച്ചു പോയി എന്ന് തോന്നുന്നല്ലോ റോയിയേ ………. ചേടത്തിക്ക് ആ കുഞ്ഞിനെ കണ്ടിട്ട് എന്തെങ്കിലും തോന്നിയോ ……. റോയിയുടെ അമ്മച്ചിയോട് അച്ചൻ ചോദിച്ചു……. എവിടെയോ കണ്ടു നല്ല പരിചയം… ജാൻസിയുടെ കുഞ്ഞിന്റെ അതേ ഛായ പോലെ……. അവർ താടിക്ക് കൈ കൊടുത്തു നടന്നുനീങ്ങുന്ന കുഞ്ഞിനെ നോക്കി പറഞ്ഞു…… ജാൻസിയുടെ കുഞ്ഞിന്റെ ഛായയാണോ അതോ റോയി കുഞ്ഞായിരുന്നപ്പോൾ ഉള്ള ഛായയാണോ…….. അച്ഛൻ ചോദിച്ചപ്പോൾ മൂന്നാളും ഒരേപോലെ കുഞ്ഞിനെ ഒന്ന് നോക്കി…….. ശരിയാണ് റോയി മോൻ കുഞ്ഞായിരുന്നപ്പോൾ ഉള്ളത് പോലെ തന്നെ……. അമ്മച്ചി പൊറുപൊറുത്തത് കുറച്ചു ഉച്ചത്തിൽ ആയിപ്പോയി…… അച്ഛൻ നീട്ടിവിളിച്ചു……..മോളേ ……. ആ കുഞ്ഞും അതിന്റെ അമ്മയും ഒരേപോലെ തിരിഞ്ഞു നോക്കി……. തലയിൽ നിന്നും സാരി ഊർന്നു അവളുടെ തോളിലേക്ക് വീണു……. ഡെയ്സി….. ഉടനെ വരും……

by