18/04/2026

“നീതൂ, ഞാൻ എത്ര തവണ പറഞ്ഞു നിന്നോട് ഇങ്ങനെ എന്റെ പിറകെ വരരുതെന്ന്.. നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലെ?” അത് പറയുമ്പോഴും ദീപക് ഉള്ളില്‍ കരയുന്നുണ്ടായിരന്നു.

രചന – അനു ആർ രാജ്

“നീതൂ, ഞാൻ എത്ര തവണ പറഞ്ഞു നിന്നോട് ഇങ്ങനെ എന്റെ പിറകെ വരരുതെന്ന്.. നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലെ?”
അത് പറയുമ്പോഴും ദീപക് ഉള്ളില്‍ കരയുന്നുണ്ടായിരന്നു.

“ദീപു ഏട്ടാ..”

“നീതു നീ നല്ല കുട്ടിയാ.. നിന്നെ വിഷമിപ്പിക്കാൻ വയ്യ എനിക്ക്”

“ഏട്ടാ മൂന്ന് വര്‍ഷമായി ഞാൻ ഇഷ്ടമാണ് ന് പറഞ്ഞ്‌ പിറകെ വരുന്നതല്ലെ? ഇനിയും ഏട്ടന് എന്നെ മനസ്സിലായില്ലേ? ”

” എനിക്ക് മനസ്സിലാകുന്നുണ്ട് നിന്നെ.. പക്ഷേ..”

“ഏട്ടന്‍ പറയുന്നത്‌ എല്ലാം ഞാൻ അനുസരിച്ചോളാം. ഏട്ടനെ ഒറ്റയ്ക്കാക്കി പോവില്ല ഞാൻ. ഉറപ്പ് ”

” നീതു നിന്നേക്കാൾ നന്നായി എനിക്ക് നിന്നെ അറിയാം.. നീ എന്നെ സ്നേഹിക്കുന്നതിന് മുമ്പ് തന്നെ നിന്നെ ഞാന്‍ ഇഷ്ടപ്പെട്ടതാ മോളെ.. നിന്നെപ്പോലെ വേറൊരു പെണ്ണിനെ എനിക്ക് കിട്ടില്ല എന്നും എനിക്ക് അറിയാം. പക്ഷേ ഒരു പ്രണയം വേണ്ട നമുക്ക് ഇടയില്‍.. ”

” അതിന്റെ കാരണം എങ്കിലും ഒന്ന് പറയൂ ഏട്ടാ… വീട്ടില്‍ സമ്മതിക്കില്ല എന്നത് കൊണ്ടാണോ.. ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം.. ”

” അതൊന്നുമല്ല.. എനിക്ക് വേണ്ട നിന്നെ.. നീ ഇപ്പൊ അത്രയും അറിഞ്ഞാല്‍ മതി.. ഇനി ഈ ഇഷ്ടം പറഞ്ഞു കൊണ്ട് വന്നാൽ പിന്നെ ഒരിക്കലും നമ്മള്‍ തമ്മില്‍ കാണില്ല നീതു ”

നീതുവിന്റെ മുന്നില്‍ ദീപക് കരഞ്ഞില്ല.

” ഞാൻ… ഏട്ടാ ”

” വേണ്ട, ഇവിടെ നിന്ന് കരയണ്ട. നീ വീട്ടിലേക്ക് പൊയ്ക്കോ ”

” മ്”

‘അവളെ തിരിച്ച് വിളിക്കണം എന്നുണ്ട് ദൈവമേ.. പക്ഷേ… എന്റെ നീതു…ഞാൻ കാരണം അവളുടെ ജീവിതം നശിക്കാൻ പാടില്ല.’

“മോനെ ദീപു, നീ ഇത് എപ്പോൾ എത്തി? എന്താ വന്നിട്ട് വിളിക്കാതിരുന്നത്? ”

“ഒന്നുമില്ല അമ്മേ”

“എന്താ മോനെ പറ്റിയത്? നീ എന്തിനാ കരഞ്ഞത്? എന്താടാ ഉണ്ടായത്?”

ദീപക് കരഞ്ഞു കൊണ്ട്‌ അമ്മയുടെ തോളിലേക്ക് ചാഞ്ഞു

“അമ്മേ ഞാൻ ഇന്ന് നീതുവിനെ കണ്ടു.. എന്തിനാ അമ്മേ അവള്‍ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്?”

“നല്ല കുട്ടിയാടാ അവള്‍.. നിനക്ക് അവളെ നിന്റെ ജീവിതത്തിലേക്ക് വിളിച്ചൂടെ?”

“അമ്മേ.. അമ്മ എന്താ ഇങ്ങനെ ഒന്നും അറിയാത്തവരെ പോലെ സംസാരിക്കുന്നത്.. ദാ ഈ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ കാര്യം അമ്മ മറന്നോ?”

” മോനെ.. ഡോക്ടർ പറഞ്ഞത് ക്യാൻസറിന്റെ ആദ്യ സ്റ്റേജ് ആണന്നല്ലേ? എന്റെ മോന് ഒരാപത്തും വരുത്തില്ല ഈശ്വരന്‍”

” ഇത് പറയുമ്പോഴും അമ്മ കരയുവാണല്ലോ.
എനിക്ക് ഒട്ടും പ്രതീക്ഷ ഇല്ല അമ്മേ..അവൾ പാവമാ ”

” മോനെ ”

” അമ്മയ്ക്ക് അറിയുമോ ഞാൻ എത്ര മാത്രം അവളെ സ്നേഹിക്കുന്നു എന്ന്.. ജീവനാ എനിക്ക് അവളെ.. പാവം ഒരു പൊട്ടി പെണ്ണാ അമ്മേ അവള് ”

“ഞാൻ ഒന്ന് സംസാരിക്കട്ടെ നീതുനോട്? ”

” വേണ്ട അമ്മേ അത് വേണ്ട, എനിക്ക് വേണ്ടി എന്തും ചെയ്യും അവള്
. ആ മഹാപാപത്തിന്റെ ഫലം കൂടി താങ്ങാന്‍ വയ്യ എനിക്ക്.. അവള്‍ സന്തോഷമായി ജീവിക്കട്ടെ മറ്റൊരാളുടെ ഭാര്യയായി. എനിക്ക് അതുമതി.”

അപ്പോഴാണ് എല്ലാം കേട്ട് കൊണ്ട്‌ പുറത്ത്‌ നില്‍ക്കുന്ന നീതുവിനെ അവർ കണ്ടത്. എന്ത് പറയണം എന്നറിയാതെ പതറുന്നുണ്ടായിരുന്നു ദീപക്.

” നീതു നീ എന്താ ഇവിടെ നില്‍ക്കുന്നത്.. നിന്നെ എനിക്ക് കാണണ്ട ന് പറഞ്ഞത് അല്ലെ ഞാൻ? “കണ്ണുകൾ തുടച്ച് കൊണ്ട്‌ ദേഷ്യത്തോടെ ദീപക് ചോദിച്ചു

“നാടകം മതി ദീപു ഏട്ടാ.. ഞാൻ എല്ലാം കേട്ടു..”

“നീതു, മോളെ..”

“അമ്മേ, എന്തിനാ അമ്മേ ഏട്ടന്‍ എല്ലാം എന്നോട് മറച്ച് വെച്ചത്?”

” നിന്നോട് ഉള്ള സ്നേഹം കൊണ്ട് ആണ് മോളെ.. ന്റെ മോന്‍ പാവമാണ്.. ശപിക്കരുത് അവനെ നീ”

“എന്താ അമ്മേ ഈ പറയുന്നത്..? ഒരു ദിവസം ആണ് ദൈവം തരുന്നത് എങ്കിൽ ആ ഒരു ദിവസം മതി എനിക്ക് ഏട്ടന്റെ ഭാര്യയായി ജീവിക്കാൻ.. അത് മാത്രം മതി എനിക്ക് ഈ ജീവിതകാലം മുഴുവനും സന്തോഷിക്കാൻ”

” മോളെ, നീ.. ”

” അമ്മ വിഷമിക്കണ്ട. ഞാൻ ഏട്ടനെ വിട്ട് പോവില്ല.. തിരിച്ചു കൊണ്ടുവരും ഞാൻ ഏട്ടനെ ”

” മോളുടെ ഈ വിശ്വാസവും പ്രാര്‍ത്ഥനയും മാത്രം മതി ഇനി.. ദൈവം എന്റെ മോനെ കൈ വിടില്ല ന് എനിക്ക് ഇപ്പൊ ഉറപ്പുണ്ട് ”

” അമ്മ താഴേക്ക് പൊയ്ക്കോ.. അവിടെ എന്റെ അച്ഛനും അമ്മയും ഇരിപ്പുണ്ട്. എല്ലാം നിങ്ങള്‍ ആലോചിച്ച് ഉറപ്പിച്ചോളൂ ”

“നീതു, നീ എന്താ…. ”

അത് മുഴുവിപ്പിക്കാൻ അവള്‍ സമ്മതിച്ചില്ല

” ഇനി ഏട്ടന്‍ ഒന്നും പറയണ്ട.. ആട്ടി ഇറക്കിയാലും ഞാൻ ഇനി പോവില്ല.. എന്റെ ജീവൻ കൊടുത്തായാലും ഞാൻ തിരിച്ചു കൊണ്ടുവരും എന്റെ ഏട്ടനെ. ”

അവളെ നെഞ്ചോട് ചേര്‍ത്ത് നിർത്തി നെറുകയില്‍ ചുംബിക്കുമ്പോൾ അവനിലും ചെറിയ പ്രതീക്ഷ കൈ വരുന്നുണ്ടായിരുന്നു

“നിന്നെപ്പോലെ വേറൊരാൾ ഇല്ലടീ വാവേ.. എനിക്ക് ഇപ്പൊ നല്ല വിശ്വാസമുണ്ട് ദൈവം എന്റെ കൂടെ ഉണ്ടെന്ന്. ”

” ദേ ഈ ചുംബനമാണ് ഏട്ടന്‍ എന്റെ നെറുകയില്‍ ചാർത്തിയ സിന്ദൂരം.. ഇതിന്റെ പവിത്രത എന്നും ഞാൻ കാത്തുസൂക്ഷിക്കും”

*ശുഭം *