രചന – ഐശ്വര്യ അനിൽകുമാർ
ചുവന്ന നിറമുള്ള സാരിയിൽ അവൾ അതിസുന്ദരിയായിരുന്നു. താലപ്പൊലി എടുത്ത കുട്ടികളുടെ പുറകിലൂടെ അവൾ മണ്ഡപത്തിൽ എത്തി.അതിഥികളെ നോക്കി കൈകൂപ്പി.മുതിർന്നവരുടെ കാൽ തൊട്ട് വണങ്ങി. പതിയെ അവന് സമീപമായി ഇരുന്നു.അവൻ അവളെ തന്നെ നോക്കുകയായിരുന്നു.അവളും അവനെ നോക്കി.അവർ പുഞ്ചിരിച്ചു. മുതിർന്നവർ പറയുന്നതൊക്കെ അവരിരുവരും അതു പോലെ ചെയ്തു.താലി കെട്ടേണ്ട സമയമായപ്പോൾ അവൾ അച്ഛനെ നോക്കി.തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുകയാണ്.ഒരു സംതൃപ്തിയും അതിനോടൊപ്പം തന്നെ മകൾ മറ്റൊരു വീട്ടിലേക്ക് പോകുന്നതിനുള്ള ദുഃഖവും ആ മുഖത്തു തെളിഞ്ഞു നിന്നു. മേളങ്ങൾ കൊഴുത്തതോടെ അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി.അവൾ കണ്ണടച്ച് നന്നായി പ്രാർത്ഥിച്ചു. തുടർന്ന് അവൻ അവളുടെ നെറുകയിൽ സിന്ദൂരം ചാർത്തി.കണ്ണടച്ചിരിക്കുന്ന അവളെ കൗതുകത്തോടെ അവൻ നോക്കി.
കണ്ണു തുറന്നപ്പോൾ നോട്ടം മാറ്റി. തുടർന്ന് സാരി കൊടുക്കലായിരുന്നു. അവളുടെ അച്ഛൻ അവളുടെ കൈപിടിച്ച് അവനെ ഏൽപ്പിച്ചു. എന്നിട്ട് അവനെ അച്ഛൻ വാത്സല്യത്തോടെ നോക്കി.ആ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു.മകളെ വിശ്വസിച്ച് ഏൽപ്പിക്കുന്ന ഒരു അച്ഛന്റെ കടമ..അവളോടുള്ള സ്നേഹം… പൊന്നുപോലെ നോക്കണം എന്ന നിർദ്ദേശം… താലികെട്ടുന്നതിന്റെ സൂചന ലഭിച്ചപ്പോൾ തന്നെ ഭൂരിഭാഗം പേരും സദ്യ കൊടുക്കുന്നിടത്ത് എത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തു. പിന്നീട് ഫോട്ടോഗ്രാഫർ പറഞ്ഞ രീതിയിൽ പല പോസുകളിലും ആവർ നിന്നുകൊടുത്തു.അപ്പുവിന്റെ മുഖഭാവങ്ങൾ കണ്ട് അവന് ചിരി വന്നു.അവൾ എന്താ എന്ന അർഥത്തിൽ നോക്കിയപ്പോൾ ചിരി നിർത്തി. തുടർന്ന് അവൾ പോയി സെറ്റ് സാരിയൊക്കെ ഉടുത്തു വന്നു.രണ്ടുപേരും കുടുംബാംഗങ്ങളും ചേർന്ന് ഭക്ഷണം കഴിച്ചു.ആ വേഷത്തിലും കുറച്ച് ഫോട്ടോ എടുത്തു. പിന്നീട് അവിടുന്ന് പുറപ്പെടാൻ നേരത്തേക്ക് വേറെ സാരി ധരിച്ചു.അങ്ങനെ അവളെ യാത്ര അയക്കുന്ന സമയമായി.വിനുവിന് പുറകെ അമ്മയുടെ കൈ പിടിച്ച് അവൾ കാറിനടുത്തേക്ക് നീങ്ങി.അച്ഛൻ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. അവൾ അച്ഛനെ കെട്ടിപ്പിടിച്ചു.
അയാൾ അവളെ വരിപുണർന്നു. എന്നിട്ട് പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി.അമ്മയെയും അവൾ ആലിംഗനം ചെയ്തു.അവർ ചിരിച്ചു കൊണ്ട് അവളെ യാത്രയാക്കി. മനസിൽ ഒരു സങ്കടക്കടൽ ഒഴുകുന്നുണ്ടെങ്കിലും അവൾ കരഞ്ഞില്ല.അത് അവരെ വേദനിപ്പിക്കുമോ എന്നവൾ ഭയന്നു.അവൾ ആവുന്ന വിധം പുഞ്ചിരിച്ചു. ‘ഈ പെണ്ണ് കരയുന്നില്ലേ… ചിരിച്ചുകൊണ്ട് നിൽക്കുവാണല്ലോ.’അവൻ ചിന്തിച്ചു. അവർ കാറിൽ കയറി.അവൾ എല്ലാവരേയും കൈവീശി കാണിച്ചു.കാഴ്ച മറയുന്നത് വരെ അവൾ അവരെ തന്നെ നോക്കി.അവൻ അവളെ അത്ഭുതത്തോടെ നോക്കുകയാണ്. പെട്ടെന്ന് സ്വിച്ചിട്ടതുപോലെ അവൾ കരയാൻ തുടങ്ങി.ശബ്ദം പുറത്തു വന്നില്ലെങ്കിലും അവൾക്ക് നല്ല വിഷമം ഉണ്ടെന്നവന് മനസിലായി.അവൻ അവളെ ആശ്വസിപ്പിക്കാൻ കൈ എടുത്തെങ്കിലും പിന്നീട് വേണ്ടാന്നു കരുതി.കുറച്ച് നേരം കരഞ്ഞിട്ട് അവൾ കണ്ണു തുടച്ച് പുറത്തേക്ക് നോക്കിയിരുന്നു. ഇതേസമയം അവളുടെ അച്ഛൻ കാറ് കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കിനിൽക്കുവാരുന്നു.
അയാളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. “എന്താ വിശ്വേട്ടാ ഇത്…കൊച്ചു കുട്ടികളെ പോലെ…നമ്മടെ മോള് നല്ല സന്തോഷത്തിലാണ് പോയത്.കണ്ടില്ലേ..” “പുറമേ ചിരിച്ചുന്നേ ഉളളൂ എന്റെ അപ്പുക്കുട്ടൻ. നല്ല വിഷമമുണ്ട് എന്റെ കുട്ടിക്ക്”അയാൾ പറഞ്ഞു.രേവതി അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഗീത ഗൃഹപ്രവേശതിനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തിരുന്നു. അവർ വന്നയുടനെ അവളെ വിളക്ക് കൊടുത്ത് അകത്തേക്ക് സ്വീകരിച്ചു.എന്നിട്ട് പാലും പഴവുമൊക്കെ കൊടുത്തു.എല്ലാ കണ്ണുകളും തന്നിലേക്ക് നീളുന്നത് അവളെ വല്ലാതെ അലോസരപ്പെടുത്തി. ഉടനെ തന്നെ വകയിലെ നാത്തൂനും പരിവാരങ്ങളും ചേർന്ന് അവളെ റിസപ്ഷന് വേണ്ടി ഒരുക്കാനായി കൊണ്ട് പോയി.ഒരേ കളറിലുള്ള ലഹങ്കയും ഷെർവാണിയുമാണ് അവർ ധരിച്ചത്.അടുത്തുള്ള ഹാളിൽ വച്ചായിരുന്നു റിസപ്ഷൻ. അവർ അങ്ങോട്ട് പോയി. അവർ അവിടെ എത്തി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അവളുടെ വീട്ടുകാരും ബന്ധുക്കളും വന്നു.അലങ്കരിച്ച ഇരിപ്പിടത്തിൽ അവർ രണ്ടുപേരും ഇരുന്നു.അവളുടെ സുഹൃത്തുക്കളെല്ലാം ഒരേ പോലെയുള്ള വേഷം ധരിച്ചു.
അവർ ഒരു തകർപ്പൻ ഡാൻസ് കളിച്ച് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. പലപ്പോഴും എണീറ്റ് നിന്ന് കളിക്കാൻ അവൾക്ക് തോന്നിപ്പോയെങ്കിലും അവൾ അടങ്ങി ഇരുന്നു.ഫോട്ടോഷൂട്ടും ബഹളവുമൊക്കെയായി റിസപ്ഷൻ ഭംഗിയായി നടന്നു. അവളുടെ വീട്ടുകാരൊക്കെ തിരിച്ചു പോയി. അഥിതികളെല്ലാം ഒന്നൊന്നായി യാത്ര പറഞ്ഞു പോവാൻ തുടങ്ങി. ഗീത അടുത്ത വീട്ടിലുള്ളവരെയെല്ലാം അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു. എന്നിട്ട് പോയി ഫ്രഷ് ആയി വരാൻ പറഞ്ഞു.അവൾ റൂമിലേക്ക് ചെന്നപ്പോൾ അവൻ ആരെയോ ഫോൺ വിളിച്ചു കൊണ്ട് നിൽപ്പുണ്ടാരുന്നു. “അമ്മ ഫ്രഷായിട്ട് വരാൻ…” അവൾ മുഴുമിക്കുന്നതിന് മുൻപ് അവൻ പുറത്തേക്ക് പോയിരുന്നു. അവൾ ഫ്രഷായിട്ട് താഴേക്ക് ചെന്നു.കുറച്ചു നേരം ഗീതയും ബന്ധുക്കളുമായുമൊക്കെ സംസാരിച്ചിരുന്നു. “ചേച്ചീ… ടൈം ആയിട്ടോ. മണവാളൻ മുറിയിൽ കാത്തിരിക്കുവാകും. പാൽ ഗ്ലാസ് കൊണ്ട് ചേച്ചിയുടെ എൻട്രിക്കുള്ള സമായമായിട്ടോ” അവളുടെ വകയിലെ നാത്തൂൻ ദേവിക ഒരു ഗ്ലാസ്സ് പാലുമായി വന്നിട്ട് പറഞ്ഞു. “ഒന്ന് പോടി ദേവൂ …മോള് റൂമിലേയ്ക്ക് പൊക്കോ”ഗീത അവളെ നോക്കി പറഞ്ഞു.
അവൾ മുകളിലേക്ക് പോകാനൊരുങ്ങി. “ചേച്ചീ… പാല് മറന്നൂട്ടോ…അപ്പോൾ ഗുഡ് നൈറ്റ്” പരിഭ്രമത്തോടെ തിരികെ വന്നു ഗ്ലാസ് വാങ്ങിയ അപ്പുവിനോടായി ദേവിക പറഞ്ഞു.എല്ലാവരും ചിരിക്കാൻ തുടങ്ങി. “ഇതിലിപ്പോൾ ഇത്ര ഇളിക്കാൻ എന്താണാവോ??”അവൾ ചിന്തിച്ചു കൊണ്ട് പാൽ ഗ്ലാസ്സുമായി സ്റ്റെപ്പുകൾ കയറി. വാതിൽ തുറന്ന് റൂമിൽ കയറി.അവൻ ഒരു ലാപ്‌ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയാണ്.അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു. അവൾ തിരിച്ചും.അവൾ ഗ്ലാസ്സ് ടേബിളിൽ വച്ചിട്ട് അവന് അഭിമുഖമായി കട്ടിലിൽ ഇരുന്നു.അതിൽ മുല്ലപ്പൂക്കൾ വിതറിയിരുന്നു.അവൾ ഒരെണ്ണമെടുത്ത് മുകളിലേക്ക് എറിഞ്ഞ് ക്യാച്ച് പിടിച്ചു.അവൻ നോക്കുന്നത് കണ്ടപ്പോൾ നിർത്തിയിട്ട് ചിരിച്ചു. “ഇതൊക്കെ ആ ദേവുവിന്റെ കോപ്രായങ്ങളാ”അവൻ പറഞ്ഞു. അവൾ ഒന്ന് മൂളി. “ഇയാൾ ഉറക്കം വരുന്നുണ്ടെങ്കിൽ കിടന്നോളൂ” അവൻ കോട്ടുവാ മറയ്ക്കാൻ ശ്രമിക്കുന്ന അവളോട് പറഞ്ഞു. “ഏയ്…അത് സാരമില്ല.” അവൻ അവളെ നോക്കി ചിരിച്ചു. “ഏട്ടന് അറേഞ്ച്ഡ് മാരെജിൽ താല്പര്യം ആയിരുന്നോ” “സത്യം പറഞ്ഞാൽ എനിക്ക് മാരെജിലേ താൽപ്പര്യം ഇല്ലാരുന്നു.”അവൻ എടുത്തടിച്ചപോലെ പറഞ്ഞപ്പോൾ ചോദിക്കേണ്ടിയിരുന്നില്ലെന്നവൾക്ക് തോന്നിപ്പോയി.
“എനിക്ക് പണ്ട് തൊട്ടേയുള്ള ആഗ്രഹമാ…” “കല്യാണോ”അവൻ ഇടക്ക് കയറി ചോദിച്ചു. “അതല്ല…മുഴുവനും കേൾക്ക്…ഒരാളെ കാണണം.പിന്നെ പതിയെ സുഹൃത്തുക്കളാകണം. പിന്നെ അങ്ങനെ പരസ്പരം നന്നായി മനസിലാക്കണം…എന്നിട്ട് പതിയെ പ്രണയമായി വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം…ഇതായിരുന്നു എന്റെ ഡ്രീം.ഞാൻ വിക്രമിന്റെ ഒരു സിനിമയിൽ കണ്ടതാ” അവൻ ഒന്നു മൂളിയതെ ഉളളൂ. പക്ഷേ അത് കൗതുകത്തോടെ കേട്ടിരുന്നു. “ചേട്ടന്റെ പേര് കേട്ടപ്പോൾ എനിക്കെന്താ ഓർമ വന്നതെന്നറിയോ” “ഇല്ല” “എനിക്ക് ഗാനപതിയെയാണ് ഓർമ വന്നത്” “ആ…ഇനി ആ പേരും കൂടി പബ്ലിഷ് ചെയ്യ്..അതാണല്ലോ ഹോബി” “അതന്ന്… ഞാൻ…സോറി…” അവൻ ഒന്നും പറഞ്ഞില്ല. “എന്റെ പേര് കേട്ടപ്പോൾ എന്താ ഓർമ വന്നേ”അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് അവന് ചിരി വന്നു. “പെൻസിൽ… അങ്ങനൊരു പെൻസിൽ ഇല്ലേ” “ആ ഉണ്ട്…പിന്നെ സ്വന്തം ഫോട്ടോ ഒന്നും ഫേസ്ബുക്കിൽ ഇടാത്തതെന്താ?” ‘ഇവള് കൊറേ നേരമായല്ലോ കിടന്ന് ചിലക്കുന്നു..രണ്ട് ദിവസം കൊണ്ട് പറയാനുള്ളത് രണ്ട് മിനിറ്റിൽ പറയുമല്ലോ.വാ തുറന്നാൽ അടക്കൂല്ലേ’അവൻ ചിന്തിച്ചു.
“അതൊക്കെ പിന്നെ പറയാം.ഞാൻ ഉറങ്ങാൻ ലേറ്റ് ആവും കുറച്ച് കൂടി വർക് ഉണ്ട്.ഇയാള് കിടന്നോ…ആ പിന്നെ ആ പാല് എടുത്ത് കുടിച്ചോളൂ”അവൻ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു. ‘ഇങ്ങേരിതെന്ത് മനുഷ്യനാണ്.ഇങ്ങോട്ട് മിണ്ടില്ല.എങ്കിൽ ഞാൻ തന്നെ സംസാരിക്കാന്ന് കരുത്തിയപ്പോൾ ബാംഗ്ലൂർ ഡേയ്സിലെ ഫഹദ് ഫാസിൽ കളിക്കുന്നോ…രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം’അവൾ എഴുനേറ്റ് അവനരികിലേക്ക് നീങ്ങി. “ങും… എന്താ”അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി. “അല്ല… പാല്” അവൾ ഗ്ലാസ്സിലേക്ക് ചൂണ്ടിക്കാട്ടി.അവൻ ചിരിച്ചു. അവൾ പാലെടുത്ത് കുടിച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കട്ടിലിന്റെ ഒരു മറുവശത്ത് കയറി കിടന്ന് അവനെ നോക്കി.അവൻ അവളെ ശ്രദ്ധിക്കുന്നത് പോലുമില്ല.അങ്ങനെ നോക്കി നോക്കി കിടന്ന് എപ്പോഴോ അവളുടെ കണ്ണുകൾ അടഞ്ഞു. കുറച്ച് കഴിഞ്ഞ് വർക് തീർത്ത് അവളെ നോക്കിയപ്പോൾ നല്ല ഉറക്കമായിരുന്നു.അവൻ മറുഭാഗത്ത് വന്ന് കിടന്നു. പിറ്റേന്ന് പുലർച്ചെ ആറുമണിക്ക് അവൻ എഴുനേറ്റു. ഇന്നലെ കിടന്ന അതേപോലെ കിടക്കുകയാണ് അവൾ.അവൻ അത് നോക്കി ഒന്ന് പുഞ്ചിരിച്ചു.
എന്നിട്ട് പതിവുപോലെ ജോഗിങ്ങിന് പോയി. “ഗുഡ് മോർണിംഗ് അച്ഛാ…”പത്രം വായിച്ചുകൊണ്ടിരുന്ന പ്രഭാകരനോട് പറഞ്ഞിട്ട് അവൻ പോയി. “ഗീതേ… മോള് എഴുനേറ്റില്ലേ… ഈ ചെറുക്കൻ പതിവ് പോലെ ഓടാൻ പോയല്ലോ” “ഇല്ല ഏട്ടാ… ഞാൻ നോക്കിയിട്ട് വരാം” “ഉറങ്ങട്ടെ ടോ…താനായിട്ട് വിളിക്കേണ്ട.വീട് മാറിവന്നത് കൊണ്ട് നേരെ ഉറക്കം കിട്ടിക്കാണില്ല”അവരും അത് ശെരിവച്ചു. ഏഴ് മണിയായപ്പോൾ അവൾ എഴുനേറ്റു.ഇന്നെന്താ അമ്മ വിളിക്കാത്തതെന്ന് ആലോചിച്ച് കണ്ണു തുറന്നപ്പോഴാണ് പരിസരബോധം വന്നത്. “ഓ ഷിറ്റ്….അമ്മായിഅമ്മയെ ഇമ്പ്രെസ് ചെയ്യിക്കാനുള്ള ചാൻസ് പോയി..” അവൾ പെട്ടെന്ന് എഴുനേറ്റ് പോയി കുളിച്ചിട്ട് അടുക്കളയിലേക്ക് ചെന്നു. “സോറി അമ്മേ…ഞാൻ ക്ഷീണം കാരണം ഉറങ്ങിപ്പോയി.” “അതൊന്നും സാരമില്ല…മോള് വീട്ടിൽ എങ്ങനായിരുന്നോ അത് പോലെ പെരുമാറിയാൽ മതി.മോള് രാവിലേ കുളിക്കോ” “ഇല്ലമ്മേ…ഇവിടെ എങ്ങാനാണെന്ന് അറിയാത്തത് കൊണ്ട്” “ഇവിടങ്ങനൊന്നും ഇല്ല… മോളിനി ഇല്ലാത്ത ശീലങ്ങളൊക്കെ കാട്ടി അസുഖം വരുത്തണ്ട.” അപ്പോഴേക്കും ഒരു സ്ത്രീ പുറത്ത് നിന്ന് കയറി വന്നു.അവളെ നോക്കി ചിരിച്ചു.അവളും. “ഇതാണ് ജാനു.വിനൂന്റെ അച്ഛന് വയ്യാണ്ടായത്തിൽ പിന്നെ എനിക്ക് ഒരു സഹായത്തിന് വച്ചതാ.” “മോൾക്ക് കാപ്പിക്ക് എന്താ ഇഷ്ടമെന്ന്…”ജാനു പറഞ്ഞു തീരുന്നതിന് മുന്നേ അവൾ പറഞ്ഞു. “അങ്ങനെ ഒന്നുമില്ല ചേച്ചി” “ദാ മോളേ ചായ…ഇത് കുടിച്ചിട്ട് വിനുവിനുള്ള ചായ കൊണ്ട് കൊടുക്കണം” “ശെരിയമ്മേ” അവൾ ചായ കപ്പുമായി റൂമിലേക്ക് പോയി.അപ്പോഴാണ് നേരത്തേ അവൻ അവിടെ ഇല്ലാരുന്നു എന്നോർത്തത്.
“ഈ ബംഗാളി എവിടെ പോയി??ഇന്നലെ കിടന്നില്ലാരുന്നോ.. ഈശ്വരാ ഇയാള് ശരിക്കും ബാംഗ്ലൂർ ഡേയ്സിലെ ദാസിനെപ്പോലെ ആണോ.എങ്കിൽ എനിക്കിനി നിത്യാ മേനോനെ കണ്ടെത്തേണ്ടി വരോ..ആ സിനിമ ഇഷ്ടപ്പെട്ടന്ന് വച്ച് ഇങ്ങനെ പണി തരല്ലേ എന്റെ കൃഷ്ണാ” അപ്പോഴേക്കും അവൻ വന്നു.ടവലുമെടുത്ത് കുളിക്കാൻ കയറി.അവളെ ഒന്ന് മൈൻഡ് ചെയ്തത് പോലുമില്ല. “കണ്ടിട്ട് ജോഗിങ്ങിന് പോയതാവാനാണ് ചാൻസ്.അപ്പോൾ നേരത്തേ എണീറ്റതാവും. ഒന്ന് വിളിച്ച് ഉണർത്തിയത് പോലുമില്ല.ദുഷ്ടൻ…” അവൾ ചായ അവിടെ വച്ചിട്ട് താഴേക്ക് ഇറങ്ങി ചെന്നു.അടുക്കളയിൽ ചെന്ന് അമ്മയെ സഹായിച്ചു.കുറച്ച് കഴിഞ്ഞപ്പോൾ അവൾക്ക് അമ്മയുടെ ഫോൺ വന്നു.അവൾ അമ്മയോട് സംസാരിച്ചു. ഇന്ന് അങ്ങോട്ട് വിരുന്നിന് ചെല്ലാൻ അച്ഛൻ പറഞ്ഞു.അവൾ അമ്മയോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ബ്രേക് ഫാസ്റ്റ് കഴിക്കാനായി എല്ലാവരും ഒത്തുകൂടി. അവൾ അച്ഛൻ പറഞ്ഞ കാര്യം അവതരിപ്പിച്ചു.
“അതിനെന്താ…അതാണല്ലോ നാട്ടുനടപ്പ്..നിങ്ങള് വേണമെങ്കിൽ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞ് വന്നാൽ മതി.” “അല്ലച്ഛാ…ഇന്നെനിക്ക് ചില മീറ്റിംഗ്‌സ്” “ഒന്നും പറയണ്ട…ഇനി രണ്ടാഴ്ചത്തേക്ക് ഓഫീസിലെ കാര്യങ്ങൾ വീട്ടിൽ ഇരുന്ന് ചെയ്താൽ മതി.ഞാൻ മൂർത്തിയെ വിളിച്ച് പറയാം.” പിന്നെ അവൻ ഒന്നും പറഞ്ഞില്ല.വിജയഭാവത്തിൽ അവൾ അവനെ നോക്കി ചിരിച്ചു. അന്ന് വൈകിട്ട് തന്നെ അവർ അവളുടെ വീട്ടിൽ പോയി.അവളെ കണ്ടപ്പോൾ വിശ്വനും ഗീതക്കും ഒത്തിരി സന്തോഷമായി.രണ്ട് ദിവസം അവർ അവിടെ തന്നെ തങ്ങി.തന്നോടൊഴിച്ച് മറ്റെല്ലാവരോടും അവൻ സ്നേഹത്തോടെ സംസാരിക്കുന്നത് അവളിൽ നല്ല വിഷമമുണ്ടാക്കി. പിന്നീട് കുറച്ച് ദിവസം വിരുന്നുകളായിരുന്നു ബന്ധുക്കളുടെ വീടുകളിൽ.ഒരു ദിവസം അവളുടെ ഫ്രണ്ട്സ് എല്ലാം ചേർന്ന് ഒത്തു കൂടാൻ തീരുമാനിച്ചു ഒരു റസ്റ്റോറന്റിൽ.പെണ്കുട്ടികളുടെയെല്ലാം വിവാഹം കഴിഞ്ഞതിനാൽ എല്ലാവരും ഭർത്താവിനൊപ്പമാണ് വന്നത്.അന്ന് എല്ലാവരും ഒരുപാട് സന്തോഷിച്ചു.
വിനു മാത്രം ഓഫീസിൽ നിന്നുള്ള ഫോൺ വിളികളും മറ്റുമായി മാറിനിന്നു.പാറുവും മാളുവുമൊക്കെ അവളോട് കാര്യം തിരക്കിയെങ്കിലും ഓഫീസിൽ നല്ല വർക് ലോഡ് ഉള്ളതിനാലാണെന്ന് അവൾ മറുപടി നൽകി. മറ്റു കപ്പിൾസിനിടയിലുള്ള സ്നേഹവും ഒരുമയുമൊന്നും അവർക്കിടയിൽ ഇല്ലെന്നുള്ള സത്യം അവളെ ഒരുപാട് വിഷമിപ്പിച്ചു. തിരിച്ചു വരുന്ന വഴിയിൽ അവൾ ഒന്നും മിണ്ടിയില്ല.ദേഷ്യത്തിൽ തന്നെ പുറത്തേക്ക് നോക്കിയിരുന്നു. വീട്ടിൽ എത്തിയിട്ടും ഒന്നും മിണ്ടാതെ അവൾ റൂമിലേക്ക് പോയി.കതക് തുറന്ന് കൊടുത്ത ഗീത അത് ശ്രദ്ധിച്ചു. അവൻ അമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് റൂമിലേക്ക് പോയി.അവൾ അപ്പോഴേക്കും ഡ്രെസ്സ് മാറ്റി കിടക്കാനുള്ള തിരക്കിലായിരുന്നു. “എന്തു പറ്റി?” അവൻ ചോദിച്ചത് അവൾ കേട്ടതായി ഭാവിച്ചില്ല. “എന്താ ഇന്ന് റേഡിയോ അടിച്ചുപോയോ..ഇല്ലെങ്കിൽ വാ അടയ്ക്കാത്തതാണല്ലോ” “റേഡിയോ…പറ്റിയ പേര് തന്നെയാണല്ലോ എനിക്ക് തന്നത്…ഞാൻ മാത്രം എപ്പോഴും സംസാരിച്ചുകൊണ്ടിരുന്നാൽ മതിയല്ലോ…” “നീയെന്താ പറഞ്ഞുവരുന്നത്. എനിക്ക് മനസ്സിലായില്ല.”
“ഇല്ല…നിങ്ങൾക്ക് മനസിലാവില്ല.കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു.ഇതുവരെ സ്നേഹത്തോടെ ഒരു വാക്ക് പോലും എന്നോട് പറഞ്ഞിട്ടില്ലല്ലോ…” “സ്നേഹം… എനിക്ക് വെറുപ്പാണ് ആ വാക്കിനോട് തന്നെ” “സ്നേഹിക്കാനറിയില്ലെങ്കിൽ എന്നെ വിവാഹം കഴിച്ചതെന്തിനാ” “നിന്നെയെന്നല്ല…ഒരു പെണ്ണിനേയും എനിക്ക് വിശ്വാസമില്ല” “അതാ ചോദിച്ചത് കല്യാണം കഴിക്കാതെ സന്യാസിക്കാൻ പൊയ്‌ക്കൂടയിരുന്നോ?” “ഞാൻ പലതും ചെയ്യും..നിനക്കെന്താ” “നിങ്ങള് എന്റെ ജീവിതം കൂടി വച്ചാ കളിക്കുന്നത്.അതോർമവേണം” “നിനക്ക് പറ്റില്ലെങ്കിൽ നീ പോടീ….നിന്നെയാരും ഇവിടെ കെട്ടിയിട്ടിട്ടൊന്നും ഇല്ലല്ലോ” “അപ്പോൾ അതാണല്ലേ മനസിലിരുപ്പ്…ഞാൻ ആർക്കും ഒന്നിനും ഒരു തടസ്സമാകുന്നില്ല…നേരം വെളുക്കട്ടെ… ഞാൻ ഇവിടുന്ന് ഇറങ്ങിക്കോളാം.. എനിക്ക് ചോദിക്കാനും പറയാനുമൊക്കെ ആളുകൾ ഉണ്ടെന്ന് ഞാൻ നിങ്ങളെ അറിയിച്ചു തരാം” “പോടീ….പോ…നീ പോയാൽ എനിക്കെന്താ..അല്ലേലും എല്ലാ പെണ്ണുങ്ങളും ഇങ്ങനെ തന്നെ” “ഞാൻ പോയാൽ നിങ്ങൾക്കൊന്നുമില്ലല്ലേ….ശരി… ഇനി നിങ്ങൾക്ക് ശല്യമായി ഞാൻ ഉണ്ടാവില്ല.നാളെ തന്നെ പൊക്കോളാം.” അവൾ അല്പം ഉച്ചത്തിലാണ് അത് പറഞ്ഞത്.ടെറസിലേക്കുള്ള വാതിൽ അടച്ചോ എന്ന് നോക്കാൻ പോയ ഗീത അത് കേട്ടു.
അപ്പോഴേക്കും അവൻ കതക് തുറന്ന് പുറത്തിറങ്ങി താഴേക്ക് പോയിരുന്നു. ഉടനെ തന്നെ കാർ സ്റ്റാർട്ട് ആകുന്ന ശബ്ദവും കേട്ടു. അവർ റൂമിലേക്ക് ചെന്നു.കരഞ്ഞുകൊണ്ട് കട്ടിലിൽ ഇരിക്കുന്ന അപ്പുവിനെയാണ് കണ്ടത്.അവർ അവൾക്കടുത്തേക്ക് നീങ്ങി. (തുടരും)

by