രചന – മൈഥിലി മിത്ര
“നല്ല ഭംഗിയുണ്ടല്ലേ.. അടിപൊളിയായിട്ട് തയ്ച്ചിട്ടുണ്ടല്ലേ”… കല്യാണ ബ്ലൗസ് തയ്ച്ചു കിട്ടിയതിട്ടുകൊണ്ട് കണ്ണാടിക്ക് മുൻപിൽ നിന്നു, ചാഞ്ഞും ചരിഞ്ഞും കിടന്നും നിന്നുമൊക്കെ നോക്കുകയാണ് നമ്മുടെ കഥാനായിക പാറു …. ഇടയ്ക്കിടയ്ക്ക് സ്വയം പുകഴ്ത്തലും ഉണ്ട്… കാണികളായിട്ട് സീതയും ശാരദയും രേവതിയും ആ മുറിയിലെ കട്ടിലിൽ പോസ്റ്റായിട്ടുണ്ട് …. അവരോടാണ് ഇടക്കിടക്കിങ്ങനെ ചോദ്യം ചോദിക്കുന്നത്….. “എന്ത് ഭംഗിയാ എന്നെ കാണാൻ… ശ്ശൊ, എനിക്ക് തന്നെ നാണം വരുന്ന് “…. പല പോസുകളിലുമുള്ള മിറർ സെൽഫിയാണിപ്പോ… സീതയുടെ ഒരു പഴയ സാരിയാണ് ബ്ലൗസിനു മേൽ ചുറ്റിയിരിക്കുന്നത്….. അതാണെങ്കിൽ അവിടെയും ഇവിടെയും ഒക്കെ മുഴച്ചിരിക്കുന്നു…. പ്ലീറ്റുടുത്തു കഴിഞ്ഞിട്ട് ബാക്കിവന്ന ഒരു ഭാഗം തുമ്പായിട്ട് പുറകിലേക്ക് വെച്ച് കെട്ടി എങ്ങനെയൊക്കെയോ മൊത്തത്തിൽ ഒരു ലുക്ക് ഒക്കെ വരുത്തി വെച്ചിട്ടുണ്ട്… സാരിയുടുത്തു നടക്കാനറിയാത്തത് കൊണ്ടു, അങ്ങോട്ടും ഇങ്ങോട്ടും ചാടിച്ചാടിയാണ് ക്യാറ്റ് വാക്… “മണിക്കൂറൊന്നായി ഈ പേക്കുത്തു കാണാൻ തുടങ്ങിട്ട്.. കഴിഞ്ഞെങ്കിൽ എനിക്കങ്ങോട്ട് പോകാമായിരുന്നു…. വേറെ പണിയുണ്ട് “…. സീത ക്ഷമയുടെ നെല്ലിപലക കണ്ടെന്നു, സംസാരത്തിൽ നിന്നുതന്നെ മനസ്സിലായി….
ശാരദയും രേവതിയുമാണെങ്കിൽ, ചിരിയടക്കാൻ വയ്യാതെ കുനിഞ്ഞിരുന്നു വാ കൈകൊണ്ട് പൊത്തി പിടിച്ചു ഇരിക്കുന്നു….. “അല്ലേലും ഈ അമ്മയ്ക്ക് എന്നോടൊരു സ്നേഹോം ഇല്ല.. ശരിക്കും അമ്മയെന്റെ അമ്മയാണോ അമ്മേ “….. നടുവിൽ കൈ രണ്ടും കുത്തി, കണ്ണുരുട്ടി കൊണ്ടാണ് പാറു ആ ചോദ്യം ചോദിച്ചത്… “അല്ലാ പിന്നെ.. കല്യാണത്തിനിനി എന്നാ ദിവസങ്ങൾ ഉണ്ട്…. പെൺകുടട്ട്യോളായാൽ കുറച്ചൊക്കെ അടക്കോം ഒതുക്കോം ഒക്കെ വേണം… പത്തിരുപത് വയസ്സായി പെണ്ണിന്… എന്നിട്ടാണി കൊഞ്ചല്… ഇനിയും നിന്റെയീ കുട്ടിക്കളി മാറ്റിയില്ലെങ്കിൽ “….. പറയാൻ വന്നത് പാതി വഴിയിൽ ഇട്ടിട്ട് സീതയവിടുന്നു എണിറ്റു പോയി.. എന്തുകൊണ്ടോ പാറുവിന് ഒരു ചെറിയ സങ്കടം ഉണ്ടായി.. അതവളുടെ മുഖത്ത് തന്നെ കാണുകയും ചെയ്തു… “അയ്യേ, എന്റെ പാറുക്കുട്ടി എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ… നിന്റെയമ്മക്ക് നിന്നെ വഴക്ക് പറഞ്ഞില്ലെങ്കിൽ ഉണ്ടത് ദഹിക്കില്ലെന്നേ”….. ഉടൻ തന്നെ ശാരദമ്മ കട്ടിലിൽ നിന്നും എണിറ്റു പാറുവിനടുത്തേക്കായി ചെന്നു അവളുടെ തോളിലൊന്നു തട്ടികൊണ്ട് പറഞ്ഞു …
“അമ്മയെന്താ അമ്മായി എപ്പഴുമെന്നെ ഇങ്ങനെ വഴക്ക് പറയണേ”….. വിതുമ്പി കൊണ്ടു ചുണ്ടു വീർപ്പിക്കുന്നവളെ കണ്ടു, ശാരദയുടെ നെഞ്ച് പിടഞ്ഞു.. “അമ്മമാര് അങ്ങനാ പാറുവേ… അത് നീയൊരു അമ്മയായാലേ അറിയാൻ പറ്റൂ”….. സംശയത്തോടെയവൾ അമ്മായിയുടെ മുഖത്തേക്ക് നോക്കി… ഓഹ് പിന്നെ, ഞാൻ അമ്മയായാൽ എന്റെ കൊച്ചിനെ എപ്പഴും ഇങ്ങനെ വഴക്ക് പറയില്ല… അല്ല പിന്നെ… ഹും.. തറയിൽ രണ്ടു ചവിട്ട് ചവിട്ടിക്കൊണ്ട്, ചുറ്റിയ സാരിയഴിച്ചു കട്ടിലിലേക്കിട്ടു… ഊരിയിട്ട ചുരിദാർ എടുത്തിട്ട് പുറത്തേക്കിറങ്ങി…. ഇതൊക്കെയിപ്പോ കണ്ടു പരിചയമായതു കൊണ്ടു രേവതിക്കു പുതുമയൊന്നും തോന്നിയില്ല…. പക്ഷെ ഒന്ന് മാത്രം മനസ്സിലായി, പാറു ഇല്ലാത്ത വീട് ഇവിടുള്ളോർക്കു ആലോചിക്കാൻ പോലും പറ്റില്ലെന്ന്…. അത്രയ്ക്കും അവളെല്ലാരുടെയും ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്.. എന്തിനു, ഈ ഞാൻ പോലും അവളുടെ വർത്താനം കേട്ടിരിക്കുമ്പോൾ, ഒരുവിധം സങ്കടങ്ങളൊക്കെ മറക്കാറുണ്ട്…….
“സീതമ്മേ, ശാരദമ്മേ ഞാനിറങ്ങുവാ കെട്ടോ… കല്യാണത്തിനിങ്ങു എത്തിയേക്കാം തലേ ദിവസം തന്നെ “….. ഒരു കവറിൽ തുണിയെല്ലാം എടുത്തുകൊണ്ട് രേവതി, ഹാളിൽ നിന്നും ഉമ്മറത്തേക്കിറങ്ങി… അവിടെ, അവളെ കൊണ്ടുപോകാനായി അപ്പു വന്നിരുപ്പുണ്ടായിരുന്നു… “കല്യാണം കഴിഞ്ഞിട്ട് പോയാൽ മതീന്ന്, പറഞ്ഞതല്ലേ മോളേ… എന്നിട്ടുമെന്തിനാ ഇത്ര തിടുക്കം നിനക്ക് “…… ശരദാമ്മയുടെ ചോദ്യത്തിന് ഒരു നിറഞ്ഞ ചിരി കൊടുത്തവൾ… പാറുവിന്റെ അടുത്തുചെന്ന് അവളെ ചേർത്തു നിർത്തി, ആ നെറുകയിലൊന്നു മുത്തി… അച്യുതനും ഉണ്ണിയും അവിടെ തന്നെ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു…. ആർക്കും അവളെ ഇപ്പോഴേ തിരിച്ചയക്കാൻ താല്പര്യമില്ലായിരുന്നെങ്കിലും, രേവതിയുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നവർക്ക് …. “പനിയൊക്കെ മാറിയില്ലേ സീതമ്മേ… നാളെ തൊട്ട് സ്കൂളിൽ പോണം… ഇവിടെ നിന്നാൽ എനിക്ക് ജോലിക്കൊന്നും പോകാൻ തോന്നില്ലന്നേ… വെറുതെ വർത്താനം പറഞ്ഞോണ്ടിരിക്കാൻ തോന്നും “…. കണ്ണു നിറച്ചു നിൽക്കുന്ന സീതാമ്മയോടായി പറഞ്ഞവൾ….
എന്തോ ഇവിടെ നിൽക്കുവാൻ തോന്നുന്നില്ല…. സ്നേഹം കൊണ്ടു എല്ലാവരും വീർപ്പുമുട്ടിക്കുമ്പോഴും, അനന്തേട്ടന്റെ അവഗണന താങ്ങാൻ പറ്റുന്നില്ല… ഉണ്ണിക്കും പാറുവിനും കാര്യമെല്ലാമറിയാവുന്നത് കൊണ്ടു കൂടുതൽ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല…. “എന്നാ ഇറങ്ങാം ടീച്ചറെ “…. പോക്കറ്റിലിട്ട ചാവി കയ്യിലെടുത്തു കറക്കികൊണ്ട്, അപ്പു അവളോടു ചോദിച്ചു…. സമ്മതഭാവത്തിൽ തലയൊന്നാട്ടികൊണ്ട് അവന്റെ പുറകെ രേവതി മുറ്റത്തേക്കിറങ്ങി…. “പോട്ടേ “….. എല്ലാവരുടെയും മുഖത്തേക്കൊന്നു നോക്കികൊണ്ട്, ആവർത്തിച്ചു… വീണ്ടുമൊന്നുകൂടി പുഞ്ചിരിച്ചുകൊണ്ട്, സ്റ്റാർട്ട് ചെയ്ത അപ്പുവിന്റെ ബൈക്കിന് പുറകിലേക്ക് കയറിയിരുന്നു… കയ്യിലിരുന്ന തുണിയുടെ കവർ മടിയിൽ വെച്ച് ഇടത്തെ കൈകൊണ്ട് മുറുക്കെ പിടിച്ചിരുന്നവൾ … അപ്പു, വണ്ടി മുന്നോട്ടേക്കെടുത്തപ്പോൾ, വലം കൈകൊണ്ട് എല്ലാവർക്കും നേരെ റ്റാറ്റാ വീശിക്കാട്ടി… തന്റെ പ്രണയത്തെ ഒരു നോക്ക് കാണുവാൻ കണ്ണുകൾ ഉഴറികൊണ്ടിരുന്നു… എവിടെയും ഇല്ലായെന്നറിഞ്ഞപ്പോൾ നെഞ്ചോന്നു വിങ്ങി പെണ്ണിന്റെ….. ഒടുവിൽ ആ വീടും വീട്ടുകാരും ഒരു പൊട്ടുപോലെ അകലേക്കു മാഞ്ഞപ്പോൾ ഒരു താങ്ങിനായി അപ്പുവിന്റെ തോളിൽ തല മുട്ടിച്ചു കിടന്നു…. അവളുടെ കണ്ണീരാൽ, ഷർട്ട് നനഞ്ഞു പുറത്തൊട്ടിയപ്പോഴും, അവനൊന്നും മിണ്ടിയില്ല.. ആ മഴമേഘങ്ങൾ കുറച്ചെങ്കിലും പെയ്തൊഴിയട്ടെയെന്നു അവനും വിചാരിച്ചു കാണും …..
“നന്ദേട്ടാ “…… രേവതി പൊയ്ക്കഴിഞ്ഞപ്പോൾ, അനന്തന്റെ മുറിയിലേക്ക് ചെന്നതാണ് പാറു… “എന്താടി “….. കസേരയിലിരുന്നു എന്തൊക്കെയോ കണക്കുകൾ കുത്തിക്കുറിക്കുകയാണ് അനന്തൻ… ഇടയ്ക്കിടക്കു എന്തൊക്കെയോ ആലോചിച്ചുകൊണ്ട് മേശമേൽ പേന കൊണ്ടു ചെറുതായിട്ട് താളം പിടിക്കുന്നുണ്ട്… പാറു ചെന്നാ മേശമേൽ കയറിയിരുന്നു…. അവൻ തലയൊന്നുയർത്തിയവളെ നോക്കിയിട്ട്, വീണ്ടും കുനിഞ്ഞിരുന്നു എഴുത്ത് കുത്തുകൾ തുടർന്നു…. “നന്ദേട്ടാ, എനിക്കൊരു കാര്യം ചോദിക്കാനുണ്ട്”.. “ചോദിക്കെടി പാറുവേ “…. കുറെ നേരം കഴിഞ്ഞിട്ടും ചോദ്യങ്ങളൊന്നും കേൾക്കാഞ്ഞിട്ട്, എഴുത്ത് നിർത്തി അനന്തനവളെ തലയുയർത്തിയൊന്നു നോക്കി… അവിടെ ഇരുകയ്കളും മാറിൽ പിണച്ചു കെട്ടി, ഗൗരവത്തോടെയിരിക്കുന്ന പാറുവിനെ കണ്ട്, സംഗതി സീരിയസ് ആണെന്ന് അവനു മനസ്സിലായി.. പേന ബുക്കിനിടയിൽ വെച്ചടച്ചു ഉടൻതന്നെ സൈഡിലേക്ക് മാറ്റിവെച്ചു….. “ഇനി ചോദിക്കു മോളേ… എന്താ നിന്റെ സംശയം “…. അവളെ തന്നെ നോക്കികൊണ്ട് അനന്തൻ ചോദിച്ചു…. “രേവതി ചേച്ചി വീട്ടിലേക്ക് തിരിച്ചു പോയി “….. മനസ്സിലായില്ലെന്ന വിധത്തിൽ അവൻ നെറ്റി ചുളിച്ചു….
“ഏട്ടൻ അറിഞ്ഞുവോ “…. വീണ്ടും പാറുവിന്റെ ചോദ്യത്തിൽ ഗൗരവം…. “അറിഞ്ഞു…. അതിനെന്താ “…. അനന്തന് ചോദിക്കാതിരിക്കാനായില്ല…. “ഇപ്പോൾ പോയതേ ഉളളൂ… പോയപ്പോൾ എല്ലാരും ഉമ്മറത്തുണ്ടായിരുന്നു…. ഏട്ടനൊഴിച്ചു “…… “അതിനെന്താ പാറൂ”…. “അതിനൊന്നുല്യേ “…. ഇല്ലെയെന്ന രീതിയിൽ അനന്തൻ തലയാട്ടി….. “ചേച്ചി പോവ്വാന്നറിഞ്ഞിട്ടും നന്ദേട്ടൻ മാത്രം എന്തുകൊണ്ട് മുറിയിൽ കയറിയിരുന്നു… എല്ലാവരും നമ്മടെ വീട്ടിൽ വന്നുപോകുമ്പോൾ ഏട്ടൻ ഇങ്ങനെയല്ലല്ലോ പെരുമാറാറ് “….. പിരികം ഒക്കെ ചുളുക്കി, പോലീസ്കാര് ചോദിക്കുന്നപോലെയാണ്… എങ്കിലും പാറുവിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാത്തവനെ പോലെ അവനിരുന്നു… “ഏട്ടനോടാ ഞാൻ ചോദിച്ചേ “….. “എന്തുത്തരാ പാറു നിനക്കറിയേണ്ടേ “… “എല്ലാമറിയണം “… അവളുടെ മറുചോദ്യവും ഉച്ചത്തിലായിരുന്നു…..
“എങ്കിൽ കെട്ടോ… എനിക്ക് അപ്പോളങ്ങനെ തോന്നി “… “എന്ത് കൊണ്ട് നന്ദേട്ടാ “…. “എനിക്ക് രേവതിയെ ഇഷ്ടമില്ലാത്തത് കൊണ്ട് “…. “അതാ ഞാൻ ചോദിച്ചത്… എന്തുകൊണ്ട് “…. “ഒരു കാര്യം ഒരു പ്രാവശ്യം പറഞ്ഞാൽ അവൾക്കു മനസ്സിലാവത്തില്ലെങ്കിൽ, ഞാൻ പിന്നെന്തു ചെയ്യണം “… “എന്ത് കാര്യം “…. “ഇപ്പോ നിനക്കെന്താ മോളേ വേണ്ടത്… ഒടുവിൽ സഹികെട്ട് അവനാരാഞ്ഞു…. “ഏട്ടനെന്തിനാ ചേച്ചിയെ അകറ്റുന്നത്… ചേച്ചിക്കൊരുപാട് സങ്കടമാവുന്നുണ്ട്…. എന്തേ, സത്യല്ലേ ഞാൻ പറഞ്ഞത് “….. “അതിനു ഞാൻ എപ്പോഴാ അകറ്റിയതവളെ”….. “പിന്നെ ചേച്ചിയാണോ ഏട്ടനെ അകറ്റിയെ “…. പാറുവിന്റെ മുഖത്തെ ദേഷ്യം, അനന്തനിൽ വല്ലാത്ത നോവുണർത്തി… അവനവളെ മേശമേൽ നിന്നും താഴെയിറക്കി… ആദ്യമൊക്കെ ഇത്തിരി ബലം പ്രയോഗിച്ചെങ്കിലും, അവന്റെ കൂടെ പോയി കട്ടിലിലിരുന്നവൾ….. ശേഷം അനന്തനെ കേൾക്കാനെന്ന വണ്ണം ആ മുഖത്തേക്ക് നോക്കി…..
“മോളേ, നിനക്കുമറിയാവുന്നതല്ലേ രേവതിക്കു എന്നോട് തോന്നിയ ഒരിഷ്ടത്തെ കുറിച്ച് “…. അറിയാമെന്ന രീതിയിൽ പാറു തലയാട്ടി… “അങ്ങനെയുള്ളപ്പോൾ അവളോടു ഞാൻ കുറച്ചു അകലം ഇടുന്നതല്ലേ നല്ലത് “…. “എന്തിനു “…. “എന്തിനെന്നു വെച്ചാൽ, ആവശ്യമില്ലാതെ അവൾക്കു ആശ കൊടുക്കാൻ എനിക്കിഷ്ടമല്ലാത്തതുകൊണ്ട് “…. ഉറച്ചതായിരുന്നു അനന്തന്റെ വാക്കുകൾ…. “എനിക്കെന്റെ ഭാമയുടെ സ്ഥാനത്തു രേവതിയെന്നല്ല, ഒരു പെൺകുട്ടിയെയും പ്രതിഷ്ഠിക്കാൻ സാധിക്കില്ല മോളേ “…. പറയുമ്പോൾ വാക്കുകൾ ഇടറാതിരിക്കാൻ ശ്രമിച്ചുകൊണ്ടുള്ളതായിരുന്നു സംസാരം…. “എന്നെ വിട്ട് പോയെങ്കിലും, അവളുടെയൊർമ്മകളിൽ ജീവിതം ആസ്വദിക്കുന്നതാണ് എനിക്കിഷ്ടം “…. പാറുവിന്റെ മുഖം വിവർണ്ണമായി…. “പക്ഷെ ഏട്ടാ, മരിച്ചു പോയ ഒരുവൾക്കായി ജീവിതമിങ്ങനെ നശിപ്പിക്കണോ”… മുഖം കുനിച്ചു കൊണ്ടാണ് പാറുവത് ചോദിച്ചത്.. കാരണം ഒരിക്കൽ പോലും നന്ദേട്ടനോട് അവളിങ്ങനെയൊന്നും സംസാരിച്ചിട്ടില്ല….
“മരിച്ചു പോയെങ്കിലും അവളെന്നിൽ ജീവിക്കുന്നില്ലേടി ?”…… മറുപടി ഇല്ലായിരുന്നവളുടെ പക്കൽ… സത്യമാണ് ഏട്ടൻ ചോദിച്ചത്… മരിക്കുന്നവർ അവരുടെ ഓർമ്മകൾ തന്നിട്ടല്ലേ പോകുന്നത്…. ചിലർ പെട്ടെന്നവരെ മറക്കും… കുറച്ചു പേര് പതിയെ… അനന്തേട്ടനെപ്പോലുള്ളവർ ഒരിക്കലും മറക്കാനാവാതെ, അവരുടെയോർമ്മയിലിങ്ങനെ ജീവിച്ചുകൊണ്ടേയിരിക്കും….. “എന്തേ മോളൂസേ.. സൈലന്റ് ആയെ… എന്താ ഇപ്പോയിങ്ങനെയുള്ള സംശയങ്ങൾ നിനക്ക്.. ഹ്മ്”….. പാറുവിന്റെ നെറുകയിലൊന്നു തലോടിയവൻ… “അമ്മായി ഒരുപാട് വിഷമിക്കുന്നുണ്ട് നന്ദേട്ടാ…. സീതമ്മയും…. ഏട്ടന്റെ കല്യാണം കാണാൻ അവർക്കൊരുപാട് ആശയുണ്ട്… ചേച്ചിക്കും ഏട്ടനോടൊരിഷ്ടമുണ്ടെന്നു കണ്ടപ്പോൾ, ഞാനെന്തെക്കെയോ… വെറുതെ…. ഓരോന്ന് ആഗ്രഹിച്ചുപോയി… ചേച്ചിയുടെ കരച്ചില് കണ്ടിട്ട് സഹിക്കാൻ വയ്യാതെ ചോദിച്ചുപോയതാ ഞാൻ… സോറി ഏട്ടാ “…. പറഞ്ഞുകൊണ്ടവന്റെ നെഞ്ചോരം തല ചേർത്തവൾ… എന്തുകൊണ്ടോ അവൾക്കും ചെറിയൊരു വിഷമം തോന്നിയിരുന്നു….
“ചേച്ചിയുടെ കരച്ചില് കണ്ട് മോൾക്ക് സങ്കടായി… മോൾടെയീ നന്ദേട്ടൻ നാലഞ്ച് വർഷായിട്ട് കരഞ്ഞോണ്ട് നടക്കാടി… ആരെയും കാണിച്ചോണ്ടല്ലായെന്നുമാത്രം “….. പാറുവിന്റെ ഉണ്ടക്കണ്ണുകളിൽ നിന്നും നീർച്ചാലുകൾ ഒഴുകിയിറങ്ങി… ഏട്ടനെ താൻ പോലും മനസ്സിലാക്കിയില്ലല്ലോയെന്ന കുറ്റബോധം അവളെ കാർന്നു തിന്നു… അനന്തന്റെ മാറിൽ മുഖമിട്ടുരുട്ടി അവൾ പൊട്ടിക്കരഞ്ഞു…. “പാറുട്ടിയെ… സാരല്യ…. അതോർത്തു കരയല്ലേടാ നീയ്…. നന്ദേട്ടന് സഹിക്കില്ലെടി മോളേ “…….. പാറുവിന്റെ കരച്ചിൽ കണ്ടു നിൽക്കാനാവാതെ അവൻ പിന്നെയും എന്തൊക്കെയോ പുലമ്പി… തന്റെ കുഞ്ഞനിയത്തിയെ നെഞ്ചോട് ചേർത്തു പൊത്തി പിടിച്ചു, കുറെ നേരം കൂടെ അങ്ങനെയിരുന്നു…. കരച്ചിലിന്റെ ആക്കം കുറയുന്നതുവരെ നെറുകയിൽ തലോടിക്കൊണ്ടേയിരുന്നു… ഒടുവിൽ എങ്ങലടിയുടെ ചെറിയ ഒച്ച മാത്രം ആ മുറിയിൽ കേൾക്കാനായി.. ഉറങ്ങിയെന്നു മനസ്സിലാപ്പോൾ, അടർത്തി മാറ്റാതെ തന്നെ ആ കട്ടിലിലേക്ക് അവളെയും കൊണ്ടു കിടന്നവൻ…
അപ്പോഴുമവന്റെ ചുണ്ടുകൾ, പാറുവിന്റെ നെറുകയിൽ അമർന്നിരിക്കുകയായിരുന്നു…. മുറിയിൽ നടന്ന സംഭാഷണങ്ങൾക്ക് സാക്ഷിയാവാൻ വാതിലിനപ്പുറം കണ്ണീർ വാർത്തുകൊണ്ട് ആ കുടുംബം ഉണ്ടായിരുന്നു… ഇതൊന്നുമറിയാതെ ഇരുവരും അപ്പോഴേക്കും ഉറക്കത്തിലേക്കാഴ്ന്നു പോയിരുന്നു…. (തുടരും )

by