രചന – അയിഷ അക്ബർ
അവൾ തലയിലൂടെ തണുത്ത വെള്ളം കോരിയൊഴിക്കുമ്പോഴും ആ തണുപ്പിരച്ചെത്തിയിരുന്നത് അവളുടെ ഹൃദയത്തിലേക്കായിരുന്നു….. വെള്ളം ഇറ്റ് വീഴുന്ന മുടിയിഴകളെ തുവർത്തി അലമാര തുറന്നവൾ അവന്റെ ഷർട്ടുകളിലേക്ക് നോക്കി….. പല നിറത്തിലുള്ള ഷർട്ടുകൾ മടക്കി വെച്ചിരിക്കുന്നു…. ചിലത് തൂക്കി വെച്ചിട്ടുണ്ട്… തനിക്ക് തൊടാൻ പോലും അധികാരമില്ലായിരുന്ന അവയെല്ലാം അവളിൽ തീർത്തിരുന്ന നൊമ്പരം അവളോർത്തു….. അവൾ മുകളിലായി മടക്കി വെച്ച കറുപ്പ് നിറത്തിലുള്ള ഷർട്ടുത്തു…… നിവർത്തിയ ശേഷം അത് പതിയെ നെഞ്ചോട് ചേർത്ത് പിടിച്ചു….. അതിൽ മുഴുവൻ അവന്റെ ഗന്ധം നിറഞ്ഞു നിന്നിരുന്നു… അതവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു…… മെറൂൺ കളർ ഷർട്ടാണ് അവൻ തേച് വെക്കാൻ പറഞ്ഞതെന്നോർത്തു കൊണ്ടവൾ അവളുടെ വസ്ത്രങ്ങലിട്ട ആ പെട്ടി തുറന്നു… അവളുടെ വസ്ത്രങ്ങൾക്കിടയിൽ മെറൂൺ കളർ ഡ്രസ്സുണ്ടോയെന്നവൾ ആ പെട്ടി മുഴുവനവൾ തിരഞ്ഞു..
അതിലൊന്നും അവന്റെ ഷർട്ടിന്റെ നിറത്തോട് അല്പം പോലും ചേരുന്ന നിറമില്ലെന്നതവളെ സങ്കടത്തിലാക്കി….. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളിൽ അവനോട് ചേർന്നവൾ നിൽക്കുന്ന ചിത്രം അവളുടെ മനസ്സിൽ അവൾ വരച്ചു ചേർത്തിരുന്നു…. അവൾക്ക് വല്ലാത്ത നിരാശ തോന്നി…. മെറൂൺ കളർ ഷർട്ടും മുണ്ടും തേച്ചതിനൊപ്പം അവൾ അവന്റെ കറുത്ത നിറത്തിലുള്ള ഷർട്ടു കൂടി തേച് വെച്ചിരുന്നു…..അവൻ കാണത്തക്ക വിധത്തിൽ അത് കൂടി അവൾ വെച്ചു…. ശേഷം അവളുടെ പെട്ടിയിൽ നിന്നും കറുത്ത നിറത്തിലുള്ള സാരി എടുത്തു ചുറ്റി…. മുടി മുമ്പിലേക്ക് മെടഞ്ഞു കെട്ടി വെച്ചു…. കണ്ണുകളിൽ കരിമഷിയെഴുതി….. കറുത്ത ഒരു കുഞ്ഞു പൊട്ടെടുത്തു നെറ്റിയിൽ പതിച്ചു….. അവൾ കണ്ണാടിയിൽ നോക്കി നിൽക്കുമ്പോഴാണ് പിറകിലായി അവൻ വന്നത്….. കയ്യിലുള്ള ബൈക്കിന്റെ ചാവി മേശ മേൽ വെക്കുമ്പോഴും അവൻ കണ്ണാടിയിലൂടെ അവളെ നോക്കുകയായിരുന്നു…. കറുത്ത നിറത്തിലുള്ള സാരിയിൽ അവൾ കത്തി നിന്നു…..
കണ്ണാടിയിലൂടെ അവന്റെ മിഴികളുമായി അവളുടെ മിഴികൾ കോർത്ത സമയം മിഴികളിൽ പോലും നാണം കലർന്നിരുന്നു…. ഒന്ന് നിന്നേ…. അവനു വസ്ത്രം മാറാൻ വേണ്ടിയവൾ പുറത്തേക്ക് നിൽക്കുമ്പോഴാണ് അവൻ വിളിച്ചത്…. എന്തെന്ന ഭാവത്തിൽ അവളവനിലേക്ക് തിരിഞ്ഞു…. ഇങ് വായെന്ന തരത്തിൽ അവൻ തല യാട്ടിയപ്പോൾ അവൾ പതിയെ അവന്റെയടുത് വന്നു… അവനപ്പോഴും മേശ മേൽ ചാരി നിൽക്കുകയായിരുന്നു…. എന്തിനാണ് വിളിച്ചതെന്നവളാലോചിക്കുന്നതോടൊപ്പം മുഖത്തും ആ സംശയം നിറഞ്ഞു നിന്നു…. ഒരു കുറവുണ്ടല്ലോ… താടിയുഴിഞ്ഞു കൊണ്ടവന്നത് പറയുമ്പോൾ അവളെന്തെന്ന ഭാവത്തിൽ അവനെ നോക്കി….. മേശക്കരികിലായി വച്ചിരുന്ന സിന്ദൂര ചെപ്പ് കയ്യിലെടുത്തതും അവളുടെ മുഖത്തെ സംശയം നീങ്ങി ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു…..
അവൾ കൈ നീട്ടി വാങ്ങാൻ തുടങ്ങിയതോടൊപമാണവനതിൽ നിന്നൽപമെടുത്തവളുടെ നെറുകെയിൽ ചേർത്തത്…. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായത് കൊണ്ട് തന്നെ അവളുടെ ഞെട്ടൽ മുഖത്ത് കാണാൻ കഴിഞ്ഞു… കണ്ണുകൾ വിടർന്നിരുന്നു…. അമ്മ ചോദിച്ചിരുന്നു നിന്നെ…. നീ പൊയ്ക്കോ…. ഞാൻ ദേ വരുന്നു….. ശില കണക്കെ അവനെ തന്നെ നോക്കി നിൽക്കുന്ന അവളോടത് പറയുമ്പോൾ അവന്റെ ചൊടികളിൽ ഒരു കുസൃതി ചിരിയുണ്ടായിരുന്നു…. പെട്ടെന്നാണവൾ ബോധത്തിലേക്ക് തിരിച്ചു വന്നത്….. അവൾ കണ്ണുകളവനിൽ നിന്നും പറിച്ചെടുത്തു കൊണ്ട് സാരി തുമ്പ് ചേർത്ത് പിടിച്ചു വേഗം താഴേക്ക് നടന്നു…. അവൻ കുറച്ചു നേരം കൂടിയെന്തോ ഓർത്തെന്ന പോൽ അങ്ങനെ നിന്നു…. ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിയിച്ചു കൊണ്ടവൻ കുളിക്കാൻ കയറി….
അവൾ അടുക്കളയിലേക്ക് നടക്കുമ്പോഴും ഹൃദയമിടിപ്പ് ഉയർന്നു കേട്ടിരുന്നു….. തന്റെ നെറുകെയിൽ ചേർത്ത സിന്ദൂരത്തിലേക്കവളുടെ കൈകൾ നീണ്ടു പോകുമ്പോഴും ഹൃദയത്തിൽ വല്ലാത്തൊരു ആനന്ദം നിറഞ്ഞിരുന്നു…. തുറന്ന് പറയാത്ത പ്രണയത്തിന്റെ തീവ്രത രണ്ടു പേരിലേക്കും ആഴ്ന്നിറങ്ങിയിരുന്നു…. കുളിച് വന്നു ഷർട്ടും മുണ്ടും എടുക്കാൻ നേരമാണ് അതിനരികിലായി വെച്ച കറുപ്പ് നിറത്തിലുള്ള ഷർട്ടിലേക്കവന്റെ മിഴികൾ നീണ്ടു പോയത്…. തനിക്ക് കാണാൻ പാകത്തിൽ മനോഹരമായി തേച് മടക്കി വെച്ച ആ ഷർട് കാൺകെ അവന്റെ ചുണ്ടിലൊരു പുഞ്ചിരിയൂറി നിന്നു…. സുന്ദരിയായിട്ടുണ്ടല്ലോ…. സീത അവളെ ചേർത്ത് പിടിച്ചു….. കൈകളെന്താ മോളേ ഇങ്ങനെ വെറുതെയിട്ടിരിക്കുന്നത്… ചോദിക്കുന്നതൊപ്പം സീത അലമാര തുറന്ന് ഒരു വളയെടുത്തവളുടെ കൈകളിലേക്കിട്ടു…. ആ വളകൾ പതിയെ തൊട്ട് നോക്കുമ്പോഴണ് ഷർട്ടിന്റെ കൈ മടക്കി കൊണ്ടവൻ വന്നത്…. അവളൊരു നിമിഷം നിശ്ചലയായി…
അവനുടുത്ത നിറം കറുപ്പാണെന്ന് അവളുടെ ഹൃദയം പറയുമ്പോഴും മിഴികൾ അത് വിശ്വസിക്കാനാവാത്ത പോലവനെ നോക്കി നിന്നു… ആ മിഴികളിലെ ഭാവം വർണനാതീതമായിരുന്നു…. സന്തോഷം അലതല്ലുന്ന അവളുടെ മിഴികളിലേക്കവൻ നോക്കി നിന്നു…. അവനവളുടെ മുഖത്ത് നിന്നും കണ്ണുകൾ നീക്കിയില്ല…. അവളുടെ ഞെട്ടലും സന്തോഷവും എല്ലാം അവന് അനുഭവിച്ചറിയണമെന്ന പോലവളെ അവൻ നോക്കി നിന്നു…. രണ്ട് പേരുടെയും മിഴികളിലെ ഭാവങ്ങളും ചൊടികളിലും കുസൃതിയും ഹൃദയത്തിലേ സന്തോഷവും നോക്കി മാധവനും സീതയും അരികിൽ നിൽക്കുന്നുണ്ടായിരുന്നു…. രണ്ടു പേരും അത്ര മേൽ ചേർച്ചയോടെ ഉടുത്ത വസ്ത്രങ്ങളെ പോൽ അവരുടെ ഹൃദയങ്ങളും ചേർന്നിരിക്കണമെന്നവർ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നന്നേരം…… അവന്റെ ബൈക്കിനു പുറകിലായി അവൾ കയറിയിരിക്കുമ്പോൾ ഒരു പുതുമ തോന്നിയിരുന്നവൾക്ക്…
കുന്നു കയറി ആ വീട്ടിലെത്തുമ്പോഴേക്കും അവന്റെ ഹൃദയത്തിൽ വല്ലാത്തൊരു നനവ് പടർന്നിരുന്നു….. വാതിൽ തുറന്ന് അങ്കിളും ആന്റിയും അകത്തേക്ക് ക്ഷണിക്കുമ്പോഴും അവന്റെ മുഖത്തെ നോവവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു……. ഭക്ഷണം കഴിക്കാനിരുന്നപ്പോഴും ഓർമകളുടെ കുത്തൊഴുക്കിൽ പെട്ടവന്റെ ഹൃദയം നീറുകയായിരുന്നു….. ഭക്ഷണം അവന്റെ തൊണ്ടക്കുഴിയിൽ കുരുങ്ങി നിന്നു…… പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന മാധുവിന്റെ ചിത്രങ്ങളിലേക്ക് നോക്കി അവന്റെ മിഴികൾ നിറഞ്ഞിരുന്നു….. അവളുടെ മിഴികളിലേക്ക് അന്ന സൂക്ഷിച്ചു നോക്കി…. തനിക്ക് കാഴ്ച നൽകിയ അതേ കണ്ണുകൾ കൊണ്ടായിരുന്നു അവളും ഈ ലോകത്തെയും എല്ലാറ്റിനുമുപരി സിദ്ധുവിനെയും കണ്ടിരുന്നതെന്നവളോർത്തു….. അവൾ പതിയെ സിദുവിലേക്ക് നോക്കി… മാധുവിന്റെ ഓർമ്മകൾ അവന്റെ മിഴികൾ നനക്കുന്നത് അവൾ കണ്ടിരുന്നു…… കൂടുതൽ നേരം അവനവിടെ നിൽക്കാൻ കഴിഞ്ഞിരുന്നില്ല….. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി…. അന്നയെ കെട്ടിപ്പിടിച് പാർവതി കരഞ്ഞു… അന്നയുടെ മിഴികളും നിറഞ്ഞിരുന്നു…. കുര്യൻ സ്നേഹത്തോടെ അവളുടെ മുടിയിഴകളിൽ തലോടിയവളെ ചേർത്ത് പിടിച്ചു… അവൾക്ക് സ്വന്തമായവരെ പോലവളവരോട് ചേർന്ന് നിന്നു… യാത്രയിളുട നീളം അവന്റെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു…. ഇടക്കിടക്ക് കണ്ണുകൾ നിറഞ്ഞതവൻ തുടക്കുന്നതും അവൾ കണ്ടിരുന്നു…..
വീട്ടിലെത്തിയപ്പോൾ ഉമ്മറത്തു തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു… അവൻ വണ്ടി നിർത്തി സംസാരത്തിനു പോലും നിൽക്കാതെ മുറിയിലേക്ക് പോയി…. എന്താ മോളേ അവന്…. വഴിയിൽ വെച്ച് നിങ്ങൾ തമ്മിലെന്തെങ്കിലും പ്രശ്നമുണ്ടായോ…. അവന്റെ മുഖ ഭാവം കണ്ട് അവർ വല്ലാതെ ഭയന്നിട്ടുണ്ടെന്ന് അന്നക്ക് മനസ്സിലായി…. ഇല്ലമ്മേ…. മാധുവിന്റെ ഫോട്ടോയൊക്കെ നോക്കി കണ്ണ് നിറഞ്ഞിരുന്നു….. അത്രയേ അവൾക്ക് പറയാൻ കഴിഞ്ഞുള്ളു…. എന്റീശ്വരാ ഒക്കെയൊന്ന് കലങ്ങി തെളിഞ്ഞു വരുകയായിരുന്നു….. ഇനി വീണ്ടും പഴയ പോലെയാവുമോ അവൻ… സീതയുടെ വേവലാതി കൾ ശബ്ദത്തോടെ പുറത്തേക്ക് വരുമ്പോഴും അന്നയുടെ മനസ്സിലും അതേ നീറ്റൽ തന്നെയായിരുന്നു….. കണ്ണുനീരവളുടെ തൊണ്ടക്കുഴിയിൽ കുരുങ്ങി നിന്നു…… അവൾ പതിയെ മുറിയിലേക്ക് നടന്നു…. (തുടരും )
