18/04/2026

സ്നേഹാംബരം : ഭാഗം 32

രചന – ശ്രീതു ശ്രീ

തന്റെ കൂട്ടുകാരൻ പറഞ്ഞത് സത്യമാണ് ഉറപ്പിക്കാൻ വേണ്ടി ജോണിക്ക് എങ്ങനെയെങ്കിലും റോഷന്റെ മുറിയിൽ കയറണമെന്ന് തോന്നി.. അതിനുവേണ്ടി കണക്ഷൻ വയർ കറക്റ്റ് ആണോന്ന്നോക്കാൻ എന്ന് വ്യാജേന അവൻ റോഷന്റെ മുറിയിൽ പോകാൻ ഒരുങ്ങി……. അവിടെ ഇരിക്കുന്നത് നേഹയുടെ ഫോട്ടോ ആണെങ്കിൽ എങ്ങനെയെങ്കിലും അതവിടുന്നു മാറ്റണം….. ഉച്ചയ്ക്ക് മുമ്പായാൽ എലിസബത്തിന്റെയോ മാത്യുവിന്റെ ശ്രദ്ധ തന്നിൽ കൃത്യമായി പതിയാൻ സൗകര്യക്കുറവ് ഉണ്ടെന്ന് ജോണി ചിന്തിച്ചു…. എലിസബത്ത് അടുക്കളയിലും മാത്യു പത്രങ്ങൾ വായിക്കുന്ന തിരക്കിലും ആയിരിക്കും…… അങ്ങനെ അവൻ മുകളിൽ നിന്ന് താഴെ എത്തി…. മുൻഭാഗത്ത് കൂടി കയറിയാൽ മാത്യു കൂടെ വന്നാലോ എന്നോർത്ത് ജോലി അടുക്കള വഴി അകത്തേക്ക് കടന്നു…..

അടുക്കളയിൽ എലിസബത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ…. എന്തിനെന്ന് ഭാവത്തിൽ അവരങ്ങനെ നോക്കിയപ്പോൾ ജോണി പറഞ്ഞു : “” ഞാൻ വയറിന്റെ കണക്ഷൻ ഒന്ന് നോക്കാൻ പോവാ…. എന്തോ റെഗുലർ ആയിട്ട് കറന്റ് അങ്ങോട്ട് വരുന്നില്ല…..”” ” ഞാൻ കൂടി വരണോ മോനെ…?”” എന്ന് സ്നേഹപൂർവ്വം അവർ ചോദിച്ചപ്പോൾ അത് വിനയത്തോടെ നിരസിച്ചുകൊണ്ട് അവൻ ഒറ്റയ്ക്ക് റോഷന്റെ മുറിയിലേക്ക് നടന്നു…. മുറിയിലേക്ക് കയറിയ നിമിഷം തന്നെ കണ്ണുകൾ ശരവേഗത്തിൽ മേശപ്പുറത്തേക്ക് പാഞ്ഞു….. അവിടെ നേഹയുടെ ഫോട്ടോ കണ്ടതും അവനാ നിമിഷം സ്ഥബ്ധനായി പോയി…… കട്ടിലിലേയ്ക്ക് നോക്കിയപ്പോൾ റോഷൻ ഉറക്കത്തിലാണന്നു അവന് മനസിലായി…. ജോണി പതുക്കെ മേശയ്ക്ക് അരികിലെത്തി ആ ഫോട്ടോ എടുത്തു…. തന്റെ മനസ്സിലുള്ള നേഹയുടെ മുഖവുമായി ആ ഫോട്ടോയിലെ മുഖം തട്ടിച്ചു നോക്കിയപ്പോൾ അത് വർഷങ്ങൾക്കു മുമ്പുള്ള ഫോട്ടോയാണെന്ന് ജോണിക്ക്‌ മനസ്സിലായി…..

ആ ഫോട്ടോയിലേക്കും റോഷനിലേക്കും അവന്റെ കണ്ണുകൾ മാറി മാറി സഞ്ചരിച്ചു…. മനസ്സിലാകെ ചിറകടിച്ചു നടന്ന സന്തോഷത്തിന്റെ ഈയാംപാറ്റകൾ ചിറകറ്റ് നിലത്ത് വീണ് പിടയുന്നത് അവൻ അറിഞ്ഞു…. അത് തിരികെ മേശപ്പുറത്തേക്ക് വയ്ക്കാൻ തുടങ്ങവെ അവന്റെ ഹൃദയം എന്തിനോ തേങ്ങി…. അവളെ അവന് വിട്ടുകൊടുക്കാൻ ജോണിക്ക് ഒട്ടും തോന്നിയതേയില്ല….. തന്റെ കയ്യിലിരിക്കുന്ന ഫോട്ടോ മേശപ്പുറത്തേക്ക് തിരികെ വയ്ക്കാൻ പോലും അവന് കഴിയാത്ത പോലെ തോന്നി… തനിക്ക് അത്രമേൽ പ്രിയപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെടാൻ പോകുന്നത് പോലെ ഒരു വേദന അവന്റെ ഉള്ളിൽ നിറഞ്ഞു….. അവൻ അങ്ങനെ ഓരോന്നും ചിന്തിച്ചു നില്ക്കുന്നതിനിടയിലാണ് പുറകിൽ ഒരു കാൽപെരുമാറ്റം കേട്ടത്…. “”” ജോണി… “” അവൻ തിരിഞ്ഞുനോക്കും മുൻപ് തന്നെ അവിടെ മാത്യുവിന്റെ ശബ്ദം മുഴങ്ങി…. “” സാർ ഞാൻ…. “”” എന്ത് പറയണമെന്ന് അറിയാതെ അവൻ കുഴങ്ങി….. അവന് എന്തോ എന്തോ മടി തോന്നി……

കയ്യിലിരിക്കുന്ന ഫോട്ടോയിലേക്ക് തന്നെ നോക്കി അവൻ നിന്നു,.. “”” തനിക്കെന്താ ഈ മുറിയിൽ കാര്യം…? ” മാത്യുവിന്റെ ശബ്ദം ഗൗരവമുള്ളതായിരുന്നു …, “” അത് ഞാൻ ഈ വയറിന്റെ കണക്ഷൻ ശരിയാണോന്ന് നോക്കാൻ വന്നതാ. അപ്പൊ… ഈ ഫോട്ടോ കണ്ടു… അതാ ഞാൻ നിന്നു പോയത്….. “”” “” ആ ഫോട്ടോ കണ്ടിട്ട് തനിക്ക് എന്ത് മനസ്സിലായി…? “”” അവൻ ഉത്തരം പറയാതെ നിൽക്കുന്നത് കണ്ടതും അയാൾ വീണ്ടും ചോദിച്ചു…. “” ചോദിച്ചത് കേട്ടില്ലേ…? “” “”” എല്ലാം സാറിന് അറിയാമല്ലോ ഞാൻ പറയേണ്ട കാര്യമുണ്ടോ….? “” “” അപ്പോ ജോണിക്ക് എല്ലാം നേരത്തെ അറിയാമായിരുന്നു അല്ലേ…? നേരത്തെ തന്നെക്കുറിച്ച് എനിക്ക് അറിയാമായിരുന്നെങ്കിൽ എന്റെ വീട്ടിലെ ജോലി തന്നെ ഏൽപ്പിച്ചില്ലായിരുന്നു.,…… “” ആ തന്തയും മോളും കൂടെയാ എന്റെ കുഞ്ഞിനെ ചതിച്ചത്…… അറിയില്ല എങ്കിലും ചോദിക്കുവാ ജോണിക്കും അതിൽ പങ്കുണ്ടോ…? “”

” എന്താ സാർ ഇത്…?? റോഷന് ചതി പറ്റിയിട്ടില്ലെന്ന് ഞാൻ സമർത്ഥിക്കുന്നില്ല….. പക്ഷേ അതിൽ സാറ് കരുതും പോലെ നേഹ ഇല്ല….. എല്ലാം അവളുടെ അപ്പൻ ഒറ്റയ്ക്ക് ചെയ്തതാ…. റോഷൻ ഇങ്ങനെ ഒരു അവസ്ഥയിൽ കിടക്കുകയാണെന്ന് ഇപ്പോഴും നേഹയ്ക്കറിയില്ല….. പറയുന്നതിനിടയ്ക്ക് അവൻ റോഷനെ ഒന്നു നോക്കി…. ജോണി പറഞ്ഞോളൂ റോഷനെ നോക്കണ്ട…. അവനിപ്പോ ഒന്നും ഓർമ്മയില്ല….. നേഹയെപ്പോലും….. അതുകൊണ്ട് തനിക്ക് മനസ്സമാധാനത്തോടെ പറയാം….. അവൾക്കൊപ്പം ജീവിക്കാം…. ഓർമ്മയില്ല എന്നത് കേട്ടപ്പോൾ സത്യത്തിൽ ജോണിക്ക് ഒരല്പം ആശ്വാസം തോന്നി….. തന്റെ പെണ്ണിനെയും കുഞ്ഞിനെയും തേടി വരില്ലല്ലോ…… “” ജോണി… “” മാത്യു വീണ്ടും വിളിച്ചതും അവൻ പറഞ്ഞു തുടങ്ങി…. “” അവളുടെ അപ്പനാ ആശുപത്രിയിൽ വച്ച് എന്നോട് എല്ലാം പറഞ്ഞത്…… നേഹയ്‌ക്ക് റോഷൻ ഇപ്പോഴും എവിടെയാണെന്നൊ എങ്ങനെയാണെന്നോ ഒന്നും അറിയില്ല….. എന്നെ വിവാഹം ചെയ്യുന്നത് വരെയുള്ള കാലമത്രയും അവൾ അവനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു…. ഒടുവിൽവീട്ടുകാരുടെയും ആദരാഞ്ജലികൾ ഒക്കെ സമർത്ഥത്തിനു വഴങ്ങിയാണ് എന്നെ വിവാഹം കഴിച്ചത്…..””

“” അപ്പോ… അവൾ ഇപ്പോഴും എന്റെ മോനെ സ്നേഹിക്കുന്നുണ്ടോ…? മാത്യുവിന്റെ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം പറയാൻ ജോണിക്ക് കഴിയുമായിരുന്നില്ല….. എന്നിട്ടും ആ നിമിഷം അവൻ ഒന്നേ പ്രാർത്ഥിച്ചുള്ളൂ….അവളുടെ മനസ്സിൽ ഇപ്പോൾ താൻ മാത്രമായിരിക്കണമെന്ന്…. അവളുടെയും റോഹന്റെയും മുഖം അവന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു….. ഒന്നും മിണ്ടാതെ ജോണി ചിന്തയിലാണ്ട് നിൽക്കുന്നത് കണ്ടപ്പോൾ മാത്യു ചോദിച്ചു….. “”” തന്നോട് ഇതൊക്കെ ഞാൻ എങ്ങനെ പറയുമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു…… ഞങ്ങളെപ്പോലും ധിക്കരിച്ച് അവൾക്കുവേണ്ടി ഇറങ്ങി വന്നവനെയാണ് ആന്റണി ഇല്ലാത്ത കള്ളക്കഥകൾ പറഞ്ഞ് കുഴിയിൽ ചാടിച്ചത്….. റോഷന് ഓർമ്മയില്ലെന്ന് പറഞ്ഞിട്ടും മാത്യു ഇതൊക്കെ എങ്ങനെ അറിഞ്ഞുവെന്ന് ജോലിക്ക് സംശയം തോന്നി… അവനത് ചോദിച്ചില്ലെങ്കിലും അത് മനസ്സിലായത് പോലെ മാത്യു പറഞ്ഞു….

“” അപകടം പറ്റി കഴിഞ്ഞാൽ ഒന്നര വർഷത്തോളം കഴിഞ്ഞാണ് അവന് ഓർമ്മ നഷ്ടപ്പെട്ടത്…. അതിനുമുൻപ് അന്ന് സംഭവിച്ചതൊക്കെ എന്നോടും എലിസബത്തിനോടും അവൻ പറഞ്ഞിരുന്നു…. അന്നും ഞാൻ അയാളെ ചെന്ന് കണ്ടതാണ്… പക്ഷേ എന്നോട് ആ കഥകൾ തന്നെ ആവർത്തിച്ചപ്പോൾ ഞാനും എല്ലാം വിശ്വസിച്ചു പോയി…. ആരോടെങ്കിലുമൊക്കെ ഒന്ന് അന്വേഷിക്കാൻ അവന്റെ ചികിത്സയ്ക്കിടയിൽ ആയതുകൊണ്ട് എനിക്ക് കഴിഞ്ഞില്ല…… പിന്നെ ഞങ്ങൾ വിദേശത്ത് പോയി…… നാട്ടുകാരുടെയും വീട്ടുകാരുടെയും ഒക്കെ സഹതാപമൊന്നും ആഗ്രഹിക്കാത്തതിനാൽ അവരുമായുള്ള ബന്ധം പോലും ഞങ്ങൾ വേണ്ടെന്നുവച്ചു…. അതുകൊണ്ട് നാട്ടിലെ കാര്യങ്ങളൊന്നും അറിഞ്ഞില്ല…… പിന്നെ തിരികെ നാട്ടിലെത്തിയപ്പോൾ നേഹയ്ക്ക് ഒരു മകൻ ഉണ്ടായിരുന്നുവെന്നും അവൾ വീണ്ടും വിവാഹം കഴിച്ചുവെന്നും ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു….. സ്വസ്ഥമായി ജീവിക്കുന്നവളെ ശല്യം ചെയ്യാൻ മനസ്സില്ലാത്തതുകൊണ്ട് അവളെ തിരക്കി പോയില്ല….. പക്ഷേ അന്ന് പറഞ്ഞതൊക്കെ കള്ളമാണെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത അരിശം തോന്നി……

ഞാൻ ആന്റണിയെ പോയി കണ്ടിരുന്നു….. ആയാലും എന്നോട് പറഞ്ഞതൊക്കെ എന്നോടും പറഞ്ഞു…. പക്ഷേ അതിൽ അവൾക്കൊന്നും അറിയില്ലെന്നത് എന്തോ വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ടുപോലെ…..”” “”ഇല്ല സാർ….. അതുറപ്പാണ് അവൾക്കൊന്നും അറിയില്ല….ആ കുഞ്ഞിനും ഒന്നുമറിയില്ല.. പിന്നെ ഞാനിതൊന്നും അവളോട് പറയാനും ആഗ്രഹിക്കുന്നില്ല…. അവളും കുഞ്ഞും ഇപ്പോൾ എങ്ങനെ സ്നേഹിക്കുന്നുണ്ട്…. ആ സ്നേഹത്തെ നഷ്ടപ്പെടുത്താൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല….. എനിക്ക് അവളെയും കുഞ്ഞിനെയും വേണം… നിങ്ങൾ എത്ര ചോദിച്ചാലും എനിക്ക്…എനിക്ക് അവരെ വിട്ടുതരാൻ വയ്യ…. എന്റെ ഒരു അപേക്ഷയായി കാണണം….”” ശബ്ദത്തിൽ പറഞ്ഞു നിർത്തിയിട്ട് അവൻ മാത്യുവിനെ നോക്കി…… “” ഞാനിപ്പോ എന്താ പറയാ ജോണീ… അവന്റെ കുഞ്ഞ്…. അവനെയെങ്കിൽ ഞങ്ങൾക്ക് വിട്ടു തരാൻ തനിക്ക് പറ്റുമോ….?? “” പൂർണ്ണമായും വിട്ടുതരാൻ എനിക്ക് പറ്റില്ല…. നേഹയ്ക്കും അങ്ങനെ തന്നെ ആയിരിക്കണം…… പക്ഷേ റോഷൻ അവന്റെ അച്ഛനാണെന്ന സത്യം ഞാൻ തള്ളിക്കളയില്ല…

അത് അവന്റെ മുന്നിലായാലും നിങ്ങളുടെയൊക്കെ മുന്നിലായാലും…….. റോഷന് മകനെ കാണണമെന്നുണ്ടെങ്കിൽ ഞാൻ കൊണ്ടുവരാം…..പക്ഷേ തിരികെ കൊണ്ടുപോകും…. അവന് തിരിച്ചറിവ് ആകുന്ന ഒരുകാലത്ത് റോഷനൊപ്പം ജീവിക്കാനാണ് താല്പര്യമെങ്കിൽ അന്നവൻ സ്വയം വന്നോട്ടെ…. അല്ലെങ്കിൽ നേഹ വരുന്നെങ്കിൽ അവൾക്കൊപ്പം വന്നോട്ടെ… രണ്ടും ഞാൻ തടയില്ല…..എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാൻ അറിയില്ല….നിങ്ങൾ ഇനി എന്ത് വേണമെങ്കിലും ആയിക്കോ…… എന്നോടിനി ഇത് സംബന്ധിച്ചൊന്നും തിരക്കണ്ട…. ഇവിടുത്തെ ജോലി ഇനി ഒരാഴ്ച കൂടിയേ കാണൂ….അതുകഴിയുമ്പോൾ പിന്നെ ഞാനും ഇങ്ങോട്ടേക്ക് വരില്ല…… “”” ഞാനൊന്നും നിർബന്ധിക്കുന്നില്ല…. കുഞ്ഞിനെയും അവളെയും വിട്ടു തരാൻ കഴിയുമെങ്കിൽ അത്രയും ഉപകാരമായിരുന്നു… അതൊന്നു മനസ്സിൽ വച്ചേര്….”” “” അത്രയ്ക്കൊന്നും ഹൃദയ വിശാലത ഈ ജോണിക്ക് ഇല്ല സാറേ…. ചോദിക്കുമ്പോൾ എടുത്തു തരാൻ അവരെ വച്ചിരിക്കുന്നത് എന്റെ പോക്കറ്റിലൊ പേഴ്സിലോ ഒന്നും അല്ല……എന്റെ ഹൃദയത്തിലാണ്…..

അവിടുന്ന് പറിച്ചെടുക്കാൻ ഇത്തിരി പാടാ…. ഇത്രയും നാളും പോയതുപോലെ ഇനിയും മുന്നോട്ടുപോവുക…… ഞാൻ പറഞ്ഞല്ലോ… റോഷൻ റോഹിനെ കാണുന്നതിൽ എനിക്കൊരു വിഷമവുമില്ല…. അതുമാത്രം ഞാൻ കാണിച്ചു തരാം അതിലുപരി എന്നോട് ഒന്നും ചോദിക്കരുത്….. പിന്നെ എന്നെങ്കിലും ഒരിക്കൽ സത്യങ്ങളൊക്കെ അറിയിച്ച ശേഷം നേഹയെയും റോഷന് കാണാം…..ഇതിനപ്പുറം ഒന്നും ചെയ്തു തരാൻ എന്നെക്കൊണ്ട് പറ്റില്ല… ഞാനൊരു സാധാരണക്കാരനായ മനുഷ്യനാണ്…. “”‘ജോണി പൊയ്ക്കോളൂ….. പിന്നെ ഒരു കാര്യം.., തന്റെ ഭിക്ഷയൊന്നും ഞങ്ങൾക്ക് ആവശ്യമില്ല….. എന്താ വേണ്ടതെന്ന് ഞങ്ങൾ തീരുമാനിച്ചോളാം… താൻ എന്തായാലും ഇപ്പൊ പണി പൂർത്തിയാക്ക്….. എന്നിട്ട് കൂലിയും വാങ്ങിച്ചു പോകാൻ നോക്ക്…..”” “”” ജോണിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ മാത്യു നടന്നുനീങ്ങി… ജോണിയും റോഷിനെ തിരിഞ്ഞൊന്നു നോക്കിയിട്ട് മുറിയിൽ നിന്നിറങ്ങി നടന്നു….. ഫോട്ടോയും അവന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു…. അതു പോലും റോഷന് വിട്ടുകൊടുക്കാൻ ജോണിക്ക് കഴിഞ്ഞില്ല……. ജോണി മുറിയിൽ നിന്നിറങ്ങിയെന്ന് ഉറപ്പായപ്പോൾ റോഷൻ കണ്ണുകൾ വലിച്ചു തുറന്നു…. അവന്റെ കണ്ണുകൾ അപ്പോൾ ദേഷ്യത്താൽ കത്തി ജ്വലിച്ചുകൊണ്ടിരുന്നു…. (തുടരും )