The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ശ്രീതു ശ്രീ
ജോണിയെക്കണ്ടതും ലിന്റയ്ക്ക് സന്തോഷമായി….. അവൾ കയ്യുയർത്തി കാണിച്ചപ്പോൾ അവൻ തന്റെ കാലുകളുടെ വേഗത കുറച്ചു…. “ഡീ… നിങ്ങള് പൊയ്ക്കോ… ഞാൻ വന്നേക്കാം…. അവൾ കൂട്ടുകാരികളോട് യാത്ര പറഞ്ഞ് ജോണിയുടെ അടുത്തേയ്ക്ക് ഓടിയെത്തി…. “ജോണിച്ചായോ…. ഇപ്പൊ എവിടെ പോകാനിറങ്ങിയതാ…. “പോകാനിറങ്ങിയത് അല്ല…പോയിട്ട് വരുവാ….നീ വീട്ടിലോട്ടല്ലേ ഇനീ….? “മ്….. “ഞാൻ വീട്ടിലാക്കാം… വരുന്നോ…? “പിന്നെന്താ വരാല്ലോ…. ഇന്നപ്പൊ ബസ്സിലെ ഇടി കൊള്ളേണ്ടല്ലോ… ഞാൻ രക്ഷപെട്ടു…. “ഒരു കോഫി കൂടിയായാലോ…. തനിക്ക് ധിറുതിയില്ലെങ്കിൽ….. “ജോണിച്ചായൻ വിളിക്കുമ്പോൾ ഞാനെങ്ങനാ നോ പറയുന്നേ…. അവൾ തന്റെ വാക്കുകൾ തള്ളിക്കളയാത്തതിൽ അവനും സന്തോഷമായി…
അതിലുപരി അവളോട് മുൻപുണ്ടായിരുന്ന സ്നേഹം പ്രണയത്തിന്റെ ജാലകങ്ങൾ അവന് മുന്നിൽ തുറന്നിട്ടു….. “എങ്കിൽ വാ കാറ് ദോ കിടക്കുന്നു… റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോൾ പേടികൊണ്ടോ മറ്റോ അവൾ പിന്നോട്ട് നിന്നപ്പോൾ അവനവളുടെ കൈയിൽ മുറുകെ പിടിച്ചു ‘ താനുണ്ട് കൂടെ ‘എന്ന് പറയാതെ പറഞ്ഞ് ധൈര്യം നൽകി…. കാറിനടുത്ത് എത്തിയ ശേഷം ആണ് അവൻ ലിന്റയുടെ കൈ തന്നിൽ നിന്നും മോചിപ്പിച്ചത്…. “കാറിലിരുന്ന് ഡ്രൈവ് ചെയ്യുമ്പോളും ലിന്റയുടെ സാനിധ്യം ജോണിയുടെ ഉള്ളാകെ പ്രണയമഴ പൊഴിച്ചുകൊണ്ടിരുന്നു…. കാറ് ഒരു കോഫി ഷോപ്പിന് മുന്നിൽ നിന്നു… “ഞാനൊരു കാര്യം ചോദിച്ചോട്ടെ…. ഇഷ്ടമല്ലാത്തതോ താല്പര്യം ഇല്ലാത്തതോ ആണെങ്കിൽ വിട്ടേര്…. കോഫി കുടിക്കുന്നതിനിടയിൽ ജോണി ലിന്റെയെ നോക്കി ചോദിച്ചു :
” ജോണിച്ചായൻ പറഞ്ഞൊ… എന്താണെങ്കിലും…. ഇഷ്ടമുള്ളതാണോ അല്ലാത്തത് ആണോയെന്ന് ഞാൻ കേട്ടിട്ട് തീരുമാനിക്കാം…. അവനെന്താണ് പറയാൻ പോകുന്നത് എന്നവൾ ആകാംക്ഷയോടെ കാത്തിരുന്നു…. “ഞാൻ… എനിക്ക്…. ഇയാളോട്… എന്തൊ… അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ , ശാന്തതയോടെ തീരം തേടിയെത്തിയ തിരമാല പാറക്കൂട്ടങ്ങളിൽ ഇടിച്ചു ചിന്നിചിതറും പോലെ അവന്റെ വാക്കുകൾ എവിടെയൊക്കെയോ പതറിവീണു…. എന്നിട്ടും ജോണി തന്റെ ഉദ്യമത്തിൽ നിന്ന് പിന്മാറിയില്ല….. എങ്ങനെയെങ്കിലും തന്റെ ഉള്ളിലുള്ളത് അവളെ അറിയിക്കാൻ അവന്റെ ഹൃദയം വെമ്പി…. “എന്തുപറ്റി ജോണിച്ചായാ…? അവന്റെ ഉള്ളിലുള്ളത് ഏകദേശം ഊഹിച്ചെടുക്കാൻ ലിന്റയ്ക്ക് കഴിഞ്ഞു.
എങ്കിലും അവൾക്ക് അത് അവന്റെ വായിൽ നിന്ന് തന്നെ കേൾക്കണം എന്ന വാശിയായിരുന്നു.. അതിനാൽ അവൾ ഒന്നുമറിയാത്ത ഭാവത്തോടെ അവനെത്തന്നെ നോക്കിയിരുന്നു…. “ഞാനിയാളെ കെട്ടിക്കോട്ടേ…. എന്നെ ഇഷ്ടാണോ….?അപ്പച്ചനേം അമ്മച്ചിയേം കൂട്ടി ഞാൻ തന്റെ വീട്ടിലോട്ട് വരട്ടെ…? ഒറ്റശ്വാസത്തിൽ അവനത് ചോദിച്ചു നിർത്തിയപ്പോൾ അവളുടെ നാവ് നിശ്ചലമായിരുന്നെങ്കിലും കണ്ണുകൾ സന്തോഷത്താൽ സജലമായി….. അവളുടെ മൗനം സമ്മതമായി അവന്റെ ഹൃദയം സ്വീകരിച്ചു…. പിന്നെ എല്ലാം പെട്ടെന്നായിരുന്നു………. ജോണിയുടെ വീട്ടുകാർ മുൻകൈ എടുത്ത് ഇരുവരുടെയും വിവാഹം കെങ്കേമമായി നടത്തി….. ലിന്റയുടെ വീട്ടുകാർക്ക് ഒരു രൂപ പോലും മുടക്കേണ്ടി വന്നില്ല….എല്ലാച്ചിലവും വഹിച്ചത് ജോണിയുടെ വീട്ടുകാർ തന്നെ ആയിരുന്നു…..
കെട്ട് കഴിഞ്ഞെങ്കിലും ലിന്റ തന്റെ പഠനം ഉപേക്ഷിച്ചില്ല……അവൾ പഠനം തുടരുന്നതിൽ ജോണിക്കും വീട്ടുകാർക്കും സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു… കോളേജ് കുറച്ചകലെ ആയിരുന്നതിനാൽ അവൾ ഒരു പ്രൈവറ്റ് ഹോസ്റ്റലിൽ നിന്നായിരുന്നു പഠിച്ചത്… അവധി ദിവസങ്ങളിൽ ജോണി തന്നെ പോയി കൊണ്ടുവരും…. പി.ജി പഠനം നല്ല മാർക്കോടെ ലിന്റ പാസായി…. പിന്നെ ആദ്യ ശ്രമത്തിൽ തന്നെ നെറ്റ് യോഗ്യതയും നേടി….. പിന്നെയും പഠിച്ച് പി എച്ച് ഡി എടുക്കണം എന്നായിരുന്നു ലിന്റയുടെ ആഗ്രഹം….. അത് പക്ഷെ ജോണിയുടെ അപ്പച്ചനും അമ്മച്ചിക്കുമൊന്നും താല്പര്യം ആയിരുന്നില്ല… എന്നാൽ ജോണിക്ക് അവളുടെ ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കുന്നത് തന്നെ ആയിരുന്നു ഇഷ്ടം…. അവളുടെ സന്തോഷമാണ് തന്റെ സന്തോഷമെന്ന് അവൻ തന്നെ തന്റെ മനസിനെ പറഞ്ഞ് പഠിപ്പിച്ചുപോയി…..
പി എച്ച് ഡി കഴിയാൻ വീണ്ടും അഞ്ചുവർഷം എടുത്തു…… ജോണിയുടെ വീട്ടിൽ അവളുടെ പഠനം ആദ്യം ഉയർത്തിയ അസ്വാരസ്യങ്ങൾ അവന്റെ നിലപാടുകൾക്ക് മുന്നിൽ കെട്ടടങ്ങിയെങ്കിലും ലിന്റ അധികമൊന്നും വീട്ടിലേക്ക് വന്നില്ല…. വിവാഹം കഴിഞ്ഞ് ഇത്ര കാലമായിട്ടും കുഞ്ഞുണ്ടാകാതിരുന്നത് സംബന്ധിച്ച് ഒരിക്കൽ അന്നമ്മ അവളുമായി ഇടയ്ക്കൊന്ന് ഉടക്കുകേം ചെയ്തു….. അവളുടെ പഠനം ആണ് എല്ലാത്തിനും കാരണം എന്നവർ വിധിച്ചു… അപ്പോഴും ജോണി അവളെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതെ ചേർത്തു പിടിച്ചു…… അന്നമ്മയുടെ വാക്കുകളെ ജോണി നിഷ്കരുണം തള്ളിക്കളഞ്ഞു….. പഠനമെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഇനി ഒരു കുഞ്ഞൊക്കെ ആകാമെന്നവൻ തീരുമാനിച്ചു…..
ഒരു ജോലി വേണമെന്നുകൂടി അവൾ വാശി പിടിച്ചപ്പോൾ മുപ്പത്തി അഞ്ചു ലക്ഷം രൂപ കൊടുത്ത് ഒരു എയിഡഡ് കോളേജിൽ അവൾക്ക് നിയമനവും അവൻ തന്നെ വാങ്ങി നൽകി…. ജോലിക്ക് പോയി തുടങ്ങിയപ്പോളേക്കും അവൾ ഗർഭിണിയും ആയി….. ലിന്റയ്ക്കായി ലക്ഷകണക്കിന് രൂപ ചിലവാക്കേണ്ടി വന്നതും ഏദൻ ഫിനാൻസിന്റെ വരുമാനത്തിൽ ഉണ്ടായ ഇടിവും ജോണിയേം കുടുംബത്തെയും സാമ്പത്തികബാധ്യതയിലേയ്ക്ക് തള്ളി വിട്ടു….. ലിന്റ ഗർഭിണി കൂടി ആയത് കൊണ്ട് അവളെ വീട്ടിലുള്ളവരാരും ഇതൊന്നും ധരിപ്പിച്ചില്ല…. അവളുടെ സന്തോഷം മാത്രമേ അവരൊക്കെ അപ്പോൾ കാംക്ഷിച്ചുള്ളൂ…. പക്ഷെ ഇതൊക്കെ അവരാരും പറയാതെ തന്നെ ലിന്റ രഹസ്യമായി അറിഞ്ഞിരുന്നു…
തനിക്ക് കിട്ടുന്ന ശമ്പളമൊക്കെ ജോണിക്ക് കൊടുക്കേണ്ടി വരുമെന്നതും താനുമായി താരതമ്യം ചെയ്യുമ്പോൾ അവന് വിദ്യാഭ്യാസം കുറവാണ് എന്നതുമൊക്കെ ആ സമയം ലിന്റയുടെ ചിന്തയിൽ മദിക്കാൻ തുടങ്ങി…. അതോടെ പി എച്ച് ഡി പഠനത്തിനിടെ പരിചയപെട്ട ഫ്രഡ്‌ഡി ഫ്രാൻസിസുമായി ലിന്റ അടുത്തു തുടങ്ങി…. അവനും ലിന്റ ജോലി ചെയ്യുന്ന കോളേജിൽ തന്നെയാണ് ജോലിക്ക് കയറിയതും…… അത് ജോണി അറിഞ്ഞത് വളരെ വൈകിയാണ്…… ഒരു ദിവസം ബാങ്കിൽ നിന്നും വന്നപ്പോൾ ലിന്റ തന്റെ കൂട്ടുകാരിയോട് ഫോണിൽ സംസാരിക്കുന്നത് ജോണി അപ്രതീക്ഷിതമായി കേട്ടു….
“ഞാനിപ്പൊ എങ്ങനാ ഇയാളേം കൊണ്ട് വരുന്നത്..? ഡോ. ലിന്റ ജേക്കബിനൊപ്പം നിൽക്കാൻ ഒരു പൊട്ടിപ്പൊളിഞ്ഞ ബാങ്കും കൊണ്ടിരിക്കുന്ന ജോണിക്ക് എന്ത് യോഗ്യതയാ ഉള്ളത്..?? ഒരു ഗെറ്റ് ടുഗെതർ എന്നുപറയുമ്പോൾ നമുക്കൊപ്പം പഠിച്ച എല്ലാവരും വരും… പിന്നെ ടീച്ചേഴ്സും….അവരൊക്കെ ഭർത്താവിന്റെ ജോലിയെങ്ങാനും ചോദിച്ചാ ഞാനെന്നാ പറയും കൊച്ചേ… അത് മാത്രമാണോ…? എന്തൊ വിദ്യാഭ്യാസം ഉണ്ട്?? ബി കോം ഉണ്ടെന്ന് പറയുന്നു…. അതുകൊണ്ടായോ…? നിനക്ക് ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും ഈ ബികോം കാരനെയെ കിട്ടിയൊള്ളോ എന്നാരേലും ചോദിച്ചാലോ…..? എന്തയാലും ഇത്തവണ ഗെറ്റ് ടുഗദറിന് ഞാനില്ല….. ആദ്യം ഈ പൊല്ലാപ്പീന്ന് ഒന്ന് കരകേറട്ട്…. എന്നിട്ട് അടുത്ത തവണ ഞാൻ ഉറപ്പായും കാണും….അന്ന് ഞാൻ ഡോ. ഫ്രഡ്‌ഡി ഫ്രാൻസിസിനെയും കൂട്ടി ഒരു വരവുണ്ട്…. അവൾ ചിരിയോടെ അത് പറയുന്നത് കേട്ടപ്പോൾ ജോണിയുടെ ഹൃദയം പൊട്ടിപ്പിളരുന്നത് പോലെ അവന് തോന്നി….
തന്റെ കുഞ്ഞ് തന്നെയല്ലേ അവളുടെ വയറ്റിൽ കിടക്കുന്നതെന്ന് ചിന്തിക്കാതിരിക്കാൻ അവനപ്പോൾ കഴിഞ്ഞില്ല….. അവൾ സംസാരം തുടർന്നു…… “പൊല്ലാപ്പൊ…? അത് ജോണി മാത്രമല്ല..എന്റെ വയറ്റിൽ കിടക്കുന്നതും അതിൽപ്പെടും…..ഞാൻ മാക്സിമം ഒഴിവാക്കാൻ ശ്രമിച്ചതാടി….എന്ത് ചെയ്യാനാ….പറ്റിപ്പോയി….. ഇനി അബോഷനെ വഴിയുള്ളു….. അപ്പൊ ശരിയെടി…. നിങ്ങടെ പ്രോഗ്രാമിന് എല്ലാവിധ ആശംസകളും… ആരേലും എന്നെ തിരക്കിയാൽ എന്റെ അപ്പന് വയ്യെന്ന് വല്ലൊം പറഞ്ഞേര്….. ഫോൺ ഓഫാക്കികൊണ്ട് തിരിഞ്ഞതും മുന്നിൽ കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന ജോണിയെ കണ്ട് ലിന്റ നടുങ്ങി.. (തുടരും )