25/05/2026

സ്വന്തം : ഭാഗം 01 & 02

രചന – ജിഫ്ന നിസാർ

ഒതുക്കുകല്ലുകൾ കയറി ചെല്ലുമ്പോൾ സീത കണ്ടിരുന്നു, ഉമ്മറപടിയിൽ മുട്ട്കാൽ മടക്കി വെച്ചിട്ട് അതിലേക്ക് താടി ചേർത്ത് വെച്ചിരിക്കുന്ന ലല്ലു മോളെ.

എന്ത് പറ്റിയാവോ.?

ഇല്ലെങ്കിൽ ഈ നേരം മുറ്റത്തും അകത്തും ഓടി പാഞ്ഞു നടക്കാറുണ്ട്.

സീതയുടെ നെറ്റി ചുളിഞ്ഞു.

ആ ഇരിപ്പ് കണ്ടപ്പോൾ.

നീറുന്ന ഒരുപാട് പ്രശ്നങ്ങളുള്ള മരുന്നാണ് അവളുടെയാ കുഞ്ഞു മുഖം.

അധികം വികൃതിയൊന്നും ഇല്ലാത്ത ഒരു ചിരികുടുക്ക.

തോളിൽ കിടന്ന പഴകി പിന്നിയ ബാഗ് അരതിണ്ണയിൽ വെച്ച് കൊണ്ട് സീത ലല്ലുവിന്റെ അരികിൽ പോയിരുന്നു.

അടുത്തവൾ ഇരുന്നതറിഞ്ഞ് ലല്ലു പതിയെ ഒന്ന് മുഖം ചരിച്ചു നോക്കി.

അൽപ്പം വീർത്തു നിൽക്കുന്ന ആ കവിളിൽ ഒരു കുത്ത് വെച്ച് കൊടുക്കാൻ തോന്നി സീതക്ക്.

“മ്മ്..
അവളുടെ നോട്ടം കണ്ടിട്ടാണ്.. ലല്ലുവിന് വല്ലാത്ത ഗൗരവം.

മ്മ്..

അവൾ ചോദിച്ചത് പോലെ തന്നെ സീതയും ചോദിച്ചു.

“ഒന്നുല്ല ”
ലല്ലു വീണ്ടും തല താങ്ങി ഇരുന്നു.
“എന്തോ ഉണ്ടല്ലോ. ഇല്ലെങ്കിൽ ഈ ചുന്ദരിയെ ഇങ്ങനെ കാണില്ലല്ലോ ”
സീത അവൾക്ക് നേരെ തിരിഞ്ഞിരുന്നു.

“ചിറ്റയോട് പറ ലല്ലുസേ. അമ്മ തല്ലിയോ? ”

സീത അവളുടെ താടി പിടിച്ചു കൊണ്ട് ചോദിച്ചു.

“ഇല്ല.”

ലല്ലു വീണ്ടും പറഞ്ഞു.
“പിന്നെന്താടാ..? ”

സീത അവളെ വാരി എടുത്തു കൊണ്ട് തന്നെ അകത്തേക്കു നടന്നു.
ലല്ലു അവളുടെ കഴുത്തിൽ കൈ ചുറ്റി കിടന്നു.
പോകുമ്പോൾ ബാഗ് കൂടി വലിച്ചെടുത്തു.അത് ഹാളിലെ കസേരയിൽ ഇട്ടിട്ട് സീത നേരെ അടുക്കളയിലേക്കാണ് നടന്നത്.

“എന്തിനാടി ചേച്ചി എന്റെ കൊച്ചിന്റെ മുഖം വാടിയിരിക്കുന്നേ.? നീ വല്ലതും ചെയ്‌തോ? ”

സീത അടുക്കളയിൽ ഉണ്ടായിരുന്നു പാർവതിയോട് ചോദിച്ചു.

“അമ്മയൊന്നും ചെയ്തില്ല ചിറ്റേ ”
വീണ്ടും ലല്ലു സീതയെ തോണ്ടി കൊണ്ട് പറഞ്ഞു.

“ചേച്ചി..”

പാർവതി തിരിഞ്ഞു പോലും നോക്കാതെ നിൽക്കുന്നത് കണ്ടിട്ട് സീത വീണ്ടും വിളിച്ചു.

ഒരു മൂളൽ പോലുമില്ല.

അടുപ്പത്തിരിക്കുന്ന എന്തോ ഒന്ന് അലസമായി ഇളക്കി കൊണ്ട് നിൽക്കുന്നു.
മനസ് ഇവിടെങ്ങും അല്ലെന്ന് ആ നിൽപ്പു കാണുമ്പോൾ തന്നെ അറിയാം.

മോളിവിടെയിരിക്ക് ട്ടോ ”
ലല്ലുവിനെ അടുക്കളയിൽ ചുവരിനോട് ചേർത്തിട്ടിരിക്കുന്ന മരത്തിന്റെ ഒരു മേശയിൽ ഇരുത്തി കൊണ്ട് സീത പാർവതിയുടെ അടുത്തെത്തി.

“പാറുവേച്ചി…”

സീത വിളിക്കുമ്പോൾ നിറഞ്ഞ കണ്ണോടെ പാർവതി അവളെ ഒന്ന് നോക്കി.

“എന്താടി ചേച്ചി. എന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നെ?”
സീത വെപ്രാളത്തോടെ ചോദിച്ചു.

“അതീ പുക കൊണ്ടാ സീതേ. നീ പോയി മേല് കഴുകി വാ. ഞാൻ ചായ എടുത്തു വെക്കാം. മുഷിഞ്ഞു വന്നതല്ലേ ”

നിറഞ്ഞ കണ്ണുകൾ അവളിൽ നിന്നും മറക്കാനുള്ള ധൃതിയോടെ പാർവതി തിരിഞ്ഞു നിന്നു.

“അതൊക്കെ ഞാൻ ചെയ്‌തോളാം.നീ ആദ്യം കാര്യം പറ മോളെ.മുത്തശ്ശി വല്ലതും പറഞ്ഞോ നിന്നെ?”

സീതയുടെ മുഖം വലിഞ്ഞു മുറുകി.

“മുത്തശ്ശി പറഞ്ഞതിൽ യാതൊരു തെറ്റുമില്ല സീതേ..”
പാർവതി ഒന്ന് വിതുമ്പി.

“തെറ്റും ശെരിയും അവിടെ നിൽക്കട്ടെ. എന്താ ഇന്നത്തെ പ്രശ്നം. നീ അത് പറ ആദ്യം.”
സീത പാർവതിയെ പിടിച്ച് അവിടെ ഉണ്ടായിരുന്ന പഴകിയ കസേരയിൽ ഇരുത്തി.

“ഒന്നുല്ലെടി. ഇന്ന് ലല്ലു സ്കൂളിൽ നിന്നും വന്നപ്പോ പറഞ്ഞു..”
പാർവതി പാതി പറഞ്ഞു കൊണ്ട് ലല്ലുവിനെ നോക്കി.

ആ കുഞ്ഞു മുഖം ഒന്നൂടെ വാടി പോയിരിക്കുന്നു.
സീത വേഗം ചെന്നിട്ട് ലല്ലുവിനെ എടുത്തു.

“എന്താ ലല്ലു പറഞ്ഞേ?”
സീതയുടെ കണ്ണുകൾ വീണ്ടും പാർവതിക്ക് നേരെ കൂർത്തു.

“അവളുടെ സ്കൂളിൽ എല്ലാ കുട്ടികളും അച്ഛന്റെ കൂടെയാണ് വരാറുള്ളത്. അവൾക്കെന്നാ അങ്ങനെ പോവാനാവുന്നത് എന്ന് ”

പാർവതി കരഞ്ഞു പോയി.

സീതയുടെ മുഖത്തും സങ്കടം നിറഞ്ഞു.

“നിന്നോട് ഞാൻ അപ്പഴേ പറഞ്ഞതല്ലേ സീതേ .. അത്രയും വലിയ സ്കൂളിലൊന്നും ലല്ലുവിനെ ചേർത്തണ്ടന്ന് ”

പാർവതി സീതയെ നോക്കി.

“സ്കൂൾ ആണോ ചേച്ചി പ്രശ്നം.?

സീത പാർവതിയെ നോക്കി ചോദിച്ചു.

“മോളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.”
സീതയുടെ സ്വരം നേർത്തു.

“എന്താ.. എന്താ ഞാൻ ന്റെ മോളോട് പറയേണ്ടത്. ഇനി ഒരിക്കലും വരാൻ കഴിയാത്ത അത്ര ദൂരേക്ക് അവളുടെ അച്ഛൻ ഞങ്ങളിൽ നിന്നും അകന്ന് പോയെന്നോ..?അവളുടെ അച്ഛനിപ്പോ പുതിയൊരു അവകാശിയുണ്ടന്നോ?”

പാർവതി തേങ്ങി കൊണ്ട് ചോദിക്കുമ്പോൾ സീതയുടെ കൈകൾ ലല്ലുവിന്റെ മേൽ മുറുകി.

പുക പിടിച്ച ആ ചുവരിലേക്ക് അവളും തളർന്നു ചാരി.

“എനിക്കതിനു കഴിയോടി.. ഞാൻ അത്ര സ്നേഹിച്ചിട്ടും എന്നെ ഒറ്റക്കാക്കി പോയില്ലേ. മകനെ നേർവഴിക്കു നടത്തിയില്ലെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്നവർക്കിടയിൽ ഞാൻ ഒറ്റക്കായി പോയില്ലേ? എന്റെ മോളെ കൂടി ഗിരീഷേട്ടന്റെ വീട്ടുകാർ വെറുത്തു പോയില്ലേ? ”

പാർവതി കരച്ചിൽ അമർത്താൻ കഴിയാതെ വാ പൊതിഞ്ഞു പിടിച്ചു.

“കരയെല്ലടി ചേച്ചി. നമ്മൾ തളർന്നു പോയ പിന്നെ ലല്ലു മോൾക്ക് ആരാടി ”

സീത ദുർബലമായി പാർവതിയെ ആശ്വാസിപ്പിച്ചു.

“സാരമില്ല.. മോളോട് ഞാൻ പറഞ്ഞു കൊടുക്കാം. എത്ര കാലം നമ്മളവളെ പറ്റിക്കും ചേച്ചി. അവൾക്കെല്ലാം അറിയാവുന്ന പ്രായമായി തുടങ്ങുവല്ലേ ”

സീത പറയുമ്പോൾ പാർവതി അവളെ ഒന്ന് നോക്കി.

“കരഞ്ഞു കൊണ്ടിരുന്ന അതിനെ നേരം കാണൂ. നമ്മളെ പോലെ ലല്ലു ആവരുത്. അതിന് വേണ്ടതെല്ലാം നമ്മൾ ചെയ്തു കൊടുക്കണം. അച്ഛനില്ല എന്നത് തളർന്നിരിക്കാനൊരു കാരണമാക്കാൻ പറ്റുവോ?.എന്റെ മോൾക്ക് രണ്ടമ്മമാരുണ്ട്. തത്കാലം അത് മതി. അമ്മയ്ക്കും കഴിയും മക്കൾക്ക് നന്മ പറഞ്ഞു കൊടുക്കാൻ. നല്ല രീതിയിൽ വളർത്താൻ.”

സീതയുടെ വാക്കുകൾ വല്ലാതെ ഉറച്ചു പോയിരുന്നു.

പാർവതിയുടെ നേർത്ത തേങ്ങൽ അവളിൽ അസ്വസ്ത്ഥത തോന്നിച്ചു.
ആരോടൊക്കെയോ ദേഷ്യം വിറച്ചു കയറുന്നുണ്ട്.
ഒന്നും ഓർക്കാൻ വയ്യ.

ഓർമയുടെ ആദ്യപടിയിൽ വെച്ച് തന്നെ അവൾക്ക് തല കടഞ്ഞു.

“കൊറച്ചു ചായ താടി ചേച്ചി.. എനിക്ക് വിശന്നിട്ടു വയ്യ.”
സീത മുഖം ചുളിച്ചു കൊണ്ട് പറയുമ്പോൾ പാർവതി വേഗം എഴുന്നേറ്റു.. മുഖം തോളിൽ കിടന്ന തോർത്തിൽ തുടച്ചു.

“ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട്. രാവിലെ ഉണ്ടാക്കിയ അടയുണ്ട്. അത് മതിയോ. അതോ ചോറ് വേണോ ”

ഗ്ലാസ്സിലേക്ക് ചായ ഒഴിക്കുന്നതിനിടെ പാർവതി സീതയെ തല ചെരിച്ചു നോക്കി കൊണ്ട് ചോദിച്ചു.

“അട മതി. എനിക്കും എന്റെ ലല്ലുനും . ല്ലേ മോളെ ”
ഒക്കത്തിരുത്തിയ ലല്ലുവിനെ മേശയിൽ ഇരുത്തി,ഒരു കസേരയിൽ സീതയും ഇരുന്നു.

“അജു വന്നില്ലെടി ചേച്ചി ”
അട മുറിച്ചെടുത്ത് ലല്ലുവിന്റെ വായിൽ വെച്ച് കൊടുക്കുന്നതിനിടെ സീത ചോദിച്ചു.

“അവനിന്ന് ഉച്ചക്ക് തന്നെ വന്നു. കോളേജിൽ സമരമാണ് പോലും.വന്നു കയറി അപ്പൊ തന്നെ എങ്ങോട്ടോ ചാടിയിറങ്ങി പോവുകയും ചെയ്തു ”

ചെയ്യുന്ന ജോലിക്കിടെ പാർവതി പറഞ്ഞു.

“ഈയിടെ ആയിട്ട് ഒന്നരാടം കോളേജിൽ സമരം ആണല്ലോ ചേച്ചി? ”

സീത പാർവതിയെ നോക്കി ചോദിച്ചു.

“എനിക്കും അങ്ങനെ തോന്നി. ചെക്കന്റെ പോക്കത്ര ശെരിയല്ലട്ടോ സീതേ ”
പാർവതി ഓർമിപ്പിച്ചു.

സീത പതിയെ ഒന്ന് മൂളി.

“അനക്കമൊന്നും കേൾക്കുന്നില്ലല്ലോ. ഇവിടുത്തെ പുരാവസ്തുക്കൾ ഉറക്കമാണോ?”
സീത ചായ വലിച്ചു കുടിച്ചു കൊണ്ട് എഴുന്നേറ്റു.

“ആവോ.ഞാൻ നോക്കിയില്ല. അച്ഛൻ മിണ്ടാതെ കിടക്കുന്നുണ്ടാവും.നിന്റെ ശബ്ദം കേട്ട പിന്നെ നമ്മടച്ചൻ നല്ലക്കുട്ടിയല്ലേ.മുത്തശ്ശി ഇന്നേരം വരെയും അവിടെ കിടന്നു തൊള്ള കീറുന്നുണ്ടായിരുന്നു.തളർന്നപ്പോൾ ഉറങ്ങി കാണും ”
പാർവതി അലസമായി പറഞ്ഞു.

ചായ കുടിച്ച ഗ്ലാസ്‌ കഴുകി റാക്കിൽ വെച്ച് കൊണ്ട് സീത ലല്ലുവിനെ മേശയിൽ നിന്നും താഴെ ഇറക്കി വെച്ചു.

“മോള് പോയി കളിച്ചോട്ടോ . ചിറ്റ ഒന്ന് കുളിച്ചിട്ട് ഓടി വരാം. എന്നിട്ട് നമ്മൾക്ക് ഒന്നിച്ച് ഹോം വർക് ചെയ്യണം ”

അവളെ പറഞ്ഞു വിട്ടിട്ട് വീണ്ടും സീത ഹാളിലേക്ക് തന്നെ ചെന്നു.

ബാഗ് എടുത്തു കൊണ്ട് അടഞ്ഞു കിടക്കുന്ന അവളുടെ കുഞ്ഞു മുറിയിലേക്ക് കയറി.

ചെറിയൊരു കട്ടിൽ..

നിറം മങ്ങി മുഷിഞ്ഞ ചുവരിൽ കുറുകെ വലിച്ചു കെട്ടിയ ഒരു അയലുണ്ട്.

ചെറിയൊരു അലമാര ചുവരിനെ ചേർത്തിട്ടിരിക്കുന്നു.

കയ്യിലെ വാച് അഴിച്ചു കൊണ്ടവൾ ജനൽ പടിയിൽ വെച്ചു.
പിൻ ചെയ്ത ഷാൾ അഴിച്ചു മാറ്റുന്നതിനിടെ തന്നെ തൊട്ടപ്പുറത്തെ മുറിയിൽ നിന്നും ഉച്ചത്തിലുള്ള ചുമ കേട്ടിരുന്നു.

സീത വേഗം അങ്ങോട്ട്‌ ചെന്നു.

“ഇത്തിരി കൂടി ഈ ചൂടുള്ള വെള്ളം കുടിക്ക് അച്ഛാ. അപ്പൊ ശെരിയാവും. ”

പാർവതി കയ്യിലുള്ള വെള്ളഗ്ലാസ്‌ അച്ഛനെ താങ്ങി പിടിച്ചു എഴുനേൽപ്പിച്ചു കൊണ്ട് ചുണ്ടിൽ മുട്ടിച്ചു.

ശോഷിച്ചു തീർന്ന ആ രൂപത്തെ സീത വാതിൽ പടിയിൽ നിന്നിട്ട് നിസംഗതയോടെ നോക്കി.

“മരുന്ന് തീർന്ന് പോയോടി ചേച്ചി?”

സീതയുടെ ചോദ്യം കേട്ടിട്ട് പാർവതി തല ചെരിച്ചു നോക്കി.

കൂടെ തന്നെ സുധാകരനും.

“അത് തീർന്നിട്ട് രണ്ടൂസം ആയി ”
അച്ഛനെ പതിയെ കിടക്കയിലേക്ക് കിടത്തി കൊണ്ട് പാർവതി പറഞ്ഞു.

“എന്നിട്ടെന്താ.. ഇവിടെ ഉള്ളവരുടെ നാവ് പണയത്തിലായിരുന്നോ? എനിക്ക് ദിവ്യദൃഷ്ടിയൊന്നുമില്ല . എല്ലാം പറയാതെ അറിയാൻ ”
സീതക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു.

സുധാകരൻ ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ടിട്ട് പാർവതിക്ക് നല്ല സങ്കടം വന്നിരുന്നു.

“നിന്റെ കയ്യിൽ ഉണ്ടാവില്ലന്ന് അറിഞ്ഞിട്ട് തന്നെ പറയാഞ്ഞതാ സീതേ. എല്ലാം കൂടി നീ ഒറ്റയ്ക്ക് വലിച്ചിട്ട് നീങ്ങുന്നില്ല. എന്നാ പിന്നെ ഞാൻ കൂടി വല്ല ജോലിക്കും പോവാ ന്ന് പറഞ്ഞാലോ,അത് നീ കേൾക്കുന്നുമില്ല ”

പാർവതി ആ മുറിയുടെ ജനാല ചേർത്തടച്ചു കൊണ്ട് പറഞ്ഞു.

മുറിയിൽ… ലൈറ്റ് ഇട്ട് കൊണ്ട് കട്ടിൽ പടിയിൽ വെച്ച വെള്ളഗ്ലാസും എടുത്തു പാർവതി സീതയുടെ അരികിലെത്തി.

“നീ പോയി കുളിച്ചു പോരെ. മരുന്നൊക്കെ ഇനി നാളെ വാങ്ങിക്കാം ”

പാർവതി സീതയുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ദേഷ്യം കണ്ടിട്ട് അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

“വാടി.. ഇനി ഇവിടെ നിന്ന് വല്ലതും വിളിച്ചു പറഞ്ഞിട്ട് പിന്നെ അതിന്റെ പേരിൽ നേരം വെളുക്കുവോളം ഇരുന്നു പതം പറയാനല്ലേ നിനക്ക്.. പോ പെണ്ണെ. പോയി കുളിച്ചു വാ ”
അവളെ തള്ളി പുറത്തേക്ക് നടക്കുന്നതിനിടെ പാർവതി പറഞ്ഞു.

കാരണം അവൾക്കറിയാം.. സീതയുടെ മനസ്സിൽ, ഇപ്പോഴും കരിയാത്ത ഒരു പച്ച മുറിവുണ്ട്.

അവളെ നീറ്റി നീറ്റി കൊല്ലുന്നൊരു മുറിവ്.

പിന്നൊന്നും പറയാൻ നിൽക്കാതെ സീത വേഗം മുറിയിലേക്ക് പോയി.

മാറി ഇടാനുള്ള ഡ്രസ്സും എടുത്തു കൊണ്ടവൾ പിറകിലെ കുളിമുറിയിലേക്ക് നടന്നു.

തണുത്ത വെള്ളം കോരി ഒഴിച്ചിട്ടു കൂടി അണയാതെ നിൽക്കുന്ന ഹൃദയചൂട്..

അവളോർത്തത് അവളെ തന്നെയാണ്.

ഏറെ കൊതിച്ചിട്ടും.. ആഗ്രഹിച്ചിടത് എത്താതെ പോയ സീത ലക്ഷ്മിയെന്ന അവളുടെ സ്വപ്നങ്ങളെയാണ്.എത്രയൊക്കെ ആഞ്ഞു തുഴഞ്ഞിട്ടും എങ്ങുമെത്താതെ പോകുന്ന അവളുടെ ജീവിതത്തെയാണ്.

സുധാകരനും… ഭാര്യ വിജയമ്മയും. മൂന്ന് മക്കളാണ്.

പാർവതി.. സീത ലക്ഷ്മി.. അർജുൻ.

നരച്ചൊരു പഴംതുണി പോലുള്ള ബാല്യം.

തടിമില്ലിൽ അന്തി ചുവക്കുവോളം എല്ല് മുറിയെ അച്ഛൻ പണിയെടുത്തിരുന്നുവെന്നത് സത്യം തന്നെ.

പക്ഷേ.. ദാരിദ്രത്തിന്റെ മാറാപ്പ് താങ്ങി നിൽക്കുന്ന കുടുംബത്തിലേക്ക് അതിൽ പത്തിലൊന്നു മാത്രം കിട്ടി. അതും അമ്മ കരച്ചിലും പിഴിച്ചിലും ആരംഭിച്ചു കഴിയുമ്പോൾ മാത്രം.

ഓർക്കാൻ.. ഓർക്കുമ്പോൾ മനസ്സ് നിറയ്ക്കാൻ പാകത്തിന് ഒന്നുമില്ല. ഒന്നും.
എന്നിട്ടും കണ്ടിരുന്ന സ്വപ്നങ്ങൾക്ക് മഴവില്ലഴകാണ്.

അച്ഛൻ കൊടുക്കാത്ത സ്നേഹവും പരിഗണനയും.. തുണിതരങ്ങൾ എടുത്തിട്ട് മാസ തവണകളായി അടച്ചു തീർക്കാനുള്ള ബിസിനസുമായി നാട്ടിൽ വന്നു കൂടിയ മുരുകൻ എന്ന തമിഴ്നാട്ടുകാരൻ അമ്മയ്ക്ക് കൊടുത്തു തുടങ്ങിയെന്നും.. അമ്മ അതിൽ പരിപൂർണ സംതൃപ്തയാണെന്നും തിരിച്ചറിഞ്ഞത് അയാൾക്കൊപ്പം അമ്മ ഇറങ്ങി പോയപ്പോഴാണ്.

കള്ള് അകത്തു ചെന്നാൽ മേല് നോവിക്കുന്ന അച്ഛനെ അമ്മ മറന്നോട്ടെ..

നൊന്തുപെറ്റ മക്കളെ അച്ഛനെന്ന കള്ള് കുടിയന് മുന്നിൽ നിഷ്കരുണം വലിച്ചെറിഞ്ഞു കൊണ്ട്… അച്ഛൻ കുടിച്ചു ബോധം പോയി കിടന്ന ഏതോ രാത്രിയിൽ അമ്മ മുരുകണ്ണന്റെ കൂടെ പോയി.

കണ്ണീർ പോലും വരാതെ മരവിച്ചിരിന്ന മൂന്നു മക്കളെ.. അന്ന് അച്ഛനും ഓർത്തില്ല.
ഇങ്ങനെ ഒരു ഭാര്യ തനിക്കില്ലെന്ന് പറഞ്ഞു കൊണ്ട്.. അമ്മയുടേതായ എല്ലാം മുറ്റത്തേക്ക് വലിച്ചിട്ട് തീ കൊളുത്തി.

ഉയരങ്ങളിൽ ആളുന്ന ആ തീയെക്കാൾ ഉള്ള് പൊള്ളിയ നിമിഷം.

നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ അമ്മ പോയതിന് പിറകെ മറ്റൊരു കാരണം കൂടിയായി ഈ കാണിച്ചു കൂട്ടുന്നതൊക്കെ എന്ന് തുറിച്ചു നോക്കുന്ന കണ്ണിലെ അവജ്ഞതകൾ മനസ്സിലാക്കി തന്നു.

പിന്നീട് അങ്ങോട്ട് മുഴു കുടിയൻ ആയി മാറാൻ അച്ഛനൊരു കാരണം കൂടി കിട്ടി.

പാതി ബോധം പോയി വീട്ടിൽ വരുമ്പോൾ ആ കീശയിൽ മിച്ചം വരുന്നത് നുള്ളി പൊറുക്കി അടുത്തുള്ള കടയിലേക്ക് അജുവിനൊപ്പം കയ്യിലുള്ള ടോർച്ചിന്റെ മങ്ങിയ വെട്ടത്തിൽ നടക്കുമ്പോൾ പലപ്പോഴും തളർന്നു വീഴാൻ ആഞ്ഞത് ഉള്ളിലെ വിശപ്പ് കൊണ്ടായിരുന്നു.

അമ്മയ്‌ക്കൊപ്പം അച്ഛനോട്‌ കൂടി ദേഷ്യം തോന്നി തുടങ്ങിയെന്നു മനസ്സിലായി.വെറുപ്പ് നിറഞ്ഞു തുടങ്ങി.

അതൊന്നും പക്ഷേ തിരിച്ചറിയാൻ പാകത്തിനുള്ള കോലത്തിൽ അച്ഛൻ വീട്ടിൽ വരാറുമില്ല.

നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനുള്ള മൂന്നാലു നികൃഷ്ട ജീവികൾ.
ബന്ധുകൾക്ക് കൂടി ഇരിക്കുമ്പോൾ ചർച്ചക്കെടുക്കാൻ പാകത്തിന് ജീവിക്കുന്ന നാല് ശവങ്ങൾ..

“സീതേ…”
വാതിലിൽ തട്ടി കൊണ്ടുള്ള ചേച്ചിയുടെ വിളിയാണ് ഓർമകളിൽ നിന്നും വലിച്ചു താഴെ ഇട്ടത്.

“കഴിഞ്ഞില്ലെടി പെണ്ണെ. നേരം എത്രയായി നീ അതിനകത്തു കയറി കൂടിയിട്ട്. ഈ മോന്തിക്ക് ഉള്ള വെള്ളം മുഴുവനും തലയിൽ കോരി ഒഴിച്ചിട്ട് നീറിറക്കം പിടിക്കട്ടെ നിനക്ക്. ഇങ്ങ് ഇറങ്ങിക്കേ നീ ”

പുറത്ത് നിന്നും പാർവതിയുടെ ഓർമപ്പെടുത്തൽ.

തണുത്തു വിറക്കുന്ന ദേഹത്ത് സ്നേഹത്തിന്റെ ചൂട് കൊള്ളും പോലെ.

സീതേ.”. അകത്തു നിന്നും മറുപടി ഇല്ലാഞ്ഞിട്ടാണ്.

വീണ്ടും ആകുലതയോടെയുള്ള ആ വിളി വീണ്ടും.

“ആഹ്.. വരുന്നെടി ചേച്ചി. കഴിഞ്ഞു ”

വാക്കുകൾ തണുപ്പേറ്റ് വിറച്ചു പോയിരുന്നു.
അവളെ പോലെ!

തുടരും..

“നീ എന്താ സീതേ കരഞ്ഞോ? ”

അലക്കി എടുത്ത ഡ്രസ്സ്‌ അയലിൽ വിരിക്കുന്ന സീത,പാർവതിയുടെ ചോദ്യം കേട്ട് നോക്കി കണ്ണുരുട്ടി.

“കണ്ണൊക്കെ നല്ല പോലെ ചുവന്നു. അത് കൊണ്ട് ചോദിച്ചു പോയതാ എന്റെ പൊന്നോ ”
സീതയുടെ നോട്ടം കണ്ടപ്പോൾ പാർവതി ചിരിച്ചു കൊണ്ട് പറഞ്ഞു.

സീത പിന്നൊന്നും പറയാതെ മുടി ഒന്നൂടെ കൈ കൊണ്ട് കോതി ഒതുക്കി.. കയ്യിലുള്ള തോർത്തിൽ പൊതിഞ്ഞു കെട്ടി.

“എനിക്കറിയാം. എന്റെ സീത ലക്ഷ്മി സ്ട്രോങ്ങ്‌ ആണെന്ന് ”
പാർവതി അവളുടെ കവിളിൽ നുള്ളി.

“അത് നീ വളർത്തിയതിന്റെ ഗുണമാണെടി ചേച്ചി ”

സീതയും പറഞ്ഞു.
പാർവതി മനസ്സ് നിറഞ്ഞു ചിരിച്ചു.
സീത പറഞ്ഞത് ശെരിയാണ്.
അമ്മ,അമ്മയുടെ സുഖവും സന്തോഷവും തേടി പോയി.
അച്ഛൻ അച്ഛന്റെ സന്തോഷം മാത്രം നോക്കി ജീവിക്കുന്നു.

അങ്ങനെയുള്ളപ്പോൾ താഴെയുള്ള അനിയത്തിക്കും അനിയനും പാർവതി ആരും പറയാതെ തന്നെ അമ്മയും കൂടി ആവുകയായിരുന്നു.
പതിനാല് വയസ്സിന്റെ പക്വത മാത്രമുള്ളൊരു അമ്മ.!

“പോയി വിളക് വെക്കാൻ നോക്ക്. ലല്ലു അവിടെ കിടന്നു നിലവിളി തുടങ്ങി ”
പിന്നേയും അവിടെ നിന്നാൽ കരഞ്ഞു പോകുമോ എന്നൊരു പേടി ഉള്ളത് കൊണ്ടായിരിക്കും.. പാർവതി ധൃതിയിൽ
കുളിക്കാൻ വേണ്ടി കയറുന്നതിനിടെ പറഞ്ഞു.

“അജു വന്നില്ലേ ഇനിം ”
അകത്തേക്ക് കയറുന്നതിനു മുന്നേ സീത ചോദിച്ചു.

“ഇല്ല ”
പാർവതി മറുപടി പറയുമ്പോൾ ഒന്നമർത്തി മൂളി കൊണ്ട് സീത അകത്തു കയറി.

❣️❣️❣️❣️

പതിവുപോലെ, പാർവതി തന്നെയാണ് സുധാകരനും മുത്തശ്ശിക്കും ഉള്ള ഭക്ഷണം കൊണ്ട് കൊടുത്തത്.

കാലം ഏറെ കഴിഞ്ഞു പോയി ജീവിതത്തിൽലെ നിറം കെട്ട് പോയിട്ട്. പക്ഷേ ഇപ്പോഴും സീതയ്ക്ക് അച്ഛനോട് ദേഷ്യമാണ്.

തീരാത്ത ദേഷ്യം!

കള്ള് കുടിച്ച് പ്രായം ആവുന്നതിനു മുന്നേ സുധാകരൻ വീണു പോയിരുന്നു.ഒന്നെഴുന്നേൽക്കാൻ കൂടി കഴിയാത്ത അച്ഛനോട് ദേഷ്യം കാണിച്ചിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് നന്നായി അറിയാമായിരുന്നിട്ടും ഇന്നും അച്ഛനോട് പൊറുക്കാൻ സീതക്ക് കഴിഞ്ഞിട്ടില്ല.

അച്ഛന്റെ പിടിപ്പുകേട് കൊണ്ട് മാത്രമായിരിക്കും.. ഈ കോലത്തിൽ താങ്ങളുടെ ജീവിതം നിറംകെട്ട് പോയതെന്ന് അവൾക്കുള്ളിൽ നിന്നാരോ നിരന്തരം ഓർമപെടുത്തി.

അതവളെ കൂടുതൽ ചൊടിപ്പിച്ചു.

യഥാർത്ഥ സ്നേഹം കൊടുക്കുന്ന,പരിഗണന കൊടുക്കുന്ന.. സ്വന്തം പുരുഷനെ മറന്നിട്ട് ഒരു സ്ത്രീയും വേറൊരു കൂട്ട് തേടില്ല.മനസ്സ് കൊണ്ട് പോലും മറ്റൊരാളെ മോഹിക്കില്ല.

അമ്മ ചെയ്ത നെറികേടിനെ ന്യായികരിക്കുന്നതല്ല.

ആ നെറികെട്ട തീരുമാനം എടുക്കുന്നതിനു പിന്നിൽ അച്ഛന്റെ പങ്ക് വളരെ വലുതായിരിക്കും എന്നോർമിച്ചതാണ്.

അച്ഛൻ എന്നും അമ്മയ്ക്ക് സങ്കടങ്ങൾ മാത്രം കൊടുത്തു.
ഇത്തിരി സ്നേഹം കൊതിക്കാത്തത് ആരാണ്?

അതെവിടെ നിന്നും കിട്ടുന്നോ.. ആര് കൊടുക്കുന്നോ എന്നൊന്നും ചിന്തിക്കാനുള്ള വിവേകം അമ്മയ്ക്കും ഉണ്ടായില്ല.

ഉള്ളിലെ ദേഷ്യം സീത കഴുകി കൊണ്ടിരിക്കുന്ന പാത്രത്തിൽ തീർത്തു.
അതല്ലെങ്കിലും അങ്ങനെയാണ്.

മനസ്സൊരു കല്ല് പോലായി.

അനുഭവങ്ങൾ കൊണ്ട് ഉറച്ചു പോയൊരു കരിങ്കല്ല്!.

അതിനി അടിച്ചുടക്കാൻ അത്ര എളുപ്പമല്ല.

അവൾക്ക് എല്ലാവരോടും,എല്ലാത്തിനോടും ദേഷ്യം തോന്നി.

“അമ്മമ്മയ്ക്ക് നല്ല സുഖമില്ലെന്ന് തോന്നുന്നു.”
കഴിച്ചു തീർത്ത പത്രങ്ങളും കൊണ്ട് വന്ന പാർവതി പറയുമ്പോൾ സീത തിരിഞ്ഞു നോക്കി.

“അതെനിക്കും തോന്നി.ഇല്ലെങ്കിൽ എന്നെ എന്തെങ്കിലും പറഞ്ഞു ചൊറിയാതെ കിടന്നുറങ്ങില്ലല്ലോ . പരട്ട തള്ള ”
സീത പല്ല് കടിച്ചു.

പാർവതിക്ക് ചിരി വന്നു അവളുടെ ഭാവം കണ്ടിട്ട്.

വീണ്ടും പാത്രത്തിനോടാണ് കലിപ്പ് മുഴുവനും തീർക്കുന്നത്.

ഒരുമാതിരിപെട്ട പെണ്ണുങ്ങളുടെ സ്ഥിരം അടവ്.
അതാവുമ്പോൾ തിരിച്ചൊന്നും പറയുകയുമില്ല.നമ്മൾ അൽപ്പം കലിപ്പിലാണന്ന് വീട് മൊത്തം അറിയിക്കാനും പറ്റും.

എന്തൊരു ബുദ്ധിയല്ലേ..?

അല്ല. ഒരു കണക്കിന് സീതയെ തെറ്റ് പറയാനും പറ്റില്ല.
കുഞ്ഞിലേ യാതൊരു ദയവും തോന്നാതെ ഇട്ടിട്ട് പോയ അമ്മയുടെ അമ്മയാണ്.

അമ്മയുടെ കൂടപ്പിറപ്പായ സുനിൽമാമയും അങ്ങേരുടെ ഭാര്യ രമ്യയും കൂടി ഒരു പാഴ് വസ്തു കളയുന്ന ലാഘവത്തോടെ ഏതോ അനാഥമന്ദിരത്തിൽ ഉപേക്ഷിച്ചു പോയപ്പോൾ.. അവിടെ വെച്ച് നിന്റെ അമ്മമ്മയെ കണ്ടെന്ന് സീതയുടെ ഏതോ സുഹൃത്ത് പറഞ്ഞറിഞ്ഞു പോയി കൂട്ടി കൊണ്ട് വന്നവളാണ്.

ഇന്നിപ്പോൾ കിടന്ന കിടപ്പിൽ അവളെ പ്രാകും. പാതി ജീവനോടെ കിടക്കുന്ന അച്ഛന്റെ പിടിപ്പുകേടിനെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് അവളുടെ മനസ്സിനെ പൊള്ളിച്ചു കൊണ്ടേയിരിക്കും.

അവളൊരുത്തി കൊണ്ട് വരുന്നത് കൊണ്ടാണ് അടുപ്പ് പുകയുന്നയത്‌.

മൂന്ന് നേരം വല്ലതും വെച്ചുണ്ടാക്കി കഴിക്കുന്നത്.

എന്ന് വേണ്ട.. അവരുടെ മരുന്നുകൾ അടക്കം മുടങ്ങാതെ എത്തിക്കുന്നവൾക്ക് അവരുടെ കണ്ണിൽ നൂറു കുറ്റങ്ങളാണ്.

“ഇത് കഴിഞ്ഞു. സ്വപ്നം കണ്ടു കഴിഞ്ഞെങ്കിൽ വാ. ഇനി കിടന്നു കാണാം. ഇഷ്ടം പോലെ ഉണ്ടല്ലോ കണ്ടു സന്തോഷിക്കാൻ ”
കലിപ്പ് മാറത്തത് കൊണ്ട് തന്നെ സീത അൽപ്പം കനത്തിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.

ഉമ്മറവാതിൽ അടക്കും മുൻപ് ഒരിക്കൽ കൂടി റോഡിലേക്ക് എത്തി നോക്കി.
ഈ ചെക്കൻ എവിടെ പോയോ ആവോ.?

അവന്റെ ചില രീതികൾ ഇപ്പൊ വല്ലാതെ ആകുല പെടുത്തുന്നുണ്ട്.
കോളേജിലെ കുട്ടി സഖാവിന് ഇത്തിരി നാക്കും ചീർക്കലും കൂടിയിട്ടുണ്ട് എന്നത് തോന്നലല്ല.

എത്രത്തോളം കഷ്ടപെട്ടിട്ടാണ് ഫീസ് തന്നെ അവന് ഒപ്പിച്ചു കൊടുക്കുന്നത്.

അതിന് പുറമെയുള്ള അവന്റെ പിരിവ് ഈയിടെയായി വല്ലാതെ കൂടുന്നുണ്ട്.
അതൊന്ന് സൂചിപ്പിച്ചു കൊടുത്തിട്ടുണ്ട്.

വീടിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായിട്ടും അവന്റെ പഠിപ്പ് മുടങ്ങരുത് എന്ന് കരുതിയാണ് പാർട്ട് ടൈം ജോലിക് പോലും പോവാൻ പറയാത്തത്.
അവനൊന്നും കണ്ടറിഞ്ഞു ചെയ്യാറുമില്ല.

താൻ ഒരുത്തി കിടന്നു ചക്രശ്വാസം വലിക്കുന്നത് അവനറിയാത്തതൊന്നുമല്ലല്ലോ.?

അവനിലാണ് പ്രതീക്ഷ മുഴുവനും.!

ഒരു നെടുവീർപ്പോടെ സീത വാതിൽ അടച്ചിട്ട് ലൈറ്റ് ഓഫ് ചെയ്തു.

അച്ഛന്റെ മുറിയിലേക്ക് വെറുതെ ഒന്ന് എത്തി നോക്കി.
പ്രതീക്ഷിച്ചത് പോലെ തന്നെ.

മച്ചിലേക്ക് കണ്ണും നട്ട് കിടപ്പുണ്ട്.

എന്തായിരിക്കും ആ മനസ്സിലെ ചിന്ത?
കുറ്റബോധം ആയിരിക്കുമോ?

കുറച്ചു കൂടി സ്നേഹവും പരിഗണനയും കുടുംബത്തിന് കൊടുക്കാമായിരുന്നു എന്നാവുമോ?

എന്നത്തേയും പോലെ ആ കിടപ്പ് കണ്ടപ്പോ സീതയുടെ മനസ്സിലേക്ക് ആദ്യം ഓടി വന്നത് അത് തന്നെ ആയിരുന്നു.

കൂടുതൽ ആലോചിച്ചു നിന്നാൽ ഇന്നത്തെ ഉറക്കം ആ ആലോചന കൊണ്ട് പോവും എന്ന് മുൻപുള്ള അനുഭവങ്ങൾ ധാരാളം ഉള്ളത് കൊണ്ട് തന്നെ ലൈറ്റ് ഓഫ് ചെയ്തു കൊണ്ടവൾ മുറിയിലേക്ക് നടന്നു.

ലല്ലു ഉറക്കം പിടിച്ചു തുടങ്ങിയിരിക്കുന്നു.

പാർവതി കിടക്കാനുള്ള തയ്യാറെടുപ്പിലാണ്.

സീത അവൾക്ക് കിടക്കാനുള്ള പായ കട്ടിലിനടിയിൽ നിന്നും വലിച്ചു നിവർത്തി.

ആകെയുള്ള മൂന്നു റൂമിൽ ഒന്നിൽ അച്ഛനും ഒന്നിൽ അമ്മമ്മയും സ്ഥിരതപെടുത്തിയപ്പോൾ പിന്നെയുള്ള ആ കുഞ്ഞു റൂമിൽ അവർ മൂന്നു പേരും ചുരുണ്ടു കൂടേണ്ട ഗതികേട്.

അജുവിന്റെ കാര്യം ഇതിലും കഷ്ടമാണ്.
ഹാളിലെ ഒഴിഞ്ഞ മൂലയാണ് അവന്റെ ബെഡ്റൂം.

അതിനെ ചെല്ലി ഈയിടെ ചില പരാമർശങ്ങൾ പൊങ്ങി കേൾക്കുന്നുണ്ട്.
അന്നന്നത്തെ കാര്യങ്ങൾ നടന്നു പോവാൻ ദീർഘശ്വാസം വലിക്കുമ്പോൾ.. പിന്നെങ്ങനെ പുതിയൊരു റൂം പണിയും..

സീതക്ക് ചിരി വന്നു. അതാലോചിച്ചു കിടന്നപ്പോൾ.

“അജു ഇനിം വന്നില്ലെടി ചേച്ചി ”

ലൈറ്റ് കൈ എത്തിച്ചു ഓഫ് ചെയ്തു കൊണ്ട് പാർവതി കിടന്നു.

“അവനിങ്ങു വന്നോളും. കൊച്ചു കുട്ടി ഒന്നുമല്ലല്ലോ? ”
ആ സ്വരത്തിലും അമർഷം.

അതേ. കൊച്ചു കുട്ടിയല്ല. അത് തന്നെയാണ് പേടിയും..

സീത കണ്ണുകൾ ഇറുക്കെ പൂട്ടി ഉറക്കത്തെ പ്രതീക്ഷിച്ചു കിടന്നു.

“എടീ സീതേ.നാളെ കുറച്ചു കൂടി നേരത്തെ വരാൻ നോക്ക്. ഞങ്ങൾക്ക് ഒരു ഫങ്ക്ഷൻ ഉണ്ട് ”

കാതിൽ ഒരു ആക്ഞ്ഞസ്വരം മുഴങ്ങി..

ശ്രീനിലയത്തിലെ ഭാമ കൊച്ചമ്മയാണ്.

ആ ഓർമയിൽ പോലും സീതയുടെ ചുണ്ടുകൾ പുച്ഛത്തോടെ കോടി പോയി.

ശ്രീ നിലയത്തിൽ.. നാരായണിയമ്മയുടെ കാര്യങ്ങൾ നോക്കുന്ന ജോലിയാണ് സീതയ്ക്ക്.

അവർക്കുള്ള ഭക്ഷണം എടുത്തു കൊടുക്കുക.വല്ലപ്പോഴും ആ വലിയ വീടിന്റെ ഉമ്മറത്തോളം ആ കൈ മുറുകെ പിടിച്ചൊന്ന് കൊണ്ട് വരിക.

അവിടെ ഉള്ളവരുടെ കണ്ണിൽ അത് വേലകാരി തസ്തികയിലേക്ക് കൂടിയുള്ള നിയമനമാണ്.

എല്ലാവർക്കും അല്ല.. കൃമികടി കുറച്ചു കൂടുതലുള്ളവരുണ്ട് അവിടെ.
പണത്തിൽ മാത്രം ശ്രദ്ധിച്ചു ജീവിക്കുന്നവർ.അവർക്ക് മാത്രം സീത വേലക്കാരിയാണ്.

“ഞാൻ നാരായണി അമ്മയുടെ ഹോം നേഴ്സ് ആണ്. അല്ലാതെ ഇവിടെ നിങ്ങളുടെ വേലകാരിയല്ലെന്ന് ‘മുഖത്തു നോക്കി പറഞ്ഞതിന്റെ ചൊരുക്ക്,ഇപ്പോഴും കൊണ്ട് നടക്കുന്നവർ.

തരം കിട്ടിയാൽ ആ വേലക്കാരി പോസ്റ്റിലേക്ക് തന്നെ തരംതാഴ്ത്താൻ നോമ്പ് നോറ്റു നടക്കുന്ന ചിലർ.

നാരായണിയമ്മ ഒരു പാവമാണ്.
പറയത്തക്ക അസുഖങ്ങൾ ഒന്നുമില്ല.
ഒറ്റപെട്ടു പോയതിന്റെ ചെറിയൊരു പരിഭവം പോലുള്ള ചില കുഞ്ഞു കുഞ്ഞു അസുഖങ്ങൾ മാത്രം.
ഒരുകാലത്തു ശ്രീ നിലയത്തിലെ വിളക്കായിരുന്നവർ..

ഇന്നിപ്പോൾ വെളിച്ചം അന്വേഷിച്ചു നടക്കുന്നു.

വല്ല്യ പണിയൊന്നും അവിടില്ല.

ഇല്ലാഞ്ഞിട്ടല്ല. അതൊന്നും നീ ചെയ്യേണ്ടതില്ലെന്ന് നാരായണി അമ്മയും.. ഞാൻ അതൊന്നും ചെയ്യില്ലെന്നുള്ള സീതയുടെ വാശിയും ഉറപ്പും.

പിന്നെ നാരായണിയമ്മ മനസ്സറിഞ്ഞു തരുന്ന ശമ്പളം അൽപ്പം കൂടുതൽ ആണെന്നുള്ള കണ്ടെത്തൽ വേറെ.

അതവടെയുള്ള കൊച്ചമ്മമാർക്ക് സഹിക്കാവുന്നതിലും അധികമാണ്.
അവരെ അതിഷേപിക്കുന്നതിന് തുല്യമാണെന്ന്.

അതിലേക്കൊന്നും പോയി ഇടപെടാൻ നിൽക്കാറില്ല.

ചെയ്യുന്ന ജോലി.. അത് നല്ല വെടിപ്പായി ചെയിതിട്ടു പോരും.

നാരായണിയമ്മയെ മുത്തശ്ശി എന്ന് വിളിച്ചു കൊണ്ട് അവരുടെ ഭക്ഷണം എടുത്തു കൊടുക്കാനും മരുന്നെടുത്തു കൊടുക്കനും.. പിന്നെ അവരുടെ കേൾക്കാൻ രസമുള്ള ഒത്തിരി കഥകൾക്ക്.. അനുഭവങ്ങൾക്ക്..കാതോർത്തിരിക്കാനും നല്ല രസമാണ്.

“വല്ല്യ കൊമ്പത്തെ ആളാണെന്നാ വിചാരം.. അത് കൊണ്ട് തന്നെയാവും. ശ്രീ നിലയത്തിലെ കൊച്ചുമോന്റെ കിടപ്പ് മുറിയിൽ വരെയും എത്തിയത് ”

വീണ്ടും കാതിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെ ആരുടെയോ തുള്ളി വിറയൽ.

കഴുത്തിൽ,നെഞ്ചിൽ അമർന്നു കിടന്ന ആ മാല തീ പോലെ പൊള്ളിച്ചവളെ, ആ ഓർമയിൽ

അപ്പോഴും അത് കെട്ടിയ ആളുടെ കയ്യിന്റെ ചൂട് കഴുത്തിൽ ഇഴയുന്നുണ്ട്.

സീത കണ്ണുകൾ അടച്ചു.. ഇറുക്കിയിറുക്കി.

“ഞാൻ കാരണം ആരുടേയും ജീവിതം തകരാൻ പാടില്ല ”
കാതിൽ അവന്റെ മുഴക്കമുള്ള സ്വരം..

സ്വന്തം കഴുത്തിൽ കിടന്ന മാലയൂരി അണിയിച്ചു.നാളും മുഹൂർത്തവും ആരവങ്ങളും ഒന്നുമില്ലാതെ.

“എന്താണ് കുറച്ചു സമയം കൊണ്ട് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്ന് എനിക്കറിയില്ല. അതെന്താണെന്ന് ഞാൻ അറിയും വരെയും ഇവൾ.. ഈ സീത ലക്ഷ്മി.. ശ്രീനിലയത്തിലെ കിരൺ വർമ്മയുടെ പെണ്ണാണ് ”

ആ അകത്തളം മുഴുവനും മുഴങ്ങി കേട്ട അവന്റെ സ്വരം.

അതേ.. അവൻ പറഞ്ഞത് പോലെ എന്താണ് സംഭവിച്ചത് എന്നറിയില്ല.

അമ്മയ്ക്ക് ഒട്ടും വയ്യ.. നീ ഇന്ന് പോവണ്ട എന്ന് “ആ അമ്മയുടെ തന്നെ മൂത്ത മകൻ രവിവർമ്മ നിർബന്ധിച്ചു പറഞ്ഞു. അത് ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. നാരായണിയമ്മയ്ക്ക് ഇടക് പ്രഷർ വല്ലാതെ കൂടും.
ഒറ്റ രാത്രി പോലും അമ്മയ്ക്ക് കൂട്ടിരിക്കാൻ മക്കൾക്ക് വയ്യാത്തതിനാൽ അന്ന് തനിക്കവിടെ നിൽക്കേണ്ടിയും വരും.
രവി പറഞ്ഞത് അതിന്റെ കോറസ് പാടി ആ കുടുംബത്തിന്റെ ഒട്ടുമിക്ക പേരുടെയും ശബ്ദം ഉയർന്നു.

എല്ലാം.. എല്ലാം വളരെ വ്യക്തമായൊരു പ്ലാനിങ് പോലെ മനസ്സിലേക്ക് ഓടിയെത്തി.

ഒറ്റ രാത്രി കൊണ്ട് തന്നിലുള്ള പൂർണ അവകാശം എഴുതി വാങ്ങും പോലെ.. സ്വന്തം കഴുത്തിൽ കിടന്ന മാലയൂരി തനിക്കൊപ്പം ഒരു മുറിയിൽ നിന്നും പിടിക്കപ്പെട്ട് ഇറങ്ങി വന്നവൾക്ക് സംരക്ഷണം കൊടുത്തവൻ.. അവന്റെയാ തീരുമാനം അവരാരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചുറ്റും കൂടിയ ചോര വറ്റിയ ആ മുഖങ്ങൾ ഒക്കെയും ഉറക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.

കിരൺ വർമ്മയെന്ന് സ്വയം പറഞ്ഞവനെ സീത ഒന്ന് നോക്കി.

അന്നാദ്യമായി കാണുന്ന ഒരുവൻ. അവിടെ ജോലിക്ക് കയറിയിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും അത് വരെയും കാണാത്ത ഒരുവൻ.

തന്നെ ചേർത്ത് പിടിച്ച അവന്റെ കയ്യിലേക്ക് വെറുതെ ഒന്നൂടെ സീതയുടെ മിഴികൾ പാഞ്ഞു.

എന്റേതെന്നുള്ള അവകാശത്തിന്റെ ഉറപ്പുണ്ടോ അതിന്.?

ആ മുഖം പക്ഷേ കുഞ്ഞൊരു ചിരിയുടെ ശാന്തതയിലാണ്.

അവന്റെ മുഖം കാണാൻ സീതയ്ക്ക് നന്നായി മുഖം ഉയർത്തി നോക്കേണ്ടി വരും.

അവളെക്കാൾ നല്ല ഉയരത്തിൽ അവന്റെ നെഞ്ചോപ്പം വരെയേ അവൾക്കെത്താൻ സാധിച്ചൊള്ളു.

ആകെയൊരു മന്ദതയിലായിരുന്നു അവളപ്പോൾ.. ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിയുന്നില്ല.

ചതിയുടെ ഒരു കെട്ട മണമുണ്ട് കൂടി നിൽക്കുന്നവരിൽ ഏറെ പേർക്കും.
പക്ഷേ അഷ്ടിക്ക് വകയില്ലാത്ത സീത ലക്ഷ്മിയെ ഇത്‌ പോലൊരു കെണിയിൽ വീഴ്ത്തിയിട്ട്.. സ്വന്തം കുടുംബത്തിലെ ഒരുവൻ കൂടി അതിൽ ഉൾപെടുമ്പോൾ.. പിന്നെന്താവും ഇവർക്കിത് കൊണ്ടുള്ള നേട്ടം.?
സീത എത്ര ആലോചിച്ചു നോക്കിയിട്ടും ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ ചെവിയിൽ അസ്വസ്ത്ഥതയുടെ കടന്നൽ കൂട്ടം പോലെ മൂളി പറന്നു..

കണ്ണാ..
നാരായണി മുത്തശ്ശി ഉറക്കെ… വിളിക്കുമ്പോൾ സീത ഞെട്ടി കൊണ്ട് ചേർത്ത് പിടിച്ചവനെ വീണ്ടും തല ഉയർത്തി നോക്കി..
ആ മുഖം നിറഞ്ഞ ചിരിക്കപ്പോൾ ഏറെ ഭംഗിയുണ്ടായിരുന്നു
ഇടയ്ക്കിടെ നാരായണി മുത്തശ്ശി വാത്സല്യത്തോടെ… സ്നേഹത്തോടെ പറയുന്ന മുത്തശ്ശിയുടെ കണ്ണൻ. അതിവനാണോ.?

സീതയ്ക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.

ഇനി മുത്തശ്ശിയോട് എന്ത് പറയും?എന്ത് പറഞ്ഞാൽ വിശ്വസിക്കും?

മുത്തശ്ശിയുടെ കൊച്ചു മോനെ കൂടി വഴി പിഴപ്പിച്ചു എന്നുള്ള ദേഷ്യം കാണുമോ?

അത്രയും സ്നേഹമാണ് ഈ മനുഷ്യനോട്‌ അവർക്ക്.

അത് അനേകം തവണ അനുഭവങ്ങൾ കൊണ്ട് സാക്ഷ്യപെടുത്തിയതാണ്.

സീത നിന്ന് വിയർത്തു തുടങ്ങി..

തുടരും..