രചന – ശ്രീതു ശ്രീ
ജോണിയൊന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അവളും അവന് പിന്നാലെ മുറ്റത്തേക്കിറങ്ങി…. അവന്റെ വലത്തെ കയ്യിൽ ചുറ്റിപ്പിടിച്ചുകൊണ്ടവൾ അവനോട് ചോദിച്ചു….. “ഇച്ചായൻ എന്നതാ കുറച്ചു മുൻപ് പറഞ്ഞത്..? “അതോ…ഞാൻ വെറുതെ….” അവൻ ചിരിയോടെ പറഞ്ഞു…. “എന്നാത്തിനാ ഇച്ചായാ ഇതൊക്കെ…?നിർത്തിക്കൂടെ..? മ്മ്… നിർത്തണം….. അങ്ങനല്ല…. നിർത്തിയെന്ന് പറ…. എനിക്കത് കേൾക്കാനാ ഇഷ്ടം….. ഓഹോ…. പിന്നെ എന്തൊക്കെ കേൾക്കാൻ ഇഷ്ടം… അങ്ങനെ ചോദിച്ചാൽ പെട്ടെന്ന് ഞാൻ എന്താ ഇപ്പോൾ പറയാ…. എന്തേലും പറയന്നെ… അവൾ ചുറ്റി പിടിച്ചിരുന്ന കൈ അവൻ വിടുവിച്ചു…. എന്തുപറ്റിയെന്ന് അവൾചിന്തിക്കു മുൻപേ അവന്റെ ആ കൈ അവളുടെ തോളിലൂടെ മുന്നിലേക്ക് വീണു….. അവൻ മുന്നിലേക്ക് ചുവടുകൾ വച്ചു… യാന്ത്രികം എന്നോണം അവനൊപ്പം അവളും ചുവടുകൾ വച്ചു…. നേഹയെ ജോണി തന്റെ ദേഹത്തോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു….
അങ്ങനെയൊരു പ്രവർത്തിയും അവൾ ജോണിയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല… അതുകൊണ്ടുതന്നെ ആ മനസ്സിൽ പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും മഴവില്ലുകൾ വിരിഞ്ഞു….. രാക്കാറ്റിന്റെ കൈകളിൽ കുറുകി ഇരിക്കുന്ന മഞ്ഞുതുള്ളിയെ പോലെ അവൾ മന്ദഹസിച്ചു…. അവന്റെ കൈ തോളിൽ നിന്നൂർന്നിറങ്ങി ഇടുപ്പിന് മേലേയെത്തി…. അവളെ തന്നിലേക്ക് ചേർത്തു നിർത്തുമ്പോൾ അവനിലും ഇതുവരെ ഇല്ലാത്ത വികാരങ്ങൾ കൺ തുറന്നിരിക്കണം….. രണ്ടുപേരും മൗനത്താൽ തങ്ങൾക്ക് ചുറ്റും ഒരു വലയം തീർത്തിരുന്നു….. അത് ഭേദിച്ച് പുറത്തേക്ക് ഇറങ്ങാൻ ഇരുവരിലും മടിയുണ്ടായിരുന്നു……. പക്ഷേ അതൊക്കെ ചേർത്ത് പിടിക്കലിൽ അലിഞ്ഞില്ലാതാകാൻ തുടങ്ങിയിരുന്നു…. ” വല്ലാത്ത തണുപ്പുണ്ട് അല്ലേ….? ജോണി അവളോട് ചോദിച്ചു… അവൾ ഒന്നു മൂളുക മാത്രം ചെയ്തു… ” കുറച്ചു മുൻപ് നല്ല നാക്കായിരുന്നല്ലോ…. ഇത്ര പെട്ടെന്ന് അതിന്റെ ഗ്യാസ് തീർന്നോ…? അവൻ തമാശയായി ചോദിച്ചു…
“എന്റെ നാക്കല്ലേ ഇതിന്റെ ഗ്യാസ് അത്ര പെട്ടെന്നൊന്നും തീരില്ല….. ഇപ്പോൾ തന്റെ കൂടെ നിൽക്കുമ്പോൾ… താൻ എന്റെ കുഞ്ഞിനെയും വീട്ടുകാരെയും ഒക്കെ സ്നേഹിക്കുന്നത് കാണുമ്പോൾ മനസ്സിന് എന്തൊരു ആശ്വാസം ആണെന്ന് അറിയാമോ….? എനിക്ക് ഒരിക്കലും നിന്നെ സ്നേഹിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല….. പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നത് നീ ഇല്ലാത്ത ഒരു സ്വപ്നം പോലും എനിക്കിപ്പോൾ ഇല്ലെന്നാണ്……” അവൻ പറയുന്നതൊക്കെ കേട്ടപ്പോൾ എന്തു പറയണമെന്ന് അറിയാതെ നേഹ നിന്നു… ഇരുവരും നടന്നു നടന്നു കിണറിന് സമീപം എത്തി… ജോണി അവളെ വിട്ടിട്ട് കിണറിന്റെ അരഭിത്തിയിൽ കയറി ജോണി ഇരുന്നു…. ഇരുന്നു കഴിഞ്ഞപ്പോൾ അവളെയും ക്ഷണിക്കാൻ അവൻ മറന്നില്ല…. ചെറുചിരിയോടെ അവളും അവന്റെ സമീപത്തായി ചെന്നിരുന്നു…. ഇരുവരും കൈകളാൽ ചേർത്തുപിടിക്കാൻ മറന്നില്ല….
മനസ്സിന്റെ ഏതൊക്കെയോ കോണുകളിൽ പോയി ഒളിച്ച പ്രണയം ഇരുവരിലും വീണ്ടും തളിർക്കുവാൻ തുടങ്ങുകയായി….. പരസ്പരം ഒത്തിരി ഒന്നും സംസാരിക്കാൻ അവർക്ക് ഇല്ലായിരുന്നു…. പക്ഷേ ഹൃദയങ്ങൾ തമ്മിൽ മൗനമായി ഒരുപാട് ഒരുപാട് കാര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു…… അതിൽ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ദുഃഖങ്ങളും സന്തോഷങ്ങളും ഉണ്ടായിരുന്നു….. “ഓയ്…… നക്ഷത്രങ്ങൾ ഒക്കെ നാളെയും ആകാശത്ത് കാണും…. ഇന്നെണ്ണി കഴിഞ്ഞത് മതി ഇങ്ങ് പോര്…” ജിനുവിന്റെ ശബ്ദം കാതിലെത്തിയതും ഇരുവരും ഞെട്ടി ഉണർന്നു… എത്രനേരം അങ്ങനെ ഇരുന്നുവെന്ന് ഇരുവർക്കും അറിയില്ല…. അവർ നോക്കിയപ്പോഴേക്കും ജിനു വാതിൽ കടന്നുപോയി കളഞ്ഞിരുന്നു…. പിന്നവർ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു…. അവിടെ എത്തിയപ്പോൾ ആണ് തങ്ങളൊഴിച്ചു ബാക്കിയെല്ലാരും അത്താഴം കഴിച്ചു കഴിഞ്ഞിരുന്നു എന്ന് അവർക്ക് മനസിലായത്….. പിന്നെ ആരോടുമൊന്നും പറയാതെ ജോണിയും നേഹയും ഊണുമേശയ്ക്ക് അടുത്തെത്തി…. നേഹ പ്ലേറ്റ് എടുത്തതിൽ ചോറ് വിളമ്പി..
ഒന്നിച്ചിരുന്ന് കഴിക്കുമ്പോൾ പതിവിലും സ്വാദ് ആ ഭക്ഷണത്തിനു ഉള്ളതായി അവർക്ക് തോന്നി…. അവൾ മെല്ലെ കഴിക്കുന്നത് കണ്ടപ്പോൾ ഒന്ന് വേഗം കഴിക്ക് പെണ്ണേ… എന്ന് പറഞ്ഞുകൊണ്ട് കാലിൽ ഒരു തട്ടും വച്ചുകൊടുത്തു….. ഇടയ്‌ക്കെപ്പോഴോ അവന്റെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ തന്നെ അവിടെയ്‌ക്കെന്തോ കൊരുത്തു വലിക്കും പോലെ അവൾക്ക് തോന്നി….. “മീൻ കറി ഇഷ്ടായോ…?” “നീ വച്ചതാ..? “അതല്ലേ ചോദിച്ചത്…” ” കൊഴപ്പമില്ല…. ” അവൻ സാധാരണയെന്ന പോലെ പറഞ്ഞു… അത് കേട്ടപ്പോൾ അവളുടെ മുഖത്തെ ശോഭ അല്പം കെട്ടു… അത് ജോണി മനസ്സിലാക്കുകയും ചെയ്തു…. എന്നിട്ടും അവൻ അത് തിരുത്തി പറഞ്ഞില്ല…. അവൾ ഓർത്തു….. ആരാണാവോ ഈ ‘കുഴപ്പമില്ലാ’എന്ന വാക്ക് കണ്ടുപിടിച്ചത്….. എന്ത് കാര്യം ചോദിച്ചാലും കൊള്ളാമെങ്കിലും ഇല്ലെങ്കിലും എല്ലാത്തിനും ആളുകൾ കയറി പിടിക്കുന്ന ഒരു വാക്കായി ഇത് മാറിയിരിക്കുന്നു….
ചെറിയ കുട്ടികളോട് ചോദിച്ചാൽ പോലും അവരും മിക്ക കാര്യത്തിനും പറയുന്നത് ഇതുതന്നെ…. അമ്മച്ചിയും അപ്പച്ചനും ഒക്കെ ഇന്നത്തെ മീൻ കറി നല്ലാതാന്നാ പറഞ്ഞത്…. എന്നിട്ടും ഇച്ചായൻ എന്താ ഇങ്ങനെ പറഞ്ഞത്…? എത്ര നന്നാക്കിയാലും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിക്കുന്നതാ…..ആ കക്ഷിപോലും ഇന്ന് തന്റെ ഒപ്പം നിന്നു… ഇനി എന്തോ ആവട്ടെ… എല്ലാവരുടെയും അഭിപ്രായങ്ങൾ ഒരിക്കലും ഒരുപോലെ ആവില്ലല്ലോ….. പിന്നെ ഒരു പ്രശംസ ആഗ്രഹിക്കാത്ത മനുഷ്യനെ ആരെങ്കിലും ഉണ്ടോ..?അത് തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ ഇത്തിരി മധുരം കൂടും…. ജോണിച്ചായനിൽ നിന്ന് ആഗ്രഹിച്ചുപോയി.. അതാഗ്രഹിച്ചത് എന്റെ തെറ്റല്ല…. നൽകാത്തത് ജോണിച്ചായന്റെയും തെറ്റല്ല…. വിട്ടേക്കാം… വെറുതെ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടി മനസ്സിനെക്കൊണ്ട് ചുമടെടുപ്പിക്കുന്നത് എന്തിനാണ്..? അവൾ വീണ്ടും കഴിക്കുന്നതിൽ ശ്രദ്ധ ചെലുത്തി…..
ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും ഇവളിങ്ങനെ സങ്കടപ്പെടുന്നത് എന്തിനാണ് എന്നോർക്കുകയായിരുന്നു ജോണി…. തന്നിൽ നിന്നും ആഗ്രഹിക്കാത്ത ഒരു പ്രതികരണം ലഭിച്ചതിനാലാകാം എന്നും അവൻ ഓർക്കാതിരുന്നില്ല…… പക്ഷേ എന്തോ അങ്ങനെ പുകഴ്ത്താനോ അഭിനന്ദിക്കാനോ ഒന്നും ഉള്ള കഴിവ് തന്റെ മനസ്സിനില്ലാതായി പോയിരിക്കുന്നു…. എങ്കിലും ഉള്ളിന്റെ ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹം ഇല്ലാതില്ല….. പിന്നെ താനും പലപ്പോഴും അങ്ങനെ ആണല്ലോ… എന്തൊക്കെയോ എവിടെ നിന്നൊക്കെയോ ആഗ്രഹിക്കും… കിട്ടാതെ വരുമ്പോൾ അതിന്റെ സങ്കടം മറ്റ് എന്തിലെക്കെയോ ചാർത്തി സമാധാനം കണ്ടെത്തും….. “നേഹേ….” “മ്….എന്നതാ…” “ചോറ് മതിയോ…? കുറച്ചൂടെ ഇടട്ടെ…?” “യ്യോ… എനിക്ക് ഇത് തന്നെ അധികമായിപ്പോയിന്ന് ഓർത്തിരിക്കുമ്പളാ… ഇച്ചായൻ വേണമെങ്കിൽ ഒരു രണ്ടു തവിയും കൂടെ ഇട്ടോ… എനിക്കിനി ഒരു വറ്റുപോലും വേണ്ടേ….” “എങ്കിൽ ശരി…” ഇരുവരും മന്ദഹസിച്ചു….. യഥാർത്ഥത്തിൽ ജോണി നേഹയെ വിളിച്ചത് ചോദിക്കാൻ അല്ലായിരുന്നു…. അവളുടെ കറി ഇഷ്ടമായി എന്ന് പറയാനായിരുന്നു…
പക്ഷേ നാവിൽ നിന്ന് വഴുതി അത് എവിടെയോ പോയി….. അവളുടെ ചിരിയിൽ തന്നോട് പരിഭവം ഒന്നും ഇല്ലെന്ന് തോന്നിയപ്പോൾ പിന്നതിനെക്കുറിച്ച് പറയാനൊന്നും അവൻ മെനക്കെട്ടില്ല…… ജിനു അടുക്കളയിലേക്ക് ഇടയ്ക്ക് വരുന്നതിനു ഇടയ്ക്ക് അവരുടെ സമീപം എത്തിയപ്പോൾ അവരെ അവൾ ആക്കിയൊന്നു ചിരിച്ചു…. ” കൊച്ചു പിള്ളേർക്ക് കഴിക്കാൻ ഇത്ര സമയം വേണ്ട…. ഇത് എങ്ങാനും തീരുമോ എന്തോ….” അതിന് മറുപടിയായി രൂക്ഷമായൊരു നോട്ടം ജോണിയിൽ നിന്നും കിട്ടിയപ്പോൾ അവൾ കാലുകളുടെ വേഗത കൂട്ടി…… അടുക്കളയിൽ ബാക്കിയുണ്ടായിരുന്ന ജോലികളൊക്ക ഒതുക്കിയിട്ട് നേഹ മുറിയിലേക്ക് ചെന്നു…… ജോണി പിള്ളാരെ രണ്ടിനെയും ഉറക്കാനുള്ള ശ്രമത്തിൽ ആണ്…. പക്ഷെ റോഹന്റെ സംസാരം കേട്ടിട്ട് അവൻ ഇപ്പോഴൊന്നും ഉറങ്ങുന്ന ലക്ഷണം തീരെ ഇല്ല…. നേഹയും ജോണിയുടെ അടുത്തായി വന്നിരുന്നു….. “മമ്മയും കൂടി ഇങ്ങുവാ…. ഞമ്മക്ക് ഇവടെ കിടക്കാം….”.ജനി കൈനീട്ടിപ്പറഞ്ഞു….. “കുഞ്ഞവിടെ കിടന്നൊ ഞങ്ങൾക്കും കൂടി കിടക്കാൻ സ്ഥലം തികയൂല…. അതുകൊണ്ടല്ലേ… അല്ലെങ്കിൽ ഞങ്ങളും കൂടി വരായിരുന്നു…..” അവൾ ജനിയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു….
തീരെ ചെറിയ കട്ടിൽ ആയിരുന്നത് കൊണ്ട് അതിൽ ജനിക്കും റോഹനും മാത്രമെ കിടക്കാനുള്ള സ്ഥലം ഉണ്ടായിരുന്നുള്ളു ….. “എങ്കിൽ രണ്ടാളും എഴുന്നേൽക്ക്… എല്ലാർക്കും കൂടി വലിയ കട്ടിലിൽ കിടക്കാം…. അപ്പോപ്പിന്നെ പ്രശ്നം ഇല്ലാലോ. ജോണി പ്രശ്നത്തിന് പരിഹാരം കണ്ടെത്തി “” അതൊന്നും വേണ്ട…..മമ്മി ഞങ്ങടെ കൂടെ കിടക്ക്….പപ്പച്ചി അവിടെ കിടന്നോട്ടെ….നേയത്തേ അങ്ങനാന്നല്ലോ ഉറങ്ങിയെ…..” ” അപ്പൊ എന്നെ ആർക്കും വേണ്ട അല്ലേ…? ശരി…. എന്നാ ഇനി എന്നോട് ആരും കൂട്ട് കൂടാൻ വരണ്ട..ഞാൻ കൂട്ടുവെട്ടി…. അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു…. കുട്ടികൾ രണ്ടുപേരും നേഹയുടെ മുഖത്തേക്ക് നോക്കി…. തങ്ങളുടെ പപ്പ പിണങ്ങിയോ എന്നതായിരുന്നു അവരുടെ ഉള്ളിലെ ചോദ്യം… അത് മനസ്സിലായെന്ന പോലെ നേഹ കണ്ണടച്ച് കാണിച്ച് ചിരിച്ചപ്പോൾ അവർക്കും സന്തോഷമായി…. ജോണി പതിയെ ഫോൺ എടുത്തു ഓരോന്ന് നോക്കിക്കൊണ്ടിരുന്നു….. സമയം പോകെ റോഹനും ജനിയും ഉറങ്ങി….
നേഹയും ഇരുവരെയും കെട്ടിപ്പിടിച്ചു കിടന്നു…. കണ്ണിൽ ഉറക്കം പിടിച്ചപ്പോൾ അവൾക്ക് തോളിൽ ആരോ തട്ടുന്ന പോലെ തോന്നി… കണ്ണ് തുറന്നു നോക്കിയപ്പോൾ ജോണിയാണ്….. പിള്ളേര് ഉറങ്ങിയില്ലേ…. എഴുന്നേൽക്ക്…. അപ്പുറത്തോട്ട് കിടക്കാം….. എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അവൾ എഴുന്നേറ്റു…… അവനൊപ്പം ചെന്നു കിടന്നു…. ആ രാത്രി ഇരുവർക്കും പതിവിലും സന്തോഷമുള്ളതായിരുന്നു….. രണ്ട് ധ്രുവങ്ങളിലൂടെ സഞ്ചരിച്ചവർ ഒടുവിൽ ഒരു വഴിയെ സഞ്ചരിക്കുന്നു….. പരസ്പരം താങ്ങും തണലുമാകുന്നു….. സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നു….. പക്ഷേ ഈ യാത്ര തുടങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂ….ഇനിയും സഞ്ചരിക്കാൻ കാതങ്ങൾ ഏറെയാണ്…. ആ യാത്രയ്ക്കിടയിൽ കാത്തിരിക്കുന്ന പ്രതിസന്ധികളും പലതാണ്… ഒന്നിച്ച് ആവണം…… ആരും ഈ ഭൂമിയിൽ ഒന്നും ഒറ്റയ്ക്ക് നേടിയിട്ടില്ല….എല്ലാവിജയങ്ങൾക്ക് പിന്നിലും ഒന്നല്ല…. നൂറുകണക്കിന് കാണക്കരങ്ങൾ ഉണ്ടായിരുന്നു…… നേഹയെ തന്റെ നെഞ്ചോരം ചേർത്തുറങ്ങുമ്പോൾ ജോണിയും ആഗ്രഹിച്ചത് മുന്നോട്ടുള്ള സുന്ദരമുഹൂർത്തങ്ങൾ മാത്രമായിരുന്നു….
ഓട്ടോ സ്റ്റാൻഡിൽ യാത്രക്കാരെ കാത്തു കിടക്കുകയായിരുന്നു ജോണി….പതിനൊന്നുമണി കഴിഞ്ഞിരിക്കുന്നു…. യാത്രക്കാർക്ക് നന്നെ കുറവുള്ള സമയമായിരുന്നു… ഇപ്പോൾ എല്ലാവർക്കും സ്വന്തം വണ്ടി ഉണ്ടല്ലോ… വീടുകളിലെ ആളുകളുടെ എണ്ണത്തോളം അത്ര വാഹനങ്ങൾ ഉണ്ടെന്ന് തന്നെ പറയാം…. ജോണി ഫോണിൽ നോക്കി സമയം കളഞ്ഞു കൊണ്ടിരുന്നു… അപ്പോഴാണ് ഓട്ടോയിൽ ആരോ വന്നു കയറിയത് അവനറിഞ്ഞത്….. ആൾ ആരാണ് എന്നൊന്നും നോക്കാതെ “എങ്ങോട്ടാ പോകേണ്ടത്” എന്ന് അവൻ ചോദിച്ചു.. രണ്ട് സ്റ്റോപ്പ് അപ്പുറമുള്ള ഒരു സ്ഥലം യാത്രയ്ക്ക് കയറിയ ആൾ പറഞ്ഞു…. ശബ്ദം കേട്ടപ്പോൾ അതൊരു സ്ത്രീയാണ് എന്നതിലുപരിയായി അത് ലിന്റ ആണെന്ന് അവന് മനസ്സിലായതേയില്ല…. മറ്റൊന്നും ശ്രദ്ധിക്കാതെ അവൻ വണ്ടി സ്റ്റാർട്ട് ആക്കി… (തുടരും )

by