രചന – ശ്രീതു ശ്രീ
“”റോഷനിവിടുന്ന് പോയതിൽപ്പിന്നെ അവള്ടെ കാര്യങ്ങളൊക്കെ നോക്കാൻ നിങ്ങളുടെ വീട്ടിൽ ആരെങ്കിലുമുണ്ടായിരുന്നോ?? കൊച്ച് ഒറ്റയ്ക്കല്ലായിരുന്നോ… പിന്നെ…അവടെ അമ്മയ്ക്കാണേലും എപ്പോഴും പോയി കൂട്ടിരിക്കാൻ പറ്റുമൊ…? വീട്ടിൽ എടുപ്പത് പണിയുണ്ട്…..അതോണ്ട് ഇടയ്ക്ക് എപ്പഴേലും പോവും……വീട്ടിൽ കൊണ്ടു നിർത്താമെന്ന് വച്ചാ… ആ സിനിക്ക് പിടിക്കത്തുമില്ല…. നീ പോയിക്കഴിഞ്ഞ് ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോ അവളൊന്ന് കുളിമുറിയിൽ തെന്നിവീണു…..ആരെയും ഫോൺ ചെയ്യാനായി അവിടന്ന് എഴുന്നേൽക്കാൻ പോലും അവൾക്ക് കഴിയുമായിരുന്നില്ല…. ഫോൺ വിളിച്ചിട്ടും കിട്ടാഞ്ഞതിനെത്തുടർന്ന് ഞാൻ അവള്ടെ ആങ്ങളേ പറഞ്ഞു വിട്ടു…..
അവൻ ചെന്നു നോക്കിയപ്പോൾ അകത്ത് നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു…. അടുക്കള കതകൊക്കെ തല്ലിതുറന്നു അകത്ത് കയറി ചെന്നപ്പോൾ കണ്ടത് ബോധമില്ലാതെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നേഹയെ ആണ്…. ഒരുപാട് ബ്ലേഡ്ഡൊക്കെ പോയിരുന്നു….. കഴിയുന്നതും വേഗം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവൾടെ വയറ്റിൽ കിടന്ന കുഞ്ഞിനെ മാത്രം രക്ഷിക്കാൻ കഴിഞ്ഞില്ല….. ഞാൻ പറഞ്ഞതൊക്കെ അവന് വിശ്വാസമാകുന്നുണ്ടെന്ന് എനിക്ക് അവന്റെ മുഖം കണ്ടപ്പോൾ തന്നെ മനസിലായി…. ഞാനും നല്ല സങ്കടം അഭിനയിച്ചുകൊണ്ടാണ് അവനോട് എല്ലാം പറഞ്ഞത്.. കുഞ്ഞിനെ നഷ്ടപെട്ടെന്ന് അറിഞ്ഞപ്പോൾ അവന് സങ്കടം സഹിക്കവയ്യാതെയായി…. കണ്ണുകൾ നിറഞ്ഞു… അതാരും കാണാതിരിക്കാനാവാം പെട്ടെന്ന് തന്നെ കാറിനുള്ളിലേയ്ക്ക് അവൻ കയറി….. എന്നിട്ടവൻ എന്നോട് ചോദിച്ചു….
“വയ്യാതെ കിടന്നപ്പോളൊക്കെ എനിക്കൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു… അവളെയും കുഞ്ഞിനേയും കാണുക എന്നത്…..സാരമില്ല… വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ….എന്തായാലും എനിക്കെന്റെ പെണ്ണിനെ തിരിച്ചു കിട്ടിയല്ലോ…അത് മതി…. അപ്പച്ചൻ കാറിലോട്ട് കയറു… നമുക്കൊന്നിച്ച് വീട്ടിലോട്ട് പോകാം….. അത് മോനേ…. ഒരു പ്രശ്നമുണ്ട്…. മോൾ ഇപ്പോൾ വീട്ടിൽ ഇല്ല.. നിന്നെ കാണാതിരുന്നതിൽ തന്നെ അവൾ വലിയ സങ്കടത്തിൽ ആയിരുന്നു… അതിന്റെ കൂടെ കുഞ്ഞിനെ കൂടി നഷ്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ അവളുടെ സമനില ആകെ തെറ്റി… ഇപ്പോൾ അവൾ ഓർമ്മകളൊക്കെ നഷ്ടപ്പെട്ട് ഒരു ഭ്രാന്തിയെ പോലെ കഴിയുകയാണ്….ചികിത്സയിലൂടെ ചിലപ്പോൾ ഭേദമായേക്കാം…. മിക്കവാറും ജീവിതകാലം മുഴുവൻ അങ്ങനെ തന്നെ ജീവിക്കാനാണ് സാധ്യത….. ഞങ്ങളൊക്കെ സങ്കടങ്ങൾ അടക്കിപ്പിടിച്ച് ജീവിക്കുകയാണ്…. അയലത്തെ വീട്ടുകാർക്ക് പോലും ഈ വിവരങ്ങൾ ഒന്നും അറിയത്തില്ല… എന്റെ കുഞ്ഞിനെ ഓർത്ത് ആരും സഹധപിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്…. അതുകൊണ്ടാ ഞാൻ ആരോടും ഒന്നും പറയാത്തത്…. ഞങ്ങൾ മൂന്നാല് പേർക്കും നിനക്കും ഒഴികെ വേറെ ആർക്കും ഈ വിവരങ്ങൾ അറിയില്ല…. ”
” അപ്പോ എന്റെ നേഹക്ക് എന്നെ പോലും തിരിച്ചറിയില്ലേ..??? അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു…. എന്നെയും നിന്നെയും ഒന്നും അവൾക്ക് തിരിച്ചറിയില്ല കുഞ്ഞേ…. ചികിത്സയുടെ ഒരു ഘട്ടം കഴിയുന്നതുവരെ ആരും അവളെ കാണണ്ട എന്നാണ് ഡോക്ടർ പറഞ്ഞത്…. അവൾക്കുവേണ്ടിയല്ലേ നമുക്ക് അത് അനുസരിച്ച് പറ്റൂ…… ഇനി നീയീ നാട്ടിലെ നിൽക്കാതിരിക്കുന്നതാ നല്ലത്…. എന്താന്ന് വെച്ചാൽ ഓരോന്നോർത്തു നീയും സങ്കടപ്പെടും…. നിന്റെ ജോലിയൊന്നും ശരിയാവില്ല…. ഡോക്ടർ അവളെ കാണാമെന്ന് അറിയിക്കുമ്പോൾ ഞാൻ നിന്നെ വിവരം ധരിപ്പിക്കാം …. അന്നേരം നീ വന്നാൽ മതി…… നിങ്ങൾക്ക് രണ്ടാൾക്കും സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി തന്നെയാ ഞാൻ ഇതൊക്കെ പറയുന്നത്…. “”” അവളെ ഒന്ന് കാണാതെ ഞാൻ എങ്ങനെയാ അപ്പച്ചാ പോകുന്നത്…?? എനിക്കൊന്ന് ദൂരെ നിന്നെങ്കിലും കാണാൻ പറ്റുമോ…? “” ഞാൻ തന്നെ എന്റെ കുഞ്ഞിനെ കണ്ടിട്ട് എത്ര നാളായി എന്നറിയാമോ മോനെ…? അവളുടെ നല്ലതിന് വേണ്ടിയല്ലേ…?? നീ കുറച്ചുനാൾ ഒന്ന് ക്ഷമിക്ക്… പിന്നെ….നീ ഇതൊന്നും ആരോടും ചോദിക്കാനും പറയാനും പോകണ്ട….നാട്ടുകാരൊക്കെ അറിഞ്ഞാൽ , അവൾക്കെല്ലാം സുഖപ്പെട്ടാലും പഴയതൊക്കെ അവര് കുത്തിപ്പൊക്കി കൊണ്ടിരിക്കും…. അത് അവളെ തന്നെയല്ലേ വേദനിപ്പിക്കുക…..””
അവൻ ആരോടും ഒരു വിവരവും അന്വേഷിക്കരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു… അതിനുവേണ്ടി എനിക്ക് പറയാവുന്നതിന്റെ മാക്സിമം നുണകൾ ഞാൻ പറഞ്ഞു…. പാവം അതൊക്കെ വിശ്വസിക്കുകയും ചെയ്തു….. എന്റെ സംസാരത്തിലോ ഭാവത്തിലോ ഒന്നും അവന് യാതൊരു സംശയവും തോന്നിയില്ല… “” അപ്പച്ചൻ പറഞ്ഞതാ ശരി…. എല്ലാം ശരിയാവും വരെ ഞാൻ കാത്തിരുന്നോളാം…. എന്റെ നേഹയെ എനിക്ക് പഴയതുപോലെതന്നെ കിട്ടിയാൽ മതി….. വേറൊന്നും എനിക്ക് വേണ്ട….. ചികിത്സയ്ക്ക് വേണ്ട കാശ് ഞാൻ തന്നെ തരാട്ടോ … അപ്പച്ചൻ അത് എത്രയാണെന്ന് വെച്ചാൽ പറഞ്ഞാൽ മതി….. ഇപ്പൊ കാശിന്റെ ആവശ്യമൊന്നുമില്ല…. ഞാൻ പറഞ്ഞില്ലേ കുറച്ചുനാൾ….അതുവരെ നീ ഇവിടുന്ന് ഒന്നു മാറി നിക്ക്….. “” “” പണ്ടുമുതലേ എന്നെ ഈ നാട്ടിൽ പിടിച്ചു നിർത്തിയത് അവളും അവളുടെ ഓർമ്മകളുമാണ്…… അത് വിട്ട് ഞാൻ എവിടെ പോകാനാണ്…?? “” അതൊക്കെ എനിക്കറിയാം…. മറ്റുള്ളവരുടെയൊക്കെ ചോദ്യങ്ങൾ ഒഴിവാക്കാൻ നീ മാറി നിൽക്കുന്നത് സഹായിക്കും…. ഒന്നുമില്ലെങ്കിലും നിനക്കൊപ്പം അവൾ വന്നതാണെന്നെങ്കിലും എനിക്ക് പറയാമല്ലോ…. ഇപ്പോൾ ചോദിക്കുന്നവരോടൊക്കെ ഞാൻ പറയുന്നത് ഒരു ബന്ധുവിന്റെ വീട്ടിലോട്ട് പോയെന്നാണ്….””
“” അത് ശരിയാണ് ഇനി എല്ലാവരോടും അങ്ങനെ പറഞ്ഞാൽ മതി….എങ്കിലും ഇനിയെത്ര നാളിങ്ങനെ എനിക്ക് നീറി കഴിയേണ്ടി വരുമെന്ന് കർത്താവിനു പോലും നിശ്ചയം ഉണ്ടാവില്ല അല്ലേ…?? ” “” നീ ഇന്ന് തന്നെ പോകുമോ?? “” “”” ഇവിടം വരെ വന്നതല്ലേ പള്ളിയിൽ ഒന്ന് കേറണം… നേഹയെ തിരിച്ചുതരാൻ കർത്താവിനോട് പ്രാർത്ഥിക്കണം… എന്ത് നേർച്ച വേണമെങ്കിലും ഞാൻ കൊടുക്കാം…. പറ്റുമെങ്കിൽ ഫാദറിനെയും ഒന്ന് കാണണം….””” ഫാദറിനെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാനൊന്നു ഭയന്നു…. “” ഫാദറിനെ കാണുന്നത് കൊള്ളാം… പക്ഷെ റോഷനോട് ഞാൻ പറഞ്ഞതൊന്നും ഇപ്പോ അദ്ദേഹത്തിനോട് നീ പറയണ്ട…. അതിനു കഴിയില്ലെങ്കിൽ കാണാതെ പോവുക….. “”” “”” ഇപ്പൊ ഞാൻ കർത്താവിനോട് മാത്രമേ എന്റെ സങ്കടങ്ങൾ പറയൂ….ഫാദറിനോട് പിന്നീട് ഒരിക്കൽ എല്ലാം പറഞ്ഞോളാം…. “”” അങ്ങനെ എന്നോട് യാത്ര പറഞ്ഞവൻ പോയി….. സഹിക്കാവുന്നതിലും അപ്പുറം ഭാരം അവന്റെ മനസിനപ്പോൾ ഉണ്ടായിരുന്നിരിക്കണം….. ആ യാത്ര ചെന്നവസാനിച്ചത് ഒരു നിർത്തിയിട്ടിരുന്ന ലോറിയുടെ അടിയിൽ ആണ്…..വണ്ടിയുടെ നിയന്ത്രണം നഷ്ടപെട്ടത് മൂലം സംഭവിച്ച ദുരന്തമായിരുന്നു അത്…..മനസിന്റെ നിയന്ത്രണം തന്നെ കൈവിട്ടാണവൻ എന്റെ മുന്നിൽ നിന്നും പോയത്….അങ്ങനെയൊരു ദുരന്തത്തിലേയ്ക്ക് അവനെ തള്ളിവിട്ടത് നൂറുശതമാനം എന്റെ വാക്കുകൾ തന്നെയാണ്…. അതിൽ യാതൊരു സംശയവും ഇല്ല…… എന്റെ കള്ളക്കഥകൾ കേട്ട് മനസ് തകർന്നല്ലേ അവൻ കാറുമായി സഞ്ചരിച്ചത്…….. ഞാനുദ്ദേശിച്ചത് കുറച്ചു നാളത്തേയ്ക്ക് അവനെ അവളിൽ നിന്നും അകറ്റുക… എന്നിട്ട് നേഹയോടും കുറെ നുണകൾ പറഞ്ഞു വിശ്വസിപ്പിക്കുക….. ക്രമേണ അവൾ റോഷനെ വെറുക്കും…..
പിന്നെ അവർ തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ലല്ലോ….റോഷനെ വേണ്ടെന്ന് വയ്ക്കുമ്പോൾ വേറൊരു വിവാഹവും ഞാനവൾക്ക് സ്വപ്നം കണ്ടിരുന്നു…… പിറ്റേ ദിവസത്തെ പത്രത്തിലൂടെയാണ് അവനെ ആക്സിഡന്റ് പറ്റിയെന്ന വാർത്ത ഞാൻ അറിഞ്ഞത്….. അത് അറിഞ്ഞപ്പോ ആദ്യമൊക്കെ സന്തോഷമായിരുന്നു…… പിന്നീട് വൈകിയാണ് ഞാൻ കാര്യങ്ങളൊക്കെ വിശദമായി അറിഞ്ഞത്… അവന്റെ നില അത്രയ്ക്കും ഗുരുതരമായിരുന്നു….. ഒരുമാസത്തോളം പിന്നിട്ട ശേഷമാണ് കണ്ണുകൾ തന്നെ ഒന്നു തുറന്നത്…… അപ്പോഴും നേഹയെക്കുറിച്ചു മാത്രമായിരുന്നു അവൻ ചോദിച്ചത്…… അങ്ങനെ റോഷന്റെ അപ്പൻ എന്റെ അരികിലെത്തി… ഇനി അവളെ തള്ളിക്കളയില്ലെന്നും സ്വന്തം മരുമകൾ ആയി സ്വീകരിച്ചോളാം എന്നും എന്നോട് പറഞ്ഞു….. പക്ഷേ അപ്പോഴും എന്നിലെ സ്വാർത്ഥനായ പിതാവിന് അവളെ അവർക്ക് വിട്ടുകൊടുക്കാൻ മനസ്സില്ലായിരുന്നു..,… ഒരിക്കൽ നിഷ്ക്കരുണം തള്ളികളഞ്ഞവർക്ക് ഇപ്പോളവൾ സ്വീകാര്യമായത് റോഷനു അപകടം പറ്റിയതുകൊണ്ട് മാത്രമാണല്ലോ….. എന്തായാലും ഞാനവരുടെ മുഖം കറുപ്പിക്കാൻ പോയില്ല….. പകരം റോഷനോട് പറഞ്ഞ കഥ തന്നെ അയാളോടും ഞാൻ പറഞ്ഞു… അയാളും അത് വിശ്വസിച്ചു…… എന്താണെന്ന് അറിയില്ല… എനിക്കവരോടൊക്കെ ഒരുതരം വാശിയായിരുന്നു….
പിന്നെയും ഒന്ന് രണ്ട് മാസങ്ങൾ കഴിഞ്ഞാണ് വിദഗ്ധ ചികിത്സയ്ക്കു വേണ്ടി അവനെ വിദേശത്തേക്ക് കൊണ്ടുപോയത്…… അവർക്കവിടെ എന്തോ ബിസിനസ് കൂടിയുണ്ടായിരുന്നതുകൊണ്ട് ഇവിടെ റോഷന്റെയും അവരുടെയും പേരിലുള്ള ബാക്കി സ്വത്തൊക്കെ വിറ്റ് വിദേശത്തേക്ക് പോയി……. ഒരു തിരിച്ചുവരവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…. വന്നാൽ തന്നെ അതിനുമുൻപേ എന്റെ മകളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു ഞാൻ….. അങ്ങനെയാണ് അവൾക്കുവേണ്ടി വിവാഹാലോചനകൾ ആരംഭിച്ചത്…. ആദ്യം ഒന്നും വഴങ്ങാതിരുന്നത് അവളെ നിന്റെ ആലോചന വന്നപ്പോൾ ഒരു വിധമാണ് ഫാദറിനെ കൊണ്ട് സമ്മതിപ്പിച്ചത്….. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ജോണിക്ക് അയാളോട് എന്തു പറയണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല….. വേണമെങ്കിൽ കുറ്റപ്പെടുത്താം…. അല്ലെങ്കിൽ ചേർത്തുപിടിക്കാം….. പക്ഷേ ഇതിന് രണ്ടിനും അവനു കഴിയുമായിരുന്നില്ല…… “””ജോണി…. ഞാനിതൊക്കെ നിന്നോട് ഇപ്പോൾ എന്തിനാ പറഞ്ഞതെന്ന് നിനക്ക് അറിയാമോ….?? അവൻ എന്തെന്നർത്ഥത്തിൽ തലയുയർത്തി ആന്റണിയെ നോക്കി…. റോഷൻ തിരിച്ചുവന്നു…. പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാനൊന്നും കഴിയില്ല…. എങ്കിലും അവനെല്ലാം ഇപ്പോഴ് ഓർമ്മയുണ്ട്….. അവന്റെ വീട്ടുകാരിപ്പോ നേഹയെ അന്വേഷിച്ചു എന്നെക്കാണാൻ വന്നിരുന്നു…. അത് കേട്ടപ്പോൾ അവന്റെ ഹൃദയത്തിലൊരു വെള്ളിടി വെട്ടി…!! നെഞ്ചിലേക്കാരോ കരിങ്കല്ലിറക്കിവച്ച പോലൊരു തോന്നൽ അവനുണ്ടായി…….
(തുടരും )

by