19/04/2026

സ്നേഹാംബരം : ഭാഗം 02

രചന – ശ്രീതു ശ്രീ

“എന്റെ ഭാര്യയെന്നൊരു പദവി തനിക്ക് ഞാൻ തന്നുപോയി ..എന്ന് കരുതി അതിന്റെ അവകാശവും അധികാരവും എന്റടുക്കൽ കാണിക്കാൻ നിൽക്കരുതെന്ന് നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്… ഇടയ്ക്കതൊന്ന് ഓർക്കുന്നത് നല്ലതാ..  കാര്യം എന്തെന്ന് പിടികിട്ടിയില്ലെങ്കിലും അവന്റെ വാക്കുകൾ അവളിലും ദേഷ്യമുണ്ടാക്കി… ഒപ്പം സങ്കടവും…. “ഞാനൊന്നും മറന്നിട്ടില്ല… പിന്നെ , ഇങ്ങനെ കിടന്ന് ചാടാൻ ഞാനിയാൾടെ അടുത്തൊന്നിനും വന്നില്ലല്ലോ….” “താനെന്തിനാ എന്റെ തുണികളെടുത്തു കഴുകിയത്..? “കുറച്ചു തുണികള് മുഷിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ എടുത്തു കഴുകിയെന്നേയുള്ളു…” “ഇന്നലെ നിന്നെയിങ്ങോട്ട് കൊണ്ടുവരുന്നത് വരെ ഞാൻ തന്നെയാ അതൊക്കെ ചെയ്തിരുന്നത്…ഇനിയും എന്റെ കാര്യങ്ങൾ ഞാൻ തന്നെ ചെയ്തോളാം… അതിലൊന്നും തലയിടാൻ വന്നേക്കരുത്.. മനസിലായോ…എന്നെ സംബന്ധിക്കുന്ന ഒരു കാര്യത്തിലും ഇനി ഇയാൾ ഇടപെട്ടേക്കരുത്…”

ജോണിയുടെ രൂക്ഷമായുള്ള സംസാരവും ഭാവവും നേഹയുടെ നെഞ്ചിൽ നീറ്റലുണ്ടാക്കി…. ഇങ്ങനെയൊരു പെരുമാറ്റം ജോണിച്ചായനിൽ നിന്നും തീരെ പ്രതീക്ഷിരുന്നതല്ല…ഇപ്പൊ എന്തെടുത്താലും പിടിച്ചാലും കുറ്റം… സ്നേഹിക്കാൻ കഴിയില്ലെന്ന് നന്നായി അറിയാം..അതൊട്ടും ആഗ്രഹിക്കുന്നും ഇല്ല..എന്ന് വച്ച് എപ്പോഴും ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്തിനാ…?വെറുതെ മനസമാധാനം കളയുന്നതെന്തിനാ…? അവളവിടെ ഓരോന്ന് ചിന്തിച്ചു നിൽക്കുന്നതിനിടയ്ക്ക് ജോണി തിരിച്ചു പോയിരുന്നു… അവൻ പോയതും അന്നമ്മ നേഹയ്ക്കടുത്തേയ്ക്ക് വന്നു…നേഹയുടെ മുഖം കണ്ടപ്പോഴേ ജോണിയെന്തോ വഴക്ക് പറഞ്ഞെന്ന് അവരൂഹിച്ചു…. “എന്തുപറ്റി മോളേ…? “”അത്… ഞാൻ ഇച്ചായന്റെ തുണികഴുകാൻ എടുത്തത് ഇഷ്ടായില്ല…” അവൾ സങ്കടത്തോടെ പറഞ്ഞു…

“നീയത് എടുത്തു അവിടെങ്ങാനും ഇട്ടേര് കൊച്ചെ… അവന്റെ സോക്കേടിനി എന്നാണാവോ മാറുക..”എന്നും പറഞ്ഞ് അന്നമ്മ അകത്തേയ്ക്ക് നടന്നു…. അവന്റേതെല്ലാം എടുത്തു ബക്കറ്റിൽ ഇടാൻ തുനിഞ്ഞെങ്കിലും നേഹ അത്‌ ചെയ്തില്ല….അവൾ തിരിഞ്ഞു നടന്നു.. അവളകത്തേയ്ക്ക് വന്നപ്പോൾ ഹാളിൽ പിള്ളേരുടെ അനക്കമൊന്നും കേൾക്കാഞ്ഞത് കൊണ്ട് അവരെ നോക്കാനായി ജിൻസിയുടെ മുറിയിലേയ്ക്ക് ചെന്നു… ജിൻസിയുടെ ഫോണിൽ ഏതോ കാർട്ടൂൺ വീഡിയോ കണ്ടുകൊണ്ടു അവൾക്കിരുവശവും റോഹനും ജനിയും കിടപ്പുണ്ട്….. ഇനി കുളിച്ചിട്ട് കൂടി വരാമെന്നോർത്ത് നേഹ മുറിയിലേയ്ക്ക് പോയി… കട്ടിലിൽ കിടന്ന ജോണി കതക് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി….

നേഹയെ കണ്ടതും അവനതേപടി തിരിഞ്ഞു കിടന്നു….അവളും കണ്ടതായി നടിച്ചില്ല…. ബാത്റൂമിൽ കയറി കതകടച്ച് തുണി അയയിൽ ഇട്ട് തിരിഞ്ഞതും അവിടെ കിടന്ന ഷാമ്പുവിന്റെ കവറിൽ ചവിട്ടി. തൊട്ടടുത്ത നിമിഷം അവൾ കാൽവഴുതി വീഴാനാഞ്ഞു…കയറിപ്പിടിച്ചത് ഫ്ലഷിംഗ് ടാങ്കിന്റെ പൈപ്പിലാണ് അത്‌ ഊരി മാറി.. വെള്ളം ചീറ്റാൻ തുടങ്ങി… വീഴാനായുമ്പോൾ അവളുടെ ഇടത്തെ കാലൊന്ന മടങ്ങിയിരുന്ന….അതിന്റെ വേദന കൂടി വന്നപ്പോൾ അവൾക്ക് നിൽക്കാൻ കഴിഞ്ഞില്ല… തറയിലേയ്ക്ക് തന്നെ നേഹ ഇരുന്നുപോയി…… നേഹയുടെ ദേഹത്തേയ്ക്ക് വെള്ളം വീണുകൊണ്ടിരുന്നു…..ആരെ വിളിക്കും എന്ന ചിന്ത അവളെ ആശയകുഴപ്പത്തിലാക്കി…..

ജോണിയെ വിളിക്കുന്നത് തന്നെയാണ് ഉചിതം.. എന്നാലും വിളി കേൾക്കുമോ എന്നുപോലും അവൾക്കുറപ്പില്ല… എങ്കിലും അവൾ അവനെത്തന്നെ വിളിക്കാൻ തീരുമാനിച്ചു…”ജോണിച്ചായാ… ഒന്നിങ്ങോട്ട് വരുമോ…?” ബാത്റൂമിൽ നിന്ന് ശബ്ദം കേട്ടപ്പോൾ എന്തുപറ്റിയതാണെന്നു അവനോർത്തിരുന്നു. അവളുടെ വിളികൂടി കേട്ടപ്പോൾ ജോണി പരിഭ്രമത്തോടെ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു… ബാത്‌റൂമിന്റെ കുറ്റി ഇട്ടിരുന്നതിനാൽ അവൻ കതകിനിട്ട് ഒരു ചവിട്ട് കൊടുത്തു…. കതക് തുറന്നപ്പോൾ തന്നെ നിലത്ത് കിടക്കുന്ന നേഹയെ കണ്ടപ്പോൾ അവന്റെ നെഞ്ചോന്നു വിങ്ങി…

പെട്ടെന്ന് തന്നെ അവൻ അവൾക്കടുത്തെത്തി … “എന്ത്‌ പറ്റിയെടോ….”യെന്ന് പറഞ്ഞ് കൈനീട്ടിക്കൊടുത്തു….. ജോണിയുടെ കൈയിൽ പിടിച്ചവൾ എഴുന്നേൽക്കാൻ നോക്കിയപ്പോൾ ഇടത്തെ കാലിൽ ബലം കൊടുത്ത് നിലത്തുറപ്പിക്കാൻ പ്രയാസം തോന്നി അവൾ എഴുന്നേൽക്കാൻ മടിച്ചു.. അപ്പോഴും പൈപ്പിലെ വെള്ളം പൊയ്ക്കോണ്ടിരുന്നു…. ജോണിയുടെ ദേഹവും നനഞ്ഞു… നേഹയുടെ മുഖം കണ്ടപ്പോൾ ജോണിക്ക്‌ അവളുടെ അവസ്ഥ അവനൂഹിച്ചു…. പിന്നൊന്നും നോക്കിയില്ലവൻ.. കുനിഞ്ഞ് തന്റെ ഇരു കയ്യിലും നേഹയെ കോരിയെടുത്തു…. അവളതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല… അവന്റെ ആ പ്രവൃത്തിയിൽ അവൾ ഞെട്ടിപ്പോയിരുന്നു…

കുറച്ചു മുൻപ് തന്നോട് കടിച്ചുകീറാൻ വന്ന ആളാണോ ഇതെന്ന് നേഹ ഒരു നിമിഷം ചിന്തിച്ചുപോയി…. അവന്റെ കട്ടിലിൽ തന്നെ അവളെ അവൻ കിടത്തി… “താനെന്തോ കാണിച്ചതാ… ഓരോ പണിയൊപ്പിച്ചോളും….” ജോണി വീണ്ടും ദേഷ്യഭാവം കൈകൊണ്ടു. അത് നേഹയെയും അത്ഭുതപ്പെടുത്തി…. ഇതെന്താ എന്റെ മാതാവേ… ഓന്തിനേക്കാൾ വേഗത്തിൽ നിറം മാറുന്ന ജീവിയാണല്ലോ ഇത്…. അവളുള്ളിൽ ആത്മാഗതമായിട്ടാണ് അത് പറഞ്ഞതെങ്കിലും പുറത്തേയ്ക്ക് വന്നത് അവന്റെ നോട്ടം കണ്ടപ്പോളാണ് മനസിലായത്….കട്ടിലിനു സമീപം കിടന്ന കസേര അവൾക്ക് മുന്നിലേയ്ക്ക് നീക്കിയിട്ടുകൊണ്ട് ജോണി പറഞ്ഞു: “ഇങ്ങോട്ട് മാറിയിരിക്ക്… അവിടെ… മുഴുവൻ വെള്ളമാക്കാതെ….എനിക്ക് കിടക്കാനുള്ളതാ ….”

അവൻ മുറിക്ക് പുറത്തേക്കിറങ്ങാൻ പോയപ്പോൾ അവൾ പതിയെ കസേരയിലേയ്ക്ക് മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു…. “പിടിക്കണോ…” വാതിൽക്കൽ നിന്നും ഗൗരവമൊട്ടും വിടാതെ ജോണി ചോദിച്ചു. “വേണ്ട ഞാൻ തനിയെ മാറിക്കോളാം..ആ പൈപ്പ് ഓഫാക്കിക്കോ…..” പുറത്തേയ്ക്ക് ഇറങ്ങിയിയെങ്കിലും അവന് മുന്നോട്ട് നടക്കാൻ കഴിഞ്ഞില്ല… ജോണി തിരികെ അവൾക്കടുത്തേയ്ക്ക് തന്നെ വന്നു…. “ജോണിച്ചായൻ പോയി പൈപ്പ് ഓഫാക്കിക്കോ… വെള്ളം പോകുവാ…..എനിക്ക് അത്ര വല്യ കുഴപ്പമൊന്നുമില്ല…..ഞാൻ തന്നെ….” “ഇവിടെ വെള്ളക്കച്ചവടമൊന്നുമില്ലല്ലോ…… ടാങ്കിലെ വെള്ളം തീർന്നാൽ കിണറ്റിൽ കാണും…. ഇയാള് കയ്യിങ്ങു താ…. ഞാൻ സഹായിക്കാം…” നേരത്തേക്കാളും അല്പം മയത്തിലാണ് അവൻ സംസാരിച്ചത്…. അതൊരുപക്ഷെ നേഹയുടെ ആത്മഗതത്തിന്റെ ഫലമാകാം..

അവളെ കസേരയിൽ ഇരുത്തിയിട്ട് “ഞാനമ്മച്ചിയെ പറഞ്ഞുവിടാ “മെന്ന് പറഞ്ഞവൻ മുറി വിട്ടിറങ്ങി….അവൻ പോയ വഴിയേ നേഹ നോക്കിയിരുന്നുപോയി… താനിതുവരെ മനസിലാക്കിയ ജോണി അല്ല ശരിക്കുള്ള ജോണിയെന്ന്ഒരുമാത്രയെങ്കിലും നിനയ്ക്കാതിരിക്കാൻ അവൾക്കായില്ല… എല്ലാവരുടെയും കണ്ണുകളിൽ നിന്ന് ഒളിച്ചിരിക്കാൻ ശ്രമിക്കുന്ന ജോണിയുടെ മുഖമായിരുന്നിരിക്കണം കുറച്ചു മുൻപ് തന്റെ മുന്നിൽ പ്രത്യക്ഷപെട്ടത്….. എന്തിനാവും ഈ ഒളിച്ചുകളി…??ഒരുപക്ഷെ അത് ഭൂതകാലം നൽകിയ അനുഭവങ്ങളുടെ ഭാരമാകാം… “നേഹേ… എന്താ മോളെ പറ്റിയത്…”അന്നമ്മ ഓടി വന്നു…

“ഓ… കാലൊന്നു തെന്നി …. കാൽ പാദം ചെറുതായിട്ടൊന്നു മടങ്ങി…. വേറൊന്നുമില്ല…. പൈപ്പും പോയി…..” “ഓ… പൈപ്പ്… അത് പോട്ടെ… മോക്ക് വേറെ കുഴപ്പമൊന്നുമില്ലല്ലോ….” “ഇല്ലമ്മച്ചി….” “ഡ്രെസ്സൊക്കെ ആകെ നനഞ്ഞു… അതങ്ങ് ആദ്യം മാറ്റാം….” “മോനച്ചായന്റെ തൈലം അവിടിരിപ്പുണ്ട് … ഞാനതെടുത്തു തരാം… നീയിനി വൈകിട്ട് കുളിച്ചാമതി… ഇവിടെങ്ങാനും കിടക്ക്….” “മമ്മാ… എപ്പഴാ വീണേ.. എന്നെ ന്താ വിളിച്ചാഞ്ഞേ…” റോഹൻ ജനിയുടെ കയ്യും പിടിച്ചുകൊണ്ട് നേഹയുടെ അടുത്തെത്തി…. “മമ്മയ്‌ക്കൊന്നൂല്ലടാ…. നിങ്ങളൊക്കെ വീഴില്ലേ… അതുപോലൊന്നു വീണന്നേയുള്ളു…..”

“മയുന്ന് കയിക്കന്റെ മമ്മേ…” ജനിയും അവളുടെ കൈക്ക് പിടിച്ചുകൊണ്ട് ചോദിച്ചു…. “മരുന്ന് കഴിക്കാനുള്ള അസുഖമൊന്നും മമ്മയ്ക്കില്ലാട്ടോ…..” “അപ്പൊ ശൂചി വച്ച് കുത്തണോ…?” ജനിയുടെ മുഖത്തപ്പോഴും ആശങ്ക ഒഴിഞ്ഞില്ല….. “നേഹേച്ചി… ദാ തൈലം അതങ്ങോട്ട് തേച്ചു പിടിപ്പിക്ക്…ഞങ്ങളങ്ങോട്ട് പോവാം ” ജിൻസി ഒരു കുഞ്ഞുകുപ്പിയിലെ തൈലം നേഹയുടെ കയ്യിൽ വച്ചുകൊടുത്തു….. “രണ്ടാളും വാ നമുക്ക് കാർട്ടൂൺ കാണാം… മമ്മ റെസ്റ്റെടുക്കട്ടെ…..” ജിൻസി കുട്ടികളെയും കൂട്ടി പുറത്തേക്കിറങ്ങി… കുട്ടികൾ കിടക്കുന്ന കട്ടിലിൽ കിടക്കണോ ജോണിയുടെ കട്ടിലിൽ കിടക്കണോ എന്ന് നേഹ ആശയകുഴപ്പത്തിലായി…. ഇന്നലെ ജോണി ഇവിടെ ഇല്ലായിരുന്നല്ലോ….

ഒടുവിൽ തൈലം തേച്ചിട്ട് കസേരയിൽ തന്നെ ഇരിക്കാമെന്നവൾ തീരുമാനിച്ചു…..അപ്പോഴേയ്ക്കും അന്നമ്മ വീണ്ടും കയറി വന്നു….”നീയിത് വരെ അത്‌ തേച്ചില്ലേ… എന്റെ കൈ ആണേൽ വയ്യ … അല്ലെങ്കിൽ ഞാൻ തേച്ചു തരുമായിരുന്നു…….” “എന്റെ അമ്മച്ചി.. ഇതത്ര കുഴപ്പമൊന്നുമില്ല… ഒരു മണിക്കൂറിനുള്ളിൽ
ശരിയാകും…ഞാനങ്ങു തേച്ചോളാം…” “ചുമ്മാ തേച്ചിട്ട് കാര്യമില്ല…. നല്ലോണം തിരുമ്മണം….നിന്റെ കെട്ടിയോനെന്തിയെ..അവനോട് പറ തിരുമ്മിത്തരാൻ…” “ഇനി ആ കടുവേടെ വായിൽ ചെന്നു കേറാത്തേന്റെ കുഴപ്പം കൂടിയേ ഉള്ളൂ…. എന്തു പറ്റിയതാന്ന് അറിയില്ല കുറച്ചു മുൻപ് മനുഷ്യനായി പെരുമാറിയത്….” “കടുവയോ…”അവനിതു കേൾക്കണ്ട…. “ഇവിടെ ക്യാമറ ഒന്നുമില്ലല്ലോ ഇപ്പൊ കേൾക്കാൻ….”എന്ന് പറഞ്ഞു നിർത്തിയതും മുന്നിൽ ജോണി…അവളെ ദഹിപ്പിക്കും ഭാവത്തിൽ ഒന്ന് നോക്കി.. ആ കണ്ണുകളെ നേരിടാൻ കഴിയാതെ നേഹ തല താഴ്ത്തി…. താൻ പറഞ്ഞതൊക്കെ ജോണി കേട്ടുവെന്നു നേഹയ്ക്ക്
ബോധ്യമായി……..
(തുടരും )