20/04/2026

സ്നേഹാംബരം : ഭാഗം 13

രചന – ശ്രീതു ശ്രീ

സ്കൂളിൽ നിന്നുള്ള മടക്കയാത്രയിൽ നേഹയുടെ മനസ്സ് ജോണിയെക്കുറിച്ചുള്ള ചിന്തകളിൽ മാത്രമായി ചുരുങ്ങി… വീട്ടിൽ അവനെന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ അന്നമ്മയ്ക്ക് അധികമൊന്നും ചെയ്യാൻ കഴിയില്ലെന്ന് അവൾക്ക് ബോധ്യമുണ്ട്….. നേഹ കഴിയുന്നതും വേഗത്തിൽ തന്നെ വണ്ടി ഓടിച്ചു….. വീട്ടിലെത്തിയതും വണ്ടിയിൽ നിന്ന് സാധനങ്ങൾ പോലും എടുക്കാതെ അവളവന്റെ അടുത്തേയ്ക്ക് ഓടി…. “ജോണിച്ചായോ…എന്നാ എടുക്കുവാ…. “താൻ പെട്ടെന്നിങ്ങു പോന്നോ “മ്മ്….വണ്ടിയിൽ അല്ലായിരുന്നോ…. ഇച്ചായന് ടോയ്‌ലെറ്റിൽ പോകണ്ടേ…. കുറെ നേരായല്ലോ… എഴുന്നേക്ക്… “ഇപ്പൊ വേണ്ട… കുറച്ചൂടെ കഴിയട്ടെ…. “എങ്കിൽ ഞാൻ കുളിക്കാന് വെള്ളം ചൂടാക്കാം….. “ഓ… ചൂടുവെള്ളം ഒന്നും വേണ്ടെടോ …. “പിന്നെ… അത് ഞാൻ തീരുമാനിച്ചോളാം… ദേഹത്ത് വേദനയൊക്കെ ഉണ്ടേല് മാറട്ടെ…. നാളെ ഹോസ്പിറ്റലിൽ പോകാനുള്ളതാ….. നേഹ പോയി സാരിയൊക്കെ മാറി ഒരു പഴയ ചുരിദാറും ധരിച്ച് താൻ തലയിൽ തേക്കുന്ന എണ്ണ കുറച്ചു കൈവെള്ളയിൽ എടുത്തുകൊണ്ട് വന്നു…..

അത് കണ്ടയുടൻ ജോണി പറഞ്ഞു : “എനിക്കെണ്ണയൊന്നും വേണ്ട… “ഞാനിപ്പൊ എടുത്തു പോയില്ലേ.. ഇന്നത്തേക്ക് ഒന്ന് തേയ്ക്ക്…. ഞാനാണേൽ കുളിക്കുകേം ചെയ്തു…. അല്ലെങ്കിൽ എന്റെ തലേൽ തേച്ചേനെ.വെറുതെ കളയുന്നത് എന്തിനാ?…. ജോണി പിന്നെ എതിർത്തില്ല…. അവൾ പതിയെ അവന്റെ തലയിൽ തേച്ചുകൊടുത്തു…അത് കഴിഞ്ഞു പോയി വൃത്തിയുള്ള ഒന്നുരണ്ട് പ്ലാസ്റ്റിക് കവറെടുത്തു കൊണ്ടുവന്ന് അവന്റെ മുറിവുകൾക്ക് മേലെ അത്‌ നനയാതിരിക്കാൻ കെട്ടിക്കൊടുത്തു…. അവളുടെ ഓരോ പ്രവൃത്തിയും ജോണിയുടെ മനസ്സിൽ അവളോടുള്ള അനിഷ്ടം കുറച്ചു കൊണ്ടുവന്നു….പതിയെ അവൻ അറിയാതൊരു സ്നേഹാംബരത്തിൽ പാറിപറക്കാൻ തുടങ്ങുകയായിരുന്നു……. എങ്കിലും ഏതോ സംശയ മേഘങ്ങൾ ഓർമ്മകാറ്റിൽ അവനിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നത് തുടർന്നു….

ലിന്റ ഏല്പിച്ച മുറിവുകൾ അവന്റെ മനസ്സിൽ നിന്നും മായാൻ തുടങ്ങുകയായിരുന്നിരിക്കണം …അവളുടെ സ്വഭാവങ്ങൾ തന്നെ ആകണം അവനെ നേഹയിൽ നിന്നും അകറ്റി നിർത്തുന്നതും… നേഹയോട് ഉള്ള് തുറന്ന് എന്തെങ്കിലും പറയണം എന്ന് മനസ്സിൽ കണക്കു കൂട്ടിയെങ്കിലും അവളെ കാണുമ്പോൾ എന്തിനൊ മനസ്സിൽ വല്ലാത്തൊരു ഗൗരവം നിറഞ്ഞുപോകുന്നുവെന്ന് അവനോർത്തു……. നേഹയുടെ തോളിൽ ചാരി അവൻ മെല്ലെ ബാത്‌റൂമിലേക്ക് കയറി…. പക്ഷെ അവൾക്ക് മുന്നിൽ നിന്ന് കുളിക്കില്ലെന്ന് ആദ്യമെ ജോണി തീരുമാനിച്ചിരുന്നു… അതുകൊണ്ട് തന്നെ ബാത്‌റൂമിൽ കയറി നേഹ ഇട്ടുകൊടുത്ത ഒരു കസേരയിൽ ഇരുന്ന ശേഷം അവളോട് സോപ്പും തോർത്തുമൊക്കെ കയ്യെത്തുന്നിടത്തു വച്ചിട്ട് പൊയ്ക്കോളാൻ ജോണി പറഞ്ഞു…

നേഹയും അവനെ നിർബന്ധിക്കാനൊന്നും നിന്നില്ല… തുണി അലക്കാനായി അവൾ മുറ്റത്തേക്ക് പോയി… തുണി അലക്കുന്നതിനിടയിൽ നേരത്തെ ഒരിക്കൽ ജോണിയുടെ തുണി അലക്കിയതിനു അവന്റെ വായിൽ നിന്ന് കേട്ടതൊക്കെ അവൾ ഓർക്കാതിരുന്നില്ല…. അലക്കുന്നതിനിടയിൽ അന്നമ്മ അവളോട് ജോണി വിളിക്കുന്നുവെന്ന് അറിയിച്ചു… കേൾക്കേണ്ട താമസം അവളോടി അവന്റെ അരികിലെത്തി…. പഴയത് പോലെ കട്ടിലിൽ തിരികെ എത്തിക്കുമ്പോളും ജോണിയൊന്നും പറഞ്ഞില്ല…..നേഹയും അവനിൽ നിന്നൊന്നും പ്രതീക്ഷിച്ചതും ഇല്ല… പക്ഷെ ചിലപ്പോഴൊക്കെ സ്നേഹിച്ചാലോ എന്നവൾ ഓർക്കാറുണ്ട്…. പക്ഷെ ആ സമയമൊക്കെയും റോഷന്റെ ഓർമ്മകൾ വന്നവളെ പുണരും…..ആ മുഖമുള്ളിൽ തെളിയുമ്പോൾ ജോണിയെ തനിയെ മറക്കും….

എങ്കിലും ജോണിയോട് അവൾക്ക് ഇടയ്ക്കൊക്കെ തോന്നിയിരുന്ന ദേഷ്യമൊന്നും ഇപ്പോഴില്ല എന്നത് സത്യം തന്നെ….. ഉച്ചയ്ക്ക് കുട്ടികളും ജിനുവും മോനച്ചനും വീട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് ബാക്കിയെല്ലാവരിലും ഒരു സന്തോഷമില്ലായ്മ ഉടലെടുത്തിരുന്നു… അന്നമ്മ യ്ക്ക് കൃത്യസമയമൊന്നും ആഹാരത്തിന്റെ കാര്യത്തിൽ ഇല്ലായിരുന്നു… ജോണിക്ക്‌ കഴിഞ്ഞ ദിവസത്തെ പോലെ തന്നെ അവൾ ചോറ് വാരി തന്നെ കൊടുത്തു… അപ്പോഴും ജോണി തന്റെ കൈകൊണ്ട് ചോറ് കഴിക്കുന്നത് , അവന്റെ ഗതികേട് കൊണ്ട് മാത്രം ആണെന്ന് നേഹയ്ക്ക് ഉറപ്പായിരുന്നു….

എങ്കിലും തന്റെ ഉള്ളിലുള്ള ചിന്തകളുടെ പ്രതിഫലനമൊന്നും അവളുടെ മുഖത്ത് പ്രകടമായിരുന്നില്ല…. ചോറ് കൊണ്ടുവച്ചപ്പോൾ വഴിപാടെന്ന പോലെ നടത്തിയ ഒന്നു രണ്ടു സംഭാഷണത്തിന് ശേഷം ഇരുവരും ഓരോ നിമിഷവും പലതും പറയാൻ ആഗ്രഹിച്ചെങ്കിലും ഒന്നും കുറേനേരത്തേക്ക് ശബ്ദരൂപം പ്രാപിച്ചില്ല….ഒടുവിൽ നേഹ തന്നെ നാവ് ഒന്നു ചലിപ്പിച്ചു… “ചോറ് കുറച്ചൂടെ എടുക്കട്ടെ..? ഉള്ളിൽ വേണമെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും നാവിൽ നിന്നും വന്നത് “വേണ്ട…..”എന്നായിരുന്നു….. “ഇയാള് കഴിക്കുന്നില്ലേ…? “ഞാൻ കഴിക്കാം… “അമ്മച്ചി ഇപ്പഴേ കഴിക്കില്ലായിരിക്കും… താൻ അമ്മച്ചിയെ നോക്കി ഇരിക്കണ്ട…. പിന്നെ… , റോഹനും ജനിയും എങ്ങനാ വരുന്നത്…. താൻ വിളിക്കാൻ പോകുമോ…? “ഞാൻ പോണില്ല…. അവര് സ്കൂൾ ബസ്സിൽ വന്നോളും… ജോണിക്ക്‌ പിന്നെ അവളോടൊന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല….

പക്ഷെ നേഹയുടെ മനസ്സിൽ പറയാൻ പലതും ഉയർന്നു വന്നപ്പോളേക്കും ജോണി അവളോട് പോയി കഴിച്ചോളാൻ പറഞ്ഞു… കഴിക്കാൻ ചോറും കറികളുമൊക്കെ വിളമ്പിയെങ്കിലും പകുതി പോലും കഴിക്കാൻ അവൾക്ക് കഴിഞ്ഞില്ല…. ഒറ്റയ്ക്കിരുന്നു കഴിക്കുന്നതിൽ അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി….ജോണിയുടെ വീട്ടിൽ വന്നനാൾ മുതൽ ആരെങ്കിലും അവൾക്കൊപ്പം കഴിക്കാൻ ഉണ്ടായിരുന്നു.. ഇപ്പോൾ ജിനു കോളേജിലും കുട്ടികൾ സ്കൂളിലും മോനച്ചൻ മറ്റെവിടെയോ പോയിരിക്കുന്നു…… കഴിക്കാനെടുത്ത ചോറ് മുഴുവൻ അവൾ കൂട്ടിൽ കിടന്ന ചിക്കുവിന്റെ പാത്രത്തിൽ ഇട്ടുകൊടുത്തു….. പാത്രങ്ങളൊക്കെ കഴുകി അടുക്കള തൂത്തുവാരിക്കൊണ്ടിരിക്കുമ്പോൾ ആണ് അവളുടെ ഫോൺ ശബ്ദിച്ചത്…..

നേഹ ഓടിച്ചെന്നു ഹാളിലെ ടിവി സ്റ്റാന്റിൽ ഇരുന്ന ഫോൺ എടുത്തപ്പോൾ അവളുടെ അച്ഛൻ ആന്റണി ആണ്….. “ഹലോ… അപ്പച്ചാ…ഉച്ചയ്‌ക്കെന്നാ കഴിച്ചു…?” “ഞാനിപ്പൊ നിന്നെ വിളിച്ചത് ഒരു അത്യാവശ്യകാര്യം പറയാനാ…. അവനെന്തിയെ നിന്റെ അടുത്തെങ്ങാനും ഉണ്ടോ….?” “ഇച്ചായൻ മുറിയിലാ…ഞാൻ കൊടുക്കണോ….?” “ഹേയ്… അതൊന്നും വേണ്ട… ഞാൻ വിളിച്ചത്…. മോള് വിഷമിക്കുക ഒന്നും വേണ്ട…. നമുക്കെല്ലാം ശരിയാക്കാം….” “അപ്പച്ചൻ ഇങ്ങനെ അറ്റവും മൂലയും പറയാതെ കാര്യമെന്താന്ന് വച്ചാൽ തെളിച്ചു പറ….” “ജോണിയുടെ നേരത്തത്തെ ഭാര്യയില്ലേ… ജനിമോളുടെ അമ്മ…. അവളിന്ന് എന്നെ കാണാൻ വന്നിരുന്നു…”

“ആര്…. ലിന്റയോ….?” “ആ… അങ്ങനാണെന്ന് തോന്നുന്നു ആ കൊച്ച് പേര് പറഞ്ഞത്….” “അവളിപ്പൊ അപ്പച്ചനെ കാണാൻ വന്നത് എന്തിനാ…?” “അത് …. നിന്നെയും മോനെയും തിരികെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവരണമെന്ന് പറയാൻ….. അവൾക്കിനി ജോണിയുടെ കൂടെ ജീവിക്കണം പോലും… പിന്നെ അവള്ടെ മകളെ സ്നേഹിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല…അതൊക്കെ നടത്താനായി അവൾക്ക് വേണ്ടി നീയും മകനും ജോണിയെ ഉപേക്ഷിക്കണം എന്നു പറഞ്ഞു…… ഇല്ലെങ്കിൽ ജോണിയെക്കൊണ്ട് നിങ്ങളെ രണ്ടിനേം അവിടുന്ന് ഇറക്കിവിടുമെന്നൊക്കെയാ ആ കൊച്ചിവിടുന്ന് പറഞ്ഞിട്ട് പോയത്…. ഞാനിപ്പൊ എന്താ മോളേ ചെയ്യുക..?” എല്ലാം കേട്ടപ്പോൾ നേഹയ്ക്ക് നെഞ്ചാകെ നീറിപ്പുകഞ്ഞു…. പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടാൻ പോകുന്നതിന്റെ വേദന അവളെ പൊതിഞ്ഞു….. കണ്ണിൽ നീർതുള്ളികൾ ഒരു പാടപോലെ കാഴ്ചയിൽ തടസങ്ങൾ തീർത്തു…

“ഞാൻ പിന്നെ വിളിക്കാം അപ്പച്ചാ….” അവൾ ഫോൺ കട്ടാക്കി….. അവളുടെ ശബ്ദമിടറിയത് അയാൾ ഒരു മരവിപ്പോടെ മനസിലാക്കി….. പിന്നീടുള്ള നേഹയുടെ ഓരോ പ്രവൃത്തികളും യന്ത്രികമെന്നോണം ആണ് നടന്നത്…. തനിക്ക് നാളെ ഈ വീടും വീട്ടുകാരെയും ഒക്കെ നഷ്ടപെടുമല്ലോ എന്നോർത്തപ്പോൾ അവൾക്കുള്ളു പൊള്ളി… ജനിയുടെ പുഞ്ചിരിക്കുന്ന മുഖം നേഹയുടെ പതിഞ്ഞ കരച്ചിലിന്റെ താളം മുറുക്കി…. അവൾ തന്നെയാണല്ലോ ജീവിതത്തിൽ ആദ്യമായി അമ്മയായി കണ്ടത്… മാറോട് ചേർന്നുകിടന്നത്…. വഴക്ക് കൂടിയത്…. നാളെ ഞാൻ അവൾക്കമ്മയല്ലാതായി തീരും…… റോഹനോ…? അവന്റെ ഉള്ളിൽ സ്വന്തം പപ്പയായി ഇപ്പോൾ മുദ്രകുത്തി കൊടുത്തിരിക്കുന്നത് ജോണിയുടെ മുഖവും പേരുമാണ്…. ജോണിയെ കെട്ടുന്നതിനു മുൻപ് റോഷനാണ് നിന്റെ പപ്പയെന്നും… ഒരിക്കൽ കളിപ്പാട്ടങ്ങളും കൊണ്ട് ജോലി സ്ഥലത്ത് നിന്നും നിന്നെ കാണാൻ വരുമെന്നും പറഞ്ഞു മോഹിപ്പിച്ചിരുന്നു…. പക്ഷെ ജോണിയെ കെട്ടാൻ തീരുമാനിച്ചത് മുതൽ റോഷനെന്നത് ജോണിയുടെ മറ്റൊരു പേരായി തെറ്റിദ്ധരിപ്പിച്ച് അവന്റെ സ്വന്തം പപ്പയായി ജോണിയെ കാട്ടിക്കൊടുത്തു…. ഇനിയെന്ത് കള്ളങ്ങൾ പറഞ്ഞാലാണ് ഇതൊക്കെ മായ്ക്കാൻ കഴിയുക….?? രണ്ടുകൈക്കുള്ളിലും മുഖം ചേർത്തവൾ വിങ്ങിപ്പൊട്ടി….. (തുടരും )