16/04/2026

സ്നേഹാംബരം : ഭാഗം 07

രചന – ശ്രീതു ശ്രീ

“ജോണിച്ചായാ…. ആ കയ്യിങ്ങു തന്നേ… എന്നിട്ട്….പതുക്കെ നടന്നൊ….ഞാൻ കൂടുണ്ടല്ലോ…….” അവളുടെ വാക്കുകൾ ആ നേരത്ത് അവന് ആശ്വാസമായി തോന്നിയിരുന്നു…….അതിലുപരി അതിന് യാതൊരു മാനവും നൽകാൻ അവന്റെ ചിന്ത മുതിർന്നില്ല…… പക്ഷെ ഒരു സത്യം അവനിൽ നിന്നും അകന്നു നിന്നു…. ലിന്റയെപ്പോലെ ഇനി നേഹയാണ് തന്റെ കണ്ണുകൾ നിറയിപ്പിക്കുക എന്ന സത്യം!!! അവളുടെ തോളിൽ പിടിച്ചു ബാത്റൂമിൽ കയറി….അവനെ പിടിച്ചു നിർത്താൻ നേഹ നല്ലവണ്ണം പാട് പെട്ടിരുന്നു….. അവൾക്ക് അത്രയ്ക്കുള്ള ആരോഗ്യം മാത്രമെ ഉള്ളല്ലോ…..അത്‌ മനസിലാക്കിയാവണം ജോണിയും അവളിലേയ്ക്ക് കൂടുതൽ ഭാരം കൊടുക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു…… ക്ലോസെറ്റിനു സമീപം എത്തിച്ചപ്പോൾ ജോണി അവളോട്‌ “പുറത്തു നിന്നോളൂ… ഞാൻ പിന്നെ വിളിക്കാം “എന്ന് പറഞ്ഞു…. അവന്റെ വാക്കുകൾ ഒരിക്കലും തള്ളിക്കളഞ്ഞു ശീലമില്ലാത്തതിനാൽ അവളത് അനുസരിച്ചു….

അവന്റെ വിളിയെത്തുന്നതും കാത്തവൾ നിന്നു.. “നേഹാ…” വിളി കേട്ടതും അവളവന്റെ അടുത്തെത്തി….. അവളുടെ തോളിലൂടെ കയ്യിടുമ്പോൾ പോലും അവനവളുടെ മുഖത്തേയ്ക്കൊന്നു നോക്കിയില്ല….. കട്ടിലിൽ ഇരുന്നുകൊണ്ട് നേഹയുടെ തോളിൽ നിന്ന് കൈ വേർപ്പെടുത്തുമ്പോൾ കൈയിൽ കിടന്ന വാച്ച് അബദ്ധത്തിൽ അവളുടെ മുടിയിൽ കുരുങ്ങി….. അവൾക്ക് തല ഉയർത്താൻ കഴിഞ്ഞില്ല… അവന്റെ വലത്തെ കൈപ്പത്തിയിലും ഒരു മുറിവുള്ളതിനാൽ വിരലുൾപ്പെടെ കെട്ടി വച്ചിരിക്കയാണ്…. അതുകൊണ്ട് അവന് അവളെ സഹായിക്കാൻ ഒട്ടും കഴിഞ്ഞില്ല… “ഇവിടിരുന്നിട്ട് എടുക്കെടോ….”എന്നത് കേട്ടതും അവളവന്റെ ചാരത്തിരുന്നു…. അവൾ കുരുക്കഴിക്കും വരെയും ക്ഷമയോടെ ജോണി കാത്തിരുന്നു…..

എഴുന്നേൽക്കാൻ നേരം നേഹ ചോദിച്ചു : “ഇച്ചായന് ചോറെടുക്കട്ടെ…. ഉച്ചയായി…. “കുറച്ചു മതി…. അവന്റെ അനുമതി കിട്ടിയതും നേഹ സന്തോഷത്തോടെ അടുക്കളയിലേയ്ക്ക് പോയി…. ചോറും കറികളുമായി നടന്നു വരുമ്പോളും അത് ശ്രദ്ധയോടെ ടേബിളിൽ വച്ചിട്ടെന്തിനോ തിരിഞ്ഞു നടക്കുമ്പോളും അവന്റെ കണ്ണുകൾ എന്തിനൊ വെറുതെ അവൾക്ക് പിന്നാലെ സഞ്ചരിച്ചു….. അവഗണന കൊണ്ട് അകറ്റി നിർത്താൻ ശ്രമിച്ചു താനവളുടെ സ്നേഹത്തിനു മുന്നിൽ പരാജയപ്പെട്ടു പോവുകയാണോ എന്നവനൊന്ന് ചിന്തിച്ചു….. അതിന് പിന്നാലെ ചിന്തകളോരൊന്നും കുത്തൊഴുക്കിൽ പെട്ടെന്ന പോലെ അവന്റെ മനസിലേയ്ക്ക് അതിവേഗം പാഞ്ഞെത്തി……. ഇങ്ങനെയൊക്കെ പെരുമാറുമ്പോൾ സാധാരണ ഭാര്യമാർ ദേഷ്യം കാണിക്കേണ്ടത് ആണ്….

കുറഞ്ഞത് അങ്ങോട്ട് കാണിക്കുന്ന അവഗണന തിരിച്ചു കാണിക്കുക എങ്കിലും ചെയ്യും….. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്…. അല്ലാതെ എല്ലാം സഹിച്ചു പിടിച്ചുനിൽക്കാൻ ആരേലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിനവരെ പ്രേരിപ്പിക്കുന്നത് ഭർത്താവിനോടുള്ള സ്നേഹം ആയിരിക്കില്ല…. മറ്റെന്തെങ്കിലും കാരണം ആവും….. ഇവിടെ നേഹയും തന്നെ സഹിക്കുന്നത് ഒരിക്കലും താനെന്ന വ്യക്തിയോടുള്ള സ്നേഹം കൊണ്ടല്ല…മറ്റു പലകാരണങ്ങളും കൊണ്ടാണ്…. അവളുടെ വീട്ടിലെ സാഹചര്യവും റോഹന് ഒരു അച്ഛന്റെ കുറവും….അതിലുപരി അച്ഛന്റെ നിർബന്ധവും അത് തന്നെ ആണ് അവളിപ്പോൾ തന്നോട് കാണിക്കുന്ന മമതയ്ക്ക് പിന്നിൽ…… അതെത്ര നാൾ വരെ ഉണ്ടാകും…??? അറിയില്ല……കാര്യം കണ്ടു കഴിയുമ്പോൾ അവസാനം നേഹയും ലിന്റയെപ്പോലെ തന്നെ ഇട്ടേച്ച് പോകില്ലെന്ന് ഉറപ്പൊന്നുമില്ല…..

ഇനി അങ്ങനെ ഒന്നുണ്ടായാൽ പണ്ടത്തെ പോലെ ആരും കാണാതെ കരയേണ്ടിവരരുത്…..പക്ഷെ എന്റെ ജനിമോൾ…….. അവൾ അമ്മയായി കണ്ടിട്ടുള്ളതും സ്നേഹിച്ചതുമൊക്കെ നേഹയെ ആണ്….. നേഹാ…. നീയൊരിക്കലും പോവല്ലേ….എന്റെ കുഞ്ഞിനെയോർത്തു…. അവള്ടെ കണ്ണീര് എനിക്ക് കാണാൻ വയ്യ…അമ്മയില്ലെന്ന കാരണത്താൽ എന്റെ കുഞ്ഞിന്റെ ഒരു തുള്ളി കണ്ണീര് പോലും പൊഴിയില്ലെന്നു ലിന്റയെ ഒരിക്കൽ വെല്ലുവിളിച്ചതാണ്…….ഇല്ല… ആർക്ക് മുന്നിൽ തോറ്റാലും എനിക്ക് നിന്റെ മുന്നിൽ ജയിക്കണം ലിന്റാ…. അതിന് വേണ്ടി ഇനി നേഹയുടെ മുന്നിൽ നല്ല ഭർത്താവായി അഭിനയിക്കേണ്ടി വന്നാലും വേണ്ടില്ല….. “ജോണിച്ചായാ… ചോറ് കഴിക്കാൻ…. ഇപ്പൊ എങ്ങനാ…? അവളവന്റെ വലത് കൈയിലേയ്ക്ക് നോട്ടമെറിഞ്ഞുകൊണ്ട് ചോദിച്ചപ്പോൾ ആണ് ജോണി ചിന്തകളെ പാതിവഴിയിൽ ഉപേക്ഷിച്ച് യാഥാർദ്ധ്യത്തിലേയ്ക്ക് വന്നത്..

“ഒരു സ്പൂണിങ്ങു തന്നാൽ മതി… ഞാൻ ഇടത്തെ കൈകൊണ്ട് കഴിച്ചോളാം….അതിലെ വിരലിൽ ചെറിയൊരു മുറിവേയുള്ളു…… അവളുടനെ പോയി ഒരു സ്പൂൺ എടുത്തുകൊണ്ട് വന്നൂ……. അവന്റെ മുന്നിൽ ഇരുന്ന സ്ടൂളിൽ ഒരു പേപ്പർ ഇട്ടു… എന്നിട്ട് അതിന് മുകളിൽ എല്ലാം എടുത്തു നിരത്തി വച്ചു…. അവൾക്കിറങ്ങി പോയാലോ എന്ന ചിന്ത ഉണ്ടായെങ്കിലും ജോണിക്ക്‌ എന്തേലുമൊരു ആവശ്യം വന്നാലോ എന്നോർത്തപ്പോൾ അവളവിടെ കിടന്ന തുണികൾ മടക്കിക്കൊണ്ട് അവിടെ നിന്നു……. ജോണിക്ക്‌ നേഹയോട് എന്തെങ്കിലും ചോദിച്ചാലോ എന്ന് ഇടയ്ക്ക് തോന്നിയെങ്കിലും അതിനവൻ മുതിർന്നില്ല…..ഉള്ളിലിരുന്നാരോ തടയും പോലെ……. എന്നിട്ടും അവന്റെ കണ്ണുകൾ പലവട്ടം അവളെത്തേടിപ്പോയി…… തന്നിലേക്ക് ഇടയ്ക്കിടെ വന്നുപോകുന്ന മിഴികളെ അവൾ അലമാരയുടെ കണ്ണാടിയിലൂടെ കണ്ടു…..

തന്റെ നേരെ നിന്നു നോക്കുമ്പോളുള്ള പിണക്കമൊന്നും പതുങ്ങിയെത്തുന്ന കണ്ണുകളിൽ ഇല്ലെന്നത് അവളെ അമ്പരപ്പിച്ചു…… പക്ഷെ നേഹ ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല…… പ്ലേറ്റിൽ ശക്തിയായി സ്പൂൺ തട്ടിയതിന്റെ ശബ്ദം കേട്ടവൾ ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവനും ഒന്നവളെ നോക്കി….. “എന്തുപറ്റി ജോണിച്ചായാ….? “ഒന്നൂല്ല… “കഴിക്കാൻ ബുദ്ധിമുട്ടുണ്ട് … ല്ലേ….? “ഓ രണ്ടു ദിവസം കഴിയുമ്പോൾ ശീലമായിക്കോളും….. “ഇപ്പൊ….? അവൻ ദേഷ്യപ്പെടുമോ എന്ന ഭയം ഉള്ളിലുണ്ടെങ്കിലും ശബ്ദം കേട്ടത് എന്താണെന്ന് അറിയാനുള്ള ആഗ്രഹത്തിൽ അവളവന്റെ മുന്നിലേയ്ക്ക് വന്നു….. “ഞാനീ മീനിന്റെ മുള്ളൊന്നു കളയാൻ നോക്കിയതാ…. ഒരല്പം ചമ്മലോടെ ജോണി പറഞ്ഞു…….. അവന്റെ ശബ്ദത്തിൽ ഒരിടർച്ച ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസിലായപ്പോൾ അവൾക്ക് സങ്കടം തോന്നി….

“ഞാൻ എടുത്തു തരട്ടെ….? ജോണിക്ക് പെട്ടെന്ന് എന്തുപറയണമെന്ന് അറിയാതെ ഉഴറി…. ഒരേസമയം തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ……. അവളുടെ സഹായം തള്ളാതിരിക്കുന്നത് തന്നെ ആണ് നല്ലത്…. അതും സത്യത്തിൽ എനിക്ക് വേണ്ടിയല്ല…. എന്റെ മകൾക്ക് വേണ്ടി…..നേഹയെപ്പോലൊരു അമ്മയെ കിട്ടുന്നത് അവളുടെ ഭാഗ്യമാണ്…. അല്ലാതെ ഒരിക്കലും എനിക്ക് നേഹയെ സ്നേഹിക്കാൻ കഴിയില്ല……. സ്നേഹിക്കുന്നത് തന്നെ വെറുപ്പാണ്….. ജീവനോളം സ്നേഹിച്ച കുറ്റത്തിന് ഒരിക്കൽ ഹൃദയത്തിലേറ്റ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല…. “ജോണിച്ചായാ…. അവനൊന്നും മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ നേഹ അവനെ വിളിച്ചു…. “ങ്ഹാ… ഇയാള്…. വാക്കുകൾ കിട്ടാതെ ജോണി അവളെ നോക്കി…. അവൻ പറയാൻ ശ്രമിക്കുന്നത് എന്തെന്നു നേഹയ്ക്ക് ബോധ്യമായി…..

അവൾ കൈകഴുകിയിട്ട് അവന്റെ അരികിൽ വന്ന് ഇരുന്നു…. ചോറ് പാത്രം കയ്യിലെടുത്ത് മീനുകൂട്ടി ചോറുരുട്ടി അവന്റെ വായിലേയ്ക്ക് വച്ചുകൊടുക്കുമ്പോൾ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു…… ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല…. ഇടയ്ക്കിടെ കണ്ണിണകൾ കൂട്ടിമുട്ടുമ്പോൾ ഇരുഹൃദയങ്ങളും ഏതോ രഹസ്യം കൈമാറി…… ഇരുവരും തിരിച്ചറിയാത്തൊരു പ്രണയരഹസ്യം………. ചോറ് മുഴുവനും ജോണി കഴിച്ചു കഴിഞ്ഞപ്പോൾ നേഹയ്ക്ക് പതിവില്ലാത്ത സന്തോഷം തോന്നി…… അവന്റെ വായും കഴുകിച്ചു മരുന്നും കൊടുത്തു കട്ടിലിൽ കിടത്തിയ ശേഷമാണ് മുറിവിട്ടു പോയത്…. അടുക്കളയിൽ എത്തിയപ്പോൾ അന്നമ്മയ്‌ക്കൊപ്പം ജിൻസിയെ കണ്ട് അവൾ അമ്പരന്നു…. “നീയെപ്പോ വന്നൂ…? “ചാച്ചന് വയ്യെന്നറിഞ്ഞപ്പോൾ ക്ലാസ്സ്‌ കട്ട് ചെയ്തു വന്നതാ…കുറച്ചു നേരായി… ഞാൻ മുറിയിലോട്ട് വന്നാരുന്നു…. “എന്നിട്ടെന്താ നീയനങ്ങാതെ പോയത്….? “ഓ … അതൊ… ഞാനെന്തിനാ വെറുതെ കട്ടുറുമ്പാകുന്നത് എന്നോർത്തിങ്ങു പോന്നതാ…..”എന്നവൾ ചിരിയോടെ പറഞ്ഞപ്പോൾ നേഹയവളെ കൂർപ്പിച്ചൊന്നു നോക്കി….. (തുടരും )