18/04/2026

സ്നേഹാംബരം : ഭാഗം 04

രചന – ശ്രീതു ശ്രീ
സ്നേഹാംബരം Part :4

ജിൻസിയെ വിട്ടിട്ട് ജോണി പോകാനൊരുങ്ങി… അവൻ വഴക്ക് പറഞ്ഞതൊന്നും ജിൻസി കാര്യമാക്കിയിരുന്നില്ല…. അപ്പോൾ അവളുടെ സങ്കടം നേഹയോട് ജോണി കയർത്തു സംസാരിച്ചത് തന്നെ ആയിരുന്നു …. അതിനെതിരെ മിണ്ടാതിരിക്കാനും അവൾക്ക് കഴിഞ്ഞില്ല…… അവൾ ദേഷ്യത്തോടെ ജോണിക്ക്‌ നേരെ തന്റെ ശബ്ദയർത്തി…. “……”ഒന്നു നിന്നേ.. എന്തു പണിയാ നിങ്ങള് കാണിച്ചത്…? നേഹേച്ചി പാവം ആയിട്ടല്ലേ ചാച്ചൻ ഇങ്ങനൊക്കെ പെരുമാറുന്നത്…. ആ ലിന്റ ആയിരുന്നേലിപ്പോ വയറ് നിറച്ച് കിട്ടിയേനെ…. ആദ്യം പോയി ചാച്ചൻ സ്വന്തമായിട്ട് അങ്ങ് നന്നാവ്… എന്നിട്ട് എന്നെ വന്ന് നന്നാക്കിയാൽ മതി… ജിനൂ…നീയെന്താ ഇപ്പൊ…. അവളുടെ ദേഷ്യവും സങ്കടവും അവനെ സങ്കടത്തിലാക്കി… അവളങ്ങനെ ഇത് വരെ തന്റെ നേരെ നിന്ന് സംസാരിച്ചിട്ടില്ല…

ജോണി ആ സമയം എന്തു ചെയ്യണമെന്ന് അറിയാതെ നിന്നുപോയി…. അവളെ ശാസിക്കാൻ നാവ് തയാറായെങ്കിലും എന്തുകൊണ്ടോ മനസത് തടഞ്ഞു…. ജോണി അവിടെത്തന്നെ നിന്നു…. തെല്ലിട പോലും ചലിച്ചില്ല…. ജിൻസിക്ക് മനസ്സിൽ കൂട്ടിവച്ചതൊക്കെ പറഞ്ഞു തീർക്കാനുള്ള വ്യഗ്രത ആയിരുന്നു… അവൾ ദൃഢതയോടെ തുടർന്നു…: “കല്യാണം ഉറപ്പിച്ചപ്പോ തൊട്ട് ചാച്ചൻ ആ പാവത്തിനെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കുവാ… ഒന്നാമത്തെ കെട്ടായാലും രണ്ടാമത്തെ കെട്ടായാലും ഒരുപാട് സ്വപ്‌നങ്ങൾ കണ്ടുകൊണ്ടാണ് അവരാ ജീവിതത്തിലേയ്ക്ക് ചുവടു വയ്ക്കുന്നത് …. അതൊന്നും നശിപ്പിക്കരുത്…. എനിക്ക് ചാച്ചന്റെ അത്ര പക്വതയൊന്നും ഇല്ല… അനുഭവങ്ങളും ഇല്ല…. കാണുന്ന ഓരോന്ന് പറഞ്ഞൂന്നേയുള്ളു…. ” “നിന്റെ പറച്ചില് കേട്ടാൽ തോന്നും ഞാനവളെ ഇവിടിട്ട് ഉപദ്രവിക്കുവാന്ന്… ഇത്ര വേദനിക്കാനും മാത്രമൊന്നും ഞാൻ പറഞ്ഞിട്ടില്ല…

അവളോട് എല്ലാം പറഞ്ഞിട്ട് തന്നെയാ കെട്ടിയതും….എനിക്ക് സ്നേഹം വാരിക്കോരി കൊടുക്കാനൊട്ട് അറിയില്ല… അതിനൊട്ട് ആഗ്രഹവുമില്ല….. കൊടുത്തതിനൊക്കെ തിരിച്ച് കൊട്ടക്കണക്കിന് കിട്ടിയിട്ടുണ്ട്… ഇനിയെനിക്ക് വയ്യ…..”…… “എല്ലാരും നിങ്ങടെ പഴയ കെട്യോൾടെ സ്വഭാവമാണെന്ന ധാരണ ആദ്യമെ മാറ്റ്…. അവൾടെ കാര്യത്തിൽ ഞങ്ങൾക്കാർക്കും ഒരു അഭിപ്രായം പോലും പറയാൻ ചാച്ചൻ സമ്മതിക്കില്ലായിരുന്നല്ലോ… എന്നിട്ടെന്തായി….കാര്യം കണ്ടു കഴിഞ്ഞപ്പോ പൊടിയും തട്ടി അവള് അവള്ടെ പാട്ടിന് പോയി….” ………..”അതിന് നിനക്ക് നഷ്ടമൊന്നുമില്ലല്ലോ…. പോകുന്നവര് പോകും…. ഞാനാരെയും പിടിച്ചു കെട്ടിയിട്ടിട്ടൊന്നുമില്ല….”……… “അതെ… ഈ കണക്കിനാണേൽ താമസിക്കാതെ നേഹേച്ചിയും പോകും… അവരുടെ ഭർത്താവ് ഇത് വരെ വരാത്തതല്ലേ…

എന്നെങ്കിലും വന്ന് വിളിച്ചാൽ അവരിറങ്ങിപ്പോകും… അതിൽ സംശയമൊന്നും വേണ്ട…..”……. “പോയാലെനിക്ക് പുല്ലാ… ഒറ്റെയൊരുത്തിയെയും എനിക്ക് വിശ്വാസമില്ല….” …………”എന്നുവച്ചാൽ അമ്മച്ചിയെപ്പോലും വിശ്വാസമില്ലന്നല്ലേ… വേണ്ട… നിങ്ങളാരെയും വിശ്വസിക്കേണ്ട….ആരും പറയുന്നത് കേൾക്കുകേം വേണ്ട… ഇപ്പൊ എട്ടും പൊട്ടും തിരിയാത്തൊരു കൊച്ചുണ്ടല്ലോ…നാളെ അത്‌ വളരും…. അതെങ്കിലും ഓർമ വച്ചാൽ കൊള്ളാം….” ജിൻസി അവനെക്കടന്ന് അടുക്കളയിലേയ്ക്ക് പോയി….. ജോണി കുറച്ചു സമയം കൂടി അവിടെത്തന്നെ നിന്നു….. പിന്നവൻ വെളിയിലേക്കിറങ്ങി പുറത്തു കിടന്ന ഓട്ടോയിൽ കയറി ഇരുന്നു……. നേഹയും ജിൻസിയും അന്നമ്മയെ പറഞ്ഞു ടിവി യുടെ മുന്നിലേക്ക് വിട്ടിട്ട് അടുക്കളജോലികൾ ഏറ്റെടുത്തു…. റോഹനും ജനിയും കൂടി അടുക്കളയിലെത്തി.. “മമ്മാ… ജിനുവാന്റിയെ ഞങ്ങല് കൊണ്ടോട്ടെ കളിയ്ക്കാൻ….” “ഇപ്പൊ ഇവിടെ ഇത്തിരി പണിയുണ്ട്…

നിങ്ങള് രണ്ടാളും കൂടി കളിക്ക്… ഞാൻ പിന്നെ വരാം..” …………”നീ പൊയ്ക്കോടീ….ഇനി മാവരയ്ക്കാനൊക്കെ അല്ലെ ഉള്ളൂ… അത് ഞാൻ ചെയ്തോളാം….”…….. “മമ്മ പരഞ്ഞത് കേട്ടില്ലേ.. വാ….” ജനി വീണ്ടും വിളിച്ചു… “നിങ്ങടെ പപ്പയെന്തിയെ…. പോയി വിളിക്ക്…” “നാൻ നോക്കി… കണ്ടില്ല”………….. “ആ ഓട്ടോയില് കാണും…” “ആണോ…. പപ്പയെന്തിനാ അവിടെ പോയി ഇരിക്കുന്നത്….?” “അതോ… അടയിരിക്കാൻ പോയതായിരിക്കും … നിങ്ങള് ചെന്ന് ചോദിക്ക്…” ………..”വാ ജനിക്കുട്ടി… നമുക്ക് പപ്പേ വിളിച്ചോണ്ട് വരാമെ…” ജനിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ജോണിയുടെ അടുത്തേയ്ക്ക് പോയി.. “ഡി ജിനൂ… നീയെന്തിനാ ആവശ്യമില്ലാത്തതൊക്കെ പിള്ളേരോട് പറയുന്നത്… അവരിത് പോലെ ചെന്ന് ഇച്ചായനോട് പറയും….കുറച്ചു മുൻപല്ലേ കിട്ടിയത്… ഇനിം വേണോ…” “പറയുന്നെങ്കിൽ പറയട്ടെ…

എന്നോട് ചോദിക്കാൻ വന്നാൽ ഞാനും നല്ലത് പറയും… ” …………”ഇച്ചായനോട് പറയുന്നത് മാത്രമല്ല പ്രശ്നം… അവർക്കിപ്പോ നെല്ലും പതിരും തിരിച്ചറിയാൻ കഴിയാത്ത പ്രായമാ… മറ്റാരുടെയെങ്കിലും മുന്നിൽ വച്ചിത് പറഞ്ഞാലോ… പിള്ളാരെ ഇതൊക്കെ ആണോ പഠിപ്പിക്കുന്നത് എന്നല്ലേ അവരോർക്കുള്ളൂ…നമ്മള് മുതിർന്നവര് കുഞ്ഞുങ്ങൾ ഉള്ളപ്പോൾ സംസാരവും പ്രവൃത്തികളുമൊക്കെ ശ്രദ്ധിക്കണം…”…………. “മ്മ്… ഞാനിനി ശ്രദ്ധിക്കാം ചേച്ചി….” പണിയെല്ലാം തീർത്ത് മുറിയിലെത്തുമ്പോൾ കണ്ട കാഴ്ച അവളെ അമ്പരപ്പിച്ചു… ജോണിയ്ക്കൊപ്പം റോഹനും ജനിയും കളിയാണ്…. എന്താണ് സംഗതി എന്നറിയാൻ വാതിലിൽ തന്നെ കുറച്ചു നേരം നിന്നാലോ എന്ന് ആലോചിച്ച് അവളകത്തേക്ക് വച്ച കാൽ പിറകോട്ട് എടുത്തു… റോഹൻ കട്ടിലിൽ കിടക്കുന്ന ജോണിയുടെ നെഞ്ചിലാണ് ഇരിപ്പ്..

തൊട്ടടുത്തു തന്നെ ജനിയും ഇരിക്കുന്നു… റോഹൻ ഒരു തോർത്തെടുത്ത് ജോണിയുടെ കഴുത്തിലൂടെ ഇട്ട് അതിന്റെ രണ്ട് അറ്റവും കൂട്ടിപ്പിടിച്ചിരിക്കുന്നു…. “ജനീ… കുതിരയ്ക്ക് ശത്തി പോരാ… ഇച്ചിരി പുല്ലും കൂടി വായി വച്ച് കൊട്…. എന്നാലല്ലേ എനിച്ച് ദൂരെ പോവാം പറ്റൂ….” റോഹൻ പറഞ്ഞത് കേട്ടപ്പോൾ ജനി എന്തോ എടുക്കുന്നതായും വായിൽ വച്ചു കൊടുക്കുന്നതായും അഭിനയിച്ചു…. “ദാ കുതിരേ പുല്ല്…. നല്ല പച്ചയാനേ… എല്ലാം തിന്നണം.. അല്ലെ …. നാൻ നല്ല അടി അച്ചും…” ജോണി ആകട്ടെ അത്‌ അനുസരണയോടെ തിന്നുന്നതായും ഭാവിക്കുന്നു…. അവളത് നോക്കി കുറച്ചു സമയം കൂടി അവിടെ നിന്നുപോയി… അവളകത്തേയ്ക്ക് ചെന്നപ്പോൾ റോഹന്റെ വിളിയെത്തി… “മമ്മാ.. മമ്മയ്ക്ക് കുതിരെടെ പുറത്തു കേറണോ…? വാ… ഞാൻ കേറ്റാം….”

അത് കേട്ടപ്പോൾ നേഹയ്ക്ക് ചിരി വന്നു… കുതിര ആവശ്യത്തിലധികം എന്റെ മണ്ടേൽ കേറുന്നുണ്ട്…ഇനി അങ്ങോട്ട് പോയി തലവച്ചു കൊണ്ടുക്കുന്നതെന്തിനാ…? ആ മുറിയിൽ ആകെ രണ്ട് കട്ടിലാണ് ഉള്ളത് ഒന്ന് ചെറുതും മറ്റേത് വലുതും… വലുതിൽ ജോണിയും ചെറുതിൽ കുട്ടികളുമാണ് കിടക്കേണ്ടത്…. താൻ ഇന്ന് മുതൽ നിലത്തു പായ വിരിച്ചു കിടക്കേണ്ടി വരുമെന്നും ഓർത്തുകൊണ്ട് നേഹ കുട്ടികൾക്ക് കിടക്ക വിരിച്ചു…. നേഹ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ ജനിയാണ് പിന്നെ വിളിച്ചത്… “മമ്മാ.. പ്ലീശ്…. ഒന്നു വാ….” മണി പത്തായി രണ്ടാളും വന്നു കിടന്നേ…. “ഞങ്ങലിന്നു കുതിരെടെ കൂടാ കിടക്കുന്നെ… മമ്മേം വാ…” റോഹൻ ജോണിയുടെ നെഞ്ചിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു…. ജോണിയെ നോക്കിയപ്പോൾ അവൻ മുഖം തിരിച്ചു വച്ചിരിക്കയാണ്….അവന്റെ അനുമതി ഇല്ലാതെ എങ്ങനെ അവിടെ ചെന്നു കിടക്കും… എന്തായാലും കുട്ടികളവിടെ കിടക്കട്ടെ തനിക്കിവിടെ കിടക്കാമല്ലോ എന്ന ചിന്തയിൽ കുട്ടികളെ അവൾ പിന്നെ നിർബന്ധിച്ചില്ല…..

ലൈറ്റ് ഓഫാക്കി കട്ടിലിൽ കിടക്കാൻ തുടങ്ങിയപ്പോൾ റോഹൻ വീണ്ടും അവളെ അങ്ങോട്ട് വിളിച്ചു…. കൂടെ ജനിയും…. പക്ഷെ നേഹയ്ക്ക് ജോണി എന്തെങ്കിലും പറയുമോ എന്ന പേടി ഉള്ളിലുള്ളത് കൊണ്ട് കുട്ടികളോട് ദേഷ്യപ്പെട്ടു… “ഞാൻ വടിയെടുക്കണോ… പാതിരാത്രിക്ക് കിടന്നലയ്ക്കുന്നു… മിണ്ടാതെ അവിടെകിടന്ന് ഉറങ്ങാൻ നോക്ക്….” അത്‌ കേട്ടപ്പോൾ കുട്ടികൾ വായടച്ചെങ്കിലും ജോണിക്ക്‌ ദേഷ്യം വന്നു… “പിള്ളാരെ ഇട്ട് ചെലപ്പിക്കാതെ നിനക്കിവിടെ വന്നു കിടന്നൂടെ…?” പിന്നവൾ ഒന്നും പറയാതെ എഴുന്നേറ്റ് ജോണിയുടെ കട്ടിലിൽ ജനിയുടെ അടുത്തായി കിടന്നു… ജനിയാണ് നടുക്ക് കിടക്കുന്നത്…. ഇരുവശവും ജോണിയും നേഹയും ജോണിയുടെ നെഞ്ചിൽ റോഹനും കിടന്നു…..

രാവിലെ ഉണർന്നപ്പോളും റോഹൻ അവന്റെ നെഞ്ചിൽ തന്നെ കിടക്കുന്നത് നേഹ കണ്ടു… ആ കാഴ്ച അവളുടെ മനസ്സും കണ്ണും ഒരുപോലെ നിറച്ചു…. ആദ്യമായിട്ടാണ് അവനൊരു അച്ഛന്റെ സ്നേഹം അനുഭവിക്കുന്നത്…. തന്നോട് ജോണിച്ചായൻ ദേഷ്യം കാണിക്കുമെങ്കിലും അവനെ കാണുന്നത് സ്വന്തം മകനെപ്പോലെ തന്നെയാണ്…. എനിക്ക് ഒരു ഭർത്താവിന്റെ സ്നേഹം തന്നില്ലെങ്കിലും കുഴപ്പമില്ല… എന്റെ മകനൊരു അച്ഛന്റെ സ്നേഹം കിട്ടുമല്ലോ…അത് മതി…. അവരെ ഒന്നുകൂടെ നോക്കിയിട്ട് അവൾ അവിടെ നിന്നു എഴുന്നേറ്റു…. നേഹ കിടന്നത് ഭിത്തിയുടെ സൈഡിൽ ആയിരുന്നതിനാൽ അവൾ പതിയെ മറുവശത്തേയ്ക്ക് നീങ്ങി.. ഇറങ്ങാറായപ്പോൾ അറിയാതെ ജോണിയുടെ കാലിൽ നേഹ ചവിട്ടി…. അവൻ ഞെട്ടിയുണർന്നു… (തുടരും )