20/04/2026

സ്നേഹാംബരം : ഭാഗം 16

രചന – ശ്രീതു ശ്രീ

ജോണിയുടെ മനസ്സിൽ വീണു തുടങ്ങിയ വിള്ളലുകളുടെ വ്യാപ്തി അനുനിമിഷം കൂടി വന്നുകൊണ്ടിരുന്നു…….. പഴയതൊക്കെ മറന്ന് നേഹയെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും ജോണി ശ്രമിച്ചുകൊണ്ടിരുന്നതാണ് അതിനിടയിലേക്ക് ആണ് ഇങ്ങനെ ഒരു പ്രശ്നം ഇപ്പോൾ ഉദിച്ചു വരുന്നത്…… നേഹയുടെ ഉറക്കവും ആ സ്വപ്നം കവർന്നിരുന്നു…. റോഷനെ കണ്ടന്നുമുതൽ പിരിയും വരെയുള്ള പല നിമിഷങ്ങളും അവളുടെ ഓർമ്മയിൽ ഓടിയെത്തി…… പള്ളിയിലെ പെരുന്നാളിന് ഇടവകയിൽ ഉള്ളവർ ചേർന്നൊരു ഗാനമേള അവതരിപ്പിക്കാൻ തീരുമാനിച്ചു…….. അതിന് കീബോർഡ് വായിക്കുന്നതിന് കണ്ടെത്തിയ ആളായിരുന്നു റോഷൻ മാത്യു എന്ന താടിക്കാരൻ……… കൂട്ടുകാരികൾ പറഞ്ഞെപ്പഴോ വെറുതെ ആ താടിക്കാരനിൽ നേഹയുടെ ശ്രദ്ധ പതിഞ്ഞു…

പ്രാക്ടീസിനു പോകുമ്പോൾ പലപ്പോഴും അനുസരണയില്ലാത്ത മിഴികൾ അയാളെ തേടിച്ചെന്നു…… നേഹയെക്കാണുമ്പോൾ റോഷന്റെ കണ്ണുകളും അസാധാരണമായി തിളങ്ങുന്നുണ്ടെന്നും ആ തിളക്കം തന്നെ ആ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നതായും അവൾക്ക് തോന്നി…. അവർ കണ്ണിലൂടെ നിശബ്ദമായി ദിവസങ്ങളോളം സംസാരിച്ചു….. ആ നോട്ടങ്ങൾ ഇരുവരുടെയും ഉള്ളിലൊരു പ്രണയത്തിന്റെ പൂമൊട്ടായി ഇതൾ വിടർത്തിത്തുടങ്ങി……. പക്ഷെ അതൊക്കെ കൗമാരത്തിൽ തോന്നിയ വെറുമൊരു ഭ്രമം മാത്രമായിരുന്നുവെന്ന ബോധ്യത്തിൽ നേഹ എത്തിയത് കാലങ്ങൾ കഴിഞ്ഞാണ്….. പെരുന്നാളിന്റെ സമാപന ദിവസം റോഷൻ നേഹയോട് തന്റെ ഇഷ്ടം പറയാനെത്തി…. അവളപ്പോൾ പള്ളിപ്പറമ്പിലെ കടകളിൽ കയറിയിറങ്ങുന്ന തിരക്കിലായിരുന്നു….അവൾക്കൊപ്പം കൂട്ടുകാരികളും ഉണ്ടായിരുന്നു….

“ഹേയ്… നേഹാ…. നിനക്ക് ഈ കടകളിലുള്ളത് മുഴുവൻ വാങ്ങാൻ വല്ല ഉദ്ദേശവും ഉണ്ടോ…?? “ഉദ്ദേശമൊക്കെ ഉണ്ട്…. പക്ഷെ അപ്പച്ചൻ പിന്നെ എന്നെ വീട്ടിൽ കേറ്റില്ല….. അതുകൊണ്ട് ഞാനാ പ്രോഗ്രാമീന്ന് ക്വിറ്റ് ചെയ്യുവാ….” അവൾ ചിരിയോടെ പറഞ്ഞു…. “ഞാൻ വന്നത് എന്തിനാണെന്ന് അറിയാമോ…?” “അതിപ്പൊ എനിക്കെങ്ങനെ അറിയാം… എന്തായാലും പറഞ്ഞോളൂ….” അവൾക്കൊപ്പമുള്ള പെൺകുട്ടികൾ നിശബ്ദത പാലിച്ചു നിന്നു…..അവരെ റോഷനൊന്നു നോക്കി…. “ഞാൻ നേഹയോട് അല്പം സംസാരിച്ചോട്ടെ….? അവർക്ക് കാര്യം ഏകദേശം മനസിലായത് കൊണ്ട് കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവളുടെ അടുത്തുനിന്നും അല്പം മാറി നിന്നു….. അവരവളുടെ അടുത്തു നിന്നും പോയപ്പോളേക്കും റോഷന്റെ ഉള്ളിൽ ആകെയൊരു വെപ്രാളം നിറഞ്ഞു….. എങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് അവൻ ചോദിച്ചു…

“നേഹേ… ഞാൻ വീട്ടിൽ വന്ന് ചോദിച്ചാൽ തന്റെ അപ്പനെനിക്ക് നിന്നെ തരുമോ….? “അത്… ആ … എനിക്കറിഞ്ഞൂടാ….” അവൾ ഉള്ളിൽ നിന്നും തികട്ടിവന്ന നാണത്തോടെ തലകുനിച്ചു കൊണ്ട് പറഞ്ഞു…… “എങ്കിൽ ഞാനത് അദ്ദേഹത്തോട് ചോദിച്ചോളാം…. പിന്നെ… സോറീ…. ആദ്യം ചോദിക്കേണ്ടത്…. ഇതല്ലല്ലോ… അതാവട്ടെ ചോദിക്കാൻ വിട്ടുപോയി…. ചോദിക്കട്ടെ…??” “ഹ്മ്മ്…””അവൾ എന്തും കേൾക്കാൻ തയാറായിട്ട് ആണ് നിൽക്കുന്നത്……. “ഉത്തരം എന്തെന്ന് അറിയാം… എങ്കിലും ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിക്കുന്നെന്നേയുള്ളു……. ഒന്നു നിർത്തിയിട്ട് അവൻ തുടർന്നു…. “എനിക്ക് നേഹേ ഇഷ്ടാ…. തനിക്കൊപ്പം ജീവിക്കണമെന്നാ എന്റെ ആഗ്രഹം…. എന്നെ ഇഷ്ടായോ….?” “ഹ്മ്മ്…” വാക്കുകളെ കൂട്ടുപിടിക്കാതെ അവൾ തന്റെ സമ്മതം ചെറുചിരിയോടെ ഒരു മൂളലിൽ മാത്രം ഒതുക്കി ….

“ഞാനെന്നാ ഇപ്പൊ പോകട്ടെ….വീട്ടിൽ വരാം….. അടുത്ത പെരുന്നാളിന് നമുക്കൊരുമിച്ച് ഇവിടൊക്കെ കറങ്ങി നടക്കണം….. അല്ലെ?…..”അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അവൻ പറഞ്ഞു : പിന്നൊരു കാര്യം….. തനിക്ക് എത്ര മനോഹരമായ ശബ്ദമാണുള്ളത്… അതൊന്നു ഞാൻ കേട്ടെന്ന് കരുതി ഇപ്പൊ ഭൂമിയൊന്നും ഇടിഞ്ഞു വീഴില്ല…” “വീട്ടിൽ വന്നോളൂ… ബാക്കിയൊക്കെ അപ്പച്ചനുമായി സംസാരിച്ച് തീരുമാനിക്ക്… എനിക്ക് അങ്ങോട്ട് പറയാൻ പേടിയാ…..” “ഞാൻ പപ്പേം മമ്മിയേം കൂട്ടി വരാം…. നീയൊന്നും പറയണ്ട…. ഇപ്പൊ പറഞ്ഞില്ലേ ഇഷ്ടമാണെന്ന് അത് അതുപോലെ തന്നങ്ങു പറഞ്ഞാൽ മതി……” പിന്നീട് രണ്ടുമാസത്തോളം റോഷനെക്കുറിച്ചു യാതൊരു വിവരവും ഇല്ലായിരുന്നു…. ഓരോ ദിവസവും നേഹ പ്രതീക്ഷയോടെ തള്ളി നീക്കി….. ഇതിനിടയിൽ അവൾ ബി. കോം അവസാന സെമെസ്റ്റർ പരീക്ഷയും എഴുതിക്കഴിഞ്ഞു………

അപ്പോഴേയ്ക്കും റോഷൻ തിരികെ വന്നൂ…. പക്ഷെ അവന്റെ കൂടെ പപ്പയും മമ്മിയുമൊന്നും ഇല്ലായിരുന്നു….. ഒരു ഞായറാഴ്ച ദിവസം പ്രാർത്ഥനയൊക്കെ കഴിഞ്ഞ് പോകാനിറങ്ങിയപ്പോൾ റോഷൻ അവളെയും കൂട്ടി ഫാദറിന്റെ അടുത്ത് ചെന്നു…….. “ഇതാണ് അച്ചാ ഞാൻ പറഞ്ഞ കുട്ടി…. എങ്ങനെയെങ്കിലും ഞങ്ങളെ ഒന്നിപ്പിക്കണം….. നേഹയ്ക്ക് കാര്യമൊന്നും മനസിലായില്ല…… “കൊച്ചേ… നീയ് പുതുപ്പറമ്പിലെ ആന്റണീടെ മോളാ… ല്ലേ? “അതെ..,..” “പിന്നെ നിന്നെ വിളിച്ചുകൊണ്ട് വരാൻ പറഞ്ഞത് എന്തിനാന്ന് വച്ചാൽ…… ദേ ഈ കൊച്ചന്റെ വീട്ടില് നിങ്ങടെ കെട്ടിന് നല്ല എതിർപ്പുണ്ട്…….” അത് കേട്ടപ്പോൾ അവളുടെ മുഖം വാടി…. അത്‌ മനസിലാക്കി ഫാദർ തുടർന്നു……. “അവർക്കിഷ്ടമില്ലെന്നു വച്ച് ഇവൻ നിന്നെ ഉപേക്ഷിക്കില്ല……. എല്ലാം നമുക്ക് ശരിയാക്കാം……… ഞാൻ ആദ്യം ആന്റണിയോടൊന്നു സംസാരിക്കട്ടെ…….. നിനക്ക് സമ്മതമാണല്ലോ…..” അവൾ തലകുലുക്കി സമ്മതിച്ചു…….

അവളുടെ ചേട്ടൻ നോവിനും ആ സമയം ജോലി കിട്ടി….. അങ്ങനെ അവനെ ആദ്യം സമ്മതിപ്പിച്ചു… “എനിക്ക് കുഴപ്പമൊന്നുമില്ല അച്ചോ…… പിന്നെ… റോഷന്റെ വീട്ടിൽ എതിർപ്പുള്ളൊണ്ട് അപ്പച്ചൻ എന്തുപറയുമെന്ന് അറിയില്ല……ഞാനും അമ്മയും കൂടി പറഞ്ഞു നോക്കാം……എന്നാലും അച്ചൻ കൂടി പറയണം…..” ആന്റണിയെ പള്ളിയിൽ വച്ചു കണ്ടപ്പോൾ കല്യാണത്തിന് അദ്ദേഹം പറഞ്ഞു …….. പക്ഷെ ആന്റണിക്ക് നേഹയെ റോഷന് കൊടുക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു….. “അവന്റെ വീട്ടിൽ ഇഷ്ടമായിരുന്നേൽ ഞാനും സമ്മതിക്കാമായിരുന്നു….. ഈ വിവാഹം എന്ന് പറയുന്നത് രണ്ടു വ്യക്തികളുടെ കൂടിച്ചേരൽ മാത്രമല്ലല്ലോ അച്ചൊ… രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടിയല്ലേ…..?? ഇപ്പൊ ഒരു പ്രശ്നവും തോന്നില്ലായിരിക്കും…. നാളെ എന്തെങ്കിലും പ്രതിസന്ധികൾ വരുമ്പോളാകും ഇതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാകുന്നത്…… ഒന്നാമത് അവരുടെ കുടുംബം സാമ്പത്തികമായി ഞങ്ങളെക്കാൾ ഒരുപാട് മുന്നിലാ…. അതൊക്കെ നാളെ എന്റെ കുഞ്ഞിന് കരയാനുള്ള കാരണങ്ങളായി തീരരുത്…. അവനിപ്പോ ഉള്ള ജോലിയും അവരുടെ തന്നെ കമ്പനിയിൽ ആണെന്നല്ലേ പറഞ്ഞത്… ഇനി എന്റെ കൊച്ചിനെ കെട്ടിക്കഴിഞ്ഞാൽ അതും കാണില്ലല്ലോ….”

“അവന് ജോലി വേറെ എവിടേലും തരപ്പെടുത്താം….പിന്നെ കെട്ടൊക്കെ കഴിയുമ്പോൾ അവര് നേഹയെ സ്വീകരിച്ചോളും….റോഷൻ എന്നും അവക്കൊപ്പം അല്ലെ…..? പിന്നെന്താ പ്രശ്നം…..? “ഇതൊക്കെ നമ്മുടെ ഊഹങ്ങളല്ലേ…? നടന്നാൽ നടന്നു….” അയാൾ നിസംഗതയോടെ പറഞ്ഞു….. “കുട്ടികള് ഇത്രയ്ക്ക് സ്നേഹിച്ച സ്ഥിതിക്ക് അവരെ എങ്ങനാ സങ്കടപ്പെടുത്തുന്നത്….? റോഷൻ നല്ല സ്വഭാവമുള്ള പയ്യനുമാ….” ഫാദറിന്റെ നിർബന്ധത്തിനൊപ്പം നേഹ കൂടി വാശി കാണിക്കാൻ തുടങ്ങി… അതോടെ ആണ് ആന്റണി കെട്ട് നടത്താൻ തീരുമാനിച്ചത്…. നേഹയുടെ വീട്ടിൽ ആന്റണിക്കൊഴികെ മറ്റാർക്കും എതിർപ്പില്ലായിരുന്നു……അവളുടെ അമ്മയും സഹോദരൻ നോവിനും ഇരുവരെയും പിന്തുണച്ചു……. റോഷന്റെ വാക്കുകൾ അവന്റെ വീട്ടുകാർ ആരും കേട്ടില്ല എങ്കിലും അവന്റെ സ്വത്തെല്ലാം ഉപയോഗിക്കാനും കമ്പനിയിൽ ജോലി ചെയ്യുന്നതിനുമൊക്കെ അവകാശം അവന് തന്നെ കൊടുത്തിരുന്നു…. അവന്റെ വീട്ടിൽ നിന്നും ആരും വിവാഹത്തിന് എത്തിയതുമില്ല… നേഹയുടെ വീട്ടുകാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്…… അങ്ങനെ റോഷന്റെ രക്ഷിതാക്കൾക്കും ആന്റണിക്കും താല്പര്യമില്ലാതെ ആ വിവാഹം നടന്നു…… അവർ രണ്ടുപേരും വാടകയ്ക്കൊരു വീടെടുത്തു താമസവും തുടങ്ങി……പിന്നീട് റോഷൻ തന്നെ ആ വാടകവീട് സ്വന്തമാക്കി…. (തുടരും )