19/04/2026

സ്നേഹാംബരം : ഭാഗം 03

രചന – ശ്രീതു ശ്രീ

ജോണി ദേഷ്യത്തോടെ വന്ന് മേശ വലിച്ചു തുറന്നു… “ഡാ മോനേ…ഇങ്ങ് വാ ….നീയൊരു കാര്യം ചെയ്യണം…..”…..”കാര്യമങ്ങു പറഞ്ഞേര്….” അവന്റെ ശബ്ദത്തിൽ അല്പം ദേഷ്യം ഉണ്ടായിരുന്നു. അത് മനസിലായപ്പോൾ അവനോടു പറയണോ എന്ന് അവരൊന്നുകൂടി ആലോചിച്ചു…. “അമ്മച്ചി എന്തോന്നാ പറയാൻ വന്നത്…? “ഇത് ആ കൊച്ചിന്റെ കാലിലോട്ടൊന്നു തേച്ചു തിരുമ്മിക്കൊട്….” “പിന്നെ… ഇപ്പൊ അതിനാ നേരം….പൈപ്പ് പൊട്ടി വെള്ളം കുറെ പോയി… ആ കതകിനി ശരിയാക്കണം…. എന്നിട്ട് വേണം എനിക്ക് പുറത്തോട്ടൊന്നു പോകാൻ….ആവശ്യമുള്ളവര് തന്നെ അങ്ങ് തേച്ചാൽ മതി….കൈക്ക് കുഴപ്പമൊന്നുമില്ലല്ലോ….”

“ഞാൻ തേച്ചോളാമെന്നു പറഞ്ഞില്ലേ അമ്മച്ചി….. പിന്നെന്താ…. ” അവർ പിന്നൊന്നും പറയാൻ നിന്നില്ല..ജോണിയെ വീണ്ടുമൊന്നുകൂടി നോക്കിയെങ്കിലും അവൻ മേശയിൽ എന്തോ തിരയുന്ന തിരക്കിലായിരുന്നു… മുറിയിൽ നിന്ന് അന്നമ്മ പോയെന്ന് മനസിലായപ്പോൾ ജോണി ചെന്ന് വാതിലടച്ച് കുറ്റിയിട്ടു….തിരികെ വന്ന് നേഹയ്ക്ക് മുന്നിൽ നിന്നു. “നീയെന്തുവാ കുറച്ചു മുൻപ് പറഞ്ഞത്….?
ദേ… കടുവേന്നും പുലീന്നുമൊക്കെ ആരെയാണെന്ന് വച്ചാൽ പോയി വിളിച്ചോണം…. കേട്ടല്ലോ…”

നേഹയൊന്നും മിണ്ടിയില്ല….അവൾ തല കുനിച്ചു തന്നെ ഇരുന്നു…. അവൻ തുടർന്നു : “വയ്യാതെ കിടക്കുന്നത് കണ്ടപ്പോൾ സഹായിച്ചത് സ്നേഹം കൊണ്ടൊന്നുമല്ല… തന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആണെങ്കിലും ഞാനങ്ങനെ തന്നെ ചെയ്തേനെ….ഒരല്പം ദയ കാണിക്കുമ്പോൾ തലേക്കേറി നെരങ്ങാൻ വന്നാലുണ്ടല്ലോ… എനിക്ക് വേണ്ടാന്ന് വയ്ക്കാൻ മടിയൊന്നുമില്ല….. അതോർമ്മയിൽ വച്ചാൽ കൊള്ളാം….!” അവൻ ബാത്റൂമിൽ കയറി പൈപ്പും കതകിന്റെ കുറ്റിയുമൊക്കെ നന്നാക്കി..ആ സമയമത്രയും നേഹ വെറുതെ അവിടെത്തന്നെ ഇരുന്നു….അവൻ പറഞ്ഞതൊക്കെയും ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നതിനാൽ കാലിൽ തിരുമ്മാൻ പോലും അവൾ മറന്നുപോയി…

അവനിറങ്ങുന്ന ശബ്ദം കേട്ടപ്പോളാണ് അവൾ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നത്…. “എന്തോ നോക്കിയിരിക്കുവാ അതെടുത്തു തേച്ചുകൂടായിരുന്നോ…?ഒന്നും ചെയ്യാതെ കാലിന് ഉവ്വാവാണെന്ന് പറഞ്ഞ് ഇവിടിങ്ങനെ ഇരിക്കാനാണോ പ്ലാൻ…?” അവന്റെ ശാസന കേട്ടതും അവൾ കട്ടിലിലേയ്ക്ക് ഇരുന്നുകൊണ്ട് കസേരയിൽ കാൽ പോക്കിവച്ചു. തൈലത്തിന്റെ കുപ്പി തുറന്നവൾ കൈ വെള്ളയിലേയ്ക്ക് അല്പം ഒഴിച്ച് കാലിൽ തേയ്ക്കാൻ തുടങ്ങി….

വേദന ഉള്ളത് കൊണ്ട് അവൾ പതുക്കെ ആണ് കാലിൽ തിരുമ്മിയത്…. അത്‌ കണ്ടതും ജോണി അവൾക്കരികിലേയ്ക്ക് വന്നു…അതിങ്ങു താ എന്ന് പറഞ്ഞവൻ തൈലം വാങ്ങി…..നിലത്തേയ്ക്ക് മുട്ടുകുത്തി ഇരുന്ന് അവളുടെ കാല് പിടിച്ച് തിരുമ്മാൻ തുടങ്ങി.. അമർത്തി തിരുമ്മുമ്പോൾ വേദന കൊണ്ടവൾ കാൽ പിൻവലിക്കാൻ ശ്രമം നടത്തി…പക്ഷെ മറുകൈകൊണ്ട് മുറുക്കെ പിടിച്ച് ജോണി കാലൊന്നനക്കാൻ കൂടി അവളെ സമ്മതിച്ചില്ല….. അവനെത്തന്നെ അവൾ നോക്കിയിരുന്നുപോയി……

നേരത്തെ പറഞ്ഞത് ഭാര്യയെന്ന പരിഗണന പോലും പ്രതീക്ഷിക്കരുത് എന്നായിരുന്നു… പക്ഷെ ഇപ്പോഴീ കാണിക്കുന്നത് ആ പരിഗണന തന്നെയല്ലേ..? രാവിലത്തെ സങ്കടം റോഷിച്ചായനെ നഷ്ടപെട്ടത് ഓർത്തായിരുന്നു…. ജോണിച്ചായന് ഒരിക്കലും ആ സ്ഥാനത്തേയ്ക്ക് എത്താൻ കഴിയില്ലെന്നും ഉറപ്പിച്ചിരുന്നു…. പക്ഷെ ഇപ്പോൾ തോന്നുന്നത് തന്റെ ഊഹങ്ങൾ വെറും ഊഹങ്ങളായി തന്നെ അവശേഷിക്കുമോ എന്നാണ്……
ജോണി ഒരു ഉത്തരം കിട്ടാത്ത സമസ്യയായി അവളെ ചിന്തകളിലൂടെ വലച്ചു കൊണ്ടിരുന്നു…

കാല് തിരുമ്മിക്കഴിഞ്ഞ ശേഷം ഒരു വാക്കുപോലും പറയാതെ അവൻ എഴുന്നേറ്റു… അവളവന്റെ മുഖത്തേയ്ക്ക് നോക്കിയെങ്കിലും അവനതൊന്നും ശ്രദ്ധിച്ചില്ല….. അലമാരയിൽ നിന്ന് ഡ്രസ്സെടുത്ത് നനവുണ്ടായിരുന്ന ഷർട്ടും മുണ്ടും മാറ്റി പുറത്തേക്കിറങ്ങാൻ തുടങ്ങി..ഒരു ജീൻസിന്റെ പാന്റും കാക്കി ഷർട്ടുമായിരുന്നു അപ്പോഴത്തെ വേഷം…. ഓട്ടോയും കൊണ്ടു പോകാനുള്ള തയാറെടുപ്പാണെന്ന് നേഹയ്ക്ക് മനസിലായി….
ക്ലോക്കിൽ നോക്കിയപ്പോൾ പന്ത്രണ്ട് അര കഴിഞ്ഞു….ഇനി ഇപ്പോഴൊന്നും ജോണിച്ചായൻ വരില്ലായിരിക്കും… കഴിച്ചിട്ട് പോകാൻ പറയണോ…? ഒരു കാര്യവും നോക്കണ്ടാന്ന് പറഞ്ഞിട്ടുണ്ട്… എന്നാലും…?ചിലപ്പോൾ വായിലിരിക്കുന്നത് കേട്ടെന്നിരിക്കും… അതിൽ കൂടുതൽ ഒന്നുമില്ലല്ലോ….എന്തായാലും ചോദിക്കാം……

അവൻ വാതിൽക്കൽ എത്താറായിരുന്നു… “ഇച്ചായാ…കഴിച്ചിട്ട് പൊയ്ക്കൂടേ… ഉച്ചയാവുന്നല്ലോ…. ഇനി..” അവനത് കേട്ടതായി പോലും ഭാവിക്കാതെ ഇറങ്ങിപ്പോയി….. പുറത്ത് കിടന്ന ഓട്ടോ സ്റ്റാർട്ട് ചെയ്യുന്നതും അത് അകലേയ്ക്ക് പോകുന്നതും അതിന്റെ ശബ്ദ വ്യതിയാനത്തിലൂടെ അവൾ മനസിലാക്കി…. നേഹ പതിയെ മുറിക്ക് പുറത്തിറങ്ങി ജിൻസിയുടെ മുറിയിലേയ്ക്ക് നടന്നു…. കാലിൽ ചെറിയ വേദനയെ ഇപ്പോഴുള്ളു… ജോണിയെ ആദ്യമായി അവൾ സ്നേഹത്തോടെ ഓർത്തുപോയി……. ഇതുവരെയും ഉണ്ടായിരുന്ന ദേഷ്യമൊക്കെയും ഏതോ കാർമുകിലായി അവൾക്കുള്ളിൽ പെയ്തൊഴിഞ്ഞുപോയി… അവളെക്കണ്ടതും റോഹൻ കട്ടിലിൽ നിന്ന് ചാടിയിറങ്ങി…അവന് പിറകെ ജനിയും…. “മമ്മേടെ വേദന മാറിയോ…. ”

റോഹൻ വന്നവളുടെ കൈക്ക് പിടിച്ചു…. ജനി പക്ഷെ ഇറങ്ങിയിടത്തു തന്നെ നിന്നതേയുള്ളു….തന്റെ അടുത്തേയ്ക്ക് വരണോ വേണ്ടയോ എന്നാവാം അവൾ ചിന്തിക്കുന്നത് എന്ന് നേഹയ്ക്ക് തോന്നി… “ജനി മോളും ഇങ്ങ് വന്നേ… മമ്മെ ഒന്നു പിടിച്ചു സഹായിച്ചേ”…. അത്‌ കേൾക്കേണ്ട താമസം ചിരിയോടെ അവളോടിവന്നു നേഹയ്ക്ക് കൈനീട്ടി.. “കൈ പിച്ചാ മതിയോ…” ജനി അവളുടെ കൈക്ക് പിടിച്ചുകൊണ്ട് ചോദിച്ചു….. “മം… മതിയല്ലോ…”…..”ഞാൻ വല്യത് ആയിരുന്നെ മമ്മെ എടുത്തോണ്ട് വന്നേനെ… ” റോഹൻ ജനിയോട് പറഞ്ഞു… അവളും വിട്ടുകൊടുത്തില്ല…. “നാനും എടുക്കൂലോ…” തലകുലുക്കി നാക്ക് നീട്ടി കുസൃതിയോടെ ജനി റോഹനോട് പറഞ്ഞു…..

രണ്ടുപേരും വഴക്കാവുമെന്ന് തോന്നിയപ്പോൾ നേഹ പറഞ്ഞു : “നിങ്ങള് രണ്ടാളും എന്നെ എടുക്കണ്ട….ഞാൻ തന്നെ നടന്നോളാം….പ്രശ്നം തീർന്നല്ലോ….”….”എന്റെ പപ്പയ്ക്ക് മമ്മെ എടുക്കാൻ പറ്റൂലോ….” ഉടനെ ജനി റോഹനോട്‌ പറഞ്ഞു….. അത്‌ കേട്ടതും ജിൻസി ചിരിച്ചു… ” എപ്പൊ എടുത്തൂന്ന് ചോദിച്ചാ മതി..പിന്നെ ഇടുന്നത് മുറ്റത്തെ കിണറ്റിലായിരിക്കും…. “…..”ഡീ… എന്തുവാ ഇത്….?? ” കൂടുതലെന്തെങ്കിലും പറയുന്നതിന് മുൻപ് ജിൻസിയെ നേഹ വിലക്കി…. ഇരുവരും കുട്ടികൾക്കൊപ്പം ഇരുന്ന് കഥകളിലും കളികളിലും മുഴുകി…….. അപ്പോഴും നേഹയുടെ മനസ്സിൽ ചിന്തകൾ ഇടവേളയില്ലാതെ പൊഴിഞ്ഞു കൊണ്ടിരുന്നത്…..

ജനിയുടെ ഓരോ പെരുമാറ്റവും നേഹ പ്രത്യേകം ശ്രദ്ധിച്ചു….. വളരെ കുറച്ചു സമയം കൊണ്ടു തന്നെ അവൾ തന്നെ സ്വന്തം അമ്മയെപ്പോലെ കാണുന്നതിൽ നേഹയ്ക്ക് സന്തോഷം തോന്നി….. അവൾക്കിത് വരെ അച്ഛനും അമ്മയുമെല്ലാം ജോണി ആയിരുന്നല്ലോ… ആ സങ്കടമൊക്കെയാവാം ജോണിയിലെ ചിരി മായ്ച്ചത്….. അത് തിരിച്ചു പിടിക്കണം എന്നതാണല്ലോ ജിൻസി തനിക്ക് മുന്നിൽ വച്ചിരിക്കുന്ന നിർദ്ദേശം…അതിനി യാഥാർദ്ധ്യമാക്കണം…. പക്ഷെ ജോണിച്ചായന്റെ ഇപ്പോഴത്തെ നിലപാട് വച്ച് അതിന് കുറേക്കാലം പിടിക്കും…..

വൈകിട്ട് എല്ലാവരും അത്താഴം കഴിക്കാനിരുന്നു….. മോനച്ചൻ പതിവ് പോലെ അത്ര മദ്യപിച്ചിരുന്നില്ല…. അയാളും കുട്ടികളുടെ അടുത്ത് വന്നിരുന്നു….. ജനിയ്ക്ക് ചോറ് വാരിക്കൊടുത്തത് നേഹ തന്നെ ആയിരുന്നു……. റോഹൻ ഏതൊക്കെയോ വണ്ടികളെ സംബന്ധിച്ച കാര്യങ്ങൾ കഴിക്കുന്നതിനിടയിൽ ജോണിയോട് പറയുന്നുണ്ട്…. അപ്പോഴാണ് റോഹന്റെ വായിൽ നിന്ന് ഒരു ചോദ്യം അടർന്നു വീണത്….. “പപ്പ മമ്മെ എടുത്തു കിണറ്റിലിടുമോ…?” അതുകേട്ടെല്ലാവരും ഞെട്ടി…….

റോഹനപ്പോളും ജോണിയെത്തന്നെ നോക്കി ഇരിക്കുവാണ്…. ജോണി ആകെ വല്ലാതായി…. അവൻ നേഹയെ ഒന്നുനോക്കി ….അവളുടെ മുഖത്തും ഒരു വിഷാദഭാവം കൊടിയേറി…. ജിൻസി മാത്രം ഭയത്തോടെ ആണിരിക്കുന്നത്…. ജോണിയുടെ കയ്യിൽ നിന്ന് ഒരെണ്ണം ഉറപ്പയെന്ന് അവളൂഹിച്ചു…. “മോനോടിതാരാ പറഞ്ഞെ..?” റോഹൻ ജിൻസിയെ നോക്കി… അവൾ തലകുനിച്ചു……..ജോണിക്ക്‌ കാര്യം . മനസിലായി….. കഴിച്ചിട്ടാദ്യം എഴുന്നേറ്റത് ജോണി ആയിരുന്നു…. ജിൻസി പേടിയോടെ ആണെഴുന്നേറ്റത്..അന്നേരം തന്നെ അടുക്കളയിലേയ്ക്ക് പോവുകയും ചെയ്തു….

അവൾ പാത്രം കഴുകുന്നതിനിടയിൽ ജോണി അടുക്കളയിലെത്തി ….. “ഡീ.. ജിനൂ… ഇങ്ങ് വന്നെ…” അവൾ നേഹയെക്കൂടി നോക്കി ” വരണേ ” എന്ന് പതുക്കെ പറഞ്ഞിട്ട് അവന്റെ അടുത്തേയ്ക്ക് പോയീ… “സോറീ ജോണിച്ചായ… ഞാനിനി അങ്ങനൊന്നും പറയില്ല…..”…..”ഇനി കൊച്ചു പിള്ളേരുടെ മുന്നിൽ വച്ച് ആവശ്യമില്ലാത്തത് വല്ലോം പറഞ്ഞാൽ… പിന്നെ ദേ ഈ കൈ ഞാൻ പിടിച്ചങ്ങു ഒടിക്കും…. പറഞ്ഞില്ലെന്നു വേണ്ട….” ജോണി അവളുടെ കൈ പിടിച്ചു തിരിച്ചു വച്ചിരിക്കയാണ്… ജിൻസിക്ക് വേദനിക്കുന്നും ഉണ്ട്…..

ഉടനെ നേഹ നേഹ ഓടിച്ചെന്ന് ജോണിയുടെ കൈക്ക് പിടിച്ചു….. “ഇച്ചായാ…. അവളെ വിട്ടെ… അബദ്ധത്തിൽ പറഞ്ഞു പോയതല്ലേ….?” “തന്നെ ഇപ്പൊ ആരാ ഇങ്ങോട്ട് വിളിച്ചത്… ഇത് ഞാനും അനിയത്തിയും തമ്മിലുള്ള പ്രശ്നമാ…. ഇതിലിടപെടാൻ നീയാരാ….?ആരാന്നാ ചോദിച്ചേ….?” അത്‌ കേട്ടതും അവന്റെ കയ്യിലെ പിടുത്തം ഷോക്കേറ്റെന്നപോലെ പെട്ടെന്ന് അവൾ വിട്ടു… അവന്റെ മുഖത്തേയ്ക്ക് നോക്കാനുള്ള ശക്തി പോലും അവൾക്ക് നഷ്ടമായി…. കണ്ണ് നിറയാതിരിക്കാൻ ശ്രമിച്ചു കൊണ്ടവൾ തിരിച്ചു നടന്നു.