രചന – ശ്രീതു ശ്രീ
ചിന്തകളുടെ ഭാരത്താൽ വീർപ്പുമുട്ടുന്ന മനസുമായി കണ്ണുകൾ മെല്ലെയടയ്ക്കുമ്പോൾ ജോണിയുടെ നെഞ്ചകം നീറിപ്പുകയുകയായിരുന്നു….. റോഷൻ വന്നു വിളിച്ചാൽ……. , നേഹയ്ക്ക് അവനൊപ്പം പോകണമെന്ന് തോന്നിയാൽ…… മനസ്സോടെ അല്ലെങ്കിലും ഒരെതിർപ്പ് പോലും പറയാതെ അവളെ അവളുടെ വഴിക്ക് ഈ ജോണി വിടും……. പോകുന്നെങ്കിൽ പോകട്ടെ… താൻ അവളെ തടയേണ്ട ഒരു കാര്യവുമില്ല….. ആ തീരുമാനം ശരിയാണോയെന്നു അവൻ വീണ്ടും വീണ്ടും ആലോചിച്ച് നോക്കി…. അതിൽ ഒരു മാറ്റവുമില്ല…. ജനിയെ സ്വയം വളർത്തും…. വീണ്ടുമൊരു പെണ്ണിനെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കില്ല…. ലിന്റെയ്ക്കൊട്ടു കുഞ്ഞിനെ കൊടുക്കത്തുമില്ല…….. വെറുതെ ആധി പിടിക്കാതെ റോഷൻ എവിടെയെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തണം….. അവനോട് ഇപ്പോഴത്തെ നിജസ്ഥിതി എന്താണെന്ന് ബോധ്യപ്പെടുത്തണം…. മനുഷ്യത്വമുള്ളവനാണെങ്കിൽ ഒരുപക്ഷേ നേഹയുടെ മുന്നിലേക്ക് വരാതെ തന്നെ സഹായിക്കും…. തന്റെ കുഞ്ഞിന്റെ അമ്മയായി അവളെ നിലനിർത്തും….. സംഭവിക്കാൻ പോകുന്നതൊന്നും നിശ്ചയമില്ല…… മെല്ലെ കണ്ണുതുറന്ന് അടുത്തുകിടക്കുന്ന നേഹയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അവന് സങ്കടം തോന്നി….
രണ്ടു ദിവസം കൊണ്ട് അവളെത്ര കോലം കെട്ടിരിക്കുന്നു……. അവനവളുടെ മുഖത്ത് മെല്ലെ തന്റെ കൈത്തലം കൊണ്ട് തഴുകി…. പിരിയാൻ വയ്യ പെണ്ണേ നിന്നെ…. ഈ മനസ്സാകെ നീ ഒരുപാട് വളർന്നു പന്തലിച്ചു പോയി…. അതിൽ നിന്നൊരു ശിഖരം പോലുമിനി വെട്ടിക്കളയാൻ വയ്യെനിക്ക്….. നിന്നോട് എല്ലാം തുറന്നു പറയണം എന്നുണ്ട്…. പക്ഷേ അതൊക്കെ നിനക്ക് താങ്ങാൻ കഴിയുമോ എന്ന് എനിക്കറിയില്ല……. അവന്റെ കൈ സ്പർശം അറിഞ്ഞിട്ടെന്നപോലെ അവൾ കണ്ണു തുറന്നു….. അവനെ മിഴിച്ചുനോക്കിക്കൊണ്ട് അവളങ്ങനെ കിടന്നു… “”എന്താടീ… നീയിങ്ങനെ….രണ്ടുദിവസം കൊണ്ട് വല്ലാതങ്ങ് കോലം കേട്ടല്ലോ പെണ്ണെ ….”” “”ഏയ്… എവിടുന്ന്… അതൊക്കെ ഇച്ചായന് വെറുതെ തോന്നുന്നതാ…..”” അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു…. പക്ഷെ ആ ചിരിക്ക് പിന്നിലും മിഴിവോടെ നിന്ന നോവിന്റെ അലകൾ ജോണി കാണുന്നുണ്ടായിരുന്നു….. അവൾ കട്ടിലിൽ നിന്നെഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ ജോണി അവളെ തന്റെ അരികിലേയ്ക്ക് തന്നെ പിടിച്ചു കിടത്തി…..
ഇപ്പൊ എങ്ങോട്ടും പോന്നില്ല…. മോളിവിടെ കിടന്നേ….. എന്നതാ ഇച്ചായ..,..? “”ഒന്നൂല്ല…. ചുമ്മാ…..””യെന്ന് അവനും ചിരിച്ചപ്പോൾ ആ ചിരിയുടെ ഓരം ചേർന്ന് കുഞ്ഞിക്കുസൃതി നിറഞ്ഞ ഭാവങ്ങളും അവനിൽ നിറഞ്ഞു….. ജോണി അവളെ നെഞ്ചോട് ചേർത്തു തന്നെ കിടത്തി…. ആ ഹൃദയത്തിന്റെ വേദന അവൾ അറിയുന്നുണ്ടായിരുന്നുവോ….? എന്തൊ ഓർത്തിട്ടെന്നപോലെ പോലെ നേഹ ജോണിയെ നോക്കി..””പിള്ളേരെന്തിയെ….?””എന്നു ചോദിച്ചു…. “””ഒള്ള രണ്ടെണ്ണം അപ്പറത്തെങ്ങാണ്ട് കാണും….ഇനിയും വേണേൽ…….”” മീശപിരിച്ചു കൊണ്ട് ഇടത്തെ കണ്ണൊന്നിറുക്കി പറയാൻ വന്ന വാക്യം പാതിവഴിയിൽ നിർത്തിയിട്ടവളെ നോക്കിയൊരു ചിരിയോടെ പുരികമുയർത്തിയപ്പോൾ നേഹ അവനെ കൂർപ്പിച്ചൊന്നു നോക്കി… എന്നിട്ട് തന്നെ ചുറ്റിപ്പിടിച്ചിരുന്ന അവന്റെ കൈ എടുത്ത് ജോണിയുടെ മേലേയ്ക്ക് തന്നെ ഇട്ടു….. മറു സൈഡിലേയ്ക്ക് തിരിഞ്ഞു കിടക്കുന്നതിനിടയിൽ പറഞ്ഞു : “””അവര് വല്ലൊം കഴിച്ചോന്നറിയാനാ ഞാൻ തിരക്കിയത്……അപ്പൊ പുന്നരോം കൊണ്ട് കെളവൻ വന്നേക്കുന്നു…””‘
“”കെളവനോ….ആര്?ഡീ…. എന്റെ വായീന്ന് വല്ലൊം കേൾക്കുമേ….”” അവളെടുത്തു മാറ്റിയ കൈകൊണ്ട് തന്നെ വീണ്ടുമവളെ തന്നോട് ചേർത്തു പിടിച്ചു…. “” ഞാനൊരു കാര്യം ചോദിക്കട്ടെ കൊച്ചേ….”” “”മ്മ്… എന്നതാ…??” “”അത്…. നിനക്കിനി എന്നെയും ജനിയെയും ഇട്ടേച്ച് പോകാൻ പറ്റുമോ…? “”അങ്ങനെ നേഹ പോന്നുണ്ടെങ്കിൽ അതീ ഭൂമിയിൽ നിന്നുതന്നെയുള്ള പോക്കായിരിക്കും… അതിലിനി യാതൊരു സംശയവുമില്ല……””” അവളും തന്റെ കൈവിരലുകൾ അവന്റെ കൈവിരലുകളിൽ കൊരുത്തു…….. “” അതൊന്നും ഇപ്പൊ നടക്കാൻ പോണില്ലന്നെ… എന്നെയും പിള്ളാരേം തനിച്ചാക്കി നിന്നെ അത്ര പെട്ടെന്നൊന്നും കർത്താവ് വിളിക്കില്ലന്നെ…. ” “”വേറെ ഒന്നിനെയങ്ങു കെട്ടണംന്നെ…”” അത് പറഞ്ഞു തീരും മുൻപെ ജോണി വിരലുകൾ കൊണ്ട് അവളുടെ ചുണ്ടിലൊരു തട്ടു കൊടുത്തു…… “”ആഹ്ഹ്……”” “”ദേ… ആവശ്യമില്ലാത്തത് പറഞ്ഞാലുണ്ടല്ലോ….നീയൊന്നും കണ്ടിട്ടില്ലാത്തൊരു മുഖം കൂടി ജോണിക്കുണ്ട്…..നീയല്ലാതെ ഇനിയൊരു പെണ്ണും ജോണിയുടെ ജീവിതത്തിൽ ഉണ്ടാവില്ല….എങ്ങോട്ടേലും പോണെന്നുണ്ടെങ്കിൽ പൊയ്ക്കോ…. ഞാൻ തടയാൻ വരില്ല….”” അവന്റെ ശബ്ദത്തിന്റെ ഭാവം മാറുന്നത് അറിഞ്ഞപ്പോൾ നേഹയ്ക്ക് വീണ്ടും സങ്കടമായി……
“”ചുമ്മാ വഴക്കിനു നിക്കാതിച്ചായാ…. എനിക്ക് ഉറക്കം വരുന്നു…..”” ചിണുങ്ങിക്കൊണ്ട് അവളതു പറഞ്ഞതോടെ ജോണിയൊന്നു ശാന്തനായി…… തന്റെ മുഖത്ത് മിഴികളൂന്നികിടന്നവളെ നെഞ്ചോരം ചേർത്ത് കിടത്തി…. “”ഇപ്പൊ ഉറങ്ങിക്കോ…. പക്ഷെ നാളെയെനിക്കീ മോന്ത കാണരുത്….. പഴയതുപോലെ ആയിക്കോണം….. പോകാനുള്ളവരൊക്കെ പോകും… വരാനുള്ളവരൊക്കെ വരും….. അതിങ്ങനെ അതിന്റെ മുറയ്ക്കനുസരിച്ച് നടന്നുകൊള്ളും……നാളെയും ഇങ്ങനെയെങ്ങാനും നടക്കാൻ പ്ലാനുണ്ടെങ്കിൽ ഞാനും ഇങ്ങനെയായിരിക്കില്ല കേട്ടോ……. മറുപടിയൊന്നും പറയാതെ അവളവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി….. ജോണി ഏറ്റെടുത്ത മാത്യുവിന്റെ വീട്ടിലെ വർക്ക് പുരോഗമിച്ചുകൊണ്ടിരുന്നു…. ആന്റണിയുടെ മരണം നടന്നതിനാൽ കുറച്ചുദിവസം ജോലിക്ക് ജോണി പോയിരുന്നില്ല…. ഒരു ഇടവേളയ്ക്ക് ശേഷം അന്ന് ചെന്നപ്പോൾ ജോണിയെ കണ്ടപ്പോൾ തന്നെ മാത്യു ഇറങ്ങിവന്നു….. “””” ഞാൻ വിളിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ജോണി… പിന്നെ ഓർത്തു ബുദ്ധിമുട്ടിക്കേണ്ട എന്ന്…””
“”‘അയ്യോ അതെന്താ സാറേ അങ്ങനെ….. എനിക്കൊരു ബുദ്ധിമുട്ടുമില്ല ഇവിടത്തെ കാര്യങ്ങളൊക്കെ ഞാൻ വന്നില്ലെങ്കിലും കൃത്യമായി തിരക്കുന്നുണ്ടായിരുന്നു…… ആ ജോലിയുടെ കാര്യത്തിൽ ഒന്നും എനിക്കൊരു പരാതിയുമില്ല എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് എനിക്കും അറിയാം…. അവരെല്ലാം അവരെല്ലാം ആത്മാർത്ഥമായി തന്നെ ജോലി ചെയ്യുന്നുണ്ട്… ഞാനെന്ന അപ്പച്ചന്റെ മരണം നടന്ന ദിവസം സാറിനെ പള്ളിയിൽ വച്ച് കണ്ടിരുന്നല്ലോ….. അവൻ ഓർത്തുകൊണ്ട് പറഞ്ഞു…. “””സാറിന്റെ കൂട്ടുകാരനണ് വല്ലതും ആയിരുന്നോ….. “”””കൂട്ടുകാരൻ അല്ല എങ്കിലും അറിയാം….. ജോണിയുടെ അമ്മായിഅച്ഛനാണ്….അല്ലേ..ഞാനതു പള്ളിയിൽ വച്ചു തന്നെ കണ്ടപ്പോളാണ് അറിഞ്ഞത്…..എന്ററിവിൽ തെറ്റൊന്നുമില്ലല്ലോ…….?? മാത്യു തന്റെ സ്വതസിദ്ധമായ ചിരിയോടെ ചോദിച്ചു….. “””ഏയ്… ഇല്ല സാറേ….. “””എത്ര നാളായി വിവാഹം കഴിഞ്ഞിട്ട്……? “””കുറച്ചു നാളായി….എന്റെ സെക്കൻഡ് മാരേജ് ആണ്….. “”””തനിക്ക് ഇപ്പൊ രണ്ടുമക്കളുണ്ട്… ല്ലേ…. “””മ്മ്… ഒരു മോനും ഒരു മോളും….. “””മോൻ നേഹേടെ അല്ലെ…. “”ഇപ്പൊ രണ്ടുമക്കളും ഞങ്ങടെ സ്വന്തം തന്നെയാ… അവൻ ചെറു ചിരിയോടെ അത് പറയുമ്പോൾ അവരോടുള്ള അവന്റെ സ്നേഹം ആ വാക്കുകളിൽ തെളിയുന്നുണ്ടായിരുന്നു…..അത് മാത്യുവിനും കാണാൻ കഴിഞ്ഞിരുന്നു….
“””ഞാനൊന്നുകൂടി ചോദിച്ചോട്ടെ …? ജോണി ദേഷ്യപ്പെടരുത്…. “”ഏയ്… ഞാനെന്തിനു ദേഷ്യപ്പെടണം….? സാറ് എന്തുവേണേലും ചോദിച്ചോ…? “”നേഹേടെ കുഞ്ഞിന്റെ യഥാർത്ഥ അച്ഛൻ വന്നു ചോദിച്ചാൽ ആ കുഞ്ഞിനെ വിട്ടുകൊടുക്കാൻ ജോണി തയാറാവുമോ…?? “”അതിപ്പൊ…..ഞാൻ പറഞ്ഞില്ലേ സാർ…. എനിക്ക് രണ്ടാളും ഒരുപോലെയാണെന്ന്…. “” “”അതായിക്കോട്ടെ….. ജോണി വിട്ടുകൊടുക്കുമോ ഇല്ലയോ… അത് മാത്രം പറഞ്ഞാൽ മതി….””” “”എനിക്ക് അവനെ വിട്ടുകൊടുക്കാൻ യാതൊരു താൽപര്യവും ഇല്ല..അവനും ഇപ്പൊ എന്റെ കുഞ്ഞാ…… ഇത്രയും നാളും എന്നെയല്ലേ അവൻ പപ്പാന്ന് വിളിച്ചത് … അവൻ അങ്ങനെയൊരു സ്ഥാനം തന്നിട്ടുള്ളതും എനിക്ക് മാത്രമാണ്…..അതെന്താണെന്നൊന്നും ചോദിക്കരുത്…… ഞാനും എന്റെ മോനെ പോലെയല്ലാതിന്നുവരെ കണ്ടിട്ടില്ല…. നേഹക്കും അവനെ ഒരിക്കലും പിരിയാൻ കഴിയില്ല …. അയാൾക്ക് അയാളുടെ ന്യായങ്ങൾ ഉണ്ടായിരിക്കാം….
പക്ഷേ ഇനി എന്തൊക്കെ സംഭവിച്ചാലും നേഹ എന്റൊപ്പമുള്ളിടത്തോളം കാലം റോഹനും എന്റെ കൂടെ തന്നെ ഉണ്ടാകും…. അതിൽ ഇനി യാതൊരു സംശയവുമില്ല…. “” അതുപോലെ തന്നെ അവകാശം അവന്റെ പിതാവിനും കാണുമല്ലോ… “” “” എന്തായാലും നമുക്കിത് ഇവിടെ നിർത്താം സാർ…. ഞാൻ കുറച്ചു ദിവസം ഇല്ലായിരുന്നല്ലോ…. പണി തുടങ്ങട്ടെ പെട്ടെന്ന് തീർക്കണം…..”” തന്റെ ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറി അവൻ പോകുന്നത് നോക്കി കുറച്ചു നിമിഷം മാത്യു അവിടെത്തന്നെ നിന്നു…..അയാളും എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു… പണി ചെയ്യുന്നതിന് ഇടയ്ക്കാണ് ജോണി തന്റെ കൂട്ടുകാരൻ പറഞ്ഞ് ഒരു കാര്യം അറിയുന്നത്….. ജോണി ഇല്ലാതിരുന്ന ഒരു ദിവസം അയാൾ കണക്ഷൻ വയർ സ്വിച് ബോർഡിൽ കുത്തുന്നതിനു വേണ്ടി റോഷന്റെ മുറിയിൽ ചെന്നപ്പോൾ മേശപ്പുറത്ത് നേഹയുടെ ഒരു ഫോട്ടോ കണ്ടെന്ന് അയാൾ ജോണിയോട് പറഞ്ഞു…. രണ്ടുവട്ടം നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ട് അയാൾക്ക് അത് നേഹ തന്നെയാണെന്ന് ഉറപ്പായിരുന്നു…… ഇതറിഞ്ഞ ജോണി ഞെട്ടിപ്പോയി എന്ന് തന്നെ പറയാം…..കുറച്ചു നിമിഷങ്ങൾ കഴിഞ്ഞാണ് ഒരു സത്യം മനസിലാക്കിയത്….. നേഹയെ പിരിഞ്ഞു പോയവന്റെ പേരും റോഷൻ എന്നാണല്ലോ…. ഇവിടെയുള്ളത് ആ റോഷൻ തന്നെയാകുമോ…?? അവന്റെ മനസ്സിൽ മനസ്സും സംഘർഷഭരിതമായി…. (തുടരും )

by