രചന – ശ്രീതു ശ്രീ
നേഹയുടെ വാക്കുകൾ ജോണിയുടെ ഹൃദയത്തിൽ മുറിവുകൾ വീഴ്ത്തി. ഇരച്ചു കയറി വന്ന ദേഷ്യം അവൻ അടുത്തിരുന്ന ഫ്ലവർ ബേസിൽ തീർത്തു.. അത് ഭിത്തിയിലേക്ക് പോയി ഇടിച്ചു പൊട്ടി… പൂക്കൾ പലയിടത്തായി ചിതറി… ഇതൊന്നും കാണാൻ അന്നമ്മയും ജിൻസിയും മോനച്ചനും ആ സമയം വീട്ടിൽ ഇല്ലായിരുന്നു… മോനച്ചൻ രാവിലെ എവിടെ പോയിരുന്നു.. ജിൻസിയും അമ്മയും അയലത്തെ വീട്ടിലേക്ക് പോയേക്കുകയാണ്…… കുട്ടികൾ ഭയപ്പെട്ട് കരച്ചിൽ നിർത്തി… ആരെയും ഗൗനിക്കാതെ അന്നേരം തന്നെ അവൻ മുറിയിലേക്ക് പോകുകയും ചെയ്തു… ജോണി പോയിക്കഴിഞ്ഞപ്പോൾ മാത്രമാണ് നേഹയുടെ ദേഷ്യവും അല്പം കുറഞ്ഞത്… പറഞ്ഞു പോയ വാക്കുകളോർത്തു അവൾക്ക് അപ്പോൾ സങ്കടം തോന്നി….. സ്വന്തം മകനെപ്പോലെ തന്നെയാണ് ജോണിച്ചായൻ റോഹനെ കാണുന്നത്…അത് ആരും പറഞ്ഞുള്ള അറിവല്ല…തന്റെ കണ്ണുകൾ കൊണ്ടും കാതുകൾ കൊണ്ടും അതറിഞ്ഞിട്ടുള്ളത് ആണ്… എന്നിട്ടും എന്തൊ കാലക്കേടിനു നാവിൽ നിന്നും അരുതാത്തത് വീണുപോയി…..
ഇനി താനും ജനിയെ കാണുന്നത് അങ്ങനെയാണെന്ന് ഇച്ചായൻ കരുതിയാൽ അതിനെ തെറ്റു പറയാൻ പറ്റില്ല… .ജോണിയോട് മാപ്പ് പറയണം എന്നോർത്തവളും ജോണി പോയ വഴിയേ ചെന്നു.. എന്റെ മാതാവേ… എന്നെപ്പോലെ ജോണിച്ചായൻ വാ വിട്ട് ഒന്നും പറയല്ലേ…. ചിലപ്പോൾ അത് തനിക്ക് താങ്ങാൻ പറ്റിയെന്നു വരില്ല…. ഇനി പോയി മാപ്പ് പറയണം…. ചിന്തിക്കാൻ പോലും പാടില്ലാത്ത.. കാര്യം പറഞ്ഞതിന്… പക്ഷേ അവൾ അവിടേക്ക് ചെല്ലുമ്പോഴേക്കും ജോണി പോകാനിറങ്ങിയിരുന്നു…പിന്നവൻ ആ വീട്ടിലെ നിന്നില്ല വേഗന്ന് പുറത്തേക്ക് നടന്നു….. അവനോട് പോകരുതെന്ന് പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും അവളൊന്നും പറഞ്ഞില്ല. വെറുതെ ജോണിയെ നോക്കി നിൽക്കുക മാത്രം ചെയ്തു. ജോണിയും അവളെ കണ്ടെങ്കിലും കണ്ടതായി നടിച്ചില്ല.. അവൻ പുറത്തേക്കെവിടെയോ പോകുകയാണെന്ന് വേഷത്തിൽ നിന്നും അവൾക്ക് മനസ്സിലായി… എന്ന് മാത്രമല്ല അത് തന്നോടുള്ള ദേഷ്യം കൊണ്ടാണെന്നും നേഹയ്ക്ക് ഊഹിക്കാൻ കഴിഞ്ഞു പുറത്തേക്കിറങ്ങാൻ തുടങ്ങിയ ജോണിയെ റോഹനും ജനിയും ചെന്ന് അവന്റെ കൈക്ക് പിടിച്ച് നിർത്തി.
പപ്പാ..എവിടെ പോവാ… ഞങ്ങളും വരട്ടെ..? “നിങ്ങളെ കൊണ്ടുപോകണം എന്നുണ്ട്… പക്ഷെ ഇന്ന് മഴക്കോളുണ്ട് ….” ” അത് സാരമില്ല… മഴ ഞങ്ങൾക്ക് ഇഷ്ടമാണല്ലോ” അവൻ കൊഞ്ചികൊണ്ട് പറഞ്ഞു.. “പിന്നൊരു ദിവസം ആകെട്ടെടാ…. പപ്പാ ഇപ്പൊ ഇങ്ങു വരും” . ദൂരെ നിന്ന് നേഹ എല്ലാം കാണുന്നുണ്ടായിരുന്നു…. റോഹന് പുറകെ കൊഞ്ചി കൊണ്ട് ജാനിയും ഓടിയെത്തി… ഇരുവരും ഒന്നിച്ച് കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോൾ ജോണിക്ക് തള്ളി കളയാൻ കഴിഞ്ഞില്ല… “എങ്കിൽ ശരി നിങ്ങൾ ചെന്ന് ഒരുങ്ങിയിട്ട് വാ…” ഉടനെ തന്നെ റോഹനും ജനിയും നേഹയുടെ അടുത്തേക്ക് ഓടിച്ചെന്ന് ഉടുപ്പിട്ട് വേഗം ഒരുക്കി വിടാൻ പറഞ്ഞു…. അവൾ മടിയൊന്നും ഒന്നും കാണിച്ചില്ല . അവരെ വേഗം തന്നെ ഒരുക്കി ജോണിയുടെ അടുത്തേക്ക് വിട്ടു. അത് കണ്ടുകൊണ്ട് അന്നമ്മ വരുന്നുണ്ടായിരുന്നു .
” എല്ലാരും കൂടി എങ്ങോട്ടാ…? റോഹൻ സന്തോഷത്തോടെ പറഞ്ഞു… “ഞങ്ങൾ പപ്പയുടെ കൂടെ പുറത്ത് പോവാ…വരുമ്പോ മുട്ടായി കൊണ്ടോരാം…” “നിങ്ങൾ രണ്ടുപേരെയും കൊണ്ട് മാത്രമാണോ കൊണ്ടു പോകുന്നത്…? അവർ ജോണിയുടെ നേരെ തിരിഞ്ഞു…. ” നേഹേക്കൂടി നിനക്ക് കൊണ്ടുപോയിക്കൂടെ.? “ഓ ഞങ്ങൾ തന്നെ പോയിട്ട് വരാം… ഞാൻ ബൈക്ക് എടുക്കാൻ പോവാ…..അതില് എല്ലാവർക്കും കൂടെ പോകാൻ പറ്റില്ലേ….. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല… നീ നേഹേ കൂടി കൊണ്ടുപോയാൽ മതി… അവളുണ്ടെങ്കിൽ പിള്ളേരെ കൂടുതൽ ശ്രദ്ധിക്കുമല്ലോ…” “അതെന്താ ഞാൻ ശ്രദ്ധിക്കില്ലേ…. ഇപ്പോൾ എന്തായാലും ഞങ്ങൾ തന്നെ പോയിട്ട് വരാം. ” അല്ല…. നീ വല്ലൊം കഴിച്ചായിരുന്നോ..? ചോദിച്ചത് ജോണിയോട് ആയിരുന്നെങ്കിലും മറുപടി പറഞ്ഞത് റോഹൻ ആയിരുന്നു ” ഇല്ല അമ്മച്ചി…. പപ്പ ഒന്നും കഴിച്ചില്ല…മമ്മിയും കഴിച്ചില്ല..
“അതെന്താ രണ്ടും കഴിക്കാഞ്ഞത്..? “മമ്മിയും പപ്പയും വഴക്ക് ആയിരുന്നു.” “എന്തിനാടാ..? ഓ ഒന്നുല്ല അമ്മച്ചി… ഇവര് രണ്ടും കൂടിയായിരുന്നു… ഇവടെ ചുണ്ട് കണ്ടില്ലേ…”അവൻ ജനിയെ ചൂണ്ടി…. “അത് നിങ്ങള് രണ്ടും കൂടി കിടന്നു വഴക്കുണ്ടാക്കുന്നത് കണ്ടല്ലേ പിള്ളാര് പഠിക്കുന്നത്….” “പിന്നെ അമ്മച്ചീടെ പറച്ചില് കേട്ടാൽ തോന്നും ഞങ്ങളെപ്പോഴും വഴക്കാന്ന്…. “എങ്കിൽ നീയവളെ വിളിച്ചു വല്ലതും കഴിച്ചേച്ചു പോ…” “ഞാൻ പൊറത്തൂന്ന് കഴിച്ചോളാം….” “ഡാ ഞാൻ പറയുന്നത് എന്തെങ്കിലുമൊന്നു നീ കേൾക്ക്….” “പപ്പാ… മമ്മിയെ കൂടി വിളിക്ക്… നമക്ക് എല്ലാർക്കും കൂടി പോവാം… റോഹൻ ജോണിയുടെ കയ്യിൽ പിടിച്ചു കൂലുക്കിക്കൊണ്ട് പറഞ്ഞു…. ജനിയുടെ മുഖത്ത് നോക്കിയപ്പോഴും അവളും പറയാൻ ശ്രമിക്കുന്നത് അത് തന്നെയാണ് ജോണിക്ക് തോന്നി… എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ജോണി നേഹയെ വിളിക്കാൻ മുറിയിലേക്ക് ചെന്നു. അവൻ ചെന്ന് നോക്കുമ്പോൾ നേഹ കട്ടിലിൽ കിടക്കുകയാണ്..
ഒറ്റനോട്ടത്തിൽ തന്നെ അവൾ കരയുകയാണെന്ന് ജോണിക്ക് മനസ്സിലായി. അവൾ പറഞ്ഞതിലെ തെറ്റ് അവൾക്ക് തന്നെ ബോധ്യപ്പെട്ടതാവാമെന്നും അവൻ മനസ്സിലാക്കി. അവൻ നേഹയുടെ അടുത്ത് ചെന്നു ചോദിച്ചു…. “നേഹേ… ഇയാള് വരുന്നുണ്ടോഡോ…? പിള്ളേർക്ക് പുറത്ത് പോകണമെന്ന് പറയുന്നു ….. എഴുന്നേറ്റേ…. കരഞ്ഞുകൊണ്ട് ഇങ്ങനെ കിടക്കാതെ കഴിക്കാൻ ചെന്നെടുക്കാൻ… കഴിഞ്ഞതൊക്കെ കഴിഞ്ഞു… അത് വിട്ടേര്… “നിങ്ങളൊക്കെപൊയ്ക്കോ ഞാൻ വരുന്നില്ല… ” “അതെന്താ നിനക്ക് വന്നാല്.? “ഞാൻ വരുന്നില്ല എന്നല്ലേ പറഞ്ഞത്..?എനിക്ക് ആരുടെയും കൂടെ വരാൻ താല്പര്യമില്ല. പോകുന്നവരൊക്കെ പൊയ്ക്കോ…..” “എങ്കിലവിടെ കിടക്കെന്ന് “പറഞ്ഞു ജോണി തിരിഞ്ഞു നടക്കാൻ തുടങ്ങി.. പക്ഷെ ഉള്ളിൽ അന്നേരം നേഹയുടെ കരയുന്ന മുഖം തെളിഞ്ഞു വന്നു…. ഒന്നുകൂടി അവനവളെ തിരിഞ്ഞുനോക്കി…
ജോണിക്ക് അത് കാണാതെ പോകാൻ കഴിയുമായിരുന്നില്ല… അവൻ വീണ്ടും അവളുടെ അടുത്തേക്ക് തന്നെ ചെന്നു… കട്ടിലിൽ അവളുടെ അരികിലായി ഇരുന്നു… “നേഹേ… നീയിപ്പോ വിചാരിക്കും നിന്നോടുള്ള ദേഷ്യം കൊണ്ടാ ഞാനിങ്ങനെ കാണിക്കുന്നതെന്ന്….എന്റെ സ്വഭാവം ഇങ്ങനാടോ… തനിക്ക് അറിയാവുന്നതല്ലേയത്…? പിന്നെന്തിനാ എന്നോട് ഇങ്ങനെ കുറുമ്പു കാണിക്കുന്നത്…? നീയും ഞാനും നമ്മുടെ മക്കളായിട്ട് തന്നെയാണ് രണ്ടുപേരെയും വളർത്തുന്നത്… ഇതുവരെ ഒരു വേർതിരിവും നമ്മൾ കാണിച്ചിട്ടും ഇല്ലല്ലോ…. ദേഷ്യത്തിന്റെ പുറത്തായാലും റോഹൻ നിന്റേത് മാത്രമാണ് എന്നൊരു ടോണിൽ സംസാരിച്ചപ്പോൾ എനിക്ക് വിഷമമായി….ഒന്നാമത് ഇന്നെന്റെ മൂഡ് അത്ര ശരിയല്ല…..” ” മൂഡ് ശരിയല്ലെന്ന് എനിക്ക് മനസ്സിലായതാ…അതല്ലേ ഞാൻ കുറെ പ്രാവശ്യം ചോദിച്ചത് എന്നിട്ട് എന്നോട് എന്താ കാരണം പറയാഞ്ഞത്….? ” ” അത് പ്രത്യേകിച്ച് ഒന്നുമില്ല ഒരു കൂട്ടുകാരനെ ഒന്ന് പള്ളിയിൽ വച്ച് കണ്ടായിരുന്നു…. ഞങ്ങൾ തമ്മിൽ പണ്ടേ അത്ര രസത്തിൽ അല്ല…. ” യഥാർത്ഥ കാരണം നേഹയ്ക്ക് മുന്നിൽ വെളിപ്പെടുത്താൻ ജോണി ആഗ്രഹിച്ചില്ല. അവൻ പെട്ടെന്ന് ഒരു കള്ളം കണ്ടുപിടിച്ചു…. പക്ഷേ നേഹയും വിട്ടുകൊടുക്കാൻ തയ്യാറായില്ല.അവൻ പറയുന്നതിൽ എന്തോ പൊരുത്തക്കേട് ഉള്ളതുപോലെ നേഹക്ക് തോന്നി….
” അതിച്ചായൻ സംസാരിച്ചത് ഒരു പ്രായമുള്ള ആളോടല്ലേ അത് കൂട്ടുകാരനാണോ…?” ” അതൊന്നുമല്ല നീ വരുന്നതിനു മുമ്പ് ഞാൻ വേറൊരാളോട് സംസാരിച്ചിരുന്നു…. നീ കണ്ടത് എന്റെ ഒരു പരിചയക്കാരനെയാണ്… ” ” എന്നിട്ട് അയാളോട് ദേഷ്യപ്പെട്ടതോ..? ” ” അത് പിന്നെ അതിനുമുമ്പ് ഉണ്ടായിരുന്ന ദേഷ്യം എനിക്ക് മാറി ഇല്ലായിരുന്നു.. അയാളോട് സംസാരിച്ചപ്പോൾ നിനക്ക് അങ്ങനെ ദേഷ്യമായിട്ട് തോന്നിയതായിരിക്കണം…. പക്ഷേ ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല….. സമയം പോകുന്നു പെട്ടെന്ന് വാ…” അവളിൽ നിന്ന് വേറൊരു ചോദ്യവും ഇനി ഉണ്ടാകരുതെ എന്നായിരുന്നു ജോണിയുടെ പ്രാർത്ഥന… അവളുടെ മുഖത്തെ സങ്കടങ്ങൾ മായുന്നത് കണ്ടപ്പോൾ ജോണിക്കും സന്തോഷമായി…. അവൻ തന്റെ നെഞ്ചിലേക്ക് നേഹയെ ചേർത്തുകൊണ്ട് അവളുടെ നെറുകയിൽ ഒരു ചുംബനം കൊടുത്തു…. കണ്ണീർ നനവുള്ള കവിൾത്തടം പതുക്കെ തഴുകി….
നേഹയും അവനെ ഇറുകെ പുണർന്നു….. അല്പനേരം അവർ അങ്ങനെ തന്നെ ഇരുന്നു… ജോണി പതുക്കെ അവളുടെ കാതിൽ പറഞ്ഞു…. ” ദേ ഇങ്ങനെയിരുന്നാലേ വയറ്റിലെ വിശപ്പ് മാറില്ല…. ” അവൾ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു….. ” എന്നാലേ എന്റെ വയറ്റിലെ വിശപ്പൊക്കെ എപ്പഴേ മാറി….. അത് മാത്രമല്ല മനസ്സും ഒത്തിരി നിറഞ്ഞു….” ” എങ്കിലേ ഇനിയും നിറയ്ക്കാൻ ഇരിക്കണ്ട…. മോള് എഴുന്നേറ്റാട്ടെ…. പോയി കഴിക്കാൻ എടുക്ക് ഞാനും വരുവാ…..” അവനവളെ തന്റെ ശരീരത്തിൽ അടർത്തിമാറ്റി……. അവളും ഒരു കുസൃതി ചിരിയോടെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി…. അധികം വൈകാതെ തന്നെ എല്ലാവരും ജോണിയുടെ ഓട്ടോയിൽ ടൗണിലേക്ക് പുറപ്പെട്ടു…. ടൗണിൽ എത്തിയപ്പോഴേ ഐസ്ക്രീം വേണമെന്ന കുട്ടികളുടെ വാശി കാരണം ഒരു ബേക്കറിക്ക് മുന്നിൽ നിർത്തി…. ആ സമയം ലിന്റെയുടെ കാറും അവിടെ വന്നു നിന്നു….. (തുടരും)

by