രചന – ശ്രീതു ശ്രീ
തന്റെ മുന്നിൽ നിൽക്കുന്ന ആളെക്കണ്ടതും ജോണിക്ക് ദേഷ്യം വന്നു.. അത് മറ്റാരും ആയിരുന്നില്ല ലിന്റയുടെ അച്ഛൻ ആയിരുന്നു….. ജോണിയുടെ ഉള്ളിൽ നോവ് പടർത്തിക്കൊണ്ട് ഓർമ്മകൾ ഓടിയെത്തി…. ലിന്റയുടെ മുഖം ഉള്ളിൽ തെളിഞ്ഞതും അവനിൽ ദേഷ്യം ആളിക്കത്തി…. അവൻ അയാളെ പകയോ ദേഷ്യമോ സങ്കടമോ ഒക്കെ കലർന്നൊരു ഭാവത്തോടെ നോക്കി… എന്തെങ്കിലും പറഞ്ഞാൽ കൈവിട്ടുപോയാലോ എന്നോർത്താവാം അവൻ ഒന്നും പറയാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങി. പക്ഷെ ജോണിയെ അയാൾ തോളിൽ പിടിച്ചു നിർത്തി. അവൻ ഈർഷ്യയോടെ ആ കൈ തട്ടി മാറ്റി….. പിന്നയാൾക്ക് നേരെ ദേഷ്യത്തോടെ ചീറി… “എന്നെ ദ്രോഹിച്ചു തീർന്നതല്ലേ…? പിന്നെന്തിനാ വീണ്ടും മുന്നിലേക്ക് വരുന്നത്….? മോള് കുടിച്ചതിന്റെ ബാക്കി ചോര കൂടി കുടിക്കാനോ….? ദേഷ്യത്തോടെയാണെങ്കിലും ശബ്ദം താഴ്ത്തിയാണ് ലിന്റയുടെ അച്ഛനോട് ജോണി സംസാരിച്ചത്
“ഞാനിതു പ്രതീക്ഷിച്ചിരുന്നു ജോണീ…. അയാൾ സൗമ്യമായിത്തന്നെ അവനെ നോക്കി….. “എങ്കിൽ പിന്നെ എന്തിനാ എന്റെ മുന്നിലേക്ക് വന്നത്…?” “എന്താ ജോണിയിത്…?വെറുതെ വന്ന് നിന്നെ മുഖം കാണിച്ചോളാം എന്ന് നേർച്ചയൊന്നും ഞാൻ പറഞ്ഞിട്ടില്ല…. വന്നതിനു എന്തെങ്കിലും ഒരു കാരണം കാണും… അതെന്താ നീയോർക്കാത്തത്…?” “എനിക്ക് നിങ്ങടെ യാതൊരു കാര്യവും കേൾക്കാൻ താല്പര്യം ഇല്ല…. ഇതിലും നല്ലത് റോഡിൽ കിടക്കുന്ന…..” “ഛീ.. നിർത്തെടാ…. നീ കൂടുതൽ കേറിയങ്ങു മേയാൻ വരല്ലേ…. ഞാനിതു വരെ മര്യാദയ്ക്കാ സംസാരിച്ചത്…ആ ടോണിൽ തന്നെ തുടരണമെന്ന് എനിക്ക് നിർബന്ധം ഒന്നുമില്ല…..ഞാൻ വന്നത് ഒരു കാര്യം നിന്നെ അറിയിക്കാനാണ് … എന്റെ മോൾടെ കുഞ്ഞിനെ അവൾക്ക് വേണം…. ജനിഫറിനെ ലിന്റയ്ക്ക് എത്രയും പെട്ടെന്ന് തിരികെ കൊടുക്കണം….സ്വന്തം അമ്മ ജീവിച്ചിരിക്കുമ്പോൾ വേറൊരുത്തിയെ അവൾക്ക് അമ്മയായിട്ട് വേണ്ട…..നീയിപ്പോ വേറെ ഒന്നിനെ കെട്ടിയിട്ടില്ലേ…. അവൾക്കൊരു ചെറുക്കനും ഉണ്ടല്ലോ… നിനക്ക് ഇനി അത് മതി…..”
“അത് നിങ്ങളാണോ തീരുമാനിക്കുന്നത്…? എന്റെ കുഞ്ഞിന്റെ കാര്യം ഞാൻ നോക്കിക്കോളാം….ഒരിക്കൽ ജനിയെ വയറ്റിലിട്ടെ കൊല്ലാൻ കാത്തിരുന്നവളാ നിങ്ങടെ മോള്….. പിന്നെ അവളെങ്ങനെ ഇപ്പൊ എന്റെ കുഞ്ഞിന്റെ അമ്മയാകും..? ” “ദേ കൂടുതൽ ന്യായമൊക്കെ പറയാൻ നിൽക്കാതെ പറയുന്നതൊക്കെ അനുസരിക്കുന്നതാ നിനക്ക് നല്ലത്…. അല്ലെങ്കിൽ പുതുപ്പെണ്ണിനൊപ്പം അധികം നാൾ ജീവിക്കില്ല…. അവള് അവളുടെ പാട് നോക്കിപോകുന്ന പണി ഞങ്ങൾക്കറിയാം…..” “ഒന്നുപോടോ… തന്റെ മോളെപോലെ ആണ് എല്ലാ പെണ്ണുങ്ങളും എന്ന് തെറ്റിദ്ധരിക്കരുത്….. മനസാക്ഷിയുള്ളവരും ഉണ്ട്… നേഹ എനിക്കൊപ്പം തന്നെ ജീവിക്കും…. നേഹ മാത്രമല്ല…. ജനിയും… അവളെയും ഞാൻ ആർക്കും വിട്ടുതരില്ല…” ജോണി ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്നത് ദൂരെ നിന്ന് നേഹ കണ്ടിരുന്നു……
അവൾ തന്റെ ഒക്കത്തിരിക്കുന്ന ജനിയെയും കൊണ്ട് അവന്റെ അടുത്തേയ്ക്ക് നടന്നു… റോഹൻ അന്നമ്മയ്ക്കും ജിൻസിക്കുമൊപ്പം ആണ്…. “അപ്പൊ നിനക്ക് കൊച്ചിനെ വിട്ടുതരാൻ പറ്റില്ല…. അല്ലെ…?അവള്ടെ നിലയും വിലയും അറിയാലോ…. വെറുതെ കോടതി കേറണ്ട എന്ന് വിചാരിച്ചു കൂടിയാ ഒരു മധ്യസ്ഥ ചർച്ചക്ക് ഞാൻ വിളിച്ചത്……” “മനസാക്ഷിയില്ലാത്തവൾക്ക് എന്ത് നിലയും വിലയുമാണ് മിസ്റ്റർ…? പിന്നെ കൈ നീട്ടി വാങ്ങിക്കുന്ന നോട്ടുകെട്ടുകളുടെ വലിപ്പം വച്ചോണ്ട് ആരെയും അളക്കാൻ നിൽക്കണ്ട……. ചിലപ്പോൾ വട്ടപ്പൂജ്യത്തിനപ്പുറം ഒന്നും . കാണില്ലവർക്ക്……അതുകൊണ്ട് നിന്നു സമയം കളയാതെ ചെല്ല്…. ചെന്ന് മോളോട് പറ , എന്റെ മോൾക്ക് അമ്മയായി നേഹയുണ്ടെന്ന്…. അവള് മാത്രം മതി….” നേഹ അപ്പോഴേക്കും ജോണിയുടെ അടുത്തെത്തി …..
അവൻ നേഹയെ ഒന്നുനോക്കിയ ശേഷം തിരിഞ്ഞു നടന്നു…. അവന്റെ മുഖം കണ്ടപ്പോൾ തന്നെ നേഹയ്‌ക്കെന്തോ പന്തികേട് തോന്നി…. പക്ഷെ അവളൊന്നും ചോദിച്ചില്ല…….. “ജിൻസിയും അന്നമ്മയും വരുന്നതേ ഉള്ളായിരുന്നു…. അവരെനോക്കി ജോണിയും നേഹയുമിരുന്നു….. നേഹയോട് ജനി കൊച്ചുവർത്തമാനങ്ങളൊക്കെ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു എങ്കിലും നേഹയുടെ ശ്രദ്ധ അതിലൊന്നും പതിഞ്ഞില്ല… അവൾ ജോണിയെ തന്നെ നോക്കിയിരുന്നു…. പള്ളിയിലേക്ക് തിരിക്കുമ്പോൾ കണ്ട ജോണിയുടെ മുഖമെ ആയിരുന്നില്ല അവനപ്പോൾ…..അവൻ മറ്റേതോ ചിന്താലോകത്ത് കിടന്നുരുളുകയാണെന്ന് അവൾ നിനച്ചു….. ജോണിയോട് സംസാരിച്ചു നിന്നയാളെ താനിന്നുവരെ കണ്ടിട്ടുമില്ല…. അയാളോട് സംസാരിച്ചതോടെ ആയിരിക്കണം ആണ് ജോണി ഇങ്ങനെ ആയത്….. വീട്ടിൽ ചെന്നിട്ടു എല്ലാം സമാധാനത്തോടെ ജോണിയോട് ചോദിക്കാം എന്ന് അവൾ മനസ്സിൽ കുറിച്ചു…….. 🌹🌹🌹
വീട്ടിലെത്തിയ ഉടനെ ജോണിയൊഴികെ എല്ലാവരും കഴിക്കാൻ വന്നിരുന്നു……. “ഡാ…. പപ്പെ എന്താ വിളിക്കാഞ്ഞേ…?”വിളമ്പുന്നതിനിടയിൽ നേഹ റോഹനോട് ശാസനയോടെ ചോദിച്ചു….. “ഞാൻ വിളിച്ചല്ലൊ…….. പിന്നെ മതീന്ന് പറഞ്ഞു….. പപ്പയ്ക്ക് തലവേദനയാ…. അവിടെ കിടക്കുവാ….” “എങ്കിൽ നിങ്ങള് കഴിക്ക്….”എന്ന് പറഞ്ഞു കൊണ്ട് നേഹ എല്ലാവർക്കും അപ്പവും കറിയും വിളമ്പിയിട്ട് മുറിയിലേക്ക് ചെന്നു… ജോണി കട്ടിലിൽ കിടപ്പുണ്ടായിരുന്നു…. തലവേദനയൊന്നും ആവില്ലെന്നും മനസിനാവും വേദനയെന്നും നേഹയ്ക്ക് ഉറപ്പായിരുന്നു…..അതുകൊണ്ടവൾ സ്നേഹത്തോടെ അവന്റെ അടുത്തിരുന്നു…. “ജോണിച്ചായാ…. എന്തൊരു കിടപ്പാ ഇത്…? വന്ന് വല്ലൊം കഴിച്ചേ…..” നെറ്റിക്ക് മേലെ വച്ചിരുന്ന കയ്യെടുത്തവൻ മാറ്റി…. അവളെയൊന്ന് നോക്കി…. ആ മുഖത്ത് ഇത്രയും ദേഷ്യം കുറെ നാളുകൾക്ക് ശേഷം ആണ് കാണുന്നത്. അതിന്റെ പരിഭ്രമം അവളിലും ഉണ്ടായിരുന്നു…..
“എനിക്കിപ്പൊ ഒന്നും വേണ്ട…. താൻ പിന്നെ കഴിച്ചോളാം…. താൻ ചെന്ന് കഴിക്ക്…..” മുഖത്തെ പ്രസ്സന്നത മായ്ക്കാതെ അവളവനോട് പറഞ്ഞു …. “ഇച്ചായൻ രാവിലെ ഇങ്ങനെ ആയിരുന്നില്ലല്ലോ….. ഇപ്പൊ എന്തുപറ്റി…?പള്ളയിൽ പോകും വരെയും ഒരു കുഴപ്പോം ഇല്ലായിരുന്നല്ലോ… അവിടെ വച്ചാരെയാ കണ്ടത്….?അതാരാ…? അവനൊന്നും മിണ്ടിയില്ല…പകരം തന്റെ മുഖം അവളിൽ നിന്നും മാറ്റി…അതുകണ്ടപ്പോൾ നേഹയ്ക്കും ദേഷ്യം വന്നു…. അവൾ അധികാരത്തോടെ അവന്റെ നെഞ്ചിൽ കൈ വച്ച് ജോണിയുടെ ശ്രദ്ധ തന്നിലേക്ക് ആക്കികൊണ്ട് നേഹ ചോദിച്ചു….. “ഞാൻ ചോദിച്ചതിനൊന്നും മറുപടിയില്ലേ… അതോ ഒന്നും പറയാൻ സൗകര്യം ഇല്ലെന്നാണോ…..? “നീ പോയി വല്ലൊം കഴിക്കാനാ പറഞ്ഞത്….”ജോണിയുടെ ശബ്ദം അല്പം കൂടി ഗൗരവം നിറഞ്ഞത് ആയി…..തന്റെ മേലിരുന്ന അവളുടെ കയ്യെടുത്തവൻ അവളുടെ ദേഹത്തേക്ക് തന്നെ ഇട്ടു…”എന്തൊരു നാശമാ.. മനുഷ്യന് ഒരു സമാധാനോം തരില്ല…”എന്നും പറഞ്ഞവൻ തിരിഞ്ഞു കിടന്നു…. അത് കേട്ടപ്പോൾ നേഹയുടെ മുഖത്ത് സങ്കടം നിഴലിച്ചു….. ഇനിയും അവനെ നിർബന്ധിക്കാൻ അവൾക്ക് പേടി തോന്നി…
ജോണി ഇപ്പോൾ അധികം ദേഷ്യം കാണിക്കാറില്ലെങ്കിലും എപ്പോളാണ് ദേഷ്യം വരുന്നത് എന്ന് പറയാനാവില്ല…. അവൾ പോകാനായി എഴുന്നേറ്റു…. എങ്കിലും അവനെക്കൂട്ടാതെ പോകണ്ട എന്നൊരു തോന്നൽ അവൾക്കുള്ളിന്റെയുള്ളിൽ നിന്നും ഉണ്ടായി…. തിരിഞ്ഞു വീണ്ടും അവനെ വിളിക്കാൻ ശ്രമിച്ചെങ്കിലും നാവ് ചലിച്ചില്ല…. അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…… നേഹ ചെല്ലുമ്പോളേക്കും ബാക്കിയെല്ലാവരും കഴിച്ചു കഴിഞ്ഞിരുന്നു…. അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല… വിശപ്പൊക്കെ കെട്ടുപോയിരുന്നു…. രാവിലെ കുളിച്ചപ്പോൾ കഴുകാൻ ഇട്ടിരുന്ന തുണിയൊക്കെ കഴുകിയിടാം എന്നോർത്തവൾ മുറ്റത്തേക്കിറങ്ങി ….. തുണി അലക്കുന്നതിനിടയിൽ ജനി കണ്ണീരോടെ ഓടി വന്ന് നേഹയെ കെട്ടിപ്പിടിച്ചു…. “മമ്മാ…. ന്നെ ചാച്ചൻ വയ്ക്കുണ്ടാക്കി…. ന്നിട്ട് നാൻ അവടെ വീണു…..”
“ആണോ… ചാച്ചന് മമ്മയിപ്പോ അടി കൊടുക്കാ”മെന്നു പറഞ്ഞു കൊണ്ടവൾ മുറ്റത്ത് തന്നെ നിന്ന ഒരു ചെമ്പരത്തി കമ്പൊടിച്ചു മുറിയിലേക്ക് ചെന്നു … “ഡാ… നീയെന്തിനാ അവളെ വഴക്ക് പറഞ്ഞെ….? “അതവളെന്റെ ടെസ്റ്റിൽ കുത്തിവരച്ചു…..അവൻ തന്റെ നിരപരാധിത്യം സ്ഥാപിച്ചു…… നേഹ ജോണിയുടെ പ്രവൃത്തിയിൽ ആകെ വിഷമിച്ചു ഇരിക്കുകയായിരുന്നു…. അത് കൊണ്ട് തന്നെ “അതിന് ഇങ്ങനാണോ ചെയ്യേണ്ടത് ” എന്ന് ചോദിച്ചു കൊണ്ട് റോഹന്റെ തുടയ്ക്കൊരെണ്ണം അവൾ കൊടുത്തു….. അത് കിട്ടേണ്ട താമസം റോഹൻ കിടന്നു കരയാൻ തുടങ്ങി … കുട്ടികളുടെ കരച്ചിലും കേട്ടുകൊണ്ട് ജോണി എഴുന്നേറ്റു വരാൻ തുടങ്ങിയിരുന്നു……. ജോണിയുടെ കണ്മുന്നിൽ വച്ചുതന്നെയാണ് നേഹ റോഹന് തല്ല് കൊടുത്തതും……. അത് കണ്ടതും നേഹയ്ക്ക് നേരെ ചെന്ന് അവളുടെ കയ്യിലിരുന്ന കമ്പ് വാങ്ങി മുറ്റത്തേക്ക് തന്നെ എറിഞ്ഞു…….എന്നിട്ട് പിള്ളേരോട് “മുറിയിൽ പോയി അടങ്ങി ഇരുന്നോ “എന്ന് പറഞ്ഞു….
അത് കേട്ടിട്ടും കുട്ടികൾക്ക് സന്തോഷമായില്ല ….അവർ കണ്ണീരോടെ നിലത്തു തന്നെ വാശിയോടെ ഇരുന്നു കരച്ചിൽ തുടർന്നു…… അത് കണ്ടപ്പോൾ നേഹയ്ക്ക് ഒന്നുകൂടെ അരിശം കയറി….ജോണി അടുത്തുള്ളതുള്ളത് പോലും അവളപ്പോൾ ഓർത്തില്ല…. “ഡാ.. നിന്നോട് പറഞ്ഞത് കേട്ടില്ലേ….?എഴുന്നേറ്റു പോകാൻ….” നേഹ മുന്നോട്ട് നടക്കാൻ തുനിഞ്ഞതും ജോണി അവളെ പിടിച്ചു നിർത്തി….. “നിന്നോട് ഞാൻ പറഞ്ഞതൊന്നും കേട്ടില്ലിയോ… എന്നോടുള്ള ദേഷ്യം അതിനോട് ഇനി തീർക്കാൻ പോയാലാ…” എന്ന് ജോണി ഒരു താക്കീതോടെ പറഞ്ഞപ്പോൾ എടുത്തടിച്ചപോലെ നേഹയും പറഞ്ഞു : “ഇത്രയ്ക്ക് നോവാൻ അത് നിങ്ങടെ മോനൊന്നുമല്ലല്ലോ…എനിക്കറിയാം എന്റെ കൊച്ചിനെ നോക്കാൻ…..” ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞ വാക്കുകളാണെങ്കിലും അത് ജോണിയുടെ ഹൃദയത്തെ മുറിപ്പെടുത്തി……നേഹയുടെ കയ്യിൽ നിന്നവൻ വേദനയോടെ തന്റെ കൈ വേർപ്പെടുത്തി… (തുടരും…)

by