രചന – ശ്രീതു ശ്രീ
സമയം കടന്നു പോകുന്നത് ഇരുവരും ശ്രദ്ധിച്ചില്ല….. ഇടയ്ക്ക് അവന്റെ ഫോൺ ശബ്ദിച്ചു…. ആ ശബ്ദം ഇരുവരെയും രണ്ട് ദിക്കിലേക്ക് അടർത്തി മാറ്റി….. ” മോനേ ജോണീ… ഇത് ഞാനാ… ശങ്കരൻ മേശിരി….നീ വീട്ടിലുണ്ടെ ഒന്നിങ്ങോട്ട് വന്നേ…..എനിക്കൊന്ന് ആശുപത്രീല് പോണായിരുന്നു……മരുന്നൊക്കെ തീർന്നു…. ഒരുപാട് താമസമൊന്നുമില്ല….. “ഞാൻ വീട്ടിലുണ്ട് ശങ്കരൻ മാമാ…….അങ്ങോട്ട് കൊണ്ടാക്കാം….. ഡോക്ടറെ കാണാൻ താമസമുണ്ടൊ , എനിക്കൊരിടം വരെ പോകാനും ഉണ്ട്…..എന്തായാലും ഒരുങ്ങി നിൽക്ക് ..എനിക്ക് പറ്റില്ലേൽ അവിടിന്നിങ്ങോട്ട് വേറൊരു ഓട്ടോ ശരിയാക്കാം ഞാനൊരല്പ സമയത്തിനുള്ളിൽ ഇറങ്ങാം….” അവൻ ഫോൺ വച്ചതും അത് വീണ്ടും റിങ് ചെയ്തു…. അത് നേഹയ്ക്കൊരു അലോസരമായി തോന്നി…..
പക്ഷെ ഒന്നും മിണ്ടാതെ അവന്റെ അരികിൽ തന്നെ അവളിരുന്നു …. ” ഹലോ ജോണിച്ചായാ എന്നാത്തിനാ വിളിച്ചത്….ഞാൻ ബൈക്കിലായിരുന്നു… അതാ എടുക്കാഞ്ഞത്…. ” അത് ഞാൻ നേരത്തെ നിന്നോട് ഒരു വർക്ക് കിട്ടിയ കാര്യം പറഞ്ഞിരുന്നില്ലേ.. റൂഫ് ഇടുന്നത്…. അവരിന്നെന്നെ വിളിച്ചായിരുന്നു… നമുക്കിന്ന് അവിടം വരെ ഒന്നു പോകണം…. നാളെ സാധനങ്ങൾ എടുക്കണം… മറ്റെന്നാളാ പണി തുടങ്ങേണ്ടത്… അപ്പോൾ സാധനങ്ങൾ വാങ്ങിക്കാനുള്ള കാശ് ഇന്ന് പോയി വാങ്ങിക്കണം ….. ബിജിനും കൂടി അതിനു വരണം…. ആകാശിന് ഇന്ന് വരാൻ പറ്റത്തില്ലടാ…. നീ വന്നേ പറ്റൂ….. “ശരിയിച്ചായാ…. എങ്ങനാ പോകുന്നത്…?ഓട്ടോയ്ക്കാണോ….? അല്ലെടാ…. ബൈക്കെടുക്കാം…. നീ റോഡിലോട്ട് ഇറങ്ങി നിന്നേര്….. ഞാൻ വരുന്നവഴി കയറ്റാം….ഇപ്പൊ ഞാനൊരോട്ടം പോകുവാ… ഇടയ്ക്ക് നിന്നെ വിളിക്കാം…. അവൻ ഫോൺ വച്ചു…. ജോണിയുടെ മനസിലെ കനലുകൾ അപ്പോഴേക്കും ഒന്നണഞ്ഞു തുടങ്ങിയിരുന്നു…
അവന്റെ നെഞ്ചിൽ നിന്നും മാറിയെങ്കിലും അവളവന്റെ കയ്യിൽ അപ്പോഴും ചുറ്റിപ്പിടിച്ചിരുന്നു…. അവൻ അടുത്തിരുന്ന നേഹയോട് ധൃതിയിൽ പറഞ്ഞു… “ഡീ…ഒന്നെഴുന്നേറ്റെ…. ഇങ്ങനെ ഇരുന്നാൽ ബാക്കികാര്യങ്ങളൊന്നും നടക്കില്ല…. ഒരു ഓട്ടം കിട്ടിയിട്ടുണ്ട് പെട്ടെന്ന് പോണം….കൂടെ മറ്റെ വഴിക്കും …. “എന്തായാലും വന്നതല്ലേ..ചോറ് കഴിച്ചിട്ട് പോയാൽ മതി കേട്ടോ….. ” എങ്കിൽ ചെന്ന് ഒന്ന് എടുത്ത് വയ്ക്ക്…. . ഒരുപാടൊന്നും വിളമ്പിയേക്കരുത്…. അമ്മച്ചിയേക്കൂടി വിളിക്ക്…. വെപ്രാളപെട്ടെന്നത് പോലെയുള്ള അവന്റെ ശബ്ദം കേട്ടുതീരും മുൻപേ തന്നെ അവൾ അവിടെനിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് പോയീ….. നേഹ പെട്ടെന്ന് തന്നെ ചോറ് വിളമ്പി…. അവനൊപ്പം ഇരിക്കുന്നോ എന്ന് ജോണി ചോദിച്ചെങ്കിലും സമയമില്ലാത്തത് കൊണ്ട് ഇരുന്നില്ല….
അവനെ പെട്ടെന്ന് പിരിയേണ്ടി വരുന്നതോർത്തപ്പോൾ ചെറുതായൊരു നോവ് ഒരല്പനേരത്തേക്ക് എങ്കിലും അവളെ പിടികൂടി…. അവൾ അന്നമ്മയെ വിളിക്കാൻ മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോളേക്കും അവരും അകത്തേയ്ക്ക് എത്തി…. “അമ്മച്ചി എന്തെടുക്കുവായിരുന്നു….? ഉത്തരം പറയാൻ തുടങ്ങുമ്പോളാണ് അവർ ജോണിയെ കണ്ടത്…. ‘”നീയെപ്പോ വന്നെടാ….? “ഒരു അരമണിക്കൂറു കഴിഞ്ഞുകാണും….” എന്നിട്ട് നീയെന്നെ ഒന്നു വിളിച്ചില്ലല്ലോ.. ജോണിയും നേഹയും പരസ്പരം നോക്കി… അവർ പരിഭവത്തോടെ തുടർന്നു….. ഇപ്പോള് നിനക്ക് പറയാനും കേൾക്കാനും ഒക്കെ ആള് ഉണ്ടല്ലോ…. അപ്പോ പിന്നെ എന്നോട് പറയുന്നത് എന്തിനാ….? ജോണി അത് ചിരിച്ചു തള്ളിയെങ്കിലും… ആ വാക്കുകൾ കേട്ടപ്പോൾ നേഹയുടെ മുഖം വാടി….. ജോണിയും അവളുടെ മുഖത്തെ ഭാവമാറ്റം മനസ്സിലാക്കി….. അന്നമ്മ പോയപ്പോൾ അവൻ എന്തോ പറയാനായി തുടങ്ങിയെങ്കിലും അവളത് കേൾക്കാൻ നിൽക്കാതെ അടുക്കളയിലേക്ക് തന്നെ പോയി…..
കഴിച്ചശേഷം മുറിയിൽ എത്തിയപ്പോൾ നേഹയും അവന്റെ പിന്നാലെ എത്തി….. “ഇച്ചായാ…..ഇന്ന് വരാൻ വൈകുമോ…? “ചിലപ്പൊ….. ഒരു വഴിക്ക് പോകുവല്ലേ…. വൈകുവാണേ വിളിക്കാടി…. പിന്നെ…….നീഈ തൊട്ടാവാടിത്തരം അങ്ങ് കളഞ്ഞേക്കണം കേട്ടോ. … എന്റെ കെട്ടിയോൾക്ക് അതത്ര ചേരില്ല…. “ഞാനെന്തു ചെയ്തിട്ടാ അമ്മച്ചി…..” “അമ്മച്ചി പ്രത്യേകിച്ച് നിന്നെയൊന്നും പറഞ്ഞില്ലല്ലോ…എന്നേം കൂടല്ലേ കുത്തിയത് .. പിന്നെന്നാ…അതൊന്നും കാര്യാക്കണ്ട….കേട്ടോ…നാളെ അമ്മച്ചീടെ സ്ഥാനത്തു നീയെത്തുമ്പോളും ഈ പരിഭവം തന്നെയാവും മോന്റേം മരുമോടെയും അടുത്ത് പറയുക….. സൊ ടേക്ക് ഇറ്റ് ഈസി…..”എന്ന് പറഞ്ഞു കൊണ്ടു അവളെ പിടിച്ച് തനിക്ക് നേരെ നിർത്തി കവിളത്തൊരു നുള്ള് കൊടുത്തു…… ” ആഹ്ഹ് …. പറയാനുള്ളത് പറഞ്ഞാൽ പോരെ…. അല്ലാതെ ഇങ്ങനെ നോവിക്കണോ…. ” അത്രയ്ക്ക് അങ്ങുനൊന്തോ… ” ” എങ്കിൽ ഞാനും തിരിച്ചു തരട്ടെ….. അവൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു….
ഇന്നലെ വരെ കണ്ട നേഹയിൽ ഒരുപാട് അകലെയാണ് ഇപ്പോൾ തന്റെ മുന്നിൽ കുറുമ്പോടെ…..അതിലേറെ പ്രണയത്തോടെ നിൽക്കുന്ന നേഹയെന്ന് ജോണിക്ക് തോന്നി……. ഒരിക്കലെവിടോ നഷ്ടപ്പെട്ടുപോയ പ്രണയ ഭാവങ്ങൾ തന്നിൽ ഇതൾ വിരിയാൻ വെമ്പുന്നതായി മനസ് അവനോട് മെല്ലെ മന്ത്രിച്ചു…. എങ്കിലും അത് തുറന്നു പ്രകടിപ്പിക്കാനൊന്നും അവന്റെ മനസ്സ് തയ്യാറായില്ല…. പുതിയ വർക്ക് കിട്ടിയ വീട്ടിൽ കൊണ്ടുപോകുന്നതിന് ആവശ്യമായ എന്തൊക്കെയോ പേപ്പറുകൾ അവൻ അലമാരയിൽ നിന്നും എടുത്ത് ധൃതിയിൽ ബാഗിൽ വച്ചു…. “” ജോണിച്ചായാ…… “” “മ്മ്… എന്നതാ….”” “ഓ….ഒന്നൂല്ല…. ഒത്തിരി വൈകാൻ ഒന്നും നിക്കണ്ടാട്ടോ….” ഉള്ളിൽ പറയാൻ ഉദ്ദേശിച്ചത് അതൊന്നും ആയിരുന്നില്ലെങ്കിലും പെട്ടെന്ന് മറ്റൊരെണ്ണം കണ്ടെത്തി അവനു മുന്നിൽ വച്ചു…… ജോണിക്ക് നേഹയുടെ മനസ്സിന്റെ ചലനങ്ങൾ ഏകദേശം മനസ്സിലായിരുന്നു….. ” നമ്മളെ കാത്തിരിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കുന്നത് ഒരു ഭാഗ്യമാണ്…. അങ്ങനെ നീയും എന്റെ വലിയൊരു ഭാഗ്യമാണിപ്പോൾ….. സ്നേഹത്തോടെ അവൻ അവളുടെ നെറുകയിൽ ഒരു മുത്തം ചാർത്തി…..
എത്രയും പെട്ടെന്ന് പോകേണ്ടത് കൊണ്ട് അവൻ ഉടനെ തന്നെ അവളിൽ നിന്നും അടർന്നുമാറി…… പക്ഷെ നേഹയുടെ ഹൃദയം വീണ്ടും വീണ്ടും ചുംബനപൂക്കൾ ചൂടാൻ കൊതിക്കുന്നുണ്ടായിരുന്നു……. അതറിഞ്ഞിട്ടെന്ന പോലെ ജോണി അവളോട് കളിയോടെ പറഞ്ഞു …. “എന്നതാ കെളവീ…. ഇപ്പോഴും മധുരപ്പതിനേഴെന്നാ വിചാരം….?ഏഹ്ഹ്….? അവന്റെ പുരികക്കൊടികൾ മെല്ലെ ഉയർന്നു താഴ്ന്നു…. നേഹയുടെ ചുണ്ടിലെ വശ്യമായ പുഞ്ചിരി അപ്പോഴും കെട്ടിരുന്നില്ല….. “യാ….കിളവന് ആ ചിന്ത പോലും ഇല്ലാണ്ട് പോയത് ന്റെ കുറ്റമല്ലല്ലോ….. ” ഒന്നു പോഡീ…. ” എന്ന് കയ്യോങ്ങി പറഞ്ഞുകൊണ്ട് അവൻ മുറിയിൽ നിന്നും ഇറങ്ങി…… ജോണി പോയതിനുശേഷം അന്നമ്മയും നേഹയും കൂടി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനിരുന്നു ….. തന്നോട് ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അവരവളെ ഒന്നു നോക്കി…. അവൾ ഏതോ സ്വപ്നലോകത്താണെന്ന് മനസ്സിലായതും അവളെ അതിൽ നിന്നും ഉണർത്താൻ ശ്രമിക്കാതെ അവർ തന്റെ കർത്തവ്യം തുടർന്നു……. നേഹ വന്നതിൽ പിന്നെ ജോണിക്ക് നല്ല മാറ്റമുണ്ട്….
അവന്റെ നഷ്ടപ്പെട്ടുപോയ സന്തോഷങ്ങളൊക്കെ ഇപ്പോൾ നേഹയിലൂടെ തിരിച്ചെത്തിയത് പോലെ തോന്നുന്നു…..തങ്ങളുടെ കുടുംബത്തിന് കിട്ടിയ ഒരു മാലാഖയാണിവൾ……… കണ്ണടയും വരെ ഇത് ഇങ്ങനെ തന്നെ തുടർന്നാൽ മതിയായിരുന്നു….. അന്നമ്മ അവളെ നോക്കിയിരിക്കെ ഓർത്തു…. 🌹🌹🌹 ജോണി ഓട്ടം കഴിഞ്ഞു നേരെ പോയത് തന്നെ വിളിച്ച മാത്യു വിന്റെ വീട്ടിലേക്കായിരുന്നു….. ഇടയ്ക്ക് വഴിയിൽ വച്ച് അവൻ ബിജിനെയും കൂടെ കൂട്ടി…… തുടർന്നു പരിചയമുള്ളൊരു വീട്ടിൽ ഓട്ടോയിട്ടിട്ട് ബിജിന്റെ ബൈക്കിൽ അവർ യാത്ര തുടർന്നു…… ഏകദേശം ഇരുപത്തഞ്ചു കിലോമീറ്ററോളം യാത്ര ചെയ്താണ് അവർ മാത്യുവിന്റെ വീട്ടിൽ എത്തിയത്…… അവർ ചെന്നപ്പോളെ മാത്യുവും ഭാര്യ എലിസബത്തും ഇറങ്ങി വന്നു…. “ഞങ്ങൾ പ്രതീക്ഷിച്ചതിലും നേരത്തെ ഇങ്ങെത്തിയല്ലോ…..ഉച്ച കഴിഞ്ഞോണ്ട് റോഡില് തിരക്ക് കുറവായിരിക്കും ല്ലേ…? “ബൈക്കായോണ്ട് അധികം ട്രാഫിക്കിൽ പെടാണ്ടിങ്ങു പോന്നുവെന്ന് വേണം പറയാൻ…. ” മാത്യു അവരെ സ്വീകരിച്ചു ഹാളിൽ ഇരുത്തി… വർക്ക് സംബന്ധിച്ച കാര്യങ്ങൾ ചർച്ച നടത്തുന്നതിനിടയിൽ ആണ് ഒരു യുവതി അങ്ങോട്ട് വന്നത്…
“പപ്പാ… റോഷിച്ചായൻ ഒന്നു വീണു…. ഒന്നു വന്നേ…. ഞാൻ പിടിച്ചിട്ട് എഴുന്നേൽക്കാൻ പറ്റുന്നില്ല……. “”യ്യോ… ന്റെ കുഞ്ഞ്….” മാത്യുവും എലിസബത്തും അവിടെനിന്ന് ചാടി എഴുന്നേറ്റു….. അവർ അകത്തെ മുറിയിലേക്ക് ഓടി….. കൂടുതലൊന്നും അറിയില്ലെങ്കിലും എന്തൊ അപകടമാണെന്ന് തോന്നിയതിനാൽ ജോണിയും അവന് പിറകെ ബിജിനും തങ്ങളുടെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു… മാത്യു പോയ വഴിയേ ജോണി നടന്നു….. ഒരിക്കലും തന്റെ മുന്നിലേക്ക് എത്തരുതെന്ന് ആഗ്രഹിക്കുന്നവന്റെ മുന്നിലേക്കാണ് താൻ നടന്നടുക്കുന്നതെന്ന് ജോണി അറിഞ്ഞിരുന്നില്ല…… (തുടരും )

by