രചന – ശ്രീതു ശ്രീ
കാർ ഓടിച്ചിരുന്നത് ലിന്റയുടെ ഒരു സുഹൃത്തായിരുന്നു….. സാധാരണയിലും വേഗത്തിൽ കാർ പായുന്നത് അറിഞ്ഞപ്പോഴും നേഹ ഒന്നും സംശയിച്ചില്ല….. ആശുപത്രിയിൽ എത്താനുള്ള പരക്കം പാച്ചിൽ ആയിരിക്കും അതെന്നു മാത്രമേ അവൾ ചിന്തിച്ചുള്ളൂ….. “” ഇത് രണ്ടും തന്റെ മക്കളാണോ… “” അവളുടെ ചോദ്യം കേട്ട് നേഹ ഒരു നിമിഷം അവളെ ആശ്ചര്യത്തോടെ നോക്കി… എന്നിട്ട് അവൾ “”ആണ് “”എന്ന് മെല്ലെ പറഞ്ഞു… “” എന്ന് നൂറു ശതമാനം ഉറപ്പിച്ച് പറയാൻ പറ്റുമോ…? ” വീണ്ടും ലിന്റയിൽ നിന്നുണ്ടായ ചോദ്യം നേഹയെ വീണ്ടും അമ്പരപ്പിച്ചു….. “”അതെന്താ അങ്ങനെ ചോദിച്ചെ..?” “”ഓ ഞാൻ ചോദിച്ചെന്നേയുള്ളു….”” പിന്നെ കുറച്ചു സമയത്തേയ്ക്ക് ലിന്റയൊന്നും മിണ്ടിയില്ല…. അവളുടെ കണ്ണുകൾ നേഹയുടെ മടിയിലിരിക്കുന്ന ജനിയിലും നേഹയെ ചുറ്റിപ്പിടിച്ച് സീറ്റിൽ ഇരിക്കുന്ന റോഹനിലും ആയിരുന്നു… ടൗണിലെ ഏതെങ്കിലും ഒരു ഹോസ്പിറ്റലിലേക്ക് ആയിരിക്കും തങ്ങളെ കൊണ്ടുപോകുന്നത് എന്നാണ് നേഹ കരുതിയിരുന്നത്….. പക്ഷേ അവൾ ഉദ്ദേശിച്ചിടത്തൊന്നും നിർത്താതെ വണ്ടി മുന്നോട്ട് പോയപ്പോൾ നേഹയ്ക്ക് ആശങ്ക തോന്നി….
ലിന്റയുടെ മുഖഭാവങ്ങളും ചോദ്യങ്ങളും ആവർത്തിച്ചാവർത്തിച്ച് ഓർത്തു നോക്കിയപ്പോൾ അവളുടെ ആശങ്കയുടെ ആഴം വർദ്ധിച്ചു കൊണ്ടിരുന്നു….. ഒടുവിൽ സഹികെട്ടവൾ ചോദിച്ചു : “” നിങ്ങൾ ഇത് ഇങ്ങോട്ടാ ഞങ്ങളെ കൊണ്ടു പോകുന്നത്…? അടുത്തുള്ള ഹോസ്പിറ്റൽ കഴിഞ്ഞല്ലോ….. ” ഫോണിൽ റോഷനും തന്റെ കൂടെയുള്ളവർക്കും മെസ്സേജ് ചെയ്യുന്ന തിരക്കിൽ ആയിരുന്ന ലിന്റ തലയുയർത്തി നേഹയെ ഒരു പരിഹാസചിരിയോടെ നോക്കി…… അപ്പോഴാണ് നേഹയുടെ കയ്യിലിരിക്കുന്ന ഫോണിൽ അവളുടെ ശ്രദ്ധ പതിഞ്ഞത്…. അവൾ ജോണിയെയോ മറ്റോ വിളിച്ചാലോ എന്ന് ഓർത്തപ്പോൾ നേഹയുടെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ അവൾ ആവശ്യപ്പെട്ടു…. കാര്യം അറിയാതെ അത് കൊടുക്കാൻ നേഹയും തയ്യാറായില്ല…. നിന്റെ പിന്നെ മറ്റൊന്നും നോക്കിയില്ല…. ബലം പ്രയോഗിച്ച് ഫോൺ കൈവശപ്പെടുത്തി… ജനി കൂടി മടിയിൽ ഇരിക്കുന്നതുകൊണ്ട് നേഹയ്ക്ക് കൂടുതൽ പ്രതിരോധിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല….
“” നിങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയില്ല…. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോ എന്തിനാണ് കൊണ്ടുപോകുന്നതെന്നോ പറഞ്ഞുകൂടെ…. യഥാർത്ഥത്തിൽ നിങ്ങളുടെ ഉദ്ദേശം എന്താണ്….? “” എന്തെങ്കിലുമൊന്നു പറയുമ്പോൾ ചാടിക്കടിക്കാൻ നടക്കുന്ന ധീരനായ ജോണിയുടെ ഭാര്യ ഇങ്ങനെ ഭയപ്പെട്ടാലോ…. നിനക്ക് വേണ്ടപ്പെട്ടൊരാളുടെ അടുത്തേയ്ക്ക് തന്നെയാ പോകുന്നത്… അവിടെ എത്തിയ ശേഷം തിരികെ വരണോന്നും നിനക്ക് തീരുമാനിക്കാം….”” ലിന്റയുടെ കണ്ണിലെ ഭാവം അവളെ ഭയപ്പെടുത്തി…. “” അതിനു മുൻപ് ഞാൻ ആരാണെന്ന് നിനക്കറിയേണ്ടേ….? നിന്റെ മടിയിലിരിക്കുന്നജെനിയുടെ യഥാർത്ഥ അമ്മ… ലിന്റാ മേരി ജെയിംസ്….. കൂടുതലൊന്നും ഇനി പറയേണ്ടല്ലോ… ഇനിയിപ്പോ എല്ലാം മനസ്സിലായി കാണുമല്ലോ…. “” തങ്ങൾ അവൾ ഒരുക്കിയ കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് നേഹയ്ക്ക് തോന്നി…. “” ഇപ്പോൾ നീ എന്തിനാ ഞങ്ങളെ കാറിൽ കയറ്റി കൊണ്ടു പോകുന്നത്…. നിനക്കുള്ളതൊക്കെ ജോണിച്ചായൻ തന്നു കഴിഞ്ഞതാണല്ലോ….””
“അപ്പോൾ ജോണി നിന്നോട് എല്ലാം പറയുന്നുണ്ട്… അല്ലേ…? ” “”എന്റിച്ചായൻ എന്നോടല്ലാതെ പിന്നാരോടാ പറയേണ്ടെ….?തന്നെപ്പോലെ വിശ്വാസവഞ്ചന കാണിക്കാനൊന്നും അങ്ങേർക്ക് പിടിയില്ല….മനസ്സുമില്ല….”” “”ദേ… കരണത്തൊരെണ്ണം തന്നാലുണ്ടല്ലോ…ലിന്റ ആരാന്നാ നിന്റെ വിചാരം….?”” “”എന്നെ തല്ലാനുള്ള യോഗ്യതയൊന്നും നിനക്കില്ല ലിന്റ… ഉണ്ടായിരുന്നേൽ ഈ നാടകമൊന്നും നിനക്ക് കളിക്കേണ്ടി വരില്ലായിരുന്നല്ലോ…..”” ലിന്റ ദേഷ്യത്തോടെ മുഖം തിരിച്ചു…. കുട്ടികൾ ഒന്നും മനസ്സിലാകാതെ നേഹയെ ഇറുക്കി പിടിച്ചുകൊണ്ടിരുന്നു അവരുടെ കണ്ണിലും ഭയമായിരുന്നു അവരുടെ സംഭാഷണം കേട്ടപ്പോൾ റോഹന് എന്തോ ഭയം ഉള്ളിൽ തോന്നി… “”മമ്മാ….നമുക്കിവിടെ ഇറങ്ങാം….ആശുപത്രിയില് പിന്നെ പോവാം …പപ്പയെ എങ്ങനേലും വിളിക്ക് മമ്മാ…..”” “””ഈ കാറിൽ എല്ലാ എണ്ണത്തിനെയും പിടിച്ച് കയറ്റാൻ അറിയാമെങ്കിൽ എവിടെ കൊണ്ടുപോയി ഇറക്കണമെന്നും എനിക്ക് നന്നായിട്ട് അറിയാം….. “” ലിന്റ ശബ്ദം കൂടുതൽ കടുപ്പിച്ചു..,… “”ലിൻഡ നീ ചുമ്മാതെ പ്രശ്നമൊന്നും ഉണ്ടാക്കരുത് നിന്നോട് പറയാനുള്ളതൊക്കെ ജോണിച്ചായൻ പറഞ്ഞതാണല്ലോ മോളെ വിട്ടു തരാൻ ഞങ്ങൾ ഒട്ടും ഉദ്ദേശിച്ചിട്ടില്ല വെറുതെ നീ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ വരുത്തിവെക്കാം എന്നല്ലാതെ നിനക്കിതുകൊണ്ട് ഒരു നേട്ടവുമില്ല…”
“”എന്നങ്ങു ഉറപ്പിക്കാതെ നേഹേ…..എന്റെ മോളേ വളർത്താൻ എനിക്ക് തന്നെയാ അവകാശം….”” “” അവകാശം നിനക്കാണ് എനിക്കാണോ എന്നൊക്കെ പിന്നെ തീരുമാനിക്കാം “” അവരെയും കൊണ്ട് വളരെ ദൂരം പിന്നിട്ടിരുന്നു നിന്റെ ഫോൺ മുന്നിലിരിക്കുന്ന ഡ്രൈവറുടെ കൈവശം കൊടുത്തതിനാൽ ജോണിയെ വിളിക്കാനുള്ള ഒരു വഴിയും അവളുടെ മുന്നിൽ തെളിഞ്ഞില്ല….. അപ്പോഴേക്കും കാർ മെയിൻ റോഡിൽ നിന്നും ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു. അധികം ആൾക്കാർ ഒന്നുമില്ലാത്ത പ്രദേശമാണെന്ന് നേഹയ്ക്ക് തോന്നി. എന്തുവന്നാലും നേരിടാനുള്ള ആത്മവിശ്വാസത്തോടെ അവൾ ആ കാറിൽ ഇരുന്നു… സ്വന്തം ജീവൻ പോയാലും ലിന്റയ്ക്ക് ജനിയെ കൊടുക്കില്ലെന്ന് അവൾ തീർച്ചപ്പെടുത്തിയിരുന്നു…..ജോണി അവളെ എങ്ങനെയാണോ തന്നെ ഏൽപ്പിച്ചത് അതു പോലെ തിരികെ നൽകണം….. വാഹനം ഒരു ആളൊഴിഞ്ഞ പറമ്പിലേക്ക് കയറുന്നത് പേടിയോടെ നേഹ തിരിച്ചറിഞ്ഞു…. പിന്നീടാണ് അത് പണി നടക്കുന്ന ഒരു കെട്ടിടമാണ് അവൾ മനസ്സിലാക്കിയത്…. ലിന്റ എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടാണ് തങ്ങളെ ഇവിടെ എത്തിച്ചത് എന്ന് അവൾ ഊഹിച്ചു….. അവരുടെ കാർ ചെന്ന് നിന്നതിന് കുറച്ച് അപ്പുറത്തായി മറ്റൊരു സ്കോർപിയോ വേണ്ടിയും ഉണ്ടായിരുന്നു….
പക്ഷേ അതിന്റെ പരിസരത്ത് എങ്ങും ഒറ്റ മനുഷ്യരും ഉണ്ടായിരുന്നില്ല…. വണ്ടി നിർത്തുന്നതിനിടയ്ക്ക് ലിന്റ ഒരു താക്കീത് എന്നപോലെ പറഞ്ഞു ഞാൻ നിന്നോട് ഒരു കാര്യം പറയുവാ…. ഇവിടെനിന്ന് എങ്ങനെയെങ്കിലും ഓടിയോ മറ്റൊ രക്ഷപ്പെടാമെന്ന് എന്തെങ്കിലും പ്ലാനുണ്ടെങ്കിൽ അതങ്ങ് ഉപേക്ഷിച്ചേക്കണം…. ഇവിടെ ചുറ്റും എന്റെ ആൾക്കാരുണ്ട്….. എനിക്കിഷ്ടമില്ലാത്തത് എന്തെങ്കിലും ചെയ്താൽ ഈ വന്ന കോലത്തിൽ ആയിരിക്കില്ല നീ തിരിച്ചു പോകുന്നത്…. പോകുമ്പോൾ പിന്നെ ഈ പിള്ളേര് രണ്ടും കൂടെ കാണത്തതുമില്ല… അതും ഓർമ്മയിൽ വച്ചേക്കണം….. അവളുടെ ഭീഷണിക്ക് മുൻപിൽ നേഹ തളരാൻ ഒരുക്കമായിരുന്നില്ല….. എന്തുവന്നാലും നേരിടാൻ ഉറച്ചു തന്നെ അവൾ കാറിനു പുറത്തേക്ക് ഇറങ്ങി…. ജനിയെ അവൾ താഴെ നിർത്തിയത് പോലുമില്ല…. തന്റെ നെഞ്ചോട് ചേർത്തുതന്നെ പിടിച്ചു…. അവളുടെ സാരിത്തുമ്പിൽ നിന്ന് കൈവിടാതെ റോഹനും പിന്നാലെ പുറത്തേക്കിറങ്ങി….. അപ്പോഴേക്കും അടുത്തുകിടന്ന കാറും തുറക്കപ്പെട്ടു…. ഒപ്പം എവിടെ നിന്ന് ഒക്കെയോ കുറച്ച് ആണുങ്ങളും അവിടെയെത്തി…
എല്ലാവരും ലിന്റയ്ക്ക് പുഞ്ചിരി കൈമാറുന്നത് കണ്ടപ്പോൾ അവളുടെ ആൾക്കാരാണ് അതെന്ന് നേഹയ്ക്ക് മനസ്സിലായി….. “”നേഹ പേടിക്കുകയൊന്നും വേണ്ട…. ഞങ്ങൾ പറയുന്നത് കൃത്യമായി അനുസരിക്കുക മാത്രം ചെയ്താൽ മതി…..കുഴപ്പമൊന്നും ഉണ്ടാവില്ല….ഞാൻ ചില എഗ്രിമെന്റ് പേപ്പറുകൾ കൊണ്ടുവന്നിട്ടുണ്ട്…. അതിൽ എവിടെയൊക്കെയാണോ എനിക്ക് നിന്റെ ഒപ്പ് വേണ്ടത്, അവിടെയൊക്കെ ഒപ്പിട്ടു തന്നാൽ നിനക്ക് പെട്ടെന്ന് തന്നെ ഇവിടുന്നു പോകാം….. പിന്നെ പിള്ളേരുടെ കാര്യം അതങ്ങ് മറന്നേര്….പ്രായമൊന്നും കഴിഞ്ഞു പോയിട്ടില്ലല്ലോ കുട്ടികൾക്ക് വേണ്ടി നിങ്ങൾക്ക് ഇനിയും ശ്രമിക്കാമല്ലോ…. അങ്ങനെ നിങ്ങൾ നിങ്ങളുടെ മക്കളുമായി ജീവിച്ചോളൂ…. ഞങ്ങളാരും ശല്യം ചെയ്യാൻ വരില്ല…..””” ലിന്റ എന്ത് പേപ്പർ തന്നാലും അത് കീറി അവളുടെ മുഖത്ത് തന്നെ എറിയണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു അപ്പോൾ നേഹ…. അപ്പോഴും അവളുടെ ഉള്ളിൽ ഒരു സംശയം വാക്കിൽനിന്നു….. ജനിയെ അവൾക്ക് ആവശ്യപ്പെടാം…. പക്ഷേ റോഹനെ അവൾക്ക് എന്തിനാണ്…? അവളുടെ ചിന്ത മനസ്സിലാക്കിയിട്ട് എന്ന പോലെ ലിന്റ പറഞ്ഞു..:
“” രോഹനെ എനിക്കെന്തിനാണ് എന്നാണോ നീ ആലോചിക്കുന്നത്…. എങ്കിൽ കേട്ടോളൂ… എനിക്കല്ല അവനെ ആവശ്യം….. അവന്റെ സ്വന്തം അച്ഛനു തന്നെയാണ്….. “” നേഹയൊന്നു ഞെട്ടി….. അവൾ ചുറ്റും നിൽക്കുന്ന മുഖങ്ങളിലേക്ക് വീണ്ടും നോക്കി… അതൊന്നും റോഷൻ അല്ലെന്ന് ഉറപ്പിച്ചു….. അവളുടെ അങ്കലാപ്പ് കണ്ട് ചിരിയോടെ ലിന്റ പറഞ്ഞു…. “” നിനക്ക് റോഷനെ കാണണ്ടേ….. വർഷം എത്രയായി കണ്ടിട്ട്…?? പക്ഷേ ഇപ്പോൾ നിനക്ക് അവനെ ആവശ്യമില്ലെന്ന് അറിയാം…. എങ്കിലും ചില കൂടിക്കാഴ്ചകൾ അനിവാര്യമാണ്….”” പറഞ്ഞു നിർത്തിയിട്ട് തൊട്ടപ്പുറത്ത് കിടന്ന കാറിനടുത്തേയ്ക്ക് ലിന്റ നടന്നു….. അവൾ അടുത്തെത്താറായതും കാറിന്റെ പിൻവാതിൽ തുറക്കപ്പെട്ടു… ആ കാറിന്റെ ഡ്രൈവറും ഞൊടിയിടയിൽ തന്നെ പിൻവാതിലിന് സമീപം എത്തി…. ഡിക്കിയിൽ നിന്ന് അയാൾ ഒരു വീൽചെയർ എടുത്ത് ആർക്കോ ഇരിക്കാൻ പാകത്തിൽ തയ്യാറാക്കിയ ശേഷം ഒരാളെ പിടിച്ചു അതിലേക്ക് ഇരുത്തുന്നത് നേഹ കണ്ടു… ചുറ്റും ആൾക്കാർ നിൽക്കുന്നതിനാൽ അത് ആരാണെന്ന് മാത്രം പെട്ടെന്ന് അവൾക്ക് മനസ്സിലായില്ല…. പക്ഷെ…കുറച്ചുനിമിഷങ്ങൾക്കുള്ളിൽ തന്നെ അതാരായിരിക്കും എന്ന് അവൾക്ക് ബോധ്യമായി…… Part :38 നേഹയുടെ മിഴികൾ റോഷനിൽത്തന്നെ തറഞ്ഞുപോയി…
വർഷങ്ങളോളം ഒന്നുകാണാൻ താൻ കാത്തിരുന്ന ആളിപ്പോ തന്റെ കണ്മുന്നിൽ…!!! എങ്കിലും അത്ഭുതത്തോടെ വിടർന്ന മിഴികൾ പെട്ടെന്ന് കൂമ്പി….. അവന്റെ അവസ്ഥ അവളിൽ സങ്കടമുണ്ടാക്കി… വീൽചെയർ ഉരുട്ടി തന്റെ മുന്നിലേക്ക് വരുന്നവന്റെ ചിത്രം കണ്ണിലേക്കൂർനിറങ്ങിയ മിഴിനീർ അവളിൽ നിന്നും മറച്ചു പിടിക്കാൻ തുനിഞ്ഞു….. ആ കണ്ണുനീരിനെ തൂത്തെറിയാൻ അവൾ ശ്രമിച്ചില്ല… അവളുടെ കണ്ണു നിറയുന്നത് കണ്ടപ്പോൾ ജനി രണ്ടു കൈകൾ കൊണ്ടും നേഹയുടെ മുഖം പിടിച്ചു തന്റെ നേരെയാക്കിക്കൊണ്ട് “”എന്തിനാ മമ്മ കരയുന്നെ..”” എന്ന് ചിണുങ്ങിക്കൊണ്ട് ചോദിച്ചു… റോഹനും അത് കേട്ടപ്പോളാണ് അവളുടെ മുഖത്തേയ്ക്ക് ശ്രദ്ധിച്ചത്… അവൾക്കുത്തരം കൊടുക്കാതെ നേഹ തല വെട്ടിച്ചു…. നാവ് പോലും ആ നിമിഷം ചലിക്കുന്നില്ലെന്ന് അവൾക്ക് തോന്നിപ്പോയി….. റോഷൻ അടുത്തെത്താറായി….. നേഹയുടെ തല അവനു മുന്നിൽ തനിയെ താഴ്ന്നുപോയി…. ആശുപത്രി കിടക്കയിൽ വച്ച് തന്റെ അപ്പച്ചൻ ജോണിയോട് പറഞ്ഞ കഥകൾ വാതിലിനു പുറത്തുനിന്ന് കേട്ടത് അവൾക്ക് ഓർമ്മ വന്നു……
ജോണിച്ചായൻ കുറച്ചുനാളായി തന്നോട് പറയാൻ ആഗ്രഹിക്കുന്നതും ആ കഥയാണന്ന് ഇടയ്ക്കെപ്പഴോ തോന്നിയിരുന്നു…… പക്ഷെ അദ്ദേഹത്തിന് ഇതുവരെ അത് തന്നോട് തുറന്നു പറയാൻ കഴിഞ്ഞിട്ടില്ല…. എല്ലാം അറിയാമെങ്കിലും ഒന്നുമറിയാത്ത പോലെ ജോണിയുടെ മുന്നിൽ നിൽക്കുന്നതും ആ നാവിൽ നിന്നും സത്യങ്ങളൊക്കെ അറിയാനാണ്….. ഇങ്ങോട്ട് എപ്പോൾ പറയുന്നുവോ അന്നേരം മാത്രമേ തനിക്ക് ഇതൊക്കെ അറിയാമായിരുന്നു എന്ന് ജോണിച്ചായൻ മനസ്സിലാക്കാവൂ എന്നൊരു വാശി എന്തിനെന്നറിയാതെ ഉള്ളിൽ ഉണ്ടിപ്പോഴും…. അന്നൊന്നും പറയാതിരുന്നതിന് തന്റേതായ ന്യായങ്ങളുമുണ്ട്……. അതൊക്കെ എത്രത്തോളം മറ്റുള്ളവർക്ക് ബോധ്യമാകും എന്നറിയില്ല എന്നത് മറ്റൊരു സത്യം.. ചിലപ്പോഴൊക്കെ ഞാൻ അറിഞ്ഞ കാര്യം ഇച്ചായനോട് പറയാൻ തുനിഞ്ഞതും ആണ്… പക്ഷെ അന്നേ അത് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ അപ്പച്ചൻ മരിച്ചതിലുള്ള സങ്കടം പോലും റോഷിച്ചായനെ ഓർത്തുള്ള സങ്കടമായി ജോണിച്ചായനൊ മറ്റൊ വ്യാഖ്യാനിച്ചേക്കാം…..അത് സ്വാഭാവികമാണ്.. അതൊരിക്കലും തനിക്ക് താങ്ങാൻ കഴിയില്ല….
കാരണം ആ മനുഷ്യന്റെ ചിറകിനടിയിൽ നിന്നും ഒരു ദിവസത്തേക്ക് പോലും മാറിനിൽക്കാൻ തന്റെ മനസ്സിനെ ഇപ്പോൾ കഴിയില്ല…..ഏതോ ഒരു ലഹരിക്കടിമപ്പെട്ടത് പോലെ ആ സ്നേഹത്തിന്റെ ആഴങ്ങളിൽ മുങ്ങിപ്പോയി… ആ ആഴങ്ങളിൽ നിന്നൊരു തിരിച്ചു കയറ്റം അത്ര പെട്ടെന്നൊന്നും ഇനി സാധ്യമാവില്ല….ജോണിച്ചായൻ മാത്രമല്ല തന്നെ അവിടെ ബന്ധിച്ചിടുന്ന ചങ്ങലക്കണ്ണി…. ജനിയെന്ന കുറുമ്പത്തി കൂടിയുണ്ട്….. അങ്ങനെ പലതും കൊണ്ടാണ് ഇന്നോളം ഒന്നും പറയാതിരുന്നത്……ജോണിച്ചായനും തന്നോട് പറയാത്തതിന് പിന്നിൽ എന്തെങ്കിലും കാരണം കാണണം…. എന്തായാലും ഇവിടുന്ന് തിരികെ ചെന്നാൽ വൈകാതെ ജോണിച്ചായനോട് എല്ലാം പറയണം….അതിലിനി മാറ്റമൊന്നുമില്ല….. തന്റെ നേരെ വീൽചെയർ ഉരുട്ടി വരുന്ന റോഷനെ കണ്ടപ്പോൾ അവൾക്ക് സഹതാപം തോന്നി….. അതൊന്നുമല്ലാതെ മറ്റൊരു വികാരവും അവളുടെ ഉള്ളിൽ അപ്പോൾ തോന്നിയിരുന്നില്ല… ലിന്റയും അവനൊപ്പം മുന്നോട്ട് വന്നു….. റോഷന്റെ രംഗ പ്രവേശം ഒരു ഭാവമാറ്റവും നേഹയിൽ സൃഷ്ടിക്കുന്നില്ലെന്ന് കണ്ടപ്പോൾ ലിന്റ ദേഷ്യത്തോടെ അവളെ നോക്കി….. റോഷനെ കണ്ടപ്പോൾ ലിന്റ അവളിൽ ഉണ്ടാക്കിയ ഭയമെല്ലാം എവിടെയോ പോയി മറഞ്ഞിരുന്നു…..
അവൾ സ്നേഹിച്ചിരുന്ന റോഷന് തിരിച്ചും അവളെ സ്നേഹിക്കാൻ മാത്രമെ കഴിയുള്ളുവെന്ന് അവളിന്നും വിശ്വസിക്കുന്നുണ്ടാവണം…. റോഷന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് മടിയായിരുന്നത് കൊണ്ട് വീണ്ടും തല കുനിച്ചു…. അറിഞ്ഞുകൊണ്ടല്ലെങ്കിലും താൻ കാരണമല്ലേ അവനീ അവസ്ഥയിൽ എത്തിയത് എന്ന ചിന്ത ആ നിമിഷം അവളെപ്പിടിച്ചുലച്ചു…. പക്ഷെ തന്റെ ഭാഗത്തിപ്പോഴും ന്യായമുണ്ടെന്ന് ഉള്ളിലിരുന്നാരോ പറയുംപോലെ തോന്നിയപ്പോൾ എങ്ങോ നിന്നവൾക്ക് കുറച്ചു ബലം കിട്ടി….തല മെല്ലെയുയർത്തി…. “” നിനക്ക് ഇവനെ ഓർമ്മയുണ്ടോ നേഹാ……? അതോ മറന്നതായിട്ട് അഭിനയിക്കാൻ ആണോ ഭാവം….??”” “” റോഷിച്ചായനെ മറക്കാനും മാത്രം ഓർമ്മക്കേടെന്നും എന്നെ ബാധിച്ചിട്ടില്ല….. “” ചുറുചുറുക്കോടെ ലിന്റയ്ക്ക് മറുപടി കൊടുക്കുന്ന നേഹയേക്കണ്ടപ്പോൾ റോഷന്റെ ഹൃദയം നിറഞ്ഞു,….ചുണ്ടിലേക്ക് പടരാത്തൊരു പുഞ്ചിരി അപ്പോൾ അവനിലുണ്ടായിരുന്നു……. ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ എല്ലാം മിഴിച്ചു നോക്കിക്കൊണ്ടിരുന്നു…. അപ്പോഴും അവനോട് എന്തു പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു നേഹ… കണ്മുന്നിൽ നിൽക്കുന്ന മകന് പപ്പയെന്ന് പറഞ്ഞു ചൂണ്ടികാണിക്കാൻ ഇനി കഴിയില്ല….
അവനൊരു പപ്പയേയുള്ളു…. ആ സ്ഥാനത്ത് ഇപ്പൊ ജോണിയാണ്… റോഷൻ നേഹയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അതൊരു പരാജയമായിപ്പോയി…. പിന്നവന്റെ കണ്ണുകൾ നേഹയെ ഒരു കൈകൊണ്ട് ചുറ്റിപ്പിടിച്ചു നിൽക്കുന്ന റോഹനിൽ പതിഞ്ഞു…. അവനോട് എങ്ങനെ മിണ്ടിത്തുടങ്ങും എന്നറിയാതെ വിഷമിക്കുകയായിരുന്നു നേഹ…. “”നേഹേ….. ഒത്തിരി നാളായി കണ്ടിട്ട്… ല്ലെ…? റോഷനെ കണ്ടിട്ടും തന്റെ മനസിന് അയാൾക്കരികിലേയ്ക്ക് ചെല്ലാൻ കഴിയുന്നില്ലല്ലോ എന്നവളോർത്തു …. ഏതോ ചങ്ങലയിട്ട് ബന്ധിച്ചു നിർത്തിയത് പോലെ കാലുകൾ തറയിൽ നിന്നും ചലിപ്പിക്കാൻ കഴിയുന്നില്ല….. നേഹയിൽ നിന്നുമവന്റെ കണ്ണുകൾ അതിവേഗം റോഹന്റെ മുഖം തേടിപ്പറന്നു… അവന്റെ കണ്ണുകളിൽ തിങ്ങിനിൽക്കുന്ന ഭയം റോഷന്റെ മനസിനെക്കൂടുതൽ പൊള്ളിച്ചു…. ഇടറിയ ശബ്ദത്തിൽ അവൻ റോഹനെ വിളിച്ചു… “”മോനിങ്ങു വന്നേ….”” നേഹയെ കൂടുതൽ മുറുക്കിപ്പിടിച്ചതല്ലാതെ റോഹൻ തെല്ലിടപോലും ചലിച്ചില്ല… റോഷന്റെ അരികിലേയ്ക്ക് പറഞ്ഞുവിടാൻ നേഹയും മടിച്ചു…. ആരെന്ന് പറഞ്ഞു പരിചയപ്പെടുത്തും എന്നത് തന്നെയാണ് അവളെ അങ്ങനെയൊരു മടിയിലേയ്ക്ക് തള്ളിവിട്ടത്,… റോഹൻ വരുന്നില്ലെന്ന് കണ്ടപ്പോൾ റോഷൻ നേഹയെ നോക്കി പറഞ്ഞു : “”ഡോ… നേഹാ… അങ്കിളിനെ പേടിക്കണ്ടാന്ന് അവനോട് പറയൂന്നേ…”” അവൻ പറഞ്ഞത് കേട്ട് നേഹയും ലിന്റയും ഒരുപോലെ ഞെട്ടി….
റോഹന്റെ മുൻപിലേക്ക് സ്വയം ‘അങ്കിൾ ‘എന്നൊരു പദവി ഇട്ടുകൊടുക്കുമ്പോൾ അവന്റെ ഹൃദയം നീറുകയായിരുന്നു…. ഇനിയും അവന്റെ അടുത്തേയ്ക്ക് റോഹനെ വിടാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയ നേഹ പതിയെ തന്നിൽ നിന്നവനെ അടർത്തി മാറ്റിയിട്ട് “”ചെല്ല് കുഞ്ഞേ…””യെന്ന് പറഞ്ഞ് റോഹന്റെ അടുത്തേയ്ക്ക് വിട്ടു…. റോഹനെ കെട്ടിപ്പിടിക്കുമ്പോൾ അവന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു…. മെല്ലെ അവനെ റോഷൻ തന്റെ മടിയിൽ കയറ്റിയിരുത്തി…. “”മോന് അങ്കിളിനെ അറിയോ…?”” അവന്റെ മുഖം തന്റെ മുഖത്തിന് നേരെയാക്കിക്കൊണ്ട് ചോദിച്ചപ്പോൾ റോഹൻ ഇല്ലെന്ന് തലയാട്ടി..പിന്നവൻ നേഹയെ നോക്കി… നിറഞ്ഞ കണ്ണുകൾ തുടയ്ക്കാനുള്ള ശ്രമത്തിലായിരുന്നു നേഹ..അതു കണ്ടതും റോഹൻ വേഗം റോഷന്റെ മടിയിൽ നിന്നുമിറങ്ങി നേഹയ്ക്കടുത്തെത്തി…. “”രണ്ടാളെയും കണ്ടതിൽ സന്തോഷം…”” അവന്റെ സ്വരത്തിലെ ശാന്തത ലിന്റയെ അസ്വസ്ഥയാക്കി…..അവളങ്ങനെ ഒരു പ്രതികരണം ആയിരുന്നില്ല അവനിൽ നിന്നും പ്രതീക്ഷിച്ചത്….. “”റോഷൻ…. ഇവളോട് ഇങ്ങനെയൊന്നും അല്ല സംസാരിക്കേണ്ടത്…. ഇവളും ഇവടെ അപ്പനും കൂടി കാണിച്ചതൊക്കെ നീയ്യ് മറന്നൊ….?ഇവളോടൊന്നും ഒരിത്തിരി പോലും ദയ കാണിക്കരുത്…. ”
“”ഞാനാരോടും അഭിപ്രായം ചോദിച്ചില്ല… ഞാൻ ചോദിക്കാനുള്ളത് വഴിയേ ചോദിക്കാം…അപ്പോഴുത്തരം പറഞ്ഞാൽ മതി…”” അവന്റെ മറുപടിയിൽ ലിന്റ ഞെട്ടുക തന്നെ ചെയ്തു…. അവളെന്തോ ചോദിക്കാൻ തുനിഞ്ഞെങ്കിലും റോഷൻ അതും തടഞ്ഞു…തുടർന്ന് നേഹയോട് കുട്ടികളെ രണ്ടുപേരെയും താനിറങ്ങിയ കാറിൽ കൊണ്ടിരുത്താൻ നിർദേശിച്ചു……അതനുസരിക്കാൻ നേഹ തയാറാവുന്നില്ലെന്ന് കണ്ടപ്പോൾ റോഷൻ പറഞ്ഞു : “”ഡോ… തനിക്കൊ കുഞ്ഞുങ്ങൾക്കോ ഒന്നും ദോഷം വരുന്ന കാര്യമല്ല ഞാൻ പറഞ്ഞത്….. എനിക്കൊരാല്പം സംസാരിക്കാനുണ്ട്… അതിന് കേൾവിക്കാരായി കുട്ടികൾ വേണ്ട…. അതെ ഞാൻ ഉദ്ദേശിച്ചുള്ളൂ…. തനിക്കോ കുഞ്ഞിനോ കുഴപ്പം വരുന്നത് എന്തെങ്കിലും ഞാൻ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ….?”” അവന്റെ വാക്കുകളെ അവിശ്വസിക്കാൻ നേഹയ്ക്ക് കഴിഞ്ഞില്ല….. അവനോടൊന്നും മറുപടി പറഞ്ഞില്ലെങ്കിലും കുട്ടികളെ അവൾ കാറിൽ കൊണ്ടിരുത്തിയ ശേഷം തിരികെ വന്നു…
“”എനിക്ക് സംഭവിച്ചതൊക്കെ ജോണി പറഞ്ഞിരുന്നോ…?” “അപ്പച്ചൻ ഹോസ്പിറ്റലിൽ വച്ച് ജോണിച്ചായനോട് പറയുന്നത് ഞാൻ കേട്ടിരുന്നു….പക്ഷെ എവിടെയായിരുന്നു എന്നൊന്നും അറിയില്ല…..അന്ന് തന്നെ അപ്പച്ചൻ മരിക്കുകേം ചെയ്തു….ജോണിച്ചായനോട് “”” “”നേഹയ്ക്കെന്നെ ഇപ്പൊ പഴയത് പോലെ സ്നേഹിക്കാൻ കഴിയില്ലായിരിക്കും…. അതെനിക്ക് മനസിലാകും…..എങ്കിലും ഓർമ്മത്താളുകളിൽ നിന്ന് മായ്ച്ചു കളയാൻ കഴിയില്ലല്ലോ……ഇനി എന്റെ ഓർമ്മകൾ മാത്രം മനസ്സിൽ ഏതെങ്കിലുമൊരു കോണിൽ ബാക്കി വച്ചാൽ മതി….കഴിഞ്ഞതൊക്കെ കഴിഞ്ഞു….. ഞാനിപ്പൊ ഇവിടെ ഇങ്ങനൊരു കൂടിക്കാഴ്ച്ച ഒരുക്കിയത് എന്തിനാണ് എന്നായിരിക്കും നേഹയോർക്കുന്നത് എങ്കിൽ ലിന്റയോർക്കുന്നത് ഇവന്റെ നിറമെന്താ പെട്ടെന്നിങ്ങനെ മാറിയത് എന്നായിരിക്കും…. എല്ലാത്തിനുമുള്ള മറുപടി ഞാൻ തരാം…. “” റോഷൻ ഒന്നു നിർത്തിയിട്ട് ഒന്നുരണ്ട് നിമിഷം എന്തോ ആലോചനയിലാണ്ടു…..തുടർന്നവൻ ലിന്റയ്ക്ക് നേരെ മിഴികളെ നിർത്തി… (തുടരും )

by