രചന – ശ്രീതു ശ്രീ
ഫോൺ ശബ്ദം എവിടെ നിന്നാണ് വരുന്നത് എന്ന് അന്വേഷിച്ച് ഫ്രിഡ്ജിന്റെ മുകളിൽ നിന്നും അത് കണ്ടെത്തിയപ്പോഴേക്കും ആ കോൾ കട്ടായിരുന്നു…. ആരാണെന്ന ആകാംക്ഷയോടെ അത് എടുത്തു നോക്കിയപ്പോൾ ആങ്ങളയുടെ ഭാര്യ സിനിയുടെ നമ്പർ ആയിരുന്നു… അവൾ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ വിളിക്കുകയുള്ളൂ….. എപ്പോഴായാലും വിളിക്കുന്ന അങ്ങനെ എന്തെങ്കിലും കാര്യത്തിനാവും… പിന്നെ വല്ലപ്പോഴും അവരുടെ മകൾ സാന്ദ്ര വിളിക്കും …. അതും സിനിക്ക് ഇഷ്ടമുണ്ടായിട്ടല്ല…. സാന്ദ്രയുടെ നിർബന്ധത്തിനു വഴങ്ങിയാണെന്ന് മാത്രം…. അവളങ്ങനെ ചിന്തിക്കുന്നത് വെറുതെയല്ല… ഒന്നാമതായി സിനിക്ക് എത്ര പിടുത്തമുള്ള ആളല്ല നേഹ…… ജോണിയെ നേഹ വിവാഹം ചെയ്യും മുൻപ് സിനിയുടെ ഭയം ഒന്നുമാത്രമായിരുന്നു….. നേഹയും മകനും തങ്ങൾക്കു ഒരു ബാധ്യത ആയിത്തീരുമോ എന്നവൾ ഭയപ്പെട്ടത് കുറച്ചൊന്നുമല്ല….. അവളുടെ കുത്തുവാക്കുകൾ കൂടിയാണ് നേഹയെ വിവാഹത്തിന് സമ്മതിക്കാൻ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം ……
പലപ്പോഴും സിനി റോഹനോട് പോലും കണ്ണിൽ ചോരയില്ലാത്ത വിധം കുത്തു വാക്കുകൾ പറഞ്ഞു വേദനിപ്പിച്ചിട്ടുണ്ട്….. അവന്റെ അച്ഛനാരാന്ന് ചോദിച്ച് വിഷമിപ്പിച്ചിട്ടുണ്ട്…. സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി പോലും ഇല്ലാത്തതുകൊണ്ട് അന്നതൊക്കെ സഹിക്കേണ്ടിവന്നു….ഒരു കടയിൽ ജോലിക്ക് ശ്രമിച്ചെങ്കിലും അപ്പച്ചൻ അതിനൊട്ട് വിട്ടതും ഇല്ല….. അവളുടെ നമ്പർ ഡയൽ ചെയ്ത് നേഹ ഫോൺ ചെവിയോട് ചേർത്തു…… “ഹലോ…..” “”ആ….. പറഞ്ഞോളൂ….. ചേച്ചി ഇങ്ങോട്ട് വിളിച്ചായിരുന്നല്ലോ എനിക്ക് എടുക്കാൻ പറ്റിയില്ല… വന്നപ്പോഴേക്കും കട്ടായിപ്പോയി…. “”അത് നേഹേ…. അപ്പച്ചന് നല്ല സുഖമില്ല….നേരെയിങ്ങു പോരാമോ….? ഒരു തളർച്ച പോലെ…. വല്ലാതെ വന്നിവിടെ കിടക്കയാണ്… ഷുഗറോ പ്രഷറോ കൂടുകയോ കുറയുകയോ ചെയ്തതാവാം…. ”
“അയ്യോ ചേച്ചി ഒട്ടുംവയ്യേ…. അവിടെ അടുത്തൊന്നും ഓട്ടോയില്ലേ… നിവിനെ വിളിച്ചിട്ട് എന്ത് പറഞ്ഞു…. നേഹയ്ക്ക് ആകെ വെപ്രാളമായി…. “”ഇവിടാണേൽ ഞാനും കൊച്ചും മാത്രമേയുള്ളു….ഞങ്ങള് ഒറ്റയ്‌ക്കെങ്ങനാ….? നിവിച്ചായന് ഒരു അർജന്റ് മീറ്റിങ്ങിലാ…. ഫോൺ എടുത്തില്ല… നീയൊരു വണ്ടിയും വിളിച്ചുകൊണ്ട് വന്നിട്ട് ആശുപത്രിയിലോട്ട് കൊണ്ടുപോ…..” “”യ്യ്യോ…പ്പൊ അപ്പച്ചന് അത്രയ്ക്ക് സീരിയസ് ആണോ….. നേഹയ്ക്ക് ഉള്ളും ഉടലും ഒരുപോലെ വിറയ്‌ക്കും പോലെ തോന്നി….. ഇന്ന് കാലത്ത് കൂടി അപ്പച്ചനോട് സംസാരിച്ചതാണ്…. അപ്പോഴൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു…. “ഒരു ഓട്ടോ വിളിക്ക് സിനീ… ഞാൻ അപ്പോഴേക്കും എത്താം….” “നേഹയൊരു ഓട്ടോ വിളിച്ചിങ്ങു വന്നാമതി…. എനിക്കാരുടെയും നമ്പർ അറിയില്ല നിന്റെ കെട്ടിയോനും ഓട്ടോയില്ലേ…. അതായാലും മതിയല്ലോ…. ” “ശരി…. ഞാനിപ്പൊ വരാം….. സിനിയോടവൾക്ക് എന്തെന്നില്ലാത്ത അമർശം തോന്നിയെങ്കിലും അതൊന്നും പ്രകടിപ്പിക്കാൻ പോയില്ല….. ഫോൺ വച്ചുടനെ അവൾ ജോണിയെ വിളിച്ചു സംഭവം പറഞ്ഞു…… അവൻ വെൽഡിങ് വർക്കിന്റെ തിരക്കിലായിരുന്നെങ്കിലും ആ നിമിഷം ഓടിയെത്തി…….
നേഹ പോകാൻ തയാറായി തന്നെ നിൽക്കുവാരുന്നു……. “അമ്മച്ചിയോടു പറഞ്ഞില്ലേ…. ” “മ്…. അമ്മച്ചിയോടും ജിനൂനോടും പറഞ്ഞിട്ടുണ്ട്…. ഓട്ടോയിൽ കയറിയിരുന്ന ഉടനെ തന്നെ അവൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു റോഡിലേക്ക് ഇറങ്ങി….. അവളപ്പോൾ സഹോദരനെ വിളിക്കാനുള്ള തിരക്കിൽ ആയിരുന്നു…… അവൻ തന്റെ വീട്ടിലേക്കുള്ള വഴിയേ പോകാതെ മറ്റൊരു വഴിക്ക് തിരിയുന്നത് കണ്ടപ്പോൾ അവൾക്ക് സംശയം തോന്നി….. “ഇച്ചായാ… ഇതെങ്ങോട്ടാ പോകുന്നത്…? എന്റെ വീട്ടിലേക്കുള്ള വഴിയൊന്നും അറിയത്തില്ലേ….? അതോ മറന്നുപോയോ…?” “അപ്പച്ചനെ ഇപ്പോ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട് നമ്മൾക്ക് അങ്ങോട്ട് തന്നെ പോകാം… ” ഹോസ്പിറ്റലിൽ എത്തിച്ചെന്നൊ…? ആര്…? ” ഞാനെന്റെ ഒരു കൂട്ടുകാരനെ പറഞ്ഞു വിട്ടായിരുന്നു…. ഞാനിവിടെ എത്തി നിന്നെയും കൂട്ടി അങ്ങ് എത്തുമ്പോഴേക്കും കുറച്ചു സമയം പിടിക്കില്ലേ…..? ” എന്നാലും അപ്പച്ചന്റെ കൂടെ ആരുമില്ലല്ലോ….. ” നമ്മൾ ചെല്ലും വരെ അവനവിടെ നിൽക്കും…..
നിന്റെ നാത്തൂനോട് ഞാൻ പറഞ്ഞിരുന്നു… പക്ഷേ അവർക്ക് പോകാൻ വയ്യ…. ആ കൊച്ചിന് പനിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി….. ഇങ്ങനെ മനുഷ്യപറ്റില്ലാത്തതിനെയൊക്കെ കാണുമ്പോഴാണ് ദേഷ്യം വരുന്നത്….. സിനിയുടെ സ്വഭാവം ജോണിക്കും ഏകദേശം മനസിലായിരുന്നു…… ഇരുവരും ഹോസ്പിറ്റലിൽ എത്തും വരെ പിന്നൊന്നും സംസാരിച്ചില്ല…. തിരക്കിനിടയിൽ കൂടി ജോണി പരമാവധി വേഗത്തിൽ ഓട്ടോ ഓടിച്ചു…… ഹോസ്പിറ്റലിൽ എത്തി വണ്ടി പാർക്ക് ചെയ്തശേഷം ജോണിക്കൊപ്പം നേഹ ആന്റണിയെ കിടത്തിയിരിക്കുന്ന സ്ഥലത്തേക്ക് ചെന്നു……. അവളെ കണ്ടപ്പോൾ ഒരു സിസ്റ്റർ ഓടി വന്നു… ” നിനക്ക് എന്നെ മനസ്സിലായോ…? ഞാൻ ഗോപിക…. “ങ്ഹാ… ഡാ എന്റെ അപ്പച്ചനെ ഇങ്ങോട്ട് കൊണ്ടുവന്നായിരുന്നു…. ഞാനൊന്ന് അങ്ങോട്ട് പോയിട്ട് വരാം….” “”വാ ഞാൻ കൂടി വരാം….”എന്നുപറഞ്ഞു കൊണ്ട് ഗോപികയും അവർക്കൊപ്പം കൂടി… ആന്റണിയെ ഡ്രിപ്പിട്ട് കിടത്തിയിരിക്കുക ആയിരുന്നു…..
പ്രഷർ അല്പം കൂടുതലായിരുന്നുവെന്നും പരിശോധിച്ച ശേഷം വല്യ കുഴപ്പമൊന്നും ഇല്ലെന്ന് ഡോക്ടർ അവരെ അറിയിച്ചു….. നേഹ അയാൾക്കൊപ്പം കട്ടിലിൽ ഇരുന്നു… “അപ്പച്ചാ… എങ്ങനുണ്ട്…? ക്ഷീണം തോന്നുന്നുണ്ടോ……? “ഓ… ഈ ആശുപത്രീലൊട്ടൊന്നും വരേണ്ട കാര്യമില്ലായിരുന്നു…..നമുക്കിന്നു തന്നെ പോകാം……” “കുറച്ചു ടെസ്റ്റുകളൊക്കെ നടത്താനുണ്ട്… അതിന്റെ റിസൾട്ട് കിട്ടട്ടെ…. “”അതിപ്പൊ എവിടെ ചെന്നാലും കുറെ ടെസ്റ്റ് ചെയ്യും… രോഗിക്ക് അതിന്റെ ആവശ്യം ഉണ്ടോന്നു കൂടി നോക്കില്ല….ചുമ്മാ പൈസ വിടുങ്ങാൻ…. അയാൾ പിറുപിറുത്തു…… “എന്റെ അപ്പച്ചൻ ഇപ്പൊ ഡോക്ടറാവണ്ട….അതൊക്കെ അതിന്റെ മുറയ്ക്ക് നടക്കട്ടെ…. നേഹ ആന്റണിയെ സ്നേഹത്തോടെ ശാസിച്ചു….. വാച്ചിൽ നോക്കിക്കൊണ്ട് ജോണി ചോദിച്ചു….. ഉച്ചയായല്ലോ….. വീട്ടീന്ന് അപ്പച്ചൻ ഉച്ചയ്ക്ക് വല്ലൊം കഴിച്ചായിരുന്നോ…..? ഇപ്പൊ ഒന്നും വേണ്ട ജോണി…. കുറച്ചു കഴിയട്ടെ…. “എങ്കിൽ ഞാനാ ക്യാന്റീനിൽ പോയി കുറച്ചു ചൂട് വെള്ളം എടുത്തോണ്ട് വരാ”മെന്ന് പറഞ്ഞുകൊണ്ട് അവൻ മുറിയിൽ നിന്നും ഇറങ്ങി …..
അവൻ പോയിക്കഴിഞ്ഞപ്പോൾ ആന്റണി മകളെ ഉറ്റുനോക്കി…. അയാളുടെ മനസ്സിൽ അപ്പോൾ ചിന്തകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടായിരുന്നു…. താൻ കഴിഞ്ഞദിവസം അറിഞ്ഞ കാര്യത്തെ സംബന്ധിച്ച് അവളോട് ചോദിക്കണമൊ വേണ്ടയോ എന്ന് മനസ്സ് പിടിവലി നടത്തിക്കൊണ്ടിരുന്നു…. തന്റെ മകൾ ഒരിക്കലും അറിയരുതെന്ന് ആഗ്രഹിച്ച കാര്യമാണത്…. പക്ഷേ അതിനി അവൾക്കു മുന്നിൽ ചുരുൾ നിവരാൻ അധികം നാളില്ലെന്നു തോന്നുന്നു….. റോഷൻ തന്റെ കൈയ്യെത്തും ദൂരത്ത് ഉണ്ടെന്നറിഞ്ഞാൽ നേഹയ്ക്ക് അവനെ കണ്ടില്ലെന്ന് നടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല…… അവന്റെ കുഞ്ഞുകൂടി അവൾക്കൊപ്പം ഉള്ള സ്ഥിതിക്ക് ജോണിയെക്കാൾ എന്നും അവൾക്ക് സ്വീകാര്യൻ റോഷൻ തന്നെയായിരിക്കും….. എല്ലാം താൻ വരുത്തിവെച്ച പ്രശ്നങ്ങളാണ്… അതിന്റെ ഫലം ഇപ്പോൾ അനുഭവിക്കാൻ പോകുന്നത് ഒന്നുമറിയാത്ത ജോണിയും കുടുംബവും കൂടിയായിരിക്കും…… ഒന്നും വേണ്ടിയിരുന്നില്ല……. അവൾ റോഷന്റെ കൂടെ തന്നെ ജീവിച്ചാൽ മതിയായിരുന്നു…… ഇനി ഈ ചിന്തകൾക്കൊന്നും പ്രസക്തിയില്ല…. സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു കഴിഞ്ഞു….
ഞാൻ കാരണം ഇനിയും എന്റെ മകൾ കരയേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോഴാണ് സഹിക്കാൻ കഴിയാത്തത്… അവൾ ഒന്നും അറിയാതിരിക്കാൻ ഇനി ആരുടെയൊക്കെ കാലുകൾ പിടിക്കേണ്ടി വരും….. സാരമില്ല അതൊന്നും സാരമില്ല….. മാത്യുവിന്റെയോ എലിസബത്തിന്റെയോ അല്ലെങ്കിൽ റോഷന്റെയോ കാല് പിടിക്കാൻ ഞാൻ തയ്യാറാണ്….. ചെയ്തു പോയത് അത്രയ്ക്കും വലിയ തെറ്റാണെന്ന് ഇപ്പോഴാണ് തോന്നുന്നത്…. അതൊരു പക്ഷേ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ എത്തിയതുകൊണ്ടാവാം… എന്റെ കുഞ്ഞിന്റെ കണ്ണുകൾ ഇനിയും നനയാതിരുന്നാൽ മാത്രം മതിയായിരുന്നു….. താൻ ചെയ്തുകൂട്ടിയത് ഒക്കെ അറിഞ്ഞാൽ അവ ഇപ്പോൾ തന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ പതിമടങ്ങ് വെറുപ്പായിരിക്കും തന്നോട് തിരിച്ചു കാണിക്കാൻ പോകുന്നത്……
ജോണിയോട് എങ്കിലും എല്ലാ സത്യങ്ങളും ഒന്നും തുറന്നു പറയണം….. ഇവിടെ നിന്നിറങ്ങിയാൽ എത്രയും പെട്ടെന്ന് റോഷനെ പോയൊന്നു കാണണം… ഇനി നേഹയുടെ ജീവിതത്തിലേക്ക് എന്നുമാത്രമല്ല അവളുടെ കൺമുന്നിലേക്ക് പോലും വരരുത് എന്നപേക്ഷിക്കണം…… റോഷനെ കുറിച്ച് അറിഞ്ഞിടത്തോളം അവനതൊക്കെ ഉൾക്കൊള്ളാൻ കഴിയുമോ എന്നൊന്നും അറിയില്ല…. അവന്റെ കൂടെയുള്ളവരെങ്കിലും തന്നോടും മകളോടും മനസാക്ഷി കാണിച്ചാൽ മതിയായിരുന്നു…… തന്നോട് പൊറുത്താൽ മതിയായിരുന്നു…… “””അപ്പച്ചാ… എന്തോ ചിന്തിച്ചു കൊണ്ടിരിക്കുവാ….? ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടി ഇനിയും പ്രഷർ കൂട്ടല്ലേ…..”” നേഹയുടെ ശബ്ദം അയാളെ ചിന്തകളിൽ നിന്നും ഉണർത്തി….. അറിയാതെ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…..അതുകാണ്കെ നേഹയിലും സംശയങ്ങൾ വന്നുനിറഞ്ഞു…. (തുടരും )

by