രചന – ശ്രീതു ശ്രീ
റോഷൻ അടുത്തിരുന്ന ടേബിളിൽ നിന്ന് കൈനീട്ടി തന്റെ ഫോണെടുത്തു…… നേഹയുടെ ഫോട്ടോ വെച്ചിരുന്ന സ്ഥാനത്ത് നോക്കിയപ്പോൾ അവിടം ശൂന്യമായതും അവന്റെ ദേഷ്യം ഇരട്ടിപ്പിച്ചു…. പല്ലുകൾ പരസ്പരം കൂട്ടിമുട്ടി ദേഷ്യത്തെ കടിച്ചമർത്തി…. ഫോണിൽ ആരുടെയൊ നമ്പർ എടുത്ത് ഡയൽ ചെയ്ത ശേഷം അത് ചെവിയോട് ചേർത്തുകൊണ്ട് കാത്തിരുന്നു…. മാത്യുവിന്റെ വീട്ടിൽ വച്ചു നടന്ന സംഭവത്തോടെ ജോണിക്ക് ആ വീട്ടിൽ നിൽക്കാനെ തോന്നിയില്ല…. കൂടെ പണിയുന്നവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയ ശേഷം അവൻ ഓട്ടോയും എടുത്ത് സ്റ്റാൻഡിലേയ്ക്ക് പോയി…. യാത്രയ്ക്കിടയിൽ റോഡരികിൽ കണ്ട ഒരു കുരിശടിയിൽ മെഴുകുതിരി കത്തിച്ച് തന്നിൽ നിന്നും ആരും നേഹയെയും റോഹനെയും അടർത്തി മാറ്റരുതേ എന്ന് പ്രാർത്ഥിച്ചു….. തിരികെ വീട്ടിലെത്തുമ്പോൾ നേഹ പതിവുപോലെ അവനെ കാത്തിരിപ്പുണ്ടായിരുന്നു…. പക്ഷെ അവളുടെ മുഖത്തു നിന്നും ഇപ്പോഴും അപ്പൻ മരിച്ച വിഷമം മാറിയിട്ടില്ലെന്ന് ജോണിക്ക് തോന്നി……
എന്നും വന്നുകയറുമ്പോൾ തന്നെ നേഹയ്ക്ക് ജോണിയോട് പറയാൻ കുറച്ചുണ്ടായിരിക്കും……അതിൽ വീട്ടുകാര്യങ്ങളും അയലത്തെ കാര്യങ്ങളും എല്ലാം വരും…. അതൊരു പതിവാണ് ….ചിലദിവസങ്ങളിൽ അന്നമ്മയും അവരോടൊപ്പം കൂടും….. പക്ഷെ ഇന്നാ പതിവു മുടങ്ങിയപ്പോൾ അവനും സങ്കടം തോന്നി… മോനച്ചനാകട്ടെ നാലഞ്ചു ദിവസമായി ഏതോ വലിയ കാര്യത്തിലാണ് പോക്കും വരവുമൊക്കെ….ആരോടും ഒന്നും പറയാത്തതിനാൽ ആരുമൊന്നും ചോദിച്ചതുമില്ല,…. ഉന്നതരായിട്ടുള്ള ആരെയൊക്കെയോ കാണാൻ പോകുന്ന മട്ടിലാണ് വീട്ടിൽ നിന്നും രാവിലെ പോകുന്നത്….വരുന്നതും അതേപോലെ തന്നെയാണ്….മുൻപ് അങ്ങനെ ആയിരുന്നില്ലല്ലോ…. കുടിച്ചു കിറുങ്ങി ഒരു കോലമായിട്ടായിരിക്കും വരവ്……മൂപ്പരിപ്പോ കുടിയൊക്കെ നിർത്തിയെന്നാണ് വീട്ടിലെല്ലാവരുടെയും ധാരണ….അത് ശരിവയ്ക്കുന്ന രീതിയിലാണ് അയാളുടെ പെരുമാറ്റവും… റോഷനെ തിരിച്ചറിഞ്ഞതോടെ പിന്നീടുള്ള ദിവസങ്ങളിലും മാത്യുവിന്റെ വീട്ടിൽ ജോലിക്ക് പോകാൻ ജോണിക്ക് മടി തോന്നിത്തുടങ്ങി…
കാശ് മുൻകൂറായി വാങ്ങിച്ചതിനാലും ജോലി മുക്കാലോളം ഭാഗം പിന്നിട്ടതിനാലും മാത്രം അവനാ വർക്ക് ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല………. അങ്ങനെ മാത്യുവിന്റെ വീട്ടിലെ ജോലി ഒപ്പമുള്ളവരെമാത്രമായി ഏൽപ്പിച്ചു… ഒന്ന് രണ്ട് ദിവസം കൂടുമ്പോൾ പുരോഗതിയും മറ്റും വിലയിരുത്താനായി മാത്രം അവൻ അവിടെ പോകും…….. ബാക്കി സമയമത്രയും ഓട്ടോ ഓടിക്കുകയും ചെയ്യും…. കുറച്ചുദിവസങ്ങൾക്ക് ശേഷം ജോണിയെ തിരക്കി ലിന്റ വീണ്ടും വന്നു…… ഓട്ടോസ്റ്റാൻഡിൽ വച്ചു തന്നെയായിരുന്നു ആ കൂടിക്കാഴ്ചയും…. “””ജോണി… “” ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കിയവന്റെ മൗനത്തെ സമ്മതമായ് കണ്ട് അവൾ ആ ഓട്ടോയ്ക്കുള്ളിലേയ്ക്ക് കയറി… “”എനിക്ക് ഇയാളോട് ഒരല്പം സംസാരിക്കാൻ ഉണ്ട്…..”” ഇത്തവണ പക്ഷേ ജോണി സൗമ്യമായിട്ടല്ലെങ്കിലും വലിയ കോപമൊന്നും കാണിക്കാതെയാണ് അവളോട് പെരുമാറിയത്…..
അതൊരിക്കലും അവളോടുള്ള സഹാനുഭൂതി ആയിരുന്നില്ല മറിച്ച് ഇത്രയൊക്കെയായിട്ടും അവൾക്കൊരു നാണവുമില്ലാതെ തന്നെ മുന്നിൽ വന്നു നിൽക്കാൻ കഴിയുന്നല്ലോ എന്ന ചിന്തയായിരുന്നു…… “”നിനക്കിപ്പോ എന്താ പറയാനുള്ളത്….?”” അവന്റെ ചോദ്യത്തിൽ ഒരു പരിഹാസം നിറഞ്ഞുനിന്നിരുന്നു….. “”” ഞാനെന്നും പറയാറുള്ളതല്ലേ ജോണി…. എന്റെ കുഞ്ഞ് എനിക്ക് അവളെ വേണം…. “” ” പിന്നെ നിനക്കെന്താ വേണ്ടത്….?? ആ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ അവൾ ഒരു നിമിഷം അവനെത്തന്നെ ഉറ്റുനോക്കി….. “” താനെന്താ ഉദ്ദേശിക്കുന്നത്….?? “”‘നീ വണ്ടിയിലോട്ട് കയറ്…. നമുക്ക് ഒരല്പം മാറിനിന്ന് സംസാരിക്കാം….. ” അവൻ പറഞ്ഞത് കേട്ട് ഉടനെ തന്നെ അവൾ ഓട്ടോയിലേക്ക് കയറി…. അവൻ അവളെയും കൊണ്ട് മുന്നോട്ടു പാഞ്ഞു…. ഒരല്പം മാറി എന്നു പറഞ്ഞെങ്കിലും അവൻ വണ്ടി നിർത്താതെ മറ്റെവിടെയോ ലക്ഷ്യമാക്കിയാണ് പോകുന്നതെന്ന് അവൾക്ക് തോന്നി….. എങ്ങോട്ടായിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും അവൾക്കു പിടി കിട്ടിയില്ല.. ജോണിയും പിന്നെ ഒരു വാക്കുപോലും മിണ്ടിയിരുന്നില്ല….
ഒടുവിൽ അവനോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു…. “”” ഡോ താനിത്എങ്ങോട്ടാ കൊണ്ടുപോകുന്നത്….? പക്ഷേ അവനിൽ നിന്നും മറുപടിയൊന്നും ഉണ്ടായില്ല….. അവൾ വീണ്ടും ചോദിച്ചു… ജോണീ….. എങ്ങോട്ടാ കൊണ്ടുപോകുന്നത് എന്നല്ലേ ചോദിച്ചത്…? കേട്ടൂടെ…? പിന്നെ അവനിൽ നിന്നും കടുത്ത ഭാഷയിലുള്ള മറുപടിയാണ് ഉണ്ടായത്….. “” ചെലക്കാതിരിക്കെടി…. നിന്റെ ശല്യം ഇന്നത്തോടെ ഞാൻ തീർക്കുന്നുണ്ട്….. മനുഷ്യനെ സമാധാനമായിട്ട് ജീവിക്കാൻ സമ്മതിക്കത്തില്ല പിശാശു കെട്ടി എഴുന്നള്ളി ഇറങ്ങിയേക്കുവാ….. “” അരിശത്തോടെയുള്ള അവന്റെ മറുപടി കേട്ടതും അവൾ ഭയപ്പെട്ടു…. പക്ഷെ അതിവേഗത്തിൽ പോകുന്ന ഓട്ടോയിൽ ഇരുന്നവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല….. പിന്നെ ഫോണെടുത്ത് ആരെയോ വിളിക്കാൻ തുനിഞ്ഞപ്പോൾ, അത് കണ്ണാടിയിലൂടെ കണ്ട ജോണിയുടെ ശബ്ദമുയർന്നു….. “”നീ നിന്റെ രക്ഷകന്മാരെയൊന്നും വിളിച്ചു മെനക്കെടുത്തണ്ട നിന്റെ വീട്ടിലോട്ട് തന്നെയാ ഞാൻ പോകുന്നത്…..”” “ഇപ്പൊ അതിന്റെ ആവശ്യമെന്താ….?ഇവിടെ എവിടെയെങ്കിലും വച്ചു സംസാരിക്കാമല്ലോ……””
“” നിന്നോട് മാത്രമല്ല… നിന്നെ ഈ ഭൂലോകത്തോട്ട് കൊണ്ടുവന്നവരോടും കൂടി എനിക്ക് ചിലതൊക്കെ ചോദിക്കാനും പറയാനും ഉണ്ട്….. “” “”താൻ വണ്ടി നിർത്തിക്കെ….””ഒരു താക്കീതെന്നപോലെ അവൾ പറഞ്ഞിട്ടും അവന്റെ ഭാഗത്ത് നിന്നും യാതൊരു ചലനവും ഉണ്ടായില്ല….. ഭയത്തോടെ ഇരിക്കുമ്പോഴും തന്റെ വീട്ടിലേക്കാണല്ലോ എന്ന ചിന്ത അവൾക്കൊരല്പം ആശ്വാസം തോന്നി….. വീടിന്റെ മുറ്റത്തേക്ക് കയറിയ വണ്ടി ചെന്നുനിന്നത് ഒരുകൂട്ടം ആൾക്കാരുടെ മുന്നിലാണ്….. അവരെയൊക്കെ കണ്ടതും ലിന്റയെ വീണ്ടും ഭയം പിടികൂടി… എല്ലാവരും അടുത്തടുത്തുള്ള വീടുകളിലെ സ്ത്രീകളാണ്…. കുടുംബശ്രീ കൂടാൻ വേണ്ടി ഇന്നവളുടെ വീട്ടിൽ ഒത്തുകൂടിയതാണ്….. ലിന്റെയുടെ അമ്മയും ആ കൂട്ടത്തിൽ ഇരിപ്പുണ്ട്….. വണ്ടി നിന്നതും ജോണി അതിൽ നിന്നും ഇറങ്ങി…. “””ഇറങ്ങെടീ… ഇങ്ങോട്ട്….”” ആളുകൾ നോക്കിനിൽക്കേ അവൻ ആക്രോശിച്ചു……. എല്ലാവരും എന്താണ് നടക്കുന്നതെന്ന് അറിയാതെ കണ്ണുമിഴിച്ചു നിന്നു… ലിന്റയപ്പോഴും ഓട്ടോയിൽ തന്നെ ഇരുന്നു… അത്രയും ആളുകളുടെ മുന്നിൽവച്ചു ജോണി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോന്നവൾ ഭയന്നു…
“ജോണീ..പ്ലീസ്… ഇവിടെവച്ചു സീനൊന്നും ഉണ്ടാക്കരുത്… നമുക്ക് അകത്ത് പോയി സംസാരിയ്ക്കാം…..”” “”പ്ഫാ… നിർത്തെടി… അവക്ക് സീനാവും പോലും…. എന്റെയും എന്റെ കൊച്ചിന്റെയും ജീവിതം മുഴുവൻ സീനാക്കിയിട്ടു കണ്ടവന്റെ കൂടെ പോയവളല്ലേ നീ… എന്നിട്ടിപ്പോ കൊച്ചിനേം അന്വേഷിച്ചു വന്നേക്കുന്നു……അത് എന്തോ കാര്യത്തിനാടി…. അത് ആദ്യം പറയ്….. ഈ നാട്ടുകാര് കൂടി കേൾക്കട്ടെ…..”” അവന്റെ വാക്കുകളെ എതിർക്കാൻ കഴിയാതെ ലിന്റ ഓട്ടോയ്ക്കുള്ളിൽ തന്നെ ഇരുന്നു…. ജോണി വീണ്ടും ഇറങ്ങാൻ പറഞ്ഞിട്ടും അവൾ ഇറങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അവൻ മറ്റൊന്നും ആലോചിക്കാതെ ഓട്ടോയ്ക്ക് ഉള്ളിലേയ്ക്ക് കയറി ലിന്റയുടെ വലതു കരത്തിൽ പിടുത്തമിട്ടു… തുടർന്ന് ഓട്ടോയിൽ നിന്നവളെ വലിച്ചു ആൽക്കാരുടെ മുന്നിലേയ്ക്ക് തള്ളി…. ഒരുവിധത്തിലവൾ വീഴാതെ തൂണിന്മേൽ പിടിച്ചുനിന്നു…. അവളുടെ അടുത്തേയ്ക്ക് അവൻ പാഞ്ഞടുത്തപ്പോൾ ലിന്റയുടെ അമ്മ അവനെ തടയാനായി ഓടിയെത്തി….
“”മോനേ…. വേണ്ട…. അനാവശ്യമൊന്നും കാണിക്കല്ലേ…..””” “”അതാദ്യം നിങ്ങടെ മോളോട് പറഞ്ഞു കൊട്…ഈ പിശാശ് കാണിച്ചുകൂട്ടിയതൊക്കെ ഞാൻ ഒരിക്കൽ ക്ഷമിച്ചതാണ്….. അന്ന് ഇവളെ എന്റെ ജീവിതത്തിൽ നിന്ന് പടിയിറക്കി വിട്ടതാണ്……ഇനിയും എന്റെ മേലെ മെക്കിട്ടു കേറാൻ വന്നാൽ ഇതുവരെ കണ്ട ജോണിയെ അല്ലായിരിക്കും ഇനിമോള് കാണുക…… എന്റെ കുഞ്ഞിന്റെ അമ്മ ഇപ്പോൾ നേഹയാണ്…. അവളെയാണ് എന്റെ കുഞ്ഞ് അമ്മ എന്ന് വിളിച്ച് ആദ്യമായി സ്നേഹിച്ചത്…. അവസാനം വരെയും അങ്ങനെ തന്നെ മതി….”” ചുറ്റും കൂടി നിൽക്കുന്നവർ പിറുപിറുക്കുന്നത് കണ്ടപ്പോൾ ലിന്റയ്ക്ക് തന്റെ ആത്മാഭിമാനം നഷ്ടപ്പെടുന്ന പോലെ തോന്നി… അവന്റെ വാക്ശരങ്ങൾക്കു മുന്നിൽ അവൾ നിന്ന് ഉരുകുകയായിരുന്നു……
“”” ജോണി പ്ലീസ്…. താനിങ്ങനെ ചാടിക്കടിക്കാൻ മാത്രം ഞാനിപ്പോ എന്ത് ചെയ്തു…?? ഞാൻ നൊന്തു പെറ്റ എന്റെ കുഞ്ഞിനെ അന്വേഷിച്ചു വന്നതല്ലേ…. ഒരമ്മയ്ക്ക് അതിനുള്ള അവകാശം ഇല്ലേ…..? എന്നിട്ട് എനിക്കൊന്നു കാണാൻ പോലുമുള്ള അനുവാദം തന്നിട്ടില്ലിതുവരെ….”” “” നൊന്തുപെറ്റ കുഞ്ഞു പോലും…. ഒരുതരത്തിൽ പറഞ്ഞാൽ അത് ശരിയാ….. പക്ഷേ നീ എന്തുകൊണ്ടാണ് ജനിയെ പ്രസവിച്ചത്…? കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ നിന്നെ വച്ചേക്കില്ലെന്ന എന്റെ വാക്കുകേട്ട് ഭയന്ന്…. അല്ലേടി….? ഞാനന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ നീയവളെ അബോർഷൻ ചെയ്യില്ലായിരുന്നോ…? ഈ ഭൂമിയിലേക്ക് കണ്ണും തുറക്കും മുന്നേ ആ കുഞ്ഞിനെ പരലോകത്തേക്ക് പറഞ്ഞയക്കില്ലായിരുന്നോ..? “” പറയെടി നോക്കിനിക്കാതെ…. “” അവന്റെ മുന്നിൽ സമർത്ഥിക്കാൻ തന്റെ പക്കൽ ഒരു ന്യായവും ഇല്ലെന്ന് അറിയാമായിരുന്നതുകൊണ്ട് ലിന്റെയൊന്നും മിണ്ടിയില്ല….
അവിടെ നിൽക്കുന്നവരുടെയൊക്കെ മുന്നിൽ തലകുനിച്ചവൾ നിന്നു…… അവരാരും അവളെ പിന്തുണച്ച് ഒരു വാക്കുപോലും മിണ്ടിയില്ല…… എന്തിനേറെ പറയണം ലിന്റയുടെ സ്വന്തം അമ്മയ്ക്കു പോലും അവളെ ന്യായീകരിച്ചു സംസാരിക്കാൻ ആ നിമിഷം കഴിഞ്ഞില്ല…… അവർ മകൾക്കായി വാക്കുകൾ പരതുകയായിരുന്നു…… അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും , ജോണി തുടർന്നു…… “” നീയാ കുഞ്ഞിനെ നിന്റെ മനസ്സിലിട്ട് എന്നേ കൊന്നതാണ്….. എന്നിട്ടിപ്പോ കപട സ്നേഹവുംകൊണ്ട് ഇറങ്ങിയിരിക്കുന്നതിന് വേറെ എന്തെങ്കിലും ലക്ഷ്യം കാണും…..നിന്നെ എനിക്കറിയാവുന്നതുപോലെ ഈ ലോകത്ത് വേറെ ആർക്കും അറിയില്ലല്ലോ……. “” സ്വന്തം മകളെ മറ്റുള്ളവരുടെ മുന്നിലിട്ട് ഇത്ര നേരവും ജോണി പരിഹസിക്കുന്നത് ലിന്റയുടെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല….. “” അതൊക്കെ പണ്ടല്ലേ ജോണി… അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ എത്രയോ വർഷങ്ങളായിരിക്കുന്നു….. ഒരിക്കൽ തെറ്റ് ചെയ്തു എന്ന് കരുതി അവളെ നീ ഇങ്ങനെ ക്രൂശിക്കരുത്…..ഞാനുമൊരു അമ്മയാണ്…. ഒരമ്മയുടെ മനസ്സ് മറ്റൊരു അമ്മയ്ക്കെ അറിയാവൂ….”” അതുകേട്ടതും ജോണി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒന്ന് ചിരിച്ചു…. എന്നിട്ട് അവിടെ കൂടിനിന്ന സ്ത്രീകൾക്ക് നേരെ ഒന്നു നോട്ടമെറിഞ്ഞ ശേഷം പറഞ്ഞു…….
“”” നിങ്ങള് രണ്ടും മാത്രമല്ല …ഈ നിൽക്കുന്നവരൊക്കെ അമ്മമാരാണ്… അവര് പറയട്ടെ…ഒരിക്കൽ കൊന്നുകളയാൻ ആഗ്രഹിച്ചവളുടെ കയ്യിലേക്ക് ആ കൊച്ചിനെ ഇനി ഞാൻ തരണോ എന്ന്…. നാളെ ഇവളാ കുഞ്ഞിനെ ഒന്നും ചെയ്യില്ലെന്ന് ഇവർക്കൊക്കെ വിശ്വാസപൂർവ്വം എന്നോട് പറയാൻ കഴിയുമെങ്കിൽ പറയട്ടെ……എന്നിട്ട് ഞാൻ തീരുമാനിക്കാം……”” ലിന്റെ കനിവോടെ എല്ലാവരെയും നോക്കി…. (തുടരും )

by