16/04/2026

സ്നേഹാംബരം : ഭാഗം 08

രചന – ശ്രീതു ശ്രീ

മോനച്ചനും കുട്ടികൾക്കും നേഹ തന്നെയാണ് ആഹാരം വിളമ്പിയത്….. ജിൻസി വന്നപ്പഴേ എടുത്തു കഴിച്ചിരുന്നു.. അന്നമ്മ പണിയൊക്കെ തീർത്ത് കുളിക്കാനും പോയി… “നീയും ഇരിക്ക് കൊച്ചേ…. “മോനച്ചൻ നേഹയ്ക്ക് കൂടി ഒരു പ്ലേറ്റ് എടുത്തു വച്ചുകൊണ്ട് പറഞ്ഞു….. “ഓ…. ഞാൻ പിന്നെ കഴിച്ചോളാം… അമ്മച്ചി കൂടി വരട്ടെ…” “അതിനെന്താ…. അവളിപ്പൊ ഒറ്റയ്ക്കിരുന്ന് കഴിച്ചാലെന്നാ…? നീ ഇരിക്കെന്നേ….. പക്ഷെ അവൾ അയാളുടെ നിർബന്ധം സ്നേഹത്തോടെ നിരസിച്ചു…. റോഹനും ജനിയും തന്നെയാണ് ഭക്ഷണം കഴിക്കുന്നതെങ്കിലും നേഹ അവരുടെ സമീപം തന്നെ ചെന്നിരുന്നു……. “എന്റെ ജനിക്കുട്ടീ… എന്താ നീയീ പയറ് തോരൻ കഴിക്കാത്തെ….? അതൊക്കെ കയിച്ചാലല്ലേ വല്യ കുട്ടിയാവൂ…. വേഗംന്ന് എടുത്തു കയിച്ചാട്ടെ……. അവളോട്‌ കൊഞ്ചിക്കൊണ്ട് നേഹ തന്നെ അതെടുത്തു ജനിയുടെ വായിൽ വച്ചുകൊടുത്തു……

“ഇത് കയിച്ചാ… നാന് ഇത്തരേം വല്യ കുട്ടിയാവോ……? അവൾ നേഹയുടെ ഉയരത്തിൽ കയ്യുയർത്തിക്കൊണ്ട് ചോദിച്ചു….. “പിന്നില്ലിയോ…. പക്ഷെ മുഴുവൻ പച്ചക്കറികളും കഴിക്കണം…. എന്നാലെ വല്യത് ആവുള്ളു….. “മ്മ്… ഇനി ജനിമോള് എല്ലാം കയിക്കാമെ… അവൾ കഴിച്ചു കഴിഞ്ഞപ്പോൾ നേഹ അവളെ വെള്ളവും കുടിപ്പിച്ചു , കയ്യും മുഖവും കഴുകി റോഹന്റെ കൂടെ മുറിയിലേയ്ക്ക് വിട്ടു…. ഊണൊക്കെ കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി വച്ചിട്ട് നേഹ മുറിയിലേയ്ക്ക് ചെന്നു…. കുട്ടിപ്പട്ടാളങ്ങൾ രണ്ടും ജോണിക്ക്‌ ഇരുവശവും ഇരിപ്പുറപ്പിച്ചിട്ടുണ്ട്….. ജോണിയോട് ഇരുവരും എന്തെക്കെയോ പറയുന്നു…. ജോണിയുടെ മുഖത്തും ശാരീരിക അവശതകൾ ഒന്നും കാണാനില്ല….. കുട്ടികളുടെ സാമീപ്യം അവനെ നല്ലോണം സ്വാധീനിക്കുന്നുണ്ടെന്ന് നേഹയ്ക്ക് മനസിലായി….. അവളെ കണ്ടപ്പോൾ മൂവരും നിശബ്ദരായി……

തന്റെ വരവ് സ്വന്തം മകനുൾപ്പെടെ ആരും അപ്പോൾ ആഗ്രഹിച്ചില്ലെന്ന് അവരുടെ ഭാവം കണ്ടപ്പോൾ നേഹയ്ക്ക് തോന്നാതിരുന്നില്ല…… കണ്ണുകൾ അതിവേഗം അവരിൽ നിന്നും നേഹ പിൻവലിച്ചപ്പോൾ ഒരാള് മാത്രം അവളെ അവളറിയാതെ ശ്രദ്ധിച്ചിരുന്നു…. അത്‌ മറ്റാരും ആയിരുന്നില്ല… അവളെ എന്നും അവഗണനയോടെ മാത്രം കണ്ട ജോണി!! അവളോട് എന്തൊ പറയാൻ അവൻ ആഗ്രഹിക്കാതിരുന്നില്ല…. അവളോട് ഊണ് കഴിച്ചോ എന്ന് ചോദിച്ചാലോ എന്ന് അവൻ നിനച്ചെങ്കിലും വാക്കുകൾ പുറത്തേയ്ക്ക് വന്നില്ല…. അവൾക്കും അവിടെ നിന്നപ്പോൾ എന്തോ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു…… അവരാരെങ്കിലും ഒന്നു സംസാരിച്ചെങ്കിൽ അവൾക്ക് സമാധാനം ആയേനെ…. പക്ഷെ കുട്ടികളും ജോണിയും തന്നെ നോക്കുന്നു പോലുമില്ലെന്ന് തോന്നിയപ്പോൾ അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി……

ആ സമയം ജോണിയുടെ ഫോണിലേക്ക് കുട്ടികളുടെ ശ്രദ്ധ മാറിയിരുന്നു … ഒരിക്കലും കിട്ടാത്ത സ്നേഹത്തിനു വേണ്ടി അറിയാതെ വെറുതെ കൊതിച്ചുപോവുന്നു…. എന്തിനാണത്….? മൂവരെയും ഒന്നുകൂടി നോക്കിയിട്ടവൾ ടേബിളിൽ ഇരുന്ന ജഗ്ഗും എടുത്തുകൊണ്ട് മുറിയിൽ നിന്ന് തിരിച്ചിറങ്ങിപ്പോയി…. അവൾക്ക് തന്റെ പെരുമാറ്റം സങ്കടം ആകുന്നുണ്ടെന്ന് ഒരു തോന്നൽ ജോണിക്കുള്ളിലുണ്ടായി …. പക്ഷെ അവനത് തിരുത്താൻ തീരെ ശ്രമിച്ചില്ല…. നേഹ നേരെ പോയത് ജിൻസിയുടെ അടുത്തേയ്ക്കാണ്….. അവൾ കട്ടിലിൽ കിടന്ന് ഫോണിൽ എന്തോ നോക്കുക ആയിരുന്നു… “ഡീ ജിനൂ… നീയെന്നോട് ഒരു കാര്യം പറയാമെന്നു പറഞ്ഞിട്ടിപ്പോ എത്ര കാലമായി…? “ഞാനോ… എന്താ ചേച്ചി…? കയ്യിലിരുന്ന ഫോൺ കട്ടിലിൽ ഇട്ടിട്ട് അവൾ എഴുന്നേറ്റു….

“ജോണിച്ചായന്റെയും ലിന്റെയുടെയും കാര്യം…. “നിങ്ങള് തമ്മിലിപ്പോ വല്യ ഗുലാനാണല്ലോ… അങ്ങോട്ടങ്ങു ചോദിച്ചൂടാരുന്നോ…. “പിന്നെ… ഒന്നു പോ കൊച്ചേ…. ഗതി കെട്ടാൽ പുലി പുല്ലും തിന്നുമെന്ന് കേട്ടിട്ടില്ലേ…. അതാ ഇപ്പൊ സംഭവിച്ചേ…. അല്ലാതെ ഞങ്ങള് തമ്മിലൊരു സൗഹൃദം പോലുമില്ല…..ഇച്ചായന് ഒറ്റയ്ക്കൊന്നും ചെയ്യാൻ തീരെ പറ്റുന്നില്ല…. അതുകൊണ്ട് എനിക്ക് മുന്നിൽ ഒന്നടങ്ങി നിൽക്കുന്നുവെന്ന് മാത്രം…നാളെ കയ്യും കാലുമൊക്കെ നേരെ ആയാൽ ഇപ്പൊ അടക്കി വച്ചിരിക്കുന്ന ദേഷ്യം കൂടി എന്നോട് അന്ന് കാണിക്കില്ലെന്ന് ആര് കണ്ടു….. “പിന്നെ…. ചേച്ചിക്ക് അതൊക്കെ വെറുതെ തോന്നുന്നതാ…. “നിനക്കതൊക്കെ പറയാം…. ഞാനല്ലേ അനുഭവിക്കുന്നത്…..മോള് ഞാൻ ചോദിച്ചതിന്റെ മറുപടി പറ…. ജിൻസി ജോണിയുടെ പൂർവ കാലത്തിലേയ്ക്ക് കടന്നു….

ഞങ്ങളിന്നത്തെ കാലത്തെ പോലായിരുന്നില്ല ചേച്ചി ലിന്റയെ ചാച്ചൻ കെട്ടും വരെയും….. ചേച്ചിക്ക് അത്‌ സംബന്ധിച്ച് വല്ലൊം അറിയാമോന്ന് എനിക്കറിയില്ല…. എങ്കിലും പറയുമ്പോൾ എല്ലാം പറയണമല്ലോ……. അപ്പച്ചന് അന്ന് ഇന്നത്തെ പോലെ കുടിയൊന്നും ഉണ്ടായിരുന്നില്ല…… ഏദൻ ഫിനാൻസ് എന്നൊരു ധനകാര്യ സ്ഥാപനം നടത്തുകയായിരുന്നു അപ്പച്ചനന്ന്…… ഞങ്ങളുടെ കുടുംബവും നല്ലനിലയിൽ തന്നെ ആയിരുന്നു……… ചാച്ചൻ പഠിക്കാനിത്തിരി പുറകോട്ട് ആയിരുന്നെങ്കിലും എങ്ങനെയൊക്കെയോ ബികോം കംപ്ലീറ്റ് ചെയ്ത് അപ്പച്ഛനൊപ്പം ബാങ്കിൽ സഹായത്തിന് കയറി….. ആ സമയത്താണ് ലിന്റയും അമ്മയും കൂടി അവിടെ സ്വർണം പണയം വയ്ക്കാൻ വരുന്നത്…… അവള്ടെ അച്ഛന്റെ ചികിത്സയ്ക്ക് ആയിരുന്നു അത്‌……. അമ്മയുടെ മാലയും വളകളും പണയം വച്ചിട്ടും അവർക്ക് ആവശ്യമുള്ള കാശ് ഒപ്പിക്കാൻ കഴിഞ്ഞില്ല……

ആ നിമിഷം തന്നെ അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്ന ലിന്റ തന്റെ കാതിൽ കിടന്ന രണ്ടു കമ്മലും കഴുത്തിൽ കിടന്ന നൂലുപോലുള്ള ഒരു മാലയും ഊരി പണയം വയ്ക്കാൻ തയാറായി… അമ്മ അവളോട് കമ്മല് കാതിലിട്ടോളാൻ പറഞ്ഞെങ്കിലും അവളതിന് തയാറായില്ല…. അത്‌ കണ്ടപ്പോളാണ് ചാച്ചൻ ലിന്റയെ ശ്രദ്ധിച്ചത്….. അവൾ പിന്നെ എല്ലാമാസവും പണയത്തിന്റെ പലിശ അടയ്ക്കാൻ വരുമായിരുന്നു…… മൂന്നാല് മാസവും തുടർച്ചയായി കണ്ടപ്പോൾ ചാച്ചന് ലിന്റയോട് ഒരിഷ്ടം തോന്നിത്തുടങ്ങി…… “ലിന്റാ…. ഒന്ന് നിന്നേ…. പലിശയടച്ച രസ്സീതും ബാക്കി പൈസയും പേഴ്സിലേയ്ക്ക് മടക്കി വച്ചുകൊണ്ട് ഏദൻ ഫിനാൻസിന്റെ പടികൾ ഇറങ്ങുക ആയിരുന്നു ലിന്റ. ജോണിയുടെ ശബ്ദം കേട്ടതും ലിന്റ തിരിഞ്ഞു നോക്കി… അവനെക്കണ്ടതും അവൾ ബഹുമാനത്തോടെ ചിരിച്ചു….

” ലിന്റയ്ക്ക് എന്നെ അറിയാരിക്കും….ല്ലെ..? “മോനച്ചൻ സാറിന്റെ മകനാണെന്ന് കേട്ടിട്ടുണ്ട്… പേരൊന്നും അറിയില്ല…… “എന്റെ പേര് ഷാരോൺ…. പക്ഷെ ആ പേര് സെർട്ടിഫിക്കറ്റുകളിലും മറ്റ്‌ ഔദ്യോഗിക രേഖകളിലും മാത്രമെ ഉള്ളൂ…. എല്ലാരും എന്നെ വിളിക്കുന്നത് ജോണിയെന്നാ….. അവൻ ചെറുചിരിയോടെ പറഞ്ഞു…. “ഓക്കേ… സാറിപ്പൊ വിളിച്ചത്…? അവളവനെ ചോദ്യഭാവത്തിൽ നോക്കി…. “എനിക്കീ സാറെന്ന് വിളിക്കുന്നതൊന്നും ഇഷ്ടമല്ല… താനെന്നല്ല… ആരും…..മറ്റെന്തെങ്കിലും വിളിച്ചോളൂ…. പ്രത്യേകിച്ചൊന്നിനും വിളിച്ചതല്ല…ഇടയ്ക്കിടെ ഇവിടെ വരുന്നതല്ലേ… ഒന്ന് പരിചയപ്പെടാമെന്ന് കരുതി… അത്രേയുള്ളു…… “മ്.. “ലിന്റ പഠിക്കുവാണോ…. “ഞാനിപ്പൊ പി ജി ക്കാ… ലാസ്റ്റ് ഇയർ… “അച്ഛന്റെ ചികിത്സ ഒക്കെ എന്തായി….? “ഇപ്പൊ കുഴപ്പമില്ല വീട്ടിൽ വിശ്രമത്തിലാണ്…..

കിഡ്‌നിക്കായിരുന്നു പ്രശ്നം……. ജോണിക്ക്‌ അവളോട് പറയാനും ചോദിക്കാനും ഇനിയുമുണ്ടായിരുന്നെങ്കിലും അതൊക്കെ പിന്നത്തേക്ക് അവൻ മാറ്റി…. അങ്ങനെ ആദ്യത്തെ കൂടിക്കാഴ്ച അവിടെ അവസാനിച്ചു….. പിന്നെയും പലസ്ഥലങ്ങളിലും വച്ച് അവർ കണ്ടുമുട്ടുകയും പരിചയം പുതുക്കുകയും ചെയ്തു….. ഒരിക്കൽ അവൾ കോളേജിൽ നിന്നും കൂട്ടുകാരികൾക്കൊപ്പം നടന്നു ബസ്സ് കയറാൻ പോവുക ആയിരുന്നു….. ഒരു കൂട്ടുകാരനെ എയർപോർട്ടിൽ യാത്ര അയയ്ക്കാൻ പോയി വരുന്ന ജോണി കാറിലിരുന്ന് ലിന്റയെ കണ്ടു….. തിരക്കൊഴിഞ്ഞ ഒരിടത്തേയ്ക്ക് വണ്ടി ഒതുക്കി നിർത്തിയ ശേഷം അവൻ അവളുടെ സമീപത്തേയ്ക്ക് നടന്നടുത്തു…. (തുടരും )