19/04/2026

സ്നേഹാംബരം : ഭാഗം 35

രചന – ശ്രീതു ശ്രീ

“”അയ്യോ… ഇച്ചായാ…. “” എന്തോ ഓർത്തിട്ടെന്നപോലെ അവൾ അവന്റെ അടുത്തു നിന്ന് പെട്ടെന്ന് ചാടി എഴുന്നേറ്റു……. “” എന്നതാടീ… “” അവന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ നോക്കാതെ വേഗം തന്നെ നേഹ അടുക്കളയിലേക്ക് ഓടി… ജോണിയും കാര്യം എന്തെന്നറിയാൻ അവൾക്ക് പിന്നാലെ ചെന്നു…. അടുക്കളയിലെ വാഷ് ബെയ്സന് പിന്നിൽ തലയ്ക്ക് കൈയും കൊടുത്തു നിൽക്കുന്നവളെ അവൻ അതിശയത്തോടെ നോക്കി….. ആ അന്തരീക്ഷത്തിന് ആകെ എന്തോ കരിഞ്ഞതിന്റെ വാടയും ഉണ്ടായിരുന്നു… അടുപ്പിലിരുന്ന് എന്തോ കരിഞ്ഞു പോയതാണെന്ന് അവൻ മനസ്സിലാക്കി…. “” എന്നാ പറ്റിയെടീ…. “” അവൻ അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു… “” ഒന്നു പോ മനുഷ്യാ…… നിങ്ങളെന്നെ പൊക്കിയെടുത്തോണ്ട് പോയത് കൊണ്ടാ എല്ലാം കൊളമായത്….അടുപ്പത്ത് വച്ച സാമ്പാറിന്റെ കാര്യം ഞാൻ മറന്നു പോയി…. കടുകുകൂടി വറുത്ത് വാങ്ങാൻ ഇരുന്നതാ… അപ്പഴാ ങ്ങള് ഇങ്ങോട്ട് കയറി വന്നത്…”” “” ഓഹോ…ഇതിപ്പൊ കുറ്റം എനിക്കായോ…? “” “” എന്തായാലും വന്നത് വന്നൂ…അമ്മച്ചി വന്നാ എനിക്കിട്ടു നല്ലത് കിട്ടും…. പാത്രം കരിച്ചതിന്… പച്ചക്കറി നശിപ്പിച്ചതിന്…. ഗ്യാസ് കളഞ്ഞതിന്…. ഓ… അമ്മച്ചി ഇന്ന് എന്നെ ശരിയാക്കുമിച്ചായാ….. കുറച്ചുദിവസമായി ഒരു വഴക്കും കേക്കാതെ ഇരിക്കുവായിരുന്നു””

“” പോട്ടെടീ…. നീ സമയം കളയാതെ അമ്മച്ചി വരുന്നതിനുമുമ്പ് ഉള്ള പച്ചക്കറി എടുത്ത് അരിയാൻ നോക്ക്…. ഒരു സാമ്പാർ അങ്ങ് വച്ചാൽ പോരെ…? പ്രശ്നം തീർന്നല്ലോ…..അതിനിങ്ങനെ നിന്ന് ഉരുകണോ..? “” “” ഈ പാത്രം…? “” കരിഞ്ഞ കുക്കർ കാണിച്ചുകൊണ്ട് ചോദ്യഭാവത്തിൽ അവൾ ജോണിയെ നോക്കി….. “” അതിങ്ങുതാ ഞാൻ തേച്ചുതരാം….”” അവൾ പച്ചക്കറിയൊക്കെ അരിഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൻ പാത്രം തേച്ചു കൊടുത്തിരുന്നു…..അങ്ങനെ അന്നമ്മ വരുന്നതിനു മുൻപേ ഇരുവരും ചേർന്ന് സാമ്പാർ വച്ചു…. റോഷനെ കുറിച്ച് അറിഞ്ഞ സത്യങ്ങളൊക്കെ നേഹയോട് പറയാൻ തയ്യാറെടുത്തിരുന്ന ജോണിക്ക് ആ അവസരവും നഷ്ടമായി….. ഇനി പിന്നീട് എപ്പോഴെങ്കിലും ആകാം എന്നവൻ മനസ്സിനെ സമാധാനിപ്പിച്ചു…… നേഹ സാമ്പാറിന് കടുവറക്കുന്നതിനിടയിൽ അയലത്തെ വീട്ടിലായിരുന്ന അന്നമ്മ തിരിച്ചെത്തി….

ഇരുവരെയും അടുക്കളയിൽ കണ്ടപ്പോൾ അവർ അവർ സന്തോഷത്തോടെ അടുത്തെത്തി….. “””നീ എപ്പോ വന്നു ജോണി…. കഴിച്ചില്ല അല്ലേ…?”” എന്ന് ചോദിച്ച്, അവിടാകമാനം വീക്ഷിച്ചുകൊണ്ട് കൊണ്ട് അവർ നേഹ്യ്ക്ക് നേരെ തിരിഞ്ഞു….. “”ഞാൻ പോയപ്പോ സാമ്പാറും വെന്തതാണല്ലോ എന്നിട്ടിപ്പഴാണോ നീ കടുവറക്കുന്നത്…….? “” അവൾ ഉത്തരം പറയാതെ നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ ജോണി ഇടപെട്ടു…. “” അതമ്മച്ചി…. ഞാൻ വന്നപ്പോൾ ഇവള് കിടക്കുവായിരുന്നു….. ആൾക്ക് നല്ല തലവേദന ഉണ്ട്… “” അത് കേട്ടവർ സങ്കടത്തോടെ പരിഭവപ്പെട്ടു… “” അതെങ്ങനാ….എപ്പോഴും ആ കുന്ത്രാണ്ടത്തിൽ തോണ്ടിക്കൊണ്ടിരിക്കുവല്ലേ…. അമ്മയ്ക്കും മക്കൾക്കും ജിനൂനും എല്ലാം ഫോണിലാ എപ്പോ നോക്കിയാലും പണി….”” അന്നമ്മയുടെ പറച്ചിൽ കേട്ടപ്പോൾ അങ്ങനെ പറയേണ്ടായിരുന്നു എന്ന് അവൾക്ക് തോന്നി… അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചപ്പോൾ അവളുടെ മുഖത്തു നിന്നും ആ നിഴൽപ്പാടുകൾ നീങ്ങി…..

“” ജോണിയെ…. നീ ഇന്ന് നേരത്തെ ആണല്ലോ…. “” മോനച്ചന്റെ ശബ്ദം കേട്ടപ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു… “” അത് പിന്നെ… കെട്ടിയോളെ കാണണമെന്ന് തോന്നുമ്പോൾ അവനിങ്ങ് എത്തുന്നതല്ലേ….അല്ല… ങ്ങളും എത്തുന്ന സമയം ഇതല്ലല്ലോ….”” അന്നമ്മ ചോദ്യ ഭാവത്തിൽ മോനച്ഛനെ നോക്കി….. അയാളുടെ മുഖം പതിവിലും സന്തോഷമുഖരിതം ആയിരുന്നു….. ആകാംക്ഷയോടെ തന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് നിന്ന നേഹയെ മോനച്ചൻ അടുത്തു വിളിച്ചു….. “” മോളിങ്ങുവാ…. ഞാൻ പോയ കാര്യമൊക്കെ ശരിയായി…. നീ തന്നെ ഇത് അവന്റെ കയ്യിലോട്ട് കൊടുത്തേ…..”” അന്നമ്മയും ജോണിയും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി…. നേഹ മോനച്ചന്റെ അടുത്ത് ചെന്ന് പറഞ്ഞു : “” ഞാനല്ല….അപ്പച്ചൻ തന്നെ കൊടുത്താൽ മതി….”” “” ഏയ്യ്…അത് ശരിയാവില്ലന്നെ…”” മോനച്ചൻ വിസമ്മതിച്ചപ്പോൾ അയാളുടെ കയ്യിൽ പിടിച്ച് അപേക്ഷിക്കും വിധം പറഞ്ഞു…. “” കഷ്ടമുണ്ട് അപ്പച്ചാ…. ഇപ്പൊ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്….”” അവളുടെ നിർബന്ധത്തിനു വഴങ്ങി ജോണിയുടെ അടുത്തേയ്ക്ക് അയാൾ ചെന്നു…..

“”മോനേ…ഇതാ…. പണ്ട് ഒരിക്കൽ പൂട്ടിക്കെട്ടി വിൽക്കേണ്ടിവന്ന ഏദൻ ഫിനാൻസിയെഴ്സിന്റെ കെട്ടിടത്തിന്റെ താക്കോൽ……..”” അവന്റെ കയ്യിലേയ്ക്ക് ആ താക്കോൽ കൂട്ടം ഏൽപ്പിക്കുമ്പോൾ അയാളുടെ കണ്ണുകൾ ഇറൻ അണിഞ്ഞിരുന്നു…. അപ്പോഴും ജോണിക്കും അന്നമ്മയ്ക്കും ഒന്നും മനസ്സിലായില്ല….അവരുടെ മുഖഭാവം കണ്ടു കാര്യം മനസ്സിലായ നേഹ പറഞ്ഞു……. “വർഷങ്ങൾക്ക് മുൻപ് അടച്ചു പൂട്ടിയ ഏദൻ ഫിനാൻസിയെഴ്സ് തുറന്നു പ്രവർത്തിപ്പിക്കണം എന്നല്ലേ ജോണിച്ചായന്റെ ആഗ്രഹം…. അതെത്രയും പെട്ടെന്ന് നടത്തിത്തരാനുള്ള ശ്രമത്തിലാണ് ഞാനും അപ്പച്ചനും….. ചെറിയ പപ്പയുടെ മോനും നമ്മുടെ കൂടെ നിൽക്കും….. ബാക്കി പറഞ്ഞത് മോനച്ചനാണ്…. “” ആ സ്ഥാപനം തുറക്കണമെന്ന് ആഗ്രഹമുണ്ടെന്നു നീ ഒരിക്കൽ എന്നോട് പറഞ്ഞില്ലേ…? അത് ഞാൻ നേഹയോട് പറഞ്ഞിരുന്നു…. ഓഫീസ് കെട്ടിടം ആദ്യം വാങ്ങാമെന്ന് അവളാണ് പറഞ്ഞത്…. കഴിഞ്ഞിടയ്ക്ക് അവള് പിള്ളേർടെ സ്കൂളിൽ പോയപ്പോ നമ്മുടെ ആ പഴയ കെട്ടിടം തന്നെ വിൽക്കാൻ പരസ്യബോർഡ് വച്ചിരിക്കുന്നത് കണ്ടാരുന്നു…..അത് എന്നോട് പറഞ്ഞു…. ഞാനും എന്റെ അനിയന്റെ മോൻ ജെറിനും കൂടിപ്പോയി കച്ചവടം ഉറപ്പിച്ചു….

അത് വാങ്ങാൻ ഇവടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന പൈസയാണ് എടുത്തത്…. ഇനി ബാക്കിക്കാര്യങ്ങളൊക്കെ ശരിയാക്കിയാൽ മതി….അതൊക്കെ ഞാൻ ജെറിനോട് പറഞ്ഞിട്ടുണ്ട്….” “”എന്നിട്ടും രണ്ടെണ്ണവും എന്നോട് ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ…..””അന്നമ്മ പരാതിപ്പെട്ടു…. ജോണിയാകട്ടെ ഒരക്ഷരവും മിണ്ടാതെ നിന്നതേയുള്ളു….. “”പിന്നെ… നമ്മുടെ സ്ഥാപനം പ്രവർത്തനം ആരംഭിക്കണമെങ്കിൽ ഇനിയും കാശ് ചെലവുണ്ട്…. ഇവള്ടെ പേരിൽ ഒരു നാൽപ്പത് സെന്റ് സ്ഥലം ഉണ്ട്…. അത്‌ വിൽക്കാനുള്ള ആളെയും ഞങ്ങൾ തപ്പിക്കൊണ്ടിരിക്കുവാ….നിന്റെ കയ്യിലും കുറച്ചു കാശുണ്ടല്ലോ ജോണീ….. പിന്നെ ആ ഓട്ടോയൊക്കെ നമുക്ക് അങ്ങ് വിൽക്കാം…..ലോക്കറിൽ ഇരിക്കുന്ന സ്വർണവും നേഹ തരും….”” ജോണി നേഹയെ നോക്കിയപ്പോൾ താൻ ഒന്നുമറിഞ്ഞില്ലെ എന്ന ഭാവത്തോടെ എങ്ങോട്ടോ മിഴിപാകി നിൽപ്പാണ്…..”” അല്പനേരം എല്ലാവരും മൗനത്തിൽ ആയിരുന്നു…..

ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മോനച്ചൻ ജോണിയോടു ചോദിച്ചു…. “”നീയെന്താ ഒന്നും മിണ്ടാത്തത്….? “” “”ഞാനെന്നാ പറയാനാ അപ്പച്ചാ…… എന്തേലും പറയാൻ വാക്കുകൾ കിട്ടണ്ടെ…. “” അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോൾ നേഹ ഓടി അവന്റെ അരികിൽ എത്തി…. “”എന്തായിതിച്ചായാ…?? കൊച്ചു പിള്ളാരെപ്പോലെ….””” അവനവളെ ചേർത്തുപിടിച്ചു…. അത് കണ്ടപ്പോൾ അന്നമ്മയെ വിളിച്ചുകൊണ്ട് മോനച്ഛനും അകത്തേക്ക് നടന്നു….. ജോണിയും നേഹയും മാത്രം അവിടെ തനിച്ചായി……. “””ഞാനെന്താ പെണ്ണേ നിന്നോട് പറയേണ്ടെ….”” “”ഇതിനൊന്നും പറയേണ്ട….ഒന്നും തരികയും വേണ്ട….. എനിക്കെന്നും ചോദിക്കാനും പറയാനും… ഇടയ്ക്ക് വെറുതെ വഴക്ക് കൂടാനും നമ്മുടെ കുഞ്ഞുങ്ങളെ നേർവഴിക്കു നടത്താനും എന്റെ കൂടെയെന്നും ഉണ്ടായാൽ മാത്രം മതി….”” “” നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളൊക്കെ പെറുക്കി കൂട്ടി ഒരു സ്വപ്നസൗധം ഉണ്ടാക്കണമിനി…. അതിന് നീയെന്നും എന്റെ കൂടെ ഉണ്ടാവണം…… “”” നേഹയെ മുറുക്കെ പിടിച്ചവളുടെ മൂർദ്ധാവിൽ അവൻ ചുംബിച്ചു…….. അവന്റെ ഹൃദയതാളത്തിൽ ലയിച്ചു നിൽക്കുകയായിരുന്നു അവളപ്പോൾ……

നാട്ടുകാരുടെ മുന്നിൽവച്ച് തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് ഓർത്ത് കട്ടിലിൽ കിടന്ന് കണ്ണീരൊഴുക്കുകയായിരുന്നു ലിന്റ…. ആ സംഭവത്തെക്കുറിച്ച് ഓർക്കുന്നോരും അവളുടെ ഉള്ളിൽ ജോണിയോട് ദേഷ്യവും പകയും നുരഞ്ഞു പൊങ്ങി…. തന്നെ അപമാനിച്ചതിനുള്ള ശിക്ഷ എങ്ങനെയെങ്കിലും ജോണിക്ക് കൊടുക്കണമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു….. അവൾ റോഷനെ വിളിക്കാനായി ഫോണെടുത്തു…… അപ്പോഴാണ് ലിന്റയുടെ അച്ഛൻ മുറിയിലേക്ക് വന്നത്…. “”മോളെ…. അമ്മ എന്നോട് എല്ലാം പറഞ്ഞു… അതൊക്കെ നീ ഇനി വിട്ടേര്…. അവനാ കൊച്ചിനെ അങ്ങ് വളർത്തട്ടെ…. തെറ്റ് നിന്റെ ഭാഗത്ത് തന്നെയല്ലേ….. മോള് അതൊക്കെ ക്ഷമിക്കങ്ങ്….. ഇന്നുണ്ടായതിനൊന്നും പകരം വീട്ടാൻ നീ ഇനി ഇറങ്ങിയേക്കരുത്….”” “” പറ്റില്ല അച്ഛാ… എന്നെ ഇന്ന് അവനും അവിടെ കൂടി നിന്ന് പെണ്ണുങ്ങളും കൂടി എന്തൊക്കെയോ പറഞ്ഞതെന്ന് അച്ഛൻ കേട്ടില്ലല്ലോ….. “” കട്ടിലിൽ എഴുന്നേറ്റിരിക്കുന്നതിനിടയിൽ ലിന്റ പറഞ്ഞു… “” അതുതന്നെയല്ലേ ഞാനും നിന്നോട് പറഞ്ഞത്… അവര് പറഞ്ഞെങ്കിൽ അതിൽ കാര്യമുണ്ടല്ലോ…. ഇല്ലാത്തതൊന്നും അല്ലല്ലോ പറഞ്ഞത് ഉള്ള കാര്യങ്ങൾ തന്നെയല്ലേ…? പിന്നെന്തിനാ വഴക്കിനും തല്ലിനുമൊക്കെ ഇനിയും നിൽക്കുന്നത്…?”” “” ഈ അച്ഛനോട് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല….. “” അവൾ മുഖം കുനിച്ചിരുന്നു…. (തുടരും )