രചന – ശ്രീതു ശ്രീ
ജോണി വിളിക്കുന്നെന്ന് കേട്ടപ്പോൾ നേഹയ്ക്ക് ആശ്ചര്യം തോന്നി…… എന്തെങ്കിലും അത്യാവശ്യ കാര്യമായിരിക്കണം… അല്ലെങ്കിൽ ജോണി വിളിക്കാനിടയില്ലെന്ന് ഓർത്തുകൊണ്ട് നേഹ അവന്റെ മുറിയിലേയ്ക്ക് ചെന്നു …. ജോണി കട്ടിലിൽ തന്നെ കിടപ്പുണ്ടായിരുന്നു…. . “എന്താ ഇച്ചായാ…. ടോയ്‌ലെറ്റിൽ വല്ലോം പോകണോ…..?” അവൾ അവന്റെ സമീപമെത്തി ചോദിച്ചു…. “ഓ… വേണ്ട… “പിന്നെ…? തനിക്ക് ബുദ്ധിമുട്ടില്ലേൽ മതി…. അവന് തന്നോട് എന്തെങ്കിലും ആവശ്യപ്പെടാൻ ഇപ്പോഴും മടിയാണെന്നു ഉടനെ മനസിലാക്കിയ നേഹ ഒരു ചെറു ചിരിയോടെ അവന്റെ സമീപം ചെന്നിരുന്നു……
അവന്റെ വലതു കയ്യിൽ തന്റെ കൈത്തലം വച്ചുകൊണ്ടവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി…. അവളുടെ സ്പർശം അറിഞ്ഞ നിമിഷം തന്നെ അവൻ കൈ മാറ്റി…അവളുടെ പുഞ്ചിരി കണ്ടില്ലെന്ന് നടിച്ചുകൊണ്ട് നിർവികാരതയോടെ പറഞ്ഞു : “അത്… തനിക്ക് പറ്റുമെങ്കിൽ എന്നെ ഒന്ന് ഹെല്പ് ചെയ്യ്……നടുവിന് എന്തൊ കഴപ്പ് പോലെ….. കുറെ നേരായി ഞാൻ ഇരിക്കുവല്ലേ…. എനിക്കൊന്നു നിൽക്കണം….. ആ ജനലിന്റെ അടുത്തോട്ട് വിട്ടാൽ മാത്രം മതി…. പിന്നെ ഈ ഫോണും ഒന്ന് കുത്തിയിടണം……ചാർജ് തീർന്നു… “ഇതാണോ ഇത്ര വല്യ കാര്യം…?വാ എഴുന്നേൽക്ക്…” അവളവന്റെ അടുത്തുനിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു….. പിടിച്ച് എഴുന്നേൽപ്പിച്ചു തന്നോട് ചേർത്തു പിടിച്ചുകൊണ്ട് നേഹ ജനലിന്റെ സമീപത്തേയ്ക്ക് അവനെ മെല്ലെ നടത്തിച്ചു……
അവളുടെ മനസ്സിൽ നിന്നെന്ന പോലെ ശരീരത്തിൽ നിന്നും ഒരകലം സൂക്ഷിക്കാൻ ജോണി നടക്കുന്നതിനിടയിൽ ശ്രമിച്ചു….. പക്ഷെ അവളത് മനസിലാക്കിയത് പോലെ അവനെ ഒന്നുകൂടെ മുറുകെ പിടിച്ചു തന്നോടൊപ്പം ചേർത്തു തന്നെ നടത്തി….. ജനലിന്റെ അരികിൽ നിർത്തിയ ശേഷം തിരികെ വന്ന് ഫോണെടുത്തു…… “ഇച്ചായാ….ചാർജറെവിടാ…? “മേശയ്ക്ക് അകത്ത് കാണും….. അവളെ നോക്കാതെ പുറത്തേയ്ക്ക് നോക്കിയാണ് അവനത് പറഞ്ഞത്…. “എന്താ എന്റെ മുഖത്തേയ്ക്ക് നോക്കാനത്ര കൊള്ളില്ലേ…”എന്ന് ആത്മഗതം പറഞ്ഞുകൊണ്ട് അവളത് തുറന്നു ചാർജർ എടുത്ത് ഫോൺ കുത്തിയിട്ടു….
മുറിയിൽ നിന്നു തിരിച്ചിറങ്ങാൻ തുടങ്ങിയെങ്കിലും പിന്നീട് അത് വേണ്ടെന്ന് വച്ച് അവന്റെ അടുത്തേയ്ക്ക് തന്നെ ചെന്നു.. അവള് വരുന്നത് അവനറിഞ്ഞെങ്കിലും അറിയാത്ത പോലെ അവിടെ നിന്നു…. നേഹയ്ക്ക് അവന്റെ അടുത്തേയ്ക്ക് പോകുന്നത് എന്തിനെന്ന് അറിയില്ലെങ്കിലും എന്തെങ്കിലുമൊന്ന് സംസാരിച്ചേക്കാം എന്നൊരു ആഗ്രഹത്തിൽ ആണ് … “ജോണിച്ചായാ…. അവൾ അവന്റെ അരികിലെത്തി മെല്ലെ വിളിച്ചു….. എന്തിനെന്ന അർത്ഥത്തിൽ ജോണി നേഹയെ നോക്കി…. “കാലിലൊക്കെ നല്ലോണം വേദനയുണ്ടോ…? “ങ്ഹാ…. “ഏണി തെന്നിയതാണോ… അതോ ഇച്ചായന്റെ കാല് തെന്നിയാണോ വീണേ..? “പുറകോട്ടിറങ്ങാൻ നേരം കാല് തെന്നിയതാ….” ജോണിയുടെ സംസാരം അവളോട് ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ ആയിരുന്നു…..
പക്ഷെ നേഹ പിന്മാറാൻ കൂട്ടാക്കിയില്ല…. “കാലില് സ്റ്റിച്ചിട്ടിട്ടുണ്ടല്ലോ… കയ്യിലുമുണ്ടോ..? അവന്റെ മുറിവുള്ള കയ്യിൽ പിടിച്ചുകൊണ്ട് ആണവളത് ചോദിച്ചത്….. അതിഷ്ടപ്പെടാതെ ജോണി കൈ മാറ്റി…. അത് കണ്ടപ്പോൾ നേഹയ്ക്ക് ഉള്ളിൽ ചിരിയൂറിയെങ്കിലും അവൾ അത് പുറത്ത് കാട്ടിയില്ല….. “ഉണ്ടെങ്കിലിപ്പോ എന്നതാ…. തന്റെ കൈയിലോട്ട് മാറ്റാൻ പറ്റില്ലല്ലോ….” “ഞാൻ ചോദിച്ചെന്നല്ലേയുള്ളോ…. ഞാനിതൊക്കെ അറിഞ്ഞൂന്നു വച്ച് എന്നതാ ഇപ്പൊ കുഴപ്പം…?കണ്ണിൽ കണ്ട ആളോടൊന്നുമല്ലല്ലോ ഞാൻ ചോദിച്ചത്… “എങ്കിലെനിക്ക് കണ്ണിൽ കണ്ടവരോടൊക്കെ ഓരോന്നും വെളമ്പാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്….
ആ വാക്കുകൾ അവളെയൊന്ന് തളർത്തിയെങ്കിലും നിമിഷനേരം കൊണ്ടവൾ ആ തളർച്ചയെ മറികടന്നു…. “ഇച്ചായന്റെ ദേഷ്യം കണ്ടാൽ തോന്നും ഞാനാ നിങ്ങളെ തെള്ളി താഴെയിട്ടതെന്ന്….. എന്നോട് സ്നേഹമൊന്നും കാണിക്കണ്ട… സ്നേഹിക്കുകേം വേണ്ട….പതിവ് യാത്രയിൽ വഴിയിൽ കാണുന്ന ചിലമുഖങ്ങൾ ഉണ്ടാകുമല്ലോ… ആരെന്നോ എന്തെന്നോ അറിയാത്തവർ….ഒരു ചിരി മാത്രം അവശേഷിപ്പിച്ചു നടന്നകലുന്നവർ….തുടർച്ചയായി എന്നും കണ്ടുകൊണ്ടിരുന്നിട്ട് ഒരു ദിവസം കാണാതെ വന്നാൽ നമ്മളവരെവിടെ എന്നാലോചിക്കില്ലേ….?അങ്ങനെ ഉള്ള ഒരാളായിട്ടെങ്കിലും എന്നെ കണ്ടുകൂടെ….? നിർബന്ധിക്കുന്നില്ല….അതിനുള്ള യോഗ്യത ഉണ്ടെന്നും സ്ഥാപിക്കുന്നില്ല…
ഇഷ്ടമുണ്ടെങ്കിൽ മാത്രം…… ഓരോ സൂര്യാസ്തമയവും കഴിയുമ്പോൾ കൊഴിഞ്ഞു വീഴുന്നത് വെറുമൊരു ദിവസമല്ല….നമ്മുടെ ആയുസ്സിന്റെ ഒരു ദളമാണ്…..പിന്നീടൊരിക്കലും കൂട്ടിച്ചേർക്കാൻ കഴിയാത്ത ദളം…. മനഃപൂർവം അതൊരിക്കലും മറ്റൊരാളുടെ ഇന്നലെകളിലെ നോവാക്കി മാറ്റരുത്….. ” അവൾ പറഞ്ഞതൊന്നും തള്ളാതെയും കൊള്ളാതെയും ജോണിയവിടെ നിന്നു… അവന്റെ നിർവികാരത കണ്ടിട്ടാവാം നേഹയുടനെ തന്നെ അവിടുന്ന് പോയി….. അവൾ വാതിൽ കടന്നുപോകുന്നത് നിറമിഴിയോടെ ജോണി തിരിഞ്ഞൊന്നു നോക്കി…. പിന്നെ ബലപ്പെട്ട് ആ മിഴികളെ മുറ്റത്ത് കൂട്ടമായി നിൽക്കുന്ന കാശിത്തുമ്പയിൽ കൊണ്ടു നട്ടു….
നേഹയുടെ വേദന നിറഞ്ഞ മുഖം അവന്റെ മനസ്സിനെ തെല്ലൊന്നുലച്ചു… സ്നേഹിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ലെടോ.. കഴിയുന്നില്ലെനിക്ക്… ഒരിക്കൽ ജീവിതത്തിൽ സ്നേഹിച്ചു പരാജയപ്പെട്ടുപോയതിനാൽ ആവാം….. നിന്നെ ബോധിപ്പിക്കാൻ എനിക്ക് അഭിനയിക്കാനും അറിയില്ല….. സ്നേഹിക്കാൻ കഴിയാത്തത് പോലെ തന്നെ നിന്നെയെനിക്ക് വെറുക്കാനും കഴിയില്ല…. പക്ഷെ എന്തൊ…. മനസ് നിന്നിൽ നിന്നും അകന്നു നിൽക്കാൻ ആണിപ്പോൾ ആഗ്രഹിക്കുന്നത്….. നാളെ ഒരുപക്ഷെ ഇതിനു മാറ്റം വന്നേക്കാം…. അതിനിനി എത്ര കാലമെടുക്കുമെന്നും അറിയില്ല…. നിന്നെ ഞാൻ സ്നേഹിക്കണമെന്നാണ് നീയും ഞാനുമുൾപ്പെടെ എല്ലാവരും ആഗ്രഹിക്കുന്നത്……
പക്ഷെ നന്നായി പഠിച്ചിട്ട് പോയിട്ടും പരീക്ഷയിൽ തോറ്റുപോകുന്ന കുട്ടികളെപ്പോലെയാണ് ഞാനും…. നിന്നോട് സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഞാനും പരാജയപെട്ടു വീഴുന്നു…… “ജോണിച്ചായാ….ഇങ്ങനെ നിന്നാല് കാല് കഴയ്ക്കില്ലേ…. വാ അങ്ങോട്ടിരിക്കാം…..” നേഹയുടെ ശബ്ദം അവനെ ചിന്തകളിൽ നിന്നുണർത്തി….. ജോണി മറുത്തൊന്നും പറഞ്ഞില്ല… കുറച്ചു മുൻപ് തന്റെ അടുത്ത് നിന്നും പോയപ്പോഴുള്ള പരിഭവമൊന്നും ഇപ്പോഴവളുടെ മുഖത്തില്ല….പ്രസന്നത മാത്രം…. ഇവളിത്ര പെട്ടെന്ന് അതൊക്കെ മറന്നൊ….? ജോണി അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കിപ്പോയി……
ജോണിയുടെ നോട്ടമേറ്റപ്പോൾ ‘ഇച്ചായന് ഇതെന്തുപറ്റി’ എന്നർത്ഥത്തിൽ അവളുടെയും മിഴികൾ വിടർന്നപ്പോൾ അവൻ പതിവ് ഗൗരവം കൈകൊണ്ടു…. അവനെ തന്റെ തോളിൽ താങ്ങി കട്ടിലിൽ ഇരുത്തിയിട്ട് വേഗമവൾ അടുക്കളയിൽ പോയി ചായയും ബിസ്കറ്റും എടുത്തുകൊണ്ട് വന്നു…… “പിള്ളേരെന്തിയെ…? ചായകുടിച്ചോ…?” “അവര് ജിനൂന്റെ മുറിയിൽ കിടന്ന് ഉറക്കമാ… ഒരു അരമണിക്കൂറെങ്കിലും കഴിഞ്ഞിട്ടിനി മൂന്നിനെയും നോക്കിയാൽ മതി…… “മൂന്നോ…? “മ്… പിള്ളേരുടെ കൂടെ ജിനുവും പോയി കിടന്നു…. “അവൾക്ക് പഠിക്കാനൊന്നുമില്ലേ…? എഴുന്നേൽക്കട്ടെ…. കഴിഞ്ഞ സെമ്മില് ഒരു സപ്ലിയെ ഉണ്ടായിരുന്നുള്ളു….
ഇവളീ കണക്കിനാണേൽ എന്റെ കയ്യീന്ന് വല്ലൊം വാങ്ങിച്ചു കൂട്ടും…… “ഒന്നല്ലേയുള്ളോ… അതൊക്കെ അവളെഴുതി എടുത്തോളും….. ജോണിയുടെ വാക്കുകളെ നിസ്സാരമട്ടിൽ തള്ളിക്കൊണ്ട് നേഹ പറഞ്ഞു…… അവനത് കേട്ടപ്പോൾ ദേഷ്യം വന്നെങ്കിലും പുറമെ പ്രകടിപ്പിച്ചില്ല…… നേഹ അതവന്റെ മുഖത്ത് നിന്നും വായിച്ചിരുന്നു…. ചായ കുടിച്ചു കഴിഞ്ഞപ്പോൾ നേഹയോട് ചാർജ് ചെയ്യാനിട്ട തന്റെ ഫോണിങ്ങു എടുത്തു തരാൻ പറഞ്ഞു…. അതവൾ പ്ലഗിൽ നിന്ന് വേർപ്പെടുത്തുമ്പോൾ ആണ് ചാർജ് ചെയ്യാനിട്ടപ്പോൾ സ്വിച്ച് ഓണാക്കിയിരുന്നില്ല എന്ന സത്യം മനസിലാക്കിയത്…… എന്തു ചെയ്യണമെന്നറിയാതെ അവളവിടെത്തന്നെ നിന്നുപോയി…..
ജോണിയുടെ കയ്യിൽ നിന്നും വഴക്ക് ഉറപ്പായെന്ന് അവൾക്ക് ബോധ്യമായി… അവന്റെ ഫോൺ സ്വിച്ച് ഓണാക്കി അവിടെത്തന്നിട്ടിട്ട് തന്റെ ഫോണവൾ എടുത്തു നോക്കി… അതിൽ എഴുപത്താറു ശതമാനം ചാർജ്ണ്ട്…. നേഹ തന്റെ ഫോണും കൊണ്ട് ജോണിയുടെ അടുത്തെത്തി… “ജോണിച്ചായാ…. ദേഷ്യപ്പെടരുത്… പ്ലീസ്… ഞാന് സ്വിച്ച് ഓണാക്കാൻ വിട്ടുപോയി…. തത്കാലം ഇതില് നോക്കിക്കോ…. അവളുടെ വാക്കുകൾ കേട്ടപ്പോൾ രൂക്ഷമായൊരു നോട്ടമായിരുന്നു അവന്റെ മറുപടി…. കയ്യിലിരുന്ന ഫോണവൾ അവന്റെ നേരെ നീട്ടി… (തുടരും )

by