23/04/2026

താലി : ഭാഗം 02

രചന  – ആയിഷ അക്ബർ

വീട്ടിലേക്ക് നടക്കുമ്പോൾ കൃഷ്ണയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു…..അടുക്കള വാഴി പിറകിലൂടെ കയറുമ്പോൾ ഒഴിഞ്ഞ തൂക്ക് പാത്രത്തിൽ അവൾ ഒന്ന് കൂടെ മുറുകെ പിടിച്ചു……രാഗി പലഹാരങ്ങളെടുത് വെക്കുന്ന തിരക്കിലായത് കൊണ്ട് തന്നെ അവൾ ഭയത്തോടെ അങ്ങനെ നിന്നു…..
ആ പാല് അടുപ്പത്തേക്ക് വെക്കാതെ നീയെന്ത് നോക്കി നിൽക്കുവാ…..രാഗി അതും ചോദിച്ചു കൊണ്ട് അവൾക്കടുത്തേക്ക് വന്നപ്പോഴാണ് മുറ്റത്തേക്ക് വന്നു നിന്ന ആ കാറിന്റെ ശബ്ദം അവർ കേൾക്കുന്നത്…..അവരുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു കൊണ്ട് അവർ ഉമ്മറത്തേക്ക് നടന്നു…….കൃഷ്ണ വിറക്കുന്ന കൈകൾ കൂട്ടി പ്പിടിച്ചു കൊണ്ട് അപ്പോഴും അങ്ങനെ നിൽക്കുകയായിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രാഗി ഉമ്മറത്തേക് ചെല്ലുമ്പോൾ കാറിൽ നിന്നിറങ്ങുന്ന ആ ചെറുപ്പക്കാരനെയാണ് കാണുന്നത്……ഇരു നിറമാണെങ്കിലും പൌരുഷം നിറഞ്ഞു നിൽക്കുന്ന മുഖം..ഭംഗിയിൽ വെട്ടിയൊതുക്കിയ താടിയും മീശയും അവന്റെ മുഖത്തിന്റെ ഗൗരവം കൂട്ടുന്നത് പോലെ……ഉയരത്തിനൊത്ത വണ്ണം മാത്രം……
നടത്തത്തിനു പോലും വല്ലാത്തൊരു പ്രൗടി……
ഒരു നിമിഷം എല്ലാവരുടെയും നോട്ടം അവനിലേക്കായിരുന്നു……അവൻ തിണ്ണയിൽ കയറി ഷൂ അഴിച് അകത്തേക്ക് കയറിയതും സുദേവനെയും രാഗിയെയും നോക്കിയൊന്ന് പുഞ്ചിരിച്ചിരുന്നു……

സുദേവന്റെയും രാഗിയുടെയും മുഖം ഒരു പോലെ തിളങ്ങി…അവനെ നന്നേ ബോധിച്ചെന്ന പോൽ……അതിനേക്കാൾ അവന്റെ ചിരി ഹൃദയത്തിൽ പതിഞ്ഞോരാൾ ജനാലക്കപ്പുറം ഇരിക്കുന്നുണ്ടായിരുന്നു…ശരണ്യ……
ആദ്യ കാഴ്‌ച യിൽ തന്നെ അവളവനിലേയ്ക്ക് വല്ലാതെ ഇഴ ചേർന്ന് പോയിരുന്നു…..തനിക്കിവനെ സ്വന്തമായി കിട്ടിയാൽ ഈ ലോകത്തെ ഏറ്റവും ഭാഗ്യവതി താന്നായിരിക്കും എന്നവൾക്ക് തോന്നി പ്പോയി…….ഇതാണ് ഞങ്ങളുടെ മകൻ….
കാർത്തിക്……

വിജയൻ അവനെ ചൂണ്ടി അത് പറഞ്ഞപ്പോഴാണ് ഒരു നിമിഷം സുദേവനും രാഗിയും അവനിൽ നിന്ന് നോട്ടം നീക്കി വിജയനിലേക്ക് നോക്കിയത്……ഇരിക്ക് മോനെ……സുദേവൻ ഏറെ സ്നേഹത്തോടെ പറഞ്ഞതും കാർത്തി ഒരു പുഞ്ചിരി യോടെ മുത്തശ്ശിയുടെ അടുത്തേക്കിരുന്നു…….
ഇരിക്കുമ്പോഴും മുത്തശ്ശി അവന്റെ കൈയിൽ ഒന്ന് പിടിച്ചിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രാഗി തിരികെ അടുക്കളയിലേക്ക് വരുമ്പോൾ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായ പ്പൊടിയിടുന്ന കൃഷ്ണയെയാണ് കാണുന്നത്…..ഇതെന്തിനാ ഇപ്പോ ചായ വെച്ചത്…പാലെടുത്തു തിളപ്പിച്ചതിലേക്ക് പൊടിയിട്ടാൽ പോരെ…..രാഗി അത് പറഞ്ഞപ്പോഴേക്കും കൃഷ്ണ ദയനീയമായി അങ്ങനെ നിന്നു..രാഗി മേശ മേലിരിക്കുന്ന തൂക്ക് പാത്രം എടുത്തതും അവരുടെ മുഖഭാവം മാറുന്നത് കണ്ട് അവളൊന്നു പേടി ച്ചിരുന്നു…..ഇതിലെ പാലെന്താ നീ ചെയ്‌തത്……പറയെടി….. പാലെന്ത് ചെയ്‌തെന്ന്……

എന്റെ കയ്യിൽ നിന്ന് വീണു പോയി അമ്മായി…..
രാഗി അതും പറഞ്ഞവൾക്ക് നേരെ വരുമ്പോൾ അവൾ തിരികെ പറഞ്ഞു കൊണ്ട് കണ്ണുകൾ ഇറുക്കെ ചിമ്മി…അത് കേട്ടതും രാഗിയുടെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു……എന്റെ കൊച്ചിനോടുള്ള അസൂയയിലല്ലെടി അസത്തെ നീയിങ്ങനെ യൊക്കെ ചെയ്യുന്നത്….
അതും പറഞ്ഞവർ അവളുടെ കയ്യിൽ പിടിച്ചു വലിച്ചപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..ഞാൻ…. ഞാൻ അറിയാതെയാണ്…..

അവൾ തെറ്റിയ പറ്റിനു മേൽ വീണ്ടും പറഞ്ഞു നോക്കി …..അപ്പോഴേക്കും അവരുടെ ദേഷ്യം അവളുടെ കൈ തണ്ടയിൽ പാടുകൾ തീർത്തിരുന്നു…ഓഫീസിൽ നിന്നും കാൾ വന്നത് കൊണ്ട് തന്നെ പുറത്തേക്കിറങ്ങിയ കാർത്തി കാണുന്നത് തന്നോട് പുഞ്ചിരിച്ചു നിന്ന ആ സ്ത്രീ അടുക്കള യിൽ നിന്ന് അത്രയേറെ ആരോടോ ദേഷ്യപ്പെടുന്നതാണ്…..അവൻ ഫോണിൽ സംസാരിക്കുമ്പോഴും ശ്രദ്ധ അവിടെ തന്നെയായിരുന്നു……എന്നാൽ അവരുടെ അടുത്ത് നിൽക്കുന്ന ആളുടെ മുഖം ചുമരിന്റെ മറവിനാൽ കാണുന്നില്ലായിരുന്നു…..

അവനൊന്നു കൂടി എത്തി നോക്കി…..അവർ ഇടക്ക് അടുത്ത് നിൽക്കുന്ന വളുടെ കൈ വലിച്ചപ്പോൾ ആ കൈ തനിക്കെവിടെയോ പരിചയമുള്ളത് പോലെ അവനു തോന്നി……
ഇടയ്ക്കിടെ കാറ്റിൽ പാറി മുന്നിലേക്ക് കാണുന്ന ആ കരിം പച്ച പട്ടു പാവാടയുടെ അറ്റം കൂടി കണ്ടതോടെ അവന്റെ മനസ്സിലേക്കവളുടെ മുഖം ഓടിയെത്തിയിരുന്നു…അവൻ ഒരു നിമിഷം അവിടെ തന്നെ നിന്നു……അപ്പോഴാണ് അടുക്കള വാതിൽ കടന്നവൾ പുറത്തേക്ക് വരുന്നത്….

അവൻ അവളെ കണ്ടിരുന്നെങ്കിലും അവൾ തന്നെ കാണാതിരിക്കാൻ അവൻ ചുമരിന് പിറകിലേക്ക് നീങ്ങി നിന്നു…..അവൻ ഒന്ന് കൂടി അവളെയെത്തി നോക്കി…പുറത്ത് വെച്ച കരി പിടിച്ചൊരു കലം വെണ്ണീരോപ്പി കഴുകുകയാണ്…..വെണ്ണീരോ പ്പുന്നതിനോടൊപ്പം അവൾ കണ്ണുകൾ അമർത്തി തുടക്കുന്നുണ്ട്…..കളഞ്ഞു പോയ ആ പാല് നോക്കി കണ്ണുകൾ നിറഞ്ഞതിന്റെ കാരണം അവനന്നേരം കൊണ്ട് തന്നെ ഏകദേശം മനസ്സിലായിരുന്നു….എന്തോ വല്ലാത്തൊരു നോവവനെ പൊതിഞ്ഞു….

താൻ കാരണമാണല്ലോ അവൾ വേദനിച്ചതെന്ന് ഓർത്തൊരു കുറ്റ ബോധവും…..അപ്പോഴത്തെ മാനസികാവസ്ഥ യിൽ ബാലൻസ് തന്റെ കയ്യിൽ നിന്നോന്നു തെന്നിയതാണ്….തനിക്കത് നിസ്സാരമായി തോന്നിയെങ്കിലും അതിനു മറ്റൊരാൾ ഇത്രയധികം വേദനിക്കുമെന്ന് കരുതിയിട്ടില്ലാ….അവനോന്നു കൂടി അവളെ നോക്കി……വിടർന്ന ആ കണ്ണുകളിലിപ്പോൾ അലയടിക്കുന്നത് ഒരു സാഗരമാണ്….ആ സാഗരത്തിനു അപാരമായ ഒരു ആഴിയുണ്ടെന്ന് അവനാ സമയം ക്കൊണ്ട് തന്നെ മനസ്സിലായിരുന്നു……

അവൻ പതിയെ അകത്തേക്ക് കയറി…..
എങ്കിൽ മോളെ വിളിച്ചോ രാഗി…..സുദേവൻ അത് പറഞ്ഞതും രാഗി ശരണ്യ യെ വിളിച്ചു….കൃഷ്ണാ വാ……എനിക്കൊരു ധൈര്യത്തിന്……
എന്റെ ചെക്കനെ നിനക്കും കാണാമല്ലോ….
കൈ കഴുകി കൊണ്ടിരുന്ന കൃഷ്ണയുടെ കൈ പിടിച്ചു കൊണ്ടതും പറഞ്ഞു ശരണ്യ നടക്കുമ്പോൾ കൃഷ്‌ണയും അവൾക്ക് പിറകെ യാന്ത്രികമായി നടന്നു…വാതിലിനടുത്തെത്തിയതും കൃഷ്ണ ശരണ്യ യുടെ കൈ വിടുവിച്ചു കൊണ്ട് വാതിലിനു പിറകിലേക്കോതുങ്ങിയിരുന്നു…….ശരണ്യ അവർക്ക് മുമ്പിൽ വന്നു നിന്നതും വന്ന എല്ലാവരുടെയും മുഖം ഒരു പോലെ വിടർന്നു…….
അവരെല്ലാം അവനിലേക്കാണ് നോക്കിയത്…

ശരണ്യയും ഇടം കണ്ണാലെ അവനെ നോക്കി….
എന്നാൽ അവന്റെ മിഴികൾ മറ്റെവിടെയോ ആണ്….പാല് കൊണ്ട് വരാൻ പോയൊരുത്തി അത് കളഞ്ഞിട്ട് വന്നു…..കട്ടനാണ്……
അത് നന്നായി…. എനിക്ക് കട്ടനാണ് പ്രിയം…..
രാഗി ചെറിയൊരു ചമ്മലോടെ അത് പറയുമ്പോൾ പെട്ടെന്നാണ് കാർത്തി ഇടക്ക് കയറിയത് പറഞ്ഞത്…..എല്ലാവരും ഏറെ അത്ഭുതത്തോടെ അവനെയൊന്ന് നോക്കി….കട്ടൻ ചായ കണ്ണിന് നേരെ കണ്ട് കൂടാത്തവനാണ് പറയുന്നത്…..

അമ്മയുടെയും ചെറിയമ്മയുടെയും ഒക്കെ നോട്ടത്തിന് അവൻ കാണാത്തത് പോലെയിരുന്നു…..പെൺകുട്ടി യെ ഇഷ്ടമായത് കൊണ്ടാവും അവനങ്ങനെ പറഞ്ഞതെന്ന് എല്ലാവരും ഊഹിച്ചിരുന്നു…..എന്നാൽ ചായയെ കുറിച് പറയുന്ന കേട്ടതും ആ ശബ്ദം എവിടെയോ പരിചയമുള്ളത് പോലെ തോന്നിയത് കൊണ്ട് തന്നെ കൃഷ്ണ പതിയെ അവനിലോക്കൊന്നെത്തി നോക്കി…..നിനക്ക്…..പെൺകുട്ടിയെ ഇഷ്ടമായോ കാർത്തി….മുത്തശ്ശി പതിയെ അവനോടത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ തറഞ്ഞത് ആ വാതിലിനു പിറകിൽ നിന്നും കാണുന്ന പച്ച നിറമുള്ള പാവാട തുമ്പിലായിരുന്നു…..
അവൾ അവനെ നോക്കിയ അതേ നിമിഷം അവനും അവളെ നോക്കിയിരിക്കുകയാണ്….അവരുടെ മിഴികൾ തമ്മിൽ കൊരുത്തു…..അവളുടെ കണ്ണുകൾ തന്നെ കണ്ട് വിടരുന്നത് അവൻ വ്യക്തമായി കണ്ടിരുന്നു…..

കാർത്തി……. നിന്നോടാ ചോദിക്കുന്നത്….കുട്ടിയെ ഇഷ്ടമായോ എന്ന്……
ചെറിയമ്മ അവനെ തട്ടി വിളിച്ചു വീണ്ടും അത് ചോദിച്ചപ്പോഴാണ് അവൻ ഓർമകളിൽ നിന്നോന്നുണർന്നത്……അവൻ മുത്തശ്ശിക്ക് നേരെ നോക്കി…..എനിക്ക്….. എനിക്ക് ആ കുട്ടിയെയാണ് ഇഷ്ടമായത്………അവനോടുള്ള ചോദ്യം പതിയെ യായിരുന്നു വെങ്കിലും എല്ലാവരും കേൾക്കെ ഗാഭീര്യമേറിയ ശബ്ദത്തോടെ അവനതും പറഞ്ഞു വിരൽ ചൂണ്ടിയത് ആ വാതിൽ പടിയിലേക്കായിരുന്നു….എല്ലാവരുടെയും മിഴികൾ ഒരു പോലെ ആ വാതിലിനു പിറകിലേക്ക് നീങ്ങിയിരുന്നു…….

(തുടരും)