രചന – സിന്ധു അപ്പുക്കുട്ടൻ
“ഇറങ്ങി പോരായിരുന്നില്ലേ നിനക്ക്. എന്തിനാ ഇത്രയൊക്കെ അനുഭവിക്കാൻ കാത്തു നിന്നേ നീ..?
കണ്ണുനീരിനൊപ്പം പെയ്തിറങ്ങുന്ന വാക്കുകളുടെ തോരാമഴയിൽ ഞെട്ടി വിറച്ചു പോയ ദീപ്തി രോഷം കൊണ്ടു
“പോകാൻ ഒരിടമില്ലായിരുന്നു ദീപു…
“നിനക്ക് നിന്റെ വീട്ടിലേക്ക് പൊയ്ക്കൂടായിരുന്നോ. അച്ഛൻ നിന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നില്ലേ.
“അച്ഛൻ ഇതൊന്നും കാണാനും കേൾക്കാനും നിൽക്കാതെ പെട്ടന്നങ്ങു പൊയ്ക്കളഞ്ഞു ദീപു.
ദീപ്തി അവൾ പറയുന്നത് മനസ്സിലാകാത്ത പോലെ അവളെ തുറിച്ചു നോക്കി.
“ഏട്ടൻമാരോടുള്ള വാശിക്ക് അച്ഛൻ വീട് വിറ്റു. മൂന്ന് സെന്റ് ഒഴിച്ചിട്ടാ വില്പന നടന്നെ. എന്റെ കല്യാണാവശ്യത്തിനുള്ളത് മാറ്റി വെച്ചിട്ട് ആ മൂന്ന് സെന്ററിൽ ചെറിയൊരു വീടും ഉണ്ടാക്കി. നാലു ചുമരും മേൽക്കൂരയുമുള്ള ചെറിയൊരു വീട്.
എനിക്കും കമലക്കും ഇത് മതി. ഞങ്ങളുടെ കണ്ണടഞ്ഞാൽ ആരെടുത്താലും ഒരു കുഴപ്പമില്ല.
അച്ഛൻ എല്ലാരോടുമായി പറഞ്ഞു.
“എന്നിട്ട്…?
എന്നിട്ടെന്താ.. അച്ഛനോടുള്ള വാശിക്ക് ഏട്ടൻമാരും പിന്നെ വീട്ടിലേക്കു വന്നില്ല. എന്റെ കല്യാണത്തിന് പോലും.
അച്ഛൻ ഒറ്റക്കു നിന്ന് എല്ലാം ചെയ്തു.അച്ഛന്റെ ഒരായുസ്സിലെ സമ്പാദ്യം മുഴുവനുമെടുത്തു എനിക്ക് വേണ്ടി.എന്നിട്ടും എനിക്ക് കിട്ടിയതോ ?
സാഡിസ്റ്റായ ഒരു കെട്ട്യോനും അതിനേക്കാൾ ക്രൂരയയൊരു അമ്മായിയമ്മയും.
മഹേഷിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ഒരിക്കൽ ഞാൻ വീട്ടിലേക്ക് ചെന്നു.
സന്ധ്യ വീണ്ടും ഓർമ്മകളിലേക്കു ഇറങ്ങിനിന്നു.
തീച്ചൂടിൽ പൊള്ളിയടർന്നു കിടക്കുന്ന റോഡ്. വായിൽ ഉമിനീര്പോലുമില്ല തൊണ്ടയൊന്നു നനക്കാൻ. സന്ധ്യ വയ്യാത്ത കാലും വലിച്ചു വെച്ച് നടക്കുകയാണ്.
“മോളെന്താ ഈ നേരത്ത് ഒറ്റക്ക്.? അവൻ വന്നില്ലേ കൂടെ?
ഉരുകിയൊലിക്കുന്ന വെയിലിൽ നിന്ന് കയറി വരുമ്പോൾ ഉമ്മറത്തിരുന്ന അച്ഛൻ അവളോട് ചോദിച്ചു.
അവൾ ശബ്ദം നഷ്ടപ്പെട്ടവളെപ്പോലെ ഇല്ലെന്ന് ചുമൽ കൂച്ചി.
ചാരുകസേരയിൽ തളർന്നു കിടക്കുന്ന അച്ഛന്റെ നെഞ്ചിലെ രോമങ്ങളെല്ലാം പഞ്ഞി പോലെ നരച്ചിരുന്നു. ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന പോലെ. അത് കണ്ട് സന്ധ്യക്ക് കരച്ചിൽ വന്നു. അവളൊന്നും മിണ്ടാതെ അടുക്കളയിലേക്ക് കയറിപ്പോയി.
അമ്മ അച്ഛന് ചോറ് വിളമ്പുകയായിരുന്നു.
നീയെന്തേ പോന്നെ..? അവൻ വന്നില്ലേ?
അമ്മയും അതേ ചോദ്യം ആവർത്തിച്ചു.
എന്താ എനിക്കിങ്ങോട്ട് വരാൻ പാടില്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു സന്ധ്യക്ക്.
അവൾ ഒന്നും മിണ്ടാതെ കലത്തിൽ നിന്നും ഒരു കപ്പ് വെള്ളം മുക്കി കുടിച്ചു.
“നിന്റെ മുഖത്തെന്താ ഈ പാടുകൾ.. ചോര കട്ട പിടിച്ചപോലെ.
പലകപ്പുറത്തേക്ക് തളർന്നിരിക്കുമ്പോൾ അമ്മ അവളുടെ മുഖത്തു കരുവാളിച്ചു കിടക്കുന്ന കറുത്ത പാടുകളിൽ സൂക്ഷിച്ചു നോക്കി.
മുഖത്തു മാത്രമല്ല. ഇനിയുമുണ്ട്. കാണണോ എന്ന് അലറി വിളിക്കാൻ തോന്നി സന്ധ്യക്ക്.
“ആ.. നീ കൈ കഴുകി വാ. അമ്മ ചോറെടുക്കാം.
കട്ടപ്പിടിച്ച അവളുടെ മൗനത്തിൽ നിന്നും ഉള്ളിൽ പുകഞ്ഞു കത്തുന്ന തീനാളങ്ങളെ തൊട്ടറിഞ്ഞു കഴിഞ്ഞിരുന്നു കമല.
ചോറുണ്ണാനിരിക്കുമ്പോൾ അച്ഛനും അവളുടെ ശോഭയറ്റ മുഖം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
എന്തുപറ്റി മോളെ നിനക്ക്.. അവനുമായി വഴക്കോ മറ്റോ ഉണ്ടായോ?
ഒന്നുമില്ലച്ചാ..സന്ധ്യ വിളറിയ ഒരു ചിരി അച്ഛന് സമ്മാനിച്ചു.
“ഒരു കുടുംബമാകുമ്പോ ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ടാകും. കുറച്ചൊക്കെ കണ്ടില്ല കേട്ടില്ല എന്നങ്ങു കരുതിയെക്കുക ”
പറഞ്ഞു നിർത്തുമ്പോൾ ചോറ് തൊണ്ടയിൽ തടഞ്ഞിട്ടെന്നപോലെ അച്ഛനൊന്നു ചുമച്ചു.
“നീയിന്നു തിരിച്ചു പോകുന്നുണ്ടോ.?
പാത്രങ്ങൾ കഴുകിയടുക്കുമ്പോൾ കമല അവളോട് ചോദിച്ചു.
“ഞാനിനി അങ്ങോട്ട് പോണില്ലമ്മേ. എനിക്ക് വയ്യ ഇനിയും. ഒരു സമാധാനവുമില്ല അവിടെ.മഹേഷ് ദിവസവും കള്ളും കുടിച്ചു വന്ന് ഭയങ്കര ഉപദ്രവമാണ്. അമ്മയാണെങ്കിൽ നാവു കൊണ്ടുള്ള കുത്തിക്കീറലും. മടുത്തു. അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിത്തന്ന സ്വർണ്ണമെല്ലാം പിടിച്ചു പറിച്ചോണ്ട് പോയി. പണിക്ക് പോകാതെ ദിവസവും ഓരോന്നു ഊരിക്കൊണ്ട് പോയി വിറ്റ് കുടി തന്നെ. എതിർത്താൽ അടിയാണ്.
“നീയെന്തിനാ എതിർക്കുന്നെ. അതൊക്കെ അവന് സ്ത്രീധനമായി കൊടുത്തതല്ലേ. അങ്ങോട്ട് കൊടുത്തേക്കു. വെറുതെ അടിയും തൊഴിയും കൊള്ളാൻ നിൽക്കണോ.
അമ്മയുടെ പ്രതികരണം അവളെ ഞെട്ടിച്ചു.
“അച്ഛൻ പറഞ്ഞതും നീ കേട്ടില്ലേ. കുറച്ചൊക്കെ കണ്ടില്ല കേട്ടില്ല എന്ന് കരുതി ജീവിക്കണം.അവനെ നല്ലത് പറഞ്ഞു കൊടുത്തു തിരുത്താൻ ശ്രമിക്കണം. അതൊക്കെയാ പെണ്ണിന്റെ മിടുക്ക്.
“ഇവിടെ നിന്നിട്ട് നീയെന്ത് ചെയ്യും. നിന്റെ കല്യാണത്തിന് വേണ്ടി ഉണ്ടായിരുന്ന വീടും പറമ്പും നഷ്ടപ്പെടുത്തി. ഏട്ടൻമാരെയും പിണക്കി. ഇപ്പോ ഈ കൂരയിൽ അരപ്പട്ടിണിയായി കഴിഞ്ഞു പോകുന്നു. അച്ഛന് തീരെ വയ്യാതായി. കണ്ടില്ലേ ആ കോലം. ഇനി ഇതും കൂടി കേട്ടാൽ അങ്ങേരു നെഞ്ചുപൊട്ടി ചാകും. അതിന് ഇടവരുത്തരുത്. അത്രേ എനിക്ക് പറയാനുള്ളു.
സന്ധ്യ വീണ്ടും ഉച്ചവെയിലിലേക്കിറങ്ങി നടന്നു.
“മോളെ ഇത് വെച്ചോ. ”
കുടയുമെടുത്തു പിന്നാലെയിറങ്ങി വന്ന് അവൾക്കൊപ്പം നടക്കുമ്പോൾ അച്ഛൻ കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഏതാനും നോട്ടുകൾ അവൾക്ക് നേരെ നീട്ടി.
വേണ്ടച്ചാ.എന്റെ കയ്യിൽ കാശുണ്ട്.
കുടക്കീഴിൽ നിൽക്കാതെ അവൾ വേഗം നടന്നു.. പൊരിവെയിലിൽ ഓടിത്തളർന്ന് വന്നുനിന്ന ബസിലേക്ക് കയറി. ഒരു വട്ടം പോലും അവൾ തിരിഞ്ഞു നോക്കിയില്ല.
അന്ന് രാത്രി അച്ഛൻ മരിച്ചു.
***—******************************
“കൊച്ചും കോപ്പുമൊന്നും ഇപ്പൊ വേണ്ട. അതങ്ങു കളയാൻ നോക്കിക്കോ..ഇപ്പോ തന്നെ.
അച്ഛന്റെ സഞ്ചയനം കഴിഞ്ഞദിവസം തലചുറ്റി വീണ സന്ധ്യയെ ഹോസ്പിറ്റലിൽ കൊണ്ടു വന്നതായിരുന്നു കമലയും മഹേഷും.
“മോനേ അവൾ ഗർഭിണിയാണ്.
കമല സന്തോഷത്തോടെ,കൺസൾട്ടിങ് റൂമിന് വെളിയിൽ കാത്തിരുന്ന മഹേഷിനരികിൽ ചെന്ന് തൊട്ടടുത്ത കസേരയിലേക്കിരുന്നതേയുള്ളു. അവന്റെ ആക്രോശം കേട്ട് അവർ ആ ഇരുപ്പിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു പോയി.
മോനേ നീയെന്തായീ പറയുന്നത്. ആ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല. അച്ഛന്റെ ആത്മാവ് പോലും എന്നോട് പൊറുക്കില്ല. നിനക്ക് വേണ്ടെങ്കിൽ ഞാൻ വളർത്തിക്കൊള്ളാം ആ കുഞ്ഞിനെ
കമല തൊഴുകയ്യോടെ അവന്റെ മുന്നിൽ നിന്ന് കരഞ്ഞു.
മഹേഷ് അത് കേൾക്കാത്ത ഭാവത്തിൽ പുറത്തേക്കിറങ്ങിപ്പോയി.
***************-******************
അച്ഛന്റെ പുലവീടൽ ചടങ്ങുകളൊക്കെ കഴിഞ്ഞു ഞാൻ വീണ്ടും വീട്ടിൽ വന്നു.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടോ എന്തോ അമ്മയുടെ മുഖത്തെ പതിവ് ദേഷ്യമോ വെറുപ്പോ കണ്ടില്ല. അതിലെനിക്ക് വല്ലാത്ത സമാധാനം തോന്നി.
പിന്നെയൊരു കാത്തിരിപ്പായിരുന്നു എന്റെ മോൾക്ക് വേണ്ടി.
സന്ധ്യ ദീപ്തിയെ നോക്കി ചിരിച്ചു.
അതിനിടക്ക് സതീശൻ ചേട്ടൻ വീട്ടിൽ ചെന്ന് അമ്മയെ പറഞ്ഞു മയക്കി ആ വീടും സ്ഥലവും കൈക്കലാക്കി.
പ്രസവത്തിനു കൊണ്ടു പോകാൻ വീട്ടിൽ നിന്നും ആരും വന്നില്ല.
അതോടെ അമ്മയുടെ മട്ടും ഭാവവും മാറി.
“ആദ്യത്തെ പ്രസവം പെണ്ണ് വീട്ടുകാരുടെ ഉത്തരവാദിത്വമാ. നിന്റെ തന്ത മാത്രല്ലേ ചത്തിട്ടുള്ളൂ. ബാക്കിയെല്ലാരുമുണ്ടല്ലോ വന്ന് കൊണ്ടു പോകാൻ പറയെടി”
അമ്മ ഇടയ്ക്കിടെ കുത്തുവാക്കുകൾ കൊണ്ടെന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു.
സഹികെട്ട് ഒരു ദിവസം ഞാൻ അമ്മയെ വിളിച്ചു.
“എന്നെയിവിടുന്ന് ഒന്ന് കൊണ്ടു പോകോ.
പിന്നെയൊരു കരച്ചിലായിരുന്നു. ഫോണിനപ്പുറം അമ്മയും കരയുകയായിരുന്നു.
രണ്ടു ദിവസങ്ങൾക്ക് ശേഷം എങ്ങനെയോ ഏട്ടൻമാരുടെ കയ്യും കാലും പിടിച്ച് അവരെയും കൂട്ടി അമ്മയെന്നെ കൊണ്ടുപോകാൻ വന്നു.
അന്നും മഹേഷിന്റെയമ്മ വഴക്കുണ്ടാക്കി. അവർ കൊണ്ടു വന്ന പലഹാരങ്ങൾ വളരെ കുറവായിരുന്നു എന്നും പറഞ്ഞ്.
വീട്ടിലെത്തിയപ്പോഴാ ഞാൻ അറിഞ്ഞത് സതീഷേട്ടൻ വീട് സ്വന്തം പേരിലാക്കിയെന്ന്. ഞാൻ കയറിചെല്ലുമ്പോൾ യാതൊരു കരുണയും കാണാൻ കഴിഞ്ഞില്ല ഏട്ടൻമാരുടെ മുഖത്തോ അവരുടെ ഭാര്യമാരുടെ മുഖത്തോ.
തീർത്തും അന്യയെപ്പോലെ ഞാൻ ആകെയുള്ള ഒരു മുറിയിൽ ചുരുണ്ടുകൂടി കിടന്നു.
“ഹോ… എന്തൊരു ദുഷ്ടൻമാര്. നീയോർക്കുന്നോ പണ്ട് നിന്റെ ഏട്ടൻമാരെക്കണ്ട് ഞാൻ കൊതി വെച്ചത്. ഇവരെപ്പോലുള്ള നാറികൾക്ക് വേണ്ടിയാണോ ഞാനന്ന് നിന്നോട് അസൂയപ്പെട്ടത്
ദീപ്തി വെറുപ്പോടെ സ്വന്തം തലക്കടിച്ചു.
ഏട്ടൻ അമ്മയുടെ ചിലവിനുള്ളത് മാത്രം നുള്ളി പെറുക്കി കൊണ്ടു തരും. ഞാനൊരാൾ അവിടെയുണ്ടെന്ന ഭാവം പോലുമില്ല.
അമ്മയുടെ പെൻഷൻ ഒന്നിനും തികയില്ല.അമ്മ എനിക്ക് വേണ്ടി വീണ്ടും പണിക്കിറങ്ങി.
അന്നാ എനിക്ക് മനസ്സിലായെ രക്തബന്ധം എന്നൊക്കെ പറയുന്നത് പണത്തിനും മീതെയല്ലന്ന്.
പക്ഷേ ഏട്ടൻ അതിനൊക്കെ വലിയ വില കൊടുക്കേണ്ടി വന്നു പിന്നീട്.
തുടരും.

by