രചന – നിള നന്ദ
രാത്രിയിൽ റൂമിൽ ഇരുന്ന് കല്യാണത്തിന്റെ വിശേഷങ്ങൾ പറയുകയായിരുന്നു മാനവിന്റെ അച്ഛനും അമ്മയും..
” ശിവേട്ടൻ ഇന്ന് കുട്ടികളുടെ ഡാൻസ് ശ്രെദ്ധിച്ചിരുന്നോ.. എന്ത് ഭംഗി ആയിട്ടാ അവർ കളിച്ചത്.. ”
മീര ശിവനാഥിന്റെ അടുത്തിരുന്നുകൊണ്ട് പറഞ്ഞു..
” ആഹ്.. ഞാൻ കണ്ടിരുന്നു.. എല്ലാരും നന്നായിയിട്ടുണ്ട്.. ”
ശിവനാഥ് ചിരിയോടെ പറഞ്ഞു..
” ശിവേട്ടാ എനിക്കൊരു ആഗ്രഹം.. ലനയെ നമ്മുടെ മാനുവിന് വേണ്ടി ഒന്ന് ആലോചിച്ചാലോ.. രണ്ടാളും തമ്മിൽ നല്ല ചേർച്ച ആണ്.. ”
” അതിന് താൻ മാത്രം ആഗ്രഹിച്ചാൽ മതിയോ.. അവർക്ക് രണ്ടാൾക്കും ഇഷ്ടപ്പെടണ്ടേ.. ”
” എനിക്കെന്തോ മാനുവിന് ആ കുട്ടിയെ ഇഷ്ട്ടമാണെന്ന് തോന്നുന്നു.. ”
” അപ്പോ ആ കുട്ടിയുടെ ഇഷ്ട്ടമോ..? ”
” നമുക്കൊന്ന് സംസാരിച്ച് നോക്കാലോ.. ആ കുട്ടിയുടെ വീട്ടുകാരോടും സംസാരിക്കാം.. ”
മീര ഉത്സാഹത്തോടെ പറഞ്ഞു..
” മ്മ്.. നമുക്ക് നോക്കാം.. തല്ക്കാലം ആരോടും ഒന്നും പറയണ്ട.. ശ്രേയ മോൾടെ കല്യാണം കഴിഞ്ഞല്ലേ ഉള്ളൂ.. സാവധാനം ആലോചിക്കാം.. ”
ചിരിയോടെ അയാൾ മീരയെ നോക്കി.. മീരയുടെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു..
********************
കല്യാണത്തിന്റെ ക്ഷീണം പറഞ്ഞ് എല്ലാരും രണ്ട് ദിവസം ഫുൾ റസ്റ്റ് ആയിരുന്നു.. ലനയും സനയും രോഹനും രോഹിണിയും ഇടയ്ക്കൊക്കെ റൂമിലും മുറ്റത്ത് മാവിൻ ചുവട്ടിലും ഇരുന്ന് സംസാരിക്കുമെങ്കിലും പുറത്തെങ്ങും പോവുമായിരുന്നില്ല..
ഇടയ്ക്കൊക്കെ സനയുടെ നോട്ടം സാരംഗിന്റെ നേരെ പാളി പോവുമെങ്കിലും പെട്ടന്ന് അവൾ നോട്ടം പിൻവലിക്കും.. മനസ്സിൽ ഇപ്പോഴും അവനോട് അതിയായ പ്രണയം ഉണ്ടെങ്കിലും അതിന്റെ പേരിൽ ഒരുതരത്തിലും അവനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രെദ്ധിച്ചു.. സാരംഗ് ആണെങ്കിൽ ഇപ്പോഴും പഴയത് പോലെ ഗൗരവത്തിൽ തന്നെയാണ്.. മുക്തയും നിഖിലും ആരും അറിയാതെ സ്വസ്ഥമായി പ്രണയിച്ച് നടക്കുകയാണ്..
ഇന്ന് ശ്രേയയും അരുണും വിരുന്നിന് വരുന്ന ദിവസം ആണ്.. രാവിലെ മുതൽ അതിന്റെ തിരക്കിൽ ആയിരുന്നു എല്ലാവരും.. വീട് വൃത്തിയാക്കാനും സദ്യ ഒരുക്കാനും എല്ലാവരും ഒന്നിച്ച് ഉണ്ടായിരുന്നു..
രാവിലെ പത്തുമണി ആയപ്പോഴേക്കും ശ്രെയയും അരുണും എത്തി.. പിന്നെ വിശേഷം പറച്ചിലും ഫുഡ് കഴിക്കലും ഒക്കെയായി സമയം പോയി..
ഉച്ചയ്ക്ക് എല്ലാവരും ഉമ്മറത്ത് ഇരുന്ന് സംസാരിക്കുന്ന നേരത്ത് മാനവ് കയ്യിൽ ഒരു ബാഗുമായി അങ്ങോട്ട് ചെന്നു.. എല്ലാവരും അവനെ സംശയത്തിൽ നോക്കി..
” എനിക്ക് അത്യാവശ്യമായി മുംബൈ വരെ പോണം.. രണ്ട് മൂന്ന് ദിവസം കഴിഞ്ഞേ വരൂ.. ”
മാനവ് എല്ലാവരെയും നോക്കി പറഞ്ഞു..
” ഇത്ര പെട്ടന്ന്.. നീ എന്താ മാനു ഇത് വരെ ഒന്നും പറയാതിരുന്നേ..? ”
മീര അവന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചു..
” ഒരു മീറ്റിംഗ് ഉണ്ട് അമ്മേ.. ഒഴിവാക്കാൻ പറ്റാത്തതാ.. ടിക്കറ്റിന്റെ കാര്യം ഓക്കേ ആയിട്ട് പറയാമെന്ന് കരുതിയെ.. ”
മാനവ് മീരയെ നോക്കി പറഞ്ഞു..
” മാനു പോയിട്ട് വരട്ടെ മീരേ.. ബിസ്സിനെസ്സ് ആവശ്യത്തിന് അല്ലേ..”
ശിവനാഥ് മീരയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു..
മാനവ് എല്ലാവരോടും പറഞ്ഞുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.. സാരംഗ് ആയിരുന്നു അവനെ എയർപോർട്ടിൽ ആക്കാൻ പോയത്.. കാറിൽ കയറാൻ നേരം മാനവ് തിരിഞ്ഞ് ലനയെ ഒന്ന് നോക്കി.. ലനയുടെ കണ്ണുകളും അവനിൽ ആയിരുന്നു.. എന്തിനോ അവളുടെ ഉള്ളൊന്ന് പിടഞ്ഞു.. പ്രിയപ്പെട്ട എന്തോ ഒന്ന് അകന്ന് പോവുന്നത് പോലെ.. അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല..
*****************
കയ്യിലിരുന്ന ഗ്ലാസിലെ മദ്യം രതീഷ് ഒറ്റ വലിക്ക് കുടിച്ച് തീർത്തു.. ഇടത്തെ കയ്യിലുള്ള ഫോണിൽ മാനവിന്റെയും ലനയുടെയും ഡാൻസ് പ്ലേ ആയികൊണ്ടിരിക്കുന്നുണ്ട്.. അത് കാണുതോറും അവന്റെ ദേഷ്യവും കലിയും ഇരട്ടിച്ചു.. പിന്നെയും പിന്നെയും മദ്യം നിറഞ്ഞ ഗ്ലാസ് കാലിയായി കൊണ്ടിരുന്നു.. പെട്ടന്ന് ഡോർ തുറന്ന് വിപിനും രമേശനും അകത്തേക്ക് കയറി വന്ന് അവനടുത്തുള്ള കസേരയിൽ ഇരുന്നു..
” എന്തായി പോയിട്ട്.. എന്തെങ്കിലും അറിഞ്ഞോ..? ”
അവരെ നോക്കി ചോദിക്കുമ്പോൾ രതീഷിന്റെ ശബ്‌ദം ചെറുതായി കുഴയുന്നുണ്ടായിരുന്നു..
” അവൾ താമസിക്കുന്ന വീട്ടിലെ ഒരു ജോലിക്കാരിയെ കിട്ടി.. കുറച്ച് ക്യാഷ് ചിലവായി.. ”
വിപിൻ രതീഷിനെ നോക്കി പ്രത്യേക ഭാവത്തിൽ ചിരിച്ചു.. രതീഷിന്റെ മുഖത്തും അതുപോലൊരു ചിരി വിരിഞ്ഞു..
” ആ സാരംഗിന്റെ സുഹൃത്ത് എന്ന് പറഞ്ഞ അവൾ അവിടെ നിൽക്കുന്നത്.. കൂടുതൽ ഒന്നും ആർക്കും അറിയില്ല.. ”
” എന്നുവെച്ചാൽ..? ”
രമേശൻ പറഞ്ഞതും നെറ്റി ചുളിച്ച് രതീഷ് അയാളെ നോക്കി..
” അവളുടെ കല്യാണം കഴിഞ്ഞതാണെന്നൊന്നും അവിടെ ആർക്കും അറിയില്ല.. വീട്ടിൽ എന്തോ പ്രശ്നം അവിടെ നിൽക്കാൻ പറ്റാത്തത് കൊണ്ട് അവന്റെ ഒപ്പം വന്നു അത്രയെ അവർക്ക് അറിയൂ.. ”
വിപിൻ അവനെ നോക്കി പറഞ്ഞു..
രതീഷ് എന്തോ ആലോചിച്ച് അവനെ നോക്കി.. പിന്നെ കയ്യിലിരുന്ന ഗ്ലാസ്സിലെ മദ്യം ഒറ്റ വലിക്ക് കുടിച്ച് വിപിനെ നോക്കി ക്രൂരമായി ചിരിച്ചു..
” അങ്ങനെ എങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.. ”
” പക്ഷേ മറ്റൊരു പ്രശ്നം ഉണ്ടല്ലോ അളിയാ.. ആ സാരംഗ്.. അവിടെ ഉള്ള മറ്റാർക്കും ഒന്നും അറിയില്ലെങ്കിലും സാരംഗിനോട് അവൾ പറയാതിരിക്കുമോ.. ”
വിപിൻ നെറ്റി ചുളിച്ച് അവനെ നോക്കി..
” അവനെ അവിടുന്ന് മാറ്റണം.. ”
” എങ്ങനെ..? ”
രമേശൻ ആണ് ചോദിച്ചത്..
മറുപടി പറയാതെ രതീഷ് പുച്ഛത്തോടെ ചിരിച്ചു..
” തല്ക്കാലം ഞാൻ നാട്ടിലേക്ക് പോവാ.. നിങ്ങൾ ഇവിടെ തന്നെ വേണം.. ബാക്കിയെല്ലാം ഞാൻ വഴിയേ പറയാം.. ഇനി അധികം താമസിക്കാതെ അവൾ നമ്മുടെ കയ്യിൽ എത്തും.. ”
അവന്റെ കണ്ണുകൾ കുറുകി.. അവന്റെ മനസ്സിൽ അപ്പോഴും മാനവിനോട് ചേർന്ന് നിൽക്കുന്ന ലനയുടെ ചിത്രം ആയിരുന്നു.. അതവന്റെ ദേഷ്യം കൂടുതൽ ഇരട്ടിച്ചു..
*********************
രാത്രിയിൽ എന്തോ സ്വപ്നം കണ്ടാണ് ലന ഞെട്ടി ഉണർന്നത്.. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ച് കൈ നീട്ടി അവൾ മേശയിൽ നിന്ന് ഫോൺ എടുത്ത് നോക്കി.. സമയം പന്ത്രണ്ട് കഴിഞ്ഞിട്ടുണ്ട്.. ഉറക്കം വിട്ടെന്ന് തോന്നിയപ്പോൾ അവൾ എഴുനേറ്റ് ബാൽക്കണിയിലേക്ക് ചെന്നു.. കൈവരിയിൽ കൈകൾ ഊന്നി മാനത്തേക്ക് നോക്കി..
നക്ഷത്രങ്ങൾ ആകെ ചിതറി കിടപ്പുണ്ട്.. അന്ന് മാനവിനൊപ്പം രാത്രിയിൽ പുറത്ത് പോയത് അവളോർത്തു.. ഉള്ളിൽ എന്തിനെന്നറിയാത്ത ഒരു സന്തോഷം.. അതുപോലൊരു സങ്കടം..
ഈയിടയായി മാനവിനെ കുറിച്ച് ഓർക്കുമ്പോഴൊക്കെ ഇങ്ങനെയാണ്.. എന്തേ ഇങ്ങനെയെന്ന് അവൾ ഒരുപാട് ചിന്തിച്ചു നോക്കി.. ഉത്തരം കിട്ടിയില്ല.. ജീവിതത്തിൽ ആദ്യമയാണ് ഇങ്ങനെ ഒരു അനുഭവം..
അധികം വൈകാതെ ഇവിടുന്ന് പോവേണ്ടി വരും.. പോവാൻ തോന്നുന്നില്ല.. ഇവിടം അത്രത്തോളം ഇഷ്ട്ടപെട്ടുപോയിരിക്കുന്നു.. ഇവിടെ വന്നതിന് ശേഷമാണ് സമാധാനമായൊന്ന് ഉറങ്ങിയത്.. നഷ്ട്ടപെട്ട ബാല്യവും കൗമാരവുമൊക്കെ പിന്നെയും ആസ്വദിക്കാൻ കഴിഞ്ഞത് പോലെ.. പക്ഷേ പോവാതെ പറ്റില്ല.. ഒരു ബന്ധവും ഇല്ലാതെ ഇവിടെ എങ്ങനെ തുടരും.. പോവണം..
അവൾ കണ്ണുകൾ മുറുകെ അടച്ചു.. രണ്ടിറ്റ് കണ്ണുനീർ കവിളിലേക്ക് ഉരുണ്ടിറങ്ങി…
പിറ്റേന്ന് ഉച്ചയോട് കൂടിയാണ് ശ്രെയയും അരുണും തിരികെ പോയത്.. അവർ പോയി അല്പം നേരം ആകെ ഒരു മൂകത ആയിരുന്നു.. എല്ലാവരുടെയും വിഷമം മനസിലാക്കി രോഹനും രോഹിണിയും ഓരോന്ന് പറഞ്ഞ് എല്ലാവരുടെയും മൂഡ് ഒരുവിധം മാറ്റി..
വൈകീട്ട് റൂമിൽ ഇരുന്ന് നിഖിലിനോട് സംസാരിക്കുകയായിരുന്നു സാരംഗ്.. ആ നേരത്താണ് അവന്റെ ഫോൺ റിംഗ് ചെയ്യുന്നത്.. അമ്മയുടെ കാൾ എന്ന് കണ്ടതും നേർത്ത ചിരിയോടെ അവൻ കാൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു..
” പറയ് അമ്മേ.. ”
” മോനെ.. ”
വിതുമ്പി കരയുന്ന അമ്മയുടെ ശബ്‌ദം കേട്ടതും അവൻ ഇരുന്നിടത്ത് നിന്ന് എഴുനേറ്റുപോയി..
” എന്താ അമ്മേ.. എന്താ പറ്റിയത്.. എന്തിനാ ഇങ്ങനെ കരയുന്നത്..? ”
” അത് മോനെ.. അച്ഛന്.. അച്ഛന് ഒരു അപകടം.. ഐ സി യൂ വിൽ ആണ്.. അമ്മയ്ക്ക് ആകെ പേടി ആവുന്നെടാ.. ”
അപ്പുറത്ത് മായ പറഞ്ഞത് കേട്ടതും സാരംഗിന് ആകെ ടെൻഷൻ ആയി..
” എപ്പോഴാ ഉണ്ടായത്.. അമ്മ ഇപ്പൊ ഹോസ്പിറ്റലിൽ ആണോ..? ”
സാരംഗ് ടെൻഷനോടെ ചോദിക്കുന്നത് കേട്ട് നിഖിൽ എഴുനേറ്റ് അവന്റെ അടുത്തേക്ക് ചെന്നു..
” ഉച്ചയ്ക്ക്.. അമ്മ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്.. ചെറിയച്ഛനൊക്കെ ഉണ്ട് ഇവിടെ.. ”
” അമ്മ പേടിക്കണ്ട.. ഞാൻ ഉടനെ അങ്ങോട്ട് വരാം.. ”
ഫോൺ പെട്ടന്ന് കട്ട് ചെയ്ത് നിഖിലിനോട് വിവരം പറഞ്ഞ് സാരംഗ് വേഗം അത്യാവശ്യം വേണ്ട കുറച്ച് സാധനങ്ങൾ എടുത്ത് പുറത്തിറങ്ങി..
മുറ്റത്ത് മാവിൻ ചുവട്ടിൽ ഇരിക്കുകയായിരുന്നു മറ്റെല്ലാവരും.. ദൃതിയിൽ സാരംഗ് വരുന്നത് കണ്ട് എല്ലാവരും സംശയത്തോടെ നോക്കി..
” ലന ഞാൻ അത്യാവശ്യമായി നാട്ടിൽ പോകുവാണ്.. അച്ഛന് ഒരു അപകടം പറ്റി ഹോസ്പിറ്റലിൽ ആണ്.. ”
സാരംഗ് ലനയുടെ അടുത്ത് ചെന്ന് പറഞ്ഞു.. ലന ഞെട്ടലോടെ അവനെ നോക്കി..
” അച്ഛന്.. ഞാൻ… ഞാനും വരുന്നു.. ”
” അത് വേണ്ട ലന.. നീ അങ്ങോട്ട് വന്നാൽ ശരിയാവില്ല.. ഇവിടെ നിൽക്കുന്നത് തന്നെയാ നല്ലത്. ”
സാരംഗ് എന്തോ ഓർത്തുകൊണ്ട് അവളെ തടഞ്ഞു..
ദയനീയമായി അവൾ അവനെ നോക്കി..
” ഞാൻ.. ഞാൻ കൂടെ വന്നോട്ടെ സാരംഗ്.. ”
ലനയുടെ അടുത്ത് നിന്ന് സന ചോദിച്ചു..
” വേണ്ട.. നിഖിൽ വരുന്നുണ്ട് എന്റെ ഒപ്പം അത് മതി.. ”
അത് പറഞ്ഞ് സാരംഗ് തിരിഞ്ഞതും ലന അവന്റെ കയ്യിൽ പിടിച്ചു..
” എനിക്ക് വരാൻ കഴിയില്ലല്ലോ.. സന എങ്കിലും വന്നോട്ടെ.. എന്റെ ഒരു സമാധാനത്തിന്.. ”
ലന വേദനയോടെ പറയുന്നത് കേട്ടപ്പോൾ സാരംഗിന് എതിർത്തൊന്നും പറയാൻ കഴിഞ്ഞില്ല.. സനയെ ഒന്ന് നോക്കി അവൻ കാറിൽ കയറി.. ലനയോട് പറഞ്ഞുകൊണ്ട് സന അവനൊപ്പം കയറി.. പുറകിൽ നിഖിലും.. കാർ അകന്ന് പോവുന്നത് നോക്കി ലന വേദനയോടെ നിറഞ്ഞ കണ്ണുകൾ തുടച്ചു..
( കാത്തിരിക്കുമല്ലോ.. )

by