രചന – അയിഷ അക്ബർ
അമ്മേ എന്ന അടക്കി പ്പിടിച്ച വിളി കേട്ടാണ് ജാനകി ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറന്നത്……
ജനലിനപ്പുറത്തായി ചിരിച്ച മുഖവുമായി നിൽക്കുന്നവൻ ജാനകിയുടെ കണ്ണുകൾക്ക് അങ്ങേയറ്റം കുളിര്മയുള്ള കാഴ്ചയായിരുന്നു….
ആദീ…..
കാലിലെ പുതപ്പ് മാറ്റി എഴുന്നേറ്റവർ ജനലിനടുത്തേക്ക് ചെന്നു….
നീയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ…..
ആദ്യം വാതിലൊന്ന് തുറക്കമ്മാ…. എന്നിട്ട് വിശദമായി സംസാരിക്കാം…..
ആദിയത് പറയുമ്പോൾ ജാനകി വേഗം വാതിലിനടുത്തേക്ക് നടന്നു…..
അപ്പോഴും ഒന്നുമറിയാതെ രഘു ഉറക്കത്തിലായിരുന്നു..
ആദീ…. വാതിൽ തുറന്നതും അവരവനെ കെട്ടിപ്പിടിച്ചു….
ആദിയും അത്ര മേൽ സ്നേഹത്തോടെ അവരെ വാരിപ്പുണരാൻ മറന്നില്ല….
എന്താടാ ഒരു മുന്നറിയിപ്പുമില്ലാതെ….
പെട്ടെന്ന് അമ്മയെ കാണണമെന്ന് തോന്നി…. നേരെയിങ്ങു വെച്ച് പിടിച്ചു….
അവൻ കുസൃതി ചിരിയോടെയത് പറയുമ്പോൾ ജാനകി അവനെ നോക്കിയൊന്നു കണ്ണുരുട്ടി…..
നീ വല്ലോം കഴിച്ചതാണോ….
ചോദിക്കുന്നതോടൊപ്പം ജാനകി ചുമരിൽ തൂക്കിയ ക്ലോക്കിലേക്കും നോക്കി…
സമയം നാല് മണിയോടടുത്തിരുന്നു….
അത് കണ്ട് ആദിക്ക് ചിരി വന്നു…..
ഹാ…. എങ്കി നീ പോയി കുറച്ചു നേരം കിടന്നോ….
ജാനകിയത് പറഞ്ഞു മുറിയിലേക്ക് കയറിപ്പോയി…..
ആദി കോണിപ്പടികൾ കയറി മുറിയിലേക്കെത്തി….
മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നുണ്ടായിരുന്നു….
കതകിൽ തട്ടി വിളിക്കാൻ ഒരുങ്ങിയ അവൻ പതിയേ ആ വാതിൽ പിടിച്ചൊന്ന് തുറന്നു നോക്കി…..
ഊഹം ശെരിയായിരുന്നു… വാതിൽ കുറ്റിയിട്ടിട്ടില്ലായിരുന്നു……
ഒറ്റക്ക് കിടക്കുന്നത് കൊണ്ടായിരിക്കുമെന്നവന് തോന്നി…..
വാതിൽ തുറന്ന് അകത്തു കയറുമ്പോൾ അവന് മനസ്സിനെന്തോ ഒരു തണുപ്പിരച്ചിറങ്ങും പോലെ തോന്നി….
പോകും മുന്നേ എന്തൊക്കെയോ മധുരമുള്ള ഓർമ്മകൾ ആ മുറി സമ്മാനിച്ചിട്ടുണ്ടാവുമൊരു പക്ഷെ…..
അവന്റെ ചൊടികളിൽ ഓർമകളിലെന്ന പോലൊരു ചിരി വിടർന്നു….
കട്ടിലിൽ കിടക്കുന്ന ശിവയെ കണ്ടപ്പോഴാണ് തങ്ങൾക്കിടയിലുള്ള ദിവസങ്ങളുടെ ദൈർഗ്യം അവന് മനസ്സിലായത്….
അവളെ കാണുമ്പോൾ കളഞ്ഞു പോയ എന്തോ ഒന്ന് തിരിച്ചു കിട്ടിയ പോലെ തോന്നിയിരുന്നു….
അമ്മയെ ചേർത്ത് പിടിച്ചത് പോലെ അവളെയും ഒന്ന് ചേർത്ത് പിടിക്കാൻ മനസ്സ് കൊതിക്കുന്നില്ലയോ….
അവളോടുള്ള വികാരങ്ങളേത് തന്നെയായാലും അത് അടക്കി നിർത്താനെ കഴിയുകയുള്ളു….
അത് കൊണ്ടായിരിക്കും അവളോടിത്ര മാത്രം തീവ്രത തോന്നാൻ കാരണവും…..
അവളെ കണ്ടവൻ അൽപ സമയം നോക്കി നിന്നു….
എണ്ണ മയമില്ലാത്ത പോൽ അവളുടെ മുടിയിഴകൾ പാറി പറന്നിരുന്നു…..
കാലിൽ നിന്നും സാരി തലപ്പ് തെന്നി നീങ്ങിയത് കൊണ്ട് തന്നെ താൻ വാങ്ങിക്കൊടുത്ത പാദസരം ആ കാലുകളിൽ തിളങ്ങിയിരുന്നു….
കുറച്ചു നേരം അവളെ തന്നെ അവൻ നോക്കി നിന്നു…..
അപ്പോഴും അവന്റെ ചൊടികളിൽ ഒരു ഇളം പുഞ്ചിരി പറ്റിപ്പിടിച്ചിരുന്നു……
അവൻ കയ്യിലുള്ള ബാഗ് താഴെ വെച്ച് കട്ടിലിനോരത്തു അവളുടെ മുഖത്തിനഭിമുഖമായി തിരിഞ്ഞു കിടന്നു…..
അരികിൽ ആളനക്കം അറിഞ്ഞിട്ടോ അതോ ഉറക്കത്തിലോ എന്നറിയില്ല… അവൾ കണ്ണുകൾ തുറന്നു….
അരികിൽ കിടക്കുന്ന ആദിയെ കണ്ടതും അവൾ പതിയേ ഒന്ന് പുഞ്ചിരിച്ചു….
ആദിക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല… അത്ര മനോഹരമായ ചിരി അവളിൽ നിന്നുതീർന്നിതുവരെ കണ്ടിട്ടില്ലവൻ…..
ഒരാൾക്കും നേരിട്ടൊരു പുഞ്ചിരി സമ്മാനിക്കുന്നത് വളരേ ദുർലഭമാണ് അവളുടെ കാര്യത്തിൽ….
പിന്നെ തന്നോട് പറയണോ…
തന്റെ മുഖത്ത് നോക്കി തന്നോടെന്ന പോൽ അത്ര വശ്യമായ ആ ചിരിക്ക് പകരമായി അവന്റെ ചൊടികളിലും പുഞ്ചിരി നിറഞ്ഞു നിന്നു…. അവൾക്ക് മാത്രമായ്….
എന്നാൽ പിന്നീടുള്ള അവളുടെ പ്രവർത്തി അവനെ പാടേ ഞെട്ടിച്ചു കളഞ്ഞിരുന്നു….
കണ്ണുകൾ അടക്കുന്നതോടൊപ്പം കൈ കൊണ്ടവനെ ചുറ്റിപ്പിടിച്ചു……
അവനൊരു നിമിഷം നിശ്ചലനായി പോയി…..
അവനൊരു വേള അവളെ തന്നെ നോക്കി നിന്നു….
അവളുടെ കൈകളുടെ ചൂട് തന്റെ ശരീരത്തെ പൊതിയുന്നതോടൊപ്പം അവളൊന്നു കൂടി അവനോട് ചേർന്ന് കിടന്നു…
അവൾ ഉറക്കത്തിലാണെന്നത് സത്യമാണെങ്കിലും അല്ലായിരുന്നെങ്കിൽ എന്നു മനസ്സാഗ്രഹിക്കുന്നുവോ….
ശി….. ശിവാ….
അവൻ പതിയേ അവളെ തൊട്ട് വിളിക്കുമ്പോഴാണ് അവളുടെ കൈകൾക്കെല്ലാം പതിവില്ലാത്ത ചൂടവനനുഭവപ്പെട്ടത്….
ശിവാ….
അവനൊന്നു കൂടി വിളിച്ചു…
അവൾ നിദ്രയുടെ ആഴിയിൽ നിന്നും കണ്ണുകൾ വലിച്ചു തുറന്നു…
ഒരു വേള അവനെ കണ്ടതും അവളുടെ മുഖം നിലാവുധിച്ച പോൽ പ്രകാശിക്കുന്നത് അവൻ കണ്ടിരുന്നു…..
അവനെ ചേർത്ത് പിടിച്ച കൈകൾ അവളുടെ ബോധതലത്തിലേക്കെത്തിയതും പെട്ടെന്നവൾ കൈകളെടുത്തു പിടഞ്ഞെഴുന്നേറ്റു……
പറ്റിയ അമളി മനസ്സിലായതും അവൾ അവനെതിർ വശത്തേക്ക് തിരിഞ്ഞിരുന്നു തലയെ കയ്യിൽ ചാരി ഇരുന്നു….
നീളൻ മുടി രണ്ട് വശത്തേക്കും അഴിഞ്ഞു കിടന്നിരുന്നു……
ഓഹ്…. കുറച്ചു നേരം കൂടി എണീക്കാൻ വൈകിയിരുന്നെങ്കിൽ ഞാൻ ശ്വാസം മുട്ടി ചത്തേനെ…..
അവളെ കളിയാക്കിയെന്ന വണ്ണം അവനത് പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിക്കുമ്പോഴും അവന്റെ മുഖത്ത് നോക്കാനാവാതെ അവൾ തല കുനിച്ചു തന്നെ നിന്നു….
ഞാൻ…. ഞാൻ അറിയാതെയാ….
വാക്കുകളിൽ ഒരു തരം വിറയലുണ്ടായിരുന്നു….
പിന്നേ…. കണ്ണു തുറന്ന് നോക്കിയത് ഞാൻ കണ്ടല്ലോ….
അവളെ ചൊടിപ്പിക്കാനവനത് പറയുമ്പോൾ അവളാകെ ചൂളിപ്പോയിരുന്നു….
ഞാൻ സ്വപ്നമാണെന്ന് കരുതി…..
അവളത് പറയുമ്പോൾ അത്രയേറെ നിഷ്കളങ്കമായവന് തോന്നി…..
ഓഹ്…. അപ്പൊ എന്നെ സ്വപ്നം കാണലാണ് പരിപാടിയല്ലേ….
കുസൃതിയോടെ അവനത് ചോദിക്കുമ്പോൾ അവൾ കണ്ണുരുട്ടി അവനെ നോക്കി….
ഹാ…. ഇപ്പൊ ദുസ്സ്വപ്നം കാണൽ പതിവായിട്ടുണ്ട്….
മുഖം കൂർപ്പിച്ചു കൊണ്ടത് പറഞ്ഞു കട്ടിലിൽ നിന്നെഴുന്നേറ്റവളെ അവൻ കൈകളിൽ പിടിച്ചു വലിച്ചു…..
നിനക്കെന്താ വയ്യേ…..
കണ്ണൊക്കെ ചുവന്നിട്ടുണ്ടല്ലോ…. നല്ല ചൂടും…. പനിയുണ്ടോ….
ചോദിക്കുമ്പോൾ ആ കണ്ണുകളിലെ പരിഭ്രമം അവൾക്ക് വ്യക്തമായിരുന്നു…..
മ്മ്…. മരുന്ന് കഴിച്ചിട്ടുണ്ട്… അത് മാറിക്കോളും…..
നിസ്സാരമായി അത് പറഞ്ഞു കൊണ്ട് ജഗ്ഗിൽ നിന്നും അല്പം വെള്ളമെടുത് കുടിച് അവൾ കിടന്നു….
ക്ഷീണം കൊണ്ടവനും കണ്ണുകൾ അടയുന്നത് പോലെ തോന്നിയിരുന്നു….
ചൂടെടുക്കുന്നത് പോലെ തോന്നിയത് കൊണ്ടാണ് അവൻ ഒന്നുറങ്ങി എഴുന്നേറ്റത്…..
എഴുന്നേറ്റ് ഫാനിന്റെ സ്വിച് ഓൺ ചെയ്ത് കിടന്നതും അവളാകെ കിടന്നു വിറക്കുന്നത് പോലെയവന് തോന്നി…..
അവൻ പതിയേ നെറ്റിയിൽ തൊട്ടു നോക്കി….
നല്ല ചൂട് തോന്നി…..
അവൻ അലമാര തുറന്ന് അതിൽ നിന്നൊരു പുതപ്പെടുത്തു അവളെ പുതപ്പിച്ചു…..
തോർത്തു മുണ്ടിന്റെ അറ്റം നനച്ചു അവളുടെ നെറ്റിയിലിട്ടപ്പോഴാണ് അവൾ കണ്ണുകൾ തുറന്നത്…..
അവൻ ചെയ്യുന്നത് അവൾ കണ്ടെങ്കിലും അവൾക്ക് കണ്ണുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല…..
അവ താനേ അടഞ്ഞു പോയി……
മരുന്നു ശരീരത്തിൽ ഫലിച്ചു തുടങ്ങിയത് കൊണ്ടാവാം കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ അവനാശ്വാസം നൽകി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൾ കണ്ണുകൾ പ്രയാസപ്പെട്ട് വലിച്ചു തുറന്നപ്പോഴേക്കും സൂര്യപ്രകാശം അവളുടെ കണ്ണുകളിലേക്ക് അടിച്ചു കയറിയിരുന്നു….
അവളൊരു വേള കണ്ണുകളടച്ചു…..
പിന്നേ പതിയെ തുറന്നു….
ഹാ….. എഴുന്നേറ്റോ…..
ആദിയുടെ സ്വരത്തിനു അവൾ കണ്ണുകൾ കൊടുത്തു…..
അവൾ പതിയേ എഴുന്നേറ്റു ബാത്‌റൂമിലേക്ക് കയറി….
നടക്കുമ്പോൾ അവൾക്ക് തലക്ക് എന്തെന്നില്ലാത്തൊരു ഭാരം തോന്നിയിരുന്നു….
പല്ല് തേച് കഴിഞ്ഞ് മുറിയിലേക്ക് വന്നപ്പോൾ ഇഡ്ഡലിയും ചമ്മന്തിയുമായ ഒരു പാത്രവും ചൂട് പാറുന്ന ചായ ഗ്ലാസുമായി ആദി മുറിയിലേക്ക് വരുന്നുണ്ടായിരുന്നു….
വേഗം കഴിച്ചു റെഡി ആയിക്കോ…. ആശുപത്രിയിൽ പോവാം….
ക്ഷീണം നിറഞ്ഞ കണ്ണുകളുമായി അവളവനെയൊന്ന് നോക്കി…..
പിന്നേ പതിയേ ഭക്ഷണം കഴിച്ചു തുടങ്ങി….
അവൾ കഴിക്കൽ നിർത്തി അവനെ നോക്കി….
മ്മ്…..? അവൻ പുരികമുയർത്തി….
മതി…..
മതിയെങ്കി നിർത്തിക്കോ…
ബുദ്ധിമുട്ടി കഴിക്കേണ്ട….
അവനത് പറഞ്ഞപ്പോൾ അവളാശ്വാസത്തോടെ പാത്രവുമായി എഴുന്നേറ്റു…
അവളുടെ കാലുകൾ തെന്നുന്നത് പോലെ തോന്നിയപ്പോഴാണ് അവൻ വന്നു കൈകളിൽ പിടിച്ചത്….
അവിടെയിരി…..
പാത്രം അവൻ വാങ്ങി അവളെ കട്ടിലിൽ ഇരുത്തി…
ജഗ്ഗിൽ നിന്നും വെള്ളം കൈകൾക്ക് മേൽ പാത്രത്തിലേക്ക് തന്നെ ഒഴിച്ച് കൊടുത്തവൻ….
അത് കഴിഞ്ഞു തന്റെ പാത്രവുമെടുത് പോകുന്നവനെ അവൾ തെല്ലൊരമ്പരപ്പോടെ നോക്കി നിന്നു….
പാത്രമെടുത് അടുക്കളയിൽ ചെന്ന് പാത്രം കഴുകുമ്പോൾ ജാനകി അവന്റെ കൈകളിൽ പിടിച്ചു….
ഞാൻ കഴുകിക്കോളാം ആദീ….
വേണ്ടമ്മാ…. എപ്പോഴും എന്റെ എച്ചിൽ അവൾ കഴുകാറുണ്ടല്ലോ…. ഇടക്കൊന്നു തിരിച്ചു ചെയ്‌തെന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല…..
അവന്റെ വാക്കുകൾ എന്നും ഉറച്ചതായത് കൊണ്ട് തന്നെ എതിർത്തു പറഞ്ഞിട്ട് കാര്യമില്ലെന്ന് ജാനകിക്ക് വ്യക്തമായിരുന്നു…..
പാത്രം കഴുകി വെച്ച് അടുക്കള വിട്ട് പോകുന്നവനെ അഭിമാനത്തോടെ ജാനകി നോക്കി നിന്നു…..
താനൊന്ന് കിടന്നാലും പെൺകുട്ടികളില്ലാത്ത കുറവിനു അവൻ തന്നെയായിരുന്നു എല്ലാം ചെയ്തു തന്നിരുന്നത്…..
അതിനൊരു മടിയും അവനില്ല….
അത് പോലെയവനവന്റെ ഭാര്യയെയും നോക്കുമെന്ന് തനിക്ക് അന്നേ തോന്നിയിരുന്നു…
രഘുവേട്ടനിൽ താൻ ആഗ്രഹിച്ചിരുന്നതും അത് തന്നെയായിരുന്നില്ലേ…..
രഘുവേട്ടനെ പോലെ തന്നെയാണ് രാഹുലും….
കൂടെയുള്ള ആളുടെ മനസറിയാനുള്ള കഴിവ് വളരേ കുറവാണ്…..
അവനെ പോലൊരു ഭർത്താവിനെ കിട്ടിയതിൽ ശിവ ഭാഗ്യവതിയാണ്….
അവരുടെ മനസ്സ് അവരറിയാതെ പറഞ്ഞു…
ഭാഗ്യം….. തനിക്ക് കിട്ടാത്ത ഒരു ഭാഗ്യം അവൾക്ക് കിട്ടിയിരിക്കുന്നു….
അത് കൊണ്ട് താൻ ഭാഗ്യമില്ലാത്തവളാണോ…..
അതോ തന്നേക്കാൾ ഭാഗ്യം അവൾക്കാനെന്നോ…..
ഭാഗ്യം എന്നത് ഓരോ സാഹചര്യത്തിനനുസരിച്ചു മാറി മറിയുന്ന ഒന്നാണോ…
അതോ ജാതകത്തിലെഴുതി വെച്ച പോൽ നിർഭാഗ്യങ്ങൾ മാത്രം നിറഞ്ഞ ഒരു ജീവിതമായിരിക്കുമോ….
അവരുടെ മനസ്സിൽ സംശയങ്ങൾ തിങ്ങി നിറഞ്ഞു……
ഒരേ സമയം ഭാഗ്യ മില്ലാത്തവൾ എന്നവളെ മനസ്സിലുറപ്പിക്കുമ്പോഴും എല്ലാം കൊണ്ടും ഭാഗ്യവതി അവളാണെന്ന് സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നു…..
മനസ്സിലെ ചിന്തകളെ കത്തിച്ചു കളയാനെന്ന വണ്ണം അവർ അടുപ്പിലെ വിറക് കൊള്ളി ഒന്ന് കൂടി നീക്കി വെച്ചു…..
(തുടരും )

by