17/04/2026

ആത്മരാഗം : ഭാഗം 04

രചന – ഗൗരി ലക്ഷ്മി

ഒടുവിലായി എല്ലാം ശെരിയാകുമെന്ന വിശ്വാസത്തിൽ തന്നെ നോക്കി നിൽക്കുന്ന ട്രീസയ്ക്കും മുമ്മുവിനും നിറഞ്ഞ പുഞ്ചിരി നൽകിയവൾ അകത്തേയ്ക്ക് പോയി..

അവളുടെ പോക്ക് നോക്കി അവർ പരസ്പരം നോക്കി നിന്നു..

അപ്പോഴും ആ മനസ്സുകളിലും അവളുടെ ഭാവി ഒരു ചോദ്യചിഹ്നമായി കിടക്കുകയായിരുന്നു..

****************************

ആദീ..

ഫ്ലാറ്റിലേക്ക് കയറിയ ഉടനെ അല്ലി ഉറക്കെ വിളിച്ചു..

ദാ ഇറങ്ങീ..

ആദി ബാഗുമായി ഇറങ്ങി വന്നു. പുറകെ ഏതോ കവറുമായി ക്രിസ്റ്റിയും.

ദാ സാരി..

ക്രിസ്റ്റി കവർ നീട്ടി..

അത് ശെരി സാരി പോലും എടുക്കാണ്ടാണോ ഇറങ്ങിയത്.. നീ ഐഡി പ്രൂഫ് ഒക്കെ എടുത്തോ ആദീ..

അല്ലി ചോദിച്ചു..

യ്യോ.. മറന്നു.. ക്രിസ്റ്റി..

അവൻ വിളിച്ചു തുടങ്ങിയതും ക്രിസ്റ്റി ഐഡി പ്രൂഫ് അടങ്ങിയ കവർ അവന്റെ ബാഗിന് മുകളിലേക്ക് വെച്ചു. ആദി ഒന്നിളിച്ചു കാണിച്ചു..

ഇതിപ്പോ കെട്ട് ഇവന്റെയും കൊട്ട് നമുക്കിട്ടും ആണല്ലോ ക്രിസ്റ്റി.

അല്ലി പറഞ്ഞത് കേട്ടവൻ വെളുക്കെ ചിരിച്ചു..

ഇളിച്ചോണ്ട് നിൽക്കാണ്ട് ഇറങ്ങ് ആദീ.. ഇപ്പൊ ഇറങ്ങിയാലെ രാത്രിയ്ക്ക് മുൻപങ്ങ് എത്താൻ പറ്റൂ..

അല്ലി ഓർമിപ്പിച്ചു..

അതേ.. നീ ഇറങ്ങു. ഇവളും കൂടെ ഉള്ളതാ..

ക്രിസ്റ്റിയും പറഞ്ഞതോടെ ആദി അവനെ കെട്ടിപ്പിടിച്ചു.. ക്രിസ്റ്റിയും അവനെ ചേർത്തു പിടിച്ചു..

ഇനി തിരിച്ചു വന്നിട്ട്. അപ്പൊ റോയിച്ചന്റെ കൂടെ നിന്ന് പ്രോജക്റ്റ് അടിപൊളിയായി പ്രസന്റ് ചെയ്യൂട്ടോ..

ആദി പറഞ്ഞു. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

തിരികെ വരുന്നത് മുതൽ ആദി തനിക്കൊപ്പം ഇല്ലെന്ന ചിന്ത ക്രിസ്റ്റിയെയും ആദിയെയും വേദനിപ്പിച്ചു..

യാത്ര പറഞ്ഞിറങ്ങുമ്പോഴും മൂവരുടെയും മനസ്സിലുള്ള ഭയവും വെപ്രാളവും അതിസമർത്ഥമായി മൂവരും മറച്ചുവെച്ചു. എന്നിട്ട് പരസ്പരം ആശ്വസിപ്പിച്ചു..

ആദിയ്ക്കൊപ്പം ആ അപ്പാർട്ട്മെന്റിൽ നിന്നും പോകുമ്പോഴും അല്ലി കാറിന്റെ ഗ്ലാസ്സിലൂടെ ക്രിസ്റ്റിയെ നോക്കി യാത്ര പറഞ്ഞുകൊണ്ട് കൈ വീശിയിരുന്നു. പുറത്തു നിന്ന് അവനും..

*********************

ആയില്യ പ്രദീപ്..

ആദികേശവ് പണിക്കർ..

അവർ ഐഡി കാർഡ് കാണിച്ചു..

പ്ലെയ്‌സ്…

ബാംഗ്ലൂർ..

അവൻ പറഞ്ഞു..

ഓകെ സർ.. പക്ഷെ ഇന്നിപ്പോ ഇവിടെ ആകെ ഒരു റൂം മാത്രെ ഒഴിവുള്ളു.. അത് മതിയാകുമല്ലോ അല്ലെ..

റിസപ്‌ഷണിസ്റ്റ് ചോദിച്ചു..

അയ്യോ.. അത്..

ഇറ്റ്‌സ് ഓകെ.. അത് മതി..

അല്ലി ആദിയെ നോക്കി.. അവൻ കണ്ണു ചിമ്മി കാണിച്ചു..

എന്റെ അല്ലി ഇതിപ്പോ മൂന്നാമത്തെ ഹോട്ടലാ.. ഒരു റൂമെങ്കിലും കിട്ടിയത് കാര്യമായി.. ഇനിയീ രാത്രി ഇതിലെ പോകുന്നതും സേഫ് അല്ല.. നീ കൂടെ ഇല്ലെങ്കിൽ എവിടെയെങ്കിലും കിടക്കാമായിരുന്നു.. ഇതിപ്പോ നിന്നെ സേഫ് ആക്കേണ്ടേ..

ആദി പറഞ്ഞു..

അല്ലി ചിരിച്ചു.

ഹാ.. ഇന്നൊരീസം അഡ്ജസ്റ്റ് ചെയ്യാം അല്ലെ..

അതാണ്..

ആദി അവളുടെ തോളിൽ കയ്യിട്ടു.. അവർ റൂമിലേക്ക് പോയി..

ആവശ്യത്തിന് സൗകര്യങ്ങൾ ഉള്ള ഒരു റൂമായിരുന്നു അത്..

സർ ബെഡ് റീപ്ലേയ്സ് ചെയ്യണമെങ്കിൽ ചെയ്യാം കേട്ടോ.. രണ്ടു ബെഡ് ആണ്..

റൂം ബോയ് പറഞ്ഞു..

താങ്ക്സ്..

ആദി പറഞ്ഞു.. അവർ രണ്ടുപേരും ചേർന്ന് തന്നെ ബെഡ് സെപ്പറേറ്റ് ചെയ്തു..

താങ്ക് യു..

അല്ലി അയാൾക്കൊരു പുഞ്ചിരി നൽകി..

ഹാ.. അങ്ങനെ രാത്രി ഒരു സുരക്ഷിതകേന്ദ്രത്തിൽ എത്തി..

അവൻ പറഞ്ഞു.. അവളപ്പോഴേയ്ക്കും മാറാനുള്ള വസ്ത്രങ്ങളുമായി ബാത്റൂമിലേയ്ക്ക് പോയിരുന്നു..

ഹലോ..

ആദീ..

തന്റെ കോളിനായി കാത്തിരുന്നെന്നോണം കരഞ്ഞുകൊണ്ടുള്ള നിയയുടെ വിളി കേട്ടതും ആദിയ്ക്ക് ഭയം തോന്നി..

എന്താടാ..

എവിടെയാ ആദീ നീ.. എനിക്ക്.. എനിക്കിപ്പോ നിന്നെ കാണണം..

അവൾ കരച്ചിലാണ്..

ഞാൻ.. ഞാനിവിടെ എത്തി നിയേ.. ഞാനും അല്ലിയും കൂടെ ഒരു ഹോട്ടലിൽ സ്റ്റേ ചെയ്യുവാ..

നീ വിഷമിക്കേണ്ട. നാളെ നമ്മുടെ കല്യാണം രജിസ്റ്റർ ചെയ്യാനുള്ളതൊക്കെ ഞാൻ ഇവിടെ രജിസ്റ്റർ ഓഫിസിൽ അറേഞ്ച് ചെയ്തിട്ടുണ്ട്..

ഇല്ല ആദീ. എനിക്കെന്തോ പേടി തോന്നുവാ. അയാൾ കുറച്ചു മുൻപും ഇവിടെ വന്നിരുന്നു.. എന്തൊക്കെയോ പറഞ്ഞു..എന്റെ റൂമിലൊക്കെ വന്നിരുന്നു. എന്നെ കിസ് ചെയ്തു ആദീ.. എതിർത്തിട്ടുമയാൾ. എനിക്കിവിടെ പേടിയാ ആദീ. ഒന്നു വാ നീ..ഞാനിപ്പോ കൂടെ വരാം..

നിയയുടെ വാക്കുകൾ ആദിയുടെ ഹൃദയത്തെ കീറി മുറിക്കാൻ ശേഷിയുള്ളവയായിരുന്നു..

തന്റെ പെണ്ണ്..

അവളെ..

അവന്റെ ചോര തിളച്ചു.

നിസ്സഹായയായി അവന്റെ കൈപ്പിടിയിൽ പിടയുന്ന നിയയുടെ രൂപമോർക്കെ ആദിക്ക് തന്നോട് പോലും പുച്ഛം തോന്നി..

ആദീ.. കേൾക്കുന്നില്ലേ..

നിയ ഏങ്ങി..

ഞാൻ വരുവാ നിയേ. നീ റെഡിയായിക്കോ..

അവൻ പറഞ്ഞു..

ശെരിക്കും നീ വരില്ലേ ആദീ. നാളെ അയാളുമായുള്ള കല്യാണം ഉറപ്പിക്കും..
എനിക്ക് അയാളെ പേടിയാ ആദീ. അയാളെന്നോട് എന്ത് ചെയ്താലും എല്ലാവർക്കും. അതൊക്കെ തമാശയാണ്..

നീ റെഡിയാക് നിയെ.. ഒരു 1 അവർ. ഞാൻ അവിടെ എത്തും..

സൂക്ഷിക്കണേ ആദീ. പപ്പേടെ പിടിപാട് നിനക്ക് ഊഹിക്കാൻ പറ്റില്ല. ഇവിടെ ഒരു ഇലയനങ്ങിയാൽ പപ്പ അറിയും..

പപ്പ അറിഞ്ഞാലും ഇല്ലെങ്കിലും ഞാൻ നിന്നെ കൊണ്ടുപോയിരിക്കും നിയാ.. ഐ നീഡ് യു..

ആദിയുടെ ശബ്ദം.. നീയ അൽപ്പം ശാന്തയായി..

അവന്റെ വാക്കുകൾ പകരുന്ന ധൈര്യം..

നീ അത്യാവിശ്യം ഡ്രെസും സർട്ടിഫിക്കറ്റ്‌സും എടുത്തോ.. പിന്നെ ഐഡി പ്രൂഫ് ഒക്കെ എടുത്ത് വെച്ചോണം.. അത് മറക്കാഞ്ഞാൽ മതി..

അവൻ പറഞ്ഞു..

സൂക്ഷിക്കണേ ആദീ.. അതുപോലെ അല്ലിയേയും.. പപ്പയ്ക്ക് എന്തെങ്കിലും സൂചന കിട്ടിയാൽ എന്താ ആരെയാ ചെയ്യ എന്നറിയാൻ പറ്റില്ല.. നമ്മുടെ കാര്യത്തിന് വന്നിട്ട്.. അവൾ സേഫ് ആയിരിക്കണം..

അവളെന്റെ ഫ്രണ്ടല്ലേടാ.. ഞാൻ അവളെ നോക്കാതെയിരിക്കുമോ.. നീ ഒന്നുകൊണ്ടും ടെൻഷൻ ആകേണ്ട.. മനസ്സമ്മതത്തിന് മുന്നേ അവിടെ നിന്ന് നിന്നെ ഞാൻ കൊണ്ടുപോകും.. വാക്ക്..

ആദി ഫോൺ വെച്ചു തിരിഞ്ഞതും കണ്ടു തന്നെ നോക്കി നിൽക്കുന്നയല്ലിയെ..

ടാ.. ഞാനൊന്ന് നിയയുടെ വീട് വരെ പോവാ..

എന്തിന്..

അല്ലി സംശയത്തോടെ അവനെ നോക്കി..

നിയയെ ഞാനിങ്ങ് കൊണ്ടുവരുവാ.. നാളെ വരെ നിർത്തിയാൽ..ചിലപ്പോ ശെരിയാകില്ല..

അവൻ മിഴികൾ താഴ്ത്തി.. അവന്റെ കണ്ണിൽ അവൾ കണ്ടു ആരോടോ ഉള്ള പകയെ..

ആദീ.. നിന്റെ എടുത്തു ചാട്ടം ഈ കാര്യത്തിൽ കുഴപ്പമാകും..തൽക്കാലം നീ ഒന്നടങ്ങു..ഇന്ന് രാത്രി നീയവളെ കടത്തിക്കൊണ്ടു പോന്നാൽ നേരം പലരും മുൻപേ അയാളവളെ കണ്ടെത്തില്ലേ.. നമുക്കിപ്പോ മുഖ്യം ഈ ഒരു രാത്രിയല്ല.. നാളത്തെ പകലാണ്..

അല്ലി ഓർമിപ്പിച്ചു..

പിന്നെ ഞാനെന്ത് വേണമെന്നാ. കണ്ടവന് കേറിപ്പിടിക്കാനും ബലമായി ചുംബിക്കാനുമൊക്കെ എന്റെ പെണ്ണിനെ വിട്ട് കൊടുക്കണോ…

അല്ലി മൗനമായി. അവൾക്കറിയാം ആദിയുടെ ദേഷ്യം… ദേഷ്യം വന്നാൽ പിന്നെയവൻ മറ്റാരെയും അനുസരിക്കില്ല..

അവളുടെ മൗനം.. അതിനർത്ഥം മനസ്സിലായെന്നോണം അവൻ ഒരു ദീർഘനിശ്വാസം എടുത്തു..

പോണം അല്ലീ.. നിയ കരയുകയാണ്..

ഞാനും വരാം..

നോ. അത് ശെരിയാകില്ല..

എന്ത്കൊണ്ട്..

അല്ലി അവനെ നോക്കി..

ഒന്നാമത് രാത്രി. അവിടെ എന്താ നടക്കുക എന്നൊരു പിടിയുമില്ല.. ഞാൻ പെട്ടാൽ എങ്ങനെ എങ്കിലും രക്ഷപ്പെടും. പക്ഷേ നീ..

നീ അവിടെ ചെന്നിട്ടെന്ത് ചെയ്യാൻ പോവാ.. നേരെ കേറിച്ചെന്ന് അവളുടെ പപ്പയോട് കെട്ടിച്ചു തരാൻ പറയോ..

അല്ലി രൂക്ഷമായി അവനെ നോക്കി..

ആദീ.. നീ ഇങ്ങോട്ട് നോക്ക്..

അല്ലിയെ അവൻ നോക്കി..

നിങ്ങൾക്ക് പ്രശ്നം ഈ രാത്രിയല്ലേ.. ഐഡിയ ഉണ്ട്.. നീ നിയയെ വിളിച്ചു താ..

അല്ലി പറഞ്ഞു.. ആദി രണ്ടുമിനിറ്റ് അവളെ നോക്കി ശേഷം നിയയെ വിളിച്ചു നൽകി..ആ അല്ലി അവനെ നോക്കി പുറത്തേക്കിറങ്ങി.. ഫോണിൽ സംസാരിച്ച ശേഷം അവൾ അകത്തേയ്ക്ക് വന്നു. ബാഗിൽ നിന്നൊരു സ്കാർഫ് എടുത്തു തട്ടമിട്ടു..

ബാഗിൽ എന്തൊക്കെയോ എടുത്തു വെച്ചു..

നീ തൽക്കാലം എന്നെ നിയയുടെ വീടിനടുത്ത് കൊണ്ടാക്ക്..

എന്താ അല്ലീ നിന്റെ പ്ലാൻ..

ആദി അവളെ നോക്കി..

സോറി അല്ലിയല്ല.. ആയിഷ.. നിയയുടെ ഫ്രണ്ടാ..

അല്ലി കണ്ണ് ഐ ലൈനർ കൊണ്ട് നീട്ടി വരച്ചു ചേർത്ത് പറഞ്ഞു..

ആദി സംശയത്തോടെ നോക്കി..

ഇവിടെ ഒരു റിസേർച്ചിന്റെ ഭാഗമായി വന്നതാ.. ഇന്നൊരു രാത്രി അവരുടെ വീട്ടിൽ തങ്ങാൻ പോകുന്നു.. എന്തേ..

ആദി അവളെ നോക്കി..

ഞാൻ നിന്നെ വിടില്ല.. റിസ്‌കാണു..

അയ്യോടാ.. പിന്നെ ഇങ്ങോട്ട് വന്നത് എന്തിനാ. റിസ്ക് തന്നെയാണ് എല്ലാം..നാളെ അവളെ കടത്തിക്കൊണ്ടു പോകുമ്പോ എന്നേം ചേർത്തങ്ങു രക്ഷിച്ചാൽ മതി..

അതും പറഞ്ഞല്ലി അവനായി ഒരു പുഞ്ചിരി നൽകി..

സൂക്ഷിക്കണേടാ..

അല്ലിയെ ഗേറ്റിനരികിൽ കൊണ്ടാക്കി ആദി ഓർമിപ്പിച്ചു. അല്ലിയവനെ തിരിഞ്ഞു നോക്കി. ആ കണ്ണിൽ നിറയെ തന്നെ ഓർത്തുള്ള ആധിയാണ്..

അവൾ കുറുമ്പോടെ കണ്ണടച്ചു കാണിച്ചു. ശേഷം ബാഗും തൂക്കി അകത്തേയ്ക്ക് നടന്നു..

എന്ത് വന്നാലും അല്ലിയ്ക്ക് ഒരു പോറൽ പോലും ഉണ്ടാകരുത്.. ഇറ്റ്‌സ് യോർ റെസ്പോൻസിബിലിറ്റി..

ആദി നിയയ്ക്ക് ആ മെസേജുമയയ്ച്ചു തിരികെ ഹോട്ടലിലേക്ക് പോകുമ്പോൾ നിയയുടെ ഫ്രണ്ട് ആയിഷയെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു നിയയുടെ വീട്..

******************************

മോളുടെ നാടെവിടെയാ..

പത്തനംത്തിട്ടേലാ.. അയിരൂർ..

അല്ലി പറഞ്ഞു..

അവിടെ ആരൊക്കെയുണ്ട്..

ഉമ്മിയും വാപ്പയും..

ഒറ്റ മോളാ അല്ലെ..

ബീഫ് വരട്ടിയത് പാത്രത്തിലേയ്ക്കിട്ട് നിയയുടെ മമ്മി റീന ചോദിച്ചു..

മ്മ്.. ഒറ്റ മോളാ.. പിന്നെ വീട്ടിൽ വാപ്പേടെ ഉമ്മയുണ്ട്..

അവൾ കുരുമുളകിന്റെ എരിവൊന്ന് വലിച്ചുകൊണ്ട് പറഞ്ഞു..

സൂപ്പർ.. ഈയടുത്തെങ്ങും ഇത്രേം രുചിയുള്ള ഫുഡ് കഴിച്ചിട്ടില്ല..

അവൾ പറഞ്ഞു..

നിയ പറഞ്ഞു കേട്ടിട്ടുണ്ട് മോളേ പറ്റി. പിന്നെ അറിയാല്ലോ നാളെയാണ് എൻഗേജ്‌മെന്റ്. എത്ര സന്തോഷത്തോടെ നടക്കേണ്ട ചടങ്ങാ.. ഇതിപ്പോ ഇവള് കണ്ടില്ലേ.. ഏതോ ഒരു ഹിന്ദു ചെക്കനെയും ആലോചിച്ചു ദണ്ണപ്പെട്ടിരിക്കുന്നത്..

നിയയുടെ കണ്ണുകൾ നിറയുന്നത് അല്ലി വ്യക്തമായി കണ്ടിരുന്നു..അവൾ എഴുന്നേറ്റ് പോയി കൈ കഴുകി..

ജനിപ്പിച്ചു വളർത്തിയ അപ്പനേം അമ്മയേം കാട്ടി വലുതാ ഇവക്കൊക്കെ ഇന്നലെ കണ്ട ഒരുത്തൻ.. പറഞ്ഞാൽ അനുസരണ വേണ്ടേ.. കേട്ടപ്പോഴേ ഞാൻ പറഞ്ഞതാ ഇനി അവനുമായി ഒരു ബന്ധവും വേണ്ടെന്ന്.. കേട്ടില്ല..

ജിജോയ്ക്ക് നേവിയിലാ ജോലി.. എന്റെ ചേട്ടത്തീടെ ബന്ധുവാ.. അവനോട് ഒരു നല്ലവാക്ക്.. പോട്ടെ ഒരു ചിരി.. ങും ഹും..എന്നിട്ട് ഇന്നവനൊന്ന് പിടിച്ചെന്നും പറഞ്ഞും മോങ്ങുന്നു..

നിയ മൗനമായി അകത്തേയ്ക്ക് പോയി..

ഒന്ന് നിന്നെ..

ഒരു പരുക്കൻ ശബ്ദം.. അല്ലി അയാളെ നോക്കി..

ഡേവിഡ് കുര്യൻ.. നിയയുടെ പപ്പ..

നാളെ മനസ്സ് ചോദ്യത്തിന് ഇഷ്ടമല്ല എന്ന് പറഞ്ഞു നാണം കെടുത്താനാണ് ഭാവമെങ്കിൽ ഓർത്തോ.. കൊന്ന് കളയും ഞാൻ.. നിന്നെയല്ല അവനെ…

അല്ലിയുടെ മനസ്സൊന്ന് പിടഞ്ഞു..

എന്നിട്ട് നിന്നെ ജിജോയുടെ കയ്യിൽ ഏൽപ്പിക്കും.. അത്രേയുള്ളൂ..

ഡേവിഡ് കുര്യന്റെ ശബ്ദം.. അല്ലിയ്ക്ക് ദേഷ്യം വന്നു.. കൊല്ലുമത്രെ..അതും തന്റെ ആദിയെ..

പക്ഷേ അവൾ അടങ്ങി.. ഇപ്പോൾ ക്ഷമയാണ് ആവശ്യം..

പപ്പയും മമ്മയും പറയുന്നതാ നിയേ ശെരി.. ജീവിതമാണ്.. ഇപ്പോൾ തോന്നുന്നതാകില്ല ശെരി..ഒരു നിമിഷത്തെ നിന്റെ സന്തോഷത്തിന് വേണ്ടി പപ്പയേയും മമ്മയെയും വേദനിപ്പിക്കരുത്..

നിയ ഞെട്ടി അല്ലിയെ നോക്കി ഒപ്പം റീനയും ഡേവിഡും..

കേട്ടില്ലേ.. കുടുംബത്തി പിറന്ന പെങ്കൊച്ചുങ്ങൾ ഇങ്ങനെയെ പറയു.. അല്ലാണ്ട് നിന്നെപ്പോലെ..

റീന പറയാൻ വന്നത് ഡേവിഡിന്റെ നോട്ടത്തിൽ വിഴുങ്ങി അകത്തേയ്ക്ക് പോയി..

ഈ ഒരു രാത്രി കൂട്ടുകാരിയ്ക്കൊപ്പമില്ലേ. ഒന്ന് പറഞ്ഞു മനസ്സിലാക്ക്…

ഡേവിഡ് അല്ലിയോടായി അതും പറഞ്ഞു അകത്തേയ്ക്ക് നടന്നു. നിയ അപ്പോഴേയ്ക്കും അല്ലിയേയും കൊണ്ട് റൂമിലേക്ക് പോയി..

പേടിയാകുന്നു അല്ലീ.. പപ്പയെ പേടിയാ എനിക്ക്.. നാളെ രജിസ്റ്റർ മാര്യേജിന് മുൻപ് പപ്പ ഒന്നും അറിയാഞ്ഞാൽ മതിയായിരുന്നു..

അവൾ മുറിയിലെ കർത്താവിന്റെ ചിത്രത്തിന് മുൻപിൽ നിന്ന് പ്രാർത്ഥിച്ചു കുരിശ്‌വരച്ചു.. കൂട്ടായി അല്ലിയും..

നീ പേടിക്കേണ്ട നിയെ.. എല്ലാം ശെരിയാകും.. പ്രാർത്ഥിച്ചു കിടക്കാം നമുക്ക്.. രാവിലെ നേരത്തെ റെഡിയാകേണ്ടതല്ലേ..

അല്ലി പറഞ്ഞു..

ആ രാത്രി അല്ലിയോട് ചേർന്ന് കിടക്കുമ്പോഴും ഭയവും വെപ്രാളവും ആയിരുന്നു നിയയുടെ മനസ്സ് നിറയെ..

നാളെ താൻ ഇവിടുന്നിറങ്ങും.. പിന്നെ ഇങ്ങോട്ട് വരാൻ കഴിയുമോ.. മാപ്പ് തരുമോ പപ്പയും മമ്മയും തനിക്ക്.. പപ്പ വെറുക്കും..ചതിക്കുവാണോ താനവരെ..

ഓരോന്നോർത്തു കിടന്നവൾ എപ്പോഴോ മയങ്ങി പോയി..

അപ്പോഴും തൊട്ടടുത്തു കിടന്ന അല്ലിയുടെ ഉള്ളിൽ ചുട്ടുപഴുക്കുന്ന അഗ്നിയായിരുന്നു..

അയാളുടെ വാക്കുകൾ..

ആദിയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ.. പാടില്ല.. അവനൊരു പോറലേൽക്കുന്നത് പോലും തനിക്ക് സഹിക്കില്ല..

ഇനിയുള്ള ചുവടുകൾ സൂക്ഷിച്ചു വേണം.. നിയയുമായി പോകാനുള്ള ഓരോ വഴികളായി അല്ലി മനസ്സിൽ ഉറപ്പിക്കുകയായിരുന്നു..

Man proposes god disposes..

അപ്പോഴും ഭിത്തിയിൽ തൂക്കിയിരുന്ന പെയിന്റിങിന് താഴെ ആ വാക്കുകൾ തിളങ്ങുന്നുണ്ടായിരുന്നു..

******************************

9 മണി ക്ലോക്കിൽ അടിച്ചതും നിയയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു..

അത് മനസ്സിലാക്കിയെന്നോണം അല്ലി നിയയുടെ തോളിൽ കയ്യമർത്തി..

വെള്ള ഗൗണ് ധരിച്ചു അതിസുന്ദരിയായി ഒരുങ്ങിയിറങ്ങിയിരുന്നു നിയ..

കഴുത്തിൽ ഡയമണ്ട് നെക്ലസ്.. കയ്യിൽ നിറയെ സ്വർണ്ണ വളകൾ.. ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല.. എങ്കിലും അവളുടെ കണ്ണുകളിൽ വിഷാദം പടർന്നു കയറിയിരുന്നു..

ഒരു മണിക്കൂർ.. തന്റെ ജീവിതത്തിലെ നിർണ്ണായകമായ ഒരു മണിക്കൂർ..

അവൾ അല്ലിയെ ആശ്രയത്തിനായി നോക്കി.. അവൾ കണ്ണു ചിമ്മി കാണിച്ചു..

അപ്പോഴേയ്ക്കും അല്ലിയുടെ ഫോണിൽ മെസേജ് വന്നിരുന്നു..

അവൾ ഫോണെടുത്തു..

ചുറ്റും നോക്കി..

ഒരുപാട് ആളുകൾ.. എല്ലാവരും തനിക്ക് അപരിചിതരാണ്..

മോളെ.. ദേ ഈ മോതിരം കൂടി ഇടുവിപ്പിച്ചേയ്ക്ക്..

റീന ഒരു മോതിരം നൽകിയതും അല്ലി അതുവാങ്ങി കുനിഞ്ഞു നിയയെ തട്ടി..

സിഗ്നൽ കിട്ടിയതും അവൾ എഴുന്നേറ്റു..

ആയിഷ.. എനിക്കൊന്ന് വാഷ്‌റൂമിൽ പോണം..

ഇപ്പോഴോ..

റീന ചോദിച്ചു..

അവൾ ദേഷ്യത്തോടെ അവരെ നോക്കി..

ഈ റൂമിലെ ബാത്‌റൂമിൽ വെള്ളം വരുന്നില്ലായിരുന്നു..

അവൾ അങ്ങോട്ട് പോകുമ്പോൾ കൂട്ടത്തിൽ നിന്നൊരു പെണ്കുട്ടി പറഞ്ഞു..

ഇന്നലെ വരെ പ്രശ്നമൊന്നും ഇല്ലായിരുന്നല്ലോ..

റീന പറഞ്ഞു..

ആ എന്നായാലും നോക്കി നിൽക്കേണ്ട. ഇറങ്ങാറായി.. നീ അകത്തെവിടേലും റൂമിൽ പോയിട്ട് വാ.. മോളെ ആയിഷേ കൂടെ ചെല്ലു.. ഇല്ലേൽ ഈ കോന്തി ആ ഗൗണാകെ അഴുക്കാക്കും..

റീന പറഞ്ഞു..

വാ..

അല്ലി നിയയുടെ കൈപിടിച്ചു നടന്നു..

വല്യമ്മച്ചിയുടെ മുറിയിൽ കയറി അവൾ വാതിലടച്ചു..ദേ ആ വാതിൽ പുറത്തേയ്ക്കാ..

നിയ ചൂണ്ടി കാണിച്ചു..

നീ ആദ്യം ഡ്രസ് മാറു..

അല്ലി പറഞ്ഞതും നിയ വേഗം ഡ്രസിങ് ഏരിയയിൽ ചെന്ന് ഗൗണ് മാറ്റി ചുരിദാർ ധരിച്ചു.. ശേഷം അല്ലി നേരത്തെ കൊണ്ടുവെച്ചിരുന്ന പർദ ധരിച്ചു..

വല്യമ്മച്ചിയുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാനുള്ള വാതിൽ തുറന്നവൾ നോക്കി..

അടുത്ത ബന്ധുക്കളാരും ഇല്ല..

അവൾ കൈ കാണിച്ചതും കട്ടിലിനടിയിൽ നിന്നും ബാഗ് എടുത്തു തോളിൽ അണിഞ്ഞു നിയ അവൾക്ക് പിന്നാലെ ഇറങ്ങി..

പർദ ധരിച്ചതിനാൽ ആരും നിയയെ അത്ര ശ്രദ്ധിച്ചിരുന്നില്ല..

പിന്നിലുള്ള തുരുമ്പിച്ച ഗേറ്റ് തുറന്ന് അവർ പടിയിറങ്ങി താഴെ റോഡിലേക്ക് പോയി..

മൺവഴി താണ്ടി ഓടിച്ചെന്നതും ആദിയും ശിവയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു..

ആദിയെ കണ്ടതും അവർ രണ്ടുപേരും ഒന്നു നിന്നു..

അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു..

നിയ ഓടിച്ചെന്ന് ആദിയുടെ നെഞ്ചിലേക്ക് വീണു.. പിന്നാലെ അല്ലിയും ഓടിയെത്തി..

ഇവിടെ നിൽക്കേണ്ട. പുറകെ ആളുകാണും. കേറ്..

അല്ലി പറഞ്ഞതും അവർ കാറിൽ കയറി…

കാർ ആ റോഡ് കടന്നു പോയതും നിയ ഒരു ദീർഘമായി നിശ്വസിച്ചു..

ഒരു കടമ്പ കടന്നിരിക്കുന്നു..

അപ്പോഴും അവരുടെ പോക്ക് നോക്കി റോഡരികിലെ വള്ളിപടർപ്പിനിടയിൽ നിന്ന കണ്ണുകളെ അവർ കണ്ടിരുന്നില്ല..

അതിന് പിന്നാലെ തേടിയെത്താൻ പോകുന്ന അപകടത്തെയും..

തുടരും..