The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അമ്മൂസ്
സാറയും അന്നയും ആ വീടിലേക്ക് വന്നിട്ട്
ഇന്ന് ഒരാഴ്ച കഴിയുന്നു .
സമാധാനത്തോടെയാണ് ആ വീട്ടിലെ ഓരോ ദിവസവും പിന്നിടുന്നത്.
എന്നും നിറഞ്ഞ ചിരിയുള്ള രണ്ട് അമ്മമാരെ കാണികണ്ടാണ് അവരുടെ ദിവസം തുടങ്ങാറ് …..
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ
കൂടെ ചേർത്ത് നിർത്തി സങ്കടങ്ങളും സന്തോഷങ്ങളും ചോദിച്ചറിഞ്ഞു വേദനകളും ദുഃഖങ്ങൾക്കും ആശ്വാസം പകർന്ന്
അത്രമേൽ കൂടെ നിർത്തുന്നുണ്ട് ഇരുവരും .
ഇക്കാലമത്രയും തങ്ങൾക്ക് അന്യം നിന്ന ഒരു കുടുംബത്തിന്റെ സ്നേഹം അളവിൽ കവിഞ്ഞ് തങ്ങൾക്ക് കിട്ടുന്നതായി രണ്ടുപേർക്കും തോന്നി.
തങ്ങളെ മക്കളേ പോലെ കാണുന്ന അപ്പച്ചനും അമ്മച്ചിയും ക്ലാരമ്മയുമൊന്നും
ഇനി എങ്ങോട്ടും വിടില്ലെന്നും അവർക്ക് പതിയെ മനസ്സിലായി .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
സേവി ഒരാഴ്ചത്തേക്ക് ബിസ്സിനസ്സിന്റ ആവശ്യങ്ങൾക്കായി പുറത്ത് പോയതാണ് .
ആദ്യമാദ്യം എവിടെ പോകുവാനും ഉത്സാഹത്തോടെ നിന്നവൻ സാറക്കൊച്ച് വീട്ടിലേക്ക് വന്ന ശേഷം ഒന്ന് മടിപിടിച്ചിട്ടുണ്ട് .
ഒരു പോക്ക് പോയാൽ ആ പോക്ക് അങ്ങ് പോകുന്നവൻ ഇപ്പോൾ അഞ്ചും ആറും തവണയാണല്ലോ വിളിക്കുന്നത്
അടുക്കളയിലെ പാചകത്തിനിടയിൽ സേവിയുടെ ഫോൺ വന്നപ്പോൾ മേരി പറഞ്ഞു ……
തൊട്ടടുത്ത് അതെല്ലാം കേട്ട് സാറ നിൽക്കുന്നുണ്ട് എങ്കിലും അവൾ ഒന്നും മിണ്ടിയില്ല ……
എന്നാ ….. സാറക്കൊച്ചോ ???
അമ്മച്ചി ചോദ്യഭാവേന ഫോണിലൂടെ ചോദിച്ചു …..
സാറ സംശയത്തോടെ തിരിഞ്ഞു നോക്കിയതും മേരി അവളുടെ ചെവിയിലേക്ക് ഫോൺ വച്ച്കൊടുത്തു .
അവൾ ഒന്ന് അന്താളിപ്പോടെ അവരെ നോക്കി .
സേവിയാ നിന്നെ തിരക്കി നിന്നോട് എന്തോ പറയാനുണ്ടെന്ന് …..
അമ്മച്ചി ഒരു ഭാവവുമില്ലാതെ ഫോൺ അവളുടെ ചെവിക്കരികിൽ വച്ച് കൈ എടുക്കാൻ തുടങ്ങിയതും ഫോൺ താഴെപ്പോകാതിരിക്കാൻ അവൾ അത് മുറുക്കെ പിടിച്ചു .
അവൾ എന്ത് പറയണമെന്ന് അറിയാതെ നിന്നു.
മറുതലയ്ക്കൽ സേവിയും …….
ഫോൺ സാറയുടെ കൈയിൽ കൊടുക്കുമെന്ന് പ്രധീക്ഷിച്ചില്ല.
ഹലോ ….. സേവി പതിയെ വിളിച്ചു ….
അവൾ ഒന്നും മിണ്ടിയില്ല …..
എന്തോ ഒരു വെപ്രാളം …..
തൊട്ടടുത്ത് തിരിഞ്ഞ് നിന്ന് മേരി എന്തോ ചെയ്യുകയാണ് ….
അവൾ പെട്ടന്ന് തന്നെ ഫോൺ കട്ട്ചെയ്തു .
അങ്ങേ തലയ്ക്കൽ ഫോൺ കട്ട് ആയെന്നുള്ള ബീപ് ശബ്ദം അവൻ കേട്ടു .
തിരികെ അമ്മച്ചിയുടെ കൈയിൽ അവൾ ഫോൺ ഏൽപ്പിച്ചു .
എന്തുപറ്റി സംസാരിച്ചില്ലേ ….
അത് …..ഫോൺ കട്ടായി …..
അവൾ പറഞ്ഞു …..
ഒന്നൂടി വിളിക്കണോ …..
വേണ്ട അമ്മച്ചി ……..
ഹ്മ്മ്മ് ……അവരൊന്നു മൂളിക്കൊണ്ട് തിരിഞ്ഞു .
കുറച്ച് കഴിഞ്ഞും എന്തോ ആലോചനയിൽ നിൽക്കുന്ന സാറയെ കണ്ടതും
മേരി കാര്യമെന്താണെന്ന് തിരക്കി .
ഒന്നുല്ല അമ്മച്ചി ……
അവൾ ഒഴിഞ്ഞു മാറി .
ദേ കുഞ്ഞേ ….. നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ …..
മേരി അവളെ നോക്കി …..
അവൾ തലയാട്ടി .
നിനക്ക് എന്റെ സേവിമോനേ ഇഷ്ടമല്ലേ ……
പെട്ടന്ന് ഉണ്ടായ ചോദ്യത്തിൽ അവളൊന്നു നടുങ്ങി …..
അത് അമ്മച്ചി …….എനിക്ക് …….
മോള് തുറന്ന് പറ …..
അമ്മച്ചി എനിക്ക് അങ്ങനൊന്നും ഇതുവരെ ആരോടും ….
അവൾ ഒന്ന് നിർത്തി ……
ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ .
നിന്റെ സാഹചര്യത്തിലൂടെ കടന്ന് പോകുന്ന
ഏതൊരു പെണ്ണും സ്വയം പിടിച്ച് നിൽക്കാനേ ആദ്യം നോക്കൂ…
നീയും അങ്ങനെ ആണെന്ന് എനിക്ക് അറിയാം .
സേവിക്ക് അങ്ങനെ ആരോടും ഇഷ്ടവും പ്രണയവും തോന്നിയതായിട്ടൊന്നും ഞാൻ കേട്ടിട്ടില്ല.
അവൻ ആദ്യമായി എന്നോട് എന്റെ മനസ്സിന് ഇഷ്ടപ്പെട്ട പെണ്ണ് എന്ന് പറഞ്ഞ് കാണിച്ചു തന്നത് നിന്നെയാ …..
അമ്മച്ചി നിർബന്ധിക്കുന്നില്ല മോൾക്ക് കൂടി തോന്നുന്ന സമയം മതി .
അതുവരെ അവൻ കാത്തിരിക്കും എനിക്ക് ഉറപ്പാ ……
അവർ അത്രയും പറഞ്ഞ് സ്നേഹത്തോടെ അവളുടെ തോളിലൊന്നു തട്ടി പുറത്തേക്ക് നടന്നു ….
സാറ അടുക്കളയുടെ സ്ലാബിലായി ചാരി നിന്നും .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്നിട്ട് രണ്ട് ദിവസമേയാകുന്നുള്ളു .
വലിഞ്ഞു മുറുകിയ മുഖത്തോടെ തന്റെ ഒടിഞ്ഞ കൈയിലേക്ക് നോക്കിയിരിക്കുക
യായിരുന്നു ഡേവിഡ് .
അവനേയും അവളുമ്മാരെയും ഞാൻ വെറുതെ വിടില്ല …
അവൻ എവിടെ കൊണ്ട് ഒളിപ്പിച്ചാലും കണ്ടുപിടിക്കും ഞാൻ …..
കണ്ണിൽ കത്തുന്ന പകയോടെ അവൻ പറഞ്ഞു .
കൂടെ നിന്ന സൈമൺ
അവന്റെ മുന്നിൽ ഇരുന്ന ഗ്ലാസ്സിലേക്ക് മദ്യം പകർന്നൊഴിച്ച് അവനെ നോക്കി …..
ഡേവി….. ചെട്ടിയാര് വിളിച്ചിരുന്നു …..
ഹ്മ്മ്മ് ……
മദ്യം നിറഞ്ഞ ഗ്ലാസ് എടുത്ത് കൊണ്ട് അവൻ മൂളി …….
നമ്മുടെ കഞ്ചാവ് തോട്ടം എക്സയിസ് കാർ പിടിച്ചതും നീ ഹോസ്പിറ്റലിൽ ആയ കാര്യം ഒക്കെ അയാൾ അറിഞ്ഞിട്ടുണ്ട് ……
ഇനി നമ്മൾ എന്ത് ചെയ്യും …….
കൊടുക്കാനുള്ള തുക കുറച്ചൊന്നു മല്ല
അവൻ ഡേവിഡ്നെ ഓർമ്മിപ്പിച്ചു …..
ഡേവിഡ് ഒന്ന് ഗൂഢമായി ചിരിച്ചു …
അയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയാം ……..
അവൻ ഡേവിഡ് നെ സംശയത്തോടെ നോക്കി .
അന്നാ ……..
കിളുന്ത് പെണ്ണ് അല്ലേടാ അവള് …….
ഞാൻ ഫോട്ടോ കാണിച്ചപ്പോഴേ
ചെട്ടിയാര് പണമെല്ലാം എഴുതിതള്ളിയ മട്ടാ .
ഹ്മ്മ്മ് … സൈമൺ ഒന്ന് ഗൂഢമായി ചിരിച്ചു .
അപ്പോ എത്രയും വേഗം അവളുമ്മാരെ കണ്ടെത്തണമല്ലോ …….
അവളുമ്മാരെ മാത്രം അല്ലടാ അവനെയും
പകയോടെ അവൻ തന്റെ കൈയിൽ തലോടി .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഒരാഴ്ചത്തേ ഊരു ചുറ്റലൊക്കെ കഴിഞ്ഞ്
ചെറിയ ക്ഷീണത്തോടെയാണ് സേവി വീട്ടിലേക്ക് വന്ന് കയറിയത് ……
വന്നപാടെ എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു …..
അമ്മച്ചിയുടെ അടുത്തായി തന്നെ ഉണ്ടായിരുന്നു സാറ …….
അവനവളെ കണ്ടെങ്കിലും വലിയ ഭാവം നടിച്ചില്ല.
വന്നയുടനേ തന്നെ സേവിയുടെ ഇടവും വലവും എബിയും അന്നയും ചുറ്റിപിടിച്ചു .
അവരെ ചേർത്ത് പിടിച്ച് സേവി ഓരോ കളിചിരികളിൽ മുഴുകി .
സാറയെ പാടെ അവഗണിച്ചു .
സാറയത് ശ്രദ്ധിച്ചെങ്കിലും വലുതായി മുഖം
കൊടുത്തില്ല .
സേവി മുറിയിൽ പോയി ഫ്രഷ് ആയി താഴേക്ക് വന്നപ്പോൾ അവന്റെ ഇരു കൈയിലും നിറയെ കവറുകൾ ഉണ്ടായിരുന്നു .
അവൻ ഓരോന്നായി ഒരൊത്തർക്ക് കൊടുത്തു …..
ഇത് എവിടുന്ന് വാങ്ങിയതാ ടാ …..
സേവി അമ്മച്ചിക്ക് കവറു നീട്ടുന്നതി നിടയിൽ ചോദിച്ചു .
ബനാറസിൽ ഒരു ആവശ്യമായിട്ട് ഒന്ന് ഇറങ്ങേണ്ടി വന്നു .
അവിടുന്ന് വാങ്ങിയതാ ……
നല്ല കോളിറ്റിയുള്ള തുണികളാ ……
മ്മ്മ് ….
അമ്മച്ചി ഡ്രസ്സ് ന്റെ ഭംഗി നോക്കി മൂളി .
അന്നയുടെ കൈയിൽ ഡ്രസ്സ് കൊടുത്തപ്പോൾ അത് അപ്പോൾ തന്നെ എബി പിടിച്ചു വാങ്ങി എബിയുടെ ഡ്രസ്സ് അന്നയും അവൻ അത് കണ്ട് പുഞ്ചിരിച്ചു .
എബി അന്നയുടെ ലഹങ്ക പാവാട അവൾക്ക് നേരെ വച്ചു …….
പച്ചയും ചുവപ്പും ഇടകലർന്ന ഒരു നിറം അന്നയ്ക്ക് അത് നന്നായി ചേരുന്നുണ്ട് ന്ന് എല്ലാവർക്കും തോന്നി .
സാറയുടെ മുന്നിൽ എത്തിയതും അവന്റെ കൈകൾ ശൂന്യമായിരുന്നു …..
എല്ലാവരും അവനെ തന്നെ നോക്കി ……
ഓഹ് sorry …..
ഞാൻ എല്ലാവർക്കും വാങ്ങിയപ്പോൾ …..
സാറയുടെ കാര്യം ഓർത്തില്ല ……
വിട്ടുപോയി ……..
അവൻ മറന്നതിലുള്ള ചെറിയ വിമ്മിഷ്ടത്തോടെ അവളെ നോക്കി പറഞ്ഞു .
മേരി അവനെ നോക്കി ……
എന്തുവാ ടാ എല്ലാവർക്കും വാങ്ങിയിട്ട് അവളെ മാത്രം നീ മറന്നോ ……
ചെറിയ ദേഷ്യത്തോടെ അവർ ചോദിച്ചു .
ക്ലാരമ്മ അവനെ നോക്കി കണ്ണുരുട്ടി .
അവൻ അങ്ങെനെ പറഞ്ഞപ്പോൾ സാറയ്ക്ക് മനസ്സിൽ വല്ലാത്തൊരു ഭാരം തോന്നി .
മേരി അവനെ വീണ്ടും എന്തെല്ലാമോ
പറഞ്ഞതും ……
അവൾ മേരിയെ നോക്കി…….
എനിക്ക് …….കുഴപ്പമില്ല അമ്മച്ചി…..
കുഞ്ഞിന് ഞാൻ വാങ്ങി തരാം കേട്ടോ
മേരി ആശ്വാസ വാക്ക് പറഞ്ഞു .
അവൾക്ക് എല്ലാവരുടെയും മുന്നിൽ
വല്ലാത്തൊരു അസ്വസ്ഥത തോന്നി .
സേവി പെട്ടന്ന് സ്റ്റെയർ കയറി മുകളിലേക്കു പോയി .
സാറയുടെ അടുത്തേക്ക് വന്ന അന്നയെ
എബി എന്തിനോ അകത്തേക്ക് വിളിച്ചുകൊണ്ടു പോയി .
സാറ പതിയെ സെറ്റിയിൽ നിന്ന് എഴുന്നേറ്റ് അകത്തേക്ക് പോയി .
മനസ്സിൽ എന്തോ മുള്ളുകൊള്ളുന്ന ഒരു വേദന .
കുഞ്ഞിലേ ഒരിക്കൽ അച്ഛൻ അമ്മയ്ക്കും അന്നയ്ക്കക്കും പലതരം ഡ്രെസ്സുകൾ കൈ നിറയെ വാങ്ങി വന്ന് തന്നെ മാത്രം ഒഴുവാക്കി
നിർത്തിയത് അവൾക്ക് ഓർമ്മ വന്നു .
അന്ന് കുഞ്ഞ് സാറയുടെ മനസ്സ് ഒത്തിരി നൊന്തു …..
കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു .
അവൾ ആ ഓർമ്മയിൽ അവളൊന്നു നെടുവീർപ്പെട്ടു .
🌼🌼
വൈകുന്നേരമായപ്പോൾ ചെറിയ മഴ തുടങ്ങി ……
സാറ ക്ലാരമ്മച്ചി ഇട്ടുകൊടുത്ത ചായയുമായി
മുകളിലെ ബാൽക്കണിയിൽ വന്നിരുന്നു …..
കുഞ്ഞ് ചാറ്റൽമഴയെ നോക്കിക്കണ്ട് ചായ കുടിച്ചു കൊണ്ടിരുന്നതും മുന്നിൽ ഒരു കവർ ആരോ എടുത്തു കാട്ടി ……
തിരിഞ്ഞു നോക്കുമ്പോൾ സേവി ……
ഒരു കുഞ്ഞ് പുഞ്ചിരിയോടെ
നിൽക്കുകയാണ് അവൻ .
ഇത് എന്റെ സാറകൊച്ചിന് ….
അവൾ പതിയെ എഴുന്നേറ്റു ….
ആ കവർ അവളുടെ മടിയിൽ വച്ചത് കൊണ്ട് തന്നെ താഴെ പോകാതിരിക്കാൻ എഴുന്നേറ്റപ്പോൾ അവളത്
കൈകളിൽ പിടിച്ചു .
ശേഷം അവനെ നോക്കി ……..
പ്രതേകമായി വാങ്ങിയതല്ല
എല്ലാവർക്കും വാങ്ങിയ കൂട്ടത്തിൽ തന്നെ വാങ്ങിയതാണ് ന്ന് പെട്ടന്ന് അവൾക്ക് മനസ്സിലായി .
“”എന്റെ സാറകൊച്ചിന് വാങ്ങിയില്ലേൽ
പിന്നെ ഞാൻ ആർക്കാ വാങ്ങുക ????””
അവൻ അവളെ നോക്കിപറഞ്ഞു .
ഇത് എന്താ നേരത്തേ തറാതിരുന്നത് എന്ന് ചോദിച്ചാൽ ……
ഒരു കുഞ്ഞ് പിണക്കം .
ഞാൻ വിളിച്ചപ്പോ ഫോൺ കട്ട് ആക്കി കളഞ്ഞില്ലേ …..
അവന്റെ പരിഭവിക്കുന്ന മുഖം കണ്ടതും അവൾ അത്ഭുതത്തോടെ അവനെ നോക്കി നിന്നു.
പിന്നെ രണ്ടാമത്തെ കാര്യം എന്റെ സാറകൊച്ച് എനിക്ക് സ്പെഷ്യലല്ലേ ……
അപ്പോ സ്പെഷ്യലായി തന്നെ തരണ്ടേ ……
പുഞ്ചിരിയോടെ അവൻ ചോദിച്ചു ……
സാറ എന്ത് പറയണമെന്ന് അറിയാതെ നിന്നു.
“””തുറന്ന് നോക്ക് സാറാ …..”””
അവൻ കവറിലേക്ക് നോക്കി പറഞ്ഞു .
തുടരും .