രചന – രോഹിണി ആമി
കുഞ്ഞിനു പേരിട്ടോ മോളേ…… ശിവച്ഛൻ കുഞ്ഞിനെ കളിപ്പിച്ചിരിക്കുമ്പോൾ ഡെയ്സിയോട് ചോദിച്ചു…….. അവൾ ഇല്ലെന്ന് തലയാട്ടി……
എന്തെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ നീ……… അതിനും ഇല്ലെന്ന് തലയാട്ടി…..
നിനക്ക് തലയാട്ടാനല്ലാതെ വേറെന്തെങ്കിലും അറിയുമോന്നു ശിവ കളിയായി ചോദിച്ചപ്പോൾ അതിനും ഇല്ലെന്ന് തലയാട്ടി കാണിച്ചു ഡെയ്സി…….. അവളുടെ നോട്ടം കണ്ടപ്പോൾ ഒരു ചിരിയോടെ വിഷമത്തിൽ ശിവ തല കുനിച്ചു……
കുഞ്ഞിനെ ഒരു പേര് വിളിക്കണ്ടേ നമുക്ക് …….. ശിവച്ഛൻ ചോദിച്ചപ്പോൾ ഡെയ്സി അത്ഭുതത്തിൽ അദ്ദേഹത്തെ നോക്കി…… എന്താവും ശിവച്ഛൻ ഇടാൻ പോകുന്ന പേര്……. മനസ്സ് സന്തോഷം കൊണ്ടു തുള്ളിച്ചാടുകയാണ്…… തന്റെ കുഞ്ഞിന്റെ ആദ്യത്തെ ചടങ്ങാണ് ഇപ്പോൾ നടക്കാൻ പോകുന്നത്…..കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടിരുന്ന ശിവ ആരെയും നോക്കാതെ പറഞ്ഞു…… ഏയ്ഞ്ചൽ…… വിളി കേട്ടതുപോലെ കുഞ്ഞ് ശിവയുടെ മുഖത്തേക്ക് നോക്കി…. ശിവ കണ്ണുകൊണ്ട് എന്തോ കാണിച്ചപ്പോൾ അവൾ കയ്യും കാലുമിട്ടടിച്ചു ചിരിച്ചു……..
കൊള്ളാം മാലാഖപെണ്ണിന്റെ കുഞ്ഞിന് ഇതിലും നല്ലൊരു പേരില്ല ഇടാൻ… ഏയ്ഞ്ചൽ…… ശിവച്ഛൻ അവളെ ഉറക്കെ വിളിച്ചു…… തന്റെ കുഞ്ഞിന് ഇങ്ങനെയൊക്കെ ചിരിക്കാൻ അറിയുമോ…. ശബ്ദം വെക്കാനറിയുമോ….. താനിതുവരെ കണ്ടിട്ടില്ല…… അതിന് ഇങ്ങനെ അവളെ കളിപ്പിക്കാനും കൊഞ്ചിക്കുവാനും ആരാണ് ഇതുവരെ ഉണ്ടായിരുന്നത്…… എപ്പോഴും വിഷമിച്ചിരിക്കുന്ന തന്റെ ചിരിയൊന്ന് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടാവുമോ അവൾ…… അമ്മയാണെങ്കിലും ഒരാളുടെ മുഖം തന്നെ കണ്ടുകണ്ട് അവളും ചിലപ്പോൾ മടുത്തിരുന്നിരിക്കും….. കുഞ്ഞിന്റെ ചിരിയിൽ ഡെയ്സിയുടെ മനസ്സ് നിറഞ്ഞു……
ഇപ്പോൾ കരയുമ്പോൾ മാത്രമേ കുഞ്ഞിനെ തന്റെ കയ്യിൽ കിട്ടാറുള്ളൂ…. ശിവഛന്റെയും ശിവയുടെയും കയ്യിലാണ് മുഴുവൻ സമയവും…… കുറേ കുട്ടിയുടുപ്പും കിലുക്കാംപെട്ടിയും ഡെയ്സിയുടെ കയ്യിൽ ഏൽപ്പിച്ചു ശിവച്ഛൻ നിറഞ്ഞകണ്ണുകൾ അദ്ദേഹം കാണാതിരിക്കാൻ പെട്ടെന്നവൾ മുഖം തിരിച്ചു…. തന്റെ കുഞ്ഞിന് മറ്റൊരാൾ കൊടുക്കുന്ന ആദ്യത്തെ സമ്മാനം….. പുതിയ ഉടുപ്പൊക്കെ ഇട്ടു കിടക്കുമ്പോൾ ദാരിദ്ര്യം പിടിച്ച ഡെയ്സിയുടെ കുഞ്ഞിൽ നിന്നും ഒരുപാട് മാറ്റം…….ശിവച്ഛൻ പറയും പോലെ ശരിക്കും ഒരു മാലാഖകുഞ്ഞ്…..
ഡോക്ടറിനെ കണ്ടതും കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം സംസാരിച്ചതും ശിവച്ഛനാണ്….. ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല…. ഒന്നും നീ അറിയേണ്ട സമയമാകുമ്പോൾ എല്ലാം ശരിയാകും എന്നാണ് പറഞ്ഞത്…. അറിയാം ഇനി കുഞ്ഞിന്റെ കാര്യങ്ങൾ ഒന്നും താനറിയില്ലെന്ന്……ബില്ല് അടയ്ക്കാൻ ശിവച്ഛൻ ഒരു മടിയുമില്ലാതെ നോട്ടുകൾ എണ്ണി കൊടുക്കുന്നത് കണ്ടപ്പോൾ ഡെയ്സിയുടെ കണ്ണു നിറഞ്ഞു…… എങ്ങനെ ഇതെല്ലാം വീട്ടുമെന്നോർത്ത് വിഷമിച്ചു…….
ഡിസ്ചാർജ് ചെയ്തപ്പോൾ മുതൽ മാധവൻ ശ്രദ്ധിക്കുകയാണ് ഡെയ്സിയുടെ മുഖം….. എന്തോ വിഷമം ഉള്ളതുപോലെ ഒന്നും അങ്ങ് തുറന്നു പറയുന്നില്ല……. മാധവൻ അവളെ ചേർത്തുപിടിച്ചു….
നിനക്ക് എന്തും തീരുമാനിക്കാം മോളെ…. മംഗലത്തെക്ക് വരാൻ നിനക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ വരേണ്ട…. എവിടെ പോകണം എന്ന് നീ പറ….. എവിടെയായാലും നിനക്കും കുഞ്ഞിനും ഇനിയും ഒരു വിഷമവും ഉണ്ടാവാത്ത ഇടത്തേക്ക് ആവണം എന്ന് മാത്രം…..
ഡെയ്സി അദ്ദേഹത്തെ നോക്കിയിട്ട് തലകുനിച്ചു…… ഞാൻ എങ്ങനാ ശിവച്ഛാ ഈ കടമൊക്കെ വീട്ടുന്നത്…… എന്റെ കുഞ്ഞിന്റെ ജീവന് പകരമായി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല….. ഡെയ്സി ശിവച്ഛന് നേരെ കൈ കൂപ്പി പറഞ്ഞു……
ഇങ്ങനെ ഒക്കെ പറഞ്ഞു ഒരന്യനാക്കരുത് ഈ ശിവച്ഛനെ……. നന്ദിയുടെയും കടപ്പാടിന്റെയും കണക്കു പറയാനാണെങ്കിൽ നിന്റെ തട്ട് തന്നെയാ മോളേ താണിരിക്കുന്നത്….. നീ ഞങ്ങൾക്ക് വേണ്ടി ചെയ്തത് വച്ചു നോക്കുമ്പോൾ നിനക്ക് വേണ്ടി ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല…… ഇപ്പോൾ പോലും നിന്റെ ജീവിതം ഇങ്ങനെ ആയതിനു കാരണം ഞങ്ങൾ അല്ലേ മോളേ……. നീ ഇങ്ങനെ വിഷമിക്കുന്നത് ശിവച്ഛന് സഹിക്കില്ല……. നല്ല മിടുക്കിയായി ഇരുന്നേ….. ശിവച്ഛൻ ഉള്ളപ്പോൾ നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല… കുഞ്ഞിനും……. പിന്നെ നാട്ടുകാരുടെ വായടക്കാൻ നമ്മളെക്കൊണ്ട് ആവില്ല മോളെ….. ശിവച്ഛൻ എന്നും കേൾക്കുന്നതാണ് ഓരോന്ന് ശിവയെ കുറിച്ച്…… ആർക്കും ചെവി കൊടുക്കേണ്ട………. അദ്ദേഹം ഒന്ന് തലോടി ചോദിച്ചു ……. പോകണ്ടേ നമുക്ക്……. ഡെയ്സി തലകുലുക്കി…. കുഞ്ഞിനെ പൊതിഞ്ഞെടുത്തു നടന്നു… രണ്ടു വശത്തുമായി ഡെയ്സിയ്ക്ക് കാവൽ പോലെ ശിവച്ഛനും ശിവയും……
പാർക്കിങ്ങിൽ നിന്നും വണ്ടി എടുക്കാൻ ശിവച്ഛൻ പോയി…. തനിക്കും ശിവയ്ക്കും നേരെ നടന്നു വരുന്ന ആളെ കണ്ടപ്പോൾ ഡെയ്സി കുഞ്ഞിനെ ഒന്നുകൂടെ നെഞ്ചിൽ ചേർത്തു പിടിച്ചു നിന്നു…… നെഞ്ചിടിപ്പ് വളരെയധികം ഉയർന്നു…… കണ്ണ് ശിവഛനു വേണ്ടി പരതി…… താൻ ഇപ്പോൾ വീണുപോകുമെന്ന് വരെ തോന്നി….. ആരെ സംരക്ഷിക്കും കുഞ്ഞിനെയോ അതോ ശിവയെയോ…….. ചുണ്ടു ഭേദിച്ചു അറിയാതെ ആ പേര് പുറത്തേക്കുവന്നു…… റോയിച്ചൻ….റോയി ഡെയ്സിയുടെ മുന്നിൽ വന്നു നിന്നു… തൊട്ടു മുന്നിൽ……. ഡെയ്സി മുഖമുയർത്തി അയാളെ നോക്കി……
നിന്നെ ശല്യം ചെയ്യരുതെന്ന് ഫാദർ പ്രത്യേകം പറഞ്ഞിട്ടുണ്ട്….. അതാണ് ആശുപത്രിക്ക് അകത്തേക്ക് വരാഞ്ഞത്…. എന്നാണെങ്കിലും നിനക്ക് വെളിയിൽ വന്നല്ലേ പറ്റൂ……അപ്പോൾ കാണാമെന്നു കരുതി……. കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി….. ഇവനൊപ്പം നീ കൈപിടിച്ച് പോകുന്നത് എനിക്കൊന്ന് കാണണമായിരുന്നു….. അതും ഈ ജാരസന്തതിയെയും കൊണ്ട്……… അതും പറഞ്ഞു റോയി മുൻപോട്ട് വന്നപ്പോൾ ഡെയ്സി കുഞ്ഞിനെ ഇറുക്കി പിടിച്ചു നിന്നു….. എങ്കിലും ഒരടി പോലും പിന്നോട്ട് വെയ്ക്കാൻ ഡെയ്സി തയ്യാറായില്ല……… ശിവ അവൾക്കു മുന്നിലേക്ക് ഒരു മറയായി വന്നുനിന്നു…… തന്റെ ഒരു വശത്തേക്ക് മാറ്റി നിർത്തി…… ശിവയെയും ഡെയ്സിയെ പിടിച്ചു മാറ്റിയ ശിവയുടെ കയ്യിലേക്കും മാറി മാറി നോക്കി…. ദേഷ്യം കടിച്ചമർത്തി….
നീയിപ്പോൾ പോ റോയി… എന്താണെങ്കിലും പിന്നീട് സംസാരിക്കാം….. ഇതൊരു ഹോസ്പിറ്റൽ ആണ്……. ശിവ റോയിയോട് പറഞ്ഞു……..
അയ്യോ……. നീ ഇങ്ങനെ പേടിക്കല്ലേടാ…… ഞാൻ ഇവളെ ഒന്നും ചെയ്യാനൊന്നും പോകുന്നില്ല ….. നിന്നെയും……. അതിനൊക്കെയുള്ള സമയം കഴിഞ്ഞു….. അവളെ തൊടാൻ എനിക്ക് ഇപ്പോൾ അറപ്പാണ്….. അത്രയ്ക്കും വെറുത്തു ഇവളെ…… അല്ലെങ്കിലും ഇപ്പോൾ എന്റെ മുന്നിൽ വെച്ച് നീ അവളുടെ ദേഹത്തു തൊട്ടിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടില്ലേ ഇവൾ……. അതിൽ നിന്നും മനസ്സിലാക്കിക്കൂടെ എനിക്ക് നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണ്ന്ന്……… ഒന്ന് ഓർക്കുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ടെടാ……. ഇവളെ മിന്നുകെട്ടിയിട്ട് ആണെങ്കിലും നേടിയത് ഞാനാണല്ലോ എന്നോർത്ത്……. ഇവളുടെ കാര്യത്തിൽ നിന്നോടെനിക്ക് വാശി ആയിരുന്നു…. ആ വാശി ഞാൻ ജയിക്കുകയും ചെയ്തു…..സത്യത്തിൽ ഇവൾ നമുക്കിടയിലേക്ക് വന്ന അന്ന് തുടങ്ങിയ ശത്രുതയാണ് നിന്നോടെനിക്ക്…… അതിപ്പോൾ കൂടിയിട്ടേ ഉള്ളൂ…..
എനിക്ക് മടുത്തെടാ അവളെ……..ഇനി നീയെടുത്തോ സ്ഥിരമായി…. ഒളിച്ചും പാത്തും സന്തതിയെ ഉണ്ടാക്കേണ്ട…. എന്റെ ദയയാണെന്ന് കരുതിയാൽ മതി……റോയിയുടെ മുഖത്ത് ക്രൂരമായ ഒരു ചിരി തെളിഞ്ഞു……… ഞാൻ ചെയ്ത തെറ്റ് ഈ കൊച്ചിന്റെ നേരെ കാൽ ഉയർത്തിയതാണ്…….. തെറ്റായിപ്പോയി…… അന്നേ അതിനെ കൊന്ന് കളയണമായിരുന്നു…… റോയി പറഞ്ഞു നിർത്തിയപ്പോൾ ഡെയ്സിയുടെ തൊണ്ട വരണ്ടു…….. കണ്ണുനിറഞ്ഞു…..
എന്റെ കൺമുന്നിൽ തന്നെ ഉണ്ടാവണം രണ്ടും…….. ഭ്രാന്തനായ കാമുകനും ബുദ്ധിവളർച്ച ഇല്ലാത്ത കൊച്ചും…..നീ ജീവിക്കുന്നത് എനിക്കൊന്ന് കാണണം…… എന്നെ ചതിച്ചവളാണ് നീ……. എന്റെയെന്നു കരുതി ഒരുപാട് കൊഞ്ചിച്ചതാ ഞാൻ ഈ സാധനത്തിനെ…….അന്ന് എനിക്കത് മനസ്സിലായില്ല….. പക്ഷേ കർത്താവ് ആയിട്ട് നേരിൽ കാണിച്ചുതന്നു……. ഇത്രയും നാൾ എന്നെ പൊട്ടൻ ആക്കിയതിന് നിന്നെ കൊല്ലണമെന്നാണ് ആദ്യം വിചാരിച്ചത്…… പിന്നെ നീ എങ്ങനെ ഇവനൊപ്പം ജീവിക്കും എന്ന് കാണാൻ ഒരു ആഗ്രഹം….. അതും കണ്ടൊന്നു സന്തോഷിക്കാൻ ഒരു കൊതി…… പോട്ടേ എന്നാൽ…… ഒന്ന് കണ്ട് ഇത്രയും പറഞ്ഞില്ലെങ്കിൽ റോയി എന്തിനാടി ആണാണെന്ന് പറഞ്ഞു ജീവിക്കുന്നത്… ഇപ്പോഴാണ് മനസ്സൊന്നു തണുത്തത് ………………… നീ സൂക്ഷിച്ചോ……. നിന്നെ ഉറക്കി കിടത്തിയിട്ട് അടുത്ത വേലി ചാടാൻ പോകും ഇവൾ……വിഷമാണ് ഇവൾ……. ശിവയോട് പറഞ്ഞിട്ട് ഡെയ്സിയെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് മുണ്ടു മടക്കി കുത്തി നടന്നുപോയി………. തനിക്ക് പിന്നിൽ നിന്ന് ശബ്ദമില്ലാതെ കരയുന്നവളെ ശിവ ഒന്ന് നോക്കി……. കുഞ്ഞിനെ മുറുക്കി പിടിച്ചിട്ട് അവൾ കരയാൻ തുടങ്ങിയിരുന്നു…… ശിവ കുഞ്ഞിനെ കയ്യിലെടുത്തു പിടിച്ചു…..
സാരമില്ല…..ഇവിടെ വച്ച് ഒരു പ്രശ്നം ഉണ്ടാവേണ്ടാ എന്ന് വിചാരിച്ചാ മിണ്ടാതിരുന്നത്…… അവന്റെ മനസ്സ് ഒന്നു തണുക്കട്ടെ….ഞാൻ സംസാരിക്കാം….. അവനു മനസ്സിലാവും….. ശിവ അങ്ങനെ പറഞ്ഞപ്പോൾ ഡെയ്സി വേണ്ടെന്ന് തലയനക്കി കാണിച്ചു…….
ഒരിക്കലും റോയിച്ചൻ ഡെയ്സിയെ അറിയാൻ ശ്രമിക്കില്ല….. ഒരിക്കലും…… ഡെയ്സി കണ്ണു തുടച്ചു പറഞ്ഞു…….
കണ്ണു തുടയ്ക്ക്……ദേ… അച്ഛൻ വരുന്നുണ്ട്…… ശിവ പറഞ്ഞപ്പോൾ ഡെയ്സി കണ്ണ് അമർത്തി തുടച്ചു….. കാറിലേക്ക് ഇരുന്നപ്പോൾ ശിവ കുഞ്ഞിനെ മടിയിലേക്ക് വെച്ചു കൊടുത്തു……. യാത്രയ്ക്കിടയിലും ഓർത്തത് മുഴുവൻ റോയിച്ചന്റെ വാക്കുകളാണ്……. അപ്പോൾ ശരിക്കും മടുത്തിരുന്നോ തന്നെ……. ഓർക്കും തോറും കണ്ണ് നിറഞ്ഞൊഴുകുകയാണ്……. ചിലപ്പോഴൊന്നും ചിലതൊന്നും സഹിക്കാനാവുന്നില്ല…….. താൻ ഇത്രയും റോയിച്ചനെ സ്നേഹിച്ചിരുന്നോ……ഡെയ്സി ഓർത്തു….. ഇന്നിപ്പോൾ വരെ ചെറിയ ഒരു വിശ്വാസം ഉണ്ടായിരുന്നു തെറ്റിദ്ധാരണ മാറ്റി തിരിച്ചു വിളിക്കുമെന്ന്……. ഇനി അതുണ്ടാവില്ല….. തന്നെ പൂർണ്ണമായും റോയിച്ചൻ ഉപേക്ഷിച്ചുവെന്ന് മനസ്സിലായി……
മംഗലത്തേക്ക് കയറിയപ്പോൾ നോട്ടം പോയത് തന്റെ വീട്ടിലേക്കായിരുന്നു…. കമ്പുകൊണ്ട് തലങ്ങുംവിലങ്ങും കെട്ടി വേലി ഉറപ്പിച്ചിരിക്കുന്നു…. അത് നല്ലതാണെന്ന് തോന്നി… ചിലപ്പോൾ താൻ അമ്മച്ചിയെ കാണാൻ അങ്ങോട്ടേക്ക് പോകും …… അവർ ആട്ടിയിറക്കിയെന്നും വരും………… ഒരു തല പോലും വെളിയിൽ കാണാൻ സാധിച്ചില്ല ഡെയ്സിയ്ക്ക്…. പക്ഷേ കണ്ണുകൾ കൊതിയോടെ ആ കുഞ്ഞു വീടിനു ചുറ്റും ഓടി നടക്കുന്നുണ്ടായിരുന്നു……. ഇടയ്ക്കിടെ അവളുടെ ചുണ്ടു വിതുമ്പുന്നുണ്ടായിരുന്നു….. അതെല്ലാം കുഞ്ഞിന്റെ തോളിൽ ആരും കാണാതെ ഒളിപ്പിച്ചു ഡെയ്സി… പക്ഷേ നാലു കണ്ണുകൾ ഡെയ്സിയുടെ ഓരോ ഭാവവും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു…… അവളുടെ വിഷമം ഒരണു പോലും കുറയാതെ അവരും മനസ്സാലെ ഏറ്റെടുക്കുന്നുണ്ടായിരുന്നു…….
മുന്നേ തന്നെ തനിക്കും കുഞ്ഞിനുമായി മുറി ഒരുക്കിയത് പോലെ തോന്നി ഡെയ്സിക്ക്…… മുറി മുഴുവൻ കളിപ്പാട്ടങ്ങൾ കൊണ്ട് നിറച്ചിരുന്നു…… ഒരെണ്ണമെങ്കിലും കുഞ്ഞിനു വേണ്ടി ഒന്നു വാങ്ങാൻ താൻ ആഗ്രഹിച്ചതൊന്നും അവൾ ആരോടും പറഞ്ഞില്ല…… പഞ്ഞി മെത്തയിൽ കിടന്നതിന്റെ സുഖം ആദ്യമായി അവൾ അനുഭവിച്ചു…….. രണ്ടാളും കൂടി ശിവയുടെ തൊട്ടിൽ മച്ചിൽ നിന്നെടുത്ത് പൊടിതട്ടി കെട്ടി… ആദ്യമായി തൊട്ടിലിൽ കിടക്കുന്നതിന്റെയാവും കുഞ്ഞു അന്തംവിട്ട് കണ്ണുമിഴിച്ചു തുറിച്ചു നോക്കുന്നുണ്ട്………. ഡെയ്സിയെയും തനിക്കു ചുറ്റും നിൽക്കുന്ന രണ്ടാളെയും ഇടയ്ക്കിടെ കുഞ്ഞു നോക്കുന്നുണ്ട്…… ശിവയും കുഞ്ഞിന്റെ മുഖത്തെ സന്തോഷവും അത്ഭുതവും ഒക്കെ നോക്കി കാണുകയാണ് ….ആ മുഖത്തും അത്ഭുതം തന്നെ…….
പാലു കൊടുക്കുന്നത് മാത്രമായി ഡെയ്സിയുടെ ജോലി….. വയറു നിറഞ്ഞാൽ കണ്ണു കൊണ്ടു ചുറ്റും നോക്കും…. അത് ശിവയെയാണ്…… ആ മുഖം കണ്ണിൽ പതിയും വരെ കുഞ്ഞികണ്ണുകൾ ഓടി നടക്കും…..ഉറക്കുന്നതും ഉറങ്ങി എണീറ്റാൽ നോക്കുന്നതും എല്ലാം ശിവ തന്നെ……. ശിവ കെട്ടും വടിയും എല്ലാം എടുത്തു താഴത്തെ ഒരു റൂമിലേക്ക് മാറി…… കുഞ്ഞ് ഒന്നു കരഞ്ഞാൽ ഡെയ്സിയേക്കാൾ ആവലാതി ഇപ്പോൾ അവർക്ക് രണ്ടാൾക്കും ആയി…… ഡെയ്സിയുടെ വരവോടെ ആ വീടുണർന്നു എന്നു വേണം പറയാൻ…… ശിവച്ഛൻ ധൈര്യത്തോടെ ഇപ്പോൾ കൃഷിക്കാര്യങ്ങൾ നോക്കാൻ ഇറങ്ങും…. ചിലപ്പോഴൊക്കെ നേരം വൈകുമ്പോഴാവും വരിക…… വന്നു കഴിഞ്ഞാൽ പിന്നെ കുഞ്ഞിനെ ശിവയ്ക്കു പോലും കിട്ടില്ല…… വല്യച്ഛനെന്നു കുഞ്ഞിനോട് സ്വയം പറഞ്ഞു കൊടുക്കും….. അത് കേൾക്കുമ്പോൾ തന്നെ കയ്യും കാലുമിട്ട് ഇളക്കാൻ തുടങ്ങും……
ദിവസങ്ങൾ ഇത്രയൊക്കെ ആയിട്ടും തനിച്ചാവുമ്പോൾ ഡെയ്സിയുടെ മനസ്സ് റോയിയുടെ അടുത്തേക്ക് പോകും….. കുഞ്ഞും റോയിച്ചനും ഡെയ്സിയുമായുള്ള ജീവിതം മനസ്സിൽ കാണും…. സന്തോഷിക്കും…… ശിവയുടെ നെഞ്ചിൽ കിടക്കുന്ന കുഞ്ഞിനെ കാണുമ്പോൾ അത് റോയിച്ചൻ ആയിരുന്നെങ്കിലെന്ന് അറിയാതെ കൊതിച്ചു പോകും… അവളെ റോയിച്ചൻ ഓമനിക്കുന്നത് കൊഞ്ചിക്കുന്നത് ഉമ്മ വെയ്ക്കുന്നത് എല്ലാം ഓർക്കും….. അപ്പച്ചന്റെ സ്നേഹം അനുഭവിക്കാതെ അവൾ വളരണമല്ലോ എന്നോർക്കുമ്പോൾ തന്നെ നെഞ്ചിലൊരു കൊളുത്തിപ്പിടുത്തമാണ്….. മേലെ ശിവ ഉപയോഗിച്ചിരുന്ന മുറിയുടെ ജനാലയിൽ കൂടി വീട്ടിലേക്ക് നോക്കി നിൽക്കുന്നതാണ് ഇപ്പോളുള്ള പ്രധാന പണി……
പണ്ടത്തെ ആ സന്തോഷവും ചിരിയുമൊന്നും ഡെയ്സിയിൽ ഇല്ലെന്ന് ശിവയ്ക്കും മാധവനും മനസ്സിലായി…. തങ്ങൾ രണ്ടാളും കാരണമാണ് അവളുടെ സന്തോഷം നഷ്ടമായത്….. കഴിവതും അവളെ സന്തോഷിപ്പിക്കാൻ രണ്ടാളും ശ്രമിച്ചുകൊണ്ടേയിരുന്നു ….. അതിനൊപ്പം തന്നെ റോയിയോടൊന്നു സംസാരിക്കാൻ ശിവയും സമയം നോക്കിയിരുന്നു……..
ഉടനെ വരും…..

by