രചന – മിനിമോൾ രാജീവൻ
എങ്കിലും ഒടുവിൽ അങ്കിളിനെ ഞങ്ങൾ കണ്ടെത്തി… പക്ഷേ ഇവിടെ അപ്പുവിന്റെ പ്രായത്തിൽ തന്നെയുള്ള മാധവൻ അങ്കിളിന്റെ മകളെ കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും സംശയമായി… അവിടെ മുതൽ ആണ് ഞാൻ അപ്പു എന്ന എന്റെ പാറുവിന് പിന്നാലെ കൂടിയത്… ” ദേവ് പുഞ്ചിരിയോടെ പാറുവിനെ നോക്കി.. അപ്പു എന്ന പേരിൽ മാധവൻ അങ്കിളിന്റെ മകളായി വളരുന്ന കുട്ടിയെ കുറിച്ച് ആയി ഞങ്ങളുടെ അന്വേഷണം… എങ്കിലും ഞങ്ങൾക്കു പ്രത്യേകിച്ചു സൂചനകൾ ഒന്നും ലഭിച്ചില്ല.. ഒടുവിൽ നിരാശരായി മടങ്ങേണ്ടി വരുമെന്ന ഘട്ടത്തിൽ ആണ് ഒരു ദൈവ ദൂതനെ പോലെ സാം എന്റെ മുന്നിൽ എത്തിയത്.. അഭിയുടെ സീനിയർ എന്ന നിലയിലും ഫ്രണ്ട് എന്ന നിലയിലും സാം ഒരുപാട് പ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ടായിരുന്നു… അങ്കിളിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു വ്യക്തി ആണ് സാം എന്നത് ഞങ്ങളെ ഒരുപാട് ആശ്വസിപ്പിച്ചു… എല്ലാ കാര്യങ്ങളും സാമുമായി പങ്കു വച്ചില്ലെങ്കിലും അവനിലൂടെ ഞാൻ നിന്നിലേക്ക് എത്തി ചേരാൻ ശ്രമിച്ചു..
അപ്പു തന്നെയാണ് അങ്കിളിന്റെ കൂടെ ഉള്ളതു എന്ന് സാം ഉറപ്പിച്ചു പറഞ്ഞു.. അതോടെയാണ് ഗോപി മാമനും സംശയം വന്നത്… ഇതിനിടയിൽ സാമിൽ നിന്നും ഞങ്ങൾ നിന്റെ കുട്ടിക്കാലത്തെ ഫോട്ടോകൾ കാണാനിടയായി… ” ദേവ് പറഞ്ഞു കൊണ്ട് അപ്പുവിന്റെ മുഖത്തേക്ക് നോക്കി… ” ദേവും അങ്കിളും ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ ഞാൻ ആദ്യം അമ്പരന്നു… കാരണം അപ്പു ആയി ഞങ്ങളുടെ കൂടെ ഉള്ളതു മറ്റൊരാൾ ആണെന്ന് വിശ്വസിക്കാൻ എനിക്കും സാധിച്ചില്ല.. കാരണം എന്നും മാളുവിനേക്കാൾ അങ്കിളും ആന്റിയും സ്നേഹിച്ചത് നിന്നെയാണ്… അത് നേരിൽ കണ്ട വ്യക്തി എന്ന നിലയിൽ എനിക്ക് ദേവിന്റെ വാക്കുകൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. പക്ഷേ… ആ വിശ്വാസക്കുറവിന് ആയുസ്സു കുറവായിരുന്നു… ” സാം സങ്കടത്തോടെ പറഞ്ഞു.. ” അന്ന് നിന്റെ കുട്ടിക്കാലത്തെ ഫോട്ടോ കണ്ടതോടെ എന്റെയും അങ്കിളിന്റെയും സംശയം വർധിച്ചു.. അതോടു കൂടി സംശയം മാറ്റാൻ ഒരു ടെസ്റ്റ് നടത്താൻ ഞങ്ങൾ തീരുമാനിച്ചു…
ഇടയ്ക്ക് ഒരു ദിവസം ബി പി കുറഞ്ഞു നീ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു..ഓർമ്മയുണ്ടോ അത്…” ദേവ് അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.. “ഉവ്വ്… അന്ന്..എന്തൊക്കെയോ ടെസ്റ്റ് ചെയ്യാൻ.. ബ്ലഡ്… ഒക്കെ.. ” അപ്പു സംശയത്തോടെ പറഞ്ഞു… ” അതേ.. അന്ന് നിന്റെ ബ്ലഡ് സാമ്പിൾ ഞങ്ങള് കളക്ട് ചെയ്തു.. പിന്നെ അമ്മാവന്റെ ബ്ലഡ് സാമ്പിളുമായി മാച്ച് ആവുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്തു…. അതിനിടയിൽ ആണ് പെട്ടെന്ന് അമ്മാവന് ഒരു വയ്യായ്മ വന്നത്… എല്ലാം കൂടി ആലോചിച്ചു ഒരു തളർച്ച പോലെ… അമ്മാവനെ ട്രീറ്റ് ചെയ്യുന്ന ഡോക്ടർ പറഞ്ഞ പ്രകാരം റിസൾട്ട് വരാൻ കാത്തു നിൽക്കാതെ ഞാൻ അമ്മാവനെയും കൂട്ടി തിരുവനന്തപുരത്തേക്ക് മടങ്ങി… പിന്നീട് നാല് ദിവസങ്ങൾ കഴിഞ്ഞ് ആണ് റിസൾട്ട് കിട്ടിയത്… സാം ആണ് റിസൾട്ട് കൈപ്പറ്റിയത്…. ” ദേവ് സാമിനെ നോക്കി… ” അന്ന് റിസൾട്ട് വന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടി… മാധവൻ അങ്കിളിന്റെ മകളായി വളരുന്നത് പാറു ആണ്.. അപ്പു അല്ല എന്ന സത്യം എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.. ഞാൻ തന്നെയാണ് ദേവിനെ വിളിച്ചു കാര്യം പറഞ്ഞത്… ” സാം എല്ലാവരോടുമായി പറഞ്ഞു..
“റിസൾട്ട് വന്ന കാര്യം സാം വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല.. എങ്കിലും നീ ജീവനോടെ ഉണ്ടെന്ന് ഉള്ള വാർത്ത എനിക്ക് ഒരുപാട് ആശ്വാസം തരുന്നത് ആയിരുന്നു.. പക്ഷെ.. അപ്പോഴേക്കും അമ്മാവന് സ്ട്രോക്ക് വന്നു… എല്ലാം ഓർത്തു ഉള്ള ടെൻഷൻ… അന്നത്തെ സാഹചര്യത്തിൽ അമ്മാവനെ ഒറ്റയ്ക്കു ആക്കിയിട്ടു പോകാൻ എനിക്ക് പറ്റുമായിരുന്നില്ല.. പാറുവിനെ തിരികെ കിട്ടിയിട്ട് മാത്രമേ ഇനി മംഗലത്ത് വീട്ടിലേക്ക് വരുള്ളൂ എന്ന് അമ്മാവൻ വാശി പിടിച്ചു… അങ്ങനെയാണ് ഞാൻ അമ്മാവനെ കരുണാലയത്തിൽ താമസിപ്പിച്ചത്… ഇതിനിടയിൽ അപ്പച്ചിയുടെയും മാനസിക നില വീണ്ടും വഷളായി തുടങ്ങിയിരുന്നു… അങ്ങനെ ഒരു സാഹചര്യത്തിൽ അമ്മാവൻ ജീവനോടെ ഉണ്ടെന്ന് ഉള്ള വാർത്ത എനിക്ക് അപ്പച്ചിയോട് പറയാൻ സാധിക്കുമായിരുന്നില്ല…. അപ്പച്ചിയേയും അമ്മാവനെയും ട്രീറ്റ്മെന്റിന് വേണ്ടി കരുണാലയത്തിൽ ഞാൻ പാർപ്പിച്ചു…
പതിയെ പതിയെ രണ്ട് പേരുടെയും നിലയിൽ മാറ്റം വന്നു.. രണ്ടു മാസങ്ങൾ കഴിഞ്ഞു… എങ്കിലും അപ്പച്ചിയെ കാണാൻ അമ്മാവൻ കൂട്ടാക്കിയില്ല… പൂർണ ആരോഗ്യവാനായിട്ടേ എല്ലാവരുടെയും മുന്നിലേക്ക് പോകൂ എന്ന് അമ്മാവൻ വാശി പിടിച്ചു… ” ദേവ് കണ്ണുകൾ തുടച്ചു… ” എന്നിട്ട്.. എന്റെ ഗോപി.. അവൻ ഇപ്പൊ എവിടെയാ.. കരുണാലയത്തിൽ തന്നെയാണോ.. ” മാധവൻ സങ്കടത്തോടെ ചോദിച്ചു.. ” അതേ.. അമ്മാവൻ ഇപ്പൊ ഓക്കെയായി.. അന്ന് അവര് രണ്ട് പേരും പതിയെ റിക്കവർ ആയി തുടങ്ങിയപ്പോൾ ആണ് ഞാൻ വീണ്ടും കണ്ണൂരേക്ക് പോയതു… സാമിന്റെ കൈയ്യിൽ റിപ്പോർട്ട് വാങ്ങി ഞാൻ മടങ്ങി.. എത്രയും പെട്ടെന്ന് എല്ലാം ശരിയാക്കി വരാം എന്ന ഉറപ്പിന്റെ മേലെയാണ് ഞാൻ മടങ്ങിയത്… അന്ന് ആണ് ഞാൻ നിന്നെ ആദ്യമായി അത്രയും അടുത്ത് നിന്ന് കണ്ടത്… നീ എന്റെ പാറു ആണെന്ന് തിരിച്ചറിഞ്ഞതിന് ശേഷമുള്ള ആദ്യ കൂടി കാഴ്‌ച… ” ദേവിന്റെ ചുണ്ടുകളിൽ ഒരു കുസൃതി ചിരി വിടർന്നു..
” അപ്പൊ അന്ന് ദേവേട്ടന് എന്നെ അറിയാമായിരുന്നോ…. ” അപ്പു അതിശയത്തോടെ ചോദിച്ചു… ‘മം… ഞാൻ ട്രെയിനിൽ കയറിയപ്പോൾ ആണ് നിന്നെ കണ്ടത്… അവിടെ ഒട്ടും പ്രതീക്ഷിക്കാതെ നിന്നെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി… നിന്നെ നോക്കി നടക്കുന്നതിന് ഇടയിൽ ആണ് അറിയാതെ നിന്റെ കാലിൽ ചവിട്ടി പോയതു… നീ ആണെങ്കിൽ എന്നെ കുറേ ചീത്തയും പറഞ്ഞു… നിന്നെ ശ്രദ്ധിച്ച് ഇരുന്നത് കൊണ്ട് പകുതിയും മുക്കാലും ഞാൻ കേട്ടില്ല എന്നതാണ് സത്യം… നീ ആണെങ്കിൽ ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കി എന്നല്ലാതെ പിന്നെ ഒന്നും മിണ്ടിയില്ല… പക്ഷേ ആ മൂന്നു നാലു മണിക്കൂർ ഞാൻ എന്റെ പെണ്ണിനെ അടുത്ത് കണ്ടതിന്റെ എക്സൈറ്റ്മെന്റിൽ ആയിരുന്നു… ” ദേവ് അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു… അപ്പുവിന്റെ ചുണ്ടിൽ നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിടർന്നു… ” പിന്നീട് എന്ത് ഉണ്ടായി ദേവ്… ” വീർ ആയിരുന്നു അത്.. ” അന്ന് പാറുവിനെ കണ്ടു ഞാൻ തിരുവനന്തുപുരത്തേക്ക് മടങ്ങി..
അമ്മാവനെയും അപ്പച്ചിയെയും കണ്ടു എല്ലാം പറഞ്ഞു പാറുവിനെ തിരിച്ചു കൊണ്ടു വരാൻ ആയിട്ടാണ് ഞാൻ മടങ്ങി വന്നത്… പക്ഷേ.. പെട്ടെന്നുള്ള അപ്പച്ചിയുടെ അബ്നോർമ്മൽ ആയുള്ള പെരുമാറ്റം എന്നെ തളർത്തി…. എങ്കിലും എല്ലാം പെട്ടെന്ന് ശരിയാകും എന്ന് ഞാൻ പ്രതീക്ഷിച്ചു… അപ്പോഴാണ് വീണ്ടും സാമിന്റെ കോൾ എന്നെ തേടി എത്തിയത്… അപ്പുവിന്റെ കല്യാണം ഉറപ്പിക്കാൻ പോകുന്നു എന്ന വാർത്ത എന്നെ ആകെ തകർത്തു… എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ… ഒടുവിൽ മാധവൻ അങ്കിളിനെ കാണാനായി ഞാൻ വീണ്ടും കണ്ണൂർക്ക് പോയി… സാമിനെയും കൂട്ടി ഞാൻ അങ്കിളിനെ കാണാൻ ചെന്നു… പതിനെട്ട് വർഷം സ്വന്തം മകളായി വളർത്തിയ പാറുവിനെ നഷ്ടപ്പെടുമോ എന്ന ഭയം.. അല്ലെങ്കിൽ അവളെ മനഃപൂർവ്വം അപകടത്തിലേക്ക് തള്ളി വിടുകയാണോ എന്ന ഭയം.. എന്താണെന്ന് അറിയില്ല… അങ്കിൾ എന്റെ വാക്കുകൾ കേൾക്കാൻ തയ്യാറായില്ല… അപ്പു എന്ന പേരിൽ അങ്കിളിന്റെ മകളായി വളരുന്നത് എന്റെ പാറു ആണെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞു…
പക്ഷേ അങ്കിൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല… പാറുവിന്റെ കല്യാണം വേണ്ടെന്ന് വെക്കാൻ ഞാനും സാമും ഒരുപാട് പറഞ്ഞെങ്കിലും അങ്കിൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല… ” ദേവ് മാധവന്റെ മുഖത്ത് നോക്കി പറഞ്ഞു… ഒരു കുറ്റവാളിയെ പോലെ അയാൾ തല താഴ്ത്തി… ” അങ്കിളിനെ ഞാൻ കുറ്റം പറഞ്ഞത് അല്ല… ഏതൊരു അച്ഛനും അങ്ങനെയേ ചിന്തിക്കൂ… സ്വന്തം ആയി കണ്ട മകളെ വിട്ടു കൊടുക്കാൻ അങ്കിളും ആന്റിയും തയ്യാറായില്ല…. ഒടുവിൽ ബലമായി തന്നെ എനിക്ക് പാറുവിനെ താലി കെട്ടേണ്ടി വന്നു… എന്റെ മുന്നിൽ മറ്റൊരു ശരിയും ഉണ്ടായിരുന്നില്ല… എങ്ങനെയും ചിതറിപ്പോയ എന്റെ കുടുംബം ഒന്ന് ആകണം… അതിനു വേണ്ടി ഞാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു… പക്ഷേ പാറുവിനെ താലി കെട്ടിയെങ്കിലും അവളെ ആരുമറിയാതെ കൂട്ടി കൊണ്ട് പോകാൻ ഞാൻ തയ്യാറല്ലായിരുന്നു..
അതിനിടയിൽ ഞാൻ വിട്ടു പോയ ഒരു കാര്യം ഉണ്ടായിരുന്നു… ഒരു പക്ഷേ എന്നെ ഇപ്പോഴും അലട്ടുന്ന ഒരു കാര്യം… ഹരി… ” ദേവ് വേദനയോടെ പറഞ്ഞു… അപ്പുവും വേദനയോടെ അത് ഓർത്തു.. ” അപ്പുവിന്റെ കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ അത് മുടക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു… ഫോണിൽ കൂടി ഒരുപാട് പ്രാവശ്യം ഹരിയെ വിളിക്കാൻ ഞാൻ ശ്രമിച്ചു… പക്ഷേ കിട്ടിയില്ല… നേരിൽ കാണാനും അയാൾ തയ്യാറായില്ല…. കല്യാണത്തിൽ നിന്നും പിന്മാറണമെന്ന് ഞാൻ ഒരുപാട് പ്രാവശ്യം ഫോണിൽ കൂടി ആവശ്യപ്പെട്ടു… പക്ഷേ അതൊക്കെ ഏതോ ഒരു ഫ്രോഡ് ചെയുന്ന പണികൾ ആയേ അവൻ കണക്കാക്കിയുള്ളു…. അന്ന് ആ ബീച്ചിൽ വച്ച് പാറുവിനെയും ഹരിയെയും ഒരുമിച്ച് കണ്ടപ്പോൾ ഞാൻ തകർന്നു പോയി… മനഃപൂർവ്വം അല്ലെങ്കിലും അവന്റെ കണ്ണീര് കൂടി ഞാൻ കാണണം അല്ലോ എന്ന വിഷമത്തിലാണ് അന്ന് ഒരുപാട് മദ്യപിച്ചത്… പക്ഷേ ഹരിയുടെ മുന്നിൽ എനിക്ക് എല്ലാം പറയേണ്ടി വന്നു..
എങ്കിലും കല്യാണത്തിൽ നിന്നും പിന്മാറിയാൽ മറ്റു ആരെങ്കിലുമായി അവളുടെ കല്യാണം നടത്തിയാലോ എന്ന് ഞങ്ങൾ ഭയപ്പെട്ടു… അത് കൊണ്ടാണ് ഒരു കോമാളി വേഷം കെട്ടി ഹരി ആ ക്ഷേത്ര നടയിലേക്ക് വന്നത്… കല്യാണത്തിന് തലേ ദിവസവും സാം വഴി ഞാൻ അങ്കിളിനോട് സംസാരിക്കാൻ ശ്രമിച്ചു.. അതോടെ അങ്കിൾ സാമിനെയും ശത്രു പക്ഷത്തേക്ക് മാറ്റി നിർത്തി… അവനോടു കയർത്തു… അവസാനം എനിക്കു വേണ്ടി ഹരി മനഃപൂർവ്വം ഒരു കോമാളി ആയി… ” ദേവ് സങ്കടത്തോടെ പറഞ്ഞു… ” മോനേ.. ഞാൻ.. അന്ന്.. എന്റെ മോളെ നഷ്ടപ്പെടുമോ എന്ന ഭയത്തിൽ… ” മാധവൻ കലങ്ങിയ കണ്ണുകളോടെ പറഞ്ഞു.. അയാളുടെ സ്വരത്തിൽ കുറ്റബോധം നിഴലിച്ചു.. ” സാരമില്ല അങ്കിൾ.. എനിക്ക് മനസ്സിലാവും.. അത് കൊണ്ടാണ് ഞാൻ ആയിട്ട് പാറുവിനോട് സത്യം ഒന്നും പറയില്ല എന്ന് വാക്ക് തന്നത്..ഇപ്പഴും അവള് ആയിട്ട് ആണ് സത്യങ്ങൾ എന്നോട് ചോദിച്ചത്…… ” ദേവ് അയാൾക്കു അരികിലേക്ക് നടന്നു..
അയാളുടെ തോളിൽ തട്ടി കൊണ്ട് സമാധാനിപ്പിച്ചു… “പക്ഷേ വീർ… നിനക്ക് അറിയാമായിരുന്നു അത് നിന്റെ അച്ഛൻ ആണെന്ന്… എന്നിട്ടും നീയെന്തിന്. മൗനം പാലിച്ചു.. ” ദേവ് സംശയത്തോടെ ചോദിച്ചു.. വീർ അവനെ പുഞ്ചിരിയോടെ നോക്കി… ” എനിക്ക് അറിയാമായിരുന്നു ദേവ്… പക്ഷേ എല്ലാവരുടെയും മുന്നിൽ വച്ച് എനിക്ക് ഒന്നും ചോദിക്കാൻ പറ്റിയില്ല… നമ്മൾ തിരിച്ചു ബാംഗ്ലൂർ വന്നതിന് ശേഷം മുബൈയിലേക്ക് പോകുകയാണെന്ന് പറഞ്ഞു ഞാൻ പോയതു നല്ലമലയിലേക്ക് ആയിരുന്നു… അവിടെ എത്തിയ ഞാൻ അച്ഛനെ കുറിച്ച് അവിടുത്തെ ആളുകളോട് അന്വേഷിച്ചു.. പക്ഷേ കൂടുതൽ ആയി ഒന്നും അറിയാൻ സാധിച്ചില്ല… രണ്ട് ദിവസം ഞാൻ അച്ഛനെ പിന്തുടർന്നു… പക്ഷേ പെട്ടെന്ന് ഒരു ദിവസം അച്ഛൻ അവിടെ നിന്നും അപ്രത്യക്ഷനായി…. എവിടെ പോയെന്ന് ആർക്കും അറിയില്ലായിരുന്നു…. മടങ്ങി വന്നെങ്കിലും വർഷങ്ങളോളം ഞാൻ അച്ഛനെ കുറിച്ചുള്ള അന്വേഷണം തുടർന്നു… നിരാശയായിരുന്നു ഫലം…
പിന്നെ ബാബയുടെയും അമ്മയുടെയും മരണവും അപ്പുവിന്റെ അപകടവും ഒക്കെ എന്നെ മാനസികമായി തകർത്തു.. എങ്കിലും അച്ഛനെ കുറിച്ചുള്ള അന്വേഷണം ഞാൻ നിർത്തിയില്ല… ഒടുവിൽ നിന്റെ കല്യാണം ആണെന്ന് ഡേവിഡ് വിളിച്ചു പറഞ്ഞപ്പോൾ ആണ് ഞാൻ നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്… പാറു അല്ലാതെ മറ്റൊരു പെണ്ണ് നിന്റെ ലൈഫിൽ ഉണ്ടാവില്ല എന്ന് പറഞ്ഞു നടന്ന നീ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു എന്ന വാർത്ത എനിക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു… അങ്ങനെ ഞാൻ നാട്ടിലെത്തി… കൂട്ടത്തിൽ ആദിയെയും കൂട്ടി… കാരണം അവൾക്കു ഈ കഥയിൽ വലിയൊരു റോൾ ഉണ്ടായിരുന്നു… ” വീർ ഗൌരവത്തോടെ പറഞ്ഞു.. ” എന്ത് റോൾ… ” എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു… ” ആദിയെ നിങ്ങൾക്ക് അറിയില്ല… പക്ഷേ ആദിയുടെ അച്ഛനെ നിങ്ങൾ എല്ലാവരും അറിയും… ദി ഗ്രേറ്റ് വിശ്വേശ്വര റെഡ്ഡി… വി ആർ… വി ആർ ഹോസ്പിറ്റലിന്റെ ഉടമ… ” വീർ കിതച്ച് കൊണ്ട് പറഞ്ഞു… എല്ലാവരും അമ്പരപ്പിൽ അദിധിയെ നോക്കി…
ഏറെ നേരമായി മുറിയിൽ തളം കെട്ടി നിന്ന നിശബ്ദതയ്ക്ക് ഭംഗം വരുത്തി കൊണ്ടാണ് ഒരു നഴ്സ് അകത്തേക്ക് വന്നത്… ” ഡോക്ടർ.. പറഞ്ഞത് പോലെ ഡിസ്ചാർജ് ഷീറ്റ് എഴുതിയിട്ടുണ്ട്… ഇതിൽ ഒന്ന് സൈൻ ചെയ്യണം…” അവര് ഒരു പേപ്പർ എടുത്തു ദേവിന് നേരെ നീട്ടി… “മോളെ ഡിസ്ചാർജ് ചെയ്യുകയാണോ ദേവാ…” മാധവൻ അമ്പരപ്പോടെ ചോദിച്ചു. “അതേ അങ്കിൾ.. ഇപ്പൊ കുഴപ്പം ഒന്നുമില്ല… പിന്നെ വീട്ടിലേക്ക് പോകുന്നത് ആവും നല്ലത്..സാം.. അപ്പൊ നീ ചെല്ല്..എല്ലാം പറഞ്ഞത് പോലെ… ” ദേവ് പുഞ്ചിരിയോടെ പറഞ്ഞു… ശേഷം അതിൽ സൈൻ ചെയ്തു… ******** ” ദേവേട്ടാ…” അപ്പു പതിയെ വിളിച്ചു.. ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ ദേവ് തല തിരിച്ചു അവളെ നോക്കി.. “ദേവേട്ടാ… ” അവള് ഒന്നുടെ ഉച്ചത്തിൽ വിളിച്ചു.. ” എന്താ പാറു.. ” അവൻ സംശയത്തോടെ അവളെ നോക്കി… “എനിക്ക് എന്തോ പേടിയാകുന്നു…” അപ്പു നിറകണ്ണുകളോടെ പറഞ്ഞു… “പേടിക്കണ്ട… ഒന്നുമില്ല… താൻ ഈ കണ്ണ് തുടക്കൂ…” ദേവ് ഇടം കൈ കൊണ്ട് അവളുടെ കണ്ണീര് തുടച്ചു… അപ്പു നെടുവീർപ്പിട്ടു കൊണ്ട് സീറ്റിലേക്ക് ചാരി കിടന്നു…
ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കുകയായിരുന്നു ശിവ ശങ്കര മേനോൻ… അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത്… കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും സാം പുറത്ത് ഇറങ്ങി.. പിന്നാലെ തന്നെ ദേവിന്റെ കാറും മറ്റൊരു കാറും മുറ്റത്തേക്ക് വന്നു.. കാറിന്റെ ഡോർ തുറന്നു ദേവും അപ്പുവും പുറത്ത് ഇറങ്ങി.. പിന്നിൽ ഉള്ള കാറിൽ നിന്നും വീർഉം അദിധിയും മാധവനും ദേവിയും പുറത്ത് ഇറങ്ങി.. വന്നവരെ മനസ്സിലായപ്പോൾ മേനോൻ കസേരയിൽ നിന്ന് എണീറ്റു… സാമിന്റെ കാറിന്റെ മറുഭാഗത്ത് നിന്നും ഡോർ തുറന്ന് ഒരു മനുഷ്യൻ പുറത്ത് ഇറങ്ങി… മേനോൻ കണ്ണുകൾ വിടർത്തി അയാളെ നോക്കി… “ഗോപി… ഗോപി..” അയാളുടെ ചുണ്ടുകൾ പിറുപിറുത്തു… മേനോന് പിന്നാലെ ഉമ്മറത്ത് വന്ന ദേവകിയമ്മയും അത് കണ്ടു ഞെട്ടി…
ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഗൗരി…. കഴിഞ്ഞു പോയ നല്ല നാളുകളെ ഓർക്കുന്തോറും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… ഓർമകൾ മരിക്കുന്നത് ആണ് ഏറ്റവും നല്ലതെന്നു അവൾക്കു തോന്നി… കഴുത്തിന് പിന്നിലായി ഒരു ചുടു നിശ്വാസം തട്ടിയപ്പോൾ ആണ് അവള് ചിന്തയിൽ നിന്നും ഞെട്ടി ഉണരുന്നത്. തനിക്കു ചിരപരിചിതമായ ശ്വാസം… അവള് ഞെട്ടി പിന്നിലേക്ക് നോക്കി… പിന്നിലുള്ള ആളെ ഒന്നേ കണ്ടുള്ളു… അവളുടെ കണ്ണുകൾ പിറകിലേക്ക് മറിഞ്ഞു.. ചിറകൊടിഞ്ഞ പക്ഷിയെ പോലെ അവള് താഴേക്കു പതിച്ചു.. ബോധം വന്നപ്പോൾ ഗൗരി കണ്ണുകൾ വെപ്രാളത്തോടെ വലിച്ചു തുറന്നു… അൽപം മുൻപു കണ്ടത് സ്വപ്നം ആകരുത് എന്ന് അവള് ഒരുപാട് പ്രാർത്ഥിച്ചു… കണ്ണുകൾ തുറന്നു അവളുടെ കണ്ണുകൾ ആദ്യം തേടിയത് അവളുടെ പ്രീയപ്പെട്ടവനെ ആയിരുന്നു… “ഗോപിയേട്ടാ…” അവളുടെ ചുണ്ടുകൾ വിറച്ചു…. “അമ്മേ…” അരികിൽ നിന്ന അപ്പുവും വീർഉം വിളിച്ചു… ഗൗരി മനസ്സിലാകാത്തത് പോലെ അവരെ നോക്കി…
“നോക്കേണ്ട ഗൗരി… നിന്റെ മക്കള് തന്നെയാണ്… നമ്മുടെ മക്കള്…” ഗോപി സന്തോഷത്തോടെ പറഞ്ഞു… ഇല്ല എന്ന അർത്ഥത്തിൽ ഗൗരി തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു… “അധികം ടെൻഷൻ ആവണ്ട… ഒരുപാട് സഹിച്ചില്ലേ നീ… ഇനി വേണ്ട.. നമ്മുടെ മക്കൾ ആണ് ഇത്… പാറുവും ഭദ്രനും… ” അയാൾ കണ്ണീരോടെ അവളുടെ നെറുകയിൽ തലോടി.. കേട്ടതു വിശ്വസിക്കാൻ ആവാത്തതിന്റെ പകപ്പിൽ ആയിരുന്നു ഗൗരി… അവളുടെ ഇരു മിഴികളിൽ നിന്നും കണ്ണീര് ഇരു വശത്തേക്കുമായി പതിച്ചു… *** ഉമ്മറത്ത് ഇരിക്കുകയായിരുന്നു എല്ലാവരും.. ഗോപി മടങ്ങി വന്നതിന്റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും… അപ്പുവും ഭദ്രനും നിലത്ത് ഇരുന്ന ഗൗരിയുടെ മടിയിൽ ആയി കിടക്കുന്നുണ്ടായിരുന്നു… ആ കാഴ്‌ച കണ്ടു മാധവന്റെയും ദേവിയുടെയും കണ്ണുകൾ നിറഞ്ഞു.. “ഞാൻ ആന്ധ്രയിൽ ജോലി ചെയ്തിരുന്ന ആസ്പത്രിയുടെ ഉടമയായിരുന്നു വിശ്വേശ്വര റെഡ്ഡി എന്ന വി ആർ… ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്മയുള്ള ഒരു മനുഷ്യൻ… അയാളുടെ അച്ഛന്റെ സ്വത്ത് ഭാഗം വച്ചപ്പോൾ കിട്ടിയതാണ് ആ ആശുപത്രി.. തുടക്കത്തിൽ ഒരു ചെറിയ ക്ലിനിക് ആയിട്ടാണ് തുടങ്ങിയത്…
അയാളുടെ അച്ഛൻ മരിക്കുമ്പോൾ അത് വളരെ നഷ്ടത്തിൽ ആയിരുന്നു… മതിയായ ഡോക്ടർസ് ഇല്ല.. അങ്ങനെ കുറെ പ്രശ്നങ്ങൾ… അച്ഛൻ മരിച്ചപ്പോൾ സ്വത്തുക്കൾ ഭാഗം വച്ചു… പാവം ആയതു കൊണ്ട് തന്നെ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയിരുന്ന ആ ആശുപത്രി വി ആർ ന്റെ പേരിൽ അയാളുടെ സഹോദരൻ എഴുതി കൊടുത്തു… പകരം അച്ഛന്റെ ഫാക്ടറികളും മറ്റു സ്വത്തുക്കളും അയാൾ കൈവശപ്പെടുത്തി…. ഒരുപാട് കഷ്ടപ്പെട്ടിട്ട് ആണെങ്കിലും വി ആർ ആ ആശുപത്രിയെ ഒരു നല്ല നിലയിൽ എത്തിച്ചു… ഒന്നുമില്ലാതെ ആന്ധ്രയിൽ എത്തിയ എനിക്ക് ഒരു ജോലി തന്നത് ആ മനുഷ്യൻ ആയിരുന്നു… ” ഗോപി ഒന്ന് നിർത്തി… അദിധി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു… ” പത്ത് വർഷം ഞാൻ അവിടെ ജോലി ചെയ്തു… അതിനിടയിൽ ആണ് വി ആർ ന്റെ സഹോദരന്റെ ബിസിനെസ്സ് ഒക്കെ നഷ്ടത്തിൽ ആയതു.. ഒടുവിൽ കടം കൊണ്ട് നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അയാൾ വി ആർനെ കാണാൻ വന്നു… വീരേന്ദ്ര റെഡ്ഡി… സാധു ആയി അഭിനയിച്ചു അയാൾ പതിയെ ആശുപത്രിയിൽ നുഴഞ്ഞു കയറി…
ആദ്യമൊക്കെ ആശുപത്രി ബില്ലുകളിൽ വരുന്ന വാരിയേഷൻ ഞാൻ അത്ര കാര്യമാക്കിയില്ല… പക്ഷേ അയാൾ വലിയ അഴിമതികൾ ആയിരുന്നു അവിടെ കാണിച്ച് കൂട്ടിയത്… ആയിടെയാണ് ആശുപത്രിയിൽ നടക്കുന്ന വലിയൊരു ചതി ഞാൻ അറിഞ്ഞത്… ചികിത്സയ്ക്കായി വരുന്ന സാധാരണക്കാരെ ചൂഷണം ചെയ്ത് അവരുടെ അവയവങ്ങൾ കടത്തുന്ന ഒരു ഗ്രൂപ്പ് ആശുപത്രിക്കു ഉള്ളിൽ തന്നെ പ്രവർത്തിക്കുന്നത് ഞാൻ കണ്ടു പിടിച്ചു… അതിന്റെ അന്വേഷണത്തിന്റെ അവസാനം ഞാൻ എത്തിയത് അയാളിൽ ആയിരുന്നു… വീരേന്ദ്ര റെഡ്ഡി…… സ്വയം വി ആർ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അയാളുടെ പെരുമാറ്റം… പക്ഷേ യാഥാർത്ഥ വി ആർ ഇതൊന്നും അറിഞ്ഞില്ല… എങ്കിലും ഞാൻ അദ്ദേഹത്തിന് ചെറിയ സൂചനകൾ നൽകി.. നാട്ടിലേക്ക് മടങ്ങുന്നതിന് മുന്നേ വീരേന്ദ്ര റെഡ്ഡിക്ക് എതിരെ ഉള്ള എല്ലാ തെളിവുകളും ശേഖരിച്ചു വി ആർ നെ ഏൽപ്പിക്കണം എന്ന് ഞാൻ ഉറച്ചു… അതിനായി എല്ലാ ആശുപത്രി രേഖകളും ഞാൻ ശേഖരിച്ചു..
ഒടുവിൽ എല്ലാ തെളിവുകളും കൊണ്ട് ഞാൻ വി ആർ നെ കാണാൻ പോയി… പക്ഷേ അപ്പോഴേക്കും വൈകി പോയിരുന്നു… ” ഗോപി തല കുനിച്ച് കൊണ്ട് പറഞ്ഞു… ” അപ്പ സത്യങ്ങൾ അറിഞ്ഞു തുടങ്ങി എന്ന് മനസ്സിലായപ്പോൾ ആ ദുഷ്ടൻ എന്റെ അപ്പയെയും ഇല്ലാതാക്കാൻ ശ്രമിച്ചു… ഭക്ഷണത്തിൽ കൂടി കൊടുത്ത എന്തോ സ്ലോ പോയിസൺ… അപ്പോഴേക്കും വൈകി പോയിരുന്നു… പതിയെ പതിയെ അത് അപ്പയെ ബാധിക്കാൻ തുടങ്ങി… അപ്പ കോമയിലേക്ക് പോയി… ഒരു എട്ട് വയസ്സുകാരി ഒന്നുമറിയാതെ പകച്ചു നിന്നു… എന്റെ അമ്മ പോലും അയാളുടെ പക്ഷത്തു ആയിരുന്നു… ” അദിധി കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു… ” ആദി… ” വീർ അവൾക്ക് അരികിലേക്ക് വന്നു സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.. ” അന്ന് ഞങ്ങൾ മടങ്ങി വരാൻ നിശ്ചയിച്ച ആ രാത്രി… അന്ന് അയാൾ എന്നെ വീണ്ടും ഭീഷണിപ്പെടുത്തി… പക്ഷേ എന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം ഞാൻ ഏറെ വിശ്വസിച്ച എന്റെ ഫ്രണ്ട് മൂർത്തിയും അയാൾക്ക് കൂട്ട് നിന്നു എന്നതാണ്… എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെടാൻ ഉള്ള വെപ്രാളത്തോടെ ആണ് ഞാൻ കാർ ഡ്രൈവ് ചെയ്തത്…
ഏറെ ഇഷ്ടപ്പെട്ടിരുന്ന വി ആർ ന്റെ ആ അവസ്ഥയും എന്നെ തകർത്തു… പക്ഷേ കാറിന് നേരെ പാഞ്ഞ് അടുക്കുന്ന ലോറി കണ്ടപ്പോൾ തന്നെ വീരേന്ദ്ര റെഡ്ഡിയുടെ ഉദ്ദേശം എനിക്ക് മനസ്സിലായി… ഭദ്രനോട് അപ്പുവിനെയും എടുത്തു പുറത്തേക്ക് ചാടാൻ പറഞ്ഞു… ഒപ്പം ഗൗരിയെയും പാറുവിനെയും പുറത്തേക്ക് തള്ളിയിട്ടു… അവരെങ്കിലും രക്ഷപ്പെട്ടോട്ടേ എന്ന് പ്രാർത്ഥിച്ചു ആണ് ഞാൻ കാർ മുന്നോട്ട് എടുത്തത്… പിന്നെ ബോധം വരുമ്പോൾ ഞാൻ ഒരു ആദിവാസി കോളനിയിൽ ആയിരുന്നു… എത്ര ദിവസങ്ങളായി അവിടെ എത്തിയിട്ട് എന്ന് അറിയില്ലായിരുന്നു… മനസ്സിൽ ഓർമ്മ വന്നത് എന്റെ കുടുംബം ആയിരുന്നു… പക്ഷേ ഏറെ ദിവസത്തെ അന്വേഷണത്തിന് ഒടുവിൽ അവര് മരിച്ചെന്ന വാർത്തയാണ് എന്നെ തേടിയെത്തിയത്… കാർ അപകടത്തിൽ ഒരു കുടുംബം കത്തി കരിഞ്ഞു എന്ന വാർത്ത… എനിക്ക് പകരം മരിച്ചത് ഒരുപക്ഷേ ആ ലോറി ഡ്രൈവർ ആകും എന്ന് ഞാൻ കരുതി… എന്റെ പ്രിയപ്പെട്ടവരെ നഷ്ടപെട്ട വേദന ഒരു ഭാഗത്ത്… ഉറ്റ സുഹൃത്തിന്റെ മകൾ ഞാൻ മൂലം കൊല്ലപ്പെട്ടു എന്ന കുറ്റബോധം മറുഭാഗത്ത്… പിന്നെ ഞാൻ എന്റെ ജീവിതം ആ ആദിവാസികൾക്ക് ഇടയിൽ തന്നെ കഴിച്ചു കൂട്ടി…
” ഗോപി ഒന്ന് നെടുവീർപ്പിട്ടു… ” അപ്പൊ പിന്നെ അങ്കിൾ എന്തിനാണ് നല്ലമലയിൽ നിന്നും പോയതു.. ” അദിധി സംശയത്തോടെ ചോദിച്ചു… ” അന്നത്തെ ക്യാമ്പ് കഴിഞ്ഞ് പോയതിനു ശേഷവും അതിൽ ഒരു പയ്യൻ എന്റെ പിന്നാലെ തന്നെ ഉണ്ടെന്ന് എന്റെ സഹായി ആണ് പറഞ്ഞത്… ശത്രുവാണോ മിത്രമാണോ എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ… അത് കൊണ്ടാണ് അവിടെ നിന്നും ഞാൻ മാറി നിന്നത്… ഞാൻ ജീവനോടെ ഉള്ള കാര്യം ലോകത്തെ അറിയിക്കാൻ ഞാൻ മടിച്ചു… ” ഗോപി പറഞ്ഞു… ” അപ്പൊ അന്ന് ആ അപകടത്തിൽ മരിച്ചത് ആരാ.. ” അപ്പു ജിജ്ഞാസയോടെ ചോദിച്ചു… ” ദേവ് എന്നെ തേടി വന്നതിന് ശേഷം ഞങ്ങൾ അതിനെ കുറിച്ച് അന്വേഷിച്ചു… ഒരു പാവം കുടുംബം…. ട്രെയിനിൽ ആന്ധ്രയിലേക്ക് മടങ്ങി വന്ന ഒരു കുടുംബം… അന്ന് ടാക്സി പണിമുടക്ക് ആയതിനാൽ ആ ചരക്ക് ലോറിയിൽ ആരുമറിയാതെ കയറിയത് ആയിരുന്നു ആ അച്ഛനും അമ്മയും രണ്ട് മക്കളും… നമുക്ക് പകരം അന്ന് കത്തി ഇല്ലാതായത് അവരാണ്… ” ഗോപിയുടെ മുഖത്ത് വേദന നിറഞ്ഞു…
മാധവന്റെ മനസ്സിലേക്ക് ആ അച്ഛനും അമ്മയും മക്കളും കടന്നു വന്നു… ” ഈ കുട്ടികളെയും കൊണ്ട് നടക്കാൻ വയ്യാ സാറേ… ഏതേലും വണ്ടി കിട്ടുമോ എന്ന് നോക്കണം… ” അയാളുടെ ശബ്ദം തന്റെ കാതിൽ മുഴങ്ങുന്നത് പോലെ മാധവന് തോന്നി… “സാരമില്ല.. ഇനിയിപ്പൊ അതൊന്നും ഓർക്കേണ്ട… നമുക്ക് വേണമെങ്കിൽ ആ ദുഷ്ടന് എതിരെ ലീഗൽ ആയി മൂവ് ചെയ്യാം.. ” ബാലൻ പറഞ്ഞു… ” ആ ഗോപി.. നീ അന്ന് ഏല്പിച്ച ഫയൽ എന്റെ കൈയ്യിൽ തന്നെയുണ്ട്…” മാധവൻ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു… “വേണ്ട അങ്കിൾ.. ഇനി അതിന്റെ ആവശ്യമില്ല…. മൂന്നു മാസങ്ങൾക്കു മുന്നേ ഉണ്ടായ ഒരു കാർ അപകടത്തിൽ അയാളും മൂർത്തിയും പിന്നെ അയാളുടെ ഡ്രൈവറും കൊല്ലപ്പെട്ടു… ” അദിധി നിറഞ്ഞ മനസ്സോടെ പറഞ്ഞു… എല്ലാവരും ദീർഘമായി ഒന്ന് നിശ്വസിച്ചു.. ” നന്നായി.. ഇനി ആരും അതിനെ കുറിച്ച് ആലോചിച്ചു തല പുകയ്ക്കണ്ട…. അല്ല ഭദ്രാ… മാധവന്റെ മോള്.. നമ്മുടെ അപ്പു നമ്പർ ടു എപ്പോഴാ എത്തുക… ” മേനോൻ ചോദിച്ചു..
” അപ്പു രാവിലെ എത്തും മുത്തച്ഛാ…. ക്ലൈമറ്റ് മോശം ആയതു കൊണ്ടാണ്.. ഇല്ലെങ്കിൽ രാത്രി എത്തുമായിരുന്നു.. ” വീർ നിരാശയോടെ പറഞ്ഞു… മാധവന്റെയും ദേവിയുടെയും കണ്ണുകളിൽ നീര് തിളക്കം വന്നു… ” എങ്കിൽ എല്ലാരും പോയി കിടന്നു ഉറങ്ങിക്കോളൂ…. നേരം ഒത്തിരി വൈകി…. ” മേനോൻ അവസാന വാക്ക് എന്ന പോലെ പറഞ്ഞു… ” എല്ലാവരും പതിയെ അവരവരുടെ മുറികളിലേക്ക് നടന്നു… ” അതേയ്… ഇനി ഏട്ടൻ എന്ന് ധൈര്യമായിട്ട് വിളിക്കാം ട്ടോ… ” വീർ കണ്ണുകൾ അടച്ചു കാണിച്ച് കൊണ്ട് ദക്ഷയോട് പറഞ്ഞു… അവൾ അവനെ കൂർപ്പിച്ച് നോക്കി… “ബ്രദർ അല്ല ട്ടോ… മറ്റേ ഏട്ടൻ…” അവൻ കഴുത്തിൽ താലി കെട്ടുന്നത് പോലെ കാണിച്ചു… ദക്ഷ നാണം കൊണ്ട് പൂത്തുലഞ്ഞു… അവള് മുകളിലേക്ക് ഓടി.. ” അതേയ് ഏട്ടോ…. ഇവിടെ കോഴികൾ കുറേ ഉണ്ട്.. ഇനിയും വേണ്ട ട്ടോ..” പിന്നിൽ നിന്ന രുദ്രയും അപ്പുവും വിളിച്ചു പറഞ്ഞു… വീർ ഒരു ചമ്മലോടെ പടികൾ ഓടി കയറി… “അങ്ങനെ ഒരു അപകടത്തിൽ വീരേന്ദ്ര റെഡ്ഡി മരിച്ചു അല്ലെ അങ്കിൾ…” ദേവ് പുഞ്ചിരിയോടെ ഗോപിയെ നോക്കി… ഗോപിയുടെ മുഖത്തും ആ ചിരി വിരിഞ്ഞു… ” വാളെടുത്തവൻ വാളാലേ….” ഗോപി പറഞ്ഞു…
അവർക്കു രണ്ട് പേർക്കും മാത്രം അറിയാവുന്ന ആ രഹസ്യം അവരിൽ തന്നെ ഒതുങ്ങട്ടേ…. “ദേ പെണ്ണേ.. എത്ര നേരായി കാത്തിരിക്കുന്നു… വന്നു വന്നു നിനക്ക് എന്നെ വേണ്ടാതായി..” ദേവ് കൊച്ചു കുഞ്ഞുങ്ങളെ പോലെ മുഖം വീർപ്പിച്ചു… ” അയ്യോ എന്റെ കുഞ്ഞു പിണങ്ങല്ലേ…” അപ്പു കളിയാക്കി കൊണ്ട് പറഞ്ഞു.. ദേവ് മുഖം തിരിച്ച് ബെഡ്ഡിന്റെ മറുവശത്തേക്ക് തിരിഞ്ഞ് കിടന്നു… ” അയ്യോ ഡാ.. എന്റെ കിച്ചേട്ടൻ ഇങ്ങോട്ട് നോക്കിക്കേ.. ” അപ്പു അവന്റെ മുഖം പിടിച്ചു തനിക്കു നേരെയാക്കി കൊണ്ട് പറഞ്ഞു… ദേവിന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.. “വേണ്ട കിച്ചേട്ടാ… ഇനി ഈ കണ്ണ് ഇങ്ങനെ നിറയരുത്.. അതെനിക്ക് സഹിക്കില്ല… എനിക്കെന്നും കാണേണ്ടത് ഈ കണ്ണുകളിലെ പ്രണയം മാത്രമാണ്… ” അപ്പു കുനിഞ്ഞു അവന്റെ കണ്ണുകളിൽ ചുംബിച്ചു…. “കണ്ണുകൾ മാത്രം മതിയോ….” ദേവിന്റെ വാക്കുകളിൽ കുസൃതി നിറഞ്ഞു… “ഛീ… ഈ മനുഷ്യൻ… ” അപ്പു അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു…
ദേവ് അവളെ വലിച്ചു തന്റെ നെഞ്ചോടു ചേർത്തു… അവളുടെ നെറുകയിൽ ചുംബിച്ചു… “അപ്പു പതിയെ അവന്റെ ടി ഷർട്ട് ഒരു സൈഡിലേക്ക് മാറ്റി… അവന്റെ നെഞ്ചിൽ താഴെയായി പച്ച കുത്തിയ പേരിൽ അവള് ആവേശത്തോടെ ചുംബിച്ചു… ” നിനക്ക്.. എങ്ങനെ ഇത്… ” ദേവ് അതിശയത്തോടെ ചോദിച്ചു… ” ഞാൻ കണ്ടിട്ടുണ്ട്… സ്വപ്നത്തിൽ.. ” ഒരു കള്ള ചിരിയോടെ അപ്പു അവളുടെ സ്വപ്നത്തെ കുറിച്ച് അവനോടു പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ദേവ് അവളെ ഒന്ന് കൂടെ വാരി പുണർന്നു… പുറത്ത് വേനലിൽ ഒരു കുളിർമയേകി കൊണ്ട് ഒരു ചാറ്റൽ മഴ പെയ്തപ്പോൾ അപ്പുവിലേക്ക് പടർന്നു കയറുകയായിരുന്നു ദേവ്…. ഒരു ജീവിതകാലം മുഴുവൻ ഒരുമിച്ച് മഴ നനയാനുള്ള കൊതിയുമായി… ദേവിന്റെ മാത്രം പാർവതി ആയി… കിച്ചുവിന്റെ മാത്രം പാറു ആയി…. ഇനി അവരുടെ വസന്ത കാലം ❤️❤️
ഒപ്പം കുറെയേറെ പ്രണയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആയി മംഗലത്ത് വീടും ഒരുങ്ങുന്നു… അവരുടെ അവ്നി എന്ന യഥാർത്ഥ അപ്പുവിന് വേണ്ടിയുള്ള കാത്തിരിപ്പ്.. (എന്ത് കൊണ്ട് ഇങ്ങനെ അവസാനിപ്പിക്കുന്നു എന്ന ചോദ്യം വരുമെന്ന് എനിക്ക് അറിയാം… അപൂർവരാഗത്തിന് ഒരു സെക്കൻഡ് പാർട്ട് വരുന്നുണ്ട്… ഞാൻ അങ്ങനെ ഒന്ന് പ്ലാൻ ചെയതത് അല്ല.. വായനക്കാരുടെ നിർദേശം ആണ്… യഥാർത്ഥ അപ്പുവിന്റെ കഥയാണ് അത്… അത് കൊണ്ട് തന്നെ അപ്പുവിനെ നമുക്ക് സെക്കൻഡ് പാർട്ടിൽ കാണാം… 😉 ഇത് ഒരു challenge ന്റെ ഭാഗമായി തുടങ്ങിയ കഥയാണ്… ഇത്രയേ ഞാൻ ഉദ്ദേശിച്ചുള്ളു… പക്ഷേ വായനക്കാരുടെ ആഗ്രഹപ്രകാരം സെക്കൻഡ് പാർട്ട് വരുന്നതാണ്…

by