20/04/2026

ഗ്രീഷ്മ : അവസാന ഭാഗം

രചന – ഐശ്വര്യ അനിൽകുമാർ

ടുത്ത മാസത്തേക്ക് തന്നെ അവരുടെ വിവാഹം ഉറപ്പിച്ചു.നിശ്ചയം അടുത്ത ആഴ്ച തന്നെ നടത്താൻ തീരുമാനമായി.എല്ലാവരെയും നിശ്ചയത്തിന് ക്ഷണിച്ചു. ഗ്രീഷ്മയുടെ വീട്ടിൽ വച്ച് തന്നെ ആയിരുന്നു നിശ്ചയം.അതിന് വേണ്ടി പ്രത്യേകം പന്തൽ തയാറാക്കി. അമ്മുവും കാർത്തിയും പരസ്പരം സ്നേഹിച്ചു നടന്നു.അവൻ ഒരാഴ്ചയായി ലീവിലായിരുന്നു.എൻഗേജ്‌മെന്റ് പ്രമാണിച്ച് ലീവ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അവസാനം അവർ കാത്തിരുന്ന ആ ദിവസം വന്നെത്തി.അവരുടെ എൻഗേജ്‌മെന്റ്. അവൾ ഒരു സാരി ആയിരുന്ന ധരിച്ചിരുന്നത്. അവൻ അതിന് ചേരുന്ന മെറൂണ് നിറത്തിലുള്ള ഷെർവാണിയാണ് ധരിച്ചത്. സമയമായപ്പോൾ അവനും അമ്മയും ബന്ധുക്കളും അവളുടെ വീട്ടിൽ എത്തി.എല്ലാവരുടെയും ശ്രദ്ധ അവളിലായിരുന്നു.അവൾ അത്രക്ക് സുന്ദരിയായിരുന്നു.

“ഓ അളിയൻ വന്നല്ലോ…അപ്പോ നമുക്ക് ചടങ്ങുകൾ തുടങ്ങാം.”ഗിരി പറഞ്ഞു. പ്രഭാകരൻ കാർത്തിയുടെ അമ്മാവനുമായി അവരുടെ ജാതകങ്ങളും മറ്റുമൊക്കെ കൈമാറി. അങ്ങനെ മോതിരം മാറ്റത്തിനുള്ള സമയമായി.അപ്പോൾ ഗിരി അളിയൻ വേഷത്തിൽ തകർത്തു പാരവയ്പ്പ് തുടങ്ങിയിരുന്നു. “ഞാൻ ഏതോ ഹിന്ദി സിനിമയിൽ കണ്ടതാ…ഇരിക്കട്ടെ ഒരു ട്വിസ്റ്റ്‌.അളിയൻ മോതിരം ഈ മരത്തവളക്ക് ഇട്ടു കൊടുക്കുന്നതിന് മുന്നേ അതു കണ്ടു പിടിക്കണം.ഒരു ക്ലൂ തരാം. അളിയൻ സ്ഥിരമായി ഇവൾക്ക് വീട്ടീന്ന് കൊണ്ട് കൊടുക്കുന്ന സാധനത്തിൽ ഉണ്ട് മോതിരം.പെട്ടെന്ന് പോയി കണ്ടുപിടിച്ചോ”ഗിരി കുസൃതിയോടെ പറഞ്ഞു. ‘ഇതെന്തു ആചാരം?’വന്ന അമ്മച്ചിമാരെല്ലാം ഓരോന്ന് പിറുപിറുത്തു. ‘ആ കൊച്ചന് വട്ടായി’ഒരു അപ്പൂപ്പൻ ഗിരിയെ നോക്കി പറഞ്ഞു.

കാർത്തി ഈ സമയം ആലോചിക്കുവാരുന്നു ഉത്തരം.പെട്ടെന്നാണ് അവന് റോസാപ്പൂവിനെപ്പറ്റി ഓര്മവന്നത്.പിന്നീട് അവൻ ഒരൊറ്റ ഓട്ടമായിരുന്നു. ‘ദേ ചെറുക്കൻ വട്ടെടുത്ത് ഓടുന്നു.’ആരോ പറഞ്ഞു. ‘ഇങ്ങനൊക്കെ കാണിച്ചാൽ പിന്നെ ആരാ ഓടാത്തത്’മറുപടിയും വന്നു. “ആരും ഭയപ്പെടേണ്ട.അളിയന് സ്ഥലം മനസിലായി മോതിരം തപ്പാൻ ഓടിയതാണ്.”ഗിരി പറഞ്ഞു. ഇതെല്ലാം കണ്ട് അമ്മു ഭയങ്കര ചിരിയാരുന്നു. അപ്പോഴേക്കും ആൾ ഇങ്ങ് തിരിച്ചെത്തി.അവളുടെ ചിരി കണ്ട അവൻ നിനക്കുള്ളത് പിന്നെ തരാം എന്ന അർത്ഥത്തിൽ നോക്കി. “അപ്പോൾ അളിയൻ വിജയശ്രീലാളിതനായി വന്നിരിക്കുകയാണ് സൂർത്തുക്കളെ.നല്ലൊരു കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതാണ്.ഇനി ഇതങ്ങ് സിനിമാ സ്റ്റൈലിൽ മുട്ടുകുത്തി നിന്നങ്ങ് അണിയിച്ചോളൂ.”ഗിരി കൈ കൊട്ടിക്കൊണ്ട് പറഞ്ഞു.

“അതു വേണോ?”കാർത്തി ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു. “അങ്ങ് ചെയ്യ് ചേട്ടാ…ചേട്ടനെ സപ്പോർട്ട് ചെയ്യാൻ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ”എല്ലാവരും അത് പറഞ്ഞ പെണ്കുട്ടിയെ നോക്കി. “ഇതെവിടുന്നാ ഈ അശരീരി?”ഗിരി തിരിഞ്ഞു നോക്കിയപ്പോൾ ഒരു സുന്ദരി പെങ്കൊച്ചു സ്റ്റേജിലേക്ക് വരുന്നത് കണ്ടു.ചുരിദാർ ആയിരുന്നു അവളുടെ വേഷം. “ഇതാരടി ?”ഗിരി അമ്മുവിനോട് ചോദിച്ചു. “കാർത്തിയേട്ടന്റെ അമ്മാവന്റെ മോളാ ഗൗരി.”അവൾ ഗൗരിയെ സ്റ്റേജിലേക്ക് ക്ഷണിച്ചു. അങ്ങനെ കാർത്തി അവളെ മുട്ടുകുത്തി നിന്ന് മോതിരം അണിയിച്ചു.അവൾ അവനെയും. അപ്പോഴൊക്കെ ഗിരിയുടെ ശ്രദ്ധ ഗൗരിയിലായിരുന്നു. അപ്പോൾ അമ്മു അച്ഛനോട് പറഞ്ഞു”ഇവിടെ ഉടനെ തന്നെ ഒരു നിശ്ചയം കൂടി നടത്തേണ്ടി വരും.”

“അതാർക്ക്?നിന്റെ അമ്മ ഒന്നൂടെ കെട്ടാൻ പോണോ?”അയാൾ ചോദിച്ചു. “ദേ…എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല്… നല്ലൊരു ദിവസമായിട്ടു…അവൾ മോനെപ്പറ്റിയാണ് പറഞ്ഞത്.നിന്ന് ആ കൊച്ചിനെ വായിനോക്കുന്ന കണ്ടാ”രേണുക പറഞ്ഞു. “എങ്കിൽ നമുക്കങ്ങ് ആലോചിക്കാം…കാർത്തിയുടെ അമ്മാവന്റെ മോളല്ലേ…കാണാനും കൊള്ളാല്ലോ”അയാൾ പറഞ്ഞു. “മിക്കവാറും അത് വേണ്ടി വരും”രേണുക ഗിരിയെ നോക്കിക്കൊണ്ട് പറഞ്ഞു. പിന്നെല്ലാം പെട്ടെന്നായിരുന്നു.ഗൗരിയെ പെണ്ണ് ചോദിക്കുകയും അവർ സമ്മതിക്കുകയും രണ്ട് കല്യാണവും ഒരുമിച്ചു നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഗിരിയുടെ എൻഗേജ്‌മെന്റ്ന് അമ്മുവും കാർത്തിയും ചേർന്ന് നല്ല മുട്ടൻ പണി കൊടുത്തു. അങ്ങനെ അവരുടെ കല്യാണ ദിവസം എത്തി. മൂന്നു വീട്ടുകാർക്കും സൗകര്യം ഉള്ള ഒരു ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കല്യാണം.ഗ്രീഷ്മയും ഗൗരിയും വിവാഹസാരിയിൽ സുന്ദരികളായിരുന്നു.

എല്ലാം മംഗളമായി തന്നെ നടന്നു. താലികെട്ടിയപ്പോൾ അമ്മു നന്നായി കണ്ണടച്ചു പ്രാർത്ഥിച്ചു. ഗീതുവും വിവേകും ഒക്കെ വന്നിരുന്നു വിവാഹത്തിന്.അവർക്ക് ആശംസകൾ നേർന്നിട്ട് റിസപ്ഷന് കാത്തുനിൽക്കാതെ അവർ പോയി. പിന്നീട് സെറ്റു സാരി ധരിച്ച് അവർ ആഹാരം കഴിച്ചു. രണ്ടുപേരും ഒരേ സമയത്തു തന്നെ പുറപ്പെട്ടു.അതിന് മറ്റൊരു സാരി ധരിച്ചിരുന്നു. രേണുകയും മഞ്ജുവും നേരത്തെ പോയിരുന്നു. മരുമക്കളുടെ ഗൃഹപ്രവേശത്തിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും.രേണുക അത്യധികം സന്തോഷവത്തിയായിരുന്നു.മകൾ കൺവെട്ടത്തു തന്നെ ഉള്ളതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ലാ യിരുന്നു. അമ്മുവിനെ സ്നേഹത്തോടെ തന്നെ മഞ്ജു അകത്തേക്ക് സ്വീകരിച്ചു. തുടർന്ന് പാലും പഴവുമൊക്കെ നൽകി.എന്നിട്ട് രണ്ടു പേരും ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ പോയി.ഇതുപോലെ തന്നെ ആയിരുന്നു ഗിരിയുടെയും ഗൗരിയുടെയും ഗൃഹപ്രവേശം.

രണ്ടു കൂട്ടർക്കും വൈകിട്ട് റിസപ്ഷൻ ഒത്തായിരുന്നു.രണ്ടു ജോടികളുടെയും ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർമാർ മത്സരിച്ചു നിന്നു.എല്ലാവർക്കും മുന്നിൽ ചിരിച്ചു കൊണ്ട് നിന്ന് അവരുടെ കവിളുകൾ വേദനിച്ചു തുടങ്ങി. അങ്ങനെ ചടങ്ങുകളെല്ലാം കഴിഞ്ഞു.എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി. കാർത്തി അമ്മുവിനെയും കാത്ത് വെരുകിനെ പോലെ നടക്കുകയാണ്.അപ്പോൾ അമ്മു ഒരു ഗ്ലാസ് പാലുമായി മന്ദം മന്ദം നടന്ന് വന്നു.അവൾ അകത്തേക്ക് കയറിയപ്പോൾ അവൻ കുറ്റിയിട്ടു. “എത്ര നേരായി കാത്തിരിക്കുവാണെന്നോ?”അവൻ ചോദിച്ചു. “എന്തിന്”അവൾ കളിയാക്കിക്കൊണ്ടു ചോദിച്ചു. “അല്ല രാത്രി പാല് കുടിച്ചിട്ടെ എനിക്ക് ഉറക്കം വരൂ…അതിന്”അവൻ നിഷ്കളങ്കനായി പറഞ്ഞു. “അടിപൊളി….പാലുകുടി മാറാത്ത കുരുന്നിനെയാണല്ലോ ഈശ്വരാ എന്റെ തലയിൽ കെട്ടി വച്ചത്.”അവൾ രണ്ടു കയ്യും ഉയർത്തി മുകളിലേക്ക് നോക്കി പറഞ്ഞു. “അതിപ്പോൾ കാണിച്ചു തരാം…ഇവിടെ വാടി മരത്തവളെ”അവൻ അവളെ തന്നിലേക്ക് വലിച്ചെടുപ്പിച്ചപ്പോഴേക്കും തുരുതുരാ അലാം ശബ്ദം കേട്ട് തുടങ്ങി.

“ദൈവമേ…ഞാൻ വച്ച പണി എനിക്ക് തന്നെ തിരിച്ചു കിട്ടിയോ?”അവൾ തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. “ഇതാരാ…ഇങ്ങനൊരു പണി തരാൻ…. ആ…അളിയൻ…ഞാൻ എന്ത് തെറ്റ് ചെയ്തു”അവൻ അവളെ വിട്ടിട്ട് ഓരോരോ ടൈംപീസുകളായി തപ്പിയെടുക്കാൻ തുടങ്ങി. ഇതേസമയം ഗിരിയുടെ റൂമിൽ നിന്നും ടൈംപീസുകൾ ചിലച്ചു.”അമ്മൂ….അവളാവും… ആ മരത്തവള എനിക്കിട്ട് തിരിച്ചും പണിതല്ലോ”ഗിരി പറഞ്ഞു. “കൊടുത്താൽ കൊല്ലത്തും കിട്ടും.എന്റെ നാത്തൂൻ ആള് മിടുക്കിയാ”ഗൗരി അത് പറഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു. അപ്പോൾ ഒരു കുട്ടിയുടെ ചിരിയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി എണീറ്റു.ഗിരി മെത്ത പൊക്കി നോക്കിയപ്പോൾ അതിൽ ഒരു സൗണ്ട് പുറപ്പെടുവിക്കുന്ന സാധനം കിട്ടി.

“ഇവൾ എന്നെക്കാൾ ഭയങ്കരി ആണല്ലോ.അവളെ ഇനിയും വളരാൻ അനുവദിച്ചുകൂടാ”അവൻ ഫോണിൽ അമ്മുവിന്റെ നമ്പർ ഡയല് ചെയ്തു.ഉടൻ തന്നെ ഫോൺ എടുത്തു. “ഞാൻ അങ്ങോട്ട് വിളിക്കാൻ എടുക്കുകയായിരുന്നു.എനിക്കിട്ട് പണിതു അല്ലേ.”അവൾ ചോദിച്ചു. “നീയും മോശമല്ലല്ലോ?…എന്തോന്നടി ഇത് ?”അവൻ ചോദിച്ചു. “ഹഹഹഹ …..ഇതു തന്നെ വേണം..ഇതൊക്കെ ചെറുത്..”അവൾ പറഞ്ഞു. “നീ പോടി മരത്തവളെ…”അവൻ പറഞ്ഞു. അപ്പോഴേക്കും കാർത്തി കയ്യിൽ നിന്ന് ഫോൺ വാങ്ങി”എന്റെ പൊന്നളിയാ…നിന്റെ പെങ്ങളെ കെട്ടി എന്നൊരു കുറ്റം മാത്രേ ഞാൻ ചെയ്തുള്ളു.ഉപദ്രവിക്കരുത്.എന്റെ ഒരു പെങ്ങൾ അവിടുണ്ട്.അതോർത്താൽ നന്ന്”കാർത്തി പറഞ്ഞു. “ഐ ആം ദി സോറി അളിയാ…അപ്പോൾ ഗുഡ് നൈറ്റ്”അവൻ ഫോൺ കട്ട് ചെയ്തു… എന്നിട്ട് അവര് കിടന്ന് ഉറങ്ങി.എന്താ കേൾക്കാൻ നിക്കുവാ.നമുക്കങ്ങ് പോയേക്കാം. അവര് ജീവിക്കട്ടെന്നെ… (അവസാനിച്ചു)