The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന: അഞ്ചു തങ്കച്ചൻ
സാന്ദ്രമോളേ…. നീ അറിയാൻ പോകുന്നതേ ഉള്ളൂ ഈ രാജു ആരാണെന്ന്.അയാൾ മനസ്സിൽ പറഞ്ഞു.സാന്ദ്ര തന്റെ മുറിയിലേക്ക് പോയി.
മനസ്സ് ആകെ ആസ്വസ്തമാണ്. വല്ലാത്ത ഏകാന്തത തന്നെ വന്ന് പൊതിയുന്നത് പോലെ ഡാഡി ഉണ്ടായിരുന്നപ്പോൾ, താൻ ഏറെ സന്തോഷവതി ആയിരുന്നു.ഇപ്പോൾ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരാൾ ആയിപ്പോയി. ഈ വലിയ വീട്ടിൽ ഒറ്റയ്ക്ക്.ഒന്നിനും ഒരുത്സാഹവും ഇല്ലാത്ത ഒരാളായിപ്പോയില്ലേ താനിപ്പോൾ??രാജു ഉള്ളത് കൊണ്ട് ഹോസ്പിറ്റലിലെ കാര്യങ്ങൾ നടക്കുന്നു.
രാജു ആരാണെന്നുള്ള ചോദ്യം പലപ്പോഴായി പലരിൽ നിന്നും കേൾക്കുന്നുണ്ട്. മറുപടി പറഞ്ഞു മടുത്തു.
അല്ലെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാൻ ആളുകൾക്ക് എന്തൊരു തിടുക്കമാണ്.രാജു കൂടെ ഇല്ലായിരുന്നെങ്കിൽ പഠിത്തം മുടങ്ങിപ്പോയേനെ…
സത്യം പറഞ്ഞാൽ അയാൾ ഉള്ളത് വലിയൊരു ആശ്വാസമാണ്.ഗുപ്തൻ പുതിയ ഹോസ്പിറ്റൽ തുടങ്ങിയതായി അറിഞ്ഞു.എത്ര പെട്ടന്നാണ് മാസങ്ങൾ കഴിഞ്ഞു പോകുന്നത്.
ഡാഡിയെ എല്ലാവരും മറന്നു തുടങ്ങി. പക്ഷെ ഡാഡി ഞാൻ ഡാഡിയെ മറന്നിട്ടില്ല. ആ ഗുപ്തനെ ഞാൻ അവസാനിപ്പിക്കും. അതിന് കുറച്ച് താമസം ആകുമെന്ന് മാത്രം.ഡാഡി… നമ്മുടെ ഹോസ്പിറ്റൽ ഞാൻ നന്നായി നോക്കും. ഡാഡിയുടെ ആഗ്രഹം പോലെ അവിടെത്തന്നെ ഡോക്ടർ ആയി ജോലി ചെയ്യും.എന്തൊക്കെയാ ആലോചിച്ചു കൊണ്ട് സാന്ദ്ര പതിയെ മയക്കത്തിലേക്ക് വീണു.
****************
ഗുപ്തന്റെ പുതിയ ഹോസ്പിറ്റലിൽ എല്ലാ ആധുനിക സംവിധാനങ്ങളും ഉണ്ടായിരുന്നു. അവിടുത്തെ തിരക്കിൽ ഗുപ്തൻ തന്റെ വിഷമങ്ങളെ എല്ലാം മറക്കാൻ ശ്രെമിച്ചു.പകൽ നേരങ്ങളിൽ അയാൾ ഒരിക്കൽ പോലും കാർത്തുവിനെ ഓർത്തില്ല.അതിനുള്ള സമയം പോലും അയാൾക്ക് കിട്ടിയിരുന്നില്ല.അയാൾക്കറിയാം കാർത്തുവിനെ ഓർക്കുമ്പോഴെല്ലാം തകർന്ന് പോകുന്ന ഒരു മനസ്സാണ് തനിക്കുള്ളതെന്ന്.തിരക്കിൽ നിന്നും തിരക്കുകളിലേക്ക് അയാൾ മനപ്പൂർവം നടന്നു കയറി.
എന്നാൽ തീർത്തും ഒറ്റക്കാവുന്ന രാത്രികളിൽ അയാൾ മൗനമായ് അവളെ കൊഞ്ചിക്കും. ഇനി വരുന്ന ജന്മങ്ങളിൽ ഒരിക്കലും കൈവിടാതെ ചേർത്തുപിടിക്കാമെന്നവളോട് പറയും.എങ്കിലും എന്നെ വിട്ട് പൊയ്ക്കളഞ്ഞില്ലേ എന്ന് പതംപറയും, ചിലപ്പോൾ കുട്ടികളെ പോലെ ഇരുന്ന് കരയും.
അയാൾ അത്രയേറെ അവളെ സ്നേഹിച്ചിരുന്നു, അത്രയേറെ അവളെ മോഹിച്ചിരുന്നു..ഗൗതം ഓഫിസിൽ പോയി തുടങ്ങി.സീത ഇപ്പോൾ ഓഫീസിൽ വരാറില്ല, അവളെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.ആദ്യത്തെ കുറേ ദിവസങ്ങൾ ഗൗതമിന് വല്ലാത്ത മടുപ്പ് തോന്നി.സീത എവിടെ എന്ന ചോദ്യം അയാളിൽ ഇടയ്ക്കിടെ ഉയരും.
സുഹൃത്തുക്കൾക്ക് ആർക്കും അറിയില്ല അവൾ എവിടെയെന്ന്.അനാഥയായ അവൾ പിന്നെ എവിടെ പോയി.സീതയുടെ ഭർത്താവിനെ ഗൗതം ഇടക്കൊക്കെ കാണാറുണ്ട്. ചിലപ്പോൾ മദ്യപിച്ചു വഴിയിലൂടെ നടന്നു പോകുന്നത് കാണാം. അല്ലെങ്കിൽ ടൗണിൽ ആരെങ്കിലുമായി അടി ഉണ്ടാക്കുന്നത് കാണാം.സീത അയാളുടെ കൂടെ ഇല്ല.പിന്നെ അവൾ എവിടെ ആയിരിക്കും.??
ഒരുപക്ഷെ മറ്റൊരു വിവാഹം കഴിച്ചിരിക്കുമോ?
ഇല്ല…. ഒരിക്കലും ഇല്ല. അങ്ങനൊരാൾ അല്ല സീത…ചിലപ്പോൾ ഒക്കെ അയാൾക്ക് തോന്നും. തന്റെ ഏട്ടൻ ഗുപ്തനും,തനിക്കും സ്നേഹിച്ച പെണ്ണിനെ കിട്ടാൻ യോഗം ഇല്ലായിരിക്കും.
ഏട്ടൻ സ്നേഹിച്ച കാർത്തു മരണപ്പെട്ടു, താൻ സ്നേഹിച്ച സീത എവിടെയെന്നും അറിയില്ല.ആയിടക്കാണ് സീതയുടെ ഭർത്താവ് സിറ്റിയിൽ ഇട്ട് ഒരുവനെ കുത്തികൊലപ്പെടുത്തിയതും അയാൾക്ക് ജീവപര്യന്തം ശിക്ഷ കിട്ടിയതും.സീത എവിടെ എന്നറിയാതെ സമാധാനം കിട്ടില്ല എന്നറിഞ്ഞ ഗൗതം രണ്ടുംകല്പ്പിച്ചവളെ അന്വേഷിച്ചിറങ്ങി
ഒടുവിൽ ആ അന്വേഷണം ചെന്നു നിന്നത്. മാനസികരോഗാശുപതിയിൽ ആയിരുന്നു.നീണ്ട ഇടനാഴിയുടെ അവസാനം, എങ്ങോട്ടോ നോക്കി തനിച്ചിരിക്കുന്ന മെലിഞ്ഞ യുവതി സീതയാണെന്ന് അറിഞ്ഞ അയാൾ ആകെ വിഷമത്തിലായി.ഗൗതമിനെ മുന്നിൽ കണ്ടിട്ടും അവൾ തിരിച്ചറിഞ്ഞില്ല.അവൾ ഇടയ്ക്കിടെ ,എന്റെ ഗൗതം വരും…എന്റെ ഗൗതം വരും…എന്ന് മാത്രം പിറുപിറുക്കുന്നുണ്ടായിരുന്നു.ആ അവസ്ഥയിൽ അവളെ വിട്ടിട്ട് പോരാൻ അയാൾ ഒരുക്കമായിരുന്നില്ല
കുറച്ചുകൂടെ നല്ലൊരു ഹിസ്‌പിറ്റലിലേക്ക് അയാൾ അവളെ മാറ്റി.ദിവസങ്ങൾ അതിവേഗം കടന്നു പോയി.സീത പതിയെ പതിയെ അവളുടെ ഓർമകളിലേക്ക് തിരികെ വന്നു.ഗൗതം മരിച്ചുപോകുമോ എന്ന ഭയമായിരുന്നു അവൾക്ക്. എപ്പോഴോ അവളുടെ മനസ്സ് കൈവിട്ട് പോയി.അവളെ ചികിത്സിക്കുന്ന ഡോക്ടർ ഗൗതമിനോട് പറഞ്ഞു.
സീതയുടെ കാര്യം ഗൗതം വീട്ടിൽ പറഞ്ഞു.
ഗുപ്തൻ മുൻകൈ എടുത്ത് അവരുടെ വിവാഹം നടത്തിനിങ്ങളെങ്കിലും സ്നേഹിച്ചു കൊതി തീരെ ജീവിക്കു… ഗുപ്തൻ മനസ്സ് നിറഞ്ഞവരെ അനുഗ്രഹിച്ചു.മോനേ… നിനക്കും വേണ്ടേ ഒരു ജീവിതം? സൗദാമിനിയും ഗോപനും ഗുപ്തനോട് ചോദിച്ചു.വേണ്ട… കാർത്തുവിന് ഇല്ലാത്ത ഒരു ജീവിതം എനിക്ക് വേണ്ടച്ഛാ, ഞാൻ കാരണമല്ലേ അവർക്ക് ജീവൻ നഷ്ട്ടമായത്. അതിനുള്ള പ്രായശ്ചിത്തമായി ഞാൻ ഈ ജീവിതം ഒറ്റയ്ക്ക് ജീവിച്ചുതീർത്തോളാം.അയാൾ അവർക്കരികിൽ നിന്നും എഴുന്നേറ്റ് പോയി.
***************
തുടരും.