രചന – കൃഷ്ണ പ്രിയ
ഇതൊന്താ എന്ന് വേലായുധൻ ആംഗ്യ ഭാഷയിൽ ചോദിച്ചു.
അത് കുറച്ച് ചോക്ലേറ്റാ …
ഇത് പഴം പൊരിയും.
കുട്ടികൾക്ക് കൊടുക്കണം.
ദുർഗ്ഗ പറഞ്ഞു ….
വേലായുധൻ ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് കല്ലുമോളുടെ നെറുകയിൽ ഒന്നു തഴുകി ആഹ് പൊതികൾ മാറോടടുക്കി പിടിച്ച് പിൻതിരിഞ്ഞു നടന്നു.
അയാൾ പോവുന്നതും നോക്കി കല്ലു മോളും ദുർഗ്ഗയും ഉമ്മറക്കോലായിൽ നിന്നു ,
മുകളിലെ മുറിയിലെ ജനാലിൽ കൂടെ രാജീവും നോക്കി നിന്നു .
⚫⚫⚫
ഉറങ്ങാനായി കല്ലുമോളേ കിടത്തിയിട്ട് നേരം കുറെയായി. അവളപ്പോഴും കണ്ണും മിഴിച്ച് ദുർഗ്ഗയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
കല്ലുമോളേ കൊഞ്ചിച്ച് തലയാട്ടി ചിരിച്ചപ്പോൾ ദുർഗ്ഗയുടെ കാതിലെ കുഞ്ഞു ജിമിക്കി ആടുന്നുണ്ടായിരുന്നു.
കല്ലുമോള് എഴുന്നേറ്റിരുന്ന് അതിൽ പിടുത്തമിട്ടു.
മ്മേ ….നിച്ചും ….
കുഞ്ഞി കാതിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
അതിനു കല്ലുമോൾടെ കാത് കുത്തീട്ടില്ലാലോ…
കുഞ്ഞിക്കാതിൽ പിടിച്ചു നോക്കി കൊണ്ട് അവൾ പറഞ്ഞു.
നിച്ചും വേണമ്മേ …..
കല്ലുമോള് കൊഞ്ചിക്കൊണ്ട് പറഞ്ഞു.
അച്ഛ വരട്ടെ … ഞാൻ അച്ഛയോട് പറയാട്ടോ ….
അവൾ കല്ലുമോളെ സമാധാനിപ്പിക്കും വിധം പറഞ്ഞു.
അപ്പോഴേക്കും രാജീവ് ഉറങ്ങാനായി വന്നു.
“”അതേ…..””കിടക്കവിരി എടുത്ത് നടന്നതും പിന്നിൽ നിന്നും അവളുടെ വിളിയെത്തി.
മറുപടിയുണ്ടായില്ല.
അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് നിന്നു .
കല്ലുമോൾടെ കാത് കുത്തീട്ടില്ല. നാളെ പോയി കുത്തിക്കോട്ടെ ?
അച്ഛനോട് പോയി ചോദിച്ച് .
മറുപടിയെത്തിയും ദുർഗ്ഗയുടെ മുഖം ചുളിഞ്ഞു.
അതിനു അച്ഛനല്ലല്ലോ കല്ലുമോൾടെ അച്ഛൻ. രാജീവേട്ടനല്ലേ …. അപ്പോ പിന്നെ രാജീവേട്ടനോടല്ലാതെ ഞാൻ വേറാരോടാ പോയി ചോദിക്കേണ്ടത്?
എടുത്തടിച്ച പോലുള്ള മറുപടി അവനെ ഒന്ന് ചൊടിപ്പിച്ചു.
ഇത്രേം നാളും അച്ഛനാ മോൾടെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത്. ഇനിയും അങ്ങനെ തന്നെ മതി.
പിന്നെ അതിന്റെ പേരും പറഞ്ഞ് എന്നെ ഭരിക്കാൻ നീ വരണ്ട. കേട്ടല്ലോ ….
രാജീവ് തന്റെ പേഴ്സിൽ നിന്നും കുറച്ച് നോട്ടുകൾ എടുത്ത് മേശയിൽ വച്ചു.
മറുപടിക്ക് കാത്തു നിൽക്കാതെ അവൻ സോഫയിൽ കയറി കിടന്നു.
അവൾ നേരെ വേണുവിന്റെ അടുത്തേക്ക് പോയി.
അച്ഛൻ ഉറങ്ങാറായോ …
വാതിൽക്കൽ നിന്നവൾ ചോദിച്ചു.
എന്താ മോളേ കാര്യം? കയറി വാ…
അത് അച്ഛാ കല്ലുമോൾടെ കാത് കുത്തീട്ടില്ലാലോ….
പറ്റുവാച്ചാ നാളെ പോയി കാത് കുത്തായിരുന്നു.
എനിക്ക് പേടിയായിട്ടാ മോളേ ഞാൻ കാത് കുത്തിക്കാഞ്ഞത്. കുഞ്ഞിന്റെ കാത് കുത്തുമ്പോ അവൾ വേദന കൊണ്ട് കരയുന്നത് കാണാൻ എനിക്ക് വയ്യാ …
അതുകൊണ്ടാ ….
എന്നായാലും കാത് കുത്തണ്ടേ അച്ഛാ ….
നമുക്ക് നാളെ പോവാം. ബ്യൂട്ടി പാർലറിലൊക്കെ ഗൺ വച്ച് കുത്തുന്നുണ്ട്.
പക്ഷെ അത് വേണ്ട. രേവതി ചേച്ചി കല്യാണം കഴിഞ്ഞ് വന്നിട്ടാ സെക്കന്റ് സ്റ്റെഡ് കുത്തിയത് .അത് ഗൺ വച്ചായിരുന്നു. പക്ഷെ ചേച്ചീടെ കാത് പഴുത്തു. നല്ല വേദനയും ഉണ്ടായിരുന്നൂന്ന്.
നമുക്ക് തട്ടാന്റെ അടുത്ത് പോവാം.
അതാ നല്ലത്. ഒരു കുഞ്ഞി കമ്മലും വാങ്ങിക്കണം…
ആയിക്കോട്ടെ. കമ്മല് വാങ്ങിക്കണ്ട മോളേ …
രാജീവിന്റെ മൂത്ത കുട്ടിക്ക് വേണ്ടി ശാരദ ഒരു കമ്മല് വാങ്ങി വച്ചിട്ടുണ്ടായിരുന്നു. പക്ഷെ അതിടാൻ ആഹ് കുഞ്ഞ് ഉണ്ടായിരുന്നില്ല. ഇന്നിപ്പോൾ കല്ലുമോൾടെ കാതിലത് ഇടുന്നത് കാണാൻ എന്റെ ശാരദയും ഇല്ല .
അയാൾ പതിയെ നടന്ന് മരംകൊണ്ട് തീർത്ത കുഞ്ഞലമാര തുറന്ന് അതിൽ നിന്നും ഒരു ചെറിയ ചെപ്പ് എടുത്തു.
അതിൽ വർണ്ണ കടലാസിന്റെ ഒരു പൊതിയുണ്ടായിരുന്നു. അത് തുറന്ന് നോക്കിയപ്പോൾ കണ്ടത് കുഞ്ഞു കമ്മൽ ആയിരുന്നു.
വെള്ളക്കല്ലിന്റെ സ്റ്റെഡിൽ ചെറിയ മുന്തിരിക്കുല തൂങ്ങികിടക്കുന്നു. കണ്ടമാത്രയിൽ തന്നെ ദുർഗ്ഗയ്ക്ക് അതിഷ്ടമായി.
കാലത്ത് ഒരു പത്ത് മണി ഒക്കെയാവുമ്പോ പോവാം മോളേ … എനിക്കൊന്നു കൃഷിഭവനിൽ കയറണം.
പറമ്പൊക്കെ കിളച്ചിട്ടേക്കുവല്ലേ … അവിടെ എന്തെങ്കിലും ചെയ്തില്ലെങ്കി അവിടം പിന്നെയും കാട് പിടിക്കും.
ശരിയച്ഛാ …. ഉറങ്ങിക്കോളൂ …
ദുർഗ്ഗ മുറിക്ക് പുറത്തേക്ക് പോയി.
അവളുടെ മുറിയിൽ ചെന്ന് അലമാരക്കകത്ത് കമ്മൽ ഭദ്രമായി വച്ചു.
രാത്രി നല്ല കാറ്റുണ്ടായിരുന്നു…
എല്ലാവരും നല്ല ഉറക്കം പിടിച്ചിരുന്നു.
അർധരാത്രിയിൽ രാജീവ് എഴുന്നേറ്റ് കല്ലു മോൾടെ അടുത്ത് പോയിരുന്നു.
ദുർഗ്ഗയുടെ ദേഹത്ത് പറ്റിപിടിച്ച് കിടന്നുറങ്ങുന്ന കല്ലുമോൾടെ നെറുകയിൽ ഒന്ന് തഴുകി കുറെ നേരം നോക്കിയിരുന്നു.
ശേഷം പോയി കിടന്നുറങ്ങി.
ഉറക്കം നടിച്ച് കിടന്ന ദുർഗ്ഗ അതെല്ലാം അറിയുന്നുണ്ടായിരുന്നു.
⚫⚫⚫
രാവിലെ എഴുന്നേറ്റ് അടുക്കളപ്പണിയൊക്കെ അവൾ തീർത്തു വച്ചു.
പക്ഷെ ഇരട്ടി ജോലിയുണ്ടാക്കാനായി രാത്രിയിലെ കാറ്റിൽ മുത്തശ്ശൻ മാവ് മുറ്റമാകെ ഇലകൾ പൊഴിച്ചിരുന്നു.
അത് മുഴുവനും അടിച്ചു വാരി വന്നപ്പോഴേക്കും നേരം ഒരുപാടായി.
കല്ലുമോളെ കുളിപ്പിച്ച് കടുംനീല നിറത്തിലെ കുഞ്ഞു ബനിയനും വെള്ളനിറത്തിലെ കുഞ്ഞു പാവാടയും ഇടീച്ചു. പൗഡറിട്ട് കണ്ണെഴുതി പൊട്ട് തൊട്ടു. നെറ്റിയിൽ ചന്ദനവും തൊട്ട് കൊടുത്തു.
കുഞ്ഞു നീളൻ മുടി ഒതുക്കി വച്ച് പൂമ്പാറ്റയുള്ള സ്ലേഡ് കുത്തി കൊടുത്തു.
കല്ലുമോൾടെ ഒരുക്കം കഴിഞ്ഞു.
ദുർഗ്ഗ ഒരു വയലറ്റ് കളർ സാരിയുടുത്തു.
നീളൻ മുടി മെടഞ്ഞിട്ട് വിടർന്ന കണ്ണുകൾ വാലിട്ടെഴുതി നെറ്റിയിൽ ചുവന വട്ടപ്പൊട്ട് തൊട്ട് മുകളിലായി ചന്ദനവും തൊട്ടു .
നെറ്റിയിൽ സിന്ദൂരം തൊടുന്ന നേരത്താണ് രാജീവ് അങ്ങോട്ട് വന്നത്.
മരിച്ചു പോയ തന്റെ അഞ്ജലി കൺമുൻപിൽ വന്നു നിൽക്കുന്നതു പോലെ . അഞ്ജലിയും താനും മാത്രമായ ലോകത്ത് എത്തിയതു പോലെയാണ് അവന് തോന്നിയത്.
“” അഞ്ജലി “” ..അവൻ ഓടി വന്ന് ദുർഗ്ഗയെ കെട്ടിപിടിച്ചു.
ദുർഗ്ഗ പകച്ചു നിന്നു പോയി. എന്ത് ചെയ്യണമെന്ന് അവൾക്കറിയില്ലായിരുന്നു.
ഏറെ നേരം അവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി നിന്നു .
പക്ഷെ ദുർഗ്ഗയ്ക്ക് അപ്പോഴും ഞെട്ടൽ വിട്ടു മാറിയിട്ടില്ലായിരുന്നു.
“”അമ്മേ ….””
കല്ലുമോൾടെ വിളിയാണ് രണ്ട് പേരെയും ഉണർത്തിയത്.
രാജീവ് വേഗം അവളിൽ നിന്നും അകന്നു മാറി. അവൻ ചെയതതോർത്ത് അവന് ലജ്ജ തോന്നി.
സോറി ….
അത്രയും പറഞ്ഞവൻ പുറത്തേക്ക് പോയി.
അവൻ പോയ വഴിയെ അവൾ നോക്കി നിന്നു.
“”അമ്മേ …””
വീണ്ടും കല്ലുമോൾടെ വിളിയുയർന്നു.
അവൾ നോക്കിയപ്പോൾ എടുക്കാൻ എന്ന ഭാവത്തിൽ കൈകൾ ഉയർത്തിപ്പിടിച്ച് നിൽക്കുകയാണ് കുറുമ്പി.
ദുർഗ്ഗ അലമാര തുറന്നു കമ്മലെടുത്ത് തിരിച്ചു വന്ന് കല്ലുമോളേയും എടുത്ത് ഉമ്മറത്തേക്ക് പോയി.
അപ്പോഴേക്കും വേണുവും വന്നു.
കീ…. കീ …. ശബ്ദമുള്ള ചെരുപ്പ് ഇട്ടപ്പോൾ കല്ലുമോൾ നിലത്തിറങ്ങി നടക്കാൻ ആയി വാശി പിടിച്ചു.
അവർ നടന്ന് ബസ് സ്റ്റോപ്പിലെത്തി.
ടൗണിലേക്കുള്ള ബസ്സിൽ കയറി.
ടൗണിലെത്തിയതും വേണു അവരെ സ്വർണ്ണക്കടയിലാക്കി കൃഷിഭവനിൽ പോയി. വെള്ളിയുടെ സാധനങ്ങളും സ്വർണ്ണക്കടയിൽ ഉണ്ടായിരുന്നു.
തട്ടാനോട് പറഞ്ഞ് മോളുടെ കാത് കുത്തിച്ചു കമ്മലിട്ടു കൊടുത്തു.
കല്ലുമോള് വാവിട്ടു കരയാൻ തുടങ്ങി.
കുറച്ചുനേരം അവിടിരുന്നു മോളെ സമാധാനിപ്പിക്കാൻ നോക്കി.
അപ്പോഴാണ് അവിടെ നാലോ അഞ്ചോ വയസ്സുള്ള ഒരു പെൺകുട്ടി കൊലുസ് വാങ്ങി അതിട്ട് അവിടെ ഓടി നടക്കുന്നത് കണ്ടത്.
അത് കണ്ട് കല്ലുമോൾടെ നോട്ടം ആഹ് കുട്ടിയുടെ കാലിലേക്ക് നീണ്ടത്.
കൊലുസിന്റെ കിലുക്കം കേട്ടതും ഏന്തി വന്ന കരച്ചിൽ നിർത്തി അവൾ ദുർഗ്ഗയെ നോക്കി.
അമ്മേ …..നിച്ചും ….
ആഹ് കുട്ടിയുടെ കാലിൽ കിടക്കുന്ന കൊലുസ് ചൂണ്ടികാണിച്ചു കൊണ്ട് കല്ലുമോള് പറഞ്ഞു.
ഈ കുറുമ്പി പെണ്ണ് ….
കുഞ്ഞി കവിളിൽ പതിയെ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് അവൾ പറഞ്ഞു.
രാജീവ് അധികം രൂപ കൊടുത്തിരുന്നതു കൊണ്ട് നിറയെ മണികളുള്ള വെള്ളികൊലുസ്സ് വാങ്ങി കല്ലുമോൾടെ കാലിൽ ഇട്ടു കൊടുത്തു.
കാശ് കൊടുത്ത് അവർ ഇറങ്ങി.
അപ്പോഴേക്കും കൃഷിഭവനിൽ നിന്നും വിത്തും വാങ്ങി വേണു വന്നു.
അച്ഛിച്ചാ ….. ഇത് കന്തോ ….
കാലിലെ കൊലുസ്സ് കിലുക്കി കാണിച്ചു കൊണ്ട് കല്ലു മോള് പറഞ്ഞു.
ആഹാ ….. കൊലുസൊക്കെ ഇട്ട് എന്റെ കല്ലു മോള് ചുന്ദരി കുട്ടിയായല്ലോ …
അത് കേട്ടതും കാലിലെ കൊലുസ് കിലുക്കി കൊച്ചരി പല്ലുകൾ കാട്ടി കല്ലുമോള് കൊഞ്ചി ചിരിച്ചു.
ബസ് കാത്ത് നിന്ന സ്റ്റോപ്പിനോട് ചേർന്ന് ഒരു ചെറിയ കടയുണ്ടായിരുന്നു.
ദുർഗ്ഗ മോളെയും കൊണ്ട് ആഹ് കടയിൽ കയറി.
അവിടെ നിന്നും മോൾക്ക് രണ്ട് മൂന്ന് മുത്തുമാലയും കരിവളയും വാങ്ങി വന്നു.
തിരിച്ച് വീട്ടിലെത്തുന്നവരെ കാലിലെ കൊലുസ്സിലായിരുന്നു കല്ലുമോൾടെ കൈകൾ.
വീട്ടിലെത്തി വേഷം മാറി വന്ന് അകത്തളത്തിലായി വേണുവും ദുർഗ്ഗയും ഇരുന്നു.
അച്ഛാ … എനിക്കൊരു കാര്യം പറയാനുണ്ട്.
ആഹ് സമയം കല്ലുമോള് അകത്തളത്തിലിറങ്ങി ഓടി നടന്നു.
ആഹ് വീടാകെ കല്ലുമോൾടെ കൊഞ്ചലും കൊലുസിന്റെ കിലുക്കവും നിറഞ്ഞു നിന്നു.
(തുടരും )❤️❤️❤️

by