രചന – ഊർമ്മിള മിഥിലാത്മജ
പിന്നീടുള്ള ദിവസങ്ങൾ അവരുടെ ലോകമായിരുന്നു… ലക്ഷ്മിയുടെ വീട്ടിലും ഇവിടെയുമൊക്കെയായി മാറി മാറിനിൽക്കുകയായിരുന്നു അവർ… ദിവസങ്ങൾ കൊഴിഞ്ഞുപോയിക്കൊണ്ടേയിരിന്നു… വെദിനും തൻവിക്കും പോകുവാനുള്ള ദിവസങ്ങൾ അടുത്തുകൊണ്ടിരുന്നു. ചിരിയും കളിയും നിറഞ്ഞ വീട്ടിൽ വീണ്ടും പരിഭവം പറച്ചിലും ചിണുങ്ങി നടക്കലും ഒക്കെയായി മാറി… ഇതിനിടയിലെപ്പോഴോ ഒക്കെ തൻവി മനസ്സിലാക്കിയിരുന്നു.. വേദിനും ലക്ഷ്മിക്കും ഇടയിലുണ്ടായിരുന്ന മൗനം എപ്പോഴോ പൊട്ടിച്ചിരിയിലേക്ക് വഴിമാറിയിരുന്നത്… ലക്ഷ്മിയും തൻവിയും അപ്പോഴേക്കും നല്ല കൂട്ടുകാർ ആയിരുന്നു… പരസ്പരം എന്തും തുറന്നു പറയുകയും.. വഴക്കിടുകയും .. സ്നേഹിക്കുകയും ഒക്കെ ചെയ്യുന്ന നല്ല കൂട്ടുകാർ… അധികം വൈകാതെ അവർ തിരിച്ചു പോകുമെന്ന കാര്യം ലക്ഷ്മിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു…
തിരിച്ചുപോകുന്നതിന് മുൻപ് ചെറിയ ഷോപ്പിംഗ് നടത്താൻ ഇറങ്ങിയതാണ് മൂന്നാളും കൂടി .. ആദ്യം തൻവിക്ക് ഡ്രസ്സ് എടുക്കാനാണ് പോയത്… വേദും ലക്ഷ്മിയും അവൾ ഡ്രസ്സ് സെലക്ട് ചെയ്യുന്നതും നോക്കി കാത്തിരിക്കുകയായിരുന്നു … തൻവി എത്ര സെലക്ട് ചെയ്തിട്ടും തൃപ്തി ആകാതെ ഓടി നടന്നു തപ്പുന്നത് കണ്ടു വേദും ലക്ഷ്മിയും ഒരുപോലെ ചിരിച്ചു പോയി… അവരവളുടെ കാട്ടിക്കൂട്ടലുകൾ നോക്കി പരസപരം ചിരിക്കുന്നുണ്ടായിരുന്നു… കടയിൽ ഉണ്ടായിരുന്നവർക്കും അവളൊരു തമാശയാണെന്ന് കണ്ടതോടെ ലക്ഷ്മി മെല്ലെ അവളുടെ അടുത്തേക്ക് എഴുന്നേറ്റ് ചെന്നത്…..പെണ്ണെ നീയിതുവരെ ഒന്നും സെലക്ട് ചെയ്തില്ലേ? മണിക്കൂർ ഒന്നായല്ലോ??? ഇതെല്ലാം നല്ലതാ ലച്ചു ഇതിൽ ഏതാ എടുക്കണ്ടേ ന്നാ ഞാൻ ആലോചിക്കുന്നത്… ലക്ഷ്മി മെല്ലെ തൻവി സെലക്ട് ചെയ്തു വച്ചിരുന്ന ഡ്രസ്സ് എല്ലാം ഒന്നുനോക്കി…
മുട്ടിനു മോളിൽ നിൽക്കുന്ന ഇത്തിരി പോന്ന പാവാടയും കുട്ടിനിക്കറും ഒക്കെയായിരുന്നു മുഴുവൻ.. അവൾ തൻവിയെ ഒന്നു കൂർപ്പിച്ചു നോക്കി.. അതെല്ലാം അവിടെ തന്നെ വച്ചു.. കുറച്ച് മുന്നോട്ട് നടന്നു… നല്ല ഭംഗിയുള്ള കുറച്ച് ചുരിദാർ മെറ്റീരിയലുകൾ എടുത്തുകൊണ്ടുവന്നു അവൾക്ക് നേരെ നീട്ടി… അത് കണ്ടപ്പോൾ തൻവിയുടെ മുഖമൊന്നു വാടിയെങ്കിലും.. അവളത് വാങ്ങി… അത് കണ്ട ലക്ഷ്മിക്ക് ചിരിയാണ് വന്നത്… ഇത് ഞാൻ വാങ്ങി തരുന്നത… നീ നിനക്ക് ഇഷ്ടപ്പെട്ടത് എടുത്തോ..എന്നും മോഡേൺ ഡ്രസ്സ് അല്ലെ ഇടക്കൊക്കെ ഒരു വെറൈറ്റി ആവട്ടെ… അതും പറഞ്ഞു ലക്ഷ്മി അവളെ ഡ്രസിങ് റൂമിൽ പറഞ്ഞുവിട്ടു… തിരികെ വന്നു വേദിന്റെ അടുത്ത് നിൽക്കുന്ന ലക്ഷ്മി തൻവിയുടെ ഡ്രസിങ് കാണാൻ ആകാംഷയോടെ നിൽക്കുകയാണെന്ന് അവനു മനസ്സിലായിരുന്നു…
ഭംഗിയായി ഡ്രസ്സ് ചെയ്ത് തിരിച്ചതിറങ്ങി വന്ന തൻവിയെ നോക്കി വേദും ലക്ഷ്മിയും കണ്ണെടുക്കാതെ നിന്നു… അതുവരെ കണ്ട തൻവിയിൽ നിന്നും വ്യത്യസ്ത ആയിരുന്നു അവൾ… ഒരു സുന്ദരിക്കുട്ടി… അങ്ങനെ തൻവിയുടെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ അടുത്തത് ലക്ഷ്മിയായിരുന്നു.. വിലയൊക്കെ വളരെയധികം ശ്രദ്ധിച്ചു ഒന്നോ രണ്ടോ കോട്ടൺ സാരി എടുത്തു കയ്യിൽ പിടിച്ചു നിൽക്കുന്ന ലക്ഷ്മിയെ നോക്കി വേദ് ചിരിയോടെ നിന്നു… വേദ് പതിയെ അവളുടെ അടുത്ത് ചെന്നു കറുപ്പും പച്ചയും കലർന്ന ഒരു പട്ടുസാരി എടുത്തു അവളുടെ ദേഹത്ത് വച്ചുനോക്കി അതവൾക്ക് നന്നായി ചേരുന്നുണ്ടന്ന് തൻവിയും പറഞ്ഞതോടെ അവനത് പാക്ക് ചെയ്യാൻ കൊടുത്തു… പിന്നെയും രണ്ടുമൂന്നു ജോഡി സാരിയൊക്കെ എടുത്തു ലക്ഷ്മിയുടെ പർച്ചേസും കഴിഞ്ഞു…
അടുത്തത് വേദിന്റെ ഊഴമായിരുന്നു… വേദ് നല്ല രണ്ട് ഷർട്ടും പാന്റും ഒക്കെയെടുത്ത് കളമൊഴിയാൻ നിൽക്കുമ്പോഴാണ്… ലക്ഷ്മിയുടെ കണ്ണിൽ പച്ചയും കറുപ്പും കലർന്ന ഒരു ഷർട്ട് കണ്ടത് … അപ്പോളാണവൾ വേദ് എടുത്ത സാരിയുടെ നിറം ഓർത്തത്… പെട്ടന്ന് തന്നെയവൾ അവിടേക്ക് പോയി ആ ഷർട്ടിൽ പിടിച്ചു നിൽപ്പു തുടങ്ങി… ആദ്യം വേദിന് കാര്യം മനസ്സിലായിരുന്നില്ല പിന്നെ തൻവി പറഞ്ഞപ്പോളാണ് അവനും ഓർത്തത്.. അവളുടെ ആഗ്രഹപ്രകാരം ആ ഷർട്ട് കൂടിയെടുത്തവർ കടയിൽ നിന്നും പുറത്തിറങ്ങി… പിന്നെയും ഒരുപാട് സ്ഥലങ്ങളിൽ കറങ്ങിയിട്ടൊക്കെയാണവർ തിരിച്ചു വന്നത്…..അവരെയും നോക്കി അച്ഛനും അമ്മയും ഉമ്മറത്തു തന്നെയുണ്ടായിരുന്നു
ഇന്ന് വൈകിട്ടാണ് വേദും തൻവിയും തിരിച്ചു പോകുന്നത്… ലക്ഷ്മി ആളാകെ സങ്കടത്തിലായിരുന്നു… മനസ്സിലെ സങ്കടങ്ങളൊന്നും പുറത്ത് കാണിക്കാതവൾ എല്ലാവർക്കും മുന്നിൽ ചിരിച്ചു തന്നെ നിന്നു… നിമിഷങ്ങൾ കടന്നു പോകുന്തോറൂം അവളുടെ സങ്കടം കൂടി കൂടി വന്നു…. ഉച്ചക്കൊന്നിച്ചിരുന്നു ആഹാരം കഴിക്കുമ്പോളും ലക്ഷ്മിയുടെ മുഖത്തെ സങ്കടം എല്ലാവരെയും വേദനിപ്പിച്ചിരുന്നു…. പക്ഷെ എന്തുപറയണമെന്നവർക്ക് അറിയില്ലായിരുന്നു.. തിരിച്ചു പോകാതിരിക്കാൻ വേദിന് പറ്റില്ല… പോവണ്ടാന്ന് പറയാനും വയ്യ… ഒരു വിധത്തിൽ രണ്ടുമാസത്തിനുള്ളിൽ വീണ്ടും വരുമെന്ന് പറഞ്ഞു വേദ് അവളെ ആശ്വസിപ്പിച്ചു… സാഹചര്യം അറിയുന്നത് കൊണ്ടവളുമത് അംഗീകരിച്ചു…. വേദിനെയും തൻവിയെയും യാത്രയാക്കാൻ ലക്ഷ്മിയും അച്ഛനും അമ്മയും ഒക്കെ റെയിൽവേ സ്റ്റേഷനിൽ പോയിരുന്നു… ട്രെയിൻ വന്നു നിൽക്കുമ്പോളേക്കും ലക്ഷ്മി കരഞ്ഞുതുടങ്ങിയിരുന്നു…. അവൾ കരയുന്നത് കണ്ടു വേദിനും സങ്കടം തോന്നിത്തുടങ്ങിയിരുന്നു.. അധികം കാത്തുനിൽക്കാതെ വേദ് തൻവിയെയും കൂട്ടി ട്രെയിനിൽ കേറി…
ട്രെയിൻ നീങ്ങിതുടങ്ങുന്നത് കണ്ടപ്പോളേക്കും ലക്ഷ്മി പൊട്ടിക്കരഞ്ഞു പോയിരുന്നു…. പെട്ടന്നൊരു തോന്നലിൽ അവൾ ട്രെയിന് പുറകെ ഓടി… ഇടക്കാരെയൊക്കയോ ഇടിച്ചുതള്ളിമാറ്റിയായിരുന്നു ഓട്ടം… ഇടക്ക് തലതല്ലി വീണിട്ടും അതൊന്നും വക വെക്കാതെ വീണ്ടും എഴുന്നേറ്റ് ഓടുന്ന ലക്ഷ്മിയേ കണ്ട വേദ് ചാടി പുറത്തിറങ്ങിയിരുന്നു … വേദ് പുറത്തിറങ്ങിയത് കണ്ട തൻവി അവന്റെ പുറകെ ചാടിയിറങ്ങി… ലക്ഷ്മി ഓടി വേദിന്റെ നെഞ്ചിൽ ചേർന്നു നിന്നിരുന്നു… ലക്ഷ്മിയെ ഇവിടെ വിട്ടുപോകാൻ മനസ്സില്ലാതിരുന്ന വേദ്… പിറ്റേദിവസത്തേക്ക് മൂന്ന് പേർക്കുള്ള ടിക്കറ്റും കൊണ്ടാണ് തിരിച്ചു വീട്ടിലേക്കു മടങ്ങിയത്… അച്ഛനും അമ്മയും ഇരുന്നു വലിയ സന്തോഷത്തോടെ വേദിന്റെയൊപ്പം ട്രെയിനിൽ ഇരിക്കുന്ന ലക്ഷ്മിയെ നോക്കി . അവരുടെ ട്രെയിൻ ദൂരേക്ക് പോകുന്നത് കണ്ടവരുടെ മനസ്സും വേദനിച്ചിരുന്നു.
വേദ് അവൻ നമ്മുടെ ഉണ്ണി തന്നെയാണല്ലേ ഏട്ടാ…. അവനങ്ങു പോയപ്പോൾ ന്റെ കുട്ടി നമ്മളെയരെയും സങ്കടപ്പെടുത്താതിരിക്കാൻ പറഞ്ഞേൽപ്പിച്ചു പോയതാ അവനെ… ന്റെ കുട്ടീടെ പ്രാണന അവള്… അവളെ ചേർത്ത് പിടിക്കാനാ വേദിനെ ഇവിടേക്ക് അവൻ പറഞ്ഞു വിട്ടത് അവളെ വേറെ ആർക്കും ഇത്രക്കും സ്നേഹിക്കാൻ പറ്റില്ലന്നവനറിയാം …നഷ്ട്ടമാകുമെന്നുറപ്പുള്ളപ്പോൾ ആണ് പ്രണയം അതിന്റെ യഥാർത്ഥ അർത്ഥത്തെ തിരിച്ചറിയുന്നത് .. എന്റെ കുട്ടി അവന്റെ പ്രണയത്തെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏല്പിച്ചാണ് മടങ്ങിപോയത് .. നിറമിഴികളോട് ഭർത്താവിന്റെ മുഖത്തു നോക്കി നിൽക്കുന്ന ലളിതയെ ആ മനുഷ്യൻ ചേർത്ത് പിടിച്ചു… നിറഞ്ഞൊഴുകുന്ന നാല് വൃദ്ധനേത്രങ്ങൾ വിജനമായ പാളത്തിലേക്ക് കണ്ണും നട്ട് പിന്നെയും നോക്കിനിന്നു…. അവസാനിച്ചു)

by